ഊഷ്മളമായ വിവാഹബന്ധുത്വം ആസ്വദിക്കുക
പ്രാരംഭ ലേഖനത്തിൽ പരാമർശിക്കപ്പെട്ട ഖിന്നയായ മരുമകൾ ഫുജിക്കോ അവസാനം തന്റെ ഭർത്താവിനെ അയാളുടെ മാതാപിതാക്കളുടെ അപ്പാർട്ടുമെൻറിന്റെ അടുത്തുള്ള ഒരു ഭവനത്തിലേക്ക് മാറുന്നതിന് പ്രേരിപ്പിച്ചു. എന്നാൽ കാര്യങ്ങൾ അധികമൊന്നും മെച്ചപ്പെട്ടില്ല. അവളുടെ അമ്മാവിയമ്മയുടെയും അമ്മാവിയപ്പന്റെയും ഇടപെടലുകൾ തുടർന്നുകൊണ്ടിരുന്നു, അവളുടെ മനഃക്ലേശം തങ്ങിനിൽക്കുകയും ചെയ്തു. അപ്പോൾ ഒരു ദിവസം ഒരു അപരിചിതൻ അവളെ സമീപിച്ചു.
ഈ സന്ദർശനം ഫുജിക്കോയിൽ മാററംവന്ന ഒരു വ്യക്തിത്വത്തിനിടയാക്കിയ ഒരു ഗതി തുടങ്ങുന്നതിനിടയാക്കി, അത് മററുള്ളവരോടുള്ള അവളുടെ ബന്ധത്തെ മെച്ചപ്പെടുത്തുകയും ചെയ്തു. അവൾ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ക്രമേണ അവളുടെ അമ്മാവിയപ്പൻ ‘അവളുടെ വ്യക്തിത്വത്തെ ഇത്രയധികം വ്യത്യാസപ്പെടുത്തിയ മതം ഏതു തരത്തിലുള്ളതാണ്’ എന്ന് സ്വയം കാണാൻ അദ്ധ്യയനങ്ങളിൽ ഹാജരാകുന്നതിന് ആഗ്രഹിച്ചു.
പുതിയ ബന്ധത്തെ തിരിച്ചറിയുന്നു
ബൈബിൾ തിരുവെഴുത്തുപരമായ വിവാഹക്രമീകരണം സംബന്ധിച്ച് ഒരു വ്യക്തമായ ചിത്രം പ്രദാനംചെയ്യുന്നു. ദൈവം ആദ്യ മാനുഷ ഇണകളെ സൃഷ്ടിക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്തശേഷം അവൻ താഴെ പറയുന്ന തത്വം സ്ഥാപിച്ചു: “ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും വിട്ട് തന്റെ ഭാര്യയോട് പററിച്ചേരും, ഇരുവരും ഒരു ജഡമായിത്തീരുകയും ചെയ്യും.” (ഉൽപ്പത്തി 2:24) അതുകൊണ്ട് പുതിയ ഇണകൾ തങ്ങൾ ഒരു പുതിയ ബന്ധത്തിൽ പ്രവേശിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയണം. അവർ തങ്ങളുടെ വിവാഹബന്ധുക്കളോടുകൂടെ വസിച്ചാലും അവർ ഒരു സ്വതന്ത്ര യൂണിററ് എന്ന നിലയിൽ പരസ്പരം പററിച്ചേർന്നിരിക്കണം.
എന്നിരുന്നാലും, അപ്പനെയും അമ്മയെയും വിടുന്നു എന്നതിനാൽ മക്കൾ വിവാഹിതരാകുമ്പോൾ അവർക്ക് തങ്ങളുടെ മാതാപിതാക്കൾക്ക് പുറംതിരിഞ്ഞുകളയാമെന്നും മേലാൽ അവർ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കയും ചെയ്യേണ്ട ആവശ്യമില്ല എന്നും അർത്ഥമില്ല. “നിന്റെ അമ്മ വൃദ്ധയായിരിക്കുന്നു എന്നതുകൊണ്ടുമാത്രം അവളെ വെറുക്കരുത്” എന്ന് ബൈബിൾ അനുശാസിക്കുന്നു. (സദൃശവാക്യങ്ങൾ 23:22) എന്നാൽ വിവാഹത്തോടെ ബന്ധങ്ങളിൽ ഒരു ക്രമീകരണം വരുത്തേണ്ടതുണ്ട്. കുടുംബത്തിലെ ഓരോ അംഗവും ഇത് നന്നായി ഓർമ്മയിൽ വെക്കുന്നെങ്കിൽ യുവദമ്പതികൾക്ക് മാതാപിതാക്കളുടെ അനുഭവപരിചയത്തിൽനിന്നും ജ്ഞാനത്തിൽനിന്നും പ്രയോജനം അനുഭവിക്കാൻ കഴിയും.
