ലോകത്തെ വീക്ഷിക്കൽ
◼ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം മുഴുവനായി 43 ഭാഷകളിലും 3 ബ്രെയിൽ ലിപികളിലും (അന്ധലിപി) ലഭ്യമാണ്; ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം വേറെ 18 ഭാഷകളിലും 1 ബ്രെയിൽ ലിപിയിലും ലഭ്യമാണ്. 2007 ജൂലൈ ആയപ്പോഴേക്കും അതിന്റെ മൊത്തം അച്ചടി 14,34,58,577 പ്രതികളായിരുന്നു.
◼ ‘പൗരോഹിത്യ അനുഗ്രഹം’ എന്നറിയപ്പെടുന്ന സംഖ്യാപുസ്‌തകം 6:24-26 വരെയുള്ള ഭാഗമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കംചെന്ന ബൈബിൾ ഭാഗം. ചുരുൾപോലെ ചുരുട്ടിവെച്ചിരുന്ന രണ്ടു വെള്ളി പട്ടയിലാണ് ഇത് ആലേഖനം ചെയ്‌തിരുന്നത്. അതിന്റെ കാലപ്പഴക്കം നോക്കിയാൽ പൊതുയുഗത്തിനുമുമ്പ് ഏഴാം നൂറ്റാണ്ടിന്റെ ഒടുവിലോ ആറാം നൂറ്റാണ്ടിന്റെ ആദ്യമോ ചെന്നെത്തും.—ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ, യു.എസ്.എ.
◼ 2006 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് ബൈബിളിലെ ഒരു പുസ്‌തകമെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഭാഷകളുടെയോ ഭാഷാഭേദങ്ങളുടെയോ എണ്ണം 2,426 ആയിരുന്നു—കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 എണ്ണത്തിന്റെ വർധന.—യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ്, ബ്രിട്ടൻ.
◼ അമേരിക്കക്കാരിൽ ഏതാണ്ട് 28 ശതമാനം ബൈബിളിനെ വീക്ഷിക്കുന്നത് “അക്ഷരാർഥത്തിൽ എടുക്കേണ്ട . . . ദൈവത്തിന്റെ യഥാർഥ വചന”മായിട്ടാണ്. 49 ശതമാനം, ബൈബിൾ “ദൈവത്താൽ നിശ്വസ്‌തമാക്കപ്പെട്ട വചനമാണെങ്കിലും അതിലുള്ളതെല്ലാം അക്ഷരാർഥത്തിൽ എടുക്കേണ്ടതില്ല” എന്ന് കരുതുന്നു; 19 ശതമാനമാകട്ടെ “കെട്ടുകഥകളുടെ പുസ്‌തകം” ആയിട്ടാണ് ബൈബിളിനെ കാണുന്നത്.—ഗാലപ്പ് ന്യൂസ് സർവീസ്, യു.എസ്.എ.
ഏറ്റവും പഴക്കമുള്ള ചൈനീസ് ബൈബിളോ?
“എബ്രായ ബൈബിളിന്റെ ചൈനീസ് ഭാഷാന്തരത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖ, പൊതുയുഗം 781-ലെ ഒരു ലേഖശിലയിൽ [ഇടതുവശത്ത്] കാണാം,” പീക്കിങ് സർവകലാശാലയിലെ പണ്ഡിതനായ യീയീ ചെൻ പറയുന്നു. നെസ്‌തോറിയൻ ക്രിസ്‌ത്യാനികൾ ഷിയാൻ നഗരത്തിൽ നാട്ടിയ ആ ശിലയെക്കുറിച്ച് 1625-ലാണു ലോകം അറിഞ്ഞത്. “ലേഖശിലയുടെ ചൈനീസ് പേരിന്റെ ഔപചാരിക പരിഭാഷ ‘ഡാച്ചിനിൽനിന്നുള്ള (. . . ഡാച്ചിൻ എന്ന ചൈനീസ് പദം റോമൻ സാമ്രാജ്യത്തെ കുറിക്കുന്നു) തേജോമയമായ മതം ചൈനയിൽ പ്രചരിച്ചതിന്റെ സ്‌മാരകം’ എന്നാണ്. ലേഖശിലയിലെ അക്ഷരങ്ങൾക്കിടയിൽ, ‘യഥാർഥ കാനോൻ,’ ‘ബൈബിൾ പരിഭാഷപ്പെടുത്തുന്നു’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം” എന്ന് ചെൻ തുടർന്നു വിശദീകരിക്കുന്നു.
