നിങ്ങൾ ഒരു ജീവനുള്ള ദൈവത്തെ ആരാധിക്കുന്നുവോ?
ററഡാഷി ഇഷിഗുറൊ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം—ജാപ്പനീസ് ചക്രവർത്തിയുടെ ചരിത്രപ്രസിദ്ധമായ ദിവ്യത്വനിഷേദത്തിനുശേഷം—ആണ് ജനിച്ചതെങ്കിലും അയാൾ വീണ്ടും ചക്രവർത്തി ദിവ്യനാണെന്ന് വിശ്വസിച്ചിരുന്നു. “അദ്ദേഹം ദിവ്യത്വം നിഷേധിക്കരുതായിരുന്നു” എന്ന് ററഡാഷി പറഞ്ഞു.
എന്നുവരികിലും അയാളുടെ സഹോദരൻ ആ വിഷയം സംബന്ധിച്ച് അയാളോട് ന്യായവാദം ചെയ്തു: ‘മററു മനുഷ്യരേപ്പോലെ ചക്രവർത്തിക്കും പ്രായം ചെല്ലുന്നു, രോഗം ബാധിക്കുന്നു. അദ്ദേഹത്തിന് സകല മനുഷ്യരുടെയും അന്തിമാനുഭവത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ല: മരണം തന്നെ. അദ്ദേഹത്തിന് സ്വയം രക്ഷിക്കാൻ കഴിയില്ല, മററാളുകളുടെ കാര്യം പറയേണ്ടല്ലോ.’ തന്റെ സഹോദരൻ ബൈബിളിനെ പരാമർശിച്ച ആ ചർച്ചക്കുശേഷം തന്റെ വിശ്വാസങ്ങൾ സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താൻ ററഡാഷി തീരുമാനിച്ചു.—സഭാപ്രസംഗി 3:19; റോമർ 5:12.
തക്കസമയത്ത് ഈ ബൈബിൾ പ്രബോധനത്തിന്റെ ജ്ഞാനം അയാൾ മനസ്സിലാക്കാൻ തുടങ്ങി: “നിങ്ങൾ പ്രഭുക്കൻമാരിൽ നിങ്ങളുടെ ആശ്രയം അർപ്പിക്കരുത്, ഭൗമീക മമനുഷ്യന്റെ പുത്രനിലും അരുത്.” എന്തുകൊണ്ട് പാടില്ല? എന്തുകൊണ്ടെന്നാൽ ബൈബിൾ പറയുന്നതുപോലെ, “യാതൊരു രക്ഷയും [അവന്] ഉള്ളതല്ല. അവന്റെ ആത്മാവ് പുറത്തുപോകുന്നു, അവൻ തന്റെ നിലത്തേക്ക് തിരികെ പോകുന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) വാസ്തവത്തിൽ, ദൈവങ്ങളെന്നനിലയിൽ മർത്ത്യരായ മനുഷ്യരിൽ ആശ്രയം അർപ്പിക്കുന്നത് നിരാശയിലേക്കു മാത്രമേ നയിക്കുന്നുള്ളു, വിപത്തിലേക്കുപോലും!
സൂര്യദേവതയായ അമറററാസു ഒമിക്കാമിയുടെ പിതാവായ ഇസനാഗിയുടെ കുന്തത്തിൽ നിന്ന് വീഴുന്ന ജലതുള്ളികൾകൊണ്ടാണ് ജാപ്പനീസ് ദ്വീപസമൂഹം സൃഷ്ടിക്കപ്പെട്ടതെന്ന് സങ്കൽപ്പിക്കപ്പെടുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു വിശ്വാസത്തിന് ഒരു യഥാർത്ഥ അടിസ്ഥാനം ഇല്ല. അപ്പോൾ, ജാപ്പനീസ് ചക്രവർത്തി ഈ ദേവതയുടെ ഒരു മനുഷ്യവംശജനാണെന്നും അതുകൊണ്ട് ദിവ്യനാണെന്നുമുള്ള വിശ്വാസത്തെ സംബന്ധിച്ചെന്ത്? ഇതും അടിസ്ഥാനമില്ലാത്ത ഐതിഹ്യമല്ലേ? അവർ, തങ്ങൾ യഥാർത്ഥത്തിൽ അറിയാത്തതിനെ ആരാധിച്ചതുകൊണ്ട് ആയിരക്കണക്കിന് ജപ്പാൻകാർ തങ്ങളെ സഹായിക്കാൻ പ്രാപ്തനല്ലാത്ത ഒരാൾക്കുവേണ്ടി തങ്ങളുടെ ജീവൻ ബലികഴിച്ചു. എത്ര സങ്കടകരം!
