നിങ്ങൾ എന്നെങ്കിലും അറിയാൻ ആഗ്രഹിച്ചിട്ടുണ്ടോ?
നൂറുകണക്കിനു മതങ്ങളും വിഭാഗങ്ങളും ആരാധനാ സമ്പ്രദായങ്ങളും ഇന്നു ലോകത്തിലുള്ളതുകൊണ്ട് ദൈവം അംഗീകരിച്ചിട്ടുള്ള മതത്തെ നിങ്ങൾക്കെങ്ങനെ തിരിച്ചറിയാൻ കഴിയും? അത് ഒരു വൈക്കോൽക്കൂനയിൽ ഒരു സൂചി തിരയുന്നതുപോലെ ആണെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങൾ ഓരോ ഇഴയും നീക്കി കൂന മുഴുവൻ പരിശോധിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല. നിങ്ങൾക്ക് ഒരു തള്ളിക്കളയൽ പ്രക്രിയ ഉപയോഗിക്കാൻ കഴിയും. ആ “ഒരു വിശ്വാസം” തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന കാന്തമെന്ന നിലയിൽ ദൈവവചനമായ ബൈബിൾ പ്രവർത്തിക്കുന്നു.—എഫെസ്യർ 4:5.
ഈ മാസികയുടെ ഒരു മുൻലക്കത്തിൽ “നിങ്ങൾ എന്നെങ്കിലും അറിയാൻ ആഗ്രഹിച്ചിട്ടുണ്ടോ?” എന്നതിൻകീഴിൽ (1994 ജനുവരി 8, പേജ് 13) ഞങ്ങൾ അമർത്ത്യദേഹിയുടെ പ്രശ്നം ചർച്ച ചെയ്യുകയുണ്ടായി. ബൈബിൾപരമായ ന്യായവാദം ഉപയോഗിച്ചുകൊണ്ട്, മനുഷ്യനു മരണാനന്തരം സുഖമനുഭവിക്കുന്നതോ കഷ്ടപ്പെടുന്നതോ ആയ ഒരു അമർത്ത്യദേഹിയില്ലെന്ന് ഞങ്ങൾ തെളിയിക്കുകയുണ്ടായി. (സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4) ആ ലളിതമായ സത്യം ഉപയോഗിച്ച്, മനുഷ്യന് ഒരു അമർത്ത്യദേഹിയുണ്ടെന്നു പഠിപ്പിക്കുന്ന ഏതൊരു മതത്തെയും നമുക്കു തള്ളിക്കളയാൻ കഴിയും. ദൈവം അംഗീകരിച്ചിട്ടുള്ള മതത്തിനുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിൽ, അത് ഏതാനും എണ്ണത്തെ മാത്രം അവശേഷിപ്പിക്കുന്നു. അതുകൊണ്ട് താഴെ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ടും ന്യായവാദം ചെയ്തുകൊണ്ടും പട്ടിക ഇനിയും ചുരുക്കാൻ നമ്മെ സഹായിച്ചേക്കാവുന്ന കുറേ ചോദ്യങ്ങൾകൂടെ നമുക്ക് ഉപയോഗിക്കാം.
1.സത്യാരാധന മത-മാനുഷനേതാക്കന്മാരെ ഉയർത്തുകയും മഹത്ത്വീകരിക്കുകയും അനുചിതമായി ആദരിക്കുകയും ചെയ്യുമോ, അവർക്കു തിരുവെഴുത്തു വിരുദ്ധമായ പദവിനാമങ്ങൾ കൊടുത്തുകൊണ്ടുപോലും?—സങ്കീർത്തനം 96:5-7; മത്തായി 23:6-12; 1 കൊരിന്ത്യർ 3:5-9.
2.സത്യമതം, അതിലെ നായകന്മാർക്ക് ആഡംബരത്തിൽ ജീവിക്കാൻ കഴിയേണ്ടതിന് ഒരു ലാഭോന്മുഖ സംരംഭം ആയിരിക്കണമോ?—മത്തായി 6:19-21; യാക്കോബ് 2:1-4; 5:1-3.
3.സത്യമതം ഏതെങ്കിലും ഒരു ഉപദേശത്തിന്റെ അടിസ്ഥാനത്തിലോ (ബാപ്റ്റിസ്റ്റ്, പെന്തക്കൊസ്ത് എന്നതുപോലെ) അതിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവസ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ (റോമൻ, സതേൺ, ഇംഗ്ലണ്ടിലെ സഭ എന്നിവപോലെ) അതിന്റെ അപൂർണ സ്ഥാപകന്റെ പേരിലോ (ലൂഥർ, കാൽവിൻ, വെസ്ലി) അതു പ്രായോഗികമാക്കുന്ന നിയമരൂപത്തിന്റെ അടിസ്ഥാനത്തിലോ (പ്രസ്ബിറ്റേറിയൻ, എപ്പിസ്കോപ്പൽ, കോൺഗ്രിഗേഷണൽ എന്നിവപോലെ) തിരിച്ചറിയിക്കപ്പെടണമോ?—യെശയ്യാവു 43:10, 12; പ്രവൃത്തികൾ 11:26.
