-
അവൾ ദൈവജനത്തിന് തുണ നിന്നുഅവരുടെ വിശ്വാസം അനുകരിക്കുക
-
-
അധ്യായം പതിനഞ്ച്
അവൾ ദൈവജനത്തിന് തുണ നിന്നു
1-3. (എ) ഭർത്താവിനെ കാണാൻ പോകുകയെന്ന ചിന്തതന്നെ എസ്ഥേരിനെ ഭയപ്പെടുത്തിയിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) എസ്ഥേരിനെ സംബന്ധിച്ച് ഏതെല്ലാം ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
എസ്ഥേർ നടക്കുകയാണ്. അവളുടെ നെഞ്ചിടിപ്പ് കൂടി. ഉള്ളിലെ ആധിയും പരിഭ്രമവും അടക്കാൻ അവൾ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ, പറ്റുന്നില്ല. അവൾ നടന്നടുക്കുന്നത് ശൂശൻ രാജധാനിയുടെ അങ്കണത്തിലേക്കാണ്. കാണുന്നവരിൽ വിസ്മയവും അമ്പരപ്പും ഒരുപോലെ നിറയ്ക്കുന്ന നിർമിതിയാണ് ആ കൊട്ടാരം. ചുവരുകളിൽ വൈവിധ്യമാർന്ന ബഹുവർണ കൊത്തുരൂപങ്ങൾ! ചിറകുള്ള കാളകൾ, വില്ലാളിവീരന്മാർ, ഇഷ്ടികഭിത്തിയിൽ കൊത്തുപണി ചെയ്ത് മിനുക്കിയെടുത്ത മിഴിവാർന്ന സിംഹരൂപങ്ങൾ, അങ്ങനെയെന്തെല്ലാം! ചിത്രപ്പണി ചെയ്ത കൂറ്റൻ കരിങ്കൽ സ്തംഭങ്ങളും ശില്പകലയുടെ അഴകത്രയും വിളങ്ങിനിൽക്കുന്ന ശിലാരൂപങ്ങളും കൊണ്ട് പ്രൗഢമായ അരമന! മഞ്ഞുതൊപ്പിയണിഞ്ഞ സാഗ്രോസ് പർവതനിരയുടെ അരികുപറ്റി കെട്ടിയുയർത്തിയ വിശാലമായ സമനിരപ്പിൽ വിലസുകയാണ് ഈ കൊട്ടാരം. കോസ്പസ് നദിയിലെ തെളിനീരിൽ മുഖം നോക്കിനിൽക്കുന്ന രാജധാനി! ‘മഹാനായ ചക്രവർത്തി’ എന്നു സ്വയം വിശേഷിപ്പിച്ച ആളുടെ വസതിയാണ് ഇത്! തന്റെ അപാരമായ അധികാരവും പ്രതാപവും അവിടെയെത്തുന്ന ഓരോ സന്ദർശകനെയും ബോധ്യപ്പെടുത്താനായി പണിതുയർത്തിയതാണ് ഇതത്രയും! എസ്ഥേർ കാണാൻ വന്നിരിക്കുന്നത് അദ്ദേഹത്തെയാണ്, അഹശ്വേരോശിനെ! അദ്ദേഹം മറ്റാരുമല്ല, അവളുടെ ഭർത്താവാണ്!
2 ഭർത്താവോ! അതെങ്ങനെ? ദൈവഭക്തയായ ഒരു യഹൂദപെൺകുട്ടിക്ക് അഹശ്വേരോശിനെപ്പോലെ ഒരാളെ ഭർത്താവായി സങ്കല്പിക്കാനേ കഴിയില്ല!a ദൈവദാസനായിരുന്ന അബ്രാഹാമിനെപ്പോലെയൊന്നുമല്ല അദ്ദേഹം. അങ്ങനെയുള്ളവരെ മാതൃകയാക്കാൻ അദ്ദേഹം കൂട്ടാക്കുകയുമില്ല. തന്റെ ഭാര്യയായ സാറായുടെ വാക്ക് കേൾക്കാൻ ദൈവം പറഞ്ഞപ്പോൾ താഴ്മയോടെ അനുസരിച്ച ഭർത്താവായിരുന്നു അബ്രാഹാം. (ഉല്പ. 21:12) എസ്ഥേരിന്റെ ദൈവമായ യഹോവയെക്കുറിച്ചോ അവന്റെ ശ്രേഷ്ഠമായ ന്യായപ്രമാണസംഹിതയെക്കുറിച്ചോ ഈ രാജാവിന് ഒന്നുംതന്നെ അറിയില്ലായിരുന്നു. അഹശ്വേരോശിന് അറിയാവുന്നത് പേർഷ്യൻ നിയമസംഹിതയാണ്. എസ്ഥേർ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ആ നിയമസംഹിതയ്ക്ക് വിരുദ്ധമാണ്. എന്താണ് അത്? പേർഷ്യൻ നിയമപ്രകാരം, ചക്രവർത്തി വിളിച്ചിട്ടല്ലാതെ ആരെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ ചെന്നാൽ അയാൾക്ക് മരണശിക്ഷയാണ് ലഭിക്കുക! എസ്ഥേരിന് ഇപ്പോൾ രാജാവിന്റെ ക്ഷണം ലഭിച്ചിട്ടില്ല. എന്നിട്ടും അവൾ രാജസന്നിധിയിലേക്ക് പോകുകയാണ്. അവൾ അകത്തളത്തിലേക്ക് നടന്നടുത്തു. ഇപ്പോൾ രാജാവിന് സിംഹാസനത്തിലിരുന്നാൽ അവളെ കാണാം. മരണത്തിലേക്കാണ് താൻ ചുവടുകൾ വെക്കുന്നതെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകും.—എസ്ഥേർ 4:11; 5:1 വായിക്കുക.
3 ഈ പെൺകുട്ടി അറിഞ്ഞുകൊണ്ട് എന്തിനാണ് ആപത്തിൽ ചാടാൻ നോക്കുന്നത്? ഇവളുടെ ശ്രദ്ധേയമായ വിശ്വാസത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ആദ്യം നമുക്ക് എസ്ഥേർ, പേർഷ്യയുടെ രാജ്ഞി എന്ന അസാധാരണപദവിയിൽ എത്താൻ ഇടയായത് എങ്ങനെയാണെന്ന് നോക്കാം.
എസ്ഥേരിന്റെ പശ്ചാത്തലം
4. എസ്ഥേരിന്റെ പശ്ചാത്തലം എന്തായിരുന്നു, അവൾ തന്റെ ബന്ധുവായ മൊർദെഖായിയുടെ വീട്ടിൽ വളരാൻ ഇടയായത് എങ്ങനെ?
4 ഒരു അനാഥബാലികയായിരുന്നു എസ്ഥേർ. അവളുടെ അച്ഛനമ്മമാർ അവൾക്ക് ഹദസ്സ എന്നു പേരിട്ടിരുന്നു. ഹദസ്സ എന്നത് വെളുത്ത പൂക്കളുള്ള ഒരിനം സുഗന്ധച്ചെടിയെ കുറിക്കാനുള്ള എബ്രായപദമാണ്. അവളുടെ അച്ഛനമ്മമാരെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. അവർ മരിച്ചപ്പോൾ അവളുടെ ബന്ധുവായ മൊർദെഖായി അവളെ ദത്തെടുത്തു. വളരെ മനസ്സലിവുള്ള മനുഷ്യനായിരുന്നു അദ്ദേഹം. അവന്റെ ചിറ്റപ്പന്റെ മകളായിരുന്നു എസ്ഥേർ. എന്നാൽ മൊർദെഖായിക്ക് അവളെക്കാൾ വളരെ പ്രായമുണ്ടായിരുന്നു. അവൻ എസ്ഥേരിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സ്വന്തം മകളെപ്പോലെ വളർത്തി.—എസ്ഥേ. 2:5-7, 15.
മൊർദെഖായിക്ക് തന്റെ വളർത്തുമകളെക്കുറിച്ച് എന്നും അഭിമാനമായിരുന്നു
5, 6. (എ) മൊർദെഖായി എസ്ഥേരിനെ വളർത്തിയത് എങ്ങനെ? (ബി) ശൂശനിലെ അവരുടെ ജീവിതം എങ്ങനെയായിരുന്നു?
5 മൊർദെഖായിയും എസ്ഥേരും പേർഷ്യയുടെ തലസ്ഥാനനഗരിയിൽ യഹൂദപ്രവാസികളായി കഴിയുകയായിരുന്നു. തങ്ങളുടെ മതത്തിന്റെയും ന്യായപ്രമാണത്തിന്റെയും പേരിൽ അവർക്ക് കുറച്ചൊക്കെ മുൻവിധിയും അവഗണനയും സഹിക്കേണ്ടിവന്നിരിക്കാം. എന്നാൽ മൊർദെഖായി തന്റെ ഈ മകളെ യഹോവയെക്കുറിച്ച് പഠിപ്പിച്ചിരുന്നതുകൊണ്ട് അവർ തമ്മിലുള്ള സ്നേഹബന്ധം ഏറിവന്നു. യഹോവ കരുണാമയനായ ദൈവമാണെന്നും മുൻകാലങ്ങളിൽ തന്റെ ജനം കുഴപ്പത്തിലായ സമയങ്ങളിലെല്ലാം അവരെ രക്ഷിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യുമെന്നും അവൻ അവൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. (ലേവ്യ. 26:44, 45) സ്നേഹവാത്സല്യങ്ങളും വിശ്വാസവും അടുപ്പവും ആദരവും എല്ലാം ഉൾച്ചേർന്ന ഒരു ബന്ധമായിരുന്നു അവരുടേത്.
6 മൊർദെഖായി ശൂശൻ രാജധാനിയിൽ ഏതോ ഒരു ഉദ്യോഗം വഹിച്ചിരുന്നതായി തോന്നുന്നു. അവൻ പതിവായി രാജധാനിയുടെ വാതിൽക്കൽ ഇരിക്കുന്നതായും, കൂടെ മറ്റ് രാജഭൃത്യന്മാരുള്ളതായും തിരുവെഴുത്തിൽ കാണാം. (എസ്ഥേ. 2:19, 21; 3:3) എസ്ഥേരെന്ന ബാലിക വളർന്നുവന്നപ്പോൾ സമയം ചെലവിട്ടിരുന്നത് എങ്ങനെയാണ്? ചില ഊഹങ്ങൾ നടത്താനേ നമുക്ക് കഴിയൂ. പക്ഷേ, ഒരു കാര്യം അവൾ എന്തായാലും ചെയ്തിട്ടുണ്ട്: അവൾ തന്റെ ഈ മൂത്ത ജ്യേഷ്ഠനെ നന്നായി പരിപാലിച്ചിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ ഓടിനടന്ന് ചെയ്തിട്ടുമുണ്ടാകും. രാജകൊട്ടാരത്തിന് എതിർവശത്ത് നദിക്ക് അക്കരെയുള്ള എളിയ ഭവനങ്ങളിൽ ഒന്നിലായിരിക്കാം അവർ പാർത്തിരുന്നത്. ശൂശനിലെ അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങാനൊക്കെ അവൾക്ക് ഇഷ്ടമായിരുന്നിരിക്കാം. സ്വർണപ്പണിക്കാരും വെള്ളിപ്പണിക്കാരും മറ്റു വ്യാപാരികളും ഒക്കെ പ്രദർശിപ്പിച്ചിരിക്കുന്ന വിലപിടിപ്പുള്ള ആടയാഭരണങ്ങളും മറ്റും അവൾ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടാകില്ലേ? ഈ ആഡംബരവസ്തുക്കൾ ഒരിക്കൽ തന്റെ നിത്യോപയോഗവസ്തുക്കളായി മാറുമെന്ന് അവൾ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ല! ഭാവി എന്തായിത്തീരുമെന്ന് ഈ എളിയ യഹൂദപ്പെൺകുട്ടി എങ്ങനെ അറിയാൻ!
അവൾ “രൂപവതിയും സുമുഖിയും ആയിരുന്നു”
7. വസ്ഥിയെ രാജ്ഞിസ്ഥാനത്തുനിന്ന് നീക്കിയത് എന്തുകൊണ്ട്, തുടർന്ന് എന്തുണ്ടായി?
