യുദ്ധങ്ങളും പോരാട്ടങ്ങളും അവസാനിപ്പിക്കാൻ മനുഷ്യർക്കു കഴിയുമോ?
ഇന്ന് ആളുകൾ പല കാരണങ്ങളുടെ പേരിൽ പോരാടുന്നു. ചില ആളുകൾ രാഷ്ട്രീയമോ സാമൂഹികമോ സാമ്പത്തികമോ ആയ മാറ്റത്തിനായി പോരാടുന്നു. മറ്റു ചിലർ പ്രദേശങ്ങളോ പ്രകൃതിവിഭവങ്ങളോ വെട്ടിപ്പിടിക്കാനോ അധികാരം സ്ഥാപിക്കാനോ ആയിരിക്കാം പോരാടുന്നത്. ഇനി, വംശീയമോ മതപരമോ ആയ വ്യത്യാസങ്ങളുടെ പേരിൽ, കാലങ്ങളോളം ശത്രുതയുള്ളതുകൊണ്ടാകാം ചില പോരാട്ടങ്ങൾ നടക്കുന്നത്. പോരാട്ടങ്ങൾ അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ആളുകൾ ഇന്ന് എന്തൊക്കെയാണു ചെയ്യുന്നത്? അവരുടെ ശ്രമങ്ങൾ വിജയിക്കുമോ?
Drazen_/E+ via Getty Images
സാമ്പത്തികവികസനം
ലക്ഷ്യം: ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക. യുദ്ധങ്ങളുടെ ഒരു പ്രധാനകാരണമായ സാമ്പത്തിക അസമത്വം കുറയ്ക്കാനോ ഇല്ലാതാക്കാനോ സാമ്പത്തികവികസനത്തിലൂടെ കഴിയും.
തടസ്സം: ഗവൺമെന്റുകൾ പണം ചെലവാക്കുന്ന രീതിയാണ് ഒരു തടസ്സം. 2022-ൽ ലോകമെങ്ങുമായി ഏകദേശം മൂന്നു ലക്ഷം കോടി രൂപ സമാധാനം ഉണ്ടാക്കാനും അതു നിലനിറുത്താനും ആയി ചെലവഴിച്ചെന്നതു ശരിയാണ്. എന്നാൽ ആ തുക, സൈനികസേവനത്തിനുവേണ്ടി അതേ വർഷംതന്നെ ചെലവഴിച്ചതിന്റെ 0.4 ശതമാനം മാത്രമേ ആകുന്നുള്ളൂ.
“പോരാട്ടങ്ങൾ തടയാനും സമാധാനം ഉണ്ടാക്കാനും ചെലവാക്കുന്നതിനെക്കാൾ കൂടുതൽ പണവും മറ്റു വസ്തുക്കളും, പോരാട്ടങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണു നമ്മൾ ഉപയോഗിക്കുന്നത്.”—അന്റോണിയോ ഗുട്ടെറസ്, യു. എൻ. സെക്രട്ടറി ജനറൽ.
ബൈബിൾ പറയുന്നത്: ലോകത്തിലെ ഗവൺമെന്റുകൾക്കും സ്ഥാപനങ്ങൾക്കും പാവപ്പെട്ടവരെ സഹായിക്കാൻ കഴിയും. പക്ഷേ ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല.—ആവർത്തനം 15:11; മത്തായി 26:11.
നയതന്ത്രം
ലക്ഷ്യം: തർക്കങ്ങൾ തടയുകയോ പരിഹരിക്കുകയോ ചെയ്യുന്നതിനായി പരസ്പരം കൂടിവന്ന് കാര്യങ്ങൾ ശാന്തമായി ചർച്ച ചെയ്ത് ഇരുകൂട്ടർക്കും പ്രയോജനം ചെയ്യുന്ന ഒരു തീരുമാനത്തിലെത്തുക.
തടസ്സം: ഒന്നോ അതിലധികമോ കക്ഷികൾ, ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്താനോ വിട്ടുവീഴ്ച ചെയ്യാനോ ഒരു കരാറിലെത്താനോ തയ്യാറാകാതിരുന്നേക്കാം. ഇനി, സമാധാനത്തിനായി ഒരു ഉടമ്പടി ഉണ്ടാക്കിയാലും അത് എല്ലാവരും പാലിക്കണമെന്നില്ല.
“യുദ്ധം അവസാനിപ്പിക്കാൻവേണ്ടി രണ്ടു രാജ്യങ്ങളോ പാർട്ടികളോ തമ്മിൽ നടത്തുന്ന കരാറുകൾ എപ്പോഴും വിജയിക്കണമെന്നില്ല. അതു ചിലപ്പോൾ വലിയ പോരാട്ടങ്ങളിലേക്കു പിന്നീട് നയിച്ചേക്കാം.”—റൈമൻഡ് എഫ്. സ്മിത്ത്, അമേരിക്കൻ ഡിപ്ലോമസി.
ബൈബിൾ പറയുന്നത്: ആളുകൾ ‘സമാധാനം അന്വേഷിക്കണം.’ (സങ്കീർത്തനം 34:14) എന്നാൽ ഇന്നുള്ള പല ആളുകളും “വിശ്വസിക്കാൻ കൊള്ളാത്തവരും . . . ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ചതിയന്മാരും” ആണ്. (2 തിമൊഥെയൊസ് 3:1-4) അതുകൊണ്ടുതന്നെ, ആത്മാർഥതയുള്ള രാഷ്ട്രീയനേതാക്കന്മാർക്കുപോലും പോരാട്ടങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല.
