സ്വാതന്ത്ര്യ പ്രതിമ—നിറേവറ്റിയ വാഗ്ദാനേമാ?
“നിങ്ങളുടെ ക്ഷീണിതരെ, നിങ്ങളുടെ ദരിദ്രരെ, സ്വതന്ത്രമായി ശ്വസിക്കാൻ വെമ്പുന്ന മനുഷ്യക്കൂനകളെ നിങ്ങളുടെ പെരുകുന്ന തീരങ്ങളെറിയുന്ന മനുഷ്യപ്പരിഷകളെ ഭവനവിഹീനരാമിവരെ അയക്കൂ കവാടത്തിനരികിലായെൻ ദീപം”
(ദ ന്യൂ കൊളോസ്സസ് എന്ന പേരിൽ എമ്മാ ലാസറസ്സ് എഴുതി സ്വാതന്ത്ര്യപ്രതിമക്കു് സമർപ്പിച്ച ലഘുകാവ്യം)
അവളെ ഗർഭം ധരിച്ചതും അവൾ ജനിച്ചതും ഫ്രാൻസിലായിരുന്നു. പക്ഷെ രണ്ടാമത്തെ വയസ്സിൽ അവൾ ഐക്യനാടുകളിൽ സ്ഥിരവാസമുറപ്പിച്ചു. ഇന്നവൾക്ക് നൂറു വർഷത്തിലധികം പ്രായമുണ്ടു്. ഈയിടെയാണ് ദശലക്ഷക്കണക്കിനു ഡോളർ ചെലവിൽ അവളെ പുതുമോടി അണിയിച്ചത്. അവൾ ആരാണ്? ലോകത്തിലെ സുപ്രസിദ്ധ പ്രതിമകളിൽ ഒന്നായ സ്വാതന്ത്ര്യപ്രതിമ.
നൂറ്റമ്പത്തൊന്നടി (46മീ) ഉയരമുള്ള അവൾ ലോകത്തിലെ ഏറ്റവും വലിയ പ്രതിമകളിൽ ഒന്നും കൂടിയാണ്. തന്റെ കാഴ്ചയില്ലാത്ത കണ്ണുകൾകൊണ്ട് നൂയോർക്ക് ഉൾക്കടലിനു നേരെ മിഴിച്ചുനോക്കിക്കൊണ്ട് നിൽക്കുന്ന അവൾ തന്റെ പാദപീഠം ഉൾപ്പെടെ 305 അടി (93. മീ) ഉയരമെത്തുന്നു. കഴിഞ്ഞ ഒരു നൂറു് വർഷങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർക്ക് അവൾ ഒരു സ്വാഗതമരുളുന്ന പ്രതീകമായിട്ടാണ് ഇരുന്നിട്ടുള്ളത്. എന്നാൽ സ്വാതന്ത്ര്യപ്രതിമയിൽ നിങ്ങൾക്കെന്തിന് താത്പര്യം തോന്നണം? എന്തുകൊണ്ടന്നാൽ അതു പ്രതീകപ്പെടുത്തുന്നതെന്തോ—വിമോചനം അല്ലെങ്കിൽ സ്വാതന്ത്ര്യം—അത് ഇന്നെല്ലാവരേയും ബാധിക്കുന്നുണ്ട്. ചരിത്രത്തിലെ ഈ വൈകിയ 1987 എന്ന വർഷമെത്തിയിട്ടും എല്ലാ രാജ്യങ്ങളിലും ഇനിയും സാതന്ത്ര്യം നിലവിൽ വന്നിട്ടില്ല. അനവധി മറ്റു രാജ്യങ്ങളിൽ അത് ക്ഷയിച്ചുപോവുകയും ചെയ്യുന്നു.
ഈ പ്രതിമ നിർമ്മിക്കുന്നതിനുണ്ടായ പ്രാരംഭ പ്രേരണ എന്തായിരുന്നു? അവൾക്ക് 1986 ഒര പ്രത്യേക വർഷം ആയിരിക്കുന്നതെങ്ങനെ? അവളുടെ അവസരങ്ങളുടെ “സുവർണ്ണ കവാടം” മുമ്പായിരുന്നത്ര സുവർണ്ണവും തുറന്നതും ആയിട്ടിന്നും ഇരിക്കുന്നുവോ?
ഒരു വിരുന്നു വരുത്തിയ മാറ്റം
ഫ്രഞ്ച് അടിമത്തവിരുദ്ധ സമൂഹത്തിന്റെ പ്രസിഡന്റായ ഇഡോർഡ് ഡി. ലബോലെയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഫ്രഞ്ച് പണ്ഡിതൻമാരുടെയും രാഷ്ട്രപ്രമുഖരുടെയും ഒരു സംഘം പണ്ട് 1865-ൽ ഫ്രാൻസിലെ ഗ്ലാറ്റിഗനി എന്ന സ്ഥലത്ത് ഒരു വിരുന്നിൽ പങ്കുകൊള്ളുകയായിരുന്നു. അവർ ഐക്യനാടുകളുടെ ഭരണഘടനയെയും അവിടത്തെ രാഷ്ട്രീയ പുരോഗതിയെയും ആദരിച്ചിരുന്നവരായിരുന്നു. ഐക്യനാടുകളോടും ബ്രിട്ടണിൽ നിന്ന് അവർ 1776-ൽ നേടിയെടുത്ത ഒരു നൂറു വർഷം പ്രായമായ അവരുടെ സ്വാതന്ത്ര്യത്തോടും ഉള്ള ആദര സൂചകമായി അമേരിക്കൻ ജനതക്ക് ഒരു സമ്മാനം കൊടുത്തയക്കാൻ ആതിഥേയർ അഭിപ്രായപ്പെട്ടു.