7 അങ്ങനെയൊരു ദിവസം ശൂശനിൽ ഒരു വാർത്ത പരന്നു. എല്ലാവരും അടക്കിപ്പിടിച്ച സംസാരത്തിലാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടായിരിക്കുന്നു! സംഭവം ഇതാണ്: അഹശ്വേരോശ് രാജാവ് തന്റെ പ്രഭുക്കന്മാർക്കും കുലീനന്മാർക്കും ആയി ഒരു വലിയ വിരുന്ന് കഴിക്കുകയായിരുന്നു. വീഞ്ഞും എല്ലാത്തരം വിഭവങ്ങളും ഒരുക്കിയുള്ള ഒരു കെങ്കേമം വിരുന്ന്! അതേസമയം വസ്ഥി രാജ്ഞി തോഴിമാരും അന്തഃപുരസ്ത്രീകളും ആയി അരമനയിൽത്തന്നെ മറ്റൊരു വിരുന്ന് നടത്തുന്നുണ്ടായിരുന്നു. സുന്ദരിയായിരുന്നു വസ്ഥി രാജ്ഞി. വിശിഷ്ടാതിഥികൾക്ക് അവളെ പരിചയപ്പെടുത്താൻ രാജാവ് ആഗ്രഹിച്ചു. രാജസന്നിധിയിൽ വരാൻ അദ്ദേഹം അവൾക്ക് ആളയച്ചു. പക്ഷേ, അവൾ വരാൻ കൂട്ടാക്കിയില്ല. അപമാനിതനായ രാജാവ് കോപംകൊണ്ട് ജ്വലിച്ചു. വസ്ഥിക്ക് ഏത് ശിക്ഷ വിധിക്കണമെന്ന് അദ്ദേഹം ഉപദേശകരോട് ആരാഞ്ഞു. വസ്ഥിയെ രാജ്ഞിപദത്തിൽനിന്ന് നീക്കം ചെയ്യാനും അവൾക്കു പകരം മറ്റൊരാളെ രാജ്ഞിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനും അവർ ഉപദേശിച്ചു. അത് രാജാവിന് സമ്മതമായി. രാജസേവകന്മാർ നാടെങ്ങും നടന്ന് സുന്ദരികളായ കന്യകമാരെ തിരയാൻ തുടങ്ങി. അവരിൽനിന്ന് രാജാവിന് ബോധിച്ച ഒരാളെ പുതിയ രാജ്ഞിയായി തിരഞ്ഞെടുക്കും.—എസ്ഥേ. 1:1–2:4.
8. (എ) എസ്ഥേർ വളർന്നുവന്നപ്പോൾ മൊർദെഖായിക്ക് അവളെപ്പറ്റി കുറച്ചൊരു ഉത്കണ്ഠ തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (ബി) ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള ബൈബിളിന്റെ സമനിലയുള്ള വീക്ഷണം എങ്ങനെ പിൻപറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? (സദൃശവാക്യങ്ങൾ 31:30-ഉം കാണുക.)
8 തന്റെ കുഞ്ഞുപെങ്ങളെ വാത്സല്യത്തോടെ നോക്കിനിൽക്കുന്ന മൊർദെഖായിയെ നിങ്ങൾക്ക് കാണാനാകുന്നില്ലേ? വർഷങ്ങൾ കടന്നുപോയി. അവൾ വളർന്ന് അതിസുന്ദരിയായ ഒരു പെൺകിടാവായി. “യുവതി രൂപവതിയും സുമുഖിയും ആയിരുന്നു” എന്നാണ് വിവരണത്തിൽ നമ്മൾ വായിക്കുന്നത്. (എസ്ഥേ. 2:7) മൊർദെഖായിക്ക് അവളെ ഓർത്ത് അഭിമാനം തോന്നി. ഒപ്പം ഒരു അച്ഛന്റെ സഹജമായ ആശങ്കയും ആ മനസ്സിൽ കൂടുകെട്ടുന്നുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ച് സമനിലയുള്ള കാഴ്ചപ്പാടാണ് ബൈബിളിന്റേത്. അഴകും സൗന്ദര്യവും ആരെയും ആകർഷിക്കും. പക്ഷേ അതോടൊപ്പം വിവേകവും വിനയവും ഉണ്ടായിരിക്കണമെന്നു മാത്രം. അല്ലാത്തപക്ഷം പൊങ്ങച്ചം, ദുരഭിമാനം തുടങ്ങി മറ്റ് പല ദുർഗുണങ്ങളും ഹൃദയത്തിൽ ഇടംപിടിക്കും. (സദൃശവാക്യങ്ങൾ 11:22 വായിക്കുക.) ഇത് ശരിയാണെന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടില്ലേ? എസ്ഥേരിന്റെ സൗന്ദര്യം അവൾക്ക് നന്മയായി ഭവിക്കുമോ അതോ വിനയാകുമോ? അത് ഉടൻതന്നെ തെളിയാൻ പോകുകയായിരുന്നു.
9. (എ) എസ്ഥേരിനെ കാണാനിടയായ രാജസേവകന്മാർ എന്തു ചെയ്തു, മൊർദെഖായിയെ പിരിഞ്ഞത് അവൾക്ക് സങ്കടമായിരുന്നോ, എന്തുകൊണ്ട്? (ബി) വിജാതീയനായ ഒരാളെ വിവാഹം കഴിക്കാൻ മൊർദെഖായി സമ്മതിച്ചത് എന്തുകൊണ്ട്? (ചതുരവും കാണുക.)
9 എസ്ഥേരിനെ കണ്ട രാജഭൃത്യന്മാർക്ക് അവളെ ബോധിച്ചു. കൊട്ടാരത്തിലേക്കുള്ള മറ്റ് കന്യകമാരുടെ കൂടെ അവർ അവളെയും കൂട്ടി. അവളെ ഇപ്പോൾ മൊർദെഖായിയുടെ ചിറകിൻകീഴിൽനിന്ന് നദിക്ക് അക്കരെയുള്ള ആ വലിയ കൊട്ടാരക്കെട്ടിലേക്ക് കൊണ്ടുപോകുകയാണ്. (എസ്ഥേ. 2:8) ഈ വേർപാട് രണ്ടുപേർക്കും ഒരുപോലെ സങ്കടമുണ്ടാക്കിക്കാണും. കാരണം അച്ഛനും മകളും പോലെയായിരുന്നു അവർ! തന്റെ വളർത്തുമകളെ അവിശ്വാസിയായ ഒരാൾ വിവാഹം കഴിക്കാൻ മൊർദെഖായി ഏതായാലും ആഗ്രഹിക്കില്ല, അത് രാജാവായാൽപോലും! പക്ഷേ, ഇവിടെ അവൻ നിസ്സഹായനായിരുന്നു.b കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് മൊർദെഖായി അവൾക്ക് പല ഉപദേശങ്ങളും കൊടുത്തിട്ടുണ്ടാകില്ലേ? അതെല്ലാം അവൾ ഒന്നും വിടാതെ മനസ്സിൽ സൂക്ഷിച്ചിട്ടുമുണ്ടാകും! ശൂശൻ രാജധാനിയിലേക്കുള്ള യാത്രയ്ക്കിടെ അവളുടെ മനസ്സിലേക്ക് നൂറായിരം ചോദ്യങ്ങൾ വന്നുകയറി. എങ്ങനെയുള്ള ഒരു ജീവിതത്തിലേക്കാണ് ഈ യാത്ര?
‘അവൾ എല്ലാവരുടെയും പ്രീതി നേടി’
10, 11. (എ) പുതിയ ചുറ്റുപാടുകൾ അവളെ എളുപ്പത്തിൽ സ്വാധീനിക്കാമായിരുന്നത് എങ്ങനെയെല്ലാം? (ബി) എസ്ഥേരിന്റെ ക്ഷേമത്തിലുള്ള താത്പര്യം മൊർദെഖായി കാണിച്ചത് എങ്ങനെ?
10 എസ്ഥേർ ഒരു അത്ഭുതലോകത്തിലെത്തി! ഇതുവരെ കാണാത്ത കാഴ്ചകൾ! പുത്തൻ അനുഭവങ്ങൾ! വിചിത്രമായ ചുറ്റുപാടുകൾ! പേർഷ്യൻ സാമ്രാജ്യത്തിലെമ്പാടുനിന്നും തിരഞ്ഞെടുത്ത് കൊണ്ടുവന്ന “അനേകം യുവതി”കളിൽ ഒരാളായിരുന്നു അവൾ. ആ യുവതികളുടെ ആചാരങ്ങൾ പലത്, ഭാഷകൾ പലത്! ഏറെ വ്യത്യസ്തമായ ചിന്തയും പെരുമാറ്റവും! അന്തഃപുരപാലകനായ ഹേഗായി എന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരുന്നു അവരെല്ലാം. അവർക്ക് ഒരു വർഷം നീളുന്ന വിപുലമായ ഒരു സൗന്ദര്യവർധക ചികിത്സ ഏർപ്പെടുത്തിയിരുന്നു. സുഗന്ധതൈലങ്ങൾകൊണ്ടുള്ള ഉഴിച്ചിലും മറ്റും ഉൾപ്പെട്ട ഒരു സൗന്ദര്യചികിത്സ. (എസ്ഥേ. 2:8, 12) എങ്ങനെയും സൗന്ദര്യം വർധിപ്പിക്കണമെന്ന ഒരേയൊരു ചിന്തയിൽ മുഴുകി ജീവിക്കുന്ന കുറേ പെൺകുട്ടികൾ! ഊണിലും ഉറക്കത്തിലും അവരിൽ പലർക്കും ഇതുമാത്രമാകാം ചിന്ത. പൊങ്ങച്ചവും അസൂയയും മത്സരവും ഒക്കെ വളർന്നുമുറ്റാൻ പറ്റിയ ചുറ്റുപാട്. എസ്ഥേർ ജീവിക്കേണ്ടത് ഇവർക്കിടയിലാണ്!
11 മൊർദെഖായിയെപ്പോലെ എസ്ഥേരിന്റെ കാര്യത്തിൽ ചിന്തയുള്ള മറ്റൊരാളും ഈ ഭൂമിയിലില്ല. അവളുടെ സുഖവർത്തമാനം അറിയാൻ എല്ലാ ദിവസവും അവൻ അന്തഃപുരത്തിന് അരികിലോളം ചെല്ലും. (എസ്ഥേ. 2:11) ഒരുപക്ഷേ, മൊർദെഖായിയെ പരിചയമുള്ള കൊട്ടാരസേവകരിൽ ആരെങ്കിലുമൊക്കെ എസ്ഥേരിനെക്കുറിച്ചുള്ള എന്തെങ്കിലും വിശേഷങ്ങൾ പറയും. അവ ഓരോന്ന് കേൾക്കുമ്പോഴും ആ ‘പിതാവിന്റെ’ മുഖം അഭിമാനംകൊണ്ട് തിളങ്ങിക്കാണില്ലേ? ആകട്ടെ, എന്തൊക്കെയാണ് എസ്ഥേരിന്റെ വിശേഷങ്ങൾ?
12, 13. (എ) കൊട്ടാരത്തിലുള്ളവർക്ക് എസ്ഥേർ എങ്ങനെയായിരുന്നു? (ബി) എസ്ഥേർ തന്റെ യഹൂദപാരമ്പര്യം വെളിപ്പെടുത്തിയില്ലെന്നു മനസ്സിലായപ്പോൾ മൊർദെഖായിക്ക് സന്തോഷം തോന്നിയത് എന്തുകൊണ്ടായിരിക്കാം?
12 അന്തഃപുരപാലകനായ ഹേഗായിക്ക് എസ്ഥേരിനോട് അത്രയ്ക്ക് ഇഷ്ടം തോന്നിയതുകൊണ്ട്, അവളോട് പ്രത്യേകപരിഗണനയും വാത്സല്യവും കാണിച്ചു. അവൾക്ക് ഏഴ് തോഴിമാരെയും അന്തഃപുരത്തിലെ ഏറ്റവും നല്ല സ്ഥലവും കൊടുത്തു. “എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും” എന്ന് ബൈബിൾ അവളെക്കുറിച്ച് പറയുന്നു. (എസ്ഥേ. 2:9, 15) അവളുടെ സൗന്ദര്യം മാത്രമാണോ അവളെ എല്ലാവർക്കും ഇത്ര പ്രിയങ്കരിയാക്കിയത്? അല്ല, അതു മാത്രമല്ല അവരെ ആകർഷിച്ചത്, മറ്റു കാര്യങ്ങളുമുണ്ട്.
ബാഹ്യസൗന്ദര്യത്തെക്കാൾ വളരെയേറെ ആകർഷകമായ ഗുണങ്ങളാണ് താഴ്മയും വിവേകവും എന്ന് എസ്ഥേരിന് നന്നായി അറിയാമായിരുന്നു
13 ഉദാഹരണത്തിന്, ഈ വിവരണം നോക്കുക: “എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊർദ്ദെഖായി അവളോടു കല്പിച്ചിരുന്നു.” (എസ്ഥേ. 2:10) താൻ യഹൂദവംശജയാണെന്ന് ആരും അറിയാതെ നോക്കണമെന്ന് മൊർദെഖായി അവളോട് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. രാജകുടുംബാംഗങ്ങൾക്കിടയിൽ യഹൂദരോട് കടുത്ത മുൻവിധിയുള്ളതായി അവന് അറിയാം. അതുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്. എസ്ഥേരിനെ കാണാൻ കിട്ടുന്നില്ലെങ്കിലും അവളെക്കുറിച്ച് കേൾക്കുന്നതെല്ലാം നല്ല വർത്തമാനങ്ങളാണ്! താൻ കൂടെയില്ലെങ്കിലും അവൾ ഇപ്പോഴും പറഞ്ഞതെല്ലാം അനുസരിച്ച് വിവേകത്തോടെയാണ് അവിടെ കഴിയുന്നത്. അത് അവന്റെ മനം കുളിർപ്പിച്ചു!
