അവർ ഏതു സന്ദേശമാണ് കേൾക്കുന്നത്?
ഏതു തരം ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കും? നിങ്ങളുടെ മക്കൾക്ക് ഏതു തരം ഭാവി നിങ്ങളാഗ്രഹിക്കുന്നു? നിങ്ങൾക്ക് പൂർണ്ണാരോഗ്യമുണ്ടായിരിക്കാനും മരിക്കാതിരിക്കാനും കഴിയുമെങ്കിൽ നിങ്ങൾ അത് തെരഞ്ഞെടുക്കുമോ?
ഈ ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരംപറയും? മതമോ രാഷ്ട്രീയ പശ്ചാത്തലമോ എന്തായിരുന്നാലും മിക്കയാളുകളും സമാധാനവും സമൃദ്ധിയുമുള്ള ഒരു ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കും. പൂർണ്ണനീതിയും യോജിപ്പും ഉണ്ടായിരിക്കുന്നതും അഴിമതിയില്ലാത്തതും മേലേക്കിടയിലുള്ളവർക്ക് ഒരു നിയമവും ദരിദ്രർക്ക് മറെറാരു നിയമവും ഇല്ലാത്തതുമായ ഒരു ലോകത്തെ അവർ സ്വാഗതംചെയ്യും.
നിങ്ങളുടെ മക്കൾക്ക് സമൃദ്ധമായി ആഹാരവും ഉല്ലാസപ്രദമായ ഭവനവും നല്ല വിദ്യാഭ്യാസവും ഉണ്ടായിരിക്കാൻ നിങ്ങളാഗ്രഹിക്കുമെന്നുള്ളതിന് സംശയമില്ല. മററുവാക്കുകളിൽ പറഞ്ഞാൽ, നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും ഒരു സ്ഥിരതയുള്ള ഭാവിക്ക് ഉറപ്പുവരുത്താൻ നിങ്ങളാഗ്രഹിക്കും. അവസരം നൽകപ്പെടുകയാണെങ്കിൽ, പൂർണ്ണാരോഗ്യമുണ്ടായിരിക്കുന്നതിനും നിങ്ങളുടെ മുഴു അഭിലാഷങ്ങളും അഭീഷ്ടങ്ങളും നിറവേററത്തക്കവണ്ണം ദീർഘമായി ജീവിച്ചിരിക്കുന്നതിനും ഒരു സമാധാനപൂർണ്ണമായ പറുദീസാഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുന്നതിനുപോലും നിങ്ങൾ ഇഷ്ടപ്പെടും.
ഇതെല്ലാം അസാദ്ധ്യമായ ഒരു സ്വപ്നമല്ല. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളുൾപ്പെടെ ഭൂവ്യാപകമായ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്ന ബൈബിൾസന്ദേശമിതാണ്.
ഭാവിയിലേക്കുള്ള ബൈബിളിന്റെ പ്രായോഗിക പ്രത്യാശ
അനേകം നൂററാണ്ടുകൾക്കുമുമ്പ് രേഖപ്പെടുത്തപ്പെട്ട ബൈബിളിലെ വിശ്വസനീയമായ പ്രവചനങ്ങൾ നമ്മുടെ 20-ാംനൂററാണ്ടിലെ സംഭവങ്ങളെ, നമ്മുടെ ‘യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും,’ നമ്മുടെ ഭൂകമ്പങ്ങളെയും, അവിടവിടെയുള്ള ഭക്ഷ്യദൗർലഭ്യങ്ങളെയും, ‘ഭൂമിയിൽ ഉണ്ടാകാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഭയത്താലും പ്രതീക്ഷയാലും മനുഷ്യർ മോഹാലസ്യപ്പെടവേ പോംവഴിയറിയാത്ത നമ്മുടെ ജനതകളുടെ മനോവേദന’യെയും, നമ്മുടെ ‘ഭൂമിയുടെ നശിപ്പിക്കലിനെയും മലിനീകരണത്തെയും’ മുൻകൂട്ടിപ്പറഞ്ഞു.—ലൂക്കോസ് 21:10-33; വെളിപ്പാട് 11:18.