ഒരു ചക്രവർത്തിയുടെ കീഴിൽ കഴിയുന്ന ആ തുറന്ന ചിന്താഗതിക്കാരായ ഫ്രഞ്ചുകാരുടെ ആന്തരം തികച്ചും നിസ്വാർത്ഥപരമായിരുന്നില്ല. സ്വാതന്ത്ര്യപ്രതിമ എന്ന തന്റെ പുസ്തകത്തിത്തിൽ ചാൾസ് മേഴ്സർ പറയുന്നതുപോലെ: “അവരുടെ സ്വന്ത രാഷ്ട്രീയ ലക്ഷ്യത്തിന് ഫ്രഞ്ചുകാരുടെയും അമേരിക്കക്കാരുടെയും പിന്തുണ നേടുന്നതിനുള്ള ഒരു പ്രചരണത്തിനാണ് ആ ആശയം പ്രാതിനിധ്യം വഹിച്ചത്. (ഫ്രാൻസിൽ) ഒരു മൂന്നാം റിപ്പബ്ലിക്കിനു അടിത്തറയിടുക എന്നതു തന്നെ.”
മഹത്തായ ആശയങ്ങളോടുകൂടിയ ഒരു ശില്പം
ഈ അഭിപ്രായത്തെ പിന്താങ്ങിയവരിൽ ഒരാൾ കൊത്തു പണിക്കാരനായ അഗസ്റ്റെ ബാർത്തോൾഡി ആയിരുന്നു. ഫ്രാൻസ് എന്ന മാസിക പറയുന്ന പ്രകാരം “അയാൾ തന്റെ മദ്ധ്യപൂർവ്വദേശ യാത്രയിങ്കൽ പിരമിഡുകൾ കണ്ട് ആകൃഷ്ടനായതിനെത്തുടർന്ന് ഭീമരൂപങ്ങളോട് ഒരു പ്രത്യേക ആഭിമുഖ്യം വളർത്തി.” വലതുകയ്യിൽ ദീപശിഖയുമായി നിൽക്കുന്ന നിലയങ്കി ധരിച്ച ഒരു സ്ത്രീയുടെ ആശയത്തിന് രൂപം നൽകിയത് അദ്ദേഹം ആയിരുന്നു.
ഈ പദ്ധതി കാലതാമസത്തിൽ ആണ്ടു കിടന്നു. കാരണം ഉയർന്നു വരുന്ന വടക്കെ അമേരിക്കൻ റിപ്പബ്ലിക്കിന്റെ അപദാനങ്ങളെ അനുസ്മരിക്കുകയെന്നത് ഒരു ചക്രവർത്തി വാഴുന്ന ഫ്രാൻസിൽ രാഷ്ട്രീയമായി സൗകര്യം ഉള്ള കാര്യം ആയിരുന്നില്ല. എന്നാൽ 1871-ലെ നെപ്പോളിയൻ ചക്രവർത്തിയുടെ വീഴ്ചയോടെ ഐക്യനാടുകൾക്ക് ഒരു സമ്മാനം കൊടുക്കുന്നതിനുള്ള ആശയം പുനരുജ്ജീവിക്കപ്പെട്ടു. ആ വർഷം ജൂലൈ മാസത്തിൽ ബാർത്തോൾഡി ഐക്യനാടുകളിലേക്ക് ഒരു യാത്ര നടത്തുകയും ഭാവിപ്രതിമക്കുവേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ ഇടം കണ്ടുപടിക്കുകയും ചെയ്തു. ന്യൂയോർക്ക് ഉൾക്കടലിലെ ബെഡലോ ദ്വീപ് എന്ന കൊച്ചു ദ്വീപായിരുന്നു ആ സ്ഥാനം (അതിനെ സ്വാതന്ത്ര്യ ദ്വീപ് എന്ന് വിളിച്ചുവരുന്നു)
പക്ഷെ സ്വാതന്ത്ര്യത്തിന്റെ ദേശം സംബന്ധിച്ച ബാർത്തോൾഡിയുടെ ദർശനം യാഥാർത്ഥ്യവുമായി പൊരുതത്തപ്പെട്ടില്ല. ചാൾസ് മേഴ്സർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അടുത്തകാലത്ത് എല്ലാ അമേരിക്കൻ കറുത്തവർഗ്ഗക്കാരും സ്വതന്ത്രരായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അവർ തുച്ഛമായ ജോലി ചെയ്തും ജോലിയൊന്നുമൊട്ടില്ലാതെയും ഫലത്തിൽ വിദ്യാഭ്യാസമേ ലഭിക്കാതെയും കടുത്ത ദാരിദ്രത്തിനടിമകളായി കഴിയുകയായിരന്നു. സ്ത്രീകൾക്ക് (പൊതുവെ) വോട്ട് ചെയ്യാനുള്ള അവകാശം പോലും ഇല്ലായിരുന്നു.”
