അധ്യായം പതിനേഴ്
‘ഇതിനെക്കാൾ വലിയ സ്നേഹമില്ല’
1-4. (എ) പീലാത്തൊസ് യേശുവിനെ തന്റെ അരമനമുറ്റത്ത് കോപാക്രാന്തരായ ജനക്കൂട്ടത്തിന്റെ മുമ്പിൽ കൊണ്ടുവന്നപ്പോൾ എന്തു സംഭവിച്ചു? (ബി) കഷ്ടങ്ങളും പരിഹാസങ്ങളും യേശു എങ്ങനെയാണ് നേരിട്ടത്? (സി) എന്തു സുപ്രധാന ചോദ്യങ്ങൾ ഉയർന്നുവരുന്നു?
“ഇതാ, ആ മനുഷ്യൻ!” യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് റോമൻ ഗവർണറായ പൊന്തിയൊസ് പീലാത്തൊസ് പറഞ്ഞതാണത്. എ.ഡി. 33-ലെ പെസഹാനാളിൽ രാവിലെ തന്റെ അരമനമുറ്റത്ത് തടിച്ചുകൂടിയ കോപാക്രാന്തരായ ജനക്കൂട്ടത്തോടാണ് പീലാത്തൊസ് അത് പറഞ്ഞത്. (യോഹന്നാൻ 19:5) ഇതേ ജനക്കൂട്ടമാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് ദിവ്യനിയമിത രാജാവെന്നനിലയിൽ യരുശലേം വീഥികളിലൂടെ യേശു കടന്നുപോയപ്പോൾ യേശുവിനെ വാഴ്ത്തിപ്പാടിയത്. പക്ഷേ ഇന്ന് ഇപ്പോൾ മറ്റൊരു കണ്ണിലൂടെയാണ് അവർ യേശുവിനെ കാണുന്നത്.
2 രാജാക്കന്മാർ ധരിക്കുന്നതുപോലുള്ള പർപ്പിൾ നിറത്തിലുള്ള വസ്ത്രമാണ് യേശുവിനെ ധരിപ്പിച്ചിരിക്കുന്നത്. തലയിൽ ഒരു കിരീടമുണ്ട്. ചാട്ടയടിയേറ്റ് പുറമാകെ പിളർന്നിരിക്കുകയാണ്. ആ പർപ്പിൾ നിറത്തിലുള്ള വസ്ത്രവും തലയിൽ തറച്ചുവെച്ചിരിക്കുന്ന മുൾക്കിരീടവും യേശുവിന്റെ രാജകീയ അധികാരത്തെ അപഹസിക്കാനുള്ളതാണ്. മുഖ്യപുരോഹിതന്മാർ ഇളക്കിവിട്ട ജനക്കൂട്ടം കഠിനപീഡനങ്ങൾ ഏറ്റുവാങ്ങിയ ഈ മനുഷ്യനെ തള്ളിപ്പറയുന്നു. “അവനെ സ്തംഭത്തിലേറ്റ്! അവനെ സ്തംഭത്തിലേറ്റ്!” എന്ന് ആർത്തുവിളിക്കുകയാണ് പുരോഹിതന്മാർ. യേശുവിന്റെ മരണം കാത്തുനിൽക്കുന്ന ജനങ്ങളും പറയുന്നു, “ഇവൻ മരിക്കണം.”—യോഹന്നാൻ 19:1-7.
3 പരാതിയേതുമില്ലാതെ, പ്രശാന്തത കൈവിടാതെ, ധൈര്യസമേതം യേശു എല്ലാ കഷ്ടങ്ങളും പരിഹാസങ്ങളും സഹിക്കുന്നു.a മരിക്കാൻ യേശു മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യേശു വേദനാകരമായ ഒരു മരണം ഏറ്റുവാങ്ങുന്നു.—യോഹന്നാൻ 19:17, 18, 30.
4 സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ട് തന്റെ അനുയായികളോട് യഥാർഥസ്നേഹമുണ്ടെന്ന് യേശു തെളിയിച്ചു. “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല,” യേശു പറഞ്ഞു. (യോഹന്നാൻ 15:13) ഇത് ചില സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നു. യേശു ഈ കഷ്ടങ്ങളെല്ലാം സഹിച്ച് മരിക്കേണ്ടത് ആവശ്യമായിരുന്നോ? എന്തുകൊണ്ടാണ് യേശു അതിനു തയ്യാറായത്? യേശുവിന്റെ ‘സ്നേഹിതരും’ അനുഗാമികളുമായ നമുക്ക് ഇക്കാര്യത്തിൽ എങ്ങനെ യേശുവിനെ അനുകരിക്കാം?