അപ്പോസ്തലനായ പൗലോസ് തന്റെ മിഷനറിയാത്രകളിൽ കൊണ്ടുപോയിരുന്ന ആദരണീയനായ തിമൊഥെയോസ് അവന്റെ യഹൂദ മാതാവായിരുന്ന യൂനീക്കയാൽ വളർത്തപ്പെട്ടിരുന്നു. എന്നിരുന്നാലും തെളിവനുസരിച്ച് അവന്റെ വല്യമ്മ ലോവീസിനും അവന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ ഒരു കൈയുണ്ടായിരുന്നു. (2 തിമൊഥെയോസ് 1:5; 3:15) വല്യമ്മമാർക്ക് ശിശുപരിശീലനത്തിൽ ഇടപെടുന്നതിനും മാതാപിതാക്കളുടേതിൽനിന്ന് വ്യത്യസ്തമായ നിലവാരങ്ങൾ ഏർപ്പെടുത്തുന്നതിനും അവകാശമുണ്ടെന്ന് പറയുകയല്ല. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ പ്രായക്കൂടുതലുള്ള തലമുറക്ക് യുവതലമുറയെ സഹായിക്കാൻ കഴിയുന്ന ഒരു ഉചിതമായ വിധമുണ്ട്.—തീത്തോസ് 2:3-5.
“യഥാർത്ഥ ജ്ഞാനിയായ സ്ത്രീ”
രണ്ടു തലമുറകൾ ശിശുപരിശീലനംപോലുള്ള ഒരു വൈകാരികപ്രശ്നത്തിൽ സഹകരിക്കണമെങ്കിൽ രണ്ടു കൂട്ടരും ജ്ഞാനപൂർവം പ്രവർത്തിക്കണം. “യഥാർത്ഥ ജ്ഞാനമുള്ള സ്ത്രീ തന്റെ വീടു പണിതിരിക്കുന്നു,” ബൈബിൾ സദൃശവാക്യം പറയുന്നു, “എന്നാൽ ഭോഷത്വമുള്ളവൾ അവളുടെ സ്വന്തം കൈകൾകൊണ്ട് അത് പൊളിച്ചുകളയുന്നു.” (സദൃശവാക്യങ്ങൾ 14:1) ഒരു സ്ത്രീക്ക് തന്റെ വീടുപണിയാൻ കഴിയുന്നതെങ്ങനെയാണ്? റേറാമിക്കൊയെ തന്റെ മരുമകളായ ഫുജിക്കൊയുമായുള്ള ബന്ധം നന്നാക്കാൻ സഹായിച്ചത് ആശയവിനിമയമായിരുന്നു എന്ന് അവൾ പറയുന്നു. “രഹസ്യ സംസാരമില്ലാത്തടത്ത് ആസൂത്രണങ്ങൾ വിഫലമാകുന്നു” എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—സദൃശവാക്യങ്ങൾ 15:22.
ആശയവിനിമയത്തിന്റെ അർത്ഥം മററുള്ളവരുടെ വികാരങ്ങളോട് പരിഗണനയില്ലാതെ നിങ്ങളുടെ മനസ്സിലുള്ളതെല്ലാം വിളമ്പുകയെന്നല്ല. ഇവിടെയാണ് ജ്ഞാനം രംഗപ്രവേശംചെയ്യുന്നത്. മററുള്ളവർക്കു പറയാനുള്ളത് “ജ്ഞാനിയായ ഒരുവൻ ശ്രദ്ധിക്കും.” ചിലപ്പോൾ വിവാഹംമൂലമുണ്ടായ നിങ്ങളുടെ ബന്ധുവിന് ചിലതു പറയാനുണ്ടായിരിക്കാം, എന്നാൽ അവർ അതു വെളിപ്പെടുത്താൻ മടിക്കുന്നു. വിവേചനയുള്ളവരായിരിക്കുകയും ‘അവരുടെ വിചാരങ്ങൾ കോരിയെടുക്കുക’യും ചെയ്യുക. പിന്നീട് നിങ്ങൾ സംസാരിക്കുന്നതിനുമുമ്പ് ‘ധ്യാനിക്കുക.’—സദൃശവാക്യങ്ങൾ 1:5; 15:28; 20:5.
