പഠനലേഖനം 22
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
യഹോവയുടെ പേര് യേശുവിന് എത്ര പ്രധാനമാണ്?
“ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.”—യോഹ. 17:26.
ഉദ്ദേശ്യം
യേശു എങ്ങനെയാണ് യഹോവയുടെ പേര് അറിയിക്കുകയും വിശുദ്ധീകരിക്കുകയും ആ പേരിനു വന്ന നിന്ദ നീക്കുകയും ചെയ്തതെന്നു കാണും.
1-2. (എ) മരിക്കുന്നതിന്റെ തലേരാത്രി യേശു എന്തു ചെയ്തു? (ബി) ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചിന്തിക്കും?
എ.ഡി. 33 നീസാൻ 14, വ്യാഴാഴ്ച വൈകുന്നേരം. യേശു തന്റെ വിശ്വസ്തരായ അപ്പോസ്തലന്മാരോടൊപ്പം കർത്താവിന്റെ അത്താഴം ആചരിച്ചു. ഉടനെ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും ശത്രുക്കൾ തന്നെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുമെന്നും യേശുവിന് അറിയാം. അതുകൊണ്ട് അത്താഴത്തിനു ശേഷം, അപ്പോസ്തലന്മാരെ പ്രോത്സാഹിപ്പിക്കുന്ന പല കാര്യങ്ങളും യേശു പങ്കുവെച്ചു. ആ മുറി വിട്ട് പോകുന്നതിനു മുമ്പ് യേശു അർഥവത്തായ ഒരു പ്രാർഥനയും നടത്തി. യോഹന്നാൻ 17-ാം അധ്യായത്തിൽ ആ പ്രാർഥന നമുക്ക് കാണാം.
2 മരിക്കുന്നതിനു തൊട്ടുമുമ്പ് യേശുവിന്റെ ഉത്കണ്ഠ എന്തിനെക്കുറിച്ചായിരുന്നു എന്നാണ് യേശുവിന്റെ പ്രാർഥന വ്യക്തമാക്കുന്നത്? ഭൂമിയിലായിരുന്നപ്പോൾ താൻ ഏറ്റവും പ്രധാനമായി കണ്ടത് എന്താണെന്നാണ് ഈ പ്രാർഥന കാണിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ നോക്കും.
“ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു”
3. യഹോവയുടെ പേരിനെക്കുറിച്ച് യേശു എന്താണ് പറഞ്ഞത്, എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത്? (യോഹന്നാൻ 17:6, 26)
3 യേശു തന്റെ പ്രാർഥനയിൽ, “ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ശരിക്കും പറഞ്ഞാൽ, യഹോവയുടെ പേര് ശിഷ്യന്മാരെ അറിയിച്ചെന്ന് യേശു രണ്ടു തവണ പറഞ്ഞു. (യോഹന്നാൻ 17:6, 26 വായിക്കുക.) എന്താണു യേശു ഉദ്ദേശിച്ചത്? അവർക്ക് അറിയില്ലാത്ത ഒരു പേര് യേശു വെളിപ്പെടുത്തിക്കൊടുത്തു എന്നാണോ? അല്ല. കാരണം യേശുവിന്റെ ശിഷ്യന്മാർ ജൂതന്മാരായിരുന്നതുകൊണ്ട് അവർക്ക് യഹോവ എന്ന പേര് അറിയാമായിരുന്നു. എബ്രായതിരുവെഴുത്തുകളിൽ ആയിരക്കണക്കിനു പ്രാവശ്യം ആ പേര് ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് ദൈവത്തിന്റെ വ്യക്തിപരമായ പേരല്ല, പകരം ആ പേരിനു പിന്നിലെ വ്യക്തിയെക്കുറിച്ച് പഠിപ്പിച്ചെന്നാണു യേശു ഉദ്ദേശിച്ചത്. അതായത് യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയെക്കുറിച്ചും യേശു അവരെ പഠിപ്പിച്ചു. മറ്റാരെക്കാളും നന്നായി യഹോവയെക്കുറിച്ച് പഠിപ്പിക്കാൻ കഴിയുന്നത് യേശുവിനാണ്.
