ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 2-8
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 39–40
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it–2–E 884 ¶3-4
കടൽനായ്ത്തോൽ
ഇസ്രായേല്യർക്ക് എവിടെനിന്നായിരിക്കാം കിട്ടിയത്? ബൈബിളിൽ പറഞ്ഞിരിക്കുന്ന തഖാശ് ഒരു തരം കടൽനായയെയാണു കുറിക്കുന്നതെങ്കിൽ, ന്യായമായും ഒരു ചോദ്യം വരും: ഇസ്രായേല്യർക്ക് എങ്ങനെ കടൽനായ്ത്തോൽ കിട്ടി? കടൽനായ്ക്കൾ സാധാരണയായി ആർട്ടിക്ക്, അന്റാർട്ടിക് പോലെ തണുത്ത മേഖലകളിലാണു കാണപ്പെടുന്നതെങ്കിലും ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന ചില കടൽനായ്ക്കളുമുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ ഒരു ഭാഗത്ത് ഇപ്പോഴും ‘സന്ന്യാസി’ കടൽനായ്ക്കളുണ്ട്, ഊഷ്മാവ് കൂടിയ മറ്റു പ്രദേശങ്ങളിലെ കടലുകളിലും അവയെ കാണാനാകും. മനുഷ്യരുടെ ഇടപെടലുകൾ കാരണം കടൽനായ്ക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. പക്ഷേ ബൈബിൾക്കാലങ്ങളിൽ മെഡിറ്ററേനിയൻ കടലിലും ചെങ്കടലിലും ഇവ ധാരാളമായി ഉണ്ടായിരുന്നിരിക്കാം. പുറപ്പാടിനു നൂറ്റാണ്ടുകൾക്കു ശേഷം, അതായത് 1832-ൽ, കാൽമെറ്റിന്റെ വിശുദ്ധബൈബിളിന്റെ നിഘണ്ടുവിന്റെ ഇംഗ്ലീഷ് പതിപ്പ് ഇങ്ങനെ പറഞ്ഞു: “സീനായ് ഉപദ്വീപിനു ചുറ്റും ചെങ്കടലിലെ പല ചെറിയ ദ്വീപുകളിലും കടൽനായ്ക്കളെ കാണാനാകും.”
പുരാതന ഈജിപ്തുകാർ ചെങ്കടലിന്റെ തീരദേശങ്ങളിൽ വാണിജ്യ ഇടപാടുകൾ നടത്തിയിരുന്നു. അവിടെ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽനിന്ന് സാധനങ്ങൾ ലഭിച്ചിരുന്നു. അങ്ങനെയായിരിക്കാം ഈജിപ്തുകാർക്ക് കടൽനായ്ത്തോൽ കിട്ടിയത്. ഒരുപക്ഷേ, ഈജിപ്തിലായിരുന്നപ്പോൾ ഇസ്രായേല്യരുടെ കൈയിൽ കടൽനായ്ത്തോൽ ഉണ്ടായിരുന്നിരിക്കാം. ഈജിപ്ത് വിട്ടുപോന്നപ്പോൾ ഇതെല്ലാം അവർ എടുത്തുകൊണ്ട് പോന്നുകാണും. കൂടാതെ, ഈജിപ്തുകാർ കൊടുത്ത വിലപിടിപ്പുള്ള സാധനങ്ങളുടെ കൂട്ടത്തിലും കടൽനായ്ത്തോൽ കാണാൻ സാധ്യതയുണ്ടായിരുന്നു.—പുറ 12:35, 36.
നവംബർ 9-15
ദൈവവചനത്തിലെ നിധികൾ | ലേവ്യ 1–3
“യാഗങ്ങൾ അർപ്പിച്ചിരുന്നതിന്റെ ഉദ്ദേശ്യം”
it-2-E 525
യാഗങ്ങൾ
ദഹനയാഗങ്ങൾ. ദൈവത്തിനു മുഴുവനായി അർപ്പിക്കുന്ന യാഗങ്ങളായിരുന്നു ദഹനയാഗങ്ങൾ. ആരാധകൻ അതിൽനിന്ന് അൽപ്പംപോലും ഭക്ഷിക്കില്ലായിരുന്നു. (ന്യായ 11:30, 31, 39, 40 താരതമ്യം ചെയ്യുക.) ചിലപ്പോൾ പാപയാഗങ്ങളോടൊപ്പം ദഹനയാഗങ്ങൾ അർപ്പിച്ചിരുന്നു. അതിലൂടെ താൻ അർപ്പിച്ച പാപയാഗങ്ങൾ സ്വീകരിക്കണേ എന്നു യാഗം അർപ്പിക്കുന്ന വ്യക്തി യഹോവയോട് അപേക്ഷിക്കുകയായിരുന്നു. യേശു, ആലങ്കാരികാർഥത്തിലുള്ള ഒരു ‘സമ്പൂർണദഹനയാഗമായി’ തന്നെത്തന്നെ മുഴുവനായി അർപ്പിച്ചു.
