പ്രശ്നം ഉണ്ടാകുന്നതെന്തുകൊണ്ട?
“വളരെയധികം ഉപ്പ് ചേർക്കുന്നത് കുടുംബത്തിന് നല്ലതല്ല!” എന്ന് അമ്മ പ്രഖ്യാപിക്കുന്നു. “എന്നാൽ ആഹാരം മൃദുവും രുചിയില്ലാത്തതുമാണ്!” എന്ന് മരുമകൾ തറപ്പിച്ചുപറയുന്നു. അമ്മ പിറകോട്ടുതിരിഞ്ഞപ്പോൾ അവൾ ഒരു നുള്ള് ഉപ്പ് ഇടുന്നു.
ഓരോരുത്തരും അവരവരുടെ ഇഷ്ടം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ രണ്ടുപേരും തങ്ങൾക്ക് ആസ്വാദ്യമല്ലാത്ത ഒരു ആഹാരം കഴിക്കുന്നതിൽ കലാശിക്കുന്നു. എന്നാൽ അനന്തരഫലങ്ങൾ അതിനേക്കാൾ വളരെയധികം ഗൗരവമുള്ളതായിരുന്നേക്കാം. വിവാഹബന്ധുക്കളുടെ ഉരസൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മാനസികവും വൈകാരികവുമായ പ്രയാസങ്ങളിലേക്ക് നയിച്ചേക്കാം.
അനേകർക്കും ഈ വിധത്തിലുള്ള സംഘർഷം ഒഴിവാക്കാനാവാത്തതാണെന്ന് തോന്നുന്നു. “ഒരു കുടുംബം എത്ര നന്നായി ഒത്തുപോകുന്നതായി തോന്നിയാലും അമ്മയും മരുമകളും തമ്മിൽ ഉരസൽ ഉണ്ടാകുകതന്നെ ചെയ്യും” എന്ന് ജപ്പാനിലെ മാനസികാശുപത്രി സംഘടനയുടെ അദ്ധ്യക്ഷനായ ഡോ. ഷിഗെററാ സയറെറാ എഴുതുന്നു. എന്നാൽ പ്രശ്നം പൗരസ്ത്യദേശത്തുമാത്രം പരിമിതപ്പെട്ടിരിക്കുന്നില്ല.
“വിവാഹം കഴിച്ച് വധുവിന്റെയൊ വരന്റെയൊ മാതാപിതാക്കളുടെ കൂടെ പാർക്കുന്നതിനുവേണ്ടി പോകുന്ന ആചാരം അനേകം കുടുംബങ്ങളിൽ പ്രശ്നങ്ങൾക്കിടയാക്കിയിരിക്കുന്നു, അനേകം യുവഭാര്യമാർ മിക്കപ്പോഴും അമ്മാവിയമ്മയുടെ അനാവശ്യമായ ഇടപെടുന്ന, അധികാരപൂർവകമായ മനോഭാവം മൂലം പ്രയാസം അനുഭവിക്കുന്നു” എന്ന് ഇററലിയിലെ ഉണരുക! ലേഖകൻ റിപ്പോർട്ടുചെയ്യുന്നു.
കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിലെ വർത്തമാനപ്പത്രങ്ങളിലും മാസികകളിലും വിവാഹം മൂലമുളവാകുന്ന ബന്ധങ്ങളിലെ സംഘർഷങ്ങളെ കൈകാര്യം ചെയ്യുന്ന വ്യക്തിപരമായ ഉപദേശത്തിന്റെ പംക്തികൾ നിറഞ്ഞിരിക്കുന്നു. അപ്പോൾ പ്രശ്നങ്ങൾക്ക് കാരണമെന്തായിരിക്കാം?
ആർ തീരുമാനമെടുക്കുന്നു?
