മുഖ്യലേഖനം | നല്ലവർ ദുരിതം അനുഭവിക്കുന്നത് എന്തുകൊണ്ട്?
നല്ലവർ ദുരിതം അനുഭവിക്കുന്നു എന്തുകൊണ്ട്?
ദൈവം സകലത്തിന്റെയും സ്രഷ്ടാവും സർവശക്തനും ആയതിനാൽ ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി അവനാണെന്ന് അനേകം ആളുകൾ കരുതുന്നു. സംഭവിക്കുന്ന മോശം കാര്യങ്ങൾക്കും ആളുകൾ അവനെ പഴിചാരുന്നു. എന്നാൽ സത്യദൈവമായ യഹോവയെക്കുറിച്ച്a ബൈബിൾ എന്താണ് പറയുന്നതെന്ന് നമുക്കു നോക്കാം:
‘യഹോവ തന്റെ സകലവഴികളിലും നീതിമാൻ ആകുന്നു.’—സങ്കീർത്തനം 145:17.
“അവന്റെ (ദൈവത്തിന്റെ) വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”—ആവർത്തനപുസ്തകം 32:4.
‘യഹോവ വാത്സല്യവും കരുണയും നിറഞ്ഞവൻ.’—യാക്കോബ് 5:11.
മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം ഇടയാക്കുന്നില്ല എന്നതു സത്യമാണ്. എന്നാൽ, ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ‘പരീക്ഷ നേരിടുമ്പോൾ “ദൈവം എന്നെ പരീക്ഷിക്കുകയാകുന്നു” എന്ന് ആരും പറയാതിരിക്കട്ടെ’ എന്ന് ബൈബിൾ പറയുന്നു. എന്തുകൊണ്ട്? കാരണം “ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.” (യാക്കോബ് 1:13) അതെ, ദൈവം ഒരുവനെ മോശമായി പെരുമാറാൻ പ്രേരിപ്പിച്ചുകൊണ്ട് പരീക്ഷിക്കുന്നില്ല. ചുരുക്കത്തിൽ, മോശമായ കാര്യങ്ങൾ സംഭവിക്കാൻ ദൈവം ഇടയാക്കുന്നില്ലെന്നു മാത്രമല്ല ഇത്തരം കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ദുരിതങ്ങൾ സംഭവിക്കുമ്പോൾ ആരെ അല്ലെങ്കിൽ എന്തിനെയാണ് നാം പഴിക്കേണ്ടത്?
ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലത്ത് ആയിപ്പോകുക
“കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണ്” മനുഷ്യർ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിന്റെ ഒരു കാരണമെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 9:11, NW) അപ്രതീക്ഷിതകാര്യങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോൾ ഒരു വ്യക്തിയെ അതു ബാധിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു വലിയ പരിധിവരെ സംഭവം നടന്ന സമയത്ത് അയാൾ എവിടെയായിരുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്, ഒരു ഗോപുരം വീണ് 18 പേർ മരിക്കാൻ ഇടയായ ഒരു ദുരന്തത്തെക്കുറിച്ച് യേശു പറയുകയുണ്ടായി. (ലൂക്കോസ് 13:1-5) മോശമായ രീതിയിൽ ജീവിതം നയിച്ചതുകൊണ്ടല്ല അവർ അതിന് ഇരകളായത്; പകരം, ഗോപുരം വീണ സമയത്ത് അവർ അവിടെയായിരുന്നു എന്നതാണ് കാരണം. 2010 ജനുവരിയിൽ ഒരു ഭൂകമ്പം ഹെയ്റ്റി നഗരത്തെ പിടിച്ചുലച്ചു. ഗവണ്മെന്റ് അധികാരികളുടെ കണക്കനുസരിച്ച് ആ സംഭവത്തിൽ മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അതുപോലെ, 2013 ജൂണിൽ ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും നാലായിരം പേരുടെ ജീവൻ അപഹരിക്കുകയും ഒരു ലക്ഷത്തിലധികം വരുന്ന ആളുകളെ ബാധിക്കുകയും ചെയ്തു. ഇവയിൽ, എല്ലാത്തരത്തിലുള്ള ആളുകൾക്കും ജീവൻ നഷ്ടമായി. സമാനമായി രോഗങ്ങളും ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം.
