ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 7-13
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 23–24
“ബഹുജനത്തിനു പിന്നാലെ പോകരുത്”
it-1-E 11 ¶3
അഹരോൻ
അഹരോനു തെറ്റു പറ്റിയ മൂന്നു സന്ദർഭങ്ങളിലും തെറ്റു ചെയ്യാൻ അഹരോൻ മുന്നിട്ടിറങ്ങുകയായിരുന്നില്ല എന്നു വേണം മനസ്സിലാക്കാൻ. പകരം, സാഹചര്യങ്ങളുടെ സമ്മർദമോ മറ്റുള്ളവരുടെ സ്വാധീനമോ കാരണം അദ്ദേഹം ശരിയായ പാതയിൽനിന്ന് വ്യതിചലിച്ചുപോകുകയായിരുന്നു. ആദ്യത്തെ തെറ്റ് ചെയ്ത സന്ദർഭത്തിലെങ്കിലും, അതായത് കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോഴെങ്കിലും, “ബഹുജനത്തിനു പിന്നാലെ പോയി തിന്മ ചെയ്യരുത്” എന്ന കല്പനയ്ക്കു പിന്നിലെ തത്ത്വം അഹരോനു ബാധകമാക്കാമായിരുന്നു. (പുറ 23:2) എങ്കിലും തിരുവെഴുത്തുകളിൽ അഹരോന്റെ പേര് ആദരണീയമായ ഒരു രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്, പിന്നീട് ദൈവപുത്രൻ ഭൂമിയിലായിരുന്ന സമയത്തും അഹരോന്യപൗരോഹിത്യം മോശയുടെ നിയമം ഏർപ്പെടുത്തിയതാണെന്നു മനസ്സിലാക്കി പ്രവർത്തിച്ചു.—സങ്ക 115:10, 12; 118:3; 133:1, 2; 135:19; മത്ത 5:17-19; 8:4.
it-1-E 343 ¶5
അന്ധത
കൈക്കൂലിയും പാരിതോഷികങ്ങളും അല്ലെങ്കിൽ മുൻവിധിയും ഒരു ന്യായാധിപനെ അന്ധനാക്കാൻ സാധ്യതയുണ്ടായിരുന്നു. പക്ഷപാതമില്ലാതെ ന്യായത്തീർപ്പു കൽപ്പിക്കാൻ ന്യായാധിപന് അതൊരു തടസ്സമാകുമായിരുന്നു. അതുകൊണ്ട് മോശയുടെ നിയമം അത്തരം കാര്യങ്ങൾക്ക് എതിരെ മുന്നറിയിപ്പു കൊടുത്തു. ഉദാഹരണത്തിന്, പുറപ്പാട് 23:8 ഇങ്ങനെ പറയുന്നു: ‘കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കുന്നു.’ അതുപോലെ, ആവർത്തനം 16:19, ‘കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുന്നു’ എന്നും പറയുന്നു. ഒരു ന്യായാധിപൻ നേരുള്ളവനും കാര്യങ്ങളെ വേണ്ട വിധത്തിൽ തൂക്കിനോക്കാൻ കഴിവുള്ളയാളും ആയിരിക്കാം, പക്ഷേ ഒരു കേസിലെ വാദിയോ പ്രതിയോ എന്തെങ്കിലും സമ്മാനം കൊടുത്താൽ അറിയാതെയെങ്കിലും അദ്ദേഹം അതിനാൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ട്. സമ്മാനങ്ങൾക്കു മാത്രമല്ല വികാരങ്ങൾക്കും ഒരാളെ അന്ധനാക്കാൻ കഴിയും. ഇങ്ങനെ പറഞ്ഞുകൊണ്ട് ദൈവത്തിന്റെ നിയമം അതിന് എതിരെയും മുന്നറിയിപ്പു കൊടുത്തിരുന്നു: “ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.” (ലേവ 19:15) അതുകൊണ്ട് സഹതാപത്തിന്റെ പേരിലോ, ആളുകളുടെ പ്രീതി നേടുന്നതിനുവേണ്ടിയോ മാത്രം ഒരു ന്യായാധിപൻ സമ്പന്നനായ ഒരാൾക്ക് എതിരെ വിധിക്കാൻ പാടില്ലായിരുന്നു.—പുറ 23:2, 3.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 393
മീഖായേൽ
ഗബ്രിയേലിനെ കൂടാതെ ബൈബിളിൽ പേര് വെളിപ്പെടുത്തിയിട്ടുള്ള ഒരേ ഒരു ദൂതനാണ് മീഖായേൽ. ‘മുഖ്യദൂതൻ’ എന്നു വിളിച്ചിരിക്കുന്നതു മീഖായേലിനെ മാത്രമാണ്. (യൂദ 9) ദാനിയേൽ 10-ാം അധ്യായത്തിലാണ് മീഖായേൽ എന്ന പേര് ആദ്യം കാണുന്നത്. അവിടെ ‘പ്രധാനപ്രഭുക്കന്മാരിൽ ഒരാൾ’ എന്നു മീഖായേലിനെ വിളിച്ചിരിക്കുന്നു. മീഖായേലിനെക്കാൾ താഴ്ന്ന ഒരു ദൂതനെ “പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രഭു” എതിർത്തുനിന്നപ്പോൾ മീഖായേൽ ആ ദൂതന്റെ സഹായത്തിന് എത്തി. മീഖായേലിനെ “നിങ്ങളുടെ (ദാനിയേലിന്റെ ജനത്തിന്റെ) പ്രഭു” എന്നും “നിന്റെ (ദാനിയേലിന്റെ) ജനത്തിനുവേണ്ടി നിൽക്കുന്ന മഹാപ്രഭു” എന്നും വിളിച്ചിട്ടുണ്ട്. (ദാനി 10:13, 20, 21; 12:1) ഇസ്രായേല്യരെ വിജനഭൂമിയിൽക്കൂടി വഴിനയിച്ച ദൂതൻ മീഖായേലാണെന്ന് ഇതെല്ലാം സൂചിപ്പിക്കുന്നു. (പുറ 23:20, 21, 23; 32:34; 33:2) ‘മുഖ്യദൂതനായ മീഖായേൽപോലും മോശയുടെ ശരീരത്തെക്കുറിച്ച് പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിച്ചു’ എന്ന വസ്തുത അതിനു കൂടുതൽ തെളിവ് നൽകുന്നു.—യൂദ 9.