നിരായുധീകരണം
ലക്ഷ്യം: ആയുധങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, പ്രത്യേകിച്ചും ആണവ-രാസ-ജൈവ ആയുധങ്ങൾ.
തടസ്സം: രാജ്യങ്ങൾ മിക്കപ്പോഴും അവരുടെ ആയുധങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ സമ്മതിക്കുന്നില്ല. കാരണം, അങ്ങനെ ചെയ്യുമ്പോൾ തങ്ങളുടെ ശക്തി കുറയുമെന്നും മറ്റു രാജ്യങ്ങളിൽനിന്ന് ഒരു ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അവർ ഭയപ്പെടുന്നു. ഇനി, ആയുധങ്ങൾ രാജ്യത്തുനിന്ന് നീക്കം ചെയ്തു എന്നതുകൊണ്ടുമാത്രം പോരാട്ടത്തിനുള്ള കാരണങ്ങൾ ഇല്ലാതാകുന്നില്ല.
“1991-ൽ ശീതയുദ്ധം അവസാനിച്ച സമയത്ത് പല രാജ്യങ്ങളും തങ്ങളുടെ കൈയിലുള്ള ആയുധങ്ങൾ ഇല്ലാതാക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. അതുപോലെ അപകടങ്ങൾ കുറയ്ക്കാനും രാജ്യങ്ങൾ തമ്മിലുള്ള ഐക്യം ശക്തമാക്കാനും വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അവർ വാക്കു കൊടുത്തു. അങ്ങനെ ലോകം മുഴുവൻ സുരക്ഷിതമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ആ വാഗ്ദാനങ്ങളൊന്നും അവർ പാലിച്ചില്ല.”—“നമ്മുടെ ഭാവി സുരക്ഷിതമാക്കൽ: നിരായുധീകരണത്തിനുള്ള ഒരു അജണ്ട.” (ഇംഗ്ലീഷ്)
ബൈബിൾ പറയുന്നത്: ആളുകൾ ആയുധങ്ങൾ ഉപേക്ഷിക്കുകയും ‘വാളുകൾ കലപ്പകളായി അടിച്ചുതീർക്കുകയും’ വേണം. (യശയ്യ 2:4) എന്നാൽ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ അതിലും കൂടുതൽ ചെയ്യണം. കാരണം, അക്രമം ചെയ്യാനുള്ള ചിന്ത തുടങ്ങുന്നത് ഒരാളുടെ ഹൃദയത്തിൽനിന്നാണ്.—മത്തായി 15:19.
കൂട്ടായ സുരക്ഷ
ലക്ഷ്യം: ശത്രുക്കൾക്ക് എതിരെ പോരാടാൻ പരസ്പരം സഹായിക്കാമെന്നു പല രാജ്യങ്ങളും തമ്മിൽ വാക്കു കൊടുക്കുന്നു. അങ്ങനെ പല രാജ്യങ്ങൾ ഒരുമിച്ചുനിൽക്കുമ്പോൾ അവരുടെ ശക്തി കണ്ട് എതിരാളികൾ അവർക്ക് എതിരെ യുദ്ധം ചെയ്യാൻ മടിച്ചേക്കും.
തടസ്സം: ഒന്നിച്ചുനിന്ന് പോരാടാം എന്ന കരാറിൽ ഏർപ്പെട്ടെന്നു കരുതി സമാധാനം ഉണ്ടാകണമെന്നു നിർബന്ധമില്ല. കാരണം കൂട്ടായ സുരക്ഷാ ഉടമ്പടിയിൽ ഏർപ്പെട്ട രാജ്യങ്ങൾ എപ്പോഴും തങ്ങളുടെ വാക്കു പാലിച്ചെന്നുവരില്ല. അതുപോലെ എപ്പോൾ, എങ്ങനെ എതിരാളികളെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ അവർക്ക് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായേക്കാം.
“രാജ്യങ്ങൾ തമ്മിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ വേണ്ട സഹായം സർവരാജ്യ സഖ്യവും ഐക്യരാഷ്ട്ര സംഘടനയും കൊടുത്തെങ്കിലും യുദ്ധങ്ങൾ തടയാൻ അതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല.”—“ബ്രിട്ടാനിക്ക സർവിജ്ഞാനകോശം.”
ബൈബിൾ പറയുന്നത്: കൂടുതൽ ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതു പൊതുവെ നല്ലതാണ്. (സഭാപ്രസംഗകൻ 4:12) എങ്കിലും ലോകത്തിലെ ഗവൺമെന്റുകൾക്കും സംഘടനകൾക്കും സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാൻ കഴിയില്ല. ബൈബിൾ പറയുന്നു: “സഹായത്തിനായി നിങ്ങളുടെ നേതാക്കളെ ആശ്രയിക്കരുത്. മനുഷ്യരെ ആശ്രയിക്കരുത്. എന്തെന്നാൽ മനുഷ്യർക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. മനുഷ്യർ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അനന്തരം അവരുടെ സഹായപദ്ധതികൾ നഷ്ടമാവുകയും ചെയ്യുന്നു.”—സങ്കീർത്തനം 146:3, 4, ഈസി റ്റു റീഡ് വേർഷൻ.
സമാധാനം കൊണ്ടുവരാൻ മനുഷ്യൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും യുദ്ധങ്ങൾക്ക് ഇപ്പോഴും ഒരു അവസാനമില്ല