അവൻ തളർന്നു പിന്മാറിയില്ല
മാറ്റ് ടേപീയോ എന്ന 14 വയസ്സുകാരൻ 1995 ഒക്ടോബർ 5-ന്, മസ്തിഷ്ക സ്തംഭത്തിലെ ഒരു മുഴ നീക്കംചെയ്യുന്നതിനു വേണ്ടി ശസ്ത്രക്രിയയ്ക്കു വിധേയനായി. ആ മുഴ മാരകമായിരുന്നു. അടുത്ത രണ്ടര വർഷത്തിനുള്ളിൽ അവൻ വിധേയനായ അനേകം ശസ്ത്രക്രിയകളിൽ ആദ്യത്തേത് ആയിരുന്നു അത്. അതേത്തുടർന്ന് രാസചികിത്സയും റേഡിയേഷൻ ചികിത്സകളും നടത്തുകയുണ്ടായി.
യു.എസ്.എ.-യിലെ മിഷിഗണിൽ താമസിച്ചിരുന്ന മാറ്റ്, അവിടുത്തെ ഒരു പബ്ലിക് സ്കൂളിൽ പഠിക്കുക ആയിരുന്നു. അവൻ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരായിരുന്നതും മിഷിഗണിൽത്തന്നെ ആയിരുന്നു. തന്റെ വിശ്വാസങ്ങളെ കുറിച്ച് അധ്യാപകരോടും സഹപാഠികളോടും സംസാരിക്കാനും അതുപോലെ പരസ്യ ശുശ്രൂഷയിൽ മറ്റുള്ളവരെ സന്ദർശിക്കുന്നതിൽ പങ്കുപറ്റാനും ലഭിച്ച അവസരങ്ങൾ അവൻ പ്രയോജനപ്പെടുത്തി. കൂടെക്കൂടെ ആശുപത്രിയിൽ കഴിയേണ്ടിവന്നപ്പോഴൊക്കെ—തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടര വർഷത്തിൽ 18 മാസവും അവൻ ആശുപത്രിയിലാണ് ചെലവഴിച്ചത്—അവൻ കണ്ടുമുട്ടിയവർക്ക് നൂറുകണക്കിനു ബൈബിൾ സാഹിത്യങ്ങൾ സമർപ്പിച്ചു.
അതിജീവിക്കുകയില്ലെന്ന് കരുതിയ പല സന്ദർഭങ്ങളിലും മാറ്റ് പെട്ടെന്നുതന്നെ അപകടനില തരണം ചെയ്തു. ഒരിക്കൽ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അവന്റെ നില വളരെ വഷളായി, ശ്വാസം നിലച്ചു. ഹൃദയ പുനർജീവന നടപടികളെ തുടർന്ന് അവൻ സുഖം പ്രാപിച്ചു. ബോധം തെളിഞ്ഞപ്പോൾ അവൻ കരഞ്ഞുകൊണ്ട് ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞാനൊരു പോരാളിയാണ്! ഞാനൊരു പോരാളിയാണ്! ഞാൻ തളർന്നു പിന്മാറുന്നവനല്ല!” മാറ്റ് ഇത്രയും കാലം ജീവിച്ചിരിക്കാൻ ഇടയാക്കിയത് ദൈവത്തിലുള്ള അവന്റെ വിശ്വാസമായിരുന്നു എന്ന് ആളുകൾ പറഞ്ഞു.
1996 ജനുവരി 13-ന്, മാറ്റ് ഹൃദയത്തിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു—യഹോവയാം ദൈവത്തിനുള്ള സമർപ്പണം അവൻ സ്നാപനത്തിലൂടെ പ്രതീകപ്പെടുത്തി. അണുബാധയേൽക്കുന്നതു തടയാനായി ഒരു സ്വകാര്യ കുളത്തിൽ ആയിരുന്നു സ്നാപനം. ഏതാനും ദിവസം കഴിഞ്ഞ് കൂടുതൽ ശസ്ത്രക്രിയകൾക്കായി അവനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1997 ആഗസ്റ്റിൽ, മാറ്റ് ആഴ്ചകളോളം തുടർച്ചയായി ഛർദിച്ചു. എങ്കിലും, തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം അവൻ ആരോഗ്യം വീണ്ടെടുത്തു.
ഇതിനെല്ലാം മധ്യേയും, ഡോക്ടർമാരും നേഴ്സുമാരുമായി തമാശകൾ പങ്കുവെച്ചുകൊണ്ട് അവൻ നർമബോധം നിലനിർത്തിയിരുന്നു. അവന് അതിനു സാധിച്ചത് എങ്ങനെയെന്ന് അവർക്കാർക്കും മനസ്സിലായില്ല. ഒരു ഡോക്ടർ അവനോടു പറഞ്ഞു: “മാറ്റ്, നിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ, ഞാൻ എന്റെ കട്ടിലിനു ചുറ്റും കർട്ടനിട്ട് അടച്ചിട്ട്, തലയും മൂടി കിടക്കുമായിരുന്നു. ആരെയും എന്റെ അടുത്ത് അടുപ്പിക്കുക പോലും ഇല്ലായിരുന്നു.”
1998 ഫെബ്രുവരിയിൽ, തന്റെ അവസാന നാളുകളിൽ, മാറ്റ് ആശുപത്രിയിൽനിന്ന് വീട്ടിൽ വന്നു. ജീവനോടെ വീട്ടിൽ ആയിരിക്കാൻ കഴിഞ്ഞതിൽ അവൻ സന്തോഷംകൊണ്ട് മതിമറന്നു, വാതിൽക്കൽ എത്തിയ ഉടനെ അവൻ പറഞ്ഞു: “ഞാൻ വളരെ സന്തോഷവാനാണ്! നമുക്ക് പ്രാർഥിക്കാം.” തുടർന്ന്, തന്റെ സന്തോഷം അവൻ പ്രാർഥനയിലൂടെ യഹോവയുടെ മുമ്പാകെ പ്രകടിപ്പിച്ചു. രണ്ടുമാസം കഴിഞ്ഞ്, ഏപ്രിൽ 19-ന്, അർബുദം അവന്റെ ജീവൻ കവർന്നു.
നേരത്തേ മാറ്റുമായി നടത്തിയ ഒരു അഭിമുഖം റെക്കോർഡു ചെയ്തിരുന്നു. പ്രാദേശിക രാജ്യഹാളിൽവെച്ച്, യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ അതു കേൾപ്പിക്കുകയുണ്ടായി. അഭിമുഖത്തിൽ അവനോട് ഇങ്ങനെ ചോദിച്ചിരുന്നു: “ഒരളവോളം ആരോഗ്യമുള്ള ഞങ്ങളോട് നമ്മുടെ ശുശ്രൂഷയെയും ക്രിസ്തീയ യോഗങ്ങളെയും സംബന്ധിച്ച് നീ എന്തു പറയും?”
മാറ്റ് മറുപടി പറഞ്ഞു: “ഇപ്പോൾ ചെയ്യാൻ കഴിയുന്നതു ചെയ്യുക. . . . പിന്നീട് എന്തു സംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ. . . . എന്നാൽ, എന്തുതന്നെ സംഭവിച്ചാലും യഹോവയെ കുറിച്ച് സാക്ഷീകരിക്കുന്നത് ഒരിക്കലും നിർത്തരുത്.”