രണ്ടു സ്ത്രീകൾ ഒരു അടുക്കള പങ്കിടുമ്പോൾ മിക്കപ്പോഴും ആർ തീരുമാനമെടുക്കുന്നു എന്നതാണ് പ്രശ്നം. “ഞങ്ങളുടെ അഭിരുചികളും രീതികളും വിഭിന്നമായിരുന്നു, ഒരു അഭിപ്രായവ്യത്യാസമുണ്ടാകുന്ന ഓരോ സമയത്തും ഞാൻ ക്ഷോഭിക്കുമായിരുന്നു,” എന്ന് 12 വർഷത്തിലധികം തന്റെ അമ്മാവിയമ്മയോടൊത്ത് പാർത്തിരുന്ന ഒരു സ്ത്രീ പറയുന്നു.
“ആദ്യത്തെ പത്തുവർഷം ഞങ്ങൾ നിസ്സാരകാര്യങ്ങൾക്ക് ഏററുമുട്ടിയിരുന്നു,” എന്ന് മറെറാരു മരുമകൾ സമ്മതിക്കുന്നു. അഴയിൽ ഷർട്ടുകൾ എങ്ങനെ തൂക്കിയിടണം എന്നതുപോലെയുള്ള അപ്രധാനങ്ങളായ കാര്യങ്ങൾസംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നേക്കാം. സ്ത്രീകൾ ഒരേ ഭവനത്തിലല്ല താമസിക്കുന്നതെങ്കിലും സാഹചര്യം കുഴപ്പംപിടിച്ചതായിരിക്കാം. സന്ദർശകയായ ഒരു അമ്മാവിയമ്മ, “എന്റെ മകൻ ആവിധത്തിൽ മാംസം പാകപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ല” എന്നതുപോലെയുള്ള അഭിപ്രായങ്ങൾ പറയുന്നത് ആജീവനാന്തം പിണക്കം ഉളവാക്കാൻ ഇടയാക്കിയേക്കാം. ഇവയെല്ലാം ഏതു തീരുമാനങ്ങൾ ആര്, ആർക്കുവേണ്ടി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഈ പ്രശ്നത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട് ഒക്കാനോമിസു വിമൻസ് യൂണിവേഴ്സിററിയിലെ ഹോംമെയ്ക്കിംഗിന്റെ അസിസ്ററൻറ് പ്രൊഫസറായ ററക്കാക്കോ സോഡി ഇപ്രകാരം പറയുന്നു: “ഒരുവൻ ഒരു പുത്രന്റെയും മരുമകളുടെയും കൂടെയൊ ഒരു മകളുടെയും മരുമകന്റെയും കൂടെയോ പാർത്താലും നിയന്ത്രണാധികാരത്തിനുവേണ്ടി കിടമൽസരം നടത്തുന്ന രണ്ടു ഭാര്യമാരെ പിന്താങ്ങുക കുടുംബത്തിന് അസാധ്യമാണ്. ഒന്നുകിൽ വ്യത്യസ്ത താമസ സ്ഥലമുണ്ടായിരിക്കയൊ അല്ലെങ്കിൽ ഒരുവൾ കുടുംബനാഥയും മറെറയാൾ ഉപകുടുംബനാഥയും ആയിരിക്കത്തക്കവണ്ണം കാര്യങ്ങൾ ക്രമീകരിക്കുകയൊ ചെയ്യേണ്ടത് ആവശ്യമാണ്.” പ്രായക്കൂടുതലുള്ള ആളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെയും പ്രായക്കുറവുള്ളയാളുടെ അനുഭവപരിചയത്തെയും അല്ലെങ്കിൽ പരിചയക്കുറവിനെയും അടിസ്ഥാനപ്പെടുത്തി രണ്ടു തലമുറകളും ഒരു ന്യായമായ യോജിപ്പിൽ വരണം.