14. യുവപ്രായക്കാർക്ക് ഇന്ന് എസ്ഥേരിനെ അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
14 ഇന്നത്തെ യുവപ്രായക്കാർക്ക് ഇതിൽനിന്ന് ചിലത് പഠിക്കാനുണ്ട്. നിങ്ങളിൽ മിക്കവരും മാതാപിതാക്കളുടെ കൂടെയാണ് വളരുന്നത്. എന്നാൽ, ചിലരെ പോറ്റിവളർത്തുന്നത് ബന്ധുക്കളോ മറ്റാരെങ്കിലുമോ ആയിരിക്കും. എന്തായിരുന്നാലും നിങ്ങളുടെ രക്ഷിതാക്കളുടെ ഹൃദയത്തിന് അഭിമാനം പകരാൻ നിങ്ങൾക്കു കഴിയും! എപ്പോഴും നിങ്ങൾ അവരുടെ കൺവെട്ടത്തായിരിക്കണമെന്നില്ല. എന്തിനെയും കളിയായിട്ടെടുക്കുന്ന, സദാചാരബോധമില്ലാത്ത, ദ്രോഹബുദ്ധികളായ ആളുകൾക്കിടയിൽ നിങ്ങൾ പെട്ടുപോയേക്കാം. അപ്പോൾ ആ ദുഃസ്വാധീനങ്ങളെ ചെറുത്ത്, ശരിയെന്ന് നിങ്ങൾക്ക് ബോധ്യം വന്നിട്ടുള്ള ക്രിസ്തീയനിലവാരങ്ങളോട് പറ്റിനിൽക്കുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എസ്ഥേരിനെപ്പോലെയാകുകയാണ്. അതു കണ്ട് നിങ്ങളുടെ സ്വർഗീയപിതാവായ യഹോവ സന്തോഷിക്കും!—സദൃശവാക്യങ്ങൾ 27:11 വായിക്കുക.
15, 16. (എ) എസ്ഥേർ എങ്ങനെയാണ് രാജാവിന്റെ സ്നേഹഭാജനമായത്? (ബി) എസ്ഥേരിന് ജീവിതത്തിൽ വന്ന മാറ്റങ്ങൾ വെല്ലുവിളിയായിത്തീരാമായിരുന്നത് എന്തുകൊണ്ട്?
15 അങ്ങനെ എസ്ഥേർ രാജസന്നിധിയിൽ ആനയിക്കപ്പെടേണ്ട ദിവസമെത്തി. അണിഞ്ഞൊരുങ്ങുമ്പോൾ സ്വന്തമായി ഭംഗി വരുത്തണമെന്നു തോന്നിയാൽ അതിനുവേണ്ട എന്തും എടുക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ എളിമയുണ്ടായിരുന്ന എസ്ഥേർ ഹേഗായി പറഞ്ഞ സാധനങ്ങൾ മാത്രമേ എടുത്തുള്ളൂ. (എസ്ഥേ. 2:15) രാജാവിന്റെ ഹൃദയം കവരാൻ സൗന്ദര്യം മാത്രം പോരെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാകും. അവളുടെ താഴ്മയും വിനയവും ആ രാജസദസ്സിൽ ഒരു അപൂർവകാഴ്ചയാകാൻ പോകുകയായിരുന്നു! അവൾക്ക് തെറ്റിപ്പോയോ?
16 വിവരണം പറയുന്നത് എന്താണെന്ന് നോക്കാം: “രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.” (എസ്ഥേ. 2:17) ആ എളിയ യഹൂദപെൺകുട്ടിയുടെ ജീവിതം പാടേ മാറി. അവളിപ്പോൾ രാജ്ഞിയാണ്! അന്ന് ഭൂമിയിലെ ഏറ്റവും ശക്തനായ ചക്രവർത്തിയുടെ പട്ടമഹിഷി, മഹാറാണി! ഈ വലിയ മാറ്റവുമായി പൊരുത്തപ്പെട്ടുപോകാൻ ആ എളിയ പെൺകുട്ടിക്ക് അത്ര എളുപ്പമായിരുന്നെന്നു തോന്നുന്നില്ല. രാജ്ഞിപദം തലയ്ക്ക് പിടിച്ച് അവൾ അഹങ്കാരിയായോ? ഹേയ്, അങ്ങനെയൊന്നും സംഭവിച്ചില്ല!
17. (എ) എസ്ഥേർ വളർത്തച്ഛനെ പിന്നെയും അനുസരിച്ചുപോന്നത് എങ്ങനെ? (ബി) എസ്ഥേരിന്റെ മാതൃക നമുക്ക് ഇന്നു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 പിന്നീടങ്ങോട്ടും എസ്ഥേർ വളർത്തച്ഛനായ മൊർദെഖായിയോടുള്ള അനുസരണത്തിൽത്തന്നെ കഴിഞ്ഞു. യഹൂദജനതയുമായി തനിക്കുള്ള ബന്ധം അവൾ രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അഹശ്വേരോശിനെ വധിക്കാനുള്ള ഒരു ഗൂഢാലോചനയെപ്പറ്റി അറിയാനിടയായ മൊർദെഖായി, അത് എസ്ഥേരിനെ അറിയിച്ചു. അവൾ മൊർദെഖായിയുടെ നാമത്തിൽ അത് രാജാവിന്റെ അടുക്കലെത്തിച്ചു. അങ്ങനെ ആ രാജ്യദ്രോഹികളുടെ പദ്ധതി പൊളിഞ്ഞു. (എസ്ഥേ. 2:20-23) താഴ്മയും വിധേയത്വവും പുലർത്തിക്കൊണ്ട് തന്റെ ദൈവത്തിലുള്ള വിശ്വാസം അപ്പോഴും അവൾ തെളിയിച്ചു. എസ്ഥേരിന്റേതുപോലുള്ള അനുസരണം ഇന്ന് നമുക്ക് വളരെ അനിവാര്യമായ ഒരു ഗുണമാണ്. അനുസരണക്കേടും മത്സരവും സ്വീകാര്യമായി കാണുന്ന കാലമാണിത്. അങ്ങനെയാണ് വേണ്ടതെന്നുപോലും ചിലർ കരുതുന്നു. അനുസരണത്തിന് പുല്ലുവില മാത്രം! എന്നാൽ, യഥാർഥവിശ്വാസമുള്ള ആളുകൾ അനുസരണത്തെ നിധിയായി കാണും, എസ്ഥേരിനെപ്പോലെ!
എസ്ഥേരിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു
18. (എ) മൊർദെഖായി ഹാമാനെ കുമ്പിടാൻ വിസമ്മതിച്ചത് എന്തുകൊണ്ടായിരിക്കാം? (അടിക്കുറിപ്പും കാണുക.) (ബി) ഇന്നുള്ള ദൈവഭക്തരായ സ്ത്രീപുരുഷന്മാർ മൊർദെഖായിയുടെ മാതൃക അനുകരിക്കുന്നത് എങ്ങനെ?
18 അഹശ്വേരോശിന്റെ കൊട്ടാരത്തിൽ ഹാമാൻ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾക്ക് സ്ഥാനക്കയറ്റം കിട്ടി ഉയർന്ന പദവിയിലെത്തി. രാജാവ് അയാളെ മന്ത്രിമാരിൽ പ്രധാനിയാക്കി. കൂടാതെ, രാജാവിന്റെ പ്രധാന ഉപദേഷ്ടാവും സാമ്രാജ്യത്തിലെ രണ്ടാമൻ എന്ന പദവിയും കല്പിച്ചുനൽകി. അയാളെ കാണുന്ന ഏതൊരാളും അയാളെ കുമ്പിടണമെന്ന ഒരു രാജകല്പനയും പുറപ്പെടുവിച്ചു. (എസ്ഥേ. 3:1-4) എന്നാൽ രാജാവിന്റെ ആ കല്പന മൊർദെഖായിയെ കുഴപ്പത്തിലാക്കി. രാജാവിനെ അനുസരിക്കാൻ മൊർദെഖായി തയ്യാറായിരുന്നു. എന്നാൽ ദൈവത്തെ അനാദരിച്ചുകൊണ്ട് ആ രാജകല്പന അനുസരിക്കാൻ അവന് മനസ്സായില്ല. ഹാമാൻ ആഗാഗ്യനായിരുന്നു എന്നത് ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രവാചകനായ ശമുവേൽ വധിച്ച അമാലേക്യരാജാവായ ആഗാഗിന്റെ വംശപരമ്പരയിൽപ്പെട്ട ആളായിരിക്കാം ഈ ഹാമാൻ. (1 ശമൂ. 15:33) യഹോവയോടും ഇസ്രായേല്യരോടും ശത്രുത വെച്ചുപുലർത്തിയിരുന്ന ദുഷ്ടജനതയായിരുന്നു അമാലേക്യർ. ഒരു ജനതയെന്ന നിലയിൽ അവർ ദൈവമുമ്പാകെ ശപിക്കപ്പെട്ടവരായിരുന്നു.c (ആവ. 25:19) കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വിശ്വസ്തനായ ഒരു യഹൂദന് എങ്ങനെ ഒരു അമാലേക്യനെ കുമ്പിടാൻ കഴിയും? കഴിയില്ല. അതുകൊണ്ട്, ഹാമാനെ കുമ്പിടാൻ മൊർദെഖായി തയ്യാറായില്ല! “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയത്രേ അധിപതിയായി അനുസരിക്കേണ്ടത്” എന്ന ബൈബിൾതത്ത്വം അനുസരിക്കുന്ന വിശ്വസ്തരായ സ്ത്രീപുരുഷന്മാർ ഇക്കാലംവരെയും ഉണ്ടായിട്ടുണ്ട്. അതിനുവേണ്ടി, അവർ ജീവൻപോലും പണയപ്പെടുത്തിയിട്ടുമുണ്ട്.—പ്രവൃ. 5:29.
19. യഹൂദന്മാരെ എന്തു ചെയ്യാനാണ് ഹാമാൻ തീരുമാനിച്ചത്, അതിനു രാജാവിനെ സമ്മതിപ്പിക്കാൻ അവൻ എന്തെല്ലാം ചെയ്തു?
19 ഹാമാൻ ക്രുദ്ധനായി. എന്നാൽ മൊർദെഖായിയെ വകവരുത്താൻ അത് മതിയായ കാരണമായിരുന്നില്ല. മൊർദെഖായിയുടെ ജനത്തെ ഒന്നടങ്കം മുടിച്ചുകളയാൻ ഹാമാൻ ഉറച്ചു. അവൻ യഹൂദന്മാരെ വളരെ മോശക്കാരായി ചിത്രീകരിച്ച് രാജസന്നിധിയിൽ അവതരിപ്പിച്ചു. യഹൂദന്മാർ എന്ന് പേരെടുത്ത് പറയാതെ, നിന്റെ “രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു” എന്നു പറഞ്ഞുകൊണ്ട്, അവർ തീരെ നിസ്സാരരാണെന്നും സൂചിപ്പിച്ചു. ഇതെല്ലാം പോരാഞ്ഞ് അവർ രാജകല്പന അനുസരിക്കാത്തവരാണെന്നും അപകടകാരികളായ മത്സരികളാണെന്നും പറഞ്ഞുവെച്ചു. സാമ്രാജ്യമൊട്ടാകെയുള്ള യഹൂദന്മാരെ കൊന്നൊടുക്കാൻ വരുന്ന ചെലവുകൾക്കായി ഭീമമായ ഒരു തുക രാജഭണ്ഡാരത്തിലേക്ക് താൻ സംഭാവന ചെയ്യാമെന്നൊരു ആലോചനയും ഹാമാൻ ബോധിപ്പിച്ചു.d ഹാമാന്റെ മനസ്സിലുള്ള ഏത് ആലോചനയും നടപ്പാക്കാൻ സർവാധികാരവും കൊടുത്തുകൊണ്ട് രാജാവ് തന്റെ മുദ്രമോതിരം ഊരി ഹാമാനു നൽകി.—എസ്ഥേ. 3:5-10.
20, 21. (എ) പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള യഹൂദന്മാരെ ഹാമാന്റെ പ്രഖ്യാപനം എങ്ങനെ ബാധിച്ചു, അതു കേട്ട മൊർദെഖായിയുടെ പ്രതികരണമോ? (ബി) എസ്ഥേരിനോട് എന്തു ചെയ്യാനാണ് മൊർദെഖായി ആവശ്യപ്പെട്ടത്?
20 വൈകാതെ, കൊട്ടാരത്തിൽനിന്ന് കുതിരക്കാർ നാടുനീളെ പാഞ്ഞു. യഹൂദജനതയുടെ അന്ത്യം കുറിക്കുന്ന രാജകല്പനയുമായി ആ ദൂതന്മാർ വിശാലമായ സാമ്രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തി, കല്പന നാടെങ്ങും വിളംബരം ചെയ്തു. രാജകല്പന അങ്ങുദൂരെ യെരുശലേമിലും എത്തി. ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാരുടെ ഒരു ശേഷിപ്പ് നഗരം പുനർനിർമിക്കാൻ കഷ്ടപ്പെടുന്ന സമയമായിരുന്നു അത്. നഗരത്തിനാണെങ്കിൽ മതിൽപോലുമില്ല. ഈ കല്പന കേട്ട യെരുശലേം നിവാസികളുടെ അവസ്ഥയൊന്നു ചിന്തിച്ചുനോക്കൂ? രക്തം ഉറഞ്ഞുപോകുന്ന ഭീകരവാർത്ത കേട്ട് മൊർദെഖായി യെരുശലേമിനെയും ഇവിടെ ശൂശനിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ചെല്ലാം ചിന്തിച്ചുകാണും. ഹൃദയം തകർന്ന്, വസ്ത്രം കീറി, ചാക്കുവസ്ത്രം ധരിച്ച്, തലയിൽ ചാരം വാരിയിട്ട് നഗരമധ്യത്തിൽ ചെന്ന് അവൻ ഉറക്കെ നിലവിളിച്ചു. അതേസമയം, ശൂശനിലെ യഹൂദന്മാർക്കും അവരുടെ ഉറ്റവർക്കും കൊലക്കയർ ഒരുക്കിയിട്ട് ഒന്നുമറിയാത്തവനെപ്പോലെ രാജാവിനൊപ്പം കുടിച്ച് രസിച്ചിരിക്കുകയാണ് ദ്രോഹിയായ ഹാമാൻ.—എസ്ഥേർ 3:12–4:1 വായിക്കുക.