ഒരു പ്രൗഢഗംഭീരമായ പ്രതിമക്കുവേണ്ടിയുള്ള തന്റെ പദ്ധതിയുമായി നിറഞ്ഞ ഉത്സാഹത്തോടെ ബാർത്തോൾഡി മുന്നോട്ടുപോയി. അത് യഥാർത്ഥരൂപം പ്രാപിച്ചപ്പോൾ അദ്ദേഹം തന്റെ രൂപസംവിധാനത്തിൽ ഫ്രീമേസൺ പ്രതീകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നുവെന്ന് വ്യക്തമായി—ദീപശിഖ, ഇടതുകൈയിൽ പുസ്തകം, തലയിൽ ഏഴു കൂർത്ത സൂചികളോടുകൂടിയ മുകുടം എന്നിവ ഉദാഹരണങ്ങളാണ്. അദ്ദേഹം സ്വയമെ ഒരു ഫ്രീമേസൺ ആയതുകൊണ്ട് ഇത് അത്ര ആശ്ചര്യകരം ആയിരുന്നില്ലതാനും
ഫ്രാൻസിൽ ജനിച്ചു ഐക്യനാടുകളിൽ വളർന്നു.
ബാർത്തോൾഡിയുടെ പദ്ധതികൾക്ക് ഫലം കാണുന്നതിന് മറ്റൊരു ഫ്രഞ്ചുകാരനെകൂടി സംഘത്തിലേക്ക് കൊണ്ടുവന്നു—തന്റെ പാരീസിലെ ഈഫൽ ഗോപുരത്തെ പ്രതി പ്രശസ്തനായിത്തീർന്ന ഗുസ്തവ് ഈഫലിനെത്തന്നെ. സ്വാതന്ത്ര്യവനിതയുടെ നൂറ് ടണ്ണോളം വരുന്ന ചെമ്പ് ത്വക്കിന്റെയും നിലയങ്കിയുടെയും ഭാരം താങ്ങി നിർത്തുന്നതിനുള്ള ഇരുമ്പ് ചട്ടക്കൂട് അദ്ദേഹമാണ് രൂപകൽപ്പന ചെയ്തത്.
ലോകത്തെ പ്രബുദ്ധമാക്കുന്ന സ്വാതന്ത്യപ്രതിമ എന്ന് പ്രാരംഭത്തിൽ വിളിക്കപ്പെട്ട ഈ പ്രതിമ 1884 ആയപ്പോഴേക്ക് അതിന്റെ പാരീസിലെ പണിപ്പുരയിൽ പൂർണ്ണ ഉയരം പ്രാപിച്ചു. അതേ വർഷം ജൂലൈ 4-ാം തീയതി അത് ഔപചാരികമായി പാരീസിലെ അമേരിക്കൻ അംബാസ്സിഡർക്ക് സമ്മാനിക്കപ്പെട്ടു.
പക്ഷെ അതിനെ ഇപ്പോൾ പുതിയ നിവാസദേശത്തേക്ക് എത്തിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യവനിതയും അനേകരെപ്പോലെ കുടിയേറ്റക്കാരി ആണ്. പ്രതിമയെ ഭാഗങ്ങളായി ഇളക്കിയെടുത്ത് 200 പെട്ടികളിലാക്കി ന്യൂയോർക്കിലേക്ക് കപ്പൽ കയറ്റി. സ്വാതന്ത്ര്യപ്രതിമയെ 1886 ഒക്ടോബർ 28-ന് ബെഡ്ലോ ദ്വീപിൽ ഉത്ഘാടനം ചെയ്തു.
പുതുക്കിപ്പണിയും പുതുമോടിയും
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാല് ആകുന്നതുവരെയ്ക്കും ഏതാണ്ട് ഒരു നൂറ് വർഷം കാറ്റിന്റെയും മഴയുടെയും കൊടുംങ്കാറ്റിന്റെയും പ്രഹരമേൽക്കേണ്ടിവന്ന പ്രതിമയിൽ അതിന്റെ പാടുകൾ വീണിരുന്നു. അതുകൊണ്ട് അറ്റകുറ്റപണികൾ നടത്താനായി പൊതുജനസന്ദർശനം തൽക്കാലം തടഞ്ഞുവച്ചു. ജൂലൈ 4, 1986-ലെ സ്വാതന്ത്ര്യദിന ആഘോഷങ്ങളോടൊന്നിച്ച് അതിന്റെ വീണ്ടുമുള്ള തുറക്കൽ ഒരേ കാലം നടത്തണമെങ്കിൽ കേടുപോക്കൽ കൃത്യസമയത്തുതന്നെ തീർക്കേണ്ടിയിരുന്നു.