തന്റെ സഹോദരനുമൊത്തുള്ള ചർച്ചകളുടെ ഫലമായി, നമ്മുടെ മനോഹരമായ ഭൂമിയും അതിലെ ജീവനും, ശക്തനും സ്നേഹവാനുമായ ഒരു സ്രഷ്ടാവിന്റെ ഉൽപ്പന്നമാണെന്ന് ററഡാഷിക്ക് വ്യക്തമായിത്തീർന്നു. (എബ്രായർ 3:4) ബൈബിളനുസരിച്ച് സത്യദൈവം “അനിശ്ചിതകാലം മുതൽ അനിശ്ചിതകാലം വരെ” ഉള്ളവനാണ്. (സങ്കീർത്തനം 90:2) അവൻ എന്നെന്നേക്കും ജീവിക്കുന്നവനാണ്. അവൻ 70-ഓ 80-ഓ വർഷത്തെ ഒരു ആയുർദൈർഘ്യത്തിൽ ഒതുക്കപ്പെട്ടിട്ടില്ല, അവൻ ആലോചനക്കാരുടെ ഉപദേശത്തെ ആശ്രയിക്കുന്നുമില്ല.—സങ്കീർത്തനം 90:10; റോമർ 11:34.
പകരം, ബൈബിൾ സ്രഷ്ടാവിനെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു: “സ്വർഗ്ഗീയ സൈന്യത്തിന്റെയും ഭൂവാസികളുടെയും ഇടയിൽ അവൻ തന്റെ സ്വന്തം ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കുന്നു. അവന്റെ കൈ തടുക്കാനോ ‘നീ എന്തു ചെയ്യുന്നു?’ എന്ന് അവനോട് പറയാനോ കഴിയുന്ന യാതൊരുവനും സ്ഥിതിചെയ്യുന്നില്ല.” (ദാനിയേൽ 4:35) ദൈവങ്ങളായി കരുതപ്പെടുന്നവരും എന്നാൽ അവരുടെ സ്വന്തം ഇഷ്ടംപോലും നിറവേററാൻ കഴിയാത്തവരും ആയ മനുഷ്യരിൽ നിന്ന് എത്ര വ്യത്യസ്തൻ!
ററഡാഷി ബൈബിൾ പഠിക്കുമളവിൽ അതിന് നിശ്വസ്തത നൽകിയ ദൈവത്തിലുള്ള അയാളുടെ വിശ്വാസം വർദ്ധിച്ചു. ഇത് ഒരു സാങ്കൽപ്പിക ദൈവമല്ല. പിന്നെയോ അവൻ അദൃശ്യനായ ഒരു യഥാർത്ഥ വ്യക്തിയാണ്. എഴുതുവാൻ ദൈവം മനുഷ്യരെ നിശ്വസ്തരാക്കിയ, ബൈബിളിൽ, തന്റെ പേര് യഹോവ എന്നാണെന്ന് അവൻ നമ്മോടു പറയുന്നു. (സങ്കീർത്തനം 83:18) താൻ എന്തു ചെയ്തിരിക്കുന്നുവെന്നും തന്നെ എങ്ങനെ ആരാധിക്കണമെന്നും അവൻ നമ്മോടു പറയുന്നു. എങ്കിലും യഹോവയിലുള്ള നിങ്ങളുടെ ആശ്രയം നിഷ്ഫലമാകാതിരിക്കുന്നതിന് അവൻ ഒരു ജീവനുള്ള ദൈവമാണെന്ന് നിങ്ങൾക്കെങ്ങനെ നിശ്ചയമുള്ളവരായിരിക്കാൻ കഴിയും?
കൊള്ളാം, മററ് സകലർക്കും മീതെ തന്റെ ശ്രേഷ്ഠത പ്രഖ്യാപിച്ചുകൊണ്ട് യഹോവ ഇപ്രകാരം പറഞ്ഞു: “ഞാനാകുന്നു ദിവ്യൻ, മറെറാരു ദൈവമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല; ആരംഭത്തിങ്കൽ തന്നെ അവസാനവും ദീർഘകാലം മുമ്പ് ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങളും പ്രസ്താവിക്കുന്നവൻ; ‘എന്റെ സ്വന്തം ആലോചന നിലനിൽക്കും, എനിക്ക് താൽപ്പര്യമുള്ള സകലതും ഞാൻ ചെയ്യും’ എന്ന് അരുളിച്ചെയ്യുന്നവൻ.”—യെശയ്യാവ് 46:9, 10.