it-2-E 528 ¶4
യാഗങ്ങൾ
ധാന്യയാഗങ്ങൾ. സഹഭോജനബലികൾ, ദഹനയാഗങ്ങൾ, പാപയാഗങ്ങൾ, എന്നിവയോടൊപ്പമായിരുന്നു ധാന്യയാഗങ്ങൾ അർപ്പിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഇവ തനിയെയും അർപ്പിച്ചിരുന്നു. ആദ്യഫലങ്ങളും ധാന്യയാഗങ്ങളായി അർപ്പിച്ചിരുന്നു. (പുറ 29:40-42; ലേവ 23:10-13, 15-18; സംഖ 15:8, 9, 22-24; 28:9, 10, 20, 26-28; അധ്യാ. 29) യഹോവ തങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചതിന്റെ നന്ദിസൂചകമായിരുന്നു ഈ യാഗങ്ങൾ. ധാന്യയാഗത്തോടൊപ്പം മിക്കപ്പോഴും എണ്ണയും കുന്തിരിക്കവും അർപ്പിച്ചിരുന്നു. നേർത്ത ധാന്യപ്പൊടിയോ, വറുത്ത ധാന്യമോ, അപ്പക്കല്ലിലോ ചട്ടിയിലോ തയ്യാറാക്കിയ വളയാകൃതിയിലുള്ള അപ്പമോ, മൊരിച്ചെടുത്ത അപ്പമോ ധാന്യയാഗമായി അർപ്പിച്ചിരുന്നു. ധാന്യയാഗത്തിൽ കുറച്ച് ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ വെക്കുമായിരുന്നു, കുറച്ച് പുരോഹിതന്മാർ കഴിക്കുമായിരുന്നു, സഹഭോജനബലികളാണെങ്കിൽ യാഗം അർപ്പിക്കുന്ന വ്യക്തിയും അതിൽ കുറച്ച് കഴിക്കുമായിരുന്നു. (ലേവ 6:14-23; 7:11-13; സംഖ 18:8-11) യാഗപീഠത്തിൽ അർപ്പിച്ചിരുന്ന ധാന്യയാഗങ്ങളിൽ പുളിച്ച മാവോ “തേനോ” കാണാൻ പാടില്ലായിരുന്നു. പുളിക്കാൻ സാധ്യതയുണ്ടായിരുന്ന, പഴച്ചാറോ അത്തിപ്പഴത്തിന്റെ സത്തോ ആയിരിക്കാം തേൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.—ലേവ 2:1-16.
