തിരമാലകൾക്കടിയിലുള്ള ലോകം സുരക്ഷിതമായി പര്യവേക്ഷണം ചെയ്യൽ
ഓസ്ട്രേലിയായിലെ ഉണരുക! ലേഖകൻ
താരതമ്യേന ചുരുക്കം ചിലർ മാത്രം നേരിട്ടു കണ്ടിട്ടുള്ള വിസ്മയിപ്പിക്കുന്ന ഒരു ലോകമുണ്ട്. അതു സമുദ്രോപരിതലത്തിനു തൊട്ടടിയിൽ സ്ഥിതിചെയ്യുന്നു. അതു തിരമാലകൾക്കടിയിൽ നിങ്ങൾ വന്നു നിരീക്ഷിച്ചറിയാൻ ഒരുങ്ങിനിൽക്കുന്ന ലോകമാണ്. ‘അത്തരം ഒരു യാത്ര എത്ര സുരക്ഷിതമാണ്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ‘എനിക്കു വെള്ളത്തിനടിയിലുള്ള ഈ വിസ്മയിപ്പിക്കുന്ന ലോകം സന്ദർശിക്കാൻ കഴിയുന്നതിനു മുമ്പു ഞാൻ വിദഗ്ധനായ ഒരു നീന്തൽക്കാരൻ ആകേണ്ടതുണ്ടോ? എനിക്ക് ഒട്ടും നീന്താൻ കഴിയില്ലെങ്കിൽ എന്നെ ഒഴിവാക്കുമോ?’
പര്യവേക്ഷണത്തിനുള്ള രണ്ടു വിധങ്ങൾ
വെള്ളത്തിനടിയിലുള്ള ലോകം പര്യവേക്ഷണം ചെയ്യുന്നതിനു രണ്ട് അടിസ്ഥാന രീതികൾ പ്രചാരത്തിലുണ്ട്—സ്നോർകെലിംങ്ങും സ്കൂബാ ഡൈവിങ്ങും.a
ഒരു നീന്തൽക്കാരൻ വെള്ളത്തിൽ മുഖം മുക്കി ജലോപരിതലത്തിൽ നീന്തുമ്പോൾ അയാളുടെ വായിൽ ചേർന്നിരിക്കുന്നതും മറ്റേ അറ്റം വെള്ളത്തിനു മുകളിൽ പൊങ്ങിനിൽക്കുന്നതുമായ ഒരു വളഞ്ഞ കുഴൽ ഉൾപ്പെട്ട ഒരു ഉപകരണമാണു സ്നോർകെൽ. അതു നീന്തൽക്കാരൻ ശ്വാസമെടുക്കാൻ തല വെള്ളത്തിനു മുകളിൽ ഉയർത്താതെ ശ്വസിക്കുക സാധ്യമാക്കുന്നു. ഒരു മുഖംമൂടി അയാളുടെ കണ്ണുകളെ സംരക്ഷിക്കുന്നു.
നേരേമറിച്ച്, സ്കൂബാ ഒരു ശ്വസനോപകരണത്തോടു ബന്ധിപ്പിച്ച വായു നിറച്ച സിലിണ്ടറോ സിലിണ്ടറുകളോ അടങ്ങുന്ന ഒരു സജ്ജീകരണത്തെ പരാമർശിക്കുന്നു. അതുകൊണ്ട് സ്കൂബാ ഡൈവിങ്ങ് ഉപരിതലത്തിനു വളരെ അടിയിലേക്കു പോകാൻ താത്പര്യമുള്ളവർക്കുവേണ്ടിയുള്ളതാണ്. അതു കൂടുതൽ സങ്കീർണവും ചെലവുകൂടിയതുമാണ്.
ഏറെ ലളിതവും ചെലവു കുറഞ്ഞതുമായ സ്നോർകെലിങ് വിനോദം ഉപരിതലത്തിൽനിന്നുപോലും വെള്ളത്തിനടിയിലുള്ള ലോകത്തിലെ കൗതുകങ്ങൾ കാണാൻ നിങ്ങളെ പ്രാപ്തരാക്കും. ഉത്സാഹിയായ ഒരു സ്നോർകെലർ അയാളുടെ ആദ്യ അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ 14 വയസ്സുള്ള ഒരു കുട്ടിയായിരുന്നപ്പോൾ, ആയിരക്കണക്കിനു ചെറുമത്സ്യങ്ങളുടെ ഒരു കൂട്ടത്തിലൂടെ ആദ്യമായി സ്നോർകെൽ ചെയ്തത് ഞാൻ ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. ഞാൻ ഇഴഞ്ഞു നീങ്ങിയപ്പോൾ മത്സ്യം ജീവനുള്ള ഒരു തുരങ്കം എനിക്കുവേണ്ടി നിർമിക്കുന്നതുപോലെ തോന്നി. അവയുടെ തിളങ്ങുന്ന ശരീരങ്ങൾ മനോഹരമായ ഒരു ദൃശ്യം സൃഷ്ടിച്ചുകൊണ്ട് സൂര്യപ്രകാശം പ്രതിഫലിപ്പിച്ചു. ഞാൻ ഹർഷോന്മാദത്തിലായി. അങ്ങനെ സ്നോർകെലിനോട് ഒരു ആജീവനാന്ത പ്രണയബന്ധം തുടങ്ങി.”