യേശു കഷ്ടം സഹിച്ച് മരിക്കണമായിരുന്നോ?
5. തനിക്ക് നേരിടാനിരുന്ന കഷ്ടങ്ങളെക്കുറിച്ച് യേശു മനസ്സിലാക്കിയത് എങ്ങനെ?
5 തനിക്ക് എന്തെല്ലാം സഹിക്കേണ്ടിവരുമെന്ന് വാഗ്ദത്തമിശിഹയായ യേശുവിന് അറിയാമായിരുന്നു. മിശിഹയുടെ കഷ്ടങ്ങളെയും മരണത്തെയും കുറിച്ച് വിശദമാക്കുന്ന അനേകം പ്രവചനങ്ങൾ എബ്രായ തിരുവെഴുത്തുകളിൽ ഉണ്ടായിരുന്നു. അതെല്ലാം യേശുവിന് പരിചിതമായിരുന്നു. (യശയ്യ 53:3-7, 12; ദാനിയേൽ 9:26) തനിക്കു നേരിടാനിരിക്കുന്ന പരിശോധനകളെക്കുറിച്ച് ഒന്നിലധികം തവണ യേശു ശിഷ്യന്മാരോടു പറഞ്ഞിട്ടുണ്ട്. (മർക്കോസ് 8:31; 9:31) അവസാനത്തെ പെസഹ ആഘോഷിക്കാൻ യരുശലേമിലേക്കു പോകുംവഴി യേശു അപ്പോസ്തലന്മാരോട് വ്യക്തമായി ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച് ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും അവനെ ചാട്ടയ്ക്ക് അടിക്കുകയും കൊല്ലുകയും ചെയ്യും.” (മർക്കോസ് 10:33, 34) ഇതൊന്നും യേശു വെറുതേ പറഞ്ഞതല്ല. നാം കണ്ടതുപോലെ, അതെല്ലാം സത്യമായി ഭവിച്ചു. ആളുകൾ യേശുവിനെ പരിഹസിച്ചു, മുഖത്ത് തുപ്പി, ചാട്ടകൊണ്ട് അടിച്ചു, അവസാനം സ്തംഭത്തിൽ തറച്ച് കൊന്നു.
6. യേശു കഷ്ടം സഹിച്ച് മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
6 പക്ഷേ യേശു കഷ്ടം സഹിച്ച് മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ടാണ്? അതിന് പ്രധാനപ്പെട്ട പല കാരണങ്ങളുണ്ട്. ഒന്നാമതായി, സഹിച്ചുനിൽക്കുന്നത് തന്റെ വിശ്വസ്തത തെളിയിക്കാനും യഹോവയുടെ പേര് പരിശുദ്ധമാക്കാനും ഉള്ള അവസരം യേശുവിന് നൽകുമായിരുന്നു. സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി മാത്രമാണ് മനുഷ്യർ ദൈവത്തെ സേവിക്കുന്നത് എന്നാണല്ലോ സാത്താൻ പറഞ്ഞത്. (ഇയ്യോബ് 2:1-5) “ദണ്ഡനസ്തംഭത്തിലെ മരണത്തോളം” വിശ്വസ്തത കാത്തുസൂക്ഷിച്ചുകൊണ്ട് സാത്താന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് യേശു തെളിയിച്ചു. (ഫിലിപ്പിയർ 2:8; സുഭാഷിതങ്ങൾ 27:11) രണ്ടാമതായി, മിശിഹ കഷ്ടം സഹിച്ച് മരിക്കുന്നത് മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരം വരുത്തുമായിരുന്നു. (യശയ്യ 53:5, 10; ദാനിയേൽ 9:24) യേശു “അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി” കൊടുത്തത് നമുക്കു ദൈവവുമായി ഒരു നല്ല ബന്ധത്തിലേക്കു വരാനുള്ള വഴിതുറന്നു. (മത്തായി 20:28) മൂന്നാമതായി, പല വിധത്തിലുള്ള കഷ്ടങ്ങൾ സഹിക്കുകവഴി യേശു ‘എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടു.’ അങ്ങനെ യേശു, ‘നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നുന്ന’ ഒരു മഹാപുരോഹിതനായിത്തീർന്നു.—എബ്രായർ 2:17, 18; 4:15.