സമയം വളരെ പ്രധാനമാണ്. “ശരിയായ സമയത്തു പറയുന്ന ഒരു വാക്ക് വെള്ളികൊണ്ടുള്ള കൊത്തുപണിയിലെ സ്വർണ്ണംകൊണ്ടുള്ള ആപ്പിളുകൾ പോലെയാകുന്നു” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 25:11) റെറാക്കിക്കോയും അവളുടെ മരുമകളും മറേറയാളെ പിശകായി സ്വാധീനിച്ചേക്കാവുന്ന അഭിപ്രായങ്ങൾ പറയുന്നതിന് ശരിയായ സമയത്തിനുവേണ്ടി കാത്തിരിക്കുമെന്ന് പറയുന്നു. “ഞാൻ എന്റെ മരുമകളെ എന്തെങ്കിലും ചൂണ്ടിക്കാണിക്കുന്നതിന് ആഗ്രഹിക്കുമ്പോൾ അതു പറയുന്നതിനുമുമ്പ് ഞാൻ ചിന്തിക്കാൻ പരിശ്രമിക്കുന്നു” എന്ന് റെറാക്കിക്കൊ പറയുന്നു. “ഞാൻ പോയിൻറുകൾ മനസ്സിൽവെക്കുകയും അവൾ നല്ല അവസ്ഥയിൽ അവൾക്ക് വിശപ്പില്ലാതിരിക്കുന്ന സമയത്ത് സംസാരിക്കയും ചെയ്യുന്നു. നിങ്ങൾ വിശന്നിരിക്കുമ്പോൾ നിങ്ങൾ അനായാസം മുഷിയുമെന്ന് അറിയാമല്ലോ.”
ജ്ഞാനിയായ ഒരു സ്ത്രീ വിവാഹംമൂലമുണ്ടായ തന്റെ ബന്ധുക്കളെക്കുറിച്ച് ദോഷം പറയുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കും. “നാം അമ്മാവിയമ്മമാരോ മരുമക്കളൊ ആയിരുന്നാലും മറേറയാളെക്കുറിച്ച് നാം എന്തു ദോഷം പറഞ്ഞാലും അത് ഒടുവിൽ അവർ അറിയും എന്ന് മനസ്സിലാക്കിയിരിക്കണം” എന്ന് തന്റെ അമ്മാവിയമ്മയോടുകൂടെ 30 വർഷം പാർത്തിരുന്ന ഒരു ജാപ്പനീസ് എഴുത്തുകാരിയായ സുമി ററനാക്കാ പറയുന്നു. പകരം, വിവാഹംമൂലമുണ്ടായിരിക്കുന്ന ബന്ധുക്കളെസംബന്ധിച്ച് നേരിട്ടും അല്ലാതെയും നല്ലതു സംസാരിക്കുന്നതിന് അവർ ശുപാർശചെയ്യുന്നു.
നിങ്ങളുടെ ശ്രമങ്ങളോട് വിവാഹംമൂലമുണ്ടായിരിക്കുന്ന നിങ്ങളുടെ ബന്ധുക്കൾ പ്രതികരിക്കുന്നില്ലെങ്കിലെന്ത്?