സെപ്റ്റംബർ 14-20
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 25–26
“വിശുദ്ധകൂടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം”
it-1-E 165
ഉടമ്പടിപ്പെട്ടകം
മാതൃകയും രൂപരേഖയും. വിശുദ്ധകൂടാരം നിർമിക്കാൻ മോശയോട് ആവശ്യപ്പെട്ടപ്പോൾ യഹോവ ആദ്യംതന്നെ കൊടുത്തത് പെട്ടകത്തിന്റെ മാതൃകയും രൂപരേഖയും ആയിരുന്നു. വിശുദ്ധകൂടാരത്തിലും ഇസ്രായേല്യരുടെ പാളയത്തിലും ഏറ്റവും പ്രധാനം ആ പെട്ടകമായിരുന്നു. അതിന്റെ ചട്ടക്കൂടിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും (ഏകദേശം 111 സെ.മീ. നീളവും 67 സെ.മീ. വീതിയും 67 സെ.മീ. ഉയരവും) ഉണ്ടായിരുന്നു. കരുവേലത്തടികൊണ്ട് ഉണ്ടാക്കിയ അതിന്റെ അകവും പുറവും തനി തങ്കംകൊണ്ട് പൊതിഞ്ഞിരുന്നു. ‘ചുറ്റോടുചുറ്റും സ്വർണംകൊണ്ട്’ അലങ്കാരപ്പണിയുള്ള ഒരു ‘വക്കുണ്ടായിരുന്നു.’ പെട്ടകത്തിന്റെ രണ്ടാം ഭാഗം അതിന്റെ മൂടിയായിരുന്നു. അതു തനിത്തങ്കംകൊണ്ടാണ് ഉണ്ടാക്കിയത്, അല്ലാതെ തടികൊണ്ട് ഉണ്ടാക്കിയിട്ട് സ്വർണംകൊണ്ട് പൊതിയുകയായിരുന്നില്ല. പെട്ടകത്തിന്റെ അതേ നീളവും വീതിയും ആണ് മൂടിക്കും ഉണ്ടായിരുന്നത്. മൂടിയുടെ മുകളിൽ, രണ്ട് അറ്റത്തും ചുറ്റികകൊണ്ട് അടിച്ച് ഉണ്ടാക്കിയ രണ്ടു സ്വർണ കെരൂബുകൾ ഉണ്ടായിരുന്നു. രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരുന്നു. രണ്ടു ചിറകുകളും മുകളിലേക്ക് ഉയർത്തി പെട്ടകത്തെ മൂടുന്ന വിധത്തിലും തല കുമ്പിട്ടുനിൽക്കുന്ന രീതിയിലും ആയിരുന്നു കെരൂബുകൾ നിന്നിരുന്നത്. (പുറ 25:10, 11, 17-22; 37:6-9) ഈ മൂടി “പാപപരിഹാരത്തിന്റെ സ്ഥലം” എന്നും “അനുരഞ്ജനമൂടി” എന്നും അറിയപ്പെടുന്നു.—എബ്ര 9:5, അടിക്കുറിപ്പ്.