it-2-E 526 ¶1
യാഗങ്ങൾ
സഹഭോജനബലികൾ (സമാധാനയാഗങ്ങൾ). യഹോവയ്ക്കു സ്വീകാര്യമായ സഹഭോജനബലികൾ യഹോവയുമായുള്ള സമാധാനത്തെ സൂചിപ്പിച്ചു. യാഗം അർപ്പിക്കുന്ന വ്യക്തിയും കുടുംബാംഗങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു. (വിശുദ്ധകൂടാരത്തിന്റെ മുറ്റത്തുവെച്ച്; മുറ്റത്തിനു ചുറ്റും കെട്ടിയിരുന്ന തിരശ്ശീലയ്ക്കുള്ളിലെ സ്ഥലത്ത് കൂടാരങ്ങൾ ഉണ്ടായിരുന്നു എന്നാണു പരമ്പരാഗതവീക്ഷണം. പിന്നീട് ദേവാലയം പണിതപ്പോൾ അതിൽ ഊണുമുറികളുണ്ടായിരുന്നു.) യാഗം അർപ്പിക്കുന്ന പുരോഹിതന് ഒരു ഓഹരി ലഭിക്കുമായിരുന്നു, അതുപോലെ അന്നത്തെ ദിവസം സേവിച്ചിരുന്ന മറ്റു പുരോഹിതന്മാർക്കും കിട്ടിയിരുന്നു. അതിന്റെ കൊഴുപ്പ് തീയിൽ കത്തിക്കുമ്പോൾ ഉയരുന്ന സുഗന്ധമുള്ള പുക യഹോവ സ്വീകരിക്കുന്നതായി കണക്കാക്കി. ജീവൻ പ്രതീകപ്പെടുത്തുന്ന രക്തം ദൈവത്തിനു സമർപ്പിച്ചിരുന്നു. പുരോഹിതന്മാരും യാഗം അർപ്പിക്കുന്ന വ്യക്തികളും യഹോവയും ഒരുമിച്ച് ആഹാരം കഴിക്കുന്നതുപോലെയായിരുന്നു ഈ ക്രമീകരണം, അത് ഒരു സമാധാനബന്ധത്തെ ചിത്രീകരിച്ചു. ഒരു വ്യക്തി അശുദ്ധനായിരിക്കുമ്പോൾ (മോശയുടെ നിയമത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ തരം അശുദ്ധിയും) ഇതു കഴിക്കുകയോ പറഞ്ഞിരിക്കുന്ന സമയം പിന്നിട്ടശേഷം ഇതു കഴിക്കുകയോ (ചൂടുള്ള കാലാവസ്ഥയിൽ ആഹാരം മോശമാകാൻ തുടങ്ങുമായിരുന്നു.) ചെയ്താൽ അയാളെ കൊന്നുകളയണമായിരുന്നു. കാരണം അതിലൂടെ അയാൾ ഈ ഭക്ഷണം അശുദ്ധമാക്കുകയാണ്. വിശുദ്ധകാര്യങ്ങളോടുള്ള അനാദരവാണ് അയാൾ കാണിക്കുന്നത്.—ലേവ 7:16-21; 19:5-8.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 813
കൊഴുപ്പ്
ആ നിയമത്തിനു പിന്നിൽ. മോശയുടെ നിയമത്തിനു കീഴിൽ, രക്തവും കൊഴുപ്പും യഹോവയ്ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. രക്തത്തിൽ ജീവൻ അടങ്ങിയിരുന്നു, അത് യഹോവയ്ക്കു മാത്രമേ നൽകാൻ കഴിയൂ. അതുകൊണ്ട് അത് യഹോവയ്ക്ക് അവകാശപ്പെട്ടതാണ്. (ലേവ 17:11, 14) മൃഗത്തിന്റെ മാംസത്തിന്റെ ഏറ്റവും മേന്മയേറിയ ഭാഗമായിരുന്നു കൊഴുപ്പ്. അതുകൊണ്ട് അത് യാഗമായി അർപ്പിച്ചിരുന്നത്, ഏറ്റവും നല്ലത് യഹോവയ്ക്ക് അവകാശപ്പെട്ടതാണ് എന്ന കാര്യം അംഗീകരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. എല്ലാം സമൃദ്ധമായി നൽകുന്ന യഹോവയ്ക്ക് തന്റെ ഏറ്റവും നല്ലതു കൊടുക്കാനുള്ള ഒരു ദൈവദാസന്റെ ആഗ്രഹവും അതിലൂടെ കാണിക്കാമായിരുന്നു. ഇത്, ഏറ്റവും നല്ലത് ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്നു എന്നതിന്റെ ആലങ്കാരികമായ ഒരു പ്രകടനമായിരുന്നതുകൊണ്ട്, കൊഴുപ്പ് ദൈവത്തിനു “ഭക്ഷണമായി” യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കുമെന്നും അതു ദൈവത്തിനു ‘പ്രസാദകരമായ സുഗന്ധമായിരിക്കുമെന്നും’ പറയുന്നു. (ലേവ 3:11, 16) അതുകൊണ്ട് കൊഴുപ്പ് കഴിക്കുന്നത്, യഹോവയ്ക്കായി വേർതിരിച്ചിരുന്ന ഒന്ന് കവർന്നെടുക്കുന്നതുപോലെയായിരുന്നു, യഹോവയ്ക്ക് അവകാശപ്പെട്ടതിനുമേലുള്ള ഒരു കടന്നുകയറ്റമായിരുന്നു. മരണമായിരുന്നു അതിനുള്ള ശിക്ഷ. എന്നാൽ, രക്തത്തിന്റെ കാര്യത്തിൽനിന്ന് വ്യത്യസ്തമായി, കൊഴുപ്പ് മറ്റു കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമായിരുന്നു, കുറഞ്ഞപക്ഷം താനേ ചത്ത മൃഗത്തിന്റെയോ മറ്റൊരു മൃഗം കൊന്നതിന്റെയോ കൊഴുപ്പെങ്കിലും.—ലേവ 7:23-25.