21 സ്വജനത്തിന്റെ രക്ഷയ്ക്ക് താൻ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് മൊർദെഖായിക്ക് തോന്നി. പക്ഷേ, അവന് എന്തു ചെയ്യാനാകും? മൊർദെഖായി എന്തോ സങ്കടത്തിലാണെന്ന് കേട്ടറിഞ്ഞ എസ്ഥേർ അവന് വസ്ത്രം കൊടുത്തയച്ചു. എന്നാൽ അവൻ അത് സ്വീകരിച്ചില്ല, ആശ്വാസം കൈക്കൊണ്ടുമില്ല. പ്രിയ മകളെ തന്നിൽനിന്ന് പറിച്ചെടുത്ത് ഒരു പുറജാതിരാജാവിന്റെ രാജ്ഞിയാകാൻ തന്റെ ദൈവമായ യഹോവ അനുവദിച്ചത് എന്തുകൊണ്ടാണ് എന്നത്, ഉത്തരം കിട്ടാത്ത ചോദ്യമായി അവനെ ഇത്രകാലവും അലട്ടിയിരുന്നിരിക്കാം. എന്നാൽ, ഇപ്പോൾ അവന് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയെന്നു തോന്നുന്നു. എസ്ഥേർ രാജ്ഞിക്ക് മൊർദെഖായി ഒരു സന്ദേശമയച്ചു. ഈ പ്രശ്നത്തിൽ, “തന്റെ ജനത്തിന്നു വേണ്ടി” തുണ നിന്ന് രാജാവിനോട് അപേക്ഷിക്കാൻ അവൻ എസ്ഥേരിനോട് ആവശ്യപ്പെട്ടു.—എസ്ഥേ. 4:4-8.
22. എസ്ഥേരിന് അവളുടെ ഭർത്താവായ രാജാവിന്റെ അടുക്കൽ മുഖം കാണിക്കാൻ ഭയം തോന്നിയത് എന്തുകൊണ്ടാണ്? (അടിക്കുറിപ്പും കാണുക.)
22 മൊർദെഖായിയുടെ സന്ദേശം വായിച്ച എസ്ഥേരിന് ഹൃദയം നിലച്ചതുപോലെയായി! ഇതാ, അവളുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധന! ഭയന്നുപോയ അവൾ മൊർദെഖായി ആവശ്യപ്പെട്ട കാര്യത്തിന്റെ ഗൗരവം തന്റെ മറുപടിയിലൂടെ അവനെ അറിയിച്ചു. രാജധാനിയിലെ കീഴ്വഴക്കം അവൾ മൊർദെഖായിയെ ഓർമിപ്പിച്ചു: ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്നത് മരണം വിളിച്ചുവരുത്തും. അങ്ങനെ ചെല്ലുന്ന ആൾ ആരായാലും അയാളുടെ നേരേ രാജാവ് തന്റെ സ്വർണചെങ്കോൽ നീട്ടിയെങ്കിൽ മാത്രമേ അയാൾ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ! എസ്ഥേരിന് രാജാവിൽനിന്ന് അത്തരമൊരു ദയാദാക്ഷിണ്യം പ്രതീക്ഷിക്കാനാകുമോ? ഹാജരാകാനുള്ള രാജകല്പന അനുസരിക്കാഞ്ഞ വസ്ഥിരാജ്ഞിക്കുണ്ടായ അനുഭവം അവളുടെ കണ്മുന്നിലുണ്ട്. അടുത്ത 30 ദിവസത്തേക്ക്, തന്നെ രാജാവ് ക്ഷണിച്ചിട്ടില്ലെന്ന് എസ്ഥേർ മൊർദെഖായിയോടു പറഞ്ഞു. രാജാവിന്റെ സ്വഭാവമാണെങ്കിൽ പെട്ടെന്ന് മാറുന്നതാണ്. ചിലപ്പോൾ തന്നോടുള്ള പ്രീതി നഷ്ടപ്പെട്ടിട്ടാണോ ഇത്ര ദീർഘമായ ഒരു കാലത്തേക്ക് തന്നെ വിളിക്കാത്തത്? എസ്ഥേരിന്റെ മനസ്സിലൂടെ ഈ ചിന്തകളും കടന്നുപോയിരിക്കാം.e—എസ്ഥേ. 4:9-11.
23. (എ) എസ്ഥേരിന്റെ വിശ്വാസം ഉറപ്പിക്കാൻ മൊർദെഖായി എന്താണ് ചെയ്തത്? (ബി) മൊർദെഖായിയെ മാതൃകയാക്കേണ്ടത് എന്തുകൊണ്ട്?
23 എസ്ഥേരിന്റെ വിശ്വാസം ബലപ്പെടുത്താൻ പോന്ന ദൃഢമായൊരു മറുപടിയാണ് മൊർദെഖായി നൽകിയത്. ഈ സാഹചര്യത്തിൽ ചെയ്യേണ്ടത് അവൾക്ക് ചെയ്യാൻ കഴിയാതെവന്നാൽ, യഹൂദന്മാർക്ക് രക്ഷ വേറെ എവിടെനിന്നെങ്കിലും വരും എന്ന് അവൻ ബോധ്യത്തോടെ പറഞ്ഞു. രാജനിയമം പ്രാബല്യത്തിലായാൽ അവൾ അതിൽനിന്ന് ഒഴിവാകുമെന്ന് ഉറപ്പൊന്നുമില്ലെന്നും എസ്ഥേരിനോടു പറഞ്ഞു. യഹോവയിലുള്ള തന്റെ ആഴമായ വിശ്വാസമാണ് ഈ സന്ദർഭത്തിൽ മൊർദെഖായി കാണിച്ചത്. തന്റെ ജനം ഉന്മൂലനം ചെയ്യപ്പെടാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്നും അവന്റെ വാഗ്ദാനങ്ങൾ നിറവേറാതെ പോകില്ലെന്നും മൊർദെഖായിക്ക് ഉറപ്പായിരുന്നു. (യോശു. 23:14) പിന്നെ, മൊർദെഖായി എസ്ഥേരിനോട് ഇങ്ങനെ ചോദിച്ചു: “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?” (എസ്ഥേ. 4:12-14) മൊർദെഖായി എന്ന മനുഷ്യന്റെ വിശ്വാസം മാതൃകയാക്കാൻ നിങ്ങൾക്കു തോന്നുന്നില്ലേ? അവൻ തന്റെ ദൈവമായ യഹോവയിൽ പൂർണമായി ആശ്രയിച്ചു. നമ്മൾ അങ്ങനെ ചെയ്യുമോ?—സദൃ. 3:5, 6.
മരണഭയം തോൽക്കുന്ന ശക്തമായ വിശ്വാസം!
24. എസ്ഥേർ വിശ്വാസവും ധൈര്യവും കാണിച്ചത് എങ്ങനെ?
24 എസ്ഥേരിന് ഇപ്പോൾ ഒരു തീരുമാനമെടുക്കേണ്ട സമയമായി. അവൾ മൊർദെഖായിക്ക് ഒരു മറുപടി കൊടുത്തയച്ചു: താൻ മൂന്നു ദിവസം ഉപവസിക്കാൻ പോകുകയാണ്. അവിടെയുള്ള യഹൂദരെയെല്ലാം വിളിച്ചുകൂട്ടി തന്നോടൊപ്പം ഉപവസിക്കുക. പിന്നെ ആ സന്ദേശം അവസാനിപ്പിക്കുന്നത് ധീരതയുടെയും വിശ്വാസത്തിന്റെയും ഉജ്ജ്വലമായ ഈ വാക്കുകളോടെയാണ്: “ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ!” (എസ്ഥേ. 4:15-17) ആ വിശ്വാസം, ആ ധൈര്യം, കാലങ്ങൾക്കിപ്പുറം കടന്ന് ഇന്നും പ്രതിധ്വനിക്കുന്നു! ആ മൂന്നു ദിവസം അവൾ ഉള്ളുരുകി പ്രാർഥിച്ചുകാണും അല്ലേ? ജീവിതത്തിൽ ഒരിക്കൽപ്പോലും അവൾ ഇത്ര തീവ്രമായ പ്രാർഥനകൾ നടത്തിയിട്ടുണ്ടാവില്ല. ഒടുവിൽ, സമയം വന്നു. രാജസന്നിധിയിലേക്കു പോകാൻ അവൾ ഒരുങ്ങുകയാണ്. രാജപത്നിയുടെ പ്രൗഢിയും പദവിയും വിളിച്ചോതുന്ന അതിമനോഹരമായ ഉടയാടകളും ആഭരണങ്ങളും അലങ്കാരങ്ങളും അണിഞ്ഞു. അങ്ങനെ തന്നെക്കൊണ്ടാകുന്നതെല്ലാം അവൾ ചെയ്തു. പിന്നെ രാജസന്നിധിയിലേക്കു പുറപ്പെട്ടു.
ദൈവജനത്തെ സംരക്ഷിക്കാൻ അവൾ ജീവൻ പണയപ്പെടുത്തി
25. എസ്ഥേർ തന്റെ ഭർത്താവിന്റെ മുമ്പാകെ ചെന്നപ്പോഴുള്ള സംഭവങ്ങൾ വിവരിക്കുക.
25 ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ എസ്ഥേർ രാജസഭയിലേക്ക് നടന്നു. ഇടതടവില്ലാതെ പ്രാർഥിച്ചുകൊണ്ട് നെഞ്ചിടിപ്പോടെ നടന്നുനീങ്ങുന്ന അവളുടെ അപ്പോഴത്തെ ഭാവം നമുക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ. അവൾ അകത്തളത്തിലേക്കു പ്രവേശിച്ചു. രാജാവ് സിംഹാസനത്തിലിരിക്കുന്നത് ഇപ്പോൾ അവൾക്കു കാണാം. ചീകിയൊതുക്കിയ ചുരുണ്ടമുടി. ചതുരാകൃതിയിൽ വെട്ടിയൊതുക്കി ഭംഗിവരുത്തിയ താടി. അദ്ദേഹത്തിന്റെ മുഖം ശാന്തമാണോ? അതോ ദേഷ്യത്തിലാണോ? അതൊന്ന് അറിയാൻ കഴിഞ്ഞെങ്കിൽ എന്നോർത്ത് അവൾ സൂക്ഷിച്ചുനോക്കിക്കാണും. ഒരുപക്ഷേ, അവൾക്ക് കുറച്ചൊന്നു കാത്തുനിൽക്കേണ്ടിവന്നിരിക്കാം, ആ ഓരോ നിമിഷവും ഓരോ യുഗങ്ങൾപോലെ അവൾക്ക് തോന്നിക്കാണും. അങ്ങനെ നിമിഷങ്ങൾ കഴിഞ്ഞു. അതാ, അവളുടെ ഭർത്താവ് അവളെ കണ്ടു. അദ്ദേഹം ശരിക്കും അമ്പരന്നുപോയി! പക്ഷേ ആ മുഖത്ത് മെല്ലെ പ്രസാദം പരന്നു. അദ്ദേഹം തന്റെ പൊൻചെങ്കോൽ അവൾക്കു നേരേ നീട്ടി!—എസ്ഥേ. 5:1, 2.
26. സത്യക്രിസ്ത്യാനികൾക്ക് എസ്ഥേരിനെപ്പോലെ ധൈര്യം ആവശ്യമുള്ളത് എന്തുകൊണ്ട്, എസ്ഥേരിന്റെ ദൗത്യം തുടങ്ങിയതേ ഉള്ളൂ എന്നു പറയുന്നത് എന്തുകൊണ്ട്?