it-1-E 166 ¶2
ഉടമ്പടിപ്പെട്ടകം
സാക്ഷ്യം, അതായത് വിശുദ്ധമായ ഓർമിപ്പിക്കലുകൾ സൂക്ഷിക്കാനുള്ള ഒരു വിശുദ്ധസ്ഥലമായിരുന്നു ഉടമ്പടിപ്പെട്ടകം. അങ്ങനെ പറയുന്നതിന്റെ കാരണം, അതിൽ സൂക്ഷിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പത്തു കല്പനകൾ എഴുതിയ സാക്ഷ്യത്തിന്റെ രണ്ടു കൽപ്പലകകളായിരുന്നു എന്നതാണ്. (പുറ 25:16) പിന്നീട് “മന്ന വെച്ചിരുന്ന (ഒരു) സ്വർണഭരണിയും അഹരോന്റെ തളിർത്ത വടിയും” പെട്ടകത്തിൽ സൂക്ഷിക്കാൻ തുടങ്ങിയെങ്കിലും ശലോമോന്റെ ആലയം പണിയുന്നതിനു കുറച്ച് കാലം മുമ്പ് അതു പെട്ടകത്തിൽനിന്ന് നീക്കി. (എബ്ര 9:4; പുറ 16:32-34; സംഖ 17:10; 1രാജ 8:9; 2ദിന 5:10) മരിക്കുന്നതിനു മുമ്പ് മോശ ലേവ്യപുരോഹിതന്മാർക്ക് ‘നിയമപുസ്തകം’ കൊടുത്തു, അതു ‘നിങ്ങൾക്കെതിരെ ഒരു സാക്ഷിയായി’ ‘നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കാൻ’ നിർദേശവും നൽകി. വ്യക്തമായും പെട്ടകത്തിന് ഉള്ളിൽ അല്ലായിരുന്നു അതിന്റെ സ്ഥാനം.—ആവ 31:24-26.
it-1-E 166 ¶3
ഉടമ്പടിപ്പെട്ടകം
ദൈവത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെട്ടകം നിലവിലുണ്ടായിരുന്ന കാലത്തെല്ലാം ദൈവത്തിന്റെ സാന്നിധ്യവുമായി അതിന് അടുത്ത ബന്ധമുണ്ടായിരുന്നു. യഹോവ ഇങ്ങനെ ഉറപ്പു കൊടുത്തിരുന്നു: “ഞാൻ അവിടെ നിന്റെ അടുത്ത് സന്നിഹിതനായി മൂടിയുടെ മുകളിൽനിന്ന് നിന്നോടു സംസാരിക്കും. . . . സാക്ഷ്യപ്പെട്ടകത്തിന്റെ മുകളിലുള്ള രണ്ടു കെരൂബുകളുടെ നടുവിൽനിന്ന് ഞാൻ നിന്നെ അറിയിക്കും.” ‘ആ മൂടിയുടെ മുകളിൽ ഞാൻ മേഘത്തിൽ പ്രത്യക്ഷനാകും.’ (പുറ 25:22; ലേവ 16:2) യഹോവ ‘കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ ഇരിക്കുന്നു’ എന്നു ശമുവേൽ എഴുതി. (1ശമു 4:4) അതുകൊണ്ട് യഹോവയുടെ ‘രഥത്തിന്റെ പ്രതീകമായിരുന്നു’ ആ കെരൂബുകൾ എന്നു പറയാം. (1ദിന 28:18) “ദൈവത്തോടു സംസാരിക്കാൻ മോശ സാന്നിധ്യകൂടാരത്തിൽ ചെല്ലുമ്പോഴെല്ലാം തന്നോടു സംസാരിക്കുന്ന തിരുശബ്ദം സാക്ഷ്യപെട്ടകത്തിന്റെ മൂടിയുടെ മുകളിൽനിന്ന്, രണ്ടു കെരൂബുകളുടെ നടുവിൽനിന്ന്, വരുന്നതായാണു മോശ കേട്ടിരുന്നത്. അവിടെനിന്ന് ദൈവം മോശയോടു സംസാരിക്കുമായിരുന്നു” എന്നു പറഞ്ഞിരിക്കുന്നതിന്റെ കാരണം വ്യക്തമല്ലേ? (സംഖ 7:89) പിൽക്കാലത്ത് യോശുവയും മഹാപുരോഹിതനായ ഫിനെഹാസും പെട്ടകത്തിനു മുന്നിൽ യഹോവയുടെ മാർഗനിർദേശം തേടി. (യോശ 7:6-10; ന്യായ 20:27, 28) എങ്കിലും മഹാപുരോഹിതൻ മാത്രമേ അതിവിശുദ്ധത്തിൽ പ്രവേശിച്ച് പെട്ടകം കണ്ടിരുന്നുള്ളൂ, അതും വർഷത്തിൽ ഒരു പ്രാവശ്യം. അത് യഹോവയോടു സംസാരിക്കാനല്ലായിരുന്നു, മറിച്ച് പാപപരിഹാരദിവസത്തിലെ ചടങ്ങുകൾ ചെയ്യുന്നതിനായിരുന്നു.—ലേവ 16:2, 3, 13, 15, 17; എബ്ര 9:7.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 432 ¶1
കെരൂബ്
വിജനഭൂമിയിൽവെച്ച് വിശുദ്ധകൂടാരം നിർമിച്ചപ്പോൾ അതിൽ കെരൂബുകളുടെ രൂപമാതൃകയും ഉൾപ്പെട്ടിരുന്നു. മൂടിയുടെ മുകളിൽ, രണ്ട് അറ്റത്തും ഈ കെരൂബുകളെ ചുറ്റികകൊണ്ട് അടിച്ച് ഉണ്ടാക്കണം. രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരിക്കണം, അതുപോലെ കെരൂബുകളുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരിക്കുകയും വേണം. ഈ ശരീരനില യഹോവയ്ക്കുള്ള ആരാധനയെ സൂചിപ്പിച്ചു. കെരൂബുകൾ അവയുടെ രണ്ടു ചിറകുകളും മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്ത്തുന്ന രീതിയിൽ, പെട്ടകത്തെ സംരക്ഷിക്കാനെന്നപോലെ വിരിച്ചുപിടിച്ചിരിക്കണം. (പുറ 25:10-21; 37:7-9) വിശുദ്ധകൂടാരത്തിന്റെ ഏറ്റവും ഉള്ളിലെ കൂടാരത്തുണികളിലും വിശുദ്ധത്തെയും അതിവിശുദ്ധത്തെയും തമ്മിൽ വേർതിരിക്കുന്ന തിരശ്ശീലയിലും കെരൂബുകളുടെ രൂപങ്ങൾ ചിത്രപ്പണിയായി ഉണ്ടാക്കണം.—പുറ 26:1, 31; 36:8, 35.