ക്ഷമയുള്ളവരായിരിക്കുക
മിക്കപ്പോഴും വിവാഹംമൂലമുണ്ടായിരിക്കുന്ന ബന്ധുക്കൾ തമ്മിൽ ഗൗരവതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മററുള്ളവർ ചെയ്യുകയൊ പറയുകയൊ ചെയ്താൽ പ്രശ്നമാകുകയില്ലാത്ത കാര്യങ്ങളിൽനിന്നാണ്. നാമെല്ലാം അപൂർണ്ണരും, “വാക്കിൽ ഇടറു”ന്നവരുമാകയാൽ ചിലപ്പോൾ നാം ‘വാളുകൊണ്ട് കുത്തുന്നതുപോലെ ചിന്തയില്ലാതെ സംസാരിക്കുന്നു.’ (യാക്കോബ് 3:2; സദൃശവാക്യങ്ങൾ 12:18) എന്നാൽ ഓരോ ചിന്താശൂന്യമായ വാക്കിലും അസ്വസ്ഥരാകാതിരിക്കുന്നതാണ് ബുദ്ധി.
വിവാഹംമൂലമുണ്ടായ ബന്ധുക്കളുമായുള്ള പ്രശ്നങ്ങളെ തരണം ചെയ്തിട്ടുള്ളവർ, “ആർക്കെങ്കിലും മറെറാരാളോട് പരാതിക്ക് ഒരു കാരണമുണ്ടെങ്കിൽ അന്യോന്യം പൊറുക്കുകയും സൗജന്യമായി തമ്മിൽ ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരുക” എന്ന ബൈബിൾബുദ്ധിയുപദേശം അനുസരിച്ചിട്ടുണ്ട്. (കൊലോസ്യർ 3:13) വിവാഹ ബന്ധുക്കളോട് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുകയെന്നത് എളുപ്പമല്ലായിരിക്കാമെന്നതു സത്യംതന്നെ, പ്രത്യേകിച്ച് ഒരു പരാതിക്ക് കാരണമുള്ളപ്പോൾ. എന്നാൽ അപ്രകാരം ചെയ്യുന്നതിനുള്ള ഒരു ശക്തമായ പ്രേരണ നമുക്ക് അതു മുഖാന്തരം നമ്മുടെ തെററുകൾക്ക് ദൈവത്തിൽനിന്ന് ക്ഷമ ലഭിക്കുമെന്നുള്ള ഉറപ്പാണ്.—മത്തായി 6:14, 15.
ആളുകൾ പരമ്പരാഗതമായി ബുദ്ധമതവും തായോമതവും കൊൺഫ്യൂഷൻമതവും ഷിന്റോമതവും പിൻതുടരുന്ന പൗരസ്ത്യ ദേശങ്ങളിൽപോലും ബൈബിൾ പഠിക്കുകയും ദയാലുവായ സ്രഷ്ടാവിനെസംബന്ധിച്ച സത്യം വിലമതിക്കുകയും ചെയ്ത അനേകർ ഉണ്ട്. അത്തരം വിലമതിപ്പ്, തരണംചെയ്യാൻ സാധിക്കാത്തതെന്നു തോന്നിയ വൈരാഗ്യങ്ങളെ തരണംചെയ്യാൻ സഹായിച്ചിട്ടുണ്ട്.
“സനേഹം ഒരിക്കലും നിലച്ചുപോകുന്നില്ല
വിവാഹത്തിലെ ബന്ധുക്കളോടുള്ള ഒരു സന്തുഷ്ട ബന്ധത്തിന് ഒരു ഉറപ്പുള്ള അടിസ്ഥാനം ആവശ്യമാണ്. വാർദ്ധക്യമൊ രോഗമൊ ഉള്ള ഒരു വിവാഹബന്ധുവിനെ കടപ്പാടിന്റെ ഒരു ബോധത്തിൽനിന്ന് സഹായിക്കുന്നത് എല്ലായ്പ്പോഴും ഏററവും നല്ല ബന്ധത്തിനിടയാക്കുന്നില്ല. തന്റെ അമ്മാവിയമ്മ കാൻസറിനാൽ മരിച്ചുകൊണ്ടിരുന്നപ്പോൾ ഹറുക്കോ ഇത് മനസ്സിലാക്കി. അവൾ തന്റെ അമ്മാവിയമ്മയെ പരിപാലിച്ചുകൊണ്ട് ദിവസത്തിന്റെ അധികസമയവും ആശുപത്രിയിൽ ചെലവഴിച്ചു, കൂടാതെ അവൾ തന്റെ സ്വന്തം കുടുംബത്തെയും പരിപാലിച്ചു. ക്രമേണ അവളുടെ തലമുടി മിക്കവാറും നഷ്ടപ്പെടുമാറ് അവൾ അത്രയധികം സമ്മർദ്ദത്തിൻകീഴിലായി.