രണ്ടുവർഷക്കാലം ന്യൂയോർക്കിലെ സ്വാഗതമരുളുന്ന വനിതയെ അറ്റകുറ്റപ്പണിക്കുവേണ്ടി പടുത്തുയർത്തിയ ചട്ടക്കൂട് കൊണ്ട് പൊതിയുകയും ഫ്രാൻസിൽനിന്നും ഐക്യനാടുകളിൽനിന്നുമുള്ള വിദഗ്ദ്ധ പണിക്കാർ അവൾക്ക് ഒരു സമഗ്ര നവീകരണവും പുതുമോടിയും നൽകുകയും ചെയ്തു. അന്തർഭാഗത്തെ പച്ചിരുമ്പിന്റെ താങ്ങുദണ്ഡുകൾ മാറ്റി പകരം 1700 സ്റ്റീൽ ദണ്ഡുകൾ സ്ഥാപിച്ചു. ഫ്രഞ്ച് ആശാരിമാർ വളരെ ക്ലേശം സഹിച്ച് 24 കാരറ്റ് സ്വർണ്ണഫലകങ്ങളുടെ 15 ഔൺസ് (425 ഗ്രാം) പുതിയ ദീപശിഖയിൽ പതിപ്പിച്ചിട്ടുണ്ട്. ഇതിന്റെയർത്ഥം 17 ചതുരശ്രമീറ്റർ വിസ്തീർണ്ണം ആസകലം ചെറിയ ട്വീസറുകൾ ഉപയോഗിച്ച് സ്വർണ്ണം പൊതിയുകയെന്നാണ്. ഒരേ സമയത്ത് രണ്ടു ചതുരശ്ര ഇഞ്ചിൽ മാത്രമേ സ്വർണ്ണ ഫലകം പതിപ്പിക്കാനാകുമായിരുന്നുള്ളൂ!
ഒരോ വർഷവും ലോകമെമ്പാടും നിന്ന് വന്നുചേരുന്ന 2 ദശലക്ഷം ആളുകൾക്കു കൂടുതൽ മെച്ചമായ പ്രവേശനം നൽകുന്നതിനുവേണ്ട ഭേദഗതികൾ ചെയ്തിട്ടുണ്ട്. സന്ദർശകരെ സ്പടിക കാറിൽ അന്തർഭാഗത്ത് നെടുകെ മേൽപ്പോട്ട് പോകുന്ന കുഴലിന്റെ തുഞ്ചം വരെ എത്തിക്കുന്ന 100 അടിയോളം (30 മീറ്റർ) ഉയരമുള്ള വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹൈഡ്രോളിക് എലിവേറ്റർ ഈ പ്രതിമക്കുണ്ട്. അവിടെനിന്ന് അവർ സർപ്പിളാകൃതിയിലുള്ള ഒരു നട കയറി പ്രതിമയുടെ ശിരസ്സിലെത്തുന്നു.
ഏഴു കടലുകളെയും ഏഴു ഭൂഖണ്ഡങ്ങളെയും ചിത്രീകരിക്കുന്ന കിരീടത്തിലെ ഏഴുസൂചികൾ പുനപ്രതിഷ്ഠിക്കുകയും ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിമ കാറ്റിലാടിയപ്പോൾ അതിന്റെ ഉയർത്തിയ വലതു കരത്തിലെ ത്വക്കിൽ സൂചികളിലൊന്നു തുളച്ചുകയറാനിടവന്നതു നിമിത്തം ഒമ്പത് അടി നീളം വരുന്ന ഈ സൂചികളിലൊരെണ്ണ (2.7 മീറ്റർ) ത്തിന്റെ സ്ഥാനം മാറ്റേണ്ടി വന്നിട്ടുണ്ടന്ന് ദ ന്യൂയോർക്കു് റൈംസ് പറയുന്നു!
1986 ശതാബ്ദി ആഘോഷങ്ങൾ
സ്വാതന്ത്ര്യവനിതയുടെ 100-ാം വാർഷികം ലോകതാത്പര്യം ഉണർത്തിയിരിക്കുന്നതെന്തുകൊണ്ട്? ദ സ്റ്റാച്യു ഓഫ് ലിബർട്ടി—എല്ലിസ് ഐലൻറ് ഫൗൺഡേഷൻ ഇൻകോർപ്പറേറ്റഡിന്റെ അദ്ധ്യക്ഷനായ ലീ. എ. അയക്കോക്ക ഇങ്ങനെ പ്രസ്താവിച്ചു: “ഈ പ്രതിമ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആശയങ്ങൾക്ക് ഒരു സാർവ്വത്രികമായ അർത്ഥം ഉണ്ട്, ഇത് ലോകം മുഴുവൻ കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരു സംഭവം ആയിരിക്കും.” “സ്വാതന്ത്ര്യ വാരാന്ത്യം 86 ന്റെ” (ജൂലൈ 3-6) ആസൂത്രണങ്ങളിൽ ലോക രാഷ്ട്രത്തലവൻമാരെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ആഘോഷങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരിക്കും.
ആഘോഷങ്ങളിൽ ഒരു ബൃഹത്തായ അന്തർദേശീയ നാവീക സന്നാഹവും നിരവധി കപ്പലുകളുടെ പങ്കു പറ്റലും ഉൾപ്പെടുന്നു. അന്തർദ്ദേശീയ നാവിക സന്നാഹത്തിന്റെ ദൃശ്യം ഒരുക്കുന്നതിനുവേണ്ടി കുറഞ്ഞത് 117 രാജ്യങ്ങളിലെ നാവിക സേനകൾക്ക് ക്ഷണം നൽകിയിട്ടുണ്ട്. ഇതിനും പുറമേ, 141 രാഷ്ട്രങ്ങളെ അവരുടെ ഉയർന്ന പായ്മരങ്ങളോട് കൂടിയ യാത്രാക്കപ്പലുകൾ അയക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ശതാബ്ദി ആഘോഷത്തിൽ സംഗീതവും വെടിക്കെട്ടും ഉണ്ടായിരിക്കും. തുറമുഖത്ത് കിടക്കുന്ന 30 ബാർജ്ജകളിൽ നിന്നായി അരങ്ങേറുന്ന വെടിക്കെട്ടിന്റെ ദൃശ്യം സന്ധ്യാകാശത്തെ പ്രകാശപൂരിതമാക്കും.
സ്വാതന്ത്ര്യവനിത ലോകത്തിനരുളുന്ന സ്വാഗതത്തിന്റെ ഓർമ്മപ്പെടുത്തലെന്നവണ്ണം ഐക്യനാടുകളുടെ ചീഫ് ജസ്റ്റിസ് സമീപത്തുള്ള എല്ലീസ് ദ്വീപിൽ വച്ച് പുതുതായി 5000 പേർക്ക് യു.എസ്. പൗരത്വം നൽകും. അതുപോലെ വേറെ ഒരു 2000 പേർ രാഷ്ട്രമെമ്പാടുമുള്ള പ്രമുഖ നഗരങ്ങളിൽ പ്രതിജ്ഞയെടുക്കുകയും ചെയ്യും. ഈ സംഭവങ്ങളെല്ലാംതന്നെ ഉപഗ്രഹം മുഖേന കോർത്തിണക്കുകയും ചെയ്യും.
എങ്കിലും ഇതേ ആഘോഷങ്ങൾ തന്നെ ചില ചോദ്യങ്ങളും ഉയർത്തുന്നു. സ്വാതന്ത്ര്യവനിതക്ക് അവളുടെ “സുവർണ്ണ കവാടം” മലർക്കെ തുറന്നിടാൻ ഇനി എത്ര നാൾ കഴിയും? അവൾക്ക് ലോകത്തിലെ ‘ദരിദ്രരുടെ വ്യാമിശ്ര സംഘങ്ങളെ’ ക്ഷണിക്കുന്നത് താങ്ങാൻ ഇപ്പോഴും കഴിയുന്നുണ്ടോ?
സ്വാതന്ത്ര്യത്തിന്റെ സന്ദേശവും യാഥാർത്ഥ്യവും
യു. എസ്. ന്യൂസ് ആൻറ് വേൾഡ് റിപ്പോർട്ട് അനുസരിച്ച് 1886 മുതൽ ഏതാണ്ട് 40 ദശലക്ഷം കുടിയേറ്റക്കാർ “സുവർണ്ണ കവാട”ത്തിലൂടെ കടന്നുപോവുകയും ഒടുവിൽ അമേരിക്കക്കാരായിത്തീരുകയും ചെയ്യുന്നു. മിക്കവരും ഈ പുരോഗമനോൻമുഖമായ രാജ്യത്തെ തങ്ങളുടെ സ്വന്തജീവിതം ഭദ്രമാക്കിയിട്ടുണ്ട്. വെറും ഒരു ഭൗതിക കാഴ്ചപ്പാടിൽ നിന്നു നോക്കിയാൽ ചിലർ ലക്ഷപ്രഭുക്കൾ ആയതോടെ സർവ്വസ്വവും നേടിക്കഴിഞ്ഞതായ് തോന്നും. പക്ഷെ നാണയത്തിന് മറ്റൊരു വശം ഉണ്ട്.
നിയമാനുസൃത കുടിയേറ്റക്കാരെപ്പോലെതന്നെ ദശലക്ഷങ്ങളോളം വരുന്ന നിയമവിരുദ്ധ പരദേശികളും ഇപ്പോൾ ഉണ്ട്. ഈ ജനസന്നാഹങ്ങൾ ഐക്യനാടുകളിലേക്ക് ഒഴുകുന്നതെന്തുകൊണ്ട്? ജോൺ ക്രുഡ്സൺ ദ ടാർണിഷ്ഡ് ഡോർ എന്ന തന്റെ പുസ്തകത്തിൽ പറയുന്നതുപോലെ: ഐക്യനാടുകൾ, അതിന്റെ ശക്തമായ ജനാധിപത്യ പാരമ്പ്യര്യങ്ങളും കിടയറ്റ സമ്പൽ സമൃദ്ധിയും നിമിത്തം, അതിന് രുചിച്ചാലും ഇല്ലെങ്കിലും, രാഷ്ട്രീയമോ സാമ്പത്തികമോ ആയ പീഡയിൽ നിന്ന് ഒളിച്ചോടുന്നവർക്ക് ആകർഷണീയത ഏറി വരുന്ന ഒരു സങ്കേതമായിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.”