it-2-E 936
കാഴ്ചയപ്പം
വിശുദ്ധകൂടാരത്തിലെയും പിന്നീട് ആലയത്തിലെയും വിശുദ്ധത്തിലെ മേശയിൽ വെച്ചിരുന്ന പന്ത്രണ്ട് അപ്പം. ഈ അപ്പം ഓരോ ശബത്തിലും മാറ്റി പുതിയവ വെച്ചിരുന്നു. (പുറ 35:13; 39:36; 1രാജ 7:48; 2ദിന 13:11; നെഹ 10:32, 33) കാഴ്ചയപ്പം എന്നതിനുള്ള എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “മുഖത്തിന്റെ അപ്പം” എന്നാണ്. “മുഖം” എന്ന പദം ചിലപ്പോഴൊക്കെ “മുന്നിൽ” എന്നതിനെ കുറിക്കുന്നു. (2രാജ 13:23) അതുകൊണ്ട് ഈ കാഴ്ചയപ്പം ഒരു യാഗമായി യഹോവയുടെ മുഖത്തിനു മുമ്പാകെ എന്നും ഉണ്ടായിരുന്നു. (പുറ 25:30) കാഴ്ചയപ്പത്തെ “അടുക്കിവെച്ചിരിക്കുന്ന കാഴ്ചയപ്പം” എന്നും വിളിക്കാറുണ്ട്.—2ദിന 2:4.
സെപ്റ്റംബർ 21-27
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 27–28
“പുരോഹിതന്മാരുടെ വസ്ത്രങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?”
it-2-E 1143
ഊറീമും തുമ്മീമും
ഊറീമും തുമ്മീമും നറുക്കുകളായിരുന്നു എന്നു പല ബൈബിൾ പണ്ഡിതന്മാരും കരുതുന്നു. ജെയിംസ് മൊഫാറ്റിന്റെ പരിഭാഷയിൽ പുറപ്പാട് 28:30-ൽ അവയെ “വിശുദ്ധമായ നറുക്കുകൾ” എന്നു വിളിക്കുന്നു. ചിലർ കരുതുന്നത്, അതു മൂന്നെണ്ണമുണ്ടായിരുന്നു എന്നാണ്, ഒന്നിൽ ‘അതെ,’ എന്നും രണ്ടാമത്തേതിൽ ‘അല്ല,’ എന്നും എഴുതിയിരുന്നു, മൂന്നാമത്തേതിൽ ഒന്നും എഴുതിയിട്ടുണ്ടായിരുന്നില്ല. നറുക്കിടുമ്പോൾ ഏതു നറുക്കാണോ ലഭിക്കുന്നത്, അതായിരിക്കും ഉന്നയിക്കപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം, ഒന്നും എഴുതാത്ത നറുക്കാണു ലഭിക്കുന്നതെങ്കിൽ ഉത്തരമില്ല എന്ന് അർഥം. മറ്റു ചിലർ കരുതുന്നത്, അവ പരന്ന രണ്ടു കല്ലുകളാണ് എന്നാണ്, ഒരു വശം വെള്ള നിറവും മറ്റേ വശം കറുത്ത നിറവും ഉള്ള രണ്ടു കല്ലുകൾ. ഈ കല്ലുകൾ ഒരുമിച്ച് താഴേക്കിടുമ്പോൾ രണ്ടിന്റെയും വെള്ള നിറമുള്ള വശമാണ് മുകളില്ലെങ്കിൽ ‘അതെ’ എന്നാണ് ഉത്തരം, കറുത്ത വശമാണെങ്കിൽ ‘അല്ല’ എന്നും. അതേസമയം ഒരു കല്ലിന്റെ വെള്ള വശവും മറ്റേ കല്ലിന്റെ കറുത്ത വശവും ആണ് വീഴുന്നതെങ്കിൽ ഉത്തരമില്ല എന്നാണ് അർഥമെന്നും കരുതുമായിരുന്നു. ഒരിക്കൽ, ഫെലിസ്ത്യർക്ക് എതിരെയുള്ള യുദ്ധം തുടരണോ എന്ന് ശൗൽ രാജാവ് ഒരു പുരോഹിതനിലൂടെ യഹോവയോടു ചോദിച്ചപ്പോൾ ഉത്തരമൊന്നും കിട്ടിയില്ല. തന്റെ കൂട്ടത്തിൽപ്പെട്ട ആരോ പാപം ചെയ്തിട്ടുണ്ടെന്നു തോന്നിയ ശൗൽ “ഇസ്രായേലിന്റെ ദൈവമേ, തുമ്മീമിലൂടെ ഉത്തരം തന്നാലും” എന്ന് യഹോവയോട് അപേക്ഷിച്ചു. ആ അപേക്ഷയ്ക്ക് ഉത്തരം കിട്ടി, അവിടെയുണ്ടായിരുന്നവരുടെ ഇടയിൽനിന്ന് ശൗലും യോനാഥാനും തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം അവർ രണ്ടു പേരിൽ ആരാണു തെറ്റു ചെയ്തതെന്ന് അറിയാൻ നറുക്കിട്ടു. ഈ വിവരണത്തിൽ, “തുമ്മീമിലൂടെ ഉത്തരം തന്നാലും” എന്ന് അപേക്ഷിക്കുകയും തുടർന്ന് നറുക്കിടുകയും ചെയ്യുന്നുണ്ടെങ്കിലും ഇവ രണ്ടും ഒരേ കാര്യത്തെയല്ല സൂചിപ്പിക്കുന്നത് എന്നു തോന്നുന്നു. എങ്കിലും ഇവ തമ്മിൽ എന്തോ ബന്ധമുണ്ടാകാം എന്നും ഈ വിവരണം സൂചിപ്പിക്കുന്നു.—1ശമു 14:36-42.
it-1-E 849 ¶3
നെറ്റി
ഇസ്രായേലിന്റെ മഹാപുരോഹിതൻ. ഇസ്രായേലിലെ മഹാപുരോഹിതന്റെ തലപ്പാവിൽ, നെറ്റിക്കു മുകളിലായി, “സമർപ്പണത്തിന്റെ വിശുദ്ധചിഹ്നം” എന്ന് വിളിച്ചിരുന്ന ഒരു തങ്കത്തകിടുണ്ടായിരുന്നു. അതിൽ “വിശുദ്ധി യഹോവയുടേത്” എന്ന വാക്കുകൾ ‘മുദ്ര കൊത്തുന്നതുപോലെ കൊത്തിയിരുന്നു.’ (പുറ 28:36-38; 39:30) യഹോവയെ ആരാധിക്കുന്നതിൽ ഇസ്രായേല്യരെ പ്രതിനിധാനം ചെയ്തിരുന്ന മഹാപുരോഹിതൻ, എപ്പോഴും ആത്മീയമായി ശുദ്ധനായി നിൽക്കണമായിരുന്നു. മഹാപുരോഹിതന്റെ നെറ്റിയിലെ തകിടിൽ ആലേഖനം ചെയ്ത വാക്കുകൾ, തങ്ങൾ എപ്പോഴും ആത്മീയമായി ശുദ്ധരായിരിക്കണം എന്ന കാര്യം എല്ലാ ഇസ്രായേല്യരെയും ഓർമിപ്പിക്കുകയും ചെയ്തു. വലിയ മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെ ചിത്രം അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു, ദൈവത്തിന്റെ വിശുദ്ധി ഉയർത്തിപ്പിടിക്കുന്ന പൗരോഹിത്യസേവനത്തിനു യേശു തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചതിനെയും.—എബ്ര 7:26.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w12-E 8/1 26 ¶1-3
നിങ്ങൾക്ക് അറിയാമോ?
ഇസ്രായേലിലെ മഹാപുരോഹിതന്റെ മാർച്ചട്ടയിലെ വിലപിടിപ്പുള്ള രത്നങ്ങൾ ഇസ്രായേല്യർക്ക് എവിടെനിന്നായിരിക്കാം കിട്ടിയത്?
ഇസ്രായേല്യർ ഈജിപ്ത് വിട്ട് വിജനഭൂമിയിൽ എത്തിയപ്പോൾ ഒരു മാർച്ചട്ട ഉണ്ടാക്കാനുള്ള കല്പന ദൈവം കൊടുത്തു. (പുറപ്പാട് 28:15-21) ആ മാർച്ചട്ടയിൽ മാണിക്യം, ഗോമേദകം, മരതകം, നീലഹരിതക്കല്ല്, ഇന്ദ്രനീലം, സൂര്യകാന്തം, ലഷം കല്ല്, അക്കിക്കല്ല്, അമദമണി, പീതരത്നം, നഖവർണി, പച്ചക്കല്ല് എന്നിവ പതിച്ചിരുന്നു. ഇസ്രായേല്യർക്ക് ഇത്തരം കല്ലുകൾ ലഭ്യമായിരുന്നോ?