4-5. (എ) ഒരു വ്യക്തിയുടെ പേരിന് കൂടുതൽ അർഥം കൈവരുന്നത് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക. (ബി) യേശുവിന്റെ ശിഷ്യന്മാർ യഹോവയെ ഏറ്റവും നന്നായി മനസ്സിലാക്കിയത് എങ്ങനെ?
4 ഇതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ സഭയിൽ ഡേവിഡ് എന്നു പേരുള്ള ഒരു മൂപ്പനുണ്ടെന്നു വിചാരിക്കുക. അദ്ദേഹം ഒരു ഡോക്ടറുമാണ്; വർഷങ്ങളായി നിങ്ങൾക്ക് ആ സഹോദരനെ അറിയാം. ഒരു ദിവസം നിങ്ങൾക്ക് ഒരു അപകടം ഉണ്ടാകുന്നു. ആ സഹോദരൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു നിങ്ങളെ പെട്ടെന്ന് കൊണ്ടുപോകുന്നു. അദ്ദേഹം നിങ്ങളെ ചികിത്സിക്കുകയും നിങ്ങളുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. മുമ്പ് ഡേവിഡ് എന്ന പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നിരുന്നത് അദ്ദേഹം ഒരു മൂപ്പനാണ് എന്നതു മാത്രമായിരിക്കും. എന്നാൽ ഇപ്പോൾ ആ പേര് കേൾക്കുമ്പോഴോ? ഡേവിഡ് സഹോദരൻ ഒരു നല്ല ഡോക്ടറാണെന്നും നിങ്ങളുടെ ജീവൻ രക്ഷിച്ചയാളാണെന്നും കൂടെ നിങ്ങൾ ഓർക്കും. അതെ, ഇപ്പോൾ ആ വ്യക്തിയുടെ പേരിന് കൂടുതൽ അർഥം കൈവന്നു.
5 ഈ ഉദാഹരണത്തിലേതുപോലെ, യേശുവിന്റെ ശിഷ്യന്മാർക്ക് യഹോവയുടെ പേര് അറിയാമായിരുന്നു. എന്നാൽ തന്റെ ശുശ്രൂഷയിലൂടെ ആ പേരിന് പിന്നിലുള്ള വ്യക്തിയെ നന്നായി മനസ്സിലാക്കാൻ യേശു സഹായിച്ചു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു യഹോവയുടെ വ്യക്തിത്വം പ്രതിഫലിപ്പിച്ചു. നമുക്ക് അത് എങ്ങനെ പറയാൻ പറ്റും? യേശു പഠിപ്പിച്ച വിധം ശ്രദ്ധിച്ചതിലൂടെയും യേശു ആളുകളോട് ഇടപെട്ട രീതി നിരീക്ഷിച്ചതിലൂടെയും ശിഷ്യന്മാർക്ക് യഹോവയുടെ വ്യക്തിത്വം ശരിക്കും മനസ്സിലാക്കാനായി.—യോഹ. 14:9; 17:3.
“അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര്”
6. ഏത് അർഥത്തിലാണ് യഹോവയുടെ പേര് യേശുവിനു കൊടുത്തിരിക്കുന്നത്? (യോഹന്നാൻ 17:11, 12)
6 യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി ഇങ്ങനെ പ്രാർഥിച്ചു: “അങ്ങ് എനിക്കു തന്നിരിക്കുന്ന അങ്ങയുടെ പേര് ഓർത്ത് അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11, 12 വായിക്കുക.) അതിന് അർഥം യേശു ഇനിമുതൽ യഹോവ എന്നു വിളിക്കപ്പെടും എന്നാണോ? അല്ല. യേശു ആ പ്രാർഥനയിൽ “അങ്ങയുടെ പേര്” എന്നു പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചോ? അതു കാണിക്കുന്നത് യഹോവ എന്നത് യേശുവിന്റെ വ്യക്തിപരമായ പേരായി മാറിയില്ല എന്നാണ്. അങ്ങനെയെങ്കിൽ ‘അങ്ങയുടെ പേര് തന്നു’ എന്നതിന്റെ അർഥം എന്താണ്? ഒരു കാര്യം, യേശു യഹോവയെ പ്രതിനിധീകരിക്കുകയും യഹോവയുടെ നാമത്തിൽ സംസാരിക്കുകയും ചെയ്തു. ആ നാമത്തിലാണ് യേശു അത്ഭുതങ്ങൾ ചെയ്തത്. (യോഹ. 5:43; 10:25) അതുപോലെ യേശു എന്ന പേരിന്റെ അർഥംതന്നെ “യഹോവ രക്ഷയാണ്” എന്നാണ്. അതെ, യഹോവ എന്ന പേര് യേശുവിന്റെ പേരുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
7. യേശു യഹോവയുടെ നാമത്തിൽ സംസാരിച്ചു എന്നത് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഉദാഹരണം പറയുക.
7 യേശു യഹോവയുടെ നാമത്തിൽ സംസാരിച്ചു എന്നു പറയുന്നത് മനസ്സിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം. ഒരു രാജ്യത്തിന്റെ ഭരണാധികാരി തനിക്കുവേണ്ടി സംസാരിക്കാൻ ഒരു വ്യക്തിയെ നിയമിച്ചേക്കാം. നിയമിതനായ ആ വ്യക്തി സംസാരിക്കുമ്പോൾ അത് ആ ഭരണാധികാരി സംസാരിക്കുന്നതുപോലെയാണ്. സമാനമായി യഹോവയ്ക്കുവേണ്ടി സംസാരിക്കാൻ യേശുവിന് അധികാരമുണ്ടായിരുന്നു. കാരണം യഹോവയാണ് യേശുവിനെ അയച്ചത്.—മത്താ. 21:9; ലൂക്കോ. 13:35.
8. ഭൂമിയിൽ വരുന്നതിനു മുമ്പും യഹോവയുടെ നാമം യേശുവിൽ ഉണ്ടായിരുന്നെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (പുറപ്പാട് 23:20, 21)
8 ബൈബിളിൽ യേശുവിനെ വചനം എന്നു വിളിച്ചിട്ടുണ്ട്. കാരണം ദൂതന്മാർക്കും മനുഷ്യർക്കും ദൈവത്തിൽനിന്നുള്ള നിർദേശങ്ങളും വിവരങ്ങളും നൽകാൻ യഹോവ യേശുവിനെയാണ് ഉപയോഗിച്ചത്. (യോഹ. 1:1-3) ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ച സമയത്ത് ആ ജനത്തിനുവേണ്ടി കരുതാൻ യഹോവ അയച്ച ദൂതനും യേശു ആയിരിക്കാനാണു സാധ്യത. ആ ദൂതനെ അനുസരിക്കാൻ ഇസ്രായേല്യരോടു പറഞ്ഞപ്പോൾ “എന്റെ പേര് അവനിലുണ്ട്” എന്ന് യഹോവ പറഞ്ഞു.a (പുറപ്പാട് 23:20, 21 വായിക്കുക.) അതെ, യഹോവയുടെ നാമം യേശുവിൽ ഉണ്ടായിരുന്നു. കാരണം യേശു യഹോവയ്ക്കുവേണ്ടി സംസാരിച്ചു. യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധം ശരിയാണെന്ന് തെളിയിക്കുന്നതിലും യഹോവയുടെ പേര് വിശുദ്ധീകരിക്കുന്നതിലും യേശു പ്രധാന പങ്കു വഹിച്ചു.
“പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ”
9. യഹോവയുടെ പേര് യേശുവിന് എത്ര പ്രധാനമായിരുന്നു? വിശദീകരിക്കുക.
9 നമ്മൾ കണ്ടതുപോലെ ഭൂമിയിൽ വരുന്നതിനു മുമ്പുതന്നെ യേശുവിന് യഹോവയുടെ നാമം വളരെ പ്രധാനപ്പെട്ടതായിരുന്നു. അപ്പോൾപ്പിന്നെ യേശു ഭൂമിയിലായിരുന്നപ്പോഴും ആ രീതിയിൽ പ്രവർത്തിച്ചതിൽ അതിശയിക്കാനില്ലല്ലോ. ശുശ്രൂഷയുടെ അവസാനമായപ്പോഴേക്കും യേശു തന്റെ പിതാവിനോട് ഇങ്ങനെ അപേക്ഷിച്ചു: “പിതാവേ, അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ സ്വർഗത്തിൽനിന്ന് യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ അതു മഹത്ത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്ത്വപ്പെടുത്തും.”—യോഹ. 12:28.
10-11. (എ) യേശു യഹോവയുടെ പേര് മഹത്ത്വപ്പെടുത്തിയത് എങ്ങനെയാണ്? (ചിത്രവും കാണുക.) (ബി) യഹോവയുടെ നാമത്തിനേറ്റ നിന്ദ നീക്കേണ്ടതും ആ നാമം വിശുദ്ധീകരിക്കേണ്ടതും എന്തുകൊണ്ടാണ്?
10 യേശുവും ആ പേര് മഹത്ത്വപ്പെടുത്തി. എങ്ങനെ? ഒരു വിധം, യഹോവയുടെ മനോഹരമായ ഗുണങ്ങളും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയും മറ്റുള്ളവർക്കു പറഞ്ഞുകൊടുത്തുകൊണ്ടാണ്. എന്നാൽ അതു മാത്രമല്ല, പിതാവിന്റെ പേരിനുമേൽ വന്ന നിന്ദ നീക്കുന്നതും അത് വിശുദ്ധീകരിക്കുന്നതും അഥവാ പരിശുദ്ധമാക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു.b യേശു ശിഷ്യന്മാരെ പഠിപ്പിച്ച മാതൃകാപ്രാർഥനയിലൂടെ അത് എത്ര പ്രധാനമാണെന്ന് കാണിച്ചു. യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ.”—മത്താ. 6:9.
11 യഹോവയുടെ നാമത്തിനേറ്റ നിന്ദ നീക്കേണ്ടതും ആ നാമം വിശുദ്ധീകരിക്കേണ്ടതും എന്തുകൊണ്ടാണ്? ഏദെനിൽ നടന്ന സംഭവം നമുക്കു നോക്കാം. അവിടെവെച്ച് സാത്താൻ ദൈവമായ യഹോവയെക്കുറിച്ച് നുണകൾ പറഞ്ഞു. ആദാമിനും ഹവ്വയ്ക്കും കിട്ടേണ്ട നന്മകൾ ദൈവം പിടിച്ചുവെക്കുന്നെന്നും ദൈവം ഒരു നുണയനാണെന്നും സാത്താൻ ആരോപിച്ചു. (ഉൽപ. 3:1-5) യഹോവ ഭരിക്കുന്ന വിധം ശരിയല്ലെന്നാണു സാത്താൻ അതിലൂടെ പറഞ്ഞത്. സാത്താൻ യഹോവയുടെ നാമത്തെ നിന്ദിച്ചു. പിന്നീട് ഇയ്യോബിന്റെ നാളുകളിൽ മനുഷ്യർ സ്വാർഥമായ നേട്ടങ്ങൾക്കുവേണ്ടിയാണു ദൈവത്തെ സേവിക്കുന്നത് എന്നും സാത്താൻ പറഞ്ഞു. മനുഷ്യർക്ക് യഹോവയോടു സ്നേഹമില്ലെന്നും അതുകൊണ്ടുതന്നെ പ്രശ്നങ്ങളുണ്ടായാൽ അവർ ദൈവത്തെ സേവിക്കുന്നത് നിറുത്തുമെന്നും സാത്താൻ വാദിച്ചു. (ഇയ്യോ. 1:9-11; 2:4) ദൈവത്തിന്റെ ഭാഗത്താണോ സാത്താന്റെ ഭാഗത്താണോ ശരി എന്നു തെളിയിക്കാൻ സമയം ആവശ്യമായിരുന്നു.