26 ഹൊ, ആശ്വാസമായി! അവൾക്ക് പറയാനുള്ളതു കേൾക്കാൻ രാജാവിനു തിരുവുള്ളമുണ്ടായി! അവൾ തന്റെ ദൈവത്തിന്റെയും തന്റെ ജനത്തിന്റെയും പക്ഷത്ത് നിന്നു. ഇന്നോളമുള്ള സകല ദൈവദാസർക്കും അവൾ വിശ്വാസത്തിന്റെ തിളക്കമാർന്ന മാതൃകയായി! ഇതുപോലുള്ള ജീവിതമാതൃകകളെ പ്രിയങ്കരമായി കരുതുന്നവരാണ് സത്യക്രിസ്ത്യാനികൾ. സ്വയം പരിത്യജിച്ചുകൊണ്ടുള്ള സ്നേഹം തന്റെ യഥാർഥ ശിഷ്യന്മാരുടെ അടയാളമാണെന്ന് യേശു പറയുകയുണ്ടായി. (യോഹന്നാൻ 13:34, 35 വായിക്കുക.) എസ്ഥേരിനെപ്പോലെ ധീരരായവർക്കേ അത്തരത്തിലുള്ള സ്നേഹം കാണിക്കാനാകൂ. അന്ന് ദൈവജനത്തിനുവേണ്ടി രാജാവിനെ മുഖം കാണിച്ചതോടെ അവസാനിക്കുന്നതായിരുന്നില്ല പ്രശ്നങ്ങൾ, വാസ്തവത്തിൽ അതൊരു തുടക്കം മാത്രമായിരുന്നു. രാജാവിന്റെ പ്രിയപ്പെട്ട ഉപദേശകനായ ഹാമാൻ ദ്രോഹിയായ ഒരു തന്ത്രശാലിയാണെന്ന് രാജാവിനെ അവൾ എങ്ങനെ ബോധ്യപ്പെടുത്തും? തന്റെ ജനത്തെ രക്ഷിക്കാനുള്ള ഒരു വഴി എങ്ങനെ കണ്ടുപിടിക്കും? അടുത്ത അധ്യായത്തിൽ നമ്മൾ അതാണ് കാണാൻ പോകുന്നത്.
a ബി.സി 5-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യൻ സാമ്രാജ്യം ഭരിച്ച സെർക്സിസ് ഒന്നാമനാണ് അഹശ്വേരോശ് എന്ന് പൊതുവെ കരുതപ്പെടുന്നു.
b 16-ാം അധ്യായത്തിലെ, “എസ്ഥേരിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ” എന്ന ചതുരം കാണുക.
c ഹിസ്കീയാ രാജാവിന്റെ കാലത്ത് ‘അമാലേക്യരിൽ ശിഷ്ടജനത്തെ വെട്ടിക്കൊന്നു’ എന്നു പറയുന്ന സ്ഥിതിക്ക് ഹാമാൻ അമാലേക്യരിലെ, അവസാനകണ്ണികളിൽ ഒരാളായിരുന്നിരിക്കാം.—1 ദിന. 4:43.
d ഹാമാൻ 10,000 താലന്ത് വെള്ളിയാണ് വാഗ്ദാനം ചെയ്തത്. ഇന്നത്തെ കണക്കുപ്രകാരം, കോടിക്കണക്കിന് രൂപ മൂല്യം വരുന്ന വൻതുകയാണിത്. അഹശ്വേരോശ് രാജാവാണ് ചരിത്രത്തിൽ പറയുന്ന സെർക്സിസ് ഒന്നാമൻ എങ്കിൽ ഹാമാന്റെ ഈ വാഗ്ദാനം രാജാവിനെ സന്തോഷിപ്പിച്ചുകാണും. കാരണം സെർക്സിസ് രാജാവ് ഗ്രീക്കുകാരുമായി ഒരു യുദ്ധം നടത്താൻ ആലോചിക്കുന്നുണ്ടായിരുന്നു. അതിന് അദ്ദേഹത്തിന് ധാരാളം പണം ആവശ്യമായിരുന്നു. യുദ്ധം ഒടുവിൽ പേർഷ്യയുടെ ദുരന്തത്തിൽ കലാശിച്ചെന്നു മാത്രം.
e ക്ഷണനേരംകൊണ്ട് സ്വഭാവം മാറുന്ന ക്ഷിപ്രകോപിയായിരുന്നു സെർക്സിസ് ഒന്നാമൻ. അദ്ദേഹത്തിന്റെ ഈ പ്രകൃതം പരക്കെ അറിയപ്പെട്ടിരുന്നു. ഗ്രീക്കുകാർക്കെതിരെയുള്ള സെർക്സിസിന്റെ യുദ്ധകാലത്ത് നടന്ന ചില സംഭവങ്ങളെക്കുറിച്ച് ഗ്രീക്ക് ചരിത്രകാരനായ ഹെറൊഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെലസ്പോണ്ട് കടലിടുക്കിനു കുറുകെ കപ്പലുകൾ നിരയായി ചേർത്ത് ഒരു താത്കാലികപാലം ഉണ്ടാക്കാൻ രാജാവ് ഉത്തരവിട്ടു. കൊടുങ്കാറ്റിൽ ആ പാലം തകർന്നപ്പോൾ അതിന്റെ എൻജിനീയർമാരെ ശിരച്ഛേദം ചെയ്യാൻ രാജാവ് കല്പിച്ചു. ഹെലസ്പോണ്ട് കടലിടുക്കിനെ അവഹേളിക്കുന്ന ഒരു കല്പന ഉറക്കെ വായിച്ചുകൊണ്ട് വെള്ളത്തെ ചാട്ടയ്ക്ക് അടിച്ച് ‘ശിക്ഷിക്കാനും’ അദ്ദേഹം തന്റെ ആൾക്കാരെ ചുമതലപ്പെടുത്തി. ആ യുദ്ധകാലത്തുതന്നെ വേറൊരു സംഭവമുണ്ടായി. സൈന്യത്തിൽ ചേരുന്നതിൽനിന്ന് തന്റെ മകനെ ഒഴിവാക്കണമെന്ന് ഒരു ധനികൻ അപേക്ഷിച്ചപ്പോൾ സെർക്സിസ് അയാളുടെ മകനെ രണ്ടായി വെട്ടിമുറിച്ചു. എന്നിട്ട് മൃതശരീരം ഒരു താക്കീതായി പ്രദർശിപ്പിച്ചു.
-
-
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചുഅവരുടെ വിശ്വാസം അനുകരിക്കുക
-
-
അധ്യായം പതിനാറ്
അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
1-3. (എ) ഭർത്താവിന്റെ സിംഹാസനത്തിന്റെ അടുത്തേക്കു പോയ എസ്ഥേരിന്റെ അവസ്ഥ വിവരിക്കുക. (ബി) എസ്ഥേരിന്റെ വരവിനെ രാജാവ് എങ്ങനെ കണ്ടു?
എസ്ഥേർ സാവകാശം സിംഹാസനത്തിന് അടുത്തേക്ക് നടന്നു. അവളുടെ ഹൃദയമിടിപ്പ് കൂടിക്കൂടിവന്നു. പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജധാനിയായ ശൂശനിലെ ആ രാജസദസ്സ് പൊടുന്നനെ നിശബ്ദമായി! ആ കനത്ത നിശബ്ദതയിൽ അവളുടെ മൃദുവായ കാൽവെപ്പുകളുടെ പതിഞ്ഞ ശബ്ദവും ഉടയാടകൾ ഉലയുന്നതിന്റെ നേർത്ത മർമരവും മാത്രമേ കേൾക്കാനുള്ളൂ. പ്രൗഢമായ രാജസദസ്സ്! നിരനിരയായുള്ള പടുകൂറ്റൻ സ്തംഭങ്ങൾ! അങ്ങ് ദൂരെ ലബാനോനിൽനിന്നു കൊണ്ടുവന്ന ദേവദാരുപ്പലകകൾ കടഞ്ഞെടുത്ത മനോഹരമായ മച്ചകങ്ങൾ! അവയിലെ എണ്ണിയാലൊടുങ്ങാത്ത ചിത്രപ്പണികൾ! പക്ഷേ, അവയൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ സിംഹാസനത്തിലിരിക്കുന്ന ആ മനുഷ്യനിലായിരുന്നു. ആ കൈകളിലാണ് ഇപ്പോൾ അവളുടെ ജീവൻ!
2 മെല്ലെ നടന്നടുക്കുന്ന എസ്ഥേരിനെ, തന്റെ പൊൻചെങ്കോൽ നീട്ടിപ്പിടിച്ച്, കണ്ണിമയ്ക്കാതെ നോക്കുകയാണ് രാജാവ്. ചെങ്കോൽ നീട്ടുകയെന്നത് കാഴ്ചയ്ക്ക് നിസ്സാരമായി തോന്നാം. എന്നാൽ ഇവിടെ അതിന് എസ്ഥേരിന്റെ ജീവന്റെ വില വരും. രാജാവ് അവൾക്ക് ജീവൻ തിരികെ കൊടുത്തിരിക്കുന്നു! ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ കടന്നുവന്ന കുറ്റത്തിൽനിന്ന് രാജാവ് അവളെ ഒഴിവാക്കിയെന്ന് കാണിക്കുന്നതായിരുന്നു ആ പ്രവൃത്തി. സിംഹാസനത്തിന് അടുത്തെത്തിയ അവൾ നിറഞ്ഞ ഹൃദയത്തോടെ, ആദരവോടെ ചെങ്കോലിന്റെ അറ്റത്ത് തൊട്ടു.—എസ്ഥേ. 5:1, 2.
രാജാവ് കാണിച്ച കാരുണ്യം എസ്ഥേർ നന്ദിയോടെ സ്വീകരിച്ചു
3 അഹശ്വേരോശിന്റെ അരമനയിലുള്ള സകലതും, അദ്ദേഹത്തിന്റെ അളവറ്റ സമ്പത്തും അധികാരവും വിളിച്ചോതുന്നതായിരുന്നു. അക്കാലത്തെ പേർഷ്യൻ ചക്രവർത്തിമാരുടെ രാജവസ്ത്രത്തിന് ഇന്നത്തെ മതിപ്പനുസരിച്ച് കോടിക്കണക്കിന് രൂപ വില വരും. ഉഗ്രപ്രതാപിയായ സർവാധികാരി! എന്നിട്ടും ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹത്തിന്റെ മിന്നലാട്ടം അവൾ കണ്ടു. ഭർത്താവിന് തന്നോടുള്ള ഇഷ്ടം അവൾ വായിച്ചെടുത്തു. അദ്ദേഹം ആരാഞ്ഞു: “എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം.”—എസ്ഥേ. 5:3.
4. എസ്ഥേരിന്റെ മുന്നിലുള്ള പ്രതിബന്ധങ്ങൾ എന്തെല്ലാമായിരുന്നു?
4 എസ്ഥേർ ഇതിനോടകംതന്നെ വലിയ വിശ്വാസവും ധൈര്യവും കാണിച്ചുകഴിഞ്ഞിരിക്കുന്നു! തന്റെ ജനത്തെ നിശ്ശേഷം മുടിച്ചുകളയാനുള്ള ഒരു ഗൂഢതന്ത്രത്തിൽനിന്ന് അവരെ രക്ഷിക്കാനായി രാജാവിന്റെ അടുത്തേക്കു വന്നിരിക്കുകയാണ് അവൾ! ഇതുവരെ ചെയ്തതെല്ലാം വിജയിച്ചു. പ്രതിബന്ധങ്ങൾ ഇനിയും കിടക്കുന്നതേ ഉള്ളൂ. രാജാവിന്റെ വിശ്വസ്തനായ മന്ത്രി ഒരു ദ്രോഹിയാണെന്നും എസ്ഥേരിന്റ ജനത്തെ കൂട്ടക്കൊല ചെയ്യാൻ അയാൾ രാജാവിനെ കൂട്ടുചേർത്തിരിക്കുകയാണെന്നും രാജാവിനെ ബോധ്യപ്പെടുത്തണം. പ്രതാപശാലിയും അഭിമാനിയും ആയ അദ്ദേഹത്തെ അവൾ ഇത് എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും? അവളുടെ വിശ്വാസത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
“സംസാരിപ്പാൻ ഒരു കാലം” അവൾ വിവേകത്തോടെ കണ്ടെത്തി
5, 6. (എ) സഭാപ്രസംഗി 3:1, 7-ലെ തത്ത്വം എസ്ഥേർ ബാധകമാക്കിയത് എങ്ങനെ? (ബി) ഭർത്താവിനോട് സംസാരിച്ചപ്പോൾ അവൾ വിവേകം കാണിച്ചത് എങ്ങനെ?
5 രാജസദസ്സിൽ എല്ലാവരുടെയും മുമ്പാകെ എസ്ഥേർ കഥ മുഴുവൻ അവതരിപ്പിച്ചിരുന്നെങ്കിലോ? അത് രാജാവിന് അപമാനമാകുമായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മന്ത്രിപ്രമുഖനായ ഹാമാന് അവളുടെ ആരോപണം ഖണ്ഡിക്കാനുള്ള അവസരം നൽകുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് എസ്ഥേർ എന്താണ് ചെയ്തത്? നൂറ്റാണ്ടുകൾക്കു മുമ്പ് ജ്ഞാനിയായ ശലോമോൻ നിശ്വസ്തനായി ഇങ്ങനെ എഴുതി: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാ. 3:1, 7) എസ്ഥേരിന്റെ വളർത്തച്ഛനായ മൊർദെഖായി വിശ്വസ്തനായ ഒരു മനുഷ്യനായിരുന്നെന്ന് നമ്മൾ കണ്ടല്ലോ. എസ്ഥേർ ബാലികയായിരുന്നപ്പോൾത്തന്നെ, ഇത്തരം തത്ത്വങ്ങൾ അവൻ അവളെ പഠിപ്പിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ‘സംസാരിക്കാനുള്ള കാലം’ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത് എത്ര പ്രധാനമാണെന്ന് അങ്ങനെ എസ്ഥേർ നന്നായി മനസ്സിലാക്കിയിരുന്നു.
6 എസ്ഥേർ പറഞ്ഞു: “രാജാവിന്നു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന്നു രാജാവും ഹാമാനും ഇന്നു വരേണം.” (എസ്ഥേ. 5:4) രാജാവിന് സമ്മതമായി. അദ്ദേഹം ഉടനെ ഹാമാനെ വിളിക്കാൻ ആളയയ്ക്കുകയും ചെയ്തു. എസ്ഥേർ എത്ര വിവേകത്തോടെയാണ് സംസാരിച്ചതെന്ന് നിങ്ങൾ കണ്ടോ? തന്റെ ഭർത്താവിന്റെ അന്തസ്സ് അവൾ മാനിച്ചു. തന്റെ ആശങ്കകൾ വെളിപ്പെടുത്താൻ തികച്ചും അനുയോജ്യമായ ഒരു പശ്ചാത്തലമൊരുക്കുകയും ചെയ്തു.—സദൃശവാക്യങ്ങൾ 10:19 വായിക്കുക.