ജീവൻ കൊടുക്കാൻ യേശു തയ്യാറായത് എന്തുകൊണ്ട്?
7. എന്തെല്ലാം ത്യജിച്ചിട്ടാണ് യേശു ഭൂമിയിൽ വന്നത്?
7 യേശു ചെയ്ത ത്യാഗം മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. സ്വന്തം വീടും കുടുംബവും വിട്ട് ഒരു അന്യനാട്ടിലേക്കു പോകേണ്ടിവരുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക. അവിടെ ചെന്നാൽ ആ നാട്ടുകാർ തന്നെ നിന്ദിക്കുകയും പരിഹസിക്കുകയും കഷ്ടപ്പെടുത്തുകയും ഒടുവിൽ കൊല്ലുകയും ചെയ്യുമെന്ന് അറിഞ്ഞാൽ ആരെങ്കിലും അങ്ങോട്ടുപോകാൻ മുതിരുമോ? ഇനി, യേശു ചെയ്തതിനെക്കുറിച്ച് ചിന്തിക്കുക. ഭൂമിയിൽ വരുന്നതിനു മുമ്പ് പിതാവിന്റെ അടുക്കൽ സ്വർഗത്തിൽ ശ്രേഷ്ഠമായ ഒരു സ്ഥാനം യേശുവിനുണ്ടായിരുന്നു. എന്നിട്ടും യേശു സ്വമനസ്സാലെ തന്റെ സ്വർഗീയഭവനം വിട്ട് മനുഷ്യനായി ഭൂമിയിൽ വന്നു. ഭൂരിപക്ഷം ആളുകളും തന്നെ സ്വീകരിക്കില്ലെന്നും അതിക്രൂരമായ നിന്ദയും കഷ്ടപ്പാടും സഹിച്ച് ഒടുവിൽ മരിക്കേണ്ടിവരുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് യേശു അതിന് തയ്യാറായത്. (ഫിലിപ്പിയർ 2:5-7) ഇത്ര വലിയൊരു ത്യാഗം ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്താണ്?
8, 9. ജീവൻ നൽകാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്താണ്?
8 എല്ലാറ്റിലുമുപരി, പിതാവിനോടുള്ള അഗാധമായ സ്നേഹമാണ് യേശുവിനു പ്രചോദനമായത്. യേശുവിന്റെ സഹനശക്തി ആ സ്നേഹത്തിന്റെ തെളിവാണ്. പിതാവിന്റെ നാമത്തെയും സത്പേരിനെയും വലിയ പ്രാധാന്യത്തോടെ കാണാൻ അത് യേശുവിനെ പ്രേരിപ്പിച്ചു. (മത്തായി 6:9; യോഹന്നാൻ 17:1-6, 26) പിതാവിന്റെ നാമത്തിനേറ്റ കളങ്കം നീങ്ങിക്കാണാൻ യേശു അതിയായി ആഗ്രഹിച്ചു. പിതാവിന്റെ മഹനീയനാമം വിശുദ്ധീകരിക്കുന്നതിൽ തന്റെ വിശ്വസ്തതയ്ക്കു പങ്കുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു. (1 ദിനവൃത്താന്തം 29:13) അതുകൊണ്ട് നീതിക്കായി കഷ്ടം സഹിക്കുന്നതിനെ ഒരു ബഹുമതിയായിട്ടാണ് യേശു കണ്ടത്.
