യുവജനങ്ങൾ ചോദിക്കുന്നു. . .
മമ്മിയും ഡാഡിയും എപ്പോഴും കലഹിക്കുന്നതെന്തുകൊണ്ട്?
എനിക്ക് എന്റെ കുടുംബത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ട്, എന്തു ചെയ്യണമെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്റെ ഡാഡി അദ്ദേഹത്തിന് ആക്രോശിക്കാൻ കഴിയുന്ന ഓരോ ചെറിയ സംഗതിക്കും ആക്രോശിക്കുന്നു. എന്റെ അമ്മ മററ് ഓരോ ചെറിയ കാര്യത്തിനും ആക്രോശിക്കുന്നു. എന്റെ ഡാഡി ജോലിസ്ഥലത്തുനിന്ന് വീട്ടിൽ എത്തുമ്പോൾ ഭക്ഷിക്കാൻ ഒന്നും ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹം എന്റെ അമ്മയോട് ആക്രോശിക്കാൻ തുടങ്ങുന്നു.—ഒരു 12-വയസ്സുകാരി പെൺകുട്ടി.
എന്റെ മാതാപിതാക്കൾ ഒരു വിവാഹമോചനം നടത്തുമോ എന്നതുസംബന്ധിച്ച് ഞാൻ വളരെ ഉത്ക്കണ്ഠാകുലനാണ്. തീർച്ചയായും, ഞാൻ അവരെ രണ്ടു പേരേയും സ്നേഹിക്കുന്നു, എല്ലായ്പ്പോഴും അവർ രണ്ടു പേരോടുംകൂടിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ അവർ സാമ്പത്തിക കാര്യങ്ങളും മററു അനേക സംഗതികളും സംബന്ധിച്ച് കലഹിക്കുന്നു.—ഒരു 10-വയസ്സുകാരനായ ആൺകുട്ടി.
നിങ്ങൾ മനസ്സിലാക്കുന്നതുപോലെ, മാതാപിതാക്കൾ പരസ്പരം സ്നേഹിക്കാനും കരുതാനും പ്രതീക്ഷിക്കപ്പെടുന്നു. അവർ സർവജ്ഞാനികളും എല്ലാം അറിയുന്നവരും ദയയുള്ളവരും പരിഗണനയുള്ളവരും ആയിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. അവർ സകലത്തിലുംതന്നെ പൂർണ്ണമായും യോജിപ്പുള്ളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. അവർക്ക് നിസ്സാരമായ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അവർ കാര്യങ്ങൾ ശാന്തമായും സൗമ്യമായും നിങ്ങൾ കേൾക്കാതെയും ചർച്ച ചെയ്യുന്നതിന് പ്രതീക്ഷിക്കപ്പെടുന്നു. കേവലം വാഗ്വാദത്തിലേർപ്പെടാൻ അവർ പ്രതീക്ഷിക്കപ്പെടുന്നില്ല.
എന്നാൽ ഒരുപക്ഷേ നിങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മാതാപിതാക്കൾ ചിലപ്പോൾ സംവാദത്തിലേർപ്പെടുകതന്നെ ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തിയിട്ടുണ്ടായിരിക്കാം—എല്ലായ്പ്പോഴും ശാന്തമായും സൗമ്യമായും ആയിരിക്കയുമില്ല. ഇത് നിങ്ങളുടെ മാതാപിതാക്കളാണ്, അവർ ശണ്ഠയിടുന്നതായി നിങ്ങൾ കാണുന്നത് വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനുപരി ആഴത്തിൽ നിങ്ങളെ വേദനിപ്പിക്കുന്നു. ഒരു യുവാവ്, തന്റെ മാതാപിതാക്കൾ പതിവായി കലഹിക്കുമ്പോൾ, “ചിലപ്പോൾ എന്റെ അന്തർഭാഗം കീറുന്നതുപോലെ എനിക്കു തോന്നി” എന്ന് ഏററുപറഞ്ഞു.