യഹോവയുടെ നാമം വിശുദ്ധീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു (10-ാം ഖണ്ഡിക കാണുക)
‘ഞാൻ എന്റെ ജീവൻ കൊടുക്കുന്നു’
12. യഹോവയുടെ നാമത്തോടുള്ള സ്നേഹം കാരണം എന്തു ചെയ്യാൻ യേശു തയ്യാറായിരുന്നു?
12 യഹോവയോടുള്ള സ്നേഹം കാരണം യഹോവയുടെ നാമം വിശുദ്ധീകരിക്കാനും അതിനേറ്റ നിന്ദ നീക്കാനും ഏത് അറ്റംവരെയും പോകാൻ യേശു തയ്യാറായിരുന്നു. അതുകൊണ്ടാണ് യേശു, ‘ഞാൻ എന്റെ ജീവൻ കൊടുക്കുന്നു’ എന്നു പറഞ്ഞത്. (യോഹ. 10:17, 18) അതെ, യഹോവയുടെ നാമത്തിനുവേണ്ടി മരിക്കാൻപോലും യേശു തയ്യാറായി.c പൂർണമനുഷ്യരായിരുന്ന ആദാമും ഹവ്വയും സാത്താന്റെ കൂടെച്ചേർന്നുകൊണ്ട് യഹോവയ്ക്ക് എതിരെ പ്രവർത്തിച്ചു. എന്നാൽ യേശു, ഭൂമിയിലേക്കു വരാനും യഹോവയോടുള്ള സ്നേഹം തെളിയിക്കാനും മനസ്സുകാണിച്ചു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യഹോവയോടുള്ള അനുസരണം തെളിയിച്ചുകൊണ്ടാണു യേശു അതു ചെയ്തത്. (എബ്രാ. 4:15; 5:7-10) യേശു തന്റെ ജീവിതത്തിൽ ഉടനീളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളം, വിശ്വസ്തനായിനിന്നു. (എബ്രാ. 12:2) അങ്ങനെ യഹോവയോടും യഹോവയുടെ പേരിനോടും ഉള്ള സ്നേഹം തെളിയിച്ചു.
13. സാത്താൻ നുണയനാണെന്നു തെളിയിക്കാൻ പറ്റിയ സ്ഥാനത്തായിരുന്നു യേശു എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
13 യേശു തന്റെ ജീവിതത്തിലൂടെ യഹോവയല്ല, സാത്താനാണ് നുണയനെന്നു നിസ്സംശയം തെളിയിച്ചു. (യോഹ. 8:44) മറ്റാരെക്കാളും നന്നായി യഹോവയെ അറിയാവുന്നത് യേശുവിനാണ്. യഹോവയ്ക്ക് എതിരെ സാത്താൻ നടത്തിയ ആരോപണങ്ങളിൽ അൽപ്പമെങ്കിലും വസ്തുതയുണ്ടായിരുന്നെങ്കിൽ യേശു അത് അറിയാതെ പോകുമായിരുന്നില്ല. യേശു യഹോവയുടെ നാമത്തിനുവേണ്ടി ഉറച്ചുനിന്നു. യഹോവ തന്നെ ഉപേക്ഷിച്ചെന്നു തോന്നാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽപ്പോലും തന്റെ പിതാവിന് നേരെ പുറംതിരിയുന്നതിനെക്കുറിച്ച് യേശു ഒരു നിമിഷംപോലും ചിന്തിച്ചില്ല. പകരം ദൈവനാമത്തിനുവേണ്ടി മരിക്കാൻപോലും യേശു തയ്യാറായി.—മത്താ. 27:46.d
യഹോവയല്ല, സാത്താനാണ് നുണയനെന്ന് യാതൊരു സംശയത്തിനും ഇടംകൊടുക്കാതെ തന്റെ ജീവിതത്തിലൂടെ യേശു തെളിയിച്ചു! (13-ാം ഖണ്ഡിക കാണുക)
‘അങ്ങ് ഏൽപ്പിച്ച ജോലി ഞാൻ ചെയ്തുതീർത്തു’
14. യേശുവിന്റെ വിശ്വസ്തതയ്ക്ക് യഹോവ എങ്ങനെയാണ് പ്രതിഫലം കൊടുത്തത്?