സ്വകാര്യതയുടെ കാര്യം
രണ്ടൊ അധികമൊ തലമുറകൾ ഒരേ പാർപ്പിടത്തിനുള്ളിൽ വസിക്കുമ്പോൾ കുടുംബാംഗങ്ങൾ ഒരു അളവുവരെ സ്വകാര്യതയെ ബലിചെയ്യണം. എന്നിരുന്നാലും, ഈ കാര്യത്തിൽ സാധ്യതയനുസരിച്ച് ഓരോ അംഗത്തിനും വ്യത്യസ്തമായ അളവുകോലാണുള്ളത്. ഒരു യുവ ഇണ കൂടുതൽ സ്വകാര്യതക്കുവേണ്ടി ഉൽക്കടമായി ആഗ്രഹിച്ചേക്കാം, അതേസമയം പ്രായമായവർ കൂടുതൽ സഹവാസത്തിനുവേണ്ടി ദാഹിച്ചേക്കാം.
ദൃഷ്ടാന്തത്തിന്, ടോക്കിയോയിക്കടുത്തു താമസിക്കുന്ന ഒരു മരുമകൾ അവളുടെ അമ്മാവിയമ്മ ആ ദമ്പതികളുടെ സ്വകാര്യതയെ ആക്രമിക്കുന്നതായി വിചാരിച്ചു. എങ്ങനെ? അവളുടെയും അവളുടെ ഭർത്താവിന്റെയും വ്യക്തിപരമായ വിഴുപ്പുവസ്ത്രങ്ങൾ എടുത്ത് മടക്കി മാററിവെച്ചതിനാൽ. അവൾ തന്റെ അമ്മാവിയമ്മ ഈ വ്യക്തിപരമായ കാര്യങ്ങൾ തങ്ങൾക്കുവേണ്ടി ചെയ്യുന്നത് ഉചിതമാണെന്ന് കരുതിയില്ല. നേരേമറിച്ച് അവളുടെ അമ്മാവിയമ്മയായ റെറാക്കിക്കൊ തന്റെ മരുമകൾ വീടുവൃത്തിയാക്കിയപ്പോൾ താൻ വർഷങ്ങളായി വിലപ്പെട്ടതായി കരുതിയിരുന്ന വസ്തുക്കൾ എടുത്തുകളഞ്ഞതിൽ ദുഃഖിതയായി.
സ്വകാര്യതയുടെ അതിലംഘനം അങ്ങേയററമാകാൻ കഴിയും. തന്റെ പ്രായമായ അമ്മയെ പരിപാലിച്ചുകൊണ്ടിരുന്ന റേറാമും അയാളുടെ ഭാര്യയും തങ്ങളുടെ കിടപ്പുമുറിയിലൂടെ അമ്മ അർദ്ധരാത്രിയിൽ പര്യടനം നടത്തുന്നതിൽ അലോസരപ്പെട്ടു. അവളുടെ ന്യായം? “റേറാമിനു കുഴപ്പമൊന്നുമില്ല എന്ന് കാണുന്നതിന് ഞാൻ ആഗ്രഹിച്ചു” എന്ന് ആ അമ്മ പറഞ്ഞു. അവർ ഒരു രണ്ടുനിലകെട്ടിടത്തിലേക്ക് മാറുകയും അമ്മ മുകളിലത്തെ നിലയിലേക്ക് വരുന്നതിനെ നിരോധിക്കയും ചെയ്യുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
എന്നിരുന്നാലും, അനേകം കുടുംബങ്ങളിലും മൂന്നാം തലമുറ വരുമ്പോഴാണ് പ്രശ്നങ്ങൾ യഥാർത്ഥത്തിൽ രൂക്ഷമായിത്തീരുന്നത്.
കുട്ടികളുമായുള്ള ഇടപെടൽ
അടുത്തകാലങ്ങളിൽ ഒരു യുവ മാതാവ് ശിശുപരിപാലനം സംബന്ധിച്ച ഉപദേശത്തിനുവേണ്ടി വിവിധ പുസ്തകങ്ങൾ പരിശോധിക്കുന്നത് സാധാരണമാണ്. നേരെമറിച്ച് വല്യമ്മ ശിശുപരിശീലനം സംബന്ധിച്ച തന്റെ ദീർഘകാലത്തെ പരിചയം നിമിത്തം സ്വാഭാവികമായി ഉപദേശം കൊടുക്കുന്നതിന് താനാണ് യോഗ്യതയുള്ളവൾ എന്ന് വിചാരിക്കുന്നു. എന്നിരുന്നാലും, ഉപദേശം മിക്കപ്പോഴും വിമർശനമായി വീക്ഷിക്കപ്പെടുകയും സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്യുന്നു.