7, 8. എസ്ഥേർ ഒരുക്കിയ ആദ്യത്തെ വിരുന്ന് എങ്ങനെയുള്ളതായിരുന്നു, എന്നിട്ടും അവൾ രാജാവിനോട് തന്റെ ആവശ്യം ഉണർത്തിക്കാതിരുന്നത് എന്തുകൊണ്ട്?
7 രാജാവിനുവേണ്ടിയുള്ള വിരുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ഓരോയിടത്തും എസ്ഥേരിന്റെ കണ്ണെത്തുന്നുണ്ട്. അവളുടെ ഭർത്താവിന്റെ ഇഷ്ടങ്ങൾ അറിഞ്ഞുതന്നെയാണ് ഓരോ വിഭവങ്ങളും വെപ്പുപുരയിൽ ഒരുങ്ങുന്നത്. അതിഥികളുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനായി വിരുന്നുവിഭവങ്ങളിൽ മേത്തരം വീഞ്ഞും കരുതിയിട്ടുണ്ട്. (സങ്കീ. 104:15) വിരുന്നിനെത്തിയ അഹശ്വേരോശ് രാജാവ് എല്ലാം മറന്ന് സന്തോഷിച്ചു. എസ്ഥേരിന്റെ അപേക്ഷ എന്താണെന്ന് അദ്ദേഹം വീണ്ടും താത്പര്യത്തോടെ ആരാഞ്ഞു. ഇപ്പോൾ എല്ലാം പറയാൻ സമയമായോ?
8 ‘ഇല്ല’ എന്നാണ് എസ്ഥേരിന് തോന്നിയത്. അവൾ രാജാവിനെയും ഹാമാനെയും അടുത്തദിവസം താൻ നടത്താനുദ്ദേശിക്കുന്ന മറ്റൊരു വിരുന്നിനായി ക്ഷണിച്ചു. (എസ്ഥേ. 5:7, 8) തന്റെ അപേക്ഷ ഉണർത്തിക്കാൻ അവൾ താമസിക്കുന്നത് എന്താണ്? അവളുടെ ജനം ഒന്നടങ്കം മരണഭീഷണിയിലാണെന്ന് ഓർക്കണം. രാജാവാണ് ആ മരണവിധി പുറപ്പെടുവിച്ചിരിക്കുന്നത്. വളരെ നിർണായകസമയമാണിത്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് ഒന്നും രണ്ടും പേരല്ല, ഒരു ജനത മുഴുവനുമാണ്. ഭർത്താവിനെ താൻ അങ്ങേയറ്റം ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നെന്നു കാണിക്കാൻ ഒരവസരംകൂടി ഒരുക്കി അവൾ കാത്തിരുന്നു.
9. ക്ഷമയോടെയുള്ള കാത്തിരിപ്പിന് വിലയുണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണ്, ഇക്കാര്യത്തിൽ എസ്ഥേരിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
9 ക്ഷമയോടെയുള്ള കാത്തിരിപ്പിന് എത്ര വിലയുണ്ടെന്നോ! ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സദ്ഗുണമാണ് ഇത്. വരാൻ പോകുന്ന കാര്യങ്ങളോർത്ത് വേവലാതിപ്പെട്ടിരിക്കുകയായിരുന്നു എസ്ഥേർ. എങ്ങനെയെങ്കിലും ഉള്ളിലുള്ളതു മുഴുവൻ തുറന്ന് പറയാൻ വെമ്പുകയായിരുന്നു അവളുടെ ഹൃദയം. എന്നിട്ടും അവൾ തക്ക സമയം വരുന്നതുവരെ കാത്തിരുന്നു. അവളുടെ മാതൃകയിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. ശരിയല്ലെന്നും തിരുത്തപ്പെടേണ്ടതാണെന്നും നമുക്കു ബോധ്യമുള്ള പലതും പലയിടത്തും നമ്മൾ കാണാറുണ്ട്. അധികാരസ്ഥാനത്തുള്ള ആരെയെങ്കിലും അത്തരമൊരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ എസ്ഥേരിനെ അനുകരിച്ചുകൊണ്ട് നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. സദൃശവാക്യങ്ങൾ 25:15 പറയുന്നു: “ദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.” എസ്ഥേർ ചെയ്തതുപോലെ, കാര്യങ്ങൾ പറയാനുള്ള ശരിയായ സമയം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും സൗമ്യതയോടെ സംസാരിക്കുകയും ആണെങ്കിൽ അസ്ഥിപോലെ കാഠിന്യമുള്ള എതിർപ്പിനെയും ‘നുറുക്കിക്കളയാൻ’ നമുക്ക് കഴിയും. എസ്ഥേരിന്റെ ദൈവമായ യഹോവ അവളുടെ ക്ഷമയെയും വിവേകത്തെയും അനുഗ്രഹിച്ചോ?
ക്ഷമാശീലം നീതിക്ക് വഴിയൊരുക്കും
10, 11. ആദ്യത്തെ ദിവസത്തെ വിരുന്നു കഴിഞ്ഞ് മടങ്ങുമ്പോൾ ഹാമാന്റെ സന്തോഷം പെട്ടെന്ന് മങ്ങിപ്പോയത് എന്തുകൊണ്ട്, അവന്റെ ഭാര്യയും സുഹൃത്തുക്കളും അവന് എന്തു പദ്ധതിയാണ് നിർദേശിച്ചു കൊടുത്തത്?
10 എസ്ഥേരിന്റെ കാത്തിരിപ്പുകൊണ്ട് ഫലമുണ്ടായോ? ശ്രദ്ധേയമായ സംഭവങ്ങളുടെ ഒരു പരമ്പരതന്നെയാണ് തുടർന്നുണ്ടായത്. ആദ്യദിവസത്തെ വിരുന്നു കഴിഞ്ഞ് ഹാമാൻ മടങ്ങിയത് അത്യാഹ്ലാദത്തോടെയാണ്. രാജാവും രാജ്ഞിയും തന്നിൽ സംപ്രീതരായി എന്നു കണ്ട് അവൻ “സന്തോഷവും ആനന്ദവുമുള്ളവനായി.” അങ്ങനെ പോകുമ്പോൾ, കൊട്ടാരവാതിൽക്കൽ ഇരിക്കുന്ന മൊർദെഖായിയുടെമേൽ അവന്റെ കണ്ണുപതിഞ്ഞു. ആ യഹൂദൻ തന്നെ കുമ്പിടാൻ ഇനിയും കൂട്ടാക്കുന്നില്ല! പക്ഷേ, മൊർദെഖായി ഇവിടെ ഹാമാനോട് അനാദരവ് കാണിക്കുകയല്ല ചെയ്തത്. അതെക്കുറിച്ച് നമ്മൾ കഴിഞ്ഞ അധ്യായത്തിൽ കണ്ടതാണ്. ശുദ്ധമായ ഒരു മനഃസാക്ഷിയും യഹോവയുമായുള്ള ബന്ധവും കാത്തുസൂക്ഷിക്കാൻവേണ്ടിയാണ് മൊർദെഖായി അങ്ങനെ ചെയ്യാത്തത്. പക്ഷേ, ‘ഹാമാന് മൊർദ്ദെഖായിയുടെ നേരെ കോപം നിറഞ്ഞു!’—എസ്ഥേ. 5:9.
11 ഹാമാൻ വീട്ടിലേക്കാണ് പോയത്. അവിടെച്ചെന്ന് ഭാര്യയോടും കൂട്ടുകാരോടും തനിക്കു നേരിട്ട ഈ അപമാനത്തെപ്പറ്റി പറഞ്ഞു. അവർ ഒരു പദ്ധതി നിർദേശിച്ചു: ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കുക. 50 മുഴം (ഏകദേശം 72 അടി അല്ലെങ്കിൽ 22 മീറ്റർ) പൊക്കം വേണം. എന്നിട്ട്, മൊർദെഖായിയെ അതിൽ തൂക്കിക്കളയാൻ രാജാവിനോട് അനുവാദം വാങ്ങുക! ഇതായിരുന്നു പദ്ധതി. ഹാമാന് അത് നന്നേ ബോധിച്ചു, ഉടനെ അതിനുള്ള ഏർപ്പാടും ചെയ്തു.—എസ്ഥേ. 5:12-14.
12. രാജ്യത്തിന്റെ ഔദ്യോഗിക വൃത്താന്തപുസ്തകം വായിച്ചുകേൾപ്പിക്കാൻ രാജാവ് ആവശ്യപ്പെട്ടത് എന്തുകൊണ്ട്, അപ്പോൾ രാജാവിന് എന്തു മനസ്സിലായി?
12 അതിനിടെ മറ്റൊരു സംഭവമുണ്ടായി. അഹശ്വേരോശ് രാജാവിന് അന്നുരാത്രി ഉറങ്ങാൻ കഴിഞ്ഞില്ല! “രാജാവിന്നു ഉറക്കം വരായ്കയാൽ” രാജ്യത്തിന്റെ വൃത്താന്തപുസ്തകം വായിച്ചുകേൾപ്പിക്കാൻ രാജാവ് ആവശ്യപ്പെട്ടു എന്ന് ബൈബിൾ പറയുന്നു. വായിച്ചുകേട്ട ഭാഗത്ത്, അഹശ്വേരോശ് രാജാവിനെ വധിക്കാനുള്ള ഒരു ഗൂഢപദ്ധതിയെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് സംഭവം പെട്ടെന്ന് ഓർമവന്നു. രാജാവിനെ വകവരുത്താൻ പദ്ധതിയിട്ടവരെ കണ്ടുപിടിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. ഈ ഗൂഢപദ്ധതിയെക്കുറിച്ച് അറിവ് നൽകിയ മൊർദെഖായിയുടെ കാര്യമോ? പെട്ടെന്ന് ഓർത്തെടുത്തതുപോലെ രാജാവ് ചോദിച്ചു: ‘ഇതിനു വേണ്ടി മൊർദ്ദെഖായിക്കു എന്തു ബഹുമാനവും പദവിയും കൊടുത്തു?’ “ഒന്നും കൊടുത്തിട്ടില്ല” എന്ന് ഭൃത്യന്മാർ മറുപടി നൽകി.—എസ്ഥേർ 6:1-3 വായിക്കുക.
13, 14. (എ) കാര്യങ്ങൾ ഹാമാന് എതിരെ തിരിഞ്ഞുതുടങ്ങിയത് എങ്ങനെ? (ബി) ഹാമാന്റെ ഭാര്യയും സുഹൃത്തുക്കളും അവനോട് എന്തു പറഞ്ഞു?
13 രാജാവിന് വ്യസനമായി! ഈ പിഴവിനു പരിഹാരം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. കൊട്ടാര ഉദ്യോഗസ്ഥന്മാരിൽ ആരാണ് അവിടെയുള്ളതെന്ന് രാജാവ് ആരാഞ്ഞു. എല്ലാവരെക്കാളും മുമ്പേ ഹാമാൻ അവിടെ ഹാജരുണ്ടായിരുന്നു! മൊർദെഖായിയെ വധിക്കാൻ രാജാവിനോട് അനുവാദം വാങ്ങാനായി അതികാലത്തേ കൊട്ടാരത്തിലേക്കു പോന്നതായിരിക്കാം ഹാമാൻ. ഹാമാന് രാജാവിനോട് എന്തെങ്കിലും അപേക്ഷിക്കാൻ കഴിയുന്നതിനു മുമ്പേ രാജാവ് അങ്ങോട്ടു ചോദിച്ചു: ‘രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തുകൊടുക്കേണ്ടത്?’ തന്നെയല്ലാതെ വേറെ ആരെയാണ് രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്നതെന്ന് ധരിച്ചുപോയ ഹാമാൻ അത്യാഡംബരത്തോടെയുള്ള ഒരു എഴുന്നള്ളത്താണ് നിർദേശിച്ചത്. എഴുന്നള്ളത്തിന്റെ വിധവും ഹാമാൻ ബോധിപ്പിച്ചു: രാജാവു ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന പുരുഷനെ, രാജവസ്ത്രം ധരിപ്പിച്ച് രാജകിരീടവും വെച്ച്, രാജാവ് കയറുന്ന കുതിരപ്പുറത്ത് ഇരുത്തി, രാജാവിന്റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരാളുടെ അകമ്പടിയോടെ ശൂശൻ രാജവീഥിയിലൂടെ എഴുന്നള്ളിക്കുക! ആ മനുഷ്യന്റെ നന്മകളെല്ലാം സകലരും കേൾക്കെ വിളിച്ചുപറയുകയും വേണം! ഹാമാൻ പറഞ്ഞുതീർന്നതും, താൻ ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ ആരാണെന്ന് രാജാവ് വെളിപ്പെടുത്തി: മൊർദെഖായി! അതുകേട്ട ഹാമാന്റെ മുഖം നിങ്ങൾക്കൊന്ന് സങ്കല്പിക്കാമോ? വിളറിവെളുത്ത്, ഇളിഭ്യനായി നിൽക്കുന്ന ഹാമാൻ! തീർന്നില്ല, മൊർദെഖായിയെ പാടിപ്പുകഴ്ത്താൻ രാജാവ് നിയമിച്ചതോ? ഹാമാനെത്തന്നെ!—എസ്ഥേ. 6:4-10.