എന്നാൽ അതു യഥാർഥത്തിൽ സുരക്ഷിതമാണോ?
ഇരുപതിലധികം വർഷം സുരക്ഷിതമായി സ്നോർകെലിങ് ആസ്വദിച്ച ഒരു അത്യാസക്തൻ, തീരത്തേക്കു കാർ ഓടിച്ചു ചെല്ലുന്നതാണ് ഏറ്റവും അപകടംപിടിച്ച സംഗതി എന്ന് അഭിപ്രായപ്പെടുന്നു! വെള്ളത്തിൽ ആയിരിക്കുമ്പോൾ സുരക്ഷിതത്വം ആശ്രയിച്ചിരിക്കുന്നതു പ്രവർത്തനത്തെക്കാളധികം വ്യക്തിയെയാണ്. നിങ്ങൾ വിദഗ്ധനായ ഒരു നീന്തൽക്കാരനല്ലെങ്കിൽ ശാന്തവും ആഴക്കുറവുള്ളതുമായ വെള്ളത്തിലല്ലാതെ തുനിഞ്ഞിറങ്ങരുത്, നിങ്ങൾക്കു നിലയില്ലാത്തടത്തേക്ക് ഒരിക്കലും പോകയുമരുത്. വാസ്തവത്തിൽ, ഒരു മീറ്റർ ആഴമുള്ള വെള്ളത്തിൽപോലും വളരെയധികം കാണാനുണ്ടാകും. നിങ്ങൾ വൈദഗ്ധ്യവും ആത്മവിശ്വാസവും നേടിക്കഴിയുമ്പോൾ, കൂടുതൽ ആഴമുള്ള വെള്ളത്തിലേക്കു നിങ്ങൾക്കു സുരക്ഷിതമായി നീങ്ങാൻ കഴിയും. എന്നാൽ അപ്പോൾപ്പോലും പ്രാപ്തനായ ഒരു ചങ്ങാതി എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം. പരിചയസമ്പന്നരായ മിക്ക ഡൈവർമാരും തീരത്തുനിന്ന് അകലേക്കോ ആഴമുള്ള വെള്ളത്തിലേക്കോ ഒരിക്കലും ഒറ്റക്കു പോകുകയില്ലെന്നു നിർണയിക്കുന്നു. സുരക്ഷിതത്വ സംഗതിക്കു പുറമേ, ഒരു ചങ്ങാതിയുമൊത്തു സ്നോർകെലിങ് അനുഭവം പങ്കിടുന്നതു കൂടുതൽ വിശ്രമദായകവും ആസ്വാദ്യവുമാണ്.
വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ടു സ്നോർകെലിലൂടെ ശ്വസിക്കുന്നതിന് അൽപ്പം പരിചയം വേണമെന്നുള്ളതു ശരിതന്നെ. എന്നാൽ നിങ്ങൾ സ്ഥിരപരിശ്രമം ചെയ്യുന്നെങ്കിൽ അതു യഥാർഥത്തിൽ പ്രയാസകരമല്ലെന്നു നിങ്ങൾ കണ്ടെത്തും. ചില തുടക്കക്കാർ ഒരു നീന്തൽക്കുളത്തിലോ കടൽതീരത്തു തിരകളില്ലാത്ത ആഴംകുറഞ്ഞ ഭാഗങ്ങളിലോ പരിചയിക്കുന്നു. ചിലർ ഒരു സ്നാനത്തൊട്ടിയിൽപ്പോലും പരിചയിക്കുന്നു.
നിങ്ങൾക്ക് ആവശ്യമുള്ള സജ്ജീകരണം
സ്നോർകെലിങ്ങിന് ആവശ്യമുള്ള സജ്ജീകരണം താരതമ്യേന ലളിതവും ചെലവു കുറഞ്ഞതും ആണ്. ഒരു മുഖംമൂടിയും രണ്ടു ഡൈവിങ് ചിറകുകളും സ്നോർകെൽ തന്നെയും. തണുപ്പുകാലത്തോ കൂടുതൽ തണുപ്പുള്ള വെള്ളത്തിലോ സ്നോർകെൽ നടത്താൻ നിങ്ങൾ പദ്ധതിയിടുന്നെങ്കിൽ തണുപ്പിനെ ചെറുക്കുന്ന ഒരു ഉടുപ്പു നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം, ഇതു ചെലവു ഗണ്യമായി വർധിപ്പിക്കും. തുടങ്ങാൻ ആവശ്യമായ മൂന്ന് അടിസ്ഥാന ഇനങ്ങൾ മാത്രം നമുക്കു പരിചിന്തിക്കാം.
മുഖംമൂടി നന്നായി ചേർന്നിരിക്കുന്നതും വെള്ളം അരിച്ചുകയറാത്തതും സുഖകരവും ആയിരിക്കണം. മുഖംമൂടിക്കു വെളിയിലൂടെ മൂക്കു ഞെക്കിപ്പിടിക്കാൻ കഴിയുന്ന ഒരു സംവിധാനവും അതിനുണ്ടായിരിക്കണം. അതിന്റെ കാരണം പിന്നീടു വിശദീകരിക്കുന്നതാണ്. മുഖംമൂടിക്ക് ഒരു നല്ല ദൃഷ്ടിക്ഷേത്രം ഉണ്ടായിരിക്കണം. അകത്തുള്ള വായുവിന്റെ അളവ് ഏറ്റവും കുറച്ചുകൊണ്ട് സ്ഫടികം മുഖത്തോടു ചേർന്നിരിക്കുന്നതും ആയിരിക്കണം. ഏറ്റവും സുഖകരമായ മുഖംമൂടികൾ സിലിക്കോൺകൊണ്ടു നിർമിച്ചവയാണ്. ഹ്രസ്വദൃഷ്ടിയുള്ള ആളുകൾക്കു കാഴ്ചശക്തി ശരിപ്പെടുത്തിയ മുഖംമൂടികൾപോലും ഇന്നു ലഭ്യമാണ്.
അടുത്തതായി ചിറകുകളാണ്, ഓരോ കാലിനും ഒന്നു വീതം. സാധാരണഗതിയിൽ അവ റബ്ബർകൊണ്ടു നിർമിച്ചതും നീന്തലിൽ വേഗത കിട്ടാൻ കാലിൽ ധരിക്കുന്നതുമായ തുഴപോലുള്ള ഉപകരണങ്ങളാണ്. തിരഞ്ഞെടുക്കാൻ രണ്ടു തരമുണ്ട്: കാലിൽ മൊത്തം അണിയുന്നതും കണങ്കാലിൽ പിടിപ്പിക്കുന്നതും. ആഴമുള്ള വെള്ളത്തിൽ എത്തുന്നതിനു മുമ്പു മുരിങ്ങു പറ്റിപ്പിടിച്ചിരിക്കുന്ന പാറയിലൂടെയോ പവിഴപ്പുറ്റുകളിലൂടെയോ നടക്കാൻ നിങ്ങൾക്കു പാദരക്ഷകൾ ആവശ്യമാണെങ്കിൽ, അപ്പോൾ കണങ്കാലിൽ പിടിപ്പിക്കുന്നതരമാണ് ആവശ്യം. ഇതു ചിറകുകൾ നിങ്ങളുടെ പാദരക്ഷയുടെ മീതെ വലിച്ചിട്ട് സ്നോർകെൽ തുടങ്ങാൻ നിങ്ങളെ പ്രാപ്തനാക്കും. കാലിൽ മൊത്തം അണിയുന്ന ചിറക് അതിനുപുറമേ മറ്റു പാദരക്ഷ ആവശ്യമില്ലാത്തപ്പോൾ ഉപയോഗിക്കാൻ കഴിയും.
അവസാനമായി സ്നോർകെൽ തന്നെയും. J-ആകൃതിയിലുള്ള സ്നോർകെലാണ് ഉത്തമം, വിശേഷിച്ച് തുടക്കക്കാർക്ക്. കാരണം, ഏറ്റവും പ്രധാനപ്പെട്ട സംഗതി ശ്വസിക്കാനുള്ള എളുപ്പമാണ്. ദ്വാരത്തിന് 2 സെൻറിമീറ്ററെങ്കിലും വ്യാസമുള്ളതും 30-35 സെന്റീമീറ്റർ നീളമുള്ളതുമാണ് ഏറ്റവും യോജിച്ചതെന്നു ഡൈവിങ് സംബന്ധിച്ച ഒരു ചെറുപുസ്തകം അഭിപ്രായപ്പെടുന്നു.
ഒരു സ്നോർകെൽ ഉപയോഗിക്കുന്നതിനു സഹായകരമായ സൂചനകൾ
മുമ്പു വിശദീകരിച്ചതുപോലെ, ജലോപരിതലത്തിൽ മുങ്ങി നീന്തുമ്പോൾ തല ഉയർത്താതെ ശ്വസിക്കാൻ സ്നോർകെൽ നിങ്ങളെ സഹായിക്കുന്നു. ഉപരിതലത്തിനടിയിലേക്കു നീർക്കാങ്കുഴിയിടുമ്പോൾ എന്ത്? അതിനും കഴിയും, എന്നാൽ നിങ്ങൾ ആദ്യം ഒരു ദീർഘശ്വാസം എടുക്കേണ്ട ആവശ്യമുണ്ട്. സ്നോർകെൽ ഉപരിതലത്തിനടിയിലേക്കു താഴുമ്പോൾ അതിൽ വെള്ളം കയറുമെന്നതു ശരിതന്നെ. ഒരു മുങ്ങൽകാരൻ ഉപരിതലത്തിലേക്കു വരുമ്പോൾ അയാളുടെ സ്നോർകെലിൽനിന്നു വെള്ളം പുറന്തള്ളുന്നതു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. ഇതിനെ വെള്ളം പുറന്തള്ളുന്നതിനുള്ള ഊത്തുരീതി എന്നു വിളിക്കുന്നു. അതു പഠിക്കാൻ വളരെ എളുപ്പമാണെങ്കിലും അതിനു ശക്തമായ ഉച്ഛ്വാസവായു ആവശ്യമാണ്. അതുകൊണ്ട് നിങ്ങളുടെ സ്നോർകെൽ വിജയകരമായി ജലവിമുക്തമാക്കുന്നതിനു നിങ്ങളുടെ ശ്വാസകോശങ്ങളിൽ വേണ്ടുവോളം വായുവുമായി നിങ്ങൾ മുകളിലേക്കു വരണം.
ചിലർ തള്ളൽരീതി കൂടുതൽ മെച്ചമായി കണക്കാക്കുന്നു, എന്നാൽ അതിനു കുറച്ചുകൂടെ പരിചയം ആവശ്യമാണ്. ഈ രീതി എങ്ങനെയാണു പ്രവർത്തിക്കുന്നത്? നീർക്കാങ്കുഴിയിടലിനുശേഷം നിങ്ങൾ ഉപരിതലത്തിലേക്കു വരുമ്പോൾ മുഖം മുകളിലേക്കാക്കുക; നിങ്ങളുടെ സ്നോർകെലിന്റെ അഗ്രം ഇപ്പോൾ അല്പം കീഴോട്ടാകും. നിങ്ങളുടെ തല ഈ നിലയിൽ പിടിച്ചുകൊണ്ട് സ്നോർകെലിൽ നിറഞ്ഞിരിക്കുന്ന വെള്ളം പുറന്തള്ളാൻ ചെറിയൊരളവ് ഉച്ഛ്വാസവായു മാത്രം മതി. നിങ്ങളുടെ മുഖം ഉപരിതലത്തിനു മുകളിൽ വരാറാകുന്നതുവരെ നിങ്ങളുടെ തല ഈ നിലയിൽ നിർത്തുക. നിങ്ങളുടെ മുഖം കീഴോട്ടാക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക. സ്നോർകെൽ ജലവിമുക്തമായിത്തന്നെ നിലനിൽക്കും. ആയാസം കൂടാതെ ശ്വസിക്കാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തുകയും ചെയ്യും.
നിങ്ങൾ ഉപരിതലത്തിലായിരിക്കെപോലും കടന്നുപോകുന്ന ഒരു തിരമാലയിൽനിന്ന് ഇടയ്ക്കിടെ സ്നോർകെലിൽ വെള്ളം കയറിയാൽ പരിഭ്രമിക്കരുത്. അതു സംഭവിച്ചാൽ, ശക്തമായി ഒന്ന് ഊതുക, സ്നോർകെലിൽനിന്ന് വെള്ളമെല്ലാം പുറത്തുപോകും.
നിങ്ങളുടെ സ്നോർകെലിങ് ആസ്വദിക്കുക
ഉപരിതലത്തിലായിരിക്കെ നിഷ്ഠയോടെ ശ്വസിക്കാൻ പഠിക്കുക—ദീർഘശ്വാസം എടുക്കുക, ശക്തമായി ഉച്ഛ്വസിക്കുക. നിങ്ങളുടെ ശ്വാസകോശങ്ങൾക്ക് അതിന്റെ പ്രയോജനം അനുഭവപ്പെടും. ആസ്വാദ്യമായ സ്നോർകെലിങ്ങിന്റെ രഹസ്യം നിങ്ങൾ എത്ര വേഗത്തിൽ നീന്തുന്നു എന്നതല്ല, നിങ്ങൾ പോകുമ്പോൾ എത്രമാത്രം കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നു എന്നതാണെന്ന് ഓർക്കുക. നിങ്ങൾ അടിയിലേക്കു നീർക്കാങ്കുഴിയിടാൻ ആഗ്രഹിക്കുമ്പോൾ വിശ്രമിക്കാനും കഴിവതും ഓക്സിജൻ പിടിച്ചുനിർത്താനും പഠിക്കുക, കാരണം അപ്പോൾ നിങ്ങൾക്കു ദീർഘസമയം അടിയിൽ തങ്ങാൻ കഴിയും. എന്നാൽ മുങ്ങിക്കിടക്കുന്നതിൽ റിക്കാർഡ് സ്ഥാപിക്കാൻ ശ്രമിക്കരുത്!
നിങ്ങൾ ഒഴുകി നീങ്ങുമ്പോൾ, നിങ്ങളുടെ കൈകൾ വിരിഞ്ഞു കിടക്കട്ടെ. മുട്ടുകൾ അല്പം വളച്ച് സാവധാനം നിഷ്ഠയോടെ തുഴയുന്നതിനു നിങ്ങളുടെ ചിറകുകൾ മാത്രം ഉപയോഗിക്കുക. ആദ്യം ആയാസംകൂടാതെ സാവധാനം ഇതു ചെയ്യുന്നതിന് ഏകാഗ്രത വേണ്ടിവരും, എങ്കിലും കുറച്ചുകഴിയുമ്പോൾ അതു യാന്ത്രികമായിത്തീരും. എന്നാൽ നിങ്ങളുടെ മുഖംമൂടി അവ്യക്തമാകുന്നെങ്കിൽ എന്തു ചെയ്യണം? ഇതു തടയുന്നതിനുള്ള ഒരു ലളിതമായ മാർഗം മൂടി ധരിക്കുന്നതിനു മുമ്പു സ്ഫടികത്തിൽ അല്പം ഉമിനീർ പുരട്ടുക എന്നതാണ്. ഒന്നോ രണ്ടോ നിമിഷത്തിനുശേഷം അതു കഴുകിക്കളയുക, ദീർഘസമയത്തേക്കു സ്ഫടികം തെളിഞ്ഞുനിൽക്കുന്നതായി നിങ്ങൾ കണ്ടെത്തും.
നീർക്കാങ്കുഴിയിടുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ചെവിക്കകത്ത് വേദന അനുഭവപ്പെട്ടേക്കാം. ഇതിനെ കർണമർദനം എന്നു വിളിക്കുന്നു. കർണപടത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമാണ് ഇതിനു കാരണം. ഒന്നോ രണ്ടോ മീറ്റർ താഴ്ചയിൽ എത്തുമ്പോൾ സാധാരണമായി അതു തുടങ്ങുന്നു. അതു മാറിക്കൊള്ളും എന്നു കരുതി വേദന അവഗണിച്ച് വീണ്ടും താഴരുത്. നിങ്ങൾ കൂടുതൽ ആഴത്തിലേക്കു പോകുമ്പോൾ അതു വഷളാകും, നിങ്ങളുടെ കർണപടം പൊട്ടിപ്പോവുകപോലും ചെയ്തേക്കാം. ഓരോ മീറ്റർ പിന്നിടുമ്പോഴും അതിൽ കുറഞ്ഞാലും കുഴപ്പമില്ല, വേദന തുടങ്ങുന്നതിനുമുമ്പു സമ്മർദം സമതോലനം ചെയ്യാൻ മുങ്ങലുകാരുടെ ആനുകാലിക പ്രസിദ്ധീകരണമായ പെയ്ഡി ഡൈവർ മാനുവൽ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ മൂക്കു ഞെക്കിപ്പിടിച്ചു മെല്ലെ ഉച്ഛ്വസിച്ചുകൊണ്ട് ഇതു ചെയ്യുന്നു. മുഖംമൂടി ധരിച്ചിരിക്കെത്തന്നെ മൂക്കു ഞെക്കാൻ കഴിയേണ്ടതിനു മൂടിയിൽ ഒരു സംവിധാനം ഉണ്ടായിരിക്കേണ്ടതിന്റെ ഉദ്ദേശ്യം ഇതാണ്. അനുഭവപരിചയംകൊണ്ട് ഈ നടപടിക്രമം വളരെ എളുപ്പം മിക്കവാറും ആർജിതശീലം ആയിത്തീരുന്നു. ഒരിക്കൽ വേദന തുടങ്ങിയാൽ, മുകളിലേക്കു വരുന്നതാണ് ഉത്തമം. കാരണം അസ്വസ്ഥത തുടങ്ങിയശേഷം സമതോലനത്തിനുള്ള തുടർച്ചയായ ശ്രമങ്ങൾ നിഷ്ഫലമായിരിക്കും.
ഒരു വിനോദരൂപം എന്നനിലയിൽ സ്നോർകെലിങ് ആരോഗ്യാവഹവും വിദ്യാഭ്യാസപരവും ഉല്ലാസകരവുമാണ്. മിക്കവാറും എല്ലാ പ്രായത്തിലുള്ളവർക്കും അതു വ്യായാമവും ശുദ്ധവായുവും സൂര്യപ്രകാശവും ഒന്നിച്ചനുഭവിക്കാനുള്ള ഒരു മികച്ച പ്രായോഗിക മാർഗമാണ്. വെള്ളത്തിനടിയിലുള്ള ഏതാനും സമുദ്രജീവികളുടെയെങ്കിലും പേരു വേർതിരിച്ചറിയാൻ പഠിക്കുന്നത് അതിനു ചായ്വുള്ളവർക്കു സ്നോർകെലിങ് രസകരവും ഉത്തേജകവുമാക്കിത്തീർക്കുന്നു. എന്നുവരികിലും, ഫിജിയിൽ സ്നോർകെലിങ് നടത്തി തിരിച്ചെത്തിയ ടോണിയെപ്പോലെ, മിക്കവർക്കും “പുളകപ്രദമായ നിറങ്ങളുടെ മറ്റൊരു ലോകത്തിൽ ആയിരിക്കുന്നതിന്റെ” സാക്ഷാൽ ആനന്ദംതന്നെ വേണ്ടുവോളമാണ്. അയാളുടെ സ്നേഹിതയായ ലീന സമ്മതിച്ചുപറയുന്നു: “എനിക്കു ചുറ്റും കണ്ട സൗന്ദര്യത്താൽ ഞാൻ വളരെ പുളകിതയായി, ഞാൻ എവിടെയാണെന്നുപോലും മറന്നുപോയി!”
സ്കൂബാ ഡൈവിങ് സംബന്ധിച്ചെന്ത്?
നല്ല നീന്തലുകാരും കൂടുതൽ ആഴത്തിലുള്ള അത്ഭുതങ്ങളാൽ പ്രലോഭിതരും ആയവർക്ക്, അല്ലെങ്കിൽ വെള്ളത്തിനടിയിൽനിന്നു ചിത്രമെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, അടുത്ത പടി സ്കൂബാ ഡൈവിങ് ആണ്. നിങ്ങൾ നല്ല ആരോഗ്യവാനും നിങ്ങളുടെ സജ്ജീകരണം നല്ല നിലയിൽ സൂക്ഷിക്കുന്നവനും അടിസ്ഥാന നിയമങ്ങൾ അനുസരിക്കുന്നവനും ആണെങ്കിൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വെള്ളത്തിലേക്ക് ഇറങ്ങാൻ കഴിയും. എങ്കിലും, നിങ്ങൾ ആദ്യം കുറെ പാഠങ്ങൾ പഠിക്കാതെയും ആവശ്യമെങ്കിൽ പ്രശസ്തനായ ഒരു ഗുരുവിൽനിന്ന് ഒരു ലൈസൻസ് സമ്പാദിക്കാതെയും ഒരിക്കലും സ്കൂബാ ഡൈവിങ്ങിനു പോകരുത്. അപ്പോൾപോലും, നിങ്ങളുടെ ലൈസൻസ് അനുവദിക്കുന്ന പരിധിവിട്ട് ആഴത്തിൽ പോകരുത്. എപ്പോഴും ഒരു ചങ്ങാതിയോടൊപ്പം നീർക്കാങ്കുഴിയിടുക. ഓസ്ട്രേലിയ പോലുള്ള ചില രാജ്യങ്ങളിൽ, നിങ്ങൾ അത്തരം ഒരു ഗതി ആരംഭിക്കുന്നതിനുമുമ്പായി ഡൈവിങ് ലക്ഷ്യത്തിലുള്ള ഒരു വൈദ്യപരിശോധനയിൽ വിജയിക്കണമെന്നു നിയമം നിഷ്കർഷിക്കുന്നു.
സ്കൂബാ സജ്ജീകരണം വളരെ ചെലവു കൂടിയതായിരുന്നേക്കാം. സ്നോർകെലിങ്ങിന് ഉപയോഗിക്കുന്ന അടിസ്ഥാന സജ്ജീകരണത്തിനു—മുഖംമൂടിയും ചിറകുകളും സ്നോർകെലും—പുറമേ നിങ്ങൾക്കു മിക്കപ്പോഴും തണുപ്പിനെ ചെറുക്കുന്ന ഒരു ഉടുപ്പും ആവശ്യമായിരിക്കും. ചൂടുള്ള ഉഷ്ണമേഖലയിലെ വെള്ളത്തിൽ അതു വേണമെന്നില്ല. നിങ്ങൾക്ക് ഒരു പ്ലവന-നിയന്ത്രണ ഉപകരണവും ഭാരം കെട്ടാനുള്ള ഒരു ബെൽറ്റും ഒരു കത്തിയും ഒരു ശ്വസനോപകരണവും (കൂട്ടുകാരനു ശ്വാസം കിട്ടാൻ പ്രയാസം നേരിട്ടാൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ടാമത് ഒരെണ്ണവും) ഒരു സ്കൂബാ സംഭരണിയും ആവശ്യമായിവരും. ഒരു ഡൈവിങ് ഘടികാരവും ആഴം അളക്കാനുള്ള ഉപകരണവും വായു എത്രമാത്രം ശേഷിക്കുന്നുണ്ടെന്നറിയാൻ നിങ്ങളുടെ സംഭരണിക്കുവേണ്ടി വെള്ളത്തിൽ മുക്കാവുന്ന ഒരു മർദമാപിനിയും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. സാധാരണ ഡൈവിങ്ങ് നടക്കുന്ന മിക്ക സ്ഥാനങ്ങളിലും ഈ സജ്ജീകരണം വാടകയ്ക്കു ലഭിക്കും. അതു നിങ്ങൾ കൂടെക്കൂടെ ഡൈവിങ്ങിനു പോകുന്നില്ലെങ്കിൽ സ്വന്തമായി വാങ്ങുന്നതിനെക്കാൾ കൂടുതൽ ആദായകരമെന്നു തെളിയുന്നു.
സമുദ്രത്തോടും അതിലെ ജീവികളോടുമുള്ള ആദരവ്
“ഞാൻ ക്വീൻസ്ലണ്ട് സൺഷൈൻ തീരത്തെ കാലോൻഡ്രായ്ക്കടുത്തു പുറ്റുള്ള ഒരു ഭാഗത്ത് സ്നോർകെൽ നടത്തുകയായിരുന്നു, രണ്ടു മീറ്റർ അകലെനിന്നു നിറപ്പകിട്ടാർന്ന ചിത്രശലഭ മത്സ്യത്തെ നിരീക്ഷിച്ചുകൊണ്ടുതന്നെ,” സ്നോർകെൽ ഭ്രമക്കാരനായ പീററർ എടുത്തുപറയുന്നു. “അപ്പോൾ പെട്ടെന്ന് തിളങ്ങുന്ന ഒരു സ്ററീൽ ശൂലം പ്രത്യക്ഷപ്പെടുന്നു, അത് ഒരു ഭീകര ശബ്ദത്തോടെ നിൽക്കുന്നു. ആ ചെറു മത്സ്യം രക്ഷപെടാൻ ശ്രമിച്ചു, പക്ഷേ ഫലമില്ല—അതു ചെകിളയിലൂടെ പാറയിലേക്കു തുളച്ചുകയറി. കേവലം ഉന്നം അഭ്യസിക്കുന്നതിനുവേണ്ടിയാണ് താൻ ആ മനോഹര മത്സ്യത്തെ കൊന്നതെന്ന് ഉത്തരവാദിയായ കുട്ടി സമ്മതിച്ചു! ഭക്ഷിക്കാൻ കഴിയാതവണ്ണം അതു തീരെ ചെറുതായിരുന്നു.” നിർഭാഗ്യമെന്നു പറയട്ടെ, അത്തരം ചിന്താശൂന്യമായ പ്രവൃത്തികൾ ലോകമെമ്പാടും വർധിക്കുകയാണ്.
മലിനീകരണവും പുറ്റുകളെ ബാധിച്ചിട്ടുണ്ട്. പ്രസിദ്ധമായ സ്ഥാനങ്ങൾ മിക്കപ്പോഴും പ്ലാസ്ററിക് സഞ്ചികളും ഉപയോഗം കഴിഞ്ഞ പാനീയ പാത്രങ്ങളുംകൊണ്ടു താറുമാറായ ചവറ്റുകുഴിപോലെ ആയിത്തീർന്നിരിക്കുന്നു. ചില രാജ്യങ്ങളിൽ വിനാശകരമായ രാസ ഉച്ഛിഷ്ടങ്ങൾ വർധിച്ചുവരുന്ന ഒരു പ്രശ്നം ആയിത്തീരുകയാണ്. ഉപയോഗമില്ലാത്ത വസ്തുക്കളും ഉച്ഛിഷ്ടങ്ങളും വർധിക്കുമ്പോൾ മത്സ്യങ്ങൾ മറ്റെവിടേക്കെങ്കിലും പോകുന്നു, പവിഴപ്പുറ്റുകൾ നശിക്കുന്നു.
സ്കൂബാ ഡൈവിങ് നടത്തുമ്പോൾ എല്ലായ്പോഴും കയ്യുറ ധരിക്കുന്നത് ഒരു നല്ല ശീലമാണ്. അപ്പോൾപ്പോലും നിങ്ങൾ എന്തിനെ സ്പർശിക്കുന്നു എന്നതു സംബന്ധിച്ച് ജാഗ്രത പുലർത്തുന്നതു മൂല്യവത്താണ്. ഉദാഹരണത്തിന്, എപ്പോഴും കാണുന്ന കടൽച്ചൊറികൾ ആവരണമില്ലാത്ത കൈകളിൽ തുളച്ചുകയറാൻ പ്രാപ്തമായ സൂചിപോലുള്ള മുള്ളുകൾ നീട്ടിക്കളിക്കുന്നു. കൂടാതെ, രമണീയമായ ചിത്രശലഭകോഡുകൾ ചെറുതാണെങ്കിലും അതിന്റെ ചുവന്നതും വെളുത്തതുമായ തെളിഞ്ഞ വരകൾ ഗർവോടെ ചലിപ്പിക്കുമ്പോൾ ‘കൂടുതൽ അടുക്കരുത്. ഇതെന്റെ പ്രദേശമാണ്!’ എന്ന മുന്നറിയിപ്പു കൊടുക്കുന്നതായി തോന്നുന്നു. അതിന്റെ ചിറകുകളിൽ വഞ്ചനാത്മകമായി ഒളിച്ചുവെച്ചിരിക്കുന്നത് വിഷദ്രാവകത്താൽ ആവരണം ചെയ്യപ്പെട്ട നീണ്ട മുള്ളുകളാണ്. വെറുതെ അവയ്ക്കെതിരെ ഉരുമ്മിപ്പോകുന്നതു വേദനാജനകമായിരുന്നേക്കാം.
മറ്റു ജീവികൾ കണ്ണുകളെ കബളിപ്പിക്കുന്നു. ഉദാഹരണത്തിന്, കളകൾപോലെ തോന്നിക്കുന്ന കടൽഡ്രാഗൻ പ്രച്ഛന്നവേഷം കെട്ടി കബളിപ്പിക്കാൻ വിദഗ്ധനാണ്. ഏതു മുങ്ങലുകാരന്റെയും ഔത്സുക്യം ഉണർത്തിക്കൊണ്ട് അത് ഒരു ചെടിയാണെന്നു തോന്നിക്കുന്നു. നേരേമറിച്ച്, മനോഹരമായ വിശിഷ്ട വർണങ്ങളുള്ള കടലൊച്ച് നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കും. എന്നാൽ അതു പ്രലോഭിപ്പിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണോ? പിടിച്ചുതിന്നുന്നവർക്ക് ഉടൻ കാര്യം മനസ്സിലാകും, കാരണം അതു കുറെ അഴുക്കു രാസപദാർഥങ്ങൾ ആയുധമായി ധരിച്ചിരിക്കുന്നു.
പ്രതിഫലദായകമായ അനേകം കാഴ്ചകൾ
സ്നോർകെൽ നടത്തുന്നവർക്കായാലും സ്കൂബാ ഡൈവർക്കായാലും, സമുദ്രം വാസ്തവത്തിൽ ജീവൻകൊണ്ടു സമൃദ്ധമാണ്. പവിഴപ്പുറ്റുകൾ നിരവധി ജീവികളുടെയും നിറങ്ങളുടെയും വിശാലദൃശ്യമാണ്, അതും തീരത്തുനിന്ന് ഏതാനും തുഴമാത്രം അകലെ. “നിറപ്പകിട്ടാർന്ന എല്ലാ വലിപ്പത്തിലും ആകൃതിയിലുമുള്ള മത്സ്യങ്ങളാൽ ചുറ്റപ്പെടുന്നതിന്റെ, ചിലതു നിങ്ങളുടെ കയ്യിൽനിന്നുതന്നെ ആഹാരം കൊത്തിത്തിന്നുന്നതിന്റെ ആനന്ദം അതുല്യമാണ്. അതു വളരെ പുളകപ്രദമായ ഒരനുഭവമാണ്” എന്ന് ഒരു മുങ്ങലുകാരൻ പറഞ്ഞു. അയാൾ കൂട്ടിച്ചേർത്തു: “ഭൂഗുരുത്വം ഒട്ടുംതന്നെ ബാധിക്കാതെ തുഴഞ്ഞുനില്ക്കുമ്പോൾ അവരിൽ ഒരാളായി അവിടെ ആയിരിക്കുന്നതു തീർത്തും അവിശ്വസനീയമാണ്.”
അതുകൊണ്ട്, സ്നോർകെലിങ്ങിനോ സ്കൂബാ ഡൈവിങ്ങിനോ നിങ്ങൾക്ക് എന്നെങ്കിലും അവസരം ലഭിച്ചാൽ അതു വളരെ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് ഓർക്കുക, പരിചയസമ്പന്നരായ മുങ്ങലുകാർ ശുപാർശ ചെയ്യുന്ന ലളിതമായ മുൻകരുതലുകൾ നിങ്ങൾ സ്വീകരിക്കണമെന്നുമാത്രം. ഒരുപക്ഷേ, ഒരുനാളിൽ നിങ്ങളും തിരമാലകൾക്കടിയിലുള്ള ലോകത്തിന്റെ മനോഹാരിത പര്യവേക്ഷണം ചെയ്യുന്ന ധന്യമായ അനുഭവം ആസ്വദിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a ജലാന്തർ ഭാഗത്ത് ഉപയോഗപ്പെടുത്തുന്ന ഒരു ശ്വസനോപകരണത്തിന്റെ ചുരുക്കപ്പേരാണ് “സ്കൂബ.” സ്കൂബാ ഡൈവർമാരുടെ സാന്നിധ്യം അറിയിക്കുന്ന ഇപ്പോഴത്തെ അന്തർദേശീയ കൊടി വെള്ളയും നീലയുമുള്ള ആൽഫയാണ്. ചില രാജ്യങ്ങൾ മുകളിൽ കാണിച്ചിരിക്കുന്നതുപോലെ വെള്ളവരയോടുകൂടെ ചുവപ്പുനിറമുള്ള കൊടിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
[16-ാം പേജിലെ ചിത്രം]
ബട്ടർഫ്ളൈ മത്സ്യം
[17-ാം പേജിലെ ചിത്രം]
ഫ്ളമിങ്ഗൊ ടങ്
[17-ാം പേജിലെ ചിത്രം]
നീല റ്റങ്
[17-ാം പേജിലെ ചിത്രം]
പവിഴപ്പുറ്റിലെ കടലൊച്ച്
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
By courtesy of Australian International Public Affairs