9 സ്വന്തജീവൻ ബലിയർപ്പിക്കാൻ യേശുവിനെ പ്രേരിപ്പിച്ച മറ്റൊന്നുണ്ട്—മനുഷ്യകുലത്തോടുള്ള സ്നേഹം. ഈ സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട് അതിന്. ഭൂമിയിൽ വരുന്നതിന് വളരെക്കാലം മുമ്പുതന്നെ യേശുവിന് ‘മനുഷ്യമക്കളോട് പ്രത്യേകപ്രിയം തോന്നി’ എന്ന് ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 8:30, 31) ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ ഈ സ്നേഹം പ്രകടമായിരുന്നു. കഴിഞ്ഞ മൂന്ന് അധ്യായങ്ങളിൽ നാം കണ്ടതുപോലെ, പല വിധങ്ങളിൽ യേശു മനുഷ്യരോടുള്ള തന്റെ സ്നേഹം കാണിച്ചു. ശിഷ്യന്മാരോട് യേശുവിന് വിശേഷാൽ സ്നേഹമുണ്ടായിരുന്നു. എന്നാൽ എ.ഡി. 33 നീസാൻ 14-ന് യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ ത്യജിച്ചു! (യോഹന്നാൻ 10:11) നമ്മളോടുള്ള സ്നേഹം കാണിക്കാൻ ഇതിനെക്കാൾ മെച്ചമായ മറ്റ് എന്തു മാർഗമാണുള്ളത്? ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കേണ്ടതുണ്ടോ? തീർച്ചയായും. വാസ്തവത്തിൽ അങ്ങനെ ചെയ്യാനാണ് നമ്മളോട് കല്പിച്ചിരിക്കുന്നത്.
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെനിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം”
10, 11. (എ) യേശു അനുഗാമികൾക്ക് നൽകിയ പുതിയ കല്പന ഏത്? (ബി) അതിൽ എന്താണ് ഉൾപ്പെടുന്നത്? (സി) നാം അത് അനുസരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 മരിക്കുന്നതിന്റെ തലേരാത്രി യേശു തന്റെ അടുത്ത ശിഷ്യന്മാരോട് പറഞ്ഞതു ശ്രദ്ധിക്കുക: “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) “തമ്മിൽത്തമ്മിൽ സ്നേഹിക്കണം!” ഇതിനെ പുതിയ കല്പന എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? “സഹമനുഷ്യനെ (അല്ലെങ്കിൽ, അയൽക്കാരനെ) നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്ന് മോശയുടെ നിയമം അനുശാസിച്ചിരുന്നു. (ലേവ്യ 19:18) എന്നാൽ പുതിയ കല്പന അതിലും ശ്രേഷ്ഠമായ ഒരു സ്നേഹത്തെക്കുറിച്ചുള്ളതായിരുന്നു—മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻപോലും നൽകാൻ തയ്യാറാകുന്ന സ്നേഹം! പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യേശുതന്നെ ഇതു വ്യക്തമാക്കുകയുണ്ടായി: “ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.” (യോഹന്നാൻ 15:12, 13) “മറ്റുള്ളവരെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം എന്നല്ല, നിന്നെക്കാളധികം സ്നേഹിക്കണം” എന്നതായിരുന്നു പുതിയ കല്പനയുടെ സാരം. ഈ സ്നേഹം എന്താണെന്ന് യേശു കാണിച്ചുതന്നു, തന്റെ ജീവിതംകൊണ്ടും മരണംകൊണ്ടും.
11 നാം ഈ പുതിയ കല്പന അനുസരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? യേശുവിന്റെ വാക്കുകൾ ഓർക്കുക: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” അതെ, ആത്മത്യാഗപരമായ സ്നേഹമാണ് സത്യക്രിസ്ത്യാനികളായി നമ്മെ തിരിച്ചറിയിക്കുന്നത്. ഈ സ്നേഹത്തെ ഒരു ബാഡ്ജിനോട് ഉപമിക്കാനാകും. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ പങ്കെടുക്കുന്നവർ ബാഡ്ജ് ധരിക്കാറുണ്ടല്ലോ. അതു നോക്കിയാൽ ഒരാളുടെ പേരും സഭയും മറ്റുള്ളവർക്ക് മനസ്സിലാക്കാനാകും. പരസ്പരമുള്ള ആത്മത്യാഗപരമായ സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ബാഡ്ജുപോലെയാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമുക്കിടയിലെ സ്നേഹം മറ്റുള്ളവർക്ക് കാണാനാകണം. അതു കണ്ട്, നാം ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളാണെന്ന് അവർ തിരിച്ചറിയണം. ‘നിസ്സ്വാർഥസ്നേഹം എന്ന ഈ “ബാഡ്ജ്” എന്റെ കാര്യത്തിൽ എത്രത്തോളം പ്രകടമാണ്?’ എന്ന് നാം ഓരോരുത്തരും സ്വയം ചോദിക്കണം.