14 നീരസവും അപമാനവും നുരഞ്ഞുപൊന്തുന്ന മനസ്സോടെ ഹാമാൻ രാജാവ് ഏൽപ്പിച്ച ദൗത്യം ഒരുവിധത്തിൽ മുഴുമിപ്പിച്ച് വീട്ടിലേക്ക് പാഞ്ഞു. നിരാശിതനും അപമാനിതനും ആയി അവൻ വീട്ടിൽ വന്നുകയറി. കാര്യങ്ങൾ ഇങ്ങനെ മാറിമറിഞ്ഞത് ദുസ്സൂചനയാണെന്നും അവന്റെ തോൽവി ആരംഭിച്ചുകഴിഞ്ഞെന്നും ഭാര്യയും സുഹൃത്തുക്കളും അവനോടു പറഞ്ഞു. ‘മൊർദെഖായി യഹൂദവംശജനാണോ, എങ്കിൽ, നീ അവനോടു ജയിക്കയില്ല,’ അവർ തറപ്പിച്ചുപറഞ്ഞു.—എസ്ഥേ. 6:12, 13.
15. (എ) എസ്ഥേർ ക്ഷമയോടെ കാത്തിരുന്നതുകൊണ്ടുണ്ടായ പ്രയോജനം എന്ത്? (ബി) ‘ദൈവത്തിനായി കാത്തിരിക്കുന്നതാണ്’ വിവേകം എന്നു പറയുന്നത് എന്തുകൊണ്ട്?
15 രാജാവിനോട് തന്റെ അപേക്ഷ ബോധിപ്പിക്കാൻ എസ്ഥേർ ഒരു ദിവസംകൂടി കാത്തിരിക്കുകയാണ്. രസകരമെന്നു പറയട്ടെ, ഹാമാനും കിട്ടി ഒരു ദിവസം! ‘സ്വന്തം ശവക്കുഴി തോണ്ടാനാണെന്നു മാത്രം!’ യഹോവതന്നെയായിരിക്കില്ലേ രാജാവിന്റെ ഉറക്കമില്ലായ്മയുടെ പുറകിൽ പ്രവർത്തിച്ചതും? (സദൃ. 21:1) ‘ദൈവത്തിനായി കാത്തിരിക്കുക’ എന്ന് ദൈവവചനം പറയുന്നത് വെറുതെയല്ല! (മീഖാ 7:7 വായിക്കുക.) അങ്ങനെ ദൈവം പ്രവർത്തിക്കുന്നതിനുവേണ്ടി കാത്തിരുന്നാൽ എന്താണ് നേട്ടം? നമ്മുടെ പ്രശ്നങ്ങൾക്ക് നാം തന്നെ കണ്ടെത്തിയേക്കാവുന്ന ഏതൊരു പരിഹാരത്തെയും നിഷ്പ്രഭമാക്കുന്നതായിരിക്കും യഹോവ കൊണ്ടുവരുന്ന പോംവഴികൾ!
അവൾ ധൈര്യത്തോടെ കാര്യം അവതരിപ്പിക്കുന്നു
16, 17. (എ) എസ്ഥേരിനു ‘സംസാരിപ്പാനുള്ള സമയം’ വന്നത് എപ്പോൾ? (ബി) രാജാവിന്റെ മുൻഭാര്യയായ വസ്ഥിയിൽനിന്ന് എസ്ഥേർ വ്യത്യസ്തയായിരുന്നത് എങ്ങനെ?
16 രാജാവിന്റെ ക്ഷമയെ ഇനിയും പരീക്ഷിക്കാൻ എസ്ഥേരിനു ധൈര്യമില്ല. രണ്ടാമത്തെ വിരുന്നുവേളയാണ് ഇത്. എല്ലാം തുറന്ന് പറഞ്ഞേ മതിയാകൂ. പക്ഷേ എങ്ങനെ തുടങ്ങും? അധികം വിഷമിക്കേണ്ടിവന്നില്ല, രാജാവുതന്നെ അതിനു തുടക്കമിട്ടുകൊടുത്തു. തലേദിവസത്തേതുപോലെ അദ്ദേഹം വീണ്ടും ചോദിച്ചു: “നിന്റെ അപേക്ഷ എന്ത്?” (എസ്ഥേ. 7:2) എസ്ഥേരിന്, ‘സംസാരിപ്പാനുള്ള സമയം’ വന്നു!
17 രാജസന്നിധിയിൽ വായ് തുറക്കുന്നതിനു മുമ്പ് എസ്ഥേർ ഒരു നിമിഷം യഹോവയോട് മൗനമായി പ്രാർഥിച്ചിട്ടുണ്ടാകും. പിന്നെ അവൾ ഇങ്ങനെ ഉണർത്തിച്ചു: “രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.” (എസ്ഥേ. 7:3) ശരിയെന്നു തോന്നുന്നതെന്തും ചെയ്യാനുള്ള രാജാവിന്റെ അവകാശത്തെ അവൾ ആദരിച്ചു. അത് രാജാവിനു ബോധ്യം വരുന്ന വിധത്തിലുള്ളതായിരുന്നു അവളുടെ വാക്കുകൾ. വസ്ഥിയിൽ നിന്ന് എത്രയോ വ്യത്യസ്തം! രാജാവിന്റെ മുൻഭാര്യയായ വസ്ഥി, രാജാവിനെ കരുതിക്കൂട്ടി അപമാനിക്കുകയായിരുന്നല്ലോ! (എസ്ഥേ. 1:10-12) എസ്ഥേരിന്റെ വിവേകം ദൃശ്യമായ മറ്റൊരു വിധം നോക്കുക: ഹാമാനെ കണ്ണുമടച്ചു വിശ്വസിച്ചതിൽ രാജാവു കാണിച്ച ഭോഷത്തത്തിന് അദ്ദേഹത്തെ അവൾ തെല്ലും കുറ്റപ്പെടുത്തിയില്ല. പകരം, തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും അതിൽനിന്ന് തന്നെ കരകയറ്റേണമേ എന്നും രാജാവിനോട് കേണപേക്ഷിക്കുകയാണുണ്ടായത്.
18. എസ്ഥേർ, രാജാവിനോട് പ്രശ്നം തുറന്ന് പറഞ്ഞത് എങ്ങനെ?
18 രാജ്ഞിയുടെ ഈ യാചന രാജാവിന്റെ ഹൃദയത്തിൽ കൊണ്ടു! രാജപത്നിയുടെ ജീവൻ വെച്ചു കളിക്കാൻ ധൈര്യപ്പെട്ടത് ആരാണെന്ന് അദ്ദേഹം അമ്പരന്നു! എസ്ഥേർ നിറുത്തിയില്ല: ‘ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു.’ (എസ്ഥേ. 7:4) അവൾ തുടർന്നു: “ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.” (എസ്ഥേ. 7:4ബി പി.ഒ.സി.) അവൾ പ്രശ്നം ഒട്ടും മറച്ചുവെക്കാതെ തുറന്ന് പറഞ്ഞു. അവളെയും ജനത്തെയും അടിമകളാക്കുക മാത്രമായിരുന്നെങ്കിൽ അവൾ അത് സാരമാക്കുമായിരുന്നില്ല. എന്നാൽ ഈ വംശഹത്യ രാജാവിന് വളരെ ദോഷം ചെയ്യുന്നതായതുകൊണ്ട് മൗനം പാലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
19. മറ്റുള്ളവരിൽ പ്രേരകശക്തി ചെലുത്താനുള്ള എസ്ഥേരിന്റെ കഴിവിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
19 കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വേണ്ടതു ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒരു കലയാണ്! എസ്ഥേരിന് അതിനു കഴിഞ്ഞു. ഇണയോടോ കുടുംബാംഗത്തോടോ അധികാരസ്ഥാനത്തുള്ള ഒരാളോടോ ഗൗരവമുള്ള ഒരു കാര്യം തുറന്ന് പറയേണ്ടതുള്ളപ്പോൾ ക്ഷമയോടെ, ആദരവോടെ, വളച്ചുകെട്ടില്ലാതെ, സത്യസന്ധമായി വേണം കാര്യം അവതരിപ്പിക്കാൻ!—സദൃ. 16:21, 23.
20, 21. (എ) എസ്ഥേർ ഹാമാന്റെ തനിനിറം വെളിച്ചത്താക്കിയത് എങ്ങനെ, രാജാവിന്റെ പ്രതികരണം എന്തായിരുന്നു? (ബി) തനിനിറം വെളിപ്പെട്ടപ്പോൾ ഹാമാൻ പെരുമാറിയത് എങ്ങനെ?
20 ഉറച്ച സ്വരത്തിൽ അഹശ്വേരോശ് ചോദിച്ചു: “അവൻ ആർ? ഇങ്ങനെ ചെയ്വാൻ തുനിഞ്ഞവൻ എവിടെ?” ഹാമാനുനേരെ വിരൽചൂണ്ടിക്കൊണ്ട് “വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ” എന്ന് എസ്ഥേർ പറയുന്നത് നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ? ആ ഗുരുതരമായ ആരോപണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഹാമാൻ ഞെട്ടിവിറച്ചു! മുൻകോപിയായ രാജാവിന്റെ മുഖം ചുവന്നു! താൻ വിശ്വസിച്ച് ആക്കിവെച്ചിരിക്കുന്ന മന്ത്രിമുഖ്യൻ തന്റെ പ്രിയപത്നിയെ വകവരുത്താനുള്ള കല്പനയിൽ തന്നെക്കൊണ്ടുതന്നെ മുദ്രവെപ്പിച്ചിരിക്കുന്നു! ഹാമാന്റെ ആ കുതന്ത്രം തിരിച്ചറിഞ്ഞ രാജാവിന് കോപം അടക്കാനായില്ല! വിരുന്നുശാലയിൽനിന്ന് ഉദ്യാനത്തിലേക്ക് അദ്ദേഹം ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുപോയി!—എസ്ഥേ. 7:5-7.
ഹാമാന്റെ ദുഷ്ടത എസ്ഥേർ ധൈര്യത്തോടെ തുറന്ന് കാട്ടി
21 ഹാമാന്റെ തനിനിറം വെളിപ്പെട്ടു! ദ്രോഹി! കുതന്ത്രം മെനഞ്ഞ ഭീരു! ഇനി രക്ഷയില്ലെന്നു കണ്ട ഹാമാൻ രാജ്ഞിയുടെ കാൽക്കൽ കവിണ്ണുവീണു. ശാന്തത വീണ്ടെടുത്ത് ഉദ്യാനത്തിൽനിന്ന് അകത്തേക്ക് തിരിച്ചുവന്ന രാജാവ് കാണുന്നത് ഹാമാൻ എസ്ഥേരിന്റെ മെത്തമേൽ വീണു കിടക്കുന്ന കാഴ്ചയാണ്. രാജാവിന്റെ കോപം ഇരട്ടിച്ചു. ‘എന്റെ അരമനയിൽവെച്ച് എന്റെ രാജ്ഞിയെ ബലാത്സംഗം ചെയ്യാൻ നീ തുനിഞ്ഞിരിക്കുന്നുവോ?’ ആ ചോദ്യം ഹാമാന്റെ മരണമണിയായിരുന്നു! പരിചാരകർ കടന്നുവന്ന് അവന്റെ മുഖം മൂടി, അവനെ കൊണ്ടുപോയി. മൊർദെഖായിക്കുവേണ്ടി ഹാമാൻ ഒരു കൂറ്റൻ കഴുമരം ഉണ്ടാക്കിയിട്ടുള്ള വിവരം ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അപ്പോൾ രാജാവിനെ അറിയിച്ചു. ആ കഴുമരത്തിൽത്തന്നെ ഹാമാനെ തൂക്കിക്കളയാൻ അഹശ്വേരോശ് ഉത്തരവിട്ടു! അങ്ങനെ എല്ലാം ഒരു നിമിഷംകൊണ്ട് മാറിമറിഞ്ഞു!—എസ്ഥേ. 7:8-10.
22. നിരാശപ്പെടാതെ, ശുഭപ്രതീക്ഷയോടെ, യഹോവയിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ടുപോകാൻ എസ്ഥേരിന്റെ മാതൃക നമ്മെ സഹായിക്കുന്നത് എങ്ങനെ?
22 അനീതി നിറഞ്ഞ ഇന്നത്തെ ലോകാവസ്ഥയിൽ ഒരിക്കലും നീതി നടപ്പാകാൻ പോകുന്നില്ലെന്ന് നമുക്ക് തോന്നിപ്പോയേക്കാം. നിങ്ങൾക്ക് അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എസ്ഥേർ ഒരിക്കലും പ്രതീക്ഷ കൈവെടിഞ്ഞില്ല, വിശ്വാസം നഷ്ടപ്പെടുത്തിയില്ല, ദോഷവശങ്ങൾ മാത്രം ചിന്തിച്ച് മനസ്സ് മടുത്തതുമില്ല. സമയം വന്നപ്പോൾ അവൾ ധൈര്യത്തോടെ ശരിയായ കാര്യത്തിനുവേണ്ടി സംസാരിച്ചു. തന്റെ ഭാഗം ഭംഗിയായി ചെയ്ത് ബാക്കി യഹോവ ചെയ്യുമെന്ന ഉറപ്പിൽ അവനു വിട്ടു. നമുക്കും അതുപോലെതന്നെ ചെയ്യാം. അന്നും ഇന്നും യഹോവയ്ക്ക് യാതൊരു മാറ്റവും ഇല്ല. ഹാമാൻ കുഴിച്ച കുഴിയിൽ ഹാമാനെ വീഴിച്ചതുപോലെ ദുഷ്ടരെയും വഞ്ചകരെയും അവരവരുണ്ടാക്കുന്ന കെണിയിൽത്തന്നെ വീഴ്ത്താൻ യഹോവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?—സങ്കീർത്തനം 7:11-16 വായിക്കുക.