ബൈബിൾക്കാലങ്ങളിൽ ആളുകൾ ഇത്തരം രത്നങ്ങൾ വളരെ വിലപ്പെട്ടതായി കണ്ടിരുന്നു. അവ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഇന്നത്തെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ എന്നീ ദൂരദേശങ്ങളിൽ നിന്നുപോലും പുരാതന ഈജിപ്തുകാർ ഇത്തരം രത്നങ്ങൾ വാങ്ങിയിരുന്നു. ഈജിപ്തിലെ ചക്രവർത്തിമാർക്ക് അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഖനികളുടെ മേൽ പൂർണമായ അധികാരമുണ്ടായിരുന്നു. ഗോത്രപിതാവായ ഇയ്യോബ് തന്റെ സമകാലികർ നിധി കണ്ടെത്താൻ ഖനനം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഖനനം ചെയ്ത് എടുത്തിരുന്നവയുടെ കൂട്ടത്തിൽ ഗോമേദകവും ഇന്ദ്രനീലവും ഉണ്ടായിരുന്നതായി ഇയ്യോബ് എടുത്തുപറഞ്ഞിട്ടുണ്ട്.—ഇയ്യോബ് 28:1-11, 19.
ഇസ്രായേല്യർ ഈജിപ്ത് വിട്ട് പോന്നപ്പോൾ ‘ഈജിപ്തുകാരെ കൊള്ളയടിക്കുകയും’ അവരുടെ വിലപ്പെട്ട സാധനങ്ങൾ ഇസ്രായേല്യർക്കു ലഭിക്കുകയും ചെയ്തു എന്നു പുറപ്പാടിലെ വിവരണം പറയുന്നു. (പുറപ്പാട് 12:35, 36) അതുകൊണ്ട്, മഹാപുരോഹിതന്റെ മാർച്ചട്ടയിൽ പതിപ്പിക്കാനുള്ള രത്നങ്ങൾ ഇസ്രായേല്യർക്ക് ഈജിപ്തിൽനിന്ന് കിട്ടിയതായിരിക്കാം.
it-1-E 1130 ¶2
വിശുദ്ധി
മൃഗങ്ങളും വിളവും. കാളകളുടെയും ആൺചെമ്മരിയാടുകളുടെയും കോലാടുകളുടെയും കടിഞ്ഞൂലുകൾ യഹോവയ്ക്കു വിശുദ്ധമായി കണക്കാക്കിയിരുന്നു, അവയെ വീണ്ടെടുക്കാൻ കഴിയില്ലായിരുന്നു. അവയെ യാഗമായി അർപ്പിക്കണം, അതിന്റെ ഒരു ഭാഗം ശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കും ലഭിച്ചിരുന്നു. (സംഖ 18:17-19) ദശാംശവും വിളവുകളുടെയും മൃഗങ്ങളുടെയും ആദ്യഫലങ്ങളും വിശുദ്ധമായിരുന്നു, വിശുദ്ധകൂടാരത്തിലെ ആരാധനയ്ക്കുവേണ്ടി വിശുദ്ധീകരിച്ചിരുന്ന യാഗങ്ങളുടെയും കാഴ്ചകളുടെയും കാര്യത്തിലെന്നപോലെതന്നെ. (പുറ 28:38) യഹോവയ്ക്കായി വേർതിരിച്ച കാര്യങ്ങൾ വിശുദ്ധമായിരുന്നു, അതിനെ ലാഘവത്തോടെ വീക്ഷിക്കാനോ ഉപയോഗിക്കാനോ ഒന്നും പാടില്ലായിരുന്നു. ദശാംശത്തിന്റെ കാര്യംതന്നെ എടുക്കുക. ഒരു മനുഷ്യൻ തന്റെ ഗോതമ്പു വിളവിന്റെ പത്തിലൊന്ന് യഹോവയ്ക്കു കൊടുക്കാൻ മാറ്റിവെക്കുന്നു, പക്ഷേ അദ്ദേഹമോ ഒരു കുടുംബാംഗമോ അറിയാതെ അതിൽ കുറച്ച് വീട്ടിലെ ഒരു ആവശ്യത്തിന്, ഒരുപക്ഷേ പാചകം ചെയ്യുന്നതിന്, എടുക്കുന്നു. അങ്ങനെയെങ്കിൽ വിശുദ്ധകാര്യങ്ങളോടുള്ള ബന്ധത്തിൽ ദൈവം കൊടുത്തിരുന്ന നിയമം ആ വ്യക്തി ലംഘിക്കുകയാണ്. പ്രായശ്ചിത്തമായി ആ വ്യക്തി അതിന്റെ തുകയും ഒപ്പം 20 ശതമാനവും വിശുദ്ധകൂടാരത്തിലേക്കു കൊടുക്കണമായിരുന്നു, ഒപ്പം ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ യാഗമായി അർപ്പിക്കുകയും വേണമായിരുന്നു. ഇത്തരം നിയമങ്ങൾ യഹോവയ്ക്കുള്ള വിശുദ്ധവസ്തുക്കളോട് അങ്ങേയറ്റം ആദരവുള്ളവരായിരിക്കാൻ ഇസ്രായേല്യരെ സഹായിച്ചു.—ലേവ 5:14-16.