ആത്മത്യാഗസ്നേഹത്തിന്റെ അർഥം
12, 13. (എ) ആത്മത്യാഗപരമായ സ്നേഹമുണ്ടെങ്കിൽ നാം മറ്റുള്ളവർക്കുവേണ്ടി എത്രത്തോളം ത്യാഗം ചെയ്യും? (ബി) എന്താണ് ആത്മത്യാഗം?
12 ക്രിസ്തുവിന്റെ അനുഗാമികളായ നാം യേശു നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കേണ്ടതുണ്ട്. അതായത് സഹവിശ്വാസികൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ നാം തയ്യാറാകണം. നാം എത്രത്തോളം ത്യാഗം ചെയ്യേണ്ടതുണ്ട്? ബൈബിൾ അതിന് ഉത്തരം നൽകുന്നു: “യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചതിലൂടെ സ്നേഹം എന്താണെന്നു നമുക്കു മനസ്സിലായി. സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻ നമ്മളും ബാധ്യസ്ഥരാണ്.” (1 യോഹന്നാൻ 3:16) ആവശ്യമെങ്കിൽ സഹവിശ്വാസികൾക്കുവേണ്ടി മരിക്കാൻ നാം തയ്യാറാകണം, യേശു ചെയ്തതുപോലെ. ഉപദ്രവങ്ങളുണ്ടാകുമ്പോൾ നമ്മുടെ സഹോദരങ്ങളെ ഒറ്റിക്കൊടുത്ത് അവരുടെ ജീവിതം അപകടത്തിലാക്കുന്നതിനു പകരം സ്വന്തം ജീവൻ ത്യജിക്കാൻ നാം തയ്യാറാകും. വർഗീയവും വംശീയവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നമ്മുടെ സഹോദരങ്ങളുടെ വർഗമോ വംശീയപശ്ചാത്തലമോ ഗണ്യമാക്കാതെ അവരെ സംരക്ഷിക്കുന്നതിന്, വേണ്ടിവന്നാൽ നാം നമ്മുടെ ജീവൻ കൊടുക്കും. യുദ്ധങ്ങളുണ്ടാകുമ്പോൾ, സഹവിശ്വാസികൾക്കും സഹമനുഷ്യർക്കും എതിരെ ആയുധമെടുക്കുന്നതിനു പകരം ജയിൽശിക്ഷയും, മരണംപോലും, സഹിക്കാൻ നാം മനസ്സുകാണിക്കും.—യോഹന്നാൻ 17:14, 16; 1 യോഹന്നാൻ 3:10-12.
13 സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതു മാത്രമല്ല ആത്മത്യാഗസ്നേഹം കാണിക്കാനുള്ള മാർഗം. വാസ്തവത്തിൽ നമ്മിൽ പലർക്കും അങ്ങനെയൊരു ത്യാഗം ചെയ്യേണ്ട അവസ്ഥ ഉണ്ടാകാറില്ല. സഹോദരങ്ങൾക്കുവേണ്ടി മരിക്കാൻപോന്നത്ര സ്നേഹമുണ്ടെങ്കിൽ, അവരെ സഹായിക്കാനായി അതിലും ചെറിയ ത്യാഗങ്ങൾ ചെയ്യാൻ നാം തയ്യാറാകേണ്ടതല്ലേ? മറ്റുള്ളവർക്കുവേണ്ടി സ്വന്തം സുഖങ്ങൾ വേണ്ടെന്നുവെക്കുന്നതാണ് ആത്മത്യാഗം. നമുക്ക് അസൗകര്യം ഉണ്ടാകുമ്പോൾപ്പോലും മറ്റുള്ളവരുടെ ക്ഷേമത്തിന് നാം മുൻതൂക്കം കൊടുക്കുന്നു. (1 കൊരിന്ത്യർ 10:24) ഏതെല്ലാം വിധങ്ങളിൽ നമുക്ക് ഈ ആത്മത്യാഗസ്നേഹം കാണിക്കാനാകും?