നല്ലവരായ ആളുകളെ ദൈവം ദുരന്തങ്ങളിൽനിന്നു സംരക്ഷിക്കാത്തത് എന്തുകൊണ്ട്?
ചിലർ ഇങ്ങനെ ചോദിച്ചേക്കാം: ഇത്തരം വിപത്തുകൾ ദൈവത്തിനു തടയാമായിരുന്നില്ലേ? നല്ലവരായ ആളുകളെ അവനു സംരക്ഷിക്കാമായിരുന്നില്ലേ? ദൈവം ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപെടുന്നു എന്ന് വിചാരിക്കുക. അങ്ങനെയെങ്കിൽ, മോശമായ കാര്യങ്ങൾ സംഭവിക്കുന്നതിനു മുമ്പുതന്നെ ദൈവത്തിന് അതെക്കുറിച്ച് അറിയാം എന്നായിരിക്കില്ലേ അതിന് അർഥം! ഭാവി മുൻകൂട്ടി കാണാനുള്ള പ്രാപ്തി ദൈവത്തിനു നിശ്ചയമായും ഉണ്ടെന്നിരിക്കെ നാം പരിചിന്തിക്കേണ്ട ചോദ്യം ഇതാണ്: അവൻ തന്റെ ആ പ്രാപ്തി യാതൊരു പരിധിയും വെക്കാതെ സകല കാര്യങ്ങളും അറിയുന്നതിനായി ഉപയോഗിക്കുമോ?—യെശയ്യാവു 42:9.
ബൈബിൾ പറയുന്നു: “ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീർത്തനം 115:3) യഹോവയ്ക്കു സകല കാര്യങ്ങളും ചെയ്യാനുള്ള പ്രാപ്തിയുണ്ടെങ്കിലും ചെയ്യണമെന്നു താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമാണ് അവൻ ചെയ്യുന്നത്. സമാനമായി, സകലതും മുൻകൂട്ടി കാണാനുള്ള പ്രാപ്തി അവനുണ്ടെങ്കിലും അവയെല്ലാം മുൻകൂട്ടി അറിയാൻ അവൻ ശ്രമിക്കുന്നില്ല. ഉദാഹരണത്തിന്, പുരാതനനഗരങ്ങളായ സൊദോമിലും ഗൊമോറയിലും ദുഷ്ടത പെരുകിയിരിക്കുന്നു എന്നു കണ്ടപ്പോൾ ദൈവം ഗോത്രപിതാവായ അബ്രാഹാമിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.” (ഉല്പത്തി 18:20, 21) അതിനർഥം, ആ പട്ടണങ്ങളിലെ ദുഷ്ടത എത്രത്തോളമുണ്ടെന്ന് അറിയാൻ ഒരു സമയംവരെ യഹോവ ശ്രമിച്ചില്ല എന്നാണ്. അതായത്, വേണമെങ്കിൽ കാര്യങ്ങൾ മുൻകൂട്ടി അറിയേണ്ടതില്ല എന്നു തീരുമാനിക്കാനും യഹോവയ്ക്കു കഴിയും. (ഉല്പത്തി 22:12) “അവന്റെ പ്രവൃത്തി അത്യുത്തമം” ആണെന്ന് ബൈബിൾ പറയുന്നു. (ആവർത്തനപുസ്തകം 32:4) അതുകൊണ്ട്, കാര്യങ്ങൾ മുൻകൂട്ടി അറിയാതിരിക്കുന്നത് യാതൊരു പ്രകാരത്തിലും അവന്റെ ഭാഗത്തെ കുറവിനെയോ ബലഹീനതയെയോ അർഥമാക്കുന്നില്ല. മുൻകൂട്ടി അറിയാനുള്ള പ്രാപ്തി തന്റെ ഉദ്ദേശ്യത്തോടുള്ള ബന്ധത്തിൽ മാത്രമേ ദൈവം ഉപയോഗിക്കുന്നുള്ളൂ. ഒരു നിശ്ചിതഗതി പിന്തുടരണമെന്ന് അവൻ മനുഷ്യരെ നിർബന്ധിക്കുന്നുമില്ല.b ഇതിൽനിന്നു നമുക്ക് എന്തു മനസ്സിലാക്കാം? ദൈവം സൂക്ഷ്മതയോടെയും വിവേചനയോടെയും ആണ് മുൻകൂട്ടി അറിയാനുള്ള തന്റെ പ്രാപ്തി ഉപയോഗിക്കുന്നത്.