,.ഈ പരദേശികൾ പ്രധാനമായും മെക്സിക്കോയിൽ നിന്നും തെക്കെ അമേരിക്കയിൽ നിന്നും മദ്ധ്യ അമേരിക്കയിൽ നിന്നും വന്നുചേർന്നിട്ടുള്ളവരാണ്. പക്ഷെ കേസുകളിലും അവർ ദാരിദ്രത്തിന്റെ ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്കു മാറുകയാണ് ചെയ്തിരിക്കുന്നത്. നാട്ടുകാരായ അമേരിക്കക്കാർ ഒട്ടും പൊറുക്കുകയില്ലാത്ത ക്രിമി ബാധിത വീടുകളാണ് പലരും പാർക്കുന്നത്. അവർ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന അത്യന്ത്യം നികൃഷ്ടമായ ജോലികൾ ചെയ്യുന്നു. അങ്ങനെയാണെങ്കിൽ, യു. എസ്. അതിർത്തികളിലൂടെ ഇരച്ചുകയറ്റം തുടർന്നുകൊണ്ട് എന്തിനീ അവസ്ഥകളിൽ കഴിയുന്നു?
കുടിയേറ്റം എന്ന തന്റെ പുസ്തകത്തിൽ ലിഡിയ ആൻഡേഴ്സൺ ആ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നൽകുന്നു: “നിയമ വിരുദ്ധർ—മറ്റു കുടിയേറ്റക്കാരെപ്പോലെ— വന്നുചേരുന്നതിനു കാരണം. . .തങ്ങൾ പുറപ്പെട്ടുപോന്ന ലോകത്തെക്കാൾ അമേരിക്കയിലെ സ്ഥിതി തന്നെയാണ് ഭേദം എന്നതാണ്. ഐക്യനാടുകളുടെ സമ്പദ് വ്യവസ്ഥയ്ക്കും മൂന്നാം ലോകരാജ്യങ്ങൾ, മെക്സിക്കോ, തെക്കെ അമേരിക്ക എന്നിവയുടെ സമ്പദ് വ്യവസ്ഥയ്ക്കും മദ്ധ്യേ ഒരു വലിയ വിടവുണ്ട്...തങ്ങളുടെ മാതൃ ദേശത്ത് അഥവാ തൊഴിലെന്തെങ്കിലും ലഭിച്ചാൽ തന്നെ —ഒരാഴ്ചകൊണ്ട് അവിടെ സമ്പാദിക്കുന്ന തുക ഇവിടെ ഒരു ദിവസംകൊണ്ട് ഉണ്ടാക്കാം.
ഒരു യു.എസ്. അതിർത്തി നിരീക്ഷണ ഉദ്യോഗസ്ഥൻ ഇങ്ങനെ തുറന്നടിച്ചു. “അവിടെ അവർ പട്ടണി കിടന്നു മരിക്കുകയാണ്. (ഐക്യനാടുകളിലേക്ക് വരുന്നതിലൂടെ) അവർക്ക് നേടിയെടുക്കാൻ സർവ്വസവും ഉണ്ട്, നഷ്ടപ്പെടാനോ ഒന്നുമൊട്ടില്ലതാനും. ഒരു ദരിദ്രരാജ്യത്തിനരികെ ഒരു സമ്പന്ന രാജ്യമാണുള്ളത്. ഒരു നിയമ വിരുദ്ധ പരദേശി പ്രശ്നമാണ് നിങ്ങൾക്കുണ്ടാകാൻ പോകുന്നത്.” (ദ ടാർണിഷ്ഡ് ഡോർ) മറ്റുവാക്കുകളിൽ ഐക്യനാടുകളിൽ ദാരിദ്രം ഉണ്ടെങ്കിലും, അവർ എവിടെനിന്നു വന്നു ചേർന്നുവോ ആ രാജ്യങ്ങളിലേതിൽ നിന്ന് അവസ്ഥകൾ മെച്ചമാണിവിടെ.
ലേലം മൂലം കുടിയേറ്റാവകാശം
ഒരു പുതുമോടി ലഭിച്ച സ്വാതന്ത്ര്യവനിത ക്ഷീണിതർക്കും, ഭവനരഹിതർക്കും ദരിദ്രർക്കും അവളുടെ തീരങ്ങളിൽ അഭയം തേടാൻ ഇപ്പോഴും ക്ഷണമരുളിക്കൊണ്ട് വിളങ്ങി നിൽക്കുന്നു—പക്ഷെ ഒരു വ്യത്യാസത്തോടുകൂടി. ഇന്ന് ഐക്യനാടുകളിൽ കുടിയോറ്റ നയത്തിനെതിരെ ശക്തമായ ശബ്ദം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ചിലർക്ക് അത് അങ്ങേയറ്റം അയഞ്ഞതും മറ്റു ചിലർക്ക് അതു അത്യധികം കർക്കശവും ആയിതോന്നുന്നു. ചില കത്തോലിക്കാ, പ്രോട്ടസ്റ്റൻറ് പുരോഹിതൻമാർ നിയമവിരുദ്ധ പരദേശികൾക്ക് അഭയം നൽകുമ്പോൾ മറ്റു സ്വരങ്ങൾ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ ആവിശ്യപ്പെടുകയാണ്. ഇങ്ങനെ സ്വാതന്ത്ര്യത്തിന്റെ സ്വാഗതസന്ദേശം ഏറെക്കുറെ അവ്യക്ത ധ്വനിയോ അപസ്വരമോ ആയിത്തീർന്നുകൊണ്ടിരിക്കുന്നു.