സഭയിലും കുടുംബത്തിലും
14. (എ) മൂപ്പന്മാർക്ക് എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്? (ബി) നിങ്ങളുടെ സഭയെ പരിപാലിക്കാൻ കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാരെ നിങ്ങൾ എങ്ങനെയാണ് വീക്ഷിക്കുന്നത്?
14 ‘ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കാൻ’ മൂപ്പന്മാർ ഒരുപാട് ത്യാഗങ്ങൾ ചെയ്യുന്നുണ്ട്. (1 പത്രോസ് 5:2, 3) സ്വന്തകുടുംബത്തിന്റെ കാര്യം നോക്കുന്നതിനു പുറമേ നിയമനങ്ങൾ തയ്യാറാകുക, ഇടയസന്ദർശനങ്ങൾ നടത്തുക, നീതിന്യായക്കേസുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ സഭാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനുവേണ്ടി സായാഹ്നങ്ങളിലും വാരാന്തങ്ങളിലും അവർക്ക് സമയം ചെലവഴിക്കേണ്ടിവരും. സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും നടത്തിപ്പിനായി പ്രവർത്തിക്കുകയും, അതുപോലെ ആശുപത്രി ഏകോപനസമിതികൾ, രോഗീസന്ദർശന കൂട്ടങ്ങൾ എന്നിവയിൽ അംഗങ്ങളായി സേവിക്കുകയും ചെയ്യുന്ന മൂപ്പന്മാർക്ക് കൂടുതൽ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനു പുറമേ, മറ്റു ചിലർ പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗങ്ങളിൽ സ്വമേധാസേവകരായി പ്രവർത്തിക്കുന്നു. മൂപ്പന്മാരേ, ദൈവത്തിന്റെ ആടുകളെ മേയ്ക്കുന്നതിനുവേണ്ടി നിങ്ങളുടെ സമയവും ഊർജവും മറ്റും മനസ്സോടെ ചെലവഴിക്കുമ്പോൾ നിങ്ങൾ ആത്മത്യാഗസ്നേഹം കാണിക്കുകയാണ്. (2 കൊരിന്ത്യർ 12:15) നിങ്ങളുടെ നിസ്സ്വാർഥസ്നേഹം യഹോവ മാത്രമല്ല സഭയും വളരെയേറെ വിലമതിക്കുന്നു.—ഫിലിപ്പിയർ 2:29; എബ്രായർ 6:10.
15. (എ) മൂപ്പന്മാരുടെ ഭാര്യമാർ ചെയ്യുന്ന ചില ത്യാഗങ്ങൾ എന്തെല്ലാം? (ബി) മൂപ്പന്മാരെ പിന്തുണയ്ക്കുന്ന ഭാര്യമാരോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്?
15 മൂപ്പന്മാരുടെ ഭാര്യമാരെ സംബന്ധിച്ചെന്ത്? തങ്ങളുടെ ഭർത്താക്കന്മാർക്ക് സഭയിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയേണ്ടതിന് അവരും ത്യാഗങ്ങൾ ചെയ്യുന്നില്ലേ? കുടുംബത്തോടൊപ്പം ചെലവഴിക്കുമായിരുന്ന സമയമായിരിക്കാം ഭർത്താവ് സഭാകാര്യങ്ങൾക്കായി നീക്കിവെക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ഭർത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും ത്യാഗമാണ് ചെയ്യുന്നത്. ഇനി, സർക്കിട്ട് മേൽവിചാരകന്മാരുടെ ഭാര്യമാരെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. ഭർത്താവിനോടൊപ്പം, സഭകളിൽനിന്ന് സഭകളിലേക്കും സർക്കിട്ടിൽനിന്ന് സർക്കിട്ടിലേക്കും പോകുന്ന അവർ എന്തുമാത്രം ത്യാഗമാണ് ചെയ്യുന്നത്. സ്വന്തമായി ഒരു വീടുപോലും വേണ്ടെന്നുവെച്ചിരിക്കുന്ന അവർക്ക് മിക്കപ്പോഴും ഓരോ ആഴ്ചയും പലയിടങ്ങളിൽ അന്തിയുറങ്ങേണ്ടിവരുന്നു. സ്വന്തം താത്പര്യങ്ങൾക്കുപരി സഭയുടെ ക്ഷേമത്തിനു മുൻതൂക്കം കൊടുക്കുന്ന ഈ ഭാര്യമാർ അവരുടെ നിസ്സ്വാർഥസ്നേഹത്തിന് അഭിനന്ദനം അർഹിക്കുന്നു.—ഫിലിപ്പിയർ 2:3, 4.