ററക്കാക്കോ തന്റെ കൊച്ചു പുത്രന് ശിക്ഷണം കൊടുത്തപ്പോൾ ഈ പ്രശ്നം കൈകാര്യംചെയ്യേണ്ടിവന്നു. അവളുടെ ഭർത്താവിന്റെ അമ്മയും വല്യമ്മയും അവളെ തടയുന്നതിന് അവളുടെ മുറിയിലേക്ക് ഓടിക്കയറുകയും കരയുന്ന കുട്ടിയേക്കാൾ ഉച്ചത്തിൽ അട്ടഹസിക്കയും ചെയ്തു. ഭീഷണിപ്പെടുത്തപ്പെടുന്നതായി തോന്നിയിട്ട് ററക്കാക്കോ തന്റെ മകനു ശിക്ഷണം കൊടുക്കുന്നതു നിർത്തി. പിന്നീട് ശിക്ഷണം കൊടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് അവൾ അങ്ങനെയുള്ള പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചു.—സദൃശവാക്യങ്ങൾ 23:13; എബ്രായർ 12:11.
യോക്കൊഹാമയിൽ പാർക്കുന്ന ഒരു അമ്മയും കുട്ടികൾ ജനിച്ചശേഷം അവളുടെ അമ്മാവിയമ്മയുമായി വഴക്കടിച്ചു. വല്യമ്മ കുട്ടികൾക്ക് ഭക്ഷണസമയങ്ങൾക്കിടയിൽ ലഘുഭക്ഷണങ്ങൾ നൽകിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ പതിവുഭക്ഷണം കഴിക്കുന്നതിന് കഴിയാതെവണ്ണം വളരെയധികം നിറഞ്ഞിരുന്നതിൽ ആ അമ്മ അസഹ്യപ്പെട്ടിരുന്നു.
ഈ പ്രശ്നത്തെ സംബന്ധിച്ച് അഭിപ്രായം പറയവേ ഡോ. സെയ്റെറാ ഇപ്രകാരം പറയുന്നു: “[വല്യമ്മ വല്യപ്പൻമാർ] തങ്ങളുടെ പേരക്കിടാങ്ങൾക്ക് മധുരപലഹാരങ്ങളും അലവൻസുകളും കൊടുക്കുന്നു. അവർ കുട്ടികളുടെ സ്വാർത്ഥപരമായ ഇച്ഛകളെ ലാളിക്കുന്നു. ചുരുക്കത്തിൽ അവർ തങ്ങളുടെ പൗത്രീപൗത്രൻമാരെ അനന്തമായി ദുഷിപ്പിക്കുന്നു.” യുവമാതാക്കൾ ശിശുപരിശീലനത്തിൽ ഒരു ഇളവും ചെയ്യുകയില്ലെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.
പ്രീതിക്കുവേണ്ടി മത്സരിക്കൽ
അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള ഈ സംഘട്ടനത്തിൽ തികച്ചും യുക്തിഹീനമായ ചിലത് സംഭവിക്കുന്നുണ്ട്. “മനഃശാസ്ത്രപരമായി പറയുകയാണെങ്കിൽ, തന്റെ മരുമകൾ തന്റെ മകനെ തന്നിൽനിന്ന് തട്ടിപ്പറിച്ച് അകററിയിരിക്കുന്നു എന്ന് അമ്മാവിയമ്മ വിചാരിക്കുന്നു. തീർച്ചയായും അത് തീരെ ബാലിശമാകയാൽ അവർ അത്തരമൊരു ആശയം വാഗ്രൂപേണ പ്രകടമാക്കുന്നില്ല. എന്നാൽ ഉപബോധമനസ്സിലെ വിചാരമനുസരിച്ച് തന്റെ മകന്റെ പ്രീതി അപഹരിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത അവളിൽ ആഴമായി വേരിറങ്ങിയിരിക്കുന്നു” എന്ന് ഡോ. സെയ്റെറാ വിശദീകരിക്കുന്നു. ഒരു ഉലഞ്ഞ ബന്ധം അല്ലെങ്കിൽ ഇരുവരും തമ്മിലുള്ള തികഞ്ഞ വൈരമാണ് ഫലം.