നല്ല ആളുകളെ ദൈവം കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കാത്തത് എന്തുകൊണ്ട്?
മനുഷ്യരാണോ ഉത്തരവാദികൾ?
ഭാഗികമായി, ദുഷ്ടതയ്ക്കുള്ള ഉത്തരവാദികൾ മനുഷ്യരാണ്. ദോഷത്തിലേക്കു നയിക്കുന്ന പടികളെക്കുറിച്ചു ബൈബിൾ വിവരിക്കുന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. “ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം വളർച്ചയെത്തിയിട്ട് മരണത്തെ ജനിപ്പിക്കുന്നു.” (യാക്കോബ് 1:14, 15) ആളുകൾ അനുചിതമായ മോഹങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിക്കുകയോ തെറ്റായ ആഗ്രഹങ്ങൾക്കു വഴിപ്പെടുകയോ ചെയ്യുമ്പോൾ, അവർക്ക് അതിന്റെ പരിണിതഫലങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നു. (റോമർ 7:21-23) ചരിത്രരേഖകൾ വ്യക്തമാക്കുന്നതുപോലെ, മനുഷ്യർ ഭീതിജനകമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന്റെ ഫലമായി വലിയ വേദനകൾ വരുത്തിവെച്ചിരിക്കുന്നു. മാത്രമല്ല, ദുഷ്ടമനുഷ്യർ മറ്റുള്ളവരെയുംകൂടെ ദുഷിപ്പിച്ചുകൊണ്ട്, മോശമായ കാര്യങ്ങൾ മാറ്റമില്ലാതെ തുടരാൻ ഇടയാക്കിയിരിക്കുന്നു.—സദൃശവാക്യങ്ങൾ 1:10-16.
മനുഷ്യർ ഭീതിജനകമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന്റെ ഫലമായി വലിയ വേദനകൾ വരുത്തിവെച്ചിരിക്കുന്നു
കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് ദുഷ്ടത പ്രവർത്തിക്കുന്നതിൽനിന്നു ദൈവം ആളുകളെ തടയേണ്ടതുണ്ടോ? ഇത് മനസ്സിലാക്കാൻ, മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുക. ബൈബിൾ പറയുന്നതനുസരിച്ച്, ദൈവത്തിന്റെ സ്വരൂപത്തിൽ, അതായത് അവന്റെ സാദൃശ്യത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് മനുഷ്യന് ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള പ്രാപ്തിയുണ്ട്. (ഉല്പത്തി 1:26) കൂടാതെ, സ്വതന്ത്രമായ ഇച്ഛാശക്തി അഥവാ സ്വന്തമായി ചിന്തിച്ച് തീരുമാനമെടുക്കാനുള്ള പ്രാപ്തിയും ദൈവം മനുഷ്യർക്കു നൽകിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഒരുവന് ദൈവത്തെ സ്നേഹിക്കാനും അവന്റെ ദൃഷ്ടിയിൽ ശരിയായ കാര്യം ചെയ്തുകൊണ്ട് അവനോടു വിശ്വസ്തത പാലിക്കാനും സാധിക്കുന്നു. (ആവർത്തനപുസ്തകം 30:19, 20) ഒരു പ്രത്യേകഗതി പിൻപറ്റാൻ ദൈവം ആളുകളെ നിർബന്ധിക്കുകയാണെങ്കിൽ സ്വതന്ത്ര ഇച്ഛാശക്തിയെന്ന ദാനം അവൻ അസാധുവാക്കുകയായിരിക്കില്ലേ? എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം അങ്ങനെ ചെയ്യുന്നെങ്കിൽ, പ്രോഗ്രാം ചെയ്ത കാര്യങ്ങൾ മാത്രം ചെയ്യുന്ന യന്ത്രങ്ങളെപ്പോലെ ആയിത്തീരുകയായിരിക്കും മനുഷ്യർ! നാം ചെയ്യുന്നതും നമുക്കു വന്നുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് വിധി അല്ലെങ്കിൽ കിസ്മത്ത് ആണെങ്കിൽ ഇതുതന്നെയായിരിക്കും നമ്മുടെ സ്ഥിതി. നമ്മുടേതായ ഗതി തിരഞ്ഞെടുക്കാൻ അനുവദിച്ചുകൊണ്ട് ദൈവം നമ്മെ ബഹുമാനിച്ചിരിക്കുന്നതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാനാകും! എന്നിരുന്നാലും, മാനുഷികപിഴവുകളാലും തെറ്റായ തിരഞ്ഞെടുപ്പുകളാലും ഉളവായിരിക്കുന്ന ദൂഷ്യഫലങ്ങൾ മനുഷ്യവർഗത്തെ എന്നും ബാധിച്ചുകൊണ്ടേയിരിക്കും എന്ന് അത് അർഥമാക്കുന്നില്ല.