ഉദാഹരണത്തിന് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ( ഒരു യാഥാസ്തിക വാഷിംഗ്ടൻ ഡി. സി. ചിന്തക വൃന്ദം) അംഗമായ ജൂലിയൻ എൽ. സൈമൺ അടുത്ത കാലത്തു ന്യൂയോർക്ക് റ്റൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഒരു സമൂല പരിവർത്തനത്തിന്റെ നിർദ്ദേശം മുന്നോട്ടുവച്ചു. അതിങ്ങനെ വായിക്കുന്നു: “ഒരു കുടിയേറ്റക്കാരനായിത്തീരാനുള്ള അവകാശം ലേലം ചെയ്യുക” ഒരു വർഷത്തേക്ക് ഒരു ലോക ക്വോട്ട നിശ്ചയിച്ച് അതിനുള്ളിലായി ഏറ്റവും ഉയർന്ന വിളിക്കാർക്ക് കുടിയേറ്റ അവകാശം നൽകുകയാണ് വേണ്ടത് എന്ന് അദ്ദേഹം വാദിക്കുന്നു. സൈമൺ പറയുന്ന പ്രകാരം അവകാശം വിലക്കു വാങ്ങുന്നവർക്ക് “ഇപ്പോഴെ പ്രവേശിക്കുന്നതിനും പണം പിന്നീട് ആദായ നികുതിയോടൊപ്പം അടക്കുന്നതിനും അനുവാദം നൽകണം. തുക അടക്കാൻ പരാജയപ്പെട്ടാൽ നാടുകടത്തൽ ആകാം.” ഈ സമ്പ്രദായം ഐക്യനാടുകൾക്ക് അത്യന്ത്യം ഗുണകരമായിരിക്കും കാരണം, ഉയർന്ന കച്ചവടമൂല്യമുള്ള വസ്തുക്കൾ ഉത്പാദിപ്പിക്കാൻ വിശേഷാൽ വമ്പിച്ച വിഭവശേഷിയുള്ള ആളുകളെ അത് തിരിച്ചറിയിക്കും.
അയാളുടെ ഈ അഭിപ്രായം ഏതുതരക്കാരായ ആളുകളാണ് സ്വാഗതം ചെയ്യുക? ജൂലിയൻ സൈമൺ തുടർന്നെഴുതുന്നു: “ധാരാണം പണമുണ്ടാക്കാൻ ആർക്ക് അമേരിക്കാ ഒരു വിസ്തൃതവും സമ്പന്നവുമായ വിളനിലമാണോ ആ ഉന്നമനേച്ഛുക്കൾക്ക്.” അദ്ദേഹത്തിന്റെ പദ്ധതി നിയമവിരുദ്ധർക്കെതിരെ ഏറിയ നടപടികൾ ആവിശ്യമാക്കിത്തീർക്കും. ഈ നയം എമ്മാ ലാസറസ്സിന്റെ പിൻ വരുന്ന വാക്കുകളോട് അശേഷം പൊരുത്തപ്പെടുന്നില്ല: “നിങ്ങളുടെ ദരിദ്രരെ, നിങ്ങളുടെ ക്ഷീണിതരെ. . . നിങ്ങളുടെ പെരുകുന്ന തീരങ്ങളെറിയുന്ന മനുഷ്യപ്പരിഷകളെ എനിക്കു തരൂ.” മറിച്ച് അവിടെ സന്ദേശം ഇതാണ്: ‘നിങ്ങളുടെ ഉൽക്കർഷേച്ഛക്കളെയും വിദഗ്ദ്ധരെയും എനിക്ക് തരിക, നിങ്ങളുടെ ദരിദ്രരെയും മർദ്ദിതരെയും നിങ്ങൾ തന്നെ വെച്ചുകൊള്ളുക’
യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഉറവിടം
ഈ കൂട്ടമായ കുടിയേറ്റത്തിന്റെ മൂല ഹേതുക്കൾ എന്തെല്ലാമാണ്? ജോൺ ക്രൗഡ്സൺ ഉത്തരം നൽകുന്നത് ഇപ്രകാരമാണ്: “ദാരിദ്രം ജനസംഖ്യ എന്നിവയേൽപ്പിക്കുന്ന സമ്മർദ്ദമോ അല്ലെങ്കിൽ ക്ഷാമം, രാഷ്ട്രീയ പീഡനം, ആഭ്യന്തരയുദ്ധം എന്നിവ സൃഷ്ടിക്കുന്ന അനുവാര്യതയോ” ഈ പ്രശ്നങ്ങൾ നൂറ്റാണ്ടുകളായി നമ്മോടൊപ്പം ഉണ്ടായിരുന്നിട്ടുണ്ട്. ഒരു സ്ഥിരമായ പരിഹാരവുമായി യാതൊരു രാഷ്ട്രീയ വ്യവസ്ഥക്കും മുന്നോട്ടുവരാൻ കഴിഞ്ഞില്ല. അതുകൊണ്ട് ചോദ്യം ഇതാണ്, യഥാർത്ഥ സ്വാതന്ത്ര്യം—ദാരിദ്രത്തിൽനിന്നും പീഡനത്തിൽ നിന്നും രോഗമരണങ്ങളിൽനിന്നുമുള്ള സ്വാതന്ത്ര്യം നമുക്ക് എവിടെ നിന്ന് പ്രതീക്ഷിക്കാൻ കഴിയും?