നവംബർ 16-22
ദൈവവചനത്തിലെ നിധികൾ | ലേവ്യ 4–5
“നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുക”
it-2-E 527 ¶9
യാഗങ്ങൾ
അപരാധയാഗങ്ങൾ. പാപം ചെയ്യുമ്പോഴാണ് അപരാധയാഗങ്ങളും അർപ്പിച്ചിരുന്നത്. മോശയുടെ നിയമത്തിനു കീഴിൽ, പാപം ചെയ്യുന്ന ഒരാൾക്കു കുറ്റബോധം തോന്നുമായിരുന്നു, അതായത് താൻ അപരാധിയാണെന്നു തോന്നുമായിരുന്നു. അപരാധയാഗങ്ങൾ പ്രത്യേക തരത്തിലുള്ള പാപങ്ങൾക്കുവേണ്ടിയായിരുന്നു. മറ്റു പാപയാഗങ്ങളിൽനിന്ന് അതിന് അൽപ്പം വ്യത്യാസമുണ്ടായിരുന്നു. മറ്റ് ആർക്കെങ്കിലും എതിരെ, അതായത് യഹോവയ്ക്കോ മറ്റൊരു മനുഷ്യനോ എതിരെ, ചെയ്ത പാപങ്ങൾക്കുവേണ്ടിയാണ് അപരാധയാഗങ്ങൾ അർപ്പിച്ചിരുന്നതെന്നു തോന്നുന്നു. യഹോവയുടെ മുമ്പാകെ നീതി നിറവേറ്റാനോ പശ്ചാത്താപമുള്ള തെറ്റുകാരന് ഉടമ്പടിപ്രകാരമുള്ള അവകാശങ്ങൾ തിരികെ ലഭിച്ച്, അതുവഴി പാപത്തിന്റെ ശിക്ഷയിൽനിന്ന് മോചനം കിട്ടാനോ വേണ്ടിയായിരുന്നു അപരാധയാഗങ്ങൾ അർപ്പിച്ചിരുന്നത്.—യശ 53:10 താരതമ്യം ചെയ്യുക.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1130 ¶2
വിശുദ്ധി
മൃഗങ്ങളും വിളവും. കാളകളുടെയും ആൺചെമ്മരിയാടുകളുടെയും കോലാടുകളുടെയും കടിഞ്ഞൂലുകൾ യഹോവയ്ക്കു വിശുദ്ധമായി കണക്കാക്കിയിരുന്നു, അവയെ വീണ്ടെടുക്കാൻ കഴിയില്ലായിരുന്നു. അവയെ യാഗമായി അർപ്പിക്കണം, അതിന്റെ ഒരു ഭാഗം ശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കും ലഭിച്ചിരുന്നു. (സംഖ 18:17-19) ദശാംശവും വിളവുകളുടെയും മൃഗങ്ങളുടെയും ആദ്യഫലങ്ങളും വിശുദ്ധമായിരുന്നു, വിശുദ്ധകൂടാരത്തിലെ ആരാധനയ്ക്കുവേണ്ടി വിശുദ്ധീകരിച്ചിരുന്ന യാഗങ്ങളുടെയും കാഴ്ചകളുടെയും കാര്യത്തിലെന്നപോലെതന്നെ. (പുറ 28:38) യഹോവയ്ക്കായി വേർതിരിച്ച കാര്യങ്ങൾ വിശുദ്ധമായിരുന്നു, അതിനെ ലാഘവത്തോടെ വീക്ഷിക്കാനോ ഉപയോഗിക്കാനോ ഒന്നും പാടില്ലായിരുന്നു. ദശാംശത്തിന്റെ കാര്യംതന്നെ എടുക്കുക. ഒരു മനുഷ്യൻ തന്റെ ഗോതമ്പു വിളവിന്റെ പത്തിലൊന്ന് യഹോവയ്ക്കു കൊടുക്കാൻ മാറ്റിവെക്കുന്നു, പക്ഷേ അദ്ദേഹമോ ഒരു കുടുംബാംഗമോ അറിയാതെ അതിൽ കുറച്ച് വീട്ടിലെ ഒരു ആവശ്യത്തിന്, ഒരുപക്ഷേ പാചകം ചെയ്യുന്നതിന്, എടുക്കുന്നു. അങ്ങനെയെങ്കിൽ വിശുദ്ധകാര്യങ്ങളോടുള്ള ബന്ധത്തിൽ ദൈവം കൊടുത്തിരുന്ന നിയമം ആ വ്യക്തി ലംഘിക്കുകയാണ്. പ്രായശ്ചിത്തമായി ആ വ്യക്തി അതിന്റെ തുകയും ഒപ്പം 20 ശതമാനവും വിശുദ്ധകൂടാരത്തിലേക്കു കൊടുക്കണമായിരുന്നു, ഒപ്പം ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ യാഗമായി അർപ്പിക്കുകയും വേണമായിരുന്നു. ഇത്തരം നിയമങ്ങൾ യഹോവയ്ക്കുള്ള വിശുദ്ധവസ്തുക്കളോട് അങ്ങേയറ്റം ആദരവുള്ളവരായിരിക്കാൻ ഇസ്രായേല്യരെ സഹായിച്ചു.—ലേവ 5:14-16.
നവംബർ 23-29
ദൈവവചനത്തിലെ നിധികൾ | ലേവ്യ 6–7
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 833 ¶1
തീ
വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും. വിശുദ്ധകൂടാരത്തിലെയും പിന്നീട് ദേവാലയത്തിലെയും ആരാധനയിൽ തീക്ക് ഒരു പ്രധാനപങ്കുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെയും, വൈകുന്നേരം രണ്ടു സന്ധ്യക്കിടയിലും മഹാപുരോഹിതൻ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠത്തിൽ സുഗന്ധദ്രവ്യം കത്തിക്കുമായിരുന്നു. (പുറ 30:7, 8) ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ എപ്പോഴും തീ കത്തിക്കൊണ്ടിരിക്കണമെന്നു ദൈവനിയമം ആവശ്യപ്പെട്ടിരുന്നു. (ലേവ 6:12, 13) ഈ യാഗപീഠത്തിനു മേലുള്ള തീ ദൈവം അത്ഭുതകരമായി കത്തിച്ചതാണെന്നാണു പരമ്പരാഗതമായി ജൂതന്മാർ കരുതിപ്പോരുന്നത്. പക്ഷേ ഈ വീക്ഷണത്തിനു തിരുവെഴുത്തുകളുടെ അടിസ്ഥാനമില്ല. യഹോവ മോശയ്ക്ക് ആദ്യം കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്, യാഗപീഠത്തിൽ യാഗവസ്തു വെക്കുന്നതിനു മുമ്പ് അഹരോന്റെ പുത്രന്മാർ ‘യാഗപീഠത്തിൽ തീ ഇട്ട് തീയുടെ മുകളിൽ വിറക് അടുക്കണമായിരുന്നു.’ (ലേവ 1:7, 8) അഹരോന്യ പൗരോഹിത്യം സ്ഥാപിച്ചതിനു ശേഷം, അതായത് അതു സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബലികൾ അർപ്പിച്ചതിനു ശേഷമാണ്, യഹോവയിൽനിന്ന്, സാധ്യതയനുസരിച്ച് വിശുദ്ധകൂടാരത്തിനു മീതെയുള്ള മേഘത്തിൽനിന്ന്, തീ പുറപ്പെട്ട് യാഗപീഠത്തിലുള്ള യാഗവസ്തുക്കളെ ദഹിപ്പിച്ചത്. അങ്ങനെ നോക്കുമ്പോൾ, യഹോവയിൽനിന്നുള്ള തീ പുറപ്പെട്ടത് യാഗപീഠത്തിൽ വെച്ചിരുന്ന വിറക് കത്തിക്കാനല്ലായിരുന്നു, പകരം ‘യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിക്കാനായിരുന്നു.’ അതിനു ശേഷം തീ തുടർന്നും യാഗപീഠത്തിൽ കത്തിക്കൊണ്ടിരുന്നു, അതു ദൈവത്തിൽനിന്നുള്ള തീയും യാഗപീഠത്തിൽ അതിനു മുമ്പ് കത്തിച്ച തീയും ചേർന്നതായിരുന്നു. (ലേവ 8:14–9:24) സമാനമായി, ദേവാലയത്തിന്റെ സമർപ്പണത്തിന്റെ സമയത്ത്, ശലോമോൻ പ്രാർഥിച്ചുകഴിഞ്ഞപ്പോൾ യഹോവയിൽനിന്ന് അത്ഭുതകരമായി തീ പുറപ്പെട്ട് യാഗവസ്തുക്കളെ ദഹിപ്പിച്ചു.—2ദിന 7:1; തന്റെ ദാസരുടെ യാഗങ്ങൾ സ്വീകരിച്ചുകൊണ്ട് യഹോവ തീ അയച്ച മറ്റു സന്ദർഭങ്ങൾ മനസ്സിലാക്കാൻ ന്യായ 6:21; 1രാജ 18:21-39; 1ദിന 21:26 എന്നിവയും കാണുക.
നവംബർ 30–ഡിസംബർ 6
ദൈവവചനത്തിലെ നിധികൾ | ലേവ്യ 8–9
“യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ്”
it-1-E 1207
പൗരോഹിത്യം സ്ഥാപിക്കുന്നു
സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തെ ചെമ്പുപാത്രത്തിലെ വെള്ളംകൊണ്ട് മോശ അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹുവിനെയും എലെയാസരിനെയും ഈഥാമാരിനെയും കഴുകി. (അല്ലെങ്കിൽ തന്നെത്താൻ കഴുകാൻ മോശ അവരോടു കല്പിച്ചു.) എന്നിട്ട് മഹാപുരോഹിതന്റെ ശ്രേഷ്ഠമായ വസ്ത്രങ്ങൾ മോശ അഹരോനെ ധരിപ്പിച്ചു. (സംഖ 3:2, 3) മഹാപുരോഹിതന്റെ ഉത്തരവാദിത്വങ്ങളും ഗുണങ്ങളും പ്രതീകപ്പെടുത്തുന്ന ആ വസ്ത്രങ്ങൾ അങ്ങനെ അഹരോനെ ഭരമേൽപ്പിച്ചു. അതിനു ശേഷം മോശ വിശുദ്ധകൂടാരവും അതിലെ ഉപകരണങ്ങളും വസ്തുക്കളും ദഹനയാഗത്തിനുള്ള യാഗപീഠവും ചെമ്പുപാത്രവും അതിനോടു ബന്ധപ്പെട്ട ഉപകരണങ്ങളും അഭിഷേകം ചെയ്തു. അങ്ങനെ സത്യാരാധനയ്ക്കുവേണ്ടി മാത്രമായി അവയെ വിശുദ്ധീകരിച്ചു, അഥവാ വേർതിരിച്ചു. ആ ഉദ്ദേശ്യത്തിൽ മാത്രമേ ഇനി അവ ഉപയോഗിക്കുമായിരുന്നുള്ളൂ. ഒടുവിൽ, മോശ അഹരോന്റെ തലയിൽ തൈലം ഒഴിച്ചുകൊണ്ട് അദ്ദേഹത്തെ അഭിഷേകം ചെയ്തു.—ലേവ 8:6-12; പുറ 30:22-33; സങ്ക 133:2.