കുടുംബങ്ങളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് ഈ പ്രവണത തീവ്രമാകുന്നതായി തോന്നുന്നു. പരിപാലിക്കാൻ കുട്ടികൾ കുറവായിരിക്കുമ്പോൾ അമ്മക്ക് തന്റെ മകനോട് കൂടുതൽ അടുപ്പം അനുഭവപ്പെടുന്നു. തന്റെ മകനോടൊരുമിച്ച് വർഷങ്ങൾ പാർത്തശേഷം അവൾക്ക് അവന്റെ ഇഷ്ടാനിഷ്ടങ്ങൾ സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കുന്നു. പുതുമണവാട്ടി തന്റെ മണവാളനെ പ്രീതിപ്പെടുത്താൻ ആകാംക്ഷയുള്ളവളാണെങ്കിലും അവൾക്ക് ഈ അടുത്ത അറിവ് ഇല്ല, കുറഞ്ഞപക്ഷം ആരംഭത്തിൽ. അതുകൊണ്ട് എളുപ്പത്തിൽ അമ്മയും മരുമകളും തമ്മിൽ ഒരേ മമനുഷ്യന്റെ പ്രീതിക്കുവേണ്ടി ഏററുമുട്ടുമ്പോൾ ഒരു മൽസരാത്മാവ് വികാസം പ്രാപിച്ചേക്കാം.
ഒരു ദുഃഖകരമായ വ്യതിയാനം
പഴയകാലത്ത് ജപ്പാനിൽ കൊൺഫ്യൂഷൻമത തത്വശാസ്ത്രത്തിൻകീഴിൽ അത്തരം കുടുംബ സംഘട്ടനങ്ങൾ ഉണ്ടാകുമ്പോൾ മരുമകളെ പറഞ്ഞുവിട്ടിരുന്നു—വിവാഹമോചനം നടത്തിയിരുന്നു. അതായിരുന്നു കാര്യത്തിന്റെ അവസാനം. എന്നാൽ ഇന്ന് ഒരു വ്യത്യസ്ത സാഹചര്യമാണുള്ളത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുവതലമുറ കുടുംബമടിശീലയുടെ നിയന്ത്രണം ഏറെറടുത്തിരിക്കുന്നു, പ്രായമേറിയ തലമുറക്ക് അതിന്റെ സ്വാധീനവും അധികാരവും നഷ്ടപ്പെട്ടുകൊണ്ടുമിരിക്കുന്നു. സാവകാശം സാഹചര്യം നേരെ തിരിഞ്ഞിരിക്കുന്നു. ഇപ്പോൾ പ്രായമായ മാതാപിതാക്കൾ ആശുപത്രികളിലും സ്ഥാപനങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. പ്രായമായവരെ ബഹുമാനിക്കുന്നത് അംഗീകൃതരീതിയായിരുന്ന ഒരു സമൂഹത്തിൽ ഈ വ്യസനകരമായ അവസ്ഥ കാണുന്നത് എത്ര ഖേദകരം!
പ്രായമായവരെ തള്ളാനുള്ള വാസനയെ എങ്ങനെ പിൻതിരിപ്പിക്കാൻ കഴിയും? രണ്ടു സ്ത്രീകൾക്ക് ഒരേ കൂരക്കുകീഴിൽ സമാധാനപൂർവം ഒന്നിച്ചുവസിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? (g90 2⁄22)
[7-ാം പേജിലെ ചിത്രം]
ആർ തീരുമാനംചെയ്യുന്നുവെന്നതുസംബന്ധിച്ച് ന്യായമായ യോജിപ്പിൽ എത്തിച്ചേരണം