14 മരണത്തിന്റെ തലേരാത്രി പ്രാർഥിച്ചപ്പോൾ ‘അങ്ങ് ഏൽപ്പിച്ച ജോലി ഞാൻ ചെയ്തുതീർത്തു’ എന്ന് യേശുവിനു പറയാൻ കഴിഞ്ഞു. തന്റെ ആ വിശ്വസ്തതയ്ക്ക് യഹോവ പ്രതിഫലം തരും എന്ന കാര്യത്തിൽ യേശുവിന് ഉറപ്പുണ്ടായിരുന്നു. (യോഹ. 17:4, 5) ആ ഉറപ്പ് വെറുതേയായില്ല. മരിച്ചപ്പോൾ യേശു ശവക്കുഴിയിൽത്തന്നെ തുടരാൻ യഹോവ അനുവദിച്ചില്ല. (പ്രവൃ. 2:23, 24) പകരം യഹോവ യേശുവിനെ പുനരുത്ഥാനപ്പെടുത്തുകയും മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു. (ഫിലി. 2:8, 9) പിന്നീട് യേശു ദൈവരാജ്യത്തിന്റെ രാജാവായി ഭരണം തുടങ്ങി. ആ രാജ്യത്തിലൂടെ എന്തായിരിക്കും നടക്കാൻ പോകുന്നത്? മാതൃകാപ്രാർഥനയുടെ രണ്ടാം ഭാഗം ഇങ്ങനെ പറയുന്നു: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ (യഹോവയുടെ) ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.”—മത്താ. 6:10.
15. യേശു എന്തെല്ലാം കാര്യങ്ങൾ ചെയ്യും?
15 ഭാവിയിൽ യേശു അർമഗെദോൻ യുദ്ധത്തിൽ തന്റെ ശത്രുക്കൾക്ക് എതിരെ പോരാടും, അവരെയെല്ലാം നശിപ്പിക്കും. (വെളി. 16:14, 16; 19:11-16) അതിനു ശേഷം സാത്താനെ “അഗാധത്തിലേക്ക്,” അതായത് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് തള്ളിയിടും. (വെളി. 20:1-3) പിന്നീട് യേശു 1,000 വർഷം ഭൂമിയെ ഭരിക്കും. അന്ന് മനുഷ്യർക്കു നഷ്ടപ്പെട്ടുപോയ സമാധാനവും പൂർണതയും എല്ലാം തിരികെ കിട്ടും. മരിച്ചുപോയവരെ യേശു പുനരുത്ഥാനപ്പെടുത്തും. മുഴുഭൂമിയും യേശു ഒരു പറുദീസയാക്കി മാറ്റും. അങ്ങനെ യഹോവയുടെ ഉദ്ദേശ്യം പൂവണിയും!—വെളി. 21:1-4.
16. 1,000 വർഷ ഭരണത്തിന്റെ അവസാനം ജീവിതം എങ്ങനെയായിരിക്കും?