മാതാപിതാക്കൾ കലഹിക്കുന്നതിന്റെ കാരണം
മാതാക്കൾ എല്ലായ്പ്പോഴും ‘അവരുടെ നാവുകളിൽ സ്നേഹദയയുടെ പ്രമാണം’ വെക്കുകയും ഒരിക്കലും പരുഷമായ ഒരു വാക്ക് ഉച്ചരിക്കാതിരിക്കയും ചെയ്യുന്നുവെങ്കിൽ അത് നിശ്ചയമായും അതിശയകരമായിരിക്കും. (സദൃശവാക്യങ്ങൾ 31:26) പിതാക്കൾ ഒരിക്കലും തങ്ങളുടെ ഭാര്യമാരോട് “കഠിനമായി കോപിക്കുന്നി”ല്ലെങ്കിൽ അത് കുറേക്കൂടെ മെച്ചമായിരിക്കും. (കൊലോസ്യർ 3:19) എന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “നാമെല്ലാം പലപ്പോഴും തെററുന്നു. ആരെങ്കിലും വാക്കിൽ തെററുന്നില്ലെങ്കിൽ അയാൾ ഒരു പൂർണ്ണമനുഷ്യനാണ്.”—യാക്കോബ് 3:2.
അതെ, നിങ്ങളുടെ മാതാപിതാക്കൾ അപൂർണ്ണരാണ്. പൊതുവേ, അവർ ‘സ്നേഹത്തിൽ അന്യോന്യം ക്ഷമിച്ചേക്കാം.’ (എഫേസ്യർ 4:2) എന്നാൽ ചിലപ്പോഴെല്ലാം അസ്വസ്ഥത ഉരുണ്ടുകൂടുകയും ഒരു കലഹത്തിന്റെ രൂപത്തിൽ വെളിപ്പെടുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അതിശയിച്ചുപോകരുത്.
ഇത് “ഇടപെടാൻ പ്രയാസകരമായ നിർണ്ണായകസമയങ്ങൾ” ആണെന്ന കാര്യവും ഓർമ്മിക്കുക. (2 തിമൊഥെയോസ് 3:1) ഉപജീവനമാർഗ്ഗം തേടുന്നതിലുള്ള സമ്മർദ്ദങ്ങൾ, ബില്ലുകൾ അടക്കൽ, ജോലിസ്ഥലത്തെ അന്തരീക്ഷത്തോടുള്ള പോരാട്ടം—ഈ കാര്യങ്ങളെല്ലാം ഒരു വിവാഹത്തിൽ ഭാരിച്ച ക്ലേശങ്ങൾ വരുത്തിക്കൂട്ടുന്നു. മാതാപിതാക്കൾ ഇരുവർക്കും ലൗകികജോലിയുണ്ടെങ്കിൽ പ്രത്യേക സമ്മർദ്ദങ്ങളും ഉണ്ട്. കേവലം ആർ പാചകംചെയ്യുമെന്നും ശുചീകരണം നടത്തുമെന്നും തീരുമാനിക്കുന്നതുതന്നെ തർക്കത്തിനിടയാക്കിത്തീർക്കാൻ കഴിയും.
അവരുടെ കലഹം നിങ്ങളിൽ ഉളവാക്കുന്ന തോന്നൽ
നിങ്ങളുടെ മാതാപിതാക്കളെ സംവാദത്തിലേക്കു നയിച്ചതെന്തുതന്നെയായിരുന്നാലും അവർ വാഗ്വാദത്തിലേർപ്പെടുന്നത് കേൾക്കുന്നത് നിങ്ങളെ നശിപ്പിച്ചേക്കാം. കുട്ടികൾ “തങ്ങളുടെ മാതാപിതാക്കളെ ഉന്നത നിലയിലേക്ക് ഉയർത്തുന്നതിന്” ചായ്വുകാണിക്കുന്നുവെന്ന് എഴുത്തുകാരിയായ ലിൻഡാ ബേർഡ് ഫ്രാങ്കി വിശദീകരിക്കുന്നു. “ഒരു കൊച്ചുകുട്ടി തന്റെ മാതാവൊ പിതാവൊ പ്രത്യേകമായ സ്വന്തം പെരുമാററരീതികളും ബലഹീനതകളും ഉള്ള ഒരു വ്യക്തിയാണെന്ന് വിചാരിക്കുന്നില്ല, എന്നാൽ തന്നെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുമാത്രമായി ഭൂമിയിൽ വീണിട്ടുള്ള പാറപോലെ ഉറച്ച ഒരു സ്ഥാപനമാണെന്ന് വിചാരിക്കുന്നു.” നിങ്ങളുടെ മാതാപിതാക്കൾ വഴക്കടിക്കുന്നത് കാണുന്നത് വേദനാജനകമായ ഒരു യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നു: നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ വിചാരിച്ചതുപോലെ അത്ര “പാറപോലെ ഉറച്ച”വരല്ല. ഇതിന് നിങ്ങളുടെ വൈകാരിക സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തെത്തന്നെ ഇളക്കുന്നതിനും എല്ലാത്തരം ഭയവും ഉണർത്തുന്നതിനും കഴിയും.