16. ക്രിസ്തീയമാതാപിതാക്കൾ മക്കൾക്കുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു?
16 കുടുംബത്തിൽ എങ്ങനെ ആത്മത്യാഗസ്നേഹം കാണിക്കാം? മാതാപിതാക്കളേ, കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ‘യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും അവരെ വളർത്തിക്കൊണ്ടുവരാനും’ നിങ്ങൾ പല ത്യാഗങ്ങളും ചെയ്യുന്നുണ്ട്. (എഫെസ്യർ 6:4) ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിങ്ങനെ കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് മണിക്കൂറുകളോളം നിങ്ങൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നുണ്ടാകും. കുട്ടികളുടെ കാര്യങ്ങൾ നടത്താനായി സ്വന്തം സുഖങ്ങൾ വേണ്ടെന്നുവെക്കാൻ നിങ്ങൾ തയ്യാറാകും. കുട്ടികളെ പഠിപ്പിക്കാനും യോഗങ്ങൾക്കു കൊണ്ടുപോകാനും വയൽസേവനത്തിൽ അവരോടൊപ്പം പ്രവർത്തിക്കാനും നിങ്ങൾ വളരെ ശ്രമം ചെയ്യുന്നുണ്ടാകും. (ആവർത്തനം 6:6, 7) നിങ്ങളുടെ ആത്മത്യാഗസ്നേഹം കുടുംബത്തിന്റെ കാരണഭൂതനായ യഹോവയെ പ്രീതിപ്പെടുത്തുമെന്നു മാത്രമല്ല നിങ്ങളുടെ കുട്ടികൾക്ക് നിത്യജീവനിലേക്കുള്ള വഴി തുറക്കുകയും ചെയ്തേക്കാം.—സുഭാഷിതങ്ങൾ 22:6; എഫെസ്യർ 3:14, 15.
17. യേശുവിന്റെ നിസ്സ്വാർഥമനോഭാവം ഭർത്താക്കന്മാർക്ക് എങ്ങനെ അനുകരിക്കാനാകും?
17 ഭർത്താക്കന്മാരേ, ആത്മത്യാഗസ്നേഹം കാണിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ യേശുവിനെ അനുകരിക്കാനാകും? ദൈവവചനം പറയുന്നതു ശ്രദ്ധിക്കുക: “സഭയെ സ്നേഹിച്ച് സഭയ്ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത ക്രിസ്തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്നേഹിക്കുക.” (എഫെസ്യർ 5:25-27) നാം കണ്ടതുപോലെ, തന്റെ ശിഷ്യന്മാർക്കുവേണ്ടി മരിക്കാൻപോലും യേശു തയ്യാറായി. അത്രയ്ക്കു സ്നേഹമുണ്ടായിരുന്നു യേശുവിന് അവരോട്. യേശു “തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല.” (റോമർ 15:3) ക്രിസ്തീയഭർത്താക്കന്മാരും ആ നിസ്സ്വാർഥമനോഭാവം അനുകരിക്കുന്നു. അങ്ങനെ ചെയ്യുന്ന ഭർത്താക്കന്മാർ ഭാര്യയുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും തന്റേതിനെക്കാൾ മുൻതൂക്കം കൊടുക്കും. തനിക്ക് ഇഷ്ടമുള്ള വിധത്തിൽ കാര്യങ്ങൾ നടക്കണമെന്ന് അദ്ദേഹം ശാഠ്യംപിടിക്കില്ല. തിരുവെഴുത്തുലംഘനമൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഭാര്യയുടെ ഇഷ്ടം കണക്കിലെടുക്കാൻ അദ്ദേഹം മനസ്സുകാണിക്കും. ആത്മത്യാഗസ്നേഹമുള്ള ഒരു ഭർത്താവിന് യഹോവയുടെ അംഗീകാരം ലഭിക്കും. അദ്ദേഹം ഭാര്യയുടെയും കുട്ടികളുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റും.
നിങ്ങളുടെ തീരുമാനം എന്താണ്?