[30-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Réunion des Musées Nationaux/Art Resource
ചതുപ്പിൽ ഒരു നിധി
അയർലൻഡിൽ, സസ്യാവശിഷ്ടങ്ങൾ നിറഞ്ഞ ഒരു ചതുപ്പുനിലം കുഴിച്ചുകൊണ്ടിരുന്ന ജോലിക്കാർ പൊതുയുഗം എട്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു സങ്കീർത്തന പുസ്‌തകം 2006-ൽ കണ്ടെടുത്തു. ആ ലത്തീൻ കയ്യെഴുത്തുപ്രതി, അത്രയും പഴക്കമുള്ള ഏതാനും കയ്യെഴുത്തുപ്രതികളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ അതൊരു നിധിയായി വിശേഷിപ്പിക്കപ്പെടുന്നു. ആദിമ ബയന്റിങ്ങോടുകൂടിയ 100-ഓ അതിലധികമോ വരുന്ന ആ ചർമപത്ര താളുകൾ ഉന്നത ഗുണമേന്മയുള്ളതാണ്. ലണ്ടനിലെ ദ ടൈംസ് ഇങ്ങനെ പറയുന്നു: “മറയ്‌ക്കാൻ ഉപയോഗിക്കാവുന്ന പായയുടെയും തുകൽ സഞ്ചിയുടെയും അവശിഷ്ടങ്ങളുടെ സാന്നിധ്യം, 1,200 വർഷംമുമ്പ് കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കാനോ മറ്റോ ആ സങ്കീർത്തന പുസ്‌തകം മനപ്പൂർവം മറച്ചതാവാമെന്നു സൂചിപ്പിക്കുന്നു.” അതിന്റെ താളുകൾ ഒട്ടിപ്പിടിച്ചും ഭാഗികമായി ജീർണിച്ചുമാണിരിക്കുന്നതെങ്കിലും, അതെല്ലാം വേർപെടുത്തി സംരക്ഷിക്കാനാവുമെന്നു വിദഗ്‌ധർക്ക് ഉറപ്പുണ്ട്.
ലോഡുകണക്കിനു ചരിത്രം
യെരൂശലേമിലെ ദേവാലയപ്രദേശത്തെ ലോഡുകണക്കിനു മണ്ണ് അരിച്ചെടുത്ത പുരാവസ്‌തുശാസ്‌ത്രജ്ഞർ ഇസ്രായേല്യർക്കു മുമ്പുള്ള കാലം തൊട്ട് ആധുനിക കാലംവരെ പഴക്കമുള്ള ആയിരക്കണക്കിനു വസ്‌തുക്കൾ കണ്ടെടുത്തിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യഹൂദന്മാരുടെ ആദ്യത്തെ ദേവാലയം നശിപ്പിച്ച നെബൂഖദ്‌നേസർ രാജാവിന്റെ സൈന്യം ഉപയോഗിച്ചിരുന്നതരം അമ്പിന്റെ മുനയാണ് അവയിലൊന്ന്. പൊതുയുഗത്തിനു മുമ്പ് ഏഴോ ആറോ നൂറ്റാണ്ടുവരെ പഴക്കമുള്ള ഒരു കളിമൺ അച്ചാണ് അവയിൽ ഏറ്റവും ശ്രദ്ധേയം. അതിൽ ‘ഗദാല്യാഹൂ ബെൻ എമർ ഹാ-കൊഹെൻ’ എന്ന എബ്രായ പേർ ഉണ്ടെന്നു പറയപ്പെടുന്നു. പുരാവസ്‌തുശാസ്‌ത്രജ്ഞനായ ഗബ്രീൽ ബാർക്കീയുടെ അഭിപ്രായപ്രകാരം, അതിന്റെ ഉടമസ്ഥൻ “പുരോഹിതനും ആലയവിചാരകനുമായി ബൈബിൾ [യിരെമ്യാവു 20:1] വിശേഷിപ്പിക്കുന്ന, പാശൂർ ബെൻ ഇമ്മറിന്റെ സഹോദരൻ ആയിരുന്നിരിക്കാം.”