“ഈ അടുത്തകാലത്തു നടത്തപ്പെട്ട കുട്ടികളുടെ ദേശീയ സർവേയിൽ അഭിമുഖംനടത്തപ്പെട്ട ഹൈസ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ പകുതിയിലധികവും തങ്ങളുടെ മാതാപിതാക്കൾ വാഗ്വാദത്തിലേർപ്പെടുമ്പോൾ തങ്ങൾക്ക് ഭയമുളവാകുന്നു” എന്ന് പറഞ്ഞതായി ദി ജേണൽ ഓഫ മാര്യേജ ആൻഡ ഫാമിലി റിപ്പോർട്ടുചെയ്യുന്നു. സിൻഡി എന്നു പേരായ ഒരു കൊച്ചു പെൺകുട്ടി ഇപ്രകാരം വിവരിച്ചു: “പലപ്പോഴും എന്റെ മാതാപിതാക്കൾ വളരെയധികം വാഗ്വാദത്തിലേർപ്പെടുന്നു. ഞാൻ വളരെ ഭയപ്പെടുകയും കിടന്നുറങ്ങാൻ പോകുകയുംചെയ്യുന്നു. ഇത് എപ്പോൾ അവസാനിക്കുമെന്ന് ഞാൻ അതിശയിക്കുന്നു.”
പണസംബന്ധമായ കലഹങ്ങൾ—വിവാഹ ഇണകൾ തമ്മിലുള്ള വാദപ്രതിവാദത്തിനുള്ള ഒരു പൊതുവായ വിഷയം—നിങ്ങളുടെ കുടുംബം സാമ്പത്തികത്തകർച്ചയെ അഭിമുഖീകരിക്കുകയാണെന്ന ഭയം ഉളവാക്കിയേക്കാം. നിങ്ങൾ കലഹത്തിന്റെ കേന്ദ്രമാണെങ്കിൽ (‘നിങ്ങൾ ഒരു ഉറച്ച പടി സ്വീകരിക്കുന്നില്ലെങ്കിൽ അവൻ⁄അവൾ ഒരു വഷളായ കുട്ടിയായിത്തീരും!’) കലഹത്തിന് എങ്ങനെയോ നിങ്ങളുടെ ഭാഗത്താണ് കുററമെന്നുപോലും നിങ്ങൾ ഭയപ്പെട്ടേക്കാം.
കൂടാതെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കുവേണ്ടിയുള്ള നിർദ്ദയമായ പോരാട്ടങ്ങൾ ശല്യപ്പെടുത്തുന്നവയാണ്. (‘എനിക്ക് സുഖമില്ല, വീട്ടിലേക്കു വരാൻ ക്ഷീണമാണ്, ഭക്ഷണം തയ്യാറായില്ല!’) അത്തരം സ്ഥിരമായ കശപിശ നിങ്ങളുടെ മാതാപിതാക്കൻമാർ തമ്മിലുള്ള ആഴമായ നീരസത്തിൽനിന്ന് ഉടലെടുക്കുന്നു. മനസ്സിലാക്കാവുന്നതുപോലെ, അവർ വിവാഹമോചനക്കോടതിയിലേക്ക് നീങ്ങുകയാണെന്ന് നിങ്ങൾ വ്യാകുലപ്പെട്ടുതുടങ്ങിയേക്കാം. സാദ്ധ്യതയുള്ള ഒരു പൊട്ടിത്തെറി സംബന്ധിച്ച് അസ്പഷ്ടമായി കാണുന്ന ഭീഷണി “വീട്ടിൽ നിങ്ങളെ അസ്വസ്ഥരാക്കുകയും നിങ്ങളുടെ സ്നേഹിതരെ വീട്ടിൽ വരുത്തുന്നതിലെ അപകടംവരുത്താൻ വിസമ്മതിപ്പിക്കുകയും ചെയ്തേക്കാം.”—സാറാ ഗിൽബെർട്ടിനാലുള്ള ട്രബിൾ അററ ഹോം.