18. തമ്മിൽത്തമ്മിൽ സ്നേഹിക്കാനുള്ള പുതിയ കല്പന അനുസരിക്കാൻ നമ്മെ എന്തു പ്രചോദിപ്പിക്കുന്നു?
18 തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന പുതിയ കല്പന അനുസരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ അങ്ങനെ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നുണ്ട്. പൗലോസ് എഴുതി: “ക്രിസ്തുവിന്റെ സ്നേഹമാണു ഞങ്ങളെ നിർബന്ധിക്കുന്നത്. കാരണം ഒരു മനുഷ്യൻ എല്ലാവർക്കുംവേണ്ടി മരിച്ചെന്നു ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. . . . ക്രിസ്തു എല്ലാവർക്കുംവേണ്ടി മരിച്ചതുകൊണ്ട് ജീവിക്കുന്നവർ ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.” (2 കൊരിന്ത്യർ 5:14, 15) നമുക്കുവേണ്ടിയാണ് യേശു മരിച്ചതെന്നിരിക്കെ, നാം യേശുവിനുവേണ്ടി ജീവിക്കേണ്ടതല്ലേ? യേശുവിന്റെ ആത്മത്യാഗസ്നേഹം അനുകരിച്ചുകൊണ്ട് നമുക്ക് അതു ചെയ്യാനാകും.
19, 20. (എ) യഹോവ നമുക്ക് വിലപ്പെട്ട എന്തു ദാനമാണ് നൽകിയിരിക്കുന്നത്? (ബി) നാം അത് സ്വീകരിക്കുന്നു എന്ന് എങ്ങനെ തെളിയിക്കാം?
19 “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല” എന്ന വാക്കുകളിൽ തെല്ലും അതിശയോക്തിയില്ല. (യോഹന്നാൻ 15:13) നമുക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻ യേശു തയ്യാറായത് യേശുവിന് നമ്മോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവാണ്. എന്നാൽ അതിനെക്കാൾ വലിയ സ്നേഹം കാണിച്ച ഒരാളുണ്ട്. യേശു അതിനെക്കുറിച്ച് പറയുകയുണ്ടായി: “തന്റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്നേഹം.” (യോഹന്നാൻ 3:16) നമ്മളോട് എത്രത്തോളം സ്നേഹമുണ്ടായിട്ടാണ് സ്വന്തം പുത്രനെ മോചനവിലയായി നൽകാൻ ദൈവം തയ്യാറായത്! പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ മോചിപ്പിക്കാൻ അത് അവസരമൊരുക്കി. (എഫെസ്യർ 1:7) യഹോവയിൽനിന്നുള്ള വിലപ്പെട്ട ഒരു ദാനമാണ് മോചനവില. പക്ഷേ അതു സ്വീകരിക്കാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല.
20 അതു സ്വീകരിക്കണമോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. അതു സ്വീകരിക്കാൻ നാം എന്തു ചെയ്യണം? പുത്രനിൽ ‘വിശ്വസിക്കണം.’ വിശ്വാസമുണ്ടെന്ന് വെറുതേ പറഞ്ഞാൽ പോരാ; പ്രവൃത്തികളിലൂടെ അതു തെളിയിക്കണം, അതിനു ചേർച്ചയിൽ ജീവിക്കണം. (യാക്കോബ് 2:26) ഓരോ ദിവസവും ക്രിസ്തുവിനെ അനുഗമിക്കുമ്പോൾ ക്രിസ്തുവിൽ വിശ്വാസമുണ്ടെന്നു തെളിയിക്കുകയാണ് നാം. അത് ഇന്നും എന്നും നമുക്ക് അനുഗ്രഹങ്ങൾ കൈവരുത്തും. ഈ പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തിൽ നാം അതാണ് പഠിക്കാൻ പോകുന്നത്.
a ആ ദിവസംതന്നെ മതനേതാക്കന്മാരും പിന്നീട് റോമൻപടയാളികളും യേശുവിന്റെ മുഖത്ത് തുപ്പി എന്ന് വിവരണം പറയുന്നു. (മത്തായി 26:59-68; 27:27-30) പരാതിയില്ലാതെ ഈ അപമാനവും യേശു സഹിച്ചു. അങ്ങനെ, “എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല” എന്ന പ്രവചനം യേശു നിവർത്തിച്ചു.—യശയ്യ 50:6.