16 1,000 വർഷ ഭരണത്തിന്റെ അവസാനം നടക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതെല്ലാം ഒന്നു ഭാവനയിൽ കാണുക: പാപവും അപൂർണതയും പൊയ്പോയിരിക്കും. മോചനവിലയുടെ അടിസ്ഥാനത്തിൽ പാപങ്ങൾക്കായി ക്ഷമ യാചിക്കേണ്ടിവരില്ലാത്ത ഒരു കാലം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന് ഒരു മധ്യസ്ഥന്റെയോ പുരോഹിതന്മാരുടെയോ ആവശ്യം ഇനിയില്ല. “അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.” മരിച്ചവർ പുനരുത്ഥാനപ്പെട്ടിട്ടുണ്ടായിരിക്കും. അന്ന് ഭൂമിയിലുള്ള എല്ലാവരും പൂർണരായിരിക്കും!—1 കൊരി. 15:25, 26.
17-18. (എ) 1,000 വർഷ ഭരണത്തിന്റെ അവസാനത്തിൽ എന്തു സംഭവിക്കും? (ബി) തന്റെ ഭരണം അവസാനിക്കുമ്പോൾ യേശു എന്തു ചെയ്യും? (1 കൊരിന്ത്യർ 15:24, 28) (ചിത്രവും കാണുക.)
17 1,000 വർഷ ഭരണത്തിന്റെ അവസാനം ഇനിയും എന്തെല്ലാം നടക്കും? അന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിക്കും. യഹോവയുടെ നാമം ഉൾപ്പെട്ട വിവാദവിഷയത്തിന് അന്ന് ഒരു ഉത്തരം കിട്ടും. യഹോവ ഒരു നല്ല ദൈവമാണോ എന്നും യഹോവയുടെ ഭരണവിധം നീതിയുള്ളതാണോ എന്നും ഉള്ള ചോദ്യം പിന്നീട് ഒരിക്കലും ഉയരില്ല. അത് എങ്ങനെ? ഏദെൻതോട്ടത്തിൽ നടന്നത് എന്താണെന്നു ചിന്തിക്കുക. സാത്താൻ അന്ന് പറഞ്ഞത് യഹോവ ഒരു നുണയനാണെന്നും മനുഷ്യരെ യഹോവ ഭരിക്കുന്നത് സ്നേഹംകൊണ്ടല്ലെന്നും ആണ്. എന്നാൽ അന്നുമുതൽ ഇന്നോളം യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ഓരോരുത്തരും യഹോവയുടെ ഭരണവിധമാണ് ശരിയെന്ന് ആവർത്തിച്ചാവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്. 1,000 വർഷ ഭരണത്തിന്റെ ഒടുവിൽ യഹോവയുടെ പേരിനേറ്റ നിന്ദ പൂർണമായും നീങ്ങും. അതെ, യഹോവ സ്നേഹവാനായ സ്വർഗീയപിതാവാണെന്ന് എല്ലാ അർഥത്തിലും തെളിയും.
18 1,000 വർഷ ഭരണത്തിന്റെ അവസാനത്തിൽ സാത്താന്റെ വാദങ്ങളെല്ലാം നുണയാണെന്നു പൂർണമായും തെളിയും. തന്റെ ഭരണത്തിന്റെ അവസാനം യേശു എന്തു ചെയ്യും? യേശു ഒരിക്കലും സാത്താനെപ്പോലെ യഹോവയ്ക്ക് എതിരെ തിരിയില്ല. (1 കൊരിന്ത്യർ 15:24, 28 വായിക്കുക.) പകരം ദൈവരാജ്യത്തിന്റെ ഭരണം യഹോവയെ തിരികെ ഏൽപ്പിക്കും. എന്നിട്ട് ദൈവത്തിന്റെ ഭരണത്തിനു പൂർണമായും കീഴ്പെടും. യഹോവയെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ട് യേശു എന്തും വിട്ടുകൊടുക്കാൻ തയ്യാറാണ്.