ഒരു ദിവസം അവളുടെ അമ്മാവിയമ്മയുടെ നഖം വെട്ടിക്കൊണ്ടിരുന്നപ്പോൾ അവൾ മനഃപൂർവമല്ലാതെ മുറിവുവരുത്തി. “നീ എന്നെ യഥാർത്ഥത്തിൽ കരുതുന്നില്ല!” എന്ന് അമ്മാവിയമ്മ രൂക്ഷമായി പറഞ്ഞു.
വിലമതിപ്പില്ലാത്ത ആ വാക്കുകൾ നിമിത്തം ഞെട്ടിയ ഹറുക്കോയിക്ക് തന്റെ കണ്ണുനീർ അടക്കാൻ കഴിഞ്ഞില്ല. അവൾ തന്റെ അമ്മാവിയമ്മക്കുവേണ്ടി ചെയ്തുകൊണ്ടിരുന്നതെല്ലാം കടപ്പാടിന്റെ ഒരു വികാരംകൊണ്ടായിരുന്നതിനാലാണ് അവളെ ആ വാക്കുകൾ അത്രയധികം ദ്രോഹിച്ചത് എന്ന് പിന്നീട് അവൾ തിരിച്ചറിഞ്ഞു. അവൾ തന്റെ സേവനത്തിന്റെ പ്രേരകശക്തി സ്നേഹമായിരിക്കുന്നതിന് തീരുമാനിച്ചു. (എഫേസ്യർ 5:1, 2) ഇത് അവളുടെ മുറിപ്പെടുത്തപ്പെട്ട വികാരങ്ങളെ തരണംചെയ്യാൻ അവളെ പ്രാപ്തയാക്കുകയും അവളുടെ അമ്മാവിയമ്മ മരിക്കുന്നതുവരെ അവളോടുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ കലാശിക്കുകയും ചെയ്തു.
നിശ്ചയമായും ബൈബിളിൽ നിർവചിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള സ്നേഹമാണ് കുടുംബഭിന്നതകളെ ശാന്തമാക്കാനുള്ള താക്കോൽ. അപ്പോസ്തലനായ പൗലോസ് ഇതു സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് വായിക്കുകയും നിങ്ങൾ അതിനോട് യോജിക്കുന്നില്ലേയെന്ന് കാണുകയും ചെയ്യുക: “സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയകാണിക്കുകയും ചെയ്യുന്നു,” അവൻ എഴുതി. “സ്നേഹം അസൂയപ്പെടുന്നില്ല, അത് പൊങ്ങച്ചം പറയുന്നില്ല, അഹങ്കരിക്കുന്നില്ല, അയോഗ്യമായി പെരുമാറുന്നില്ല, സ്വാർത്ഥതാൽപ്പര്യം അന്വേഷിക്കുന്നില്ല, പ്രകോപിക്കുന്നില്ല. അത് ദോഷം കണക്കിടുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു. അത് എല്ലാം ക്ഷമിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.” പൗലോസ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നത് അതിശയമല്ല: “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:4-8) നിങ്ങൾക്കെങ്ങനെ അത്തരത്തിലുള്ള സ്നേഹം നട്ടുവളർത്താൻ കഴിയും?
ബൈബിൾ “സ്നേഹ”ത്തെ ദൈവത്തിന്റെ ആത്മാവിന്റെ “ഫല”ത്തിന്റെ കൂടെ പട്ടികപ്പെടുത്തുന്നു. (ഗലാത്യർ 5:22, 23) അതുകൊണ്ട് ഈ തരത്തിലുള്ള സ്നേഹം നട്ടുവളർത്തുന്നതിന് നിങ്ങളുടെ സ്വന്തം പ്രയത്നം കൂടാതെ ദൈവത്തിന്റെ ആത്മാവും ഉണ്ടായിരിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ നിങ്ങൾക്ക് ബൈബിളിലെ ദൈവമായ യഹോവയുടേതുപോലുള്ള സ്നേഹം നിങ്ങളുടെ വ്യക്തിത്വത്തോട് കൂട്ടന്നതിന് സഹായിക്കാൻ അവനോട് അപേക്ഷിക്കാൻ കഴിയും. (1 യോഹന്നാൻ 4:8) തീർച്ചയായും ഇവയെല്ലാം നിങ്ങൾ അവന്റെ വചനമായ ബൈബിൾ പഠിച്ചുകൊണ്ട് അവനെസംബന്ധിച്ച് മനസ്സിലാക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. യഹോവയുടെ സാക്ഷികൾ ഫുജിക്കൊയെയും മററനേകരെയും എന്നപോലെ നിങ്ങളെയും സഹായിക്കാൻ അങ്ങേയററം സന്തോഷമുള്ളവരായിരിക്കും.