നിങ്ങളുടെ മാതാപിതാക്കൾതമ്മിലുള്ള കലഹങ്ങൾ വിശ്വസ്തതയുടെ ഹൃദയഭേദകമായ സംഘർഷങ്ങൾ സൃഷ്ടിച്ചേക്കാം. ജേണൽ ഓഫ മാര്യേജ ആൻഡ ദി ഫാമിലി പറയുന്നപ്രകാരം, “മാതാപിതാക്കളിൽ ഒരാളോടുള്ള അടുപ്പം മറേറയാളാലുള്ള തിരസ്കരണത്തിന്റെ അപകടസാദ്ധ്യത ആനയിക്കുന്നു.” പക്ഷം പിടിക്കുന്നു എന്ന് സൂചിപ്പിക്കാൻ കഴിയുന്ന എന്തെങ്കിലും സംസാരിക്കുകയൊ ചെയ്യുകയൊ ചെയ്യുന്നതിന് ഭയപ്പെട്ടുകൊണ്ട്, നിങ്ങൾ കലഹത്തിലേക്ക് വലിച്ചിഴക്കപ്പെട്ടേക്കുമോയെന്ന ഭയത്താൽ, നിങ്ങളുടെ മാതാപിതാക്കളോടുകൂടെയായിരിക്കുമ്പോൾ നിങ്ങൾക്ക് പരിഭ്രമം തോന്നിയേക്കാം.
‘അവർ വിവാഹമോചനംനേടാൻ പോകയാണോ?’
സാദ്ധ്യതയില്ല. എല്ലാ വിവാഹങ്ങളോടും കൂടെ ഒരളവിലുള്ള ക്ലേശം ഉണ്ടാകുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. 1 കൊരിന്ത്യർ 7:28-ൽ, വിവാഹിതരാകുന്നവർക്ക് “തങ്ങളുടെ ജഡത്തിൽ കഷ്ടം ഉണ്ടായിരിക്കും,” അല്ലെങ്കിൽ “ഈ ശാരീരിക ജീവിതത്തിൽ വേദനയും ദുഃഖവും” ഉണ്ടായിരിക്കും എന്ന് പൗലോസ് മുന്നറിയിപ്പു നൽകുന്നു. (ദി ന്യൂ ഇംഗ്ലീഷ ബൈബിൾ) അതുകൊണ്ട് മാതാപിതാക്കൾ തികച്ചും ആവേശത്തോടെയായിരുന്നാലും വിയോജിപ്പു പ്രകടമാക്കുന്നു എന്ന വസ്തുത മാത്രം അവർ മേലാൽ സ്നേഹിക്കുന്നില്ലെന്നോ ഒരു വിവാഹമോചനം ആസന്നമാണെന്നോ അർത്ഥമാക്കുന്നില്ല. പരസ്പരം ആഴമായി കരുതുന്ന ആളുകൾ തമ്മിൽ പോലും ചിലപ്പോഴൊക്കെ കലഹങ്ങൾ ഉണ്ടാകാൻ കഴിയുമെന്ന് ബൈബിൾ കാണിക്കുന്നു.