1,000 വർഷ വാഴ്ചയുടെ ഒടുവിൽ യേശു മനസ്സോടെ രാജ്യം യഹോവയ്ക്ക് കൊടുക്കുന്നു (18-ാം ഖണ്ഡിക കാണുക)
19. യഹോവയുടെ പേര് യേശുവിന് എത്ര പ്രധാനമാണ്?
19 യഹോവ തന്റെ പേര് യേശുവിനു കൊടുത്തതിൽ അതിശയിക്കാനില്ല. തന്റെ പിതാവ് എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന് യേശു ഏറ്റവും നന്നായി കാണിച്ചുകൊടുത്തു. യഹോവയുടെ പേര് യേശുവിന് എല്ലാമെല്ലാമാണ്. ആ പേരിനുവേണ്ടി മരിക്കാൻപോലും യേശു മനസ്സുകാണിച്ചു. ഇനി 1,000 വർഷത്തിനൊടുവിൽ, എല്ലാം തന്റെ പിതാവിന് തിരികെ കൊടുക്കാനും യേശു തയ്യാറാകും. യഹോവയുടെ പേരിനെ ഇത്രയധികം സ്നേഹിച്ച യേശുവിനെ നമുക്ക് എങ്ങനെ അനുകരിക്കാം? അതിന്റെ ഉത്തരം അടുത്ത ലേഖനത്തിൽ നമ്മൾ കാണും.
ഗീതം 16 അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
a ചിലപ്പോഴൊക്കെ ദൂതന്മാരെ ഉപയോഗിച്ചുകൊണ്ടാണ് തന്റെ പേരിലുള്ള സന്ദേശങ്ങൾ യഹോവ ആളുകളെ അറിയിച്ചത്. അതുകൊണ്ടുതന്നെ ബൈബിളിലെ ചില ഭാഗങ്ങളിൽ ദൂതന്മാരിലൂടെ പറഞ്ഞ കാര്യങ്ങൾ, യഹോവ പറഞ്ഞ കാര്യങ്ങളായി കൊടുത്തിരിക്കുന്നു. (ഉൽപ. 18:1-33) ഉദാഹരണത്തിന് യഹോവ മോശയ്ക്ക് നിയമം കൊടുത്തതായി ബൈബിൾ പറയുന്നു. എന്നാൽ അത് ഒരു ദൂതനെ ഉപയോഗിച്ചുകൊണ്ടാണ് കൊടുത്തതെന്ന് മറ്റു തിരുവെഴുത്തുകൾ പരിശോധിച്ചാൽ മനസ്സിലാക്കാനാകും.—ലേവ്യ 27:34; പ്രവൃ. 7:38, 53; ഗലാ. 3:19; എബ്രാ. 2:2-4.
b പദപ്രയോഗത്തിന്റെ വിശദീകരണം: “വിശുദ്ധീകരിക്കുക” എന്നു പറഞ്ഞാൽ പരിശുദ്ധമായി കണക്കാക്കുക, ആദരവോടെയും മഹത്ത്വത്തോടെയും കാണുക എന്നൊക്കെയാണ് അർഥം. “പേരിനു വന്ന നിന്ദ നീക്കുക” എന്നതിന്റെ അർഥം, ഒരാളുടെ സത്പേരിനെ ബാധിക്കുന്ന തെറ്റായ ആരോപണങ്ങളെല്ലാം നുണയാണെന്നു തെളിയിക്കുക എന്നാണ്.
c യേശുവിന്റെ മരണം മനുഷ്യവർഗത്തിന് നിത്യം ജീവിക്കാനുള്ള ഒരു വഴിയും തുറന്നു.
d 2021 ഏപ്രിൽ ലക്കം വീക്ഷാഗോപുരത്തിന്റെ 30-31 പേജുകളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.