നിങ്ങൾ ബൈബിളിൽനിന്ന് പഠിക്കുന്നത് പ്രായോഗികമാക്കുന്നതിനനുസരിച്ച് ദൈവത്തോടുള്ള നിങ്ങളുടെ ബന്ധം മാത്രമല്ല, വിവാഹത്തിലെ നിങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെ നിങ്ങൾക്കു ചുററുമുള്ള എല്ലാവരുമായുമുള്ള ബന്ധവും അഭിവൃദ്ധിപ്പെടുന്നതായി നിങ്ങൾ കണ്ടെത്തും. നിങ്ങൾ ബൈബിൾ വാഗ്ദാനം ചെയ്യുന്ന, “സകല ചിന്തയെയും കവിയുന്ന ദൈവസമാധാനം” അനുഭവിക്കും.—ഫിലിപ്പിയർ 4:6, 7.
ഈ ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഫുജിക്കോയും മററുള്ളവരും അത്തരത്തിലുള്ള സമാധാനം ആസ്വദിക്കുവാനിടയായിരിക്കുന്നു—നിങ്ങൾക്കും സാധിക്കും. ഉവ്വ്, യഹോവയാം ദൈവത്തിങ്കലേക്ക് നോക്കുകയും അവന്റെ വചനമാകുന്ന ബൈബിളിലെ ബുദ്ധിയുപദേശം പിൻപററുകയും ചെയ്യുന്നതിനാൽ നിങ്ങൾക്കും വിവാഹംമൂലം ഉളവായ നിങ്ങളുടെ ബന്ധുക്കളോട് ഒരു ഊഷ്മളമായ ബന്ധം കെട്ടുപണിചെയ്യുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും സാധിക്കും. (g90 2⁄22)
[8, 9 പേജുകളിലെ ചതുരം]
ഭർത്താവ—സമാധാനമുണ്ടാക്കുന്നവനോ അതോ സമാധാനം തകർക്കുന്നവനോ?
രണ്ടൊ മൂന്നൊ തലമുറകൾ ഒരേ മേൽക്കൂരക്കു കീഴിൽ പാർക്കുമ്പോൾ കുടുംബസമാധാനം പരിരക്ഷിക്കുന്നതിന് ഭർത്താവിനുള്ള പങ്ക് അവഗണിക്കാനാവാത്തതാണ്. തന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഭർത്താവിനെസംബന്ധിച്ച് കുടുംബസാമൂഹ്യവിജ്ഞാനത്തിലെ ഒരു സ്പെഷ്യലിസ്ററായ കിയുഷി യൂണിവേഴ്സിററിയിലെ പ്രൊഫസർ തൊഹ്റു അറിഷി ഇപ്രകാരം എഴുതുന്നു:
“ഇണകൾ [അമ്മയോടൊത്ത്] താമസിക്കുമ്പോൾ അമ്മ മകന്റെ ആവശ്യങ്ങൾ അറിയുന്നു, അവർ അങ്ങനെയുള്ള ആവശ്യങ്ങൾ മനസ്സിലാക്കുമ്പോൾ കരുതിക്കൂട്ടിയല്ലാതെ തന്റെ മകനുവേണ്ടി കരുതൽ ചെയ്യുന്നു. മകൻ അത്തരം കരുതലുകൾ യാതൊരു മടിയും കൂടാതെ സ്വീകരിക്കുന്നു. മകൻ തന്റെ ഭാര്യയുടെ സാഹചര്യത്തെ സംബന്ധിച്ച് അൽപ്പംകൂടി ചിന്തിക്കുകയും തന്റെ അമ്മയെ അവളുടെ ഇടപെടൽസംബന്ധിച്ച് അവളുടെ സ്ഥാനത്ത് നിർത്തുകയും ചെയ്തിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, ഒട്ടുമിക്കപ്പോഴും മകൻ അതു തിരിച്ചറിയുന്നില്ല.”