അബ്രാഹാമിന്റെ ഭാര്യയായ സാറാ, ഭാര്യയുടെ കീഴ്പ്പെടലിനുള്ള ക്രിസ്തീയ സ്ത്രീകളുടെ മാതൃകയായി കാണിക്കപ്പെടുന്നു. (1 പത്രോസ് 3:6) എന്നിട്ടും, ദാസിപ്പെണ്ണായ ഹാഗാറിലൂടെയുള്ള അബ്രാഹാമിന്റെ മകൻ ഇശ്മായേൽ അബ്രാഹാമിന്റെ മറേറ പുത്രനായ ഇസ്ഹാക്കിന്റെ ക്ഷേമത്തിന് ഒരു ഭീഷണിയായിത്തീരുമെന്ന് മനസ്സിലാക്കിയപ്പോൾ അവൾ തീവ്രമായി തന്റെ വികാരം അറിയിച്ചു: “ഈ ദാസിപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക, എന്തുകൊണ്ടെന്നാൽ ഈ ദാസിപ്പെണ്ണിന്റെ മകൻ എന്റെ മകനായ ഇസ്ഹാക്കിനോടൊപ്പം ഒരു അവകാശിയായിത്തീരാൻപോകുന്നില്ല!” (ഉൽപ്പത്തി 21:9, 10) വൈവാഹിക സമ്മർദ്ദങ്ങൾ ആളിക്കത്തിയെന്നതിനു സംശയമില്ല! എന്നാൽ ദൂരവ്യാപകമായ ഹാനിക്കിടയായില്ല. യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രേരണപ്രകാരം അബ്രാഹാം അവളുടെ അപേക്ഷയനുസരിച്ച് പ്രവർത്തിച്ചു!
അപ്പോൾ വളരെ സാധ്യതയനുസരിച്ച്, നിങ്ങളുടെ മാതാപിതാക്കളുടെ അഭിപ്രായവ്യത്യാസങ്ങൾ അവരേക്കാൾ നിങ്ങൾക്കാണ് വളരെയധികം പ്രാധാന്യമർഹിക്കുന്നത്. ചെറുപ്പക്കാരിയായ മാർഗറററ്, “പോരാട്ടം മതിയാക്കൂ!” എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് തന്റെ മാതാപിതാക്കളുടെ ലഹളയിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ, “ഞങ്ങൾ കേവലം ന്യായവാദം ചെയ്യുകയാണല്ലോ” എന്ന് അവർ പറഞ്ഞു.
അതുകൊണ്ട് മിക്ക ഗാർഹികവഴക്കുകളും ഹ്രസ്വകാലത്തേക്കു മാത്രം നിലനിൽക്കുന്നതും പെട്ടെന്ന് വിസ്മരിക്കപ്പെടുന്നതും ആകുന്നു—പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരും “അന്യോന്യം ദയയുള്ളവരും മൃദുലാനുകമ്പയുള്ളവരും ദൈവം ക്രിസ്തുമുഖാന്തരം സൗജന്യമായി നിങ്ങളോട് ക്ഷമിച്ചതുപോലെതന്നെ പരസ്പരം സൗജന്യമായി ക്ഷമിക്കുന്നവരുമായിത്തീരുക” എന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നവരും ആണെങ്കിൽ. (എഫേസ്യർ 4:32) ഉവ്വ്, നല്ല സാധ്യതയനുസരിച്ച് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളിൽനിന്നുള്ള യാതൊരു സഹായവും കൂടാതെതന്നെ അവരുടെ വിഷമതകൾ പരിഹരിക്കും.
“ആദ്യം അവർ തർക്കിക്കുന്നു, പിന്നീട് അവർ പ്രഹരിക്കുന്നു”
എന്നിരുന്നാലും എല്ലാ വൈവാഹിക ശത്രുതകളും അത്ര എളുപ്പത്തിൽ പരിഹരിക്കപ്പെടുന്നില്ല. ഐക്യനാടുകളിലെ ഏതാണ്ട് 2,000 കുടുംബങ്ങളിൽ നടത്തിയ ഏഴു വർഷത്തെ പഠനം, “ഐക്യനാടുകളിലെ ആറു ദമ്പതികളിൽ ഒന്നുവീതം ഓരോ വർഷവും അവന്റെ അല്ലെങ്കിൽ അവളുടെ ഇണയോട് ഒരു അക്രമപ്രവൃത്തിയെങ്കിലും ചെയ്യുന്നുണ്ട് എന്ന് വെളിപ്പെടുത്തി. . . . ഏററവും സാദ്ധ്യതയനുസരിച്ച് അത ഗണനീയമായി കുറഞ്ഞ കണക്കാണ.” ഒരു കൗമാരക്കാരനായ ആൺകുട്ടി തന്റെ മാതാപിതാക്കളുടെ കലഹത്തെപ്പററി ഇപ്രകാരം ചുരുക്കിപ്പറഞ്ഞു: “ആദ്യം അവർ തർക്കിക്കുന്നു, പിന്നീട് അവർ പ്രഹരിക്കുന്നു.”