യാതൊരു രാജ്യത്തിനോ രാഷ്ട്രീയ തത്വശാസ്ത്രത്തിനോ മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങൾക്ക് സമ്പൂണ്ണമായ ഉത്തരം ഇല്ല. വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾക്ക് പത്രോസ് ബാധകമാക്കിയ അതേ തത്വം അവർക്കും ബാധകമാകുന്നു: “അവർ അവർക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കെ, അവർ സ്വയമേ ദ്രവത്വത്തിന് അടിമകളായിക്കഴിയുന്നു.” 2 പത്രോസ് 2:19) ഭോഷ്ക്കിന്റെ പിതാവായ സാത്താൻ ഇന്നത്തെ ലോകത്തെ അവന്റെ അധീനതയിൽ അദൃശ്യനിയന്ത്രണത്തിന് കീഴിൽ രാഷ്ട്രീയവാഴ്ചകൾ അഴിമതികൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യം, സൻമാർഗ്ഗബോധം, ധാർമ്മികത എന്നിവ രാഷ്ട്രീയ കുതന്ത്രങ്ങളുടെയും സ്വാർത്ഥ നേട്ടങ്ങളുടെയും ബലിപീഠത്തിൽ കഥാവശേഷം ആക്കപ്പെടുന്നു.—യോഹന്നാൻ 8:44, 1യോഹന്നാൻ 5:19
ഇതിനു വിപരീതമായി യേശുക്രിസ്തു 1900 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും.” ആ വാക്കുകൾ തുല്യ ശക്തിയോടെ ഇന്നും ബാധകമാകുന്നു. പക്ഷേ ഏതു സത്യത്തെക്കുറിച്ചാണ് യേശു പരാമർശിച്ചത്? പൊന്തിയോസ് പിലാത്തോസിനോടുള്ള തന്റെ ഉത്തരത്തിൽ ഒരു സൂചന അവൻ നൽകി: “ഞാനൊരു രാജാവാകുന്നുവെന്ന് നീ തന്നെ പറയുന്നു. ഞാൻ സത്യത്തിന് സാക്ഷിനിൽക്കേണ്ടിയിരിക്കുന്നു, ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു. ഇതിനായി ഞാൻ ലോകത്തിൽ വന്നുമിരിക്കുന്നു. സത്യത്തിന്റെ പക്ഷത്തുള്ള ഏവനും എന്റെ ശബ്ദം കേൾക്കുന്നു.”—യോഹന്നാൻ 8:32; 18:37.
സത്യം എന്നത് യേശുക്രിസ്തു മുഖാന്തരമുള്ള ദൈവത്തിന്റെ വാഗ്ദത്ത ഗവൺമെൻറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദർശനത്തിൽ “മനുഷ്യപുത്രനായ” മശിഹാ ദൈവമുമ്പാകെ വരുത്തപ്പെട്ടതായി ദാനിയേൽ പ്രവാചകൻ കണ്ടു. ബൈബിൾ ഇങ്ങനെ പറയുകയും ചെയ്യുന്നു: “ജനങ്ങളും ദേശീയ സംഘങ്ങളും ഭാഷകളും അവനെ സേവിക്കാൻ തക്കവണ്ണം അവന് (മശിഹായ്ക്കു) ആധിപത്യവും മഹത്വവും രാജ്യവും നൽകപ്പെട്ടു. അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യം അത്രെ.”—ദാനിയേൽ 7:13, 14
യേശുക്രിസ്തുവിലും അവന്റെ ദൈവ നിയമിതമായ രാജ്യവാഴ്ചയിലും ആണ് യഥാർത്ഥ സ്വാതന്ത്ര്യവും വിമോചനവും കണ്ടെത്താൻ സാധിക്കുക! വേഗത്തിൽ അവന്റെ നീതിയുള്ള ഭരണം എല്ലാ പീഡനങ്ങൾക്കും രോഗത്തിനും മരണത്തിനും ഇവിടെ ഭൂമിയിൽ അറുതി വരുത്തും. തീർച്ചയായും അത്തരം സ്വാതന്ത്ര്യത്തെയും വിമോചനത്തെയും കുറിച്ച് അധികം അറിയാൻ തക്ക വില അവർക്കുണ്ട്—മത്തായി 6:9, 10; വെളിപ്പാട് 21:3, 4
സ്വാതന്ത്ര്യ പ്രതിമയും മൻഹാറ്റനിലെ അംബര ചുംബികളും