എന്നിരുന്നാലും ഈ സംഭവങ്ങളും മററനേകം സംഭവങ്ങളും വാഗ്ദത്തംചെയ്യപ്പെട്ട ദൈവത്തിന്റെ പുതിയ ലോകവും സമീപിച്ചിരിക്കുന്നുവെന്നതിന്റെ തീർച്ചയായ അടയാളമാണ്. ഇതിൽ “പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയും,” അതായത്, ഒരു പുതിയ ലോകഭരണാധിപത്യം—ഒരു സ്വർഗ്ഗീയഗവൺമെൻറും ‘നീതി വസിക്കേണ്ട രൂപാന്തരംഭവിച്ച ഒരു മനുഷ്യസമുദായവും—ഉൾപ്പെട്ടിരിക്കുന്നു. അതിന്റെ അർത്ഥം ‘വേദനയോ മരണമോ വിലാപമോ മേലാൽ ഇല്ലാത്ത’ ഒരു പുതിയ ലോകമെന്നാണ്.—യെശയ്യാവ് 65:17-25; 2 പത്രോസ് 3:13; വെളിപ്പാട് 21:1-4.
പ്രസ്പഷ്ടമായി, എത്ര ആത്മാർത്ഥതയും മനഃസാക്ഷിബോധവുമുള്ളതായിരുന്നാലും, യാതൊരു രാഷ്ട്രീയവ്യവസ്ഥിതിക്കും അങ്ങനെയുള്ള ഒരു പരിപാടി നടപ്പിലാക്കാൻ കഴികയില്ല. അഖിലാണ്ഡപരമാധികാരിയാം കർത്താവായ യഹോവയാം ദൈവത്തിനുമാത്രമേ ഇതു സാധിക്കുന്നതിനുള്ള ഇച്ഛാശക്തിയും കഴിവുമുള്ളു. ആ കാരണത്താൽ അവന്റെ പുത്രനായ യേശുക്രിസ്തു “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്ന് പ്രാർത്ഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു.—മത്തായി 6:9, 10.
ഭൂമി സമാധാനപ്രേമികളായ മനുഷ്യകുടുംബം നിവസിക്കുന്ന, പ്രപഞ്ചത്തിലെ തിളങ്ങുന്ന ഒരു രത്നമായിരിക്കണമെന്നുള്ളതാണ് ദൈവത്തിന്റെ ഇഷ്ടം. അത് കൈവരുത്തുന്നതിന് താമസിയാതെ ദൈവം നടപടി സ്വീകരിക്കും. അത് സകല പ്രദൂഷണത്തെയും പ്രദൂഷകരെയും നീക്കി ഭൂമിയെ ശുദ്ധീകരിക്കാനുള്ള ഒരു നടപടിയായിരിക്കും. ഭൗതികമായാലും ധാർമ്മികമായാലും സകല മലിനീകരണവും ഭൂമിയിൽ നിന്ന് നീക്കംചെയ്യപ്പെടും. ആർ ശേഷിക്കും? യേശു പറഞ്ഞു: “സൗമ്യപ്രകൃതമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.”—മത്തായി 5:5; വെളിപ്പാട് 16:14-16.
നിങ്ങൾ ദൈവാനുഗ്രഹം ലഭിക്കുന്ന സൗമ്യപ്രകൃതരിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ, നിങ്ങളുടെ പരിസരത്തുള്ള യഹോവയുടെ സാക്ഷികളെ സമീപിച്ച് യാതൊരു കടപ്പാടും കൂടാതെ ഒരു സൗജന്യ ഭവനബൈബിളദ്ധ്യയനത്തിന് അപേക്ഷിക്കുക. “നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവേഷ്ടം” നിങ്ങൾക്കായി ഉറപ്പുവരുത്തുക. അനന്തരം അത് ചെയ്യുക.—റോമർ 12:2. (g91 1⁄8)