കഷ്ടപ്പാടുകളുടെ കാരണം കർമഫലമോ?
ഈ മാസികയുടെ പുറന്താളിൽ കാണുന്ന ചോദ്യം ചോദിക്കുകയാണെങ്കിൽ ചിലർ ഒരുപക്ഷേ ഇങ്ങനെ പറഞ്ഞേക്കാം: “നല്ലവരായ ആളുകൾക്ക് മോശമായ കാര്യങ്ങൾ വന്നുഭവിക്കുന്നത് അവരുടെ കർമഫലം കൊണ്ടാണ്. പൂർവജന്മചെയ്തികളുടെ ഫലമാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്.”c
കർമഫലസിദ്ധാന്തത്തോടുള്ള ബന്ധത്തിൽ, ബൈബിൾ മരണത്തെക്കുറിച്ചു പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കുന്നത് സഹായകമായിരിക്കും. മനുഷ്യവർഗം ഉത്ഭവിച്ച ഏദെൻതോട്ടത്തിൽ ആദ്യമനുഷ്യനായ ആദാമിനോട് സ്രഷ്ടാവ് ഇങ്ങനെ പറഞ്ഞു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) ദൈവത്തോട് അനുസരണക്കേടു കാണിച്ചുകൊണ്ട് പാപം ചെയ്തില്ലായിരുന്നെങ്കിൽ അവൻ എന്നേക്കും ജീവിക്കുമായിരുന്നു. ദൈവകല്പനയോട് അനുസരണക്കേടു കാണിച്ചതിന്റെ ശിക്ഷയായിട്ടാണ് മരണം കടന്നുവന്നത്. തുടർന്ന്, അവർക്കു കുട്ടികൾ ജനിച്ചപ്പോൾ “മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) അതുകൊണ്ട് “പാപത്തിന്റെ ശമ്പളം മരണം” ആണെന്നു പറയാം. (റോമർ 6:23) കൂടാതെ, “മരിച്ചവൻ പാപത്തിൽനിന്നു മോചിതനാക്കപ്പെട്ടിരിക്കുന്നു” എന്നുംകൂടെ ബൈബിൾ പറയുന്നു. (റോമർ 6:7) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആളുകൾ ചെയ്തുപോയ പാപങ്ങൾക്കുവേണ്ടി തങ്ങളുടെ മരണശേഷം അവർ തുടർന്നും പിഴ ഒടുക്കുന്നില്ല.
മനുഷ്യർ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിന്റെ കാരണം കർമഫലമാണെന്ന് ദശലക്ഷകണക്കിന് ആളുകൾ പറയുന്നു. ഇതിൽ വിശ്വസിക്കുന്ന ഒരു വ്യക്തി സാധാരണഗതിയിൽ തനിക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന കഷ്ടപ്പാടുകൾ വലിയ അസ്വസ്ഥതകളൊന്നും കൂടാതെ അംഗീകരിക്കുന്നു. എന്നാൽ, മോശമായ കാര്യങ്ങൾ സംഭവിക്കുന്നതിന് ഒരു അവസാനമുണ്ടാകും എന്നൊരു പ്രത്യാശ ഈ സിദ്ധാന്തം നൽകുന്നില്ല. സമൂഹത്തിൽ കൊള്ളാകുന്നവനായി ജീവിച്ചും അതീന്ദ്രിയജ്ഞാനം കരസ്ഥമാക്കിയും പുനർജന്മചക്രത്തിൽനിന്ന് മോചിതനാകാമെന്നതു മാത്രമാണ് ഒരു വ്യക്തിക്കു ലഭിക്കുന്ന ഏക ആശ്വാസം. ഈ ആശയങ്ങളെല്ലാം ബൈബിൾ പറയുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ്.d
പ്രധാന കാരണം!