it-1-E 1208 ¶8
പൗരോഹിത്യം സ്ഥാപിക്കുന്നു
പൗരോഹിത്യവേല ചെയ്യുന്നതിനു പൂർണമായി സജ്ജരായ പുരോഹിതന്മാർ എട്ടാം ദിവസം, ആദ്യമായി (മോശയുടെ സഹായമില്ലാതെ) ഇസ്രായേൽ ജനതയ്ക്കുവേണ്ടി പാപപരിഹാരസേവനം ചെയ്തു. ആ ജനതയ്ക്കു ശുദ്ധീകരണം ആവശ്യമായിരുന്നു, അവരുടെ സ്വാഭാവികമായ പാപപ്രവണത മാത്രമായിരുന്നില്ല കാരണം, സ്വർണക്കാളക്കുട്ടിയെ ഉണ്ടാക്കിക്കൊണ്ട് അനുസരണക്കേടു കാണിക്കുകയും യഹോവയുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തതും ഒരു പ്രധാനപ്പെട്ട കാരണമായിരുന്നു. (ലേവ 9:1-7; പുറ 32:1-10) പുതുതായി നിയുക്തരായ ഈ പുരോഹിതന്മാർ ഈ ആദ്യത്തെ സേവനം ചെയ്തുകഴിഞ്ഞപ്പോൾ യഹോവ തീ അയച്ച് അവരുടെ മേലുള്ള തന്റെ അംഗീകാരത്തിനു തെളിവ് കൊടുത്തു, പുരോഹിതന്മാരായുള്ള അവരുടെ നിയമനം ഉറപ്പിക്കുകയും ചെയ്തു. നിസ്സംശയമായും തീ പുറപ്പെട്ടത്, വിശുദ്ധകൂടാരത്തിനു മുകളിലുള്ള മേഘസ്തംഭത്തിൽനിന്നായിരിക്കാം. യാഗപീഠത്തിലുണ്ടായിരുന്ന യാഗവസ്തുവിന്റെ ശേഷിപ്പുകളെ തീ ദഹിപ്പിച്ചുകളഞ്ഞു.—ലേവ 9:23, 24.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 437 ¶3
മോശ
ദൈവം മോശയെ ഇസ്രായേല്യരുമായുള്ള നിയമ ഉടമ്പടിയുടെ മധ്യസ്ഥനാക്കി. പിൽക്കാലത്ത് പുതിയ നിയമത്തിന്റെ മധ്യസ്ഥനായ യേശുവിന് മാത്രമാണ് ദൈവവുമായി അങ്ങനെയൊരു ബന്ധമുണ്ടായിരുന്നത്. യഹോവയായിരുന്നു ഈ ഉടമ്പടിയുടെ ഒരു ‘കക്ഷി,’ മറുകക്ഷി ജനവും (വ്യക്തമായും ജനത്തിലെ പ്രായമേറിയ പുരുഷന്മാർ). മൃഗബലികളുടെ രക്തം മോശ ഉടമ്പടിയുടെ പുസ്തകത്തിനു മേൽ തളിച്ചു. എന്നിട്ട് മോശ ഉടമ്പടിയുടെ പുസ്തകം ജനത്തെ വായിച്ചുകേൾപ്പിച്ചു. “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്” എന്നു ജനം അപ്പോൾ ഉത്തരം പറഞ്ഞു. (പുറ 24:3-8; എബ്ര 9:19) മധ്യസ്ഥൻ എന്ന നിലയിൽ, യഹോവ കൊടുത്ത രൂപരേഖയ്ക്കു ചേർച്ചയിൽ വിശുദ്ധകൂടാരത്തിന്റെയും അതിലെ ഉപകരണങ്ങളുടെയും പണിക്കു മേൽനോട്ടം വഹിക്കാനുള്ള പദവി മോശയ്ക്കു ലഭിച്ചു. മധ്യസ്ഥനായിരുന്നതുകൊണ്ട് പൗരോഹിത്യം സ്ഥാപിച്ചതും മോശതന്നെയായിരുന്നു. കൂടാതെ, പ്രത്യേക കൂട്ടനുസരിച്ച് തയ്യാറാക്കിയ തൈലം ഉപയോഗിച്ച് വിശുദ്ധകൂടാരത്തെയും അതുപോലെ, മഹാപുരോഹിതനായി അഹരോനെയും അഭിഷേകം ചെയ്യാനുള്ള അവസരവും മോശയ്ക്കു ലഭിച്ചു. അതിനു ശേഷം, പുതുതായി നിയമിതരായ പുരോഹിതന്മാർ ആദ്യമായി പൗരോഹിത്യവേല ചെയ്തപ്പോൾ അതിനു മേൽനോട്ടം വഹിച്ചതും മോശയായിരുന്നു.—പുറ 25-29 അധ്യായങ്ങൾ; ലേവ 8, 9 അധ്യായങ്ങൾ.