സെപ്റ്റംബർ 28–ഒക്ടോബർ 4
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 29–30
“യഹോവയ്ക്കുള്ള സംഭാവന”
it-2-E 764-765
ജനസംഖ്യ കണക്കെടുപ്പ്
സീനായിൽ. ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാം വർഷം രണ്ടാം മാസം, സീനായിൽ പാളയമടിച്ചപ്പോഴാണ് യഹോവയുടെ കല്പനപ്രകാരം ആദ്യമായി ജനസംഖ്യയുടെ കണക്കെടുത്തത്. ഇക്കാര്യത്തിൽ മോശയെ സഹായിക്കുന്നതിന്, ഓരോ ഗോത്രത്തിൽനിന്നും ഓരോ തലവനെ തിരഞ്ഞെടുത്തു, ആ തലവന്റെ മേൽനോട്ടത്തിലായിരുന്നു ആ ഗോത്രത്തിന്റെ കണക്കെടുപ്പ്. 20 വയസ്സു മുതൽ മേലോട്ടുള്ള എല്ലാ പുരുഷന്മാരുടെയും, അതായത് സൈന്യത്തിൽ ചേരാനുള്ള പ്രായമെത്തിയവരുടെ, എണ്ണമെടുത്തു. മാത്രമല്ല, പേര് രേഖപ്പെടുത്തിയവർ സാന്നിധ്യകൂടാരത്തിന്റെ സേവനത്തിനായി അര ശേക്കെൽ (1.10 ഡോളർ) കരം കൊടുക്കാനും നിയമം അനുശാസിച്ചു. (പുറ 30:11-16; സംഖ 1:1-16, 18, 19) മൊത്തം പേര് രേഖപ്പെടുത്തിയവർ 6,03,550 ആയിരുന്നു. അതിൽ ലേവ്യർ ഉൾപ്പെട്ടിരുന്നില്ല. ലേവ്യർക്കു ദേശത്ത് ഓഹരിയില്ലായിരുന്നു. അവർ സാന്നിധ്യകൂടാരത്തിൽ കരം കൊടുത്തിരുന്നില്ല, അവർ സൈന്യത്തിൽ ചേരേണ്ടതുമില്ലായിരുന്നു.—സംഖ 1:44-47; 2:32, 33; 18:20, 24.
it-1-E 502
സംഭാവന
ചില സംഭാവനകൾ കൊടുക്കണമെന്നു നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. മോശ ഇസ്രായേല്യരുടെ ജനസംഖ്യ കണക്കെടുത്തപ്പോൾ, 20 വയസ്സു മുതൽ മേലോട്ടുള്ള എല്ലാ പുരുഷന്മാരും തന്റെ ജീവന്റെ മോചനവിലയായി “വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ച് അര ശേക്കെൽ” (സാധ്യതയനുസരിച്ച് 1.10 ഡോളർ) കൊടുക്കണമായിരുന്നു. അവരുടെ ജീവനു പാപപരിഹാരം വരുത്താനും ‘സാന്നിധ്യകൂടാരത്തിലെ സേവനങ്ങൾക്കുവേണ്ടിയും’ “യഹോവയ്ക്കുള്ള സംഭാവന” ആയിരുന്നു അത്. (പുറ 30:11-16) ജൂതചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, ഈ “വിശുദ്ധകരം” അതിനു ശേഷം എല്ലാ വർഷവും കൊടുത്തിരുന്നു.—2ദിന 24:6-10; മത്ത 17:24.
w11-E 11/1 12 ¶1-2
നിങ്ങൾക്ക് അറിയാമോ?
യരുശലേമിലെ യഹോവയുടെ ആലയത്തിലെ സേവനങ്ങൾക്കുള്ള പണം കണ്ടെത്തിയിരുന്നത് എങ്ങനെ?
നിർബന്ധമായും കൊടുക്കേണ്ടിയിരുന്ന ദശാംശം ഉപയോഗിച്ചാണ് ആലയത്തിലെ സേവനങ്ങൾ നടത്തിയിരുന്നത്. മറ്റു തരത്തിലുള്ള നികുതികളും അതിനായി ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, വിശുദ്ധകൂടാരത്തിന്റെ നിർമാണസമയത്ത് ‘യഹോവയ്ക്കുള്ള സംഭാവനയായി’ അര ശേക്കെൽ വീതം, പേര് രേഖപ്പെടുത്തിയിട്ടുള്ള എല്ലാവരിൽനിന്നും ശേഖരിക്കാൻ യഹോവ മോശയോട് ആവശ്യപ്പെട്ടു. —പുറപ്പാട് 30:12-16.