യഹോവയ്ക്കും അവന്റെ ജനത്തിനും വേണ്ടി അവൾ നിസ്വാർഥമായി പ്രവർത്തിച്ചു
23. (എ) രാജാവ് മൊർദെഖായിക്കും എസ്ഥേരിനും പ്രതിഫലം നൽകിയത് എങ്ങനെ? (ബി) ബെന്യാമീനെക്കുറിച്ച് യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനം സത്യമായി ഭവിച്ചത് എങ്ങനെ? (“സത്യമായി ഭവിച്ച ഒരു പ്രവചനം” എന്ന ചതുരം കാണുക.)
23 ഒടുവിൽ രാജാവിന് മൊർദെഖായി ആരാണെന്നു മനസ്സിലായി. വധശ്രമത്തിൽനിന്ന് തന്നെ സംരക്ഷിച്ചയാൾ, കൂറുള്ള ഒരു പ്രജ! അദ്ദേഹം എസ്ഥേരിന്റെ വളർത്തുപിതാവുമാണ്. ഹാമാന്റെ പ്രധാനമന്ത്രിപദം അഹശ്വേരോശ് മൊർദെഖായിക്ക് നൽകി. ഹാമാന്റെ വീടും കണക്കില്ലാത്ത വസ്തുവകകളും രാജാവ് എസ്ഥേരിനു കൊടുത്തു. എസ്ഥേർ മൊർദെഖായിയെ അതിന്റെ കാര്യസ്ഥനാക്കി.—എസ്ഥേ. 8:1, 2.
24, 25. (എ) ഹാമാന്റെ പദ്ധതി പൊളിച്ചശേഷവും എസ്ഥേരിന് സ്വസ്ഥയായി ഇരിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ട്? (ബി) അവൾ തന്റെ ജീവൻ വീണ്ടും പണയപ്പെടുത്തിയത് എങ്ങനെ?
24 എസ്ഥേരും മൊർദെഖായിയും ഇപ്പോൾ സുരക്ഷിതരാണ്. ഇനി എസ്ഥേരിന് സ്വസ്ഥമായി ഇരിക്കാമോ? അവൾ സ്വാർഥയാണെങ്കിൽ മാത്രമേ അതിനു കഴിയൂ. ഈ സമയത്ത്, യഹൂദന്മാരെ കൊല്ലാനായി ഹാമാൻ അയച്ച കല്പന സാമ്രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തുന്നുണ്ടായിരുന്നു. മൃഗീയമായ ഈ നരവേട്ടയ്ക്ക് ഹാമാൻ ഒരു സമയം നിശ്ചയിച്ചിരുന്നു. ചീട്ടിട്ടാണ് അത് തീരുമാനിച്ചത്. പൂര് എന്നാണ് ഇതിനു പറയുന്നത്. ഒരുതരം ഭൂതവിദ്യയാണ് ഇതെന്നു തോന്നുന്നു. (എസ്ഥേ. 9:24-26) ആ ദിവസത്തിന് ഇനി മാസങ്ങൾ ബാക്കിയുണ്ട്. പക്ഷേ സമയം അടുത്തടുത്ത് വരുകയാണ്. ഈ കൂട്ടസംഹാരം എങ്ങനെ ഒഴിഞ്ഞുപോകും?
25 എസ്ഥേർ വീണ്ടും തന്റെ ജീവൻ പണയപ്പെടുത്തി. ക്ഷണിക്കപ്പെടാതെ ഒരിക്കൽക്കൂടി രാജാവിന്റെ മുമ്പിൽ എത്താൻ അവൾ ധൈര്യപ്പെട്ടു. അവൾ ഒട്ടും സ്വാർഥയല്ലായിരുന്നു! അവൾ രാജാവിന്റെ കാല്ക്കൽ വീണ് തന്റെ ജനത്തിനുവേണ്ടി യാചിച്ചു. ഭീകരമായ ആ രാജകല്പന റദ്ദാക്കണമെന്ന് ഭർത്താവിനോട് അപേക്ഷിച്ചു. എന്നാൽ പേർഷ്യൻ രാജാക്കന്മാർ ഒരിക്കൽ മുദ്രയിട്ട് വിളംബരം ചെയ്ത ഒരു നിയമം പിന്നീട് റദ്ദാക്കാൻ കഴിയില്ലായിരുന്നു. (ദാനീ. 6:12, 15) അതുകൊണ്ട് പുതിയൊരു നിയമം നടപ്പാക്കാൻ എസ്ഥേരിനെയും മൊർദെഖായിയെയും രാജാവ് അധികാരപ്പെടുത്തി. അങ്ങനെ രണ്ടാമത് ഒരു വിളംബരം നാടെങ്ങും മുഴങ്ങി. യഹൂദന്മാർക്ക് സ്വയരക്ഷയ്ക്കുവേണ്ടി പോരാടാനുള്ള അവകാശം നൽകുന്നതായിരുന്നു ഈ നിയമം. കുതിരക്കാർ ഈ സന്ദേശവുമായി സാമ്രാജ്യത്തിലെമ്പാടും പാഞ്ഞു. യഹൂദന്മാരുടെ മനംകുളിർപ്പിക്കുന്നതായിരുന്നു ഈ സന്ദേശം. ആ ഹൃദയങ്ങളിൽ പ്രത്യാശയുടെ തിരിനാളങ്ങൾ തെളിഞ്ഞു! (എസ്ഥേ. 8:3-16) വിശാലമായ ആ സാമ്രാജ്യത്തിലെമ്പാടുമുള്ള യഹൂദന്മാർ ആയുധങ്ങൾ ശേഖരിക്കുന്നതും പോരാട്ടത്തിന് തയ്യാറെടുക്കുന്നതും നിങ്ങൾക്ക് ഭാവനയിൽ കാണാനാകുന്നുണ്ടോ? ആ പുതിയ കല്പന പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കുമായിരുന്നില്ല. എന്നാൽ, “സൈന്യങ്ങളുടെ യഹോവ” തന്റെ ജനത്തിന്റെ കൂടെയുള്ളതല്ലേ ഇതിലേറെ പ്രധാനം?—1 ശമൂ. 17:45.
പേർഷ്യൻ സാമ്രാജ്യത്തിലുള്ള യഹൂദന്മാർക്ക് എസ്ഥേരും മൊർദെഖായിയും ചേർന്ന് പുതിയ രാജശാസനം തയ്യാറാക്കി അയച്ചു
26, 27. (എ) തന്റെ ജനത്തിന് യഹോവ നൽകിയ വിജയം എത്ര വലുതായിരുന്നു? (ബി) ഹാമാന്റെ പുത്രന്മാരെ കൊന്നുകളഞ്ഞതോടെ ഏതു പ്രവചനമാണ് സത്യമായിത്തീർന്നത്?
26 അങ്ങനെ ഒടുവിൽ ഹാമാൻ കുറിച്ചുവെച്ചിരുന്ന ആ സംഹാരദിനമായി! ദൈവജനം സുസജ്ജരായി നിന്നു. യഹൂദനായ മൊർദെഖായി പുതിയ പ്രധാനമന്ത്രിയായ വാർത്ത ഇതിനോടകം പ്രചരിച്ചിരുന്നു. അതിനാൽ നിരവധി പേർഷ്യൻ ഉദ്യോഗസ്ഥർ യഹൂദന്മാർക്ക് തുണ നിന്നു. യഹോവ അന്ന് തന്റെ ജനത്തിന് വലിയ വിജയം നൽകി! ശത്രുക്കൾ നിലംപരിചായെന്ന് യഹോവ ഉറപ്പുവരുത്തി. അല്ലാത്തപക്ഷം അവർ പ്രതികാരവുമായി വീണ്ടും ദൈവജനത്തിനെതിരെ തിരിഞ്ഞാലോ?a—എസ്ഥേ. 9:1-6.
27 എന്നാൽ ഒരു അപകടം ബാക്കിയുണ്ടായിരുന്നു. ഹാമാന്റെ പത്തു പുത്രന്മാർ അപ്പോഴും ജീവിച്ചിരിപ്പുണ്ട്! ഹാമാന്റെ വീടിന്റെ മേൽനോട്ടം ഇപ്പോൾ മൊർദെഖായിക്കായതുകൊണ്ട് അവന്റെ ജീവന് അപകടസാധ്യത ഏറെയാണ്. അതുകൊണ്ട് അവരെയും കൊന്നുകളഞ്ഞു. (എസ്ഥേ. 9:7-10) അത് സംഭവിച്ചപ്പോൾ ഒരു ബൈബിൾ പ്രവചനം സത്യമായി ഭവിക്കുകയായിരുന്നു. അമാലേക്യരെ നിശ്ശേഷം കൊന്നുമുടിക്കണമെന്ന് യഹോവ പണ്ടുതന്നെ കല്പിച്ചിട്ടുണ്ടായിരുന്നു. ദൈവജനത്തെ അതിക്രൂരമായി ഉപദ്രവിച്ചവരാണ് അമാലേക്യർ. (ആവ. 25:17-19) ആ ശപിക്കപ്പെട്ട ജനതയിലെ അവസാനയംഗങ്ങളായിരിക്കാം ഹാമാന്റെ ഈ പത്തു പുത്രന്മാർ.
28, 29. (എ) എസ്ഥേരും അവളുടെ ജനവും യുദ്ധം ചെയ്യേണ്ടത് ദൈവഹിതമായിരുന്നത് എന്തുകൊണ്ട്? (ബി) എസ്ഥേരിന്റെ മാതൃക നമുക്ക് ഒരു അനുഗ്രഹമായിരിക്കുന്നത് എങ്ങനെ?
28 എസ്ഥേരിന് ഈ ചെറുപ്രായത്തിൽ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഏറ്റെടുക്കേണ്ടിവന്നത്. യുദ്ധവും വധനിർവഹണവും മറ്റും ഉൾപ്പെട്ട രാജശാസനങ്ങൾ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യേണ്ട ചുമതല! അത് അത്ര നിഷ്പ്രയാസം ചെയ്യാൻ കഴിയുമായിരുന്നില്ല. അവളുടെ ജനം നശിപ്പിക്കപ്പെടാൻ പാടില്ലായിരുന്നു. കാരണം ആ ജനതയിലൂടെയാണ് മുഴുമനുഷ്യവർഗത്തിന്റെയും ഏകപ്രത്യാശയായ വാഗ്ദത്തമിശിഹാ വരേണ്ടിയിരുന്നത്. അതുകൊണ്ട് അവരെ സംരക്ഷിക്കേണ്ടത് ദൈവഹിതമായിരുന്നു. (ഉല്പ. 22:18) യേശുവായിരുന്നു ആ വാഗ്ദത്തമിശിഹാ. അവന്റെ കാലംമുതൽ ദൈവദാസന്മാർ അക്ഷരീയയുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. കാരണം യേശു അത് വിലക്കി. ഇന്നത്തെ ദൈവദാസന്മാരായ നമ്മൾ അതിൽ എത്ര സന്തോഷിക്കുന്നു!—മത്താ. 26:52.
29 എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് ഇന്ന് മറ്റൊരുതരം യുദ്ധമുണ്ട്, ഒരു ആത്മീയയുദ്ധം! ഇവിടെ സാത്താനാണ് നമ്മുടെ ശത്രു. യഹോവയാം ദൈവത്തിലുള്ള നമ്മുടെ വിശ്വാസം തകർക്കാൻ അവൻ സദാ പോരാടുകയാണ്. (2 കൊരിന്ത്യർ 10:3, 4 വായിക്കുക.) ഒരു മാതൃകയായി എസ്ഥേർ ഉള്ളത് നമുക്ക് എന്തൊരു അനുഗ്രഹമാണ്! കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുള്ളപ്പോൾ എസ്ഥേരിനെപ്പോലെ വിവേകത്തോടെയും ക്ഷമയോടെയും അങ്ങനെ ചെയ്യാം! അവളെപ്പോലെ ധൈര്യത്തോടെയും നിസ്വാർഥമായും നമുക്ക് ദൈവജനത്തിന്റെ പക്ഷത്ത് നിൽക്കാം!
a ശത്രുക്കളെ കൊന്നുമുടിക്കാൻ ഒരു ദിവസം കൂടെ രാജാവ് യഹൂദന്മാർക്ക് കൊടുത്തു. (എസ്ഥേ. 9:12-14) ഇന്നും യഹൂദന്മാർ ഓരോ വർഷവും ആദാർ മാസത്തിൽ ഈ വിജയം ആഘോഷിച്ചുവരുന്നു. ഇപ്പോഴത്തെ കലണ്ടർ അനുസരിച്ച് ഇത് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ്. പൂരീം എന്നാണ് ഈ ഉത്സവത്തിന്റെ പേര്. ഇസ്രായേല്യരെ എങ്ങനെയും നശിപ്പിക്കാൻ ഹാമാൻ ചീട്ടിട്ടതുമായി ബന്ധപ്പെട്ടാണ് ഈ പേരു വന്നിരിക്കുന്നത്.
-