അങ്ങനെ, ഭാവി മുൻകൂട്ടിപറയാനും തന്റെ സ്വന്തം ഇഷ്ടം പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പു വരുത്താനുമുള്ള അവന്റെ പ്രാപ്തിയാൽ അവന്റെ ദൈവത്വം സ്ഥിരീകരിക്കപ്പെടുന്നു. അവൻ തന്റെ ദാസൻമാരെ സംരക്ഷിക്കാനും രക്ഷിക്കാനും പ്രാപ്തനാണ്, ദൈവങ്ങളെന്ന നിലയിൽ ഭക്തി അർപ്പിക്കപ്പെടുന്നവരും എന്നാൽ തങ്ങളുടെ പ്രജകളാൽ സംരക്ഷിക്കപ്പെടേണ്ടവരും ആയ മനുഷ്യരേപ്പോലെയല്ല. അതുകൊണ്ട് കുറച്ചുകാലത്തിനുശേഷം, ററഡാഷി ബൈബിളിലെ ദൈവത്തെ ആരാധിക്കുന്നതിലേക്കു വന്നു, അവന്റെ സാക്ഷികളിൽ ഒരുവനായി യഹോവയാം ദൈവത്തെ സേവിക്കുന്നതിൽ തന്റെ സഹോദരനോട് ചേർന്നുകൊണ്ടുതന്നെ.
നിങ്ങൾ ആരെ ആരാധിക്കും?
ആളുകൾ ദിവ്യശക്തികൾ ആരോപിക്കുന്ന മനുഷ്യർ ഉൾപ്പെടെ, ഇന്ന് അനേകം ദൈവങ്ങൾ ആരാധിക്കപ്പെടുന്നു. “സ്വർഗ്ഗത്തിലായാലും ഭൂമിയിലായാലും ദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്നവർ ഉണ്ട്,” എന്ന് ബൈബിൾ കുറിക്കൊള്ളുന്നു. (1 കൊരിന്ത്യർ 8:5) ദൃഷ്ടാന്തത്തിന്, പുരാതന ഗ്രീക്ക് നഗരമായ ഏതൻസിൽ “ഒരു അജ്ഞാത ദൈവത്തിന്” എന്ന് രേഖപ്പെടുത്തിയ ഒരു ബലിപീഠം ഉയർത്തിയിരുന്നു. (പ്രവൃത്തികൾ 17:23) അതുകൊണ്ട് ഏതൻസുകാർ തങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാൻപാടില്ലെന്ന് സമ്മതിക്കുന്ന ഒന്നിനെ ആരാധിക്കുന്നവരിൽ ഉൾപ്പെട്ടിരുന്നു.
അങ്ങനെ നാമും ഇന്ന്, അറിയാത്തതിനെ ആരാധിക്കുന്നതിൽ ഉൾപ്പെട്ടുപോകാനുള്ള സാദ്ധ്യത സ്ഥിതിചെയ്യുന്നു. ദശലക്ഷക്കണക്കിന് ജപ്പാൻകാർ അത്തരം ആരാധനയിൽ ഉൾപ്പെട്ടുപോയി, ചക്രവർത്തി ദിവ്യനാണെന്ന വിശ്വാസം ഉന്നമിപ്പിച്ച വ്യാജശുശ്രൂഷകരാൽ വഞ്ചിക്കപ്പെട്ടുകൊണ്ടുതന്നെ. ചക്രവർത്തിപോലും വഞ്ചനക്ക് വിധേയനായി. അതുകൊണ്ട് പാഠം പഠിക്കുക: നമ്മുടെ മാതാപിതാക്കൾ എന്തെങ്കിലും വിശ്വസിക്കുന്നുവെന്ന വസ്തുതയോ എന്തെങ്കിലും സത്യമാണെന്ന് ശുശ്രൂഷകൻമാർ പറയുന്നുവെന്നതോ അതിനെ അപ്രകാരമാക്കുന്നില്ല. നാം ആരാധിക്കുന്നതു സംബന്ധിച്ച് നമുക്ക് യഥാർത്ഥത്തിൽ അറിവുണ്ടെന്ന് നിശ്ചയപ്പെടുത്തുന്നതിന് നാം ഒരു പരിശോധന നടത്തേണ്ടത് ആവശ്യമാണ്.
തങ്ങൾ യഥാർത്ഥത്തിൽ അറിയാത്തതിനെ ആരാധിക്കുന്നവർ പുരാതന ഏതൻസുകാരോ രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പുള്ള ജപ്പാൻകാരോ മാത്രമല്ല. ഇന്നുപോലും ക്രൈസ്തവലോകത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ ഒരു ത്രിത്വത്തെ ആരാധിക്കുന്നു. നിങ്ങൾ അത്തരത്തിലുള്ള ഒരാളാണെങ്കിൽ നിങ്ങളോടു തന്നെ ചോദിക്കുക: ഞാൻ ആരാധിക്കുന്ന ദൈവത്തെ എനിക്ക് യഥാർത്ഥത്തിൽ അറിയാമോ? അവന്റെ പേരെന്താണ്? അവന് ഒരു ദൈവത്തിൽ മൂന്നാളുകൾ ആയിരിക്കാൻ എങ്ങനെ കഴിയും? എന്റെ വിശ്വാസത്തിന്റെ ഉറവിടം എന്താണ്?
യേശുക്രിസ്തുവും അവന്റെ അപ്പോസ്തലൻമാരും അത് പഠിപ്പിച്ചതായും അത് ഒരു ബൈബിളുപദേശം ആയിരിക്കുന്നതായും ത്രിത്വവിശ്വാസികൾ ധരിച്ചേക്കാം. എന്നാൽ അത് അങ്ങനെയല്ല. ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “‘ഒരു ദൈവത്തിൽ മൂന്നാളുകൾ’ എന്ന ഉപദേശം നാലാം നൂററാണ്ടിന്റെ അന്ത്യത്തിനു മുമ്പ് [യേശുവും അവന്റെ അപ്പോസ്തലൻമാരും ഭൂമിയിൽ ഉണ്ടായിരുന്നതിന് നൂറുകണക്കിന് വർഷങ്ങൾക്കു ശേഷം] ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, ക്രിസ്തീയ ജീവിതത്തിലേക്കും അതിന്റെ വിശ്വാസത്തിലേക്കും തീർച്ചയായും പൂർണ്ണമായി സ്വാംശീകരിച്ചിരുന്നില്ല. . . . അപ്പോസ്തലിക പിതാക്കൻമാരുടെയിടയിൽ അത്തരം ഒരു മനോഭാവത്തോട് അഥവാ വീക്ഷണത്തോട് വിദൂരതയിൽപോലും അടുത്തു വരുന്ന യാതൊന്നും ഉണ്ടായിരുന്നില്ല.”
നേരെമറിച്ച്, യേശുക്രിസ്തു ഒരു മനുഷ്യനായി ഭൂമിയിൽ വരുന്നതിന് നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പ് ഐതിഹ്യങ്ങളിൽ അധിഷ്ഠിതമായ മതങ്ങളിലെ ആളുകളുടെയിടയിൽ ത്രിത്വ ഉപദേശം ഉറപ്പായി വേരുപിടിച്ചിരുന്നു. ഉദാഹരണത്തിന്, പുരാതന ഈജിപ്ററുകാർ ഓസിറിസും ഐസിസും (അയാളുടെ ഭാര്യ) ഹോറസും (അയാളുടെ മകൻ) ചേർന്ന ത്രിത്വത്തെ ആരാധിച്ചിരുന്നു. ഇക്കാലത്തുപോലും ഹിന്ദുക്കൾ ബ്രഹ്മാവും വിഷ്ണുവും ശിവനും ചേർന്ന മൂന്നുതലയുള്ള ത്രിമൂർത്തിയെ ആരാധിക്കുന്നു.
അതുകൊണ്ട് നിങ്ങൾക്കു ചുററുമുള്ള ആളുകൾ ചെയ്യുന്നതുനോക്കി ആരാധിക്കുന്നതിനു പകരം നിങ്ങൾ ആരാധിക്കുന്നത് നിങ്ങൾക്കറിയാമെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന നടത്തുക. തങ്ങൾ യഥാർത്ഥത്തിൽ അറിയാത്തതിനെ ആരാധിച്ചുകൊണ്ടിരുന്ന ഏതൻസുകാരോട് ദൈവം “നാം ഓരോരുത്തരിൽനിന്നും വിദൂരത്തിലല്ല” എന്നും അവനെ ആത്മാർത്ഥമായി അന്വേഷിക്കുന്ന ഏതൊരുത്തനും അവനെ കണ്ടെത്താൻ കഴിയുമെന്നും പറയപ്പെട്ടു. അതുകൊണ്ട്, നാം ജീവനുള്ള സത്യദൈവത്തിനുവേണ്ടി ആത്മാർത്ഥമായി അന്വേഷണം നടത്തുന്നെങ്കിൽ നാം അവനെ കണ്ടെത്തുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—പ്രവൃത്തികൾ 17:27. (g89 12/22)
[10-ാം പേജിലെ ചിത്രം]
ററഡാഷി തന്റെ വിശ്വാസങ്ങളെ കുറേക്കൂടെ അടുത്ത് വീക്ഷിക്കാൻ തീരുമാനിച്ചു