സാധ്യതയനുസരിച്ച് എല്ലാ ജൂതന്മാരും ആ നിശ്ചിതതുക വാർഷികനികുതിയായി കൊടുക്കുന്നത് ഒരു രീതിയായി മാറി. മീനിന്റെ വായിൽനിന്ന് നാണയം എടുക്കാൻ യേശു പത്രോസിനോട് പറഞ്ഞത് ഈ നികുതി അടയ്ക്കാനായിരുന്നു.—മത്തായി 17:24-27.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1029 ¶4
കൈ
തലയിൽ കൈ വെക്കുന്നത്. വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി ഒരു വ്യക്തിയുടെയോ മൃഗത്തിന്റെയോ വസ്തുവിന്റെയോ മേൽ കൈകൾ വെച്ചിരുന്നു. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ആ വ്യക്തിയെയോ വസ്തുവിനെയോ തിരിച്ചറിയിക്കുന്നു എന്നു കാണിക്കാനാണ് പ്രധാനമായും ഇങ്ങനെ ചെയ്തിരുന്നത്. പൗരോഹിത്യശുശ്രൂഷ സ്ഥാപിച്ച സമയത്ത് അഹരോനും പുത്രന്മാരും ഒരു കാളയുടെയും രണ്ട് ആൺചെമ്മരിയാടുകളുടെയും തലയിൽ കൈകൾ വെച്ചു. ദൈവമായ യഹോവയുടെ പുരോഹിതന്മാരാകാനിരുന്ന അവർക്കുവേണ്ടി യാഗം അർപ്പിക്കാൻ ഈ മൃഗങ്ങളെ വേർതിരിച്ചു എന്ന് അതു കാണിച്ചു. (പുറ 29:10, 15, 19; ലേവ 8:14, 18, 22) ദൈവത്തിന്റെ കല്പനപ്രകാരം യോശുവയെ തന്റെ പിൻഗാമിയായി നിയമിച്ചപ്പോൾ, മോശ യോശുവയുടെ തലയിൽ കൈകൾ വെച്ചു. “അങ്ങനെ യോശുവ ജ്ഞാനത്തിന്റെ ആത്മാവ് നിറഞ്ഞവനായി,” ഇസ്രായേല്യരെ നന്നായി നയിക്കാൻ യോശുവയ്ക്കു കഴിഞ്ഞു. (ആവ 34:9) അനുഗ്രഹത്തിന്റെ സൂചനയായും കൈകൾ തലയിൽ വെച്ചിരുന്നു. (ഉൽ 48:14; മർ 10:16) യേശുക്രിസ്തു ചിലരെ തൊട്ട് സുഖപ്പെടുത്തി, ചിലരുടെ മേൽ കൈകൾ വെച്ച് സുഖപ്പെടുത്തി എന്നും നമ്മൾ വായിക്കുന്നുണ്ട്. (മത്ത 8:3; മർ 6:5; ലൂക്ക 13:13) ഇനി, അപ്പോസ്തലന്മാർ ചിലരുടെ മേൽ കൈകൾ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു.—പ്രവൃ 8:14-20; 19:6.
it-1-E 114 ¶1
അഭിഷിക്തൻ, അഭിഷേകം ചെയ്യൽ
യഹോവ മോശയ്ക്കു കൊടുത്ത നിയമത്തിൽ, അഭിഷേകതൈലത്തിനുള്ള ഒരു കൂട്ട് യഹോവ നിർദേശിച്ചു. മീറ, വാസനയുള്ള കറുവാപ്പട്ട, സുഗന്ധമുള്ള വയമ്പ്, ഇലവങ്ങം എന്നീ വിശിഷ്ടപരിമളദ്രവ്യങ്ങളും ഒലിവെണ്ണയും ചേർത്തുള്ള ഒരു മിശ്രിതമായിരുന്നു അത്. (പുറ 30:22-25) ആരെങ്കിലും സ്വന്തമായി ഈ തൈലം ഉണ്ടാക്കി, നിത്യോപയോഗത്തിനോ അനുവാദമില്ലാത്ത മറ്റ് എന്തെങ്കിലും കാര്യത്തിനോ ഉപയോഗിക്കുന്നത് മരണശിക്ഷ അർഹിക്കുന്ന തെറ്റായിരുന്നു. (പുറ 30:31-33) വിശുദ്ധതൈലം ഒഴിച്ച് അഭിഷേകം ചെയ്യുന്ന ഒരാൾക്കു ലഭിക്കുന്ന നിയമനത്തിന്റെ ഗൗരവവും പവിത്രതയും എത്രത്തോളമുണ്ടെന്ന് ഈ നിയമം ആലങ്കാരികമായി കാണിച്ചു.