4.സത്യാരാധന ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നാമം മറച്ചുവെക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുമോ?—യെശയ്യാവു 12:4, 5; മത്തായി 6:9; യോഹന്നാൻ 17:26.
5.(എ) സത്യമതം ബൈബിളിനെ എങ്ങനെ വീക്ഷിക്കണം? (സങ്കീർത്തനം 119:105; ലൂക്കൊസ് 24:44, 45; റോമർ 15:4; 2 തിമൊഥെയൊസ് 3:14-16) (ബി) ബൈബിൾക്കാലത്തിനു ശേഷമുള്ള വെളിപ്പാടുകൾ എന്നു വിളിക്കപ്പെടുന്നവയെ അത് എങ്ങനെ വീക്ഷിക്കണം?—ഗലാത്യർ 1:8, 9.
6.സത്യാരാധകർ രക്ഷക്കുവേണ്ടി ആരിലേക്കും എന്തിലേക്കും ശ്രദ്ധതിരിക്കും?—സങ്കീർത്തനം 27:1; മത്തായി 6:33; റോമർ 16:25-27; 1 കൊരിന്ത്യർ 15:27, 28; വെളിപ്പാടു 11:15.
7.സത്യമതം അതിന്റെ പഠിപ്പിക്കലുകളുടെ ഫലമായി ഏതുതരം നടത്ത ഉത്പാദിപ്പിക്കണം?—മത്തായി 22:37-40; എഫെസ്യർ 4:23-29; താരതമ്യം ചെയ്യുക: ഗലാത്യർ 5:22, 23-നോട് 5:19-21.
8.ദൈവത്തിന്റെ സത്യാരാധകരുടെ ലോകവ്യാപക സഹോദരവർഗം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിലും ദേശീയവാദത്തിലും ഉൾപ്പെടുമോ?—ദാനീയേൽ 2:44; 7:14; യോഹന്നാൻ 18:36; റോമർ 16:17; 1 കൊരിന്ത്യർ 1:10.
9.ദൈവം അംഗീകരിച്ചിട്ടുള്ള ആരാധന യുദ്ധങ്ങളിലും വംശീയവും ഗോത്രപരവുമായ കുരുതികളിലും പങ്കെടുക്കുന്നതിന് അനുവദിക്കുമോ?—പുറപ്പാടു 20:13; യെശയ്യാവു 2:2-4; യോഹന്നാൻ 13:34, 35.
10.ഇന്നു ലോകവ്യാപകമായി യഥാർഥ ക്രിസ്തീയ സ്നേഹം പ്രകടമാക്കുന്നതാരാണ്? രാഷ്ട്രീയത്താലും വർഗീയതയാലും ദേശീയത്വത്താലും ഭിന്നിച്ചിരിക്കാത്തവർ? മനുഷ്യ നേതാക്കന്മാരെ മഹത്ത്വീകരിക്കാത്തവർ? ധനത്തിനും സ്ഥാനത്തിനുമായി ആളുകളെ ചൂഷണം ചെയ്യാത്തവർ? യുദ്ധങ്ങളിൽ പങ്കെടുക്കാത്തവർ? ബൈബിൾപരമായ ഒരു നാമമുള്ളവർ? മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കു സ്ഥിരമായ പരിഹാരമെന്നനിലയിൽ ദൈവത്തിന്റെ രാജ്യഭരണത്തെ പ്രസിദ്ധമാക്കുന്നവർ?—യെശയ്യാവു 43:10, 12.
നിങ്ങൾ എന്നെങ്കിലും അറിയാൻ ആഗ്രഹിച്ചിട്ടുണ്ടോ? ബൈബിളിന്റെ ഉത്തരങ്ങൾ
20-ാം പേജിലെ ചോദ്യങ്ങളോടൊപ്പം പരാമർശിച്ചിരിക്കുന്ന ചില തിരുവെഴുത്തുകൾ ഇവയാണ്:
1.“അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരൻമാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തുതന്നേ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”—മത്തായി 23:6-12.
2.“പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.” (മത്തായി 6:19-21) “അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും.”—യാക്കോബ് 5:1-3.
3.“നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 43:10) “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.”—പ്രവൃത്തികൾ 11:26.
4.“യഹോവെക്കു സ്തോത്രം ചെയ്വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. . . . ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്വരട്ടെ.” (യെശയ്യാവു 12:4, 5) “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.”—മത്തായി 6:9.
5.(എ) ക്രിസ്തു യേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു . . . നിലനില്ക്ക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:14-17) (ബി) “ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”—ഗലാത്യർ 1:8.
6.“മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും.”—വെളിപ്പാടു 11:15.
7.“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന . . . കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകൻമാരും അടങ്ങിയിരിക്കുന്നു.” (മത്തായി 22:37-40) “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.”—ഗലാത്യർ 5:22, 23.
8.‘യേശു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദൻമാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.”—യോഹന്നാൻ 18:36.
9.“കുല ചെയ്യരുതു.” (പുറപ്പാടു 20:13) “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
10.“നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു; . . . അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.”—യെശയ്യാവു 43:10, 12.