അപ്പോൾ ഒരു ഭർത്താവിന് തന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാക്കുന്നതിന് ഒരു പ്രാവർത്തികമായ പങ്കു വഹിക്കാൻ എങ്ങനെ കഴിയും? മിത്സുഹറു താൻ ബൈബിൾ തത്വങ്ങൾ ബാധകമാക്കിയത് തന്റെ കുടുംബത്തെ സഹായിച്ചു എന്നു പറയുന്നു. “മകൻ വളർന്ന് പ്രായപൂർത്തിയായാലും ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്,” അയാൾ സമ്മതിക്കുന്നു, “അതുകൊണ്ട് മകൻ ‘തന്റെ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പററിച്ചേരുന്നതിന്’ ബോധപൂർവം ശ്രമം ചെയ്യണം.” അയാൾ ശിശുപരിപാലനവും പരിശീലനവും സംബന്ധിച്ച് തന്റെ ഭാര്യയോടുമാത്രം ചർച്ചചെയ്തുകൊണ്ട് ഈ തത്വം ബാധകമാക്കി, വീട്ടുജോലിയുടെ കാര്യത്തിൽ തന്റെ ഭാര്യയെ തന്റെ അമ്മയോട് താരതമ്യപ്പെടുത്താതിരിക്കുകയും ചെയ്തു. “ഇപ്പോൾ,” അയാൾ തുടരുന്നു, “ഞങ്ങളും എന്റെ മാതാപിതാക്കളും പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങൾക്കോരോരുത്തർക്കും ഇടപെടൽ നീരസമായിത്തീരുന്നതെപ്പോഴെന്നും സഹായവും സഹകരണവും വിലമതിക്കപ്പെടുന്നതെപ്പോഴെന്നും അറിയാം.”
‘തന്റെ ഭാര്യയോട് പററിനിൽക്കുന്നതു’കൂടാതെ ഭർത്താവ് തന്റെ അമ്മക്കും ഭാര്യക്കും ഇടയിലെ ഒരു മദ്ധ്യസ്ഥനും ആയിരിക്കണം. (ഉൽപ്പത്തി 2:24) അയാൾ നന്നായി ശ്രദ്ധിക്കുന്നവനായിരിക്കുകയും അവരുടെ ഹൃദയം പകരുന്നതിന് അനുവദിക്കയും വേണം. (സദൃശവാക്യങ്ങൾ 20:5) സാഹചര്യത്തെ നയപൂർവം കൈകാര്യം ചെയ്യാൻ പഠിച്ച ഒരു ഭർത്താവ് ആദ്യമായി അയാളുടെ ഭാര്യ എങ്ങനെ വിചാരിക്കുന്നുവെന്ന് കണ്ടുപിടിക്കുന്നു. പിന്നീട് ഉൾപ്പെട്ടിരിക്കുന്ന പ്രശ്നം സംബന്ധിച്ച് അയാളുടെ ഭാര്യയുടെ സാന്നിദ്ധ്യത്തിൽ അമ്മയോട് സംസാരിക്കുന്നു. ആ വിധത്തിൽ സമാധാനമുണ്ടാക്കുന്നവൻ എന്ന നിലയിൽ തന്റെ സ്ഥാനം ഏറെറടുത്തുകൊണ്ട് ഒരു പുത്രന് കുടുംബത്തിൽ താൻ സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ തമ്മിലുള്ള ഉല്ലാസപ്രദമായ ബന്ധം സൃഷ്ടിക്കുന്നതിന് സഹായിക്കാൻ കഴിയും.
[9-ാം പേജിലെ ചിത്രം]
കേൾക്കുന്ന കാതുകളുണ്ടായിരിക്കുകയും ആശയവിനിയമം ചെയ്യുകയും ചെയ്യുക
[10-ാം പേജിലെ ചിത്രം]
കടപ്പാടിന്റെ ഒരു വികാരമല്ല, സ്നേഹം നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു