ഒരു യൂറോപ്യൻ കോടതി തെറ്റു തിരുത്തുന്നു
ഗ്രീസിലെ ഉണരുക! ലേഖകൻ
ഗ്രീസിൽ സൈനികസേവനം നിർബന്ധിതമാണ്. സൈനികസേവനം ചെയ്യാനുള്ള വിസമ്മതം നിമിത്തം ചുരുങ്ങിയത് 300-ഓളം യഹോവയുടെ സാക്ഷികളെങ്കിലും അവിടെ എല്ലായ്പോഴും തടവിലാണ്. അമ്നെസ്റ്റി ഇന്റർനാഷണൽ അവരെ മനസ്സാക്ഷിയുടെ തടവുകാരായിട്ടാണു കാണുന്നത്. അവരെ മോചിപ്പിക്കുന്നതിനും പൊതുജന സേവനം—അവരെ ശിക്ഷിക്കാനുദ്ദേശിച്ചുള്ളതല്ലാത്തവ—നിർവഹിക്കാൻ അവരെ അനുവദിക്കുന്ന നിയമം പാസ്സാക്കുന്നതിനും അത് മാറിവരുന്ന ഗ്രീക്ക് ഗവൺമെൻറുകളെ പലയാവർത്തി പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
1988-ൽ സൈനികസേവനം സംബന്ധിച്ച പുതിയ നിയമം പാസ്സാക്കപ്പെട്ടു. അത് മറ്റു പല കാര്യങ്ങളുടെയും കൂട്ടത്തിൽ “സൈനിക സേവനത്തിനു റിക്രൂട്ടുചെയ്യപ്പെടുന്ന മതശുശ്രൂഷകർ, ഒരു അംഗീകൃത മതത്തിലെ സന്ന്യാസിമാർ അല്ലെങ്കിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന സന്ന്യാസിമാർ എന്നിവർക്ക് അവർ ആഗ്രഹിക്കുന്നപക്ഷം . . . സൈനികസേവനത്തിൽനിന്ന് ഒഴിഞ്ഞിരിക്കാം” എന്ന് നിർദേശിച്ചു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മതശുശ്രൂഷകർ ഇതിൽനിന്ന് എല്ലായ്പോഴും ഒഴിവുള്ളവരാണ്. അവർക്ക് ഇതു സംബന്ധിച്ച് യാതൊരു പ്രശ്നവും നേരിടേണ്ടി വരുന്നില്ല, അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ യാതൊരു പ്രകാരത്തിലും ലംഘിക്കപ്പെടുന്നുമില്ല. ഒരു ന്യൂനപക്ഷ മതസമുദായത്തിലെ ശുശ്രൂഷകർക്കും ഇതുതന്നെ ബാധകമാകുമോ? ഒരു പരിശോധന താമസിയാതെ ഉത്തരം നൽകി.
നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടു
പ്രസ്തുത നിയമത്തോടുള്ള ചേർച്ചയിൽ 1989-ന്റെ അവസാനത്തിലും 1990-ന്റെ ആരംഭത്തിലും ഗ്രീസിലെ യഹോവയുടെ ക്രിസ്തീയ സാക്ഷികളുടെ സെൻട്രൽ സഭയിലെ നിയമിത മതശുശ്രൂഷകരായ ദിമിട്രിയൊസ് റ്റ്സിർലിസും റ്റിമോത്തേയൊസ് കൂലുമ്പാസും സൈനികസേവനത്തിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതത് റിക്രൂട്ട്മെൻറ് ഓഫീസുകൾക്ക് അപേക്ഷ സമർപ്പിച്ചു. അപേക്ഷകൾക്കൊപ്പം തങ്ങൾ സജീവ മതശുശ്രൂഷകരാണെന്നു തെളിയിക്കുന്ന രേഖകളും അവർ സമർപ്പിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ, യഹോവയുടെ സാക്ഷികൾ “അറിയപ്പെടുന്ന” ഒരു “മത”ത്തിലെ അംഗങ്ങളല്ല എന്ന വ്യാജ അടിസ്ഥാനത്തിൽ അപേക്ഷകൾ തള്ളപ്പെട്ടു.
അവരവരുടെ സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഹാജരായ റ്റ്സിർലിസ് സഹോദരനെയും കൂലുമ്പാസ് സഹോദരനെയും ആജ്ഞാലംഘനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത് കസ്റ്റഡിയിലാക്കി. അതിനിടയിൽ, ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഫോർ നാഷണൽ ഡിഫൻസ്, റിക്രൂട്ട്മെൻറ് ഓഫീസുകളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അവരുടെ അപ്പീലുകൾ തള്ളിക്കളഞ്ഞു. യഹോവയുടെ സാക്ഷികളുടേത് ഒരു അംഗീകൃത മതമല്ലെന്ന് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സുന്നഹദോസ് തങ്ങളെ അറിയിച്ചതായി സൈനിക അധികാരികൾ വാദിച്ചു! യഹോവയുടെ സാക്ഷികൾ തീർച്ചയായും അറിയപ്പെടുന്ന ഒരു മതമാണെന്നു പ്രസ്താവിച്ച അനേകം സിവിൽക്കോടതികളുടെ തീർപ്പുകൾക്ക് വിരുദ്ധമായിരുന്നു ഇത്.
തുടർന്ന് സൈനികക്കോടതികൾ റ്റ്സിർലിസിനെയും കൂലുമ്പാസിനെയും ആജ്ഞാലംഘനക്കുറ്റമുള്ളവരായി കണ്ടെത്തി അവർക്ക് നാലു വർഷത്തേക്ക് തടവുശിക്ഷ വിധിച്ചു. രണ്ടു സഹോദരൻമാരും ഈ തീർപ്പുകൾക്കെതിരെ സൈനിക അപ്പീൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതി വ്യത്യസ്ത കാരണങ്ങളാൽ അപ്പീലിന്റെ പരിശോധന മൂന്നു തവണ നീട്ടിവെച്ചു. എന്നാൽ, അപ്പീലുകാരെ തടവിൽനിന്നു താത്കാലികമായി മോചിപ്പിക്കുന്നതിന് ഉത്തരവിടാൻ അത് ഓരോ തവണയും വിസമ്മതിച്ചു. ഗ്രീക്കു നിയമത്തിൻകീഴിൽ ഇങ്ങനെയൊരു ക്രമീകരണം ഉണ്ടായിരുന്നിട്ടുകൂടിയാണ് കോടതി ഇതിനു വിസമ്മതിച്ചത്.
അതിനിടയിൽ സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതി, യഹോവയുടെ സാക്ഷികൾ തീർച്ചയായും അറിയപ്പെടുന്ന ഒരു മതത്തിലെ അംഗങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കൂട്ടം നിയമ നടപടികളിലൂടെ ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഫോർ നാഷണൽ ഡിഫൻസിന്റെ തീരുമാനങ്ങളെ റദ്ദാക്കി.
ആവ്ലോന സൈനിക ജയിലിൽ 15 മാസം കഴിയേണ്ടിവന്ന റ്റ്സിർലിസും കൂലുമ്പാസും തടവിലാക്കപ്പെട്ടിരുന്ന മറ്റു സാക്ഷികളും വളരെയേറെ മൃഗീയവും നീചവുമായ പെരുമാറ്റങ്ങൾക്കു വിധേയരായി. “[യഹോവയുടെ സാക്ഷികളായ തടവുകാർ] പാർക്കുന്ന വൃത്തിഹീനമായ ചുറ്റുപാടുകളെക്കുറിച്ച്” അക്കാലത്തെ ഒരു റിപ്പോർട്ട് പറയുകയുണ്ടായി. “അഴുകിയ മാംസവും എലികളുടെ വാലുകളും മിക്കപ്പോഴും ആഹാരത്തോടൊപ്പം വിളമ്പിയെന്നും അഡ്മിനിസ്ട്രേഷന്റെ തോന്നലനുസരിച്ച് സന്ദർശന സമയം വെട്ടിക്കുറച്ചെന്നും അനവധി തടവുകാരെ പാർപ്പിച്ചതു നിമിത്തം തടവുമുറികളിൽ മരുങ്ങുതിരിയാൻ ഇടമില്ലായിരുന്നുവെന്നും മനസ്സാക്ഷിപരമായി സൈനിക സേവനത്തിനു വിസമ്മതിച്ച തടവുകാരോട് അതിലും വളരെ മോശമായാണ് പെരുമാറിയതെന്നും അത് പ്രസ്താവിച്ചു.”
ഒടുവിൽ, സൈനിക അപ്പീൽക്കോടതി റ്റ്സിർലിസ് സഹോദരനെയും കൂലുമ്പാസ് സഹോദരനെയും കുറ്റവിമുക്തരാക്കി. എങ്കിലും, അവരെ കസ്റ്റഡിയിൽ വെച്ചതിന് നഷ്ടപരിഹാരം കൊടുക്കാൻ ഗവൺമെൻറിന് യാതൊരു കടപ്പാടുമില്ലെന്ന് അത് തീർപ്പുകൽപ്പിച്ചു. എന്തുകൊണ്ടെന്നാൽ, “അപേക്ഷകരുടെ കടുത്ത അനാസ്ഥ നിമിത്തമായിരുന്നു അവരെ കസ്റ്റഡിയിൽ വെച്ചത്” എന്ന് അതു പ്രസ്താവിച്ചു. അത് നിയമവൃത്തങ്ങളിൽ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തി: കടുത്ത അനാസ്ഥയ്ക്ക് ആരായിരുന്നു ഉത്തരവാദി? സാക്ഷികളോ അതോ സൈനികക്കോടതികളോ?
സഹോദരൻമാരെ ഉടൻതന്നെ ജയിലിൽനിന്നു മോചിപ്പിക്കുകയും ഒടുവിൽ, മതശുശ്രൂഷകരാണെന്ന അടിസ്ഥാനത്തിൽ അവരെ സായുധ സേനയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. അവർ ജയിൽ മോചിതരായപ്പോൾ, ദിമിട്രിയൊസ് റ്റ്സിർലിസിന്റെയും റ്റിമോത്തേയൊസ് കൂലുമ്പാസിന്റെയും മോചനത്തെ സ്വാഗതം ചെയ്യുന്നതായി അമ്നെസ്റ്റി ഇന്റർനാഷണൽ പ്രഖ്യാപിച്ചു. ഭാവിയിൽ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകരെ ഗ്രീക്ക് നിയമം അനുവദിക്കുന്ന പ്രകാരം സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കുമെന്ന് പ്രത്യാശിക്കുന്നതായി അത് വെളിപ്പെടുത്തി. എന്നാൽ, പെട്ടെന്നുതന്നെ ഈ പ്രതീക്ഷ അസ്ഥാനത്താണെന്നു തെളിഞ്ഞു.
വീണ്ടും വീണ്ടും ജയിലിലേക്ക്
യഹോവയുടെ സാക്ഷികളുടെ മറ്റൊരു നിയമിത മതശുശ്രൂഷകന് അതേ കാരണത്താൽത്തന്നെ അൽപ്പം വ്യത്യസ്തമായ ഒരു അഗ്നിപരിശോധന നേരിടേണ്ടിവന്നു. 1991 സെപ്റ്റംബർ 11-ന് ആനാസ്റ്റാസ്യൊസ് യൊർയാതിസ് സൈനിക സേവനത്തിൽനിന്നുള്ള മോചനത്തിനായി അതേ രീതിയിൽ അപേക്ഷിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുന്നതായി ആറു ദിവസത്തിനു ശേഷം റിക്രൂട്ടിങ് ഓഫീസ് അദ്ദേഹത്തെ അറിയിച്ചു. വീണ്ടും കാരണം, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സുന്നഹദോസ് യഹോവയുടെ സാക്ഷികളെ അറിയപ്പെടുന്ന ഒരു മതമായി അംഗീകരിക്കുന്നില്ല എന്നതായിരുന്നു. റ്റ്സിർലിസിന്റെയും കൂലുമ്പാസിന്റെയും കേസുകളിൽ സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ സുവ്യക്തമായ തീർപ്പുകൾ പ്രാബല്യത്തിലിരിക്കെയാണ് ഇങ്ങനെ സംഭവിച്ചത്!
ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഫോർ നാഷണൽ ഡിഫൻസ് മറുപടി എഴുതിയത് ഇങ്ങനെയായിരുന്നു: “യഹോവയുടെ സാക്ഷികളെ ഒരു അറിയപ്പെടുന്ന മതമായി കണക്കാക്കാത്ത ഗ്രീസിലെ സഭയുടെ വിശുദ്ധ സുന്നഹദോസിന്റെ വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേഷൻ [യൊർയാതിസിന്റെ] അപേക്ഷ സംബന്ധിച്ച് ഒരു പ്രതികൂല തീരുമാനത്തിലെത്തിച്ചേർന്നു.”—ചെരിച്ചെഴുത്ത് ഞങ്ങളുടേത്.
ജനുവരി 20-ന് യൊർയാതിസ് നാഫ്പ്ലിയൊൺ പരിശീലന ക്യാമ്പിൽ ഹാജരായി. അദ്ദേഹത്തെ ഉടൻതന്നെ അച്ചടക്കലംഘനത്തിനു ശിക്ഷ വിധിക്കപ്പെടുന്നവരുടെ തടവുമുറിയിലാക്കി. പിന്നീട് അദ്ദേഹത്തെ ആവ്ലോന സൈനിക ജയിലിലേക്കു മാറ്റി.
1992 മാർച്ച് 16-ന് ഏഥൻസിലെ സൈനികക്കോടതി യൊർയാതിസിനെ കുറ്റവിമുക്തനാക്കി. യഹോവയുടെ സാക്ഷികൾ തീർച്ചയായും അറിയപ്പെടുന്ന ഒരു മതമാണെന്ന് ഗ്രീസിലെ ഒരു സൈനികക്കോടതി സമ്മതിക്കുന്നത് ആദ്യമായിട്ടായിരുന്നു. ആവ്ലോന സൈനിക ജയിലിന്റെ ഡയറക്ടർ ഉടൻതന്നെ അദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ ഏപ്രിൽ 4-ന് നാഫ്പ്ലിയൊൺ റിക്രൂട്ട്മെൻറ് കേന്ദ്രത്തിൽ വീണ്ടും ഡ്യൂട്ടിക്കു ഹാജരാകണമെന്ന് ആജ്ഞാപിച്ചു. ആ ദിവസം യൊർയാതിസ് സൈന്യത്തിൽ ചേരാൻ പിന്നെയും വിസമ്മതിച്ചു. അദ്ദേഹത്തെ വീണ്ടും ആജ്ഞാലംഘനക്കുറ്റം ചുമത്തി രണ്ടാമതും കസ്റ്റഡിയിലാക്കി വിചാരണയ്ക്ക് ഏൽപ്പിച്ചു.
1992 മേയ് 8-ന് ഏഥൻസിലെ സൈനികക്കോടതി പുതിയ കുറ്റകൃത്യ കേസിൽനിന്ന് അദ്ദേഹത്തെ മോചിപ്പിച്ചു. എങ്കിലും, കസ്റ്റഡിയിൽ വെച്ചതിന് അദ്ദേഹത്തിനു നഷ്ടപരിഹാരമൊന്നും നൽകേണ്ടതില്ലെന്നു തീരുമാനിച്ചു. യൊർയാതിസിനെ ആവ്ലോന സൈനിക ജയിലിൽനിന്ന് ഉടൻതന്നെ മോചിപ്പിച്ചു. എന്നാൽ 1992 മേയ് 22-ന് നാഫ്പ്ലിയൊൺ റിക്രൂട്ട്മെൻറ് കേന്ദ്രത്തിൽ മൂന്നാമതും ഡ്യൂട്ടിക്കു ഹാജരാകണമെന്ന് ആജ്ഞാപിച്ചു! അദ്ദേഹം സൈന്യത്തിൽ ചേരാൻ പിന്നെയും വിസമ്മതിച്ചു. അദ്ദേഹത്തെ മൂന്നാമതും ആജ്ഞാലംഘനക്കുറ്റം ചുമത്തി കസ്റ്റഡിയിലാക്കി.
1992 ജൂലൈ 7-ന് സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതി, യഹോവയുടെ സാക്ഷികൾ തീർച്ചയായും അറിയപ്പെടുന്ന ഒരു മതത്തിലെ അംഗങ്ങളാണ് എന്നതിന്റെ അടിസ്ഥാനത്തിൽ 1991 സെപ്റ്റംബറിലെ തീരുമാനം റദ്ദാക്കി. 1992 ജൂലൈ 27-ന് യൊർയാതിസ് തെസ്സലൊനൈക്യ സൈനിക ജയിലിൽനിന്ന് ഒടുവിൽ മോചിതനായി. 1992 സെപ്റ്റംബർ 10-ന് തെസ്സലൊനൈക്യയിലെ സൈനികക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എങ്കിലും യൊർയാതിസ് നഷ്ടപരിഹാരത്തിന് അർഹനല്ല എന്ന് അത് പ്രസ്താവിച്ചു. ‘അദ്ദേഹത്തിന്റെ കടുത്ത അനാസ്ഥ നിമിത്ത’മാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ചത് എന്നതാണ് വീണ്ടും ചൂണ്ടിക്കാട്ടിയ കാരണം.
വ്യാപകമായ പ്രതികരണം
യൊർയാതിസിന്റെ കേസിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് യൂറോപ്യൻ പാർലമെൻറ് ഇങ്ങനെ പ്രഖ്യാപിച്ചു: “നിയമത്തിന്റെ മുന്നിൽ സമത്വമെന്ന തത്ത്വവും തുല്യമായ പെരുമാറ്റം ആസ്വദിക്കുന്നതിനുള്ള അവകാശവും പരിചിന്തിക്കുമ്പോൾ ഇത് യഹോവയുടെ സാക്ഷികളായ മതശുശ്രൂഷകരോടു വിവേചനം കാട്ടുന്നതിന്റെ ഒരു ദൃഷ്ടാന്തമാണ്.”
“[ആനാസ്റ്റാസ്യൊസ് യൊർയാതിസ്] തടവിലാക്കപ്പെട്ടതിനുള്ള കാരണം യഹോവയുടെ സാക്ഷികളായ ശുശ്രൂഷകരോടുള്ള സൈനിക അധികാരികളുടെ വിവേചനം ഒന്നുമാത്രമാണെന്ന്” അത് “വിശ്വസിക്കുന്നുവെന്നും മനസ്സാക്ഷിയുടെ തടവുകാരനെന്ന നിലയിൽ തന്നെ ഉടനടി നിരുപാധികം വിട്ടയയ്ക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നുവെന്നും” 1992 ഫെബ്രുവരിയിൽ അമ്നെസ്റ്റി ഇന്റർനാഷണൽ പ്രസ്താവിച്ചു.
യൊർയാതിസിന്റെ വിചാരണകളിലൊന്നിൽ ഉൾപ്പെട്ട സൈനിക പ്രോസിക്യൂട്ടറും ഇങ്ങനെ പറയാൻ പ്രേരിതനായി: “ഒരു സമൂഹത്തിന്റെ സാംസ്കാരിക വികസനത്തിന്റെ വ്യാപ്തി പ്രകടമാകുന്നത് അതിന്റെ പൗരൻമാർ ഉൾപ്പെടുന്ന ചില സാഹചര്യങ്ങളെ അത് കൈകാര്യം ചെയ്യുന്ന വിധത്തിലാണ്. ഗ്രീസിലെ നമ്മുടെ സാംസ്കാരിക വികസനം യൂറോപ്യൻ നിലവാരങ്ങളോടു ചേർച്ചയിലായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നാം അന്തർദേശീയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും മുൻവിധി നീക്കിക്കളയുകയും വേണം. ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത് പൗരൻമാരുടെ വ്യക്തിപരമായ അവകാശങ്ങളോടുള്ള ആദരവിന്റെ കാര്യത്തിലാണ്. എന്നാൽ, യഥാർഥത്തിൽ നടക്കുന്ന കാര്യങ്ങളും അഡ്മിനിസ്ട്രേഷന്റെ തന്ത്രങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നത് ന്യൂനപക്ഷ മതസമുദായങ്ങളോടുള്ള മുൻവിധിയും മതപരമായ അസഹിഷ്ണുതയും നിലനിൽക്കുന്നുവെന്നാണ്. ഇത് [യൊർയാതിസിനോടു കാണിക്കുന്നത്] മഹാക്രൂരതയാണ്.”
യൂറോപ്യൻ പാർലമെന്റംഗമായ ഇംഗ്ലണ്ടിലെ ബ്രിസ്റ്റൊളിൽനിന്നുള്ള ഇയൻ വൈറ്റ് ഇങ്ങനെയെഴുതി: “യഹോവയുടെ സാക്ഷികൾ ‘അറിയപ്പെടുന്ന ഒരു മത’മല്ലെന്നുള്ള ആശയം ഈ കൗണ്ടിയിലുള്ള പലരിലും ചിരിയുണർത്തും. അവരുടെ അംഗസംഖ്യ താരതമ്യേന കുറവാണെങ്കിലും തീർച്ചയായും സാക്ഷികൾ ഈ രാജ്യത്ത് പരക്കെ അറിയപ്പെടുന്നു, അവർ കൂടെക്കൂടെ വീടുകൾ സന്ദർശിക്കുകയും ചെയ്യുന്നു.” 26,000-ത്തിലധികം സാക്ഷികൾ ഗ്രീസിൽ പ്രസംഗവേല നടത്തുന്ന സ്ഥിതിക്ക് അവർ ‘അറിയപ്പെടാത്ത ഒരു മത’മായിരിക്കാനിടയില്ല!
യൂറോപ്യൻ പാർലമെൻറിലെ പത്തംഗങ്ങളടങ്ങുന്ന ഒരു സംഘം യൊർയാതിസ് കേസിലെ തങ്ങളുടെ ധാർമികരോഷം പ്രകടിപ്പിച്ചുകൊണ്ട് എഴുതി. ഗ്രീസിൽ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതിൽ തങ്ങൾക്ക് “അങ്ങേയറ്റം അതിശയവും ഖേദവും തോന്നുന്നു”വെന്ന് അവർ പറഞ്ഞു.
യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപ്പീൽ കൊടുക്കുന്നു
മതപരമായ ഈ വിവേചനത്തിന്റെ മൂന്നിരകൾക്കും, കുറ്റവിമുക്തരാകുകയും ജയിൽമോചിതരാകുകയും ചെയ്തശേഷം യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ കൊടുക്കുന്നതിനുള്ള ധാർമിക കടപ്പാടു തോന്നി. അതിൽത്തന്നെ അനീതിയെന്നു തെളിഞ്ഞ നിയമവിരുദ്ധമായ തടവിലാക്കൽ, അവരനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനം, ദീർഘകാലത്തേക്ക് ആവർത്തിച്ച് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതു മൂലമുള്ള ധാർമികവും സാമൂഹികവുമായ ഗുരുതരമായ ഭവിഷ്യത്തുകൾ എന്നിവയായിരുന്നു അപ്പീൽ കൊടുക്കുന്നതിനുള്ള അടിസ്ഥാനം. ഈ കാരണങ്ങളാൽ അവർ ന്യായവും ഉചിതവുമായ അളവിലുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
റ്റ്സിർലിസിന്റെയും കൂലുമ്പാസിന്റെയും കാര്യത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനുമുള്ള അവരുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും അവരെ കസ്റ്റഡിയിൽ വെച്ചത് നിയമവിരുദ്ധമായിട്ടായിരുന്നെന്നും നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും ന്യായാസനം അവരുടെ കാര്യത്തിൽ നിഷ്പക്ഷമായ ഒരു വിചാരണ നടത്തിയിട്ടില്ലെന്നും യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷൻ ഐകകണ്ഠ്യേന നിഗമനം ചെയ്തു. യൊർയാതിസിന്റെ കേസിലും കമ്മീഷൻ സമാനമായ നിഗമനത്തിലെത്തിച്ചേർന്നു.
അനീതി തിരുത്തപ്പെടുന്നു
1997 ജനുവരി 21-ന് വിചാരണ നടത്താൻ തീരുമാനിച്ചു. പ്രാദേശിക യൂണിവേഴ്സിറ്റിയിൽനിന്നുള്ള വിദ്യാർഥികൾ, പത്രക്കാർ, ഗ്രീസ്, ജർമനി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള അനേകം യഹോവയുടെ സാക്ഷികൾ എന്നിങ്ങനെ പലരും കോടതിമുറിയിൽ ഹാജരായിരുന്നു.
യഹോവയുടെ സാക്ഷികളെന്ന് അറിയപ്പെടുന്ന “ഒരു ന്യൂനപക്ഷ മതസമുദായത്തിന്റെ അസ്തിത്വം അംഗീകരിക്കാതിരിക്കുന്നതിൽ ഗ്രീക്ക് അധികാരികൾ എപ്പോഴും മർക്കടമുഷ്ടിയും ശാഠ്യവും കാണിക്കുന്ന”തായി സാക്ഷികളുടെ വക്കീലായ ശ്രീ. പേനൊസ് ബിറ്റ്സാചിസ് പറഞ്ഞു. സാക്ഷികളെക്കുറിച്ചുള്ള തങ്ങളുടെ ഔദ്യോഗിക അഭിപ്രായത്തെ അവരുടെ മുഖ്യ എതിരാളികളായ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ വീക്ഷണഗതിയിൽ അടിസ്ഥാനപ്പെടുത്തുന്ന ഗ്രീക്ക് അധികാരികളുടെ വ്യവഹാരരീതിയെ അദ്ദേഹം അപലപിച്ചു! അദ്ദേഹം തുടർന്നിങ്ങനെ പറഞ്ഞു: “ഇത് എത്രത്തോളം അനുവദിക്കണം? . . . എത്ര നാൾ?” “ഒരു പ്രത്യേക മതസമുദായത്തിന് അംഗീകാരം നിഷേധിക്കപ്പെടുന്നതിനെ”ക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “ഈ നിഷേധനം നേരിട്ടുള്ളതും പ്രത്യക്ഷത്തിൽത്തന്നെ അനാശാസ്യവും ന്യായരഹിതവും നിയമവിരുദ്ധവും സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ ഡസൻ കണക്കിനു തീർപ്പുകൾക്കു വിരുദ്ധവും ആണെന്നറിയുമ്പോൾ അത് യുക്തിഹീനമായി കാണപ്പെടുന്നു.”
ഗവൺമെൻറ് പ്രതിനിധി പിൻവരുന്ന പ്രകാരം ഉറപ്പിച്ചുപറഞ്ഞപ്പോൾ ഗ്രീക്ക് അധികാരികളുടെ പക്ഷപാതപരമായ മനോഭാവത്തെ സ്ഥിരീകരിക്കുകയാണു ചെയ്തത്: “ഗ്രീസിലെ ഏതാണ്ട് മുഴു ജനതതിയും നൂറ്റാണ്ടുകളായി ഓർത്തഡോക്സ് സഭയിലെ അംഗങ്ങളാണ് എന്ന കാര്യം മറക്കാൻ പാടില്ല. തത്ഫലമായി, ആ സഭയുടെ ഘടനയും അതിലെ ശുശ്രൂഷകരുടെ പദവിയും സഭയിലെ അവരുടെ ധർമവും തികച്ചും വ്യക്തമാണ്. . . . യഹോവയുടെ സാക്ഷികളുടെ സഭയിലെ ശുശ്രൂഷകരുടെ പദവി അത്ര വ്യക്തമല്ല.” ഗ്രീസിലെ ന്യൂനപക്ഷ മതസമുദായങ്ങളോടുള്ള മുൻവിധിയോടുകൂടിയ പെരുമാറ്റത്തിന്റെ എന്തൊരു പരസ്യ സമ്മതം!
മതസ്വാതന്ത്ര്യം മാനിക്കപ്പെടുന്നു
മേയ് 29-ന് വിധി പുറപ്പെടുവിച്ചു. നീതിന്യായ സഭയുടെ പ്രസിഡന്റായ ശ്രീ. റൊൾഫ് റ്യൂസ്ഡാൽ വിധി ഉറക്കെ വായിച്ചു. യൂറോപ്യൻ കൺവെൻഷന്റെ 5-ഉം 6-ഉം വകുപ്പുകൾ ഗ്രീസ് ലംഘിച്ചതായി ഒമ്പതു ജഡ്ജിമാരടങ്ങുന്ന കോടതി ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. കൂടാതെ, നഷ്ടപരിഹാരത്തിനും ചെലവുകൾക്കുമായി അപേക്ഷകർക്ക് ഏകദേശം 72,000 ഡോളർ കൊടുക്കുന്നതിന് അത് വ്യവസ്ഥ ചെയ്തു. ഏറ്റവും പ്രധാനമായി, മതസ്വാതന്ത്ര്യത്തിന് അനുകൂലമായ ശ്രദ്ധേയമായ പല വാദഗതികളും തീർപ്പിൽ ഉൾക്കൊണ്ടിരുന്നു.
സുപ്രീം അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ തീർപ്പുകളിൻ പ്രകാരം ഗ്രീസിൽ യഹോവയുടെ സാക്ഷികൾ “അറിയപ്പെടുന്ന” ഒരു “മത”മായി അംഗീകരിക്കപ്പെടുന്നു എന്ന വസ്തുതയെ “സൈനികാധികാരികൾ സ്പഷ്ടമായും അവഗണിച്ചു”വെന്ന് കോടതി അഭിപ്രായപ്പെട്ടു. അത് കൂടുതലായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ശുശ്രൂഷകർ [സൈനികസേവനത്തിൽനിന്ന്] ഒഴിവാക്കപ്പെടുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ യഹോവയുടെ സാക്ഷികളെ ‘അറിയപ്പെടുന്ന’ ഒരു ‘മത’മായി അംഗീകരിക്കാതിരിക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ പിടിവാശികാട്ടിക്കൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അപേക്ഷകരുടെ അവകാശം അവഗണിച്ചത് അവരോടു കാട്ടിയ വിവേചനമായിരുന്നു.”
ഗ്രീസിലെ വാർത്താമാധ്യമങ്ങൾ കേസ് നാടു മുഴുവൻ പാട്ടാക്കി. ഏഥൻസ് ന്യൂസ് ഇങ്ങനെ പ്രസ്താവിച്ചു: ‘യഹോവയുടെ സാക്ഷികളുടെ അവകാശവാദത്തിന്റെ കാര്യത്തിൽ [യൂറോപ്യൻ] കോടതി ഗ്രീസിനെ നിശിതമായി വിമർശിക്കുന്നു.’ ഗ്രീസിനെതിരെ റ്റ്സിർലിസും കൂലുമ്പാസും യൊർയാതിസും എന്ന കേസിന്റെ വിധി, ഗ്രീസിലെ യഹോവയുടെ സാക്ഷികൾക്ക് ഭരണപരമോ സൈനികമോ സഭാപരമോ ആയ ഇടപെടൽ കൂടാതെ മതസ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയത്തക്കവിധം ഗ്രീസ് രാഷ്ട്രം യൂറോപ്യൻ കോടതിയുടെ വിധിക്കു ചേർച്ചയിൽ നിയമം പാസ്സാക്കുമെന്ന പ്രതീക്ഷ ഉണർത്തുന്നു. മാത്രമല്ല, മതസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങളിൽ യൂറോപ്യൻ കോടതി ഗ്രീക്ക് നീതിന്യായവകുപ്പിനെതിരെ പുറപ്പെടുവിക്കുന്ന മറ്റൊരു വിധിയാണ് ഇത്.a
യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. ദൈവത്തെ സേവിക്കുന്നതിനും തങ്ങളുടെ അയൽക്കാരനെ സഹായിക്കുന്നതിനുമായി അത് ഉപയോഗിക്കാനാണ് അവരുടെ ശ്രമം. സാക്ഷികളായ മൂന്ന് മതശുശ്രൂഷകരും തങ്ങളുടെ കേസുകളുടെ പേരിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ സമർപ്പിച്ചത് എന്തെങ്കിലും ഭൗതിക നേട്ടത്തിനുവേണ്ടിയായിരുന്നില്ല. പിന്നെയോ തികച്ചും നൈതികവും ധാർമികവുമായ കാരണങ്ങളാലാണ് അവർ അതു ചെയ്തത്. അതുകൊണ്ട്, തങ്ങൾക്കു ലഭിച്ച നഷ്ടപരിഹാരത്തുക മുഴുവനും യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ വേലയുടെ ഉന്നമനത്തിനുവേണ്ടി ഉപയോഗിക്കാൻ മൂന്നു പേരും തീരുമാനിച്ചിരിക്കുന്നു.
[അടിക്കുറിപ്പ്]
a 1993-ൽ ഗ്രീസിനെതിരെ കൊക്കിനാക്കിസ് എന്ന കേസിന്റെ കാര്യത്തിലാണ് ആദ്യത്തെ വിധിയുണ്ടായത്; 1996-ൽ ഗ്രീസിനെതിരെ മാനുസാകിസും മറ്റുള്ളവരും എന്ന കേസിന്റെ കാര്യത്തിലാണ് രണ്ടാമത്തെ വിധിയുണ്ടായത്.—1993 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-31 പേജുകളും 1997 മാർച്ച് 22 ലക്കം ഉണരുക!യുടെ 14-16 പേജുകളും കാണുക.
[20-ാം പേജിലെ ചിത്രം]
എസ്ഥേറും ദിമിട്രിയൊസ് റ്റ്സിർലിസും
[21-ാം പേജിലെ ചിത്രം]
റ്റിമോത്തേയൊസും നാഫ്സിക്കാ കൂലുമ്പാസും
[22-ാം പേജിലെ ചിത്രം]
ആനാസ്റ്റാസ്യൊസും കൗളാ യൊർയാതിസും