കഷ്ടപ്പാടുകളുടെ പ്രധാനകാരണക്കാരൻ ഈ “ലോകത്തിന്റെ അധിപതി”—പിശാചായ സാത്താൻ—ആണെന്നു നിങ്ങൾക്ക് അറിയാമോ?—യോഹന്നാൻ 14:30.
ഭൂമിയിൽ ദുഷ്ടത പെരുകുന്നതിനുള്ള പ്രധാനകാരണക്കാരൻ മനുഷ്യനല്ല. ദൈവത്തിന്റെ ശത്രുവായ പിശാചായ സാത്താനാണ് ലോകത്തിലേക്കു പാപം കടത്തിവിട്ടത്. ആരംഭത്തിൽ ഒരു വിശ്വസ്തദൂതനായിരുന്നെങ്കിലും അവൻ “സത്യത്തിൽ നിലനിന്നില്ല.” (യോഹന്നാൻ 8:44) ഏദെൻതോട്ടത്തിൽ ഒരു മത്സരഗതിക്ക് അവൻ തുടക്കമിട്ടു. (ഉല്പത്തി 3:1-5) ഉചിതമായും അവനെ ‘ദുഷ്ടൻ’ എന്നും “ഈ ലോകത്തിന്റെ അധിപതി” എന്നും യേശുക്രിസ്തു വിളിച്ചിരിക്കുന്നു. (മത്തായി 6:13; യോഹന്നാൻ 14:30) ദൈവത്തിന്റെ നേരുള്ള വഴികൾ അവഗണിക്കാൻ സാത്താൻ ആളുകളെ പ്രേരിപ്പിക്കുന്നു. മനുഷ്യവർഗത്തിൽ ഭൂരിഭാഗവും ആ പ്രേരണകൾക്കു വഴിപ്പെട്ടിരിക്കുന്നു. (1 യോഹന്നാൻ 2:15, 16) “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നാണ് 1 യോഹന്നാൻ 5:19 പറയുന്നത്. സാത്താന്റെ പക്ഷം ചേർന്ന ദുഷ്ടരായ മറ്റു ദൂതൻമാരുമുണ്ട്. ‘ഭൂമിക്കു കഷ്ടം’ വരുത്തിക്കൊണ്ട് സാത്താനും അവന്റെ ഭൂതങ്ങളും “ഭൂതലത്തെ മുഴുവൻ വഴിതെറ്റി”ക്കുന്നതായി ബൈബിൾ പറയുന്നു. (വെളിപാട് 12:9, 12) അതുകൊണ്ട്, ദുഷ്ടതയുടെ പ്രധാനകാരണക്കാരൻ പിശാചായ സാത്താനാണ്.
വ്യക്തമായും, ആളുകൾക്കു സംഭവിക്കുന്ന മോശമായ കാര്യങ്ങൾക്ക് ഉത്തരവാദി ദൈവമല്ല, അവൻ മനുഷ്യരെ കഷ്ടപ്പെടുത്തുന്നുമില്ല. മറിച്ച് ദുഷ്ടത തുടച്ചുനീക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. തുടർന്നുവരുന്ന ലേഖനം ഇതിനെക്കുറിച്ചു ചർച്ച ചെയ്യുന്നു. (w14-E 07/01)
a ബൈബിൾ പറയുന്നതനുസരിച്ച് ദൈവത്തിന്റെ പേര് യഹോവ എന്നാണ്.
b ദുഷ്ടത തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
c കർമഫലസിദ്ധാന്തത്തിന്റെ ഉത്ഭവത്തെക്കുറിച്ച് അറിയുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന മരിക്കുമ്പോൾ നമുക്കെന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 8-12 വരെയുള്ള അധ്യായങ്ങൾ കാണുക.
d മരിച്ചവരുടെ അവസ്ഥയെയും അവരുടെ പ്രത്യാശയെയും കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത് എന്താണെന്ന് അറിയാൻ, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 6-ഉം 7-ഉം അധ്യായങ്ങൾ കാണുക.