നിങ്ങളുടെ ഭവനത്തിൽ വാസ്തവമതാണെങ്കിൽ നിശ്ചയമായും നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹത്തിൽ ഗൗരവമായ പ്രശ്നങ്ങൾ ഉണ്ട്. നിങ്ങളുടെ ശാരീരിക സുരക്ഷിതത്വത്തിനുപോലും—അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളുടേതിന്—യഥാർത്ഥ ഭീഷണിയുണ്ടായിരുന്നേക്കാം. ചെറുപ്പക്കാരിയായ മരിയായുടെ മാതാവ് അവളുടെ മത്തനായ പിതാവിനോട് ക്രമമായി ശണ്ഠകൂടിയിരുന്നു. മരിയാ ഇപ്രകാരം ഓർമ്മിക്കുന്നു: “ഞാൻ ഭയാകുലയായിരുന്നു. അദ്ദേഹം എന്റെ അമ്മയെ ഉപദ്രവിക്കാൻ പോകയായിരുന്നു, അല്ലെങ്കിൽ അവർ അദ്ദേഹത്തെ ഉപദ്രവിക്കുമായിരുന്നു എന്ന് ഞാൻ വിചാരിച്ചു.”
കൂടാതെ, ശാരീരികമായ ആക്രമണത്തിന്റെ പ്രകടനങ്ങൾ ഒഴിവാക്കുന്നവരെങ്കിലും വാഗ്രൂപത്തിൽ, “പകയോടുകൂടിയ പാരുഷ്യവും കോപവും അമർഷവും ആക്രോശവും അസഭ്യസംസാരവും” കൊണ്ട് പരസ്പരം ആക്രമിക്കുന്ന മാതാപിതാക്കളെസംബന്ധിച്ചും ഗൗരവമായ ഉൽക്കണ്ഠക്ക് അവകാശമുണ്ട്. (എഫേസ്യർ 4:31) അതുപോലെ, ലൈംഗിക അതൃപ്തിയൊ അവിശ്വസ്തത പോലുമൊ സൂചിപ്പിക്കുന്ന വാക്കുതർക്കങ്ങൾ നടത്തുന്ന മാതാപിതാക്കൾ ഗൗരവമായ വൈവാഹികപ്രശ്നങ്ങൾ സ്ഥിതിചെയ്യുന്നുണ്ടായിരിക്കാമെന്നതിന് വ്യക്തമായ സൂചനകൾ നൽകുന്നു.
ചില കുടുംബങ്ങൾക്ക് മദ്യാസക്തി അല്ലെങ്കിൽ മയക്കുമരുന്നുദുരുപയോഗം പോലുള്ള സംഘട്ടനത്തിന്റെ പ്രത്യേക ഉറവിടങ്ങൾപോലുമുണ്ടായിരിക്കാം. അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഒരു ക്രിസ്ത്യാനിയും മറെറയാൾ ഒരു അവിശ്വാസിയുമായിരിക്കാം. അത്തരത്തിലുള്ള സാഹചര്യം കുടുംബത്തിൽ “ഛിദ്രം ഉണ്ടാക്കും” എന്ന് യേശുക്രിസ്തു പ്രവചിച്ചു. ഗൗരവമായ വൈവാഹിക സമ്മർദ്ദം ഉണ്ടായേക്കാം.—മത്തായി 10:35.
നിങ്ങളുടെ മാതാപിതാക്കളുടെ വിവാഹം യഥാർത്ഥത്തിൽ അപകടത്തിലാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? നിസ്സഹായനായി നോക്കിനിൽക്കുന്നതല്ലാതെ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ഒരു ഭാവി ലേഖനത്തിന്റെ വിഷയം ഇതായിരിക്കും. (g89 11⁄22)
[17-ാം പേജിലെ ചിത്രം]
വൈവാഹിക കോപാവേശങ്ങൾ കൗമാരപ്രായക്കാർക്ക് ദുഃഖമുളവാക്കുന്നതായി തെളിയുന്നു
[18-ാം പേജിലെ ചിത്രം]
ബൈബിൾ തത്വങ്ങളുടെ ബാധകമാക്കൽ സമാധാനം പുനഃസ്ഥാപിക്കുന്നു