ഹെപ്പറ്റൈറ്റിസ് ബി നിശ്ശബ്ദ കൊലയാളി
“എനിക്ക് അന്ന് 27 വയസ്സ്. എന്റെ വിവാഹം കഴിഞ്ഞിട്ട് അധികമായിരുന്നില്ല. പ്രത്യക്ഷത്തിൽ ഞാൻ ആരോഗ്യവാനായിരുന്നു. വലിയ ടെൻഷനുകളുള്ള ജോലിയായിരുന്നു എന്റേത്. ഒപ്പം യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ പല ഉത്തരവാദിത്വങ്ങളും എനിക്കുണ്ടായിരുന്നു. ഇതിനിടെ ഹെപ്പറ്റൈറ്റിസ് ബി എന്റെ കരളിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞില്ല.”—ഡുക്ക് ഗ്യുൻ.
രക്തത്തിൽനിന്ന് വിഷപദാർഥങ്ങൾ അരിച്ചുമാറ്റുന്നത് ഉൾപ്പെടെ 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എന്ന രോഗം ഒരു വ്യക്തിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അമിത മദ്യപാനവും വിഷവസ്തുക്കളുമായുള്ള സമ്പർക്കവും ഹെപ്പറ്റൈറ്റിസിന് ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ് രോഗത്തിന്റെ പ്രധാന കാരണക്കാർ. രോഗകാരികളായ അഞ്ചു വൈറസുകളെ ശാസ്ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്; ചുരുങ്ങിയത് മൂന്നു വൈറസുകളെയെങ്കിലും ഇനിയും തിരിച്ചറിയാനുണ്ടെന്ന് അവർ കരുതുന്നു.—താഴെയുള്ള ചതുരം കാണുക.
ഇവയിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് (എച്ച്ബിവി) ഓരോ വർഷവും 6,00,000 പേരുടെ ജീവൻ (ഏതാണ്ട് മലമ്പനിയുടെ അതേ മരണനിരക്ക്) അപഹരിക്കുന്നുണ്ട്. 200 കോടിയിലേറെ ആളുകൾ—ലോകജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന്—എച്ച്ബിവി-യുടെ ആക്രമണത്തിന് ഇരകളായവരാണ്. ഇവരിൽ പലരും ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ രോഗവിമുക്തരായി. എന്നാൽ 35 കോടിയോളം പേർക്ക് ഈ രോഗം സ്ഥായിയായിത്തീർന്നിരിക്കുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തുടർന്നുള്ള കാലത്ത്, ഇവരിൽ ലക്ഷണങ്ങൾ പ്രകടമാണെങ്കിലും അല്ലെങ്കിലും ഇവർക്ക് രോഗം പരത്താൻ കഴിയും.a
ആരംഭത്തിൽത്തന്നെ നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉള്ളവർക്കും, കരളിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനായേക്കും. പക്ഷേ പലരും രോഗബാധയുള്ള വിവരം തിരിച്ചറിയാതെ പോകുകയാണു പതിവ്. ഒരു പ്രത്യേകതരം പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാനാകൂ എന്നതാണ് കാരണം. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് അറിയാനായി സാധാരണ നടത്തുന്ന പരിശോധനകളുടെ റിസൽട്ടുപോലും ഇവരിൽ നോർമലായിരിക്കാം. അതുകൊണ്ട് എച്ച്ബിവി-യെ നിശ്ശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാനാകും. രോഗബാധയുണ്ടായി വർഷങ്ങൾ കഴിഞ്ഞായിരിക്കാം ലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ അപ്പോഴേക്കും രോഗം പഴകി സിറോസിസോ കരൾ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്. എച്ച്ബിവി വാഹകരായ നാലിൽ ഒരാൾവീതം ഇങ്ങനെ മരിക്കുന്നതായി കാണുന്നു.
“എനിക്ക് ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ടത് എങ്ങനെ?”
“30 വയസ്സുള്ളപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്,” ഡുക്ക് ഗ്യുൻ പറയുന്നു. “ഒരുദിവസം എനിക്ക് വയറിളക്കമുണ്ടായി. ഞാൻ ഒരു അലോപ്പതി ഡോക്ടറെ ചെന്നുകണ്ടു. അദ്ദേഹം എനിക്ക് വയറിളക്കത്തിനുള്ള മരുന്നു തന്നു. രോഗം മാറാതെയായപ്പോൾ ഞാൻ ഒരു നാട്ടുവൈദ്യന്റെ അടുക്കൽ പോയി. അദ്ദേഹം എനിക്ക് കുടലിലെയും ആമാശയത്തിലെയും തകരാറുകൾക്കുള്ള മരുന്നുകൾ തന്നു. പക്ഷേ രണ്ടുപേരും ഹെപ്പറ്റൈറ്റിസിനുള്ള ടെസ്റ്റുകൾ നടത്താൻ ആവശ്യപ്പെട്ടില്ല. വയറിളക്കം നിൽക്കാതെ വന്നപ്പോൾ ഞാൻ പിന്നെയും ആ അലോപ്പതി ഡോക്ടറുടെ അടുക്കൽ പോയി.b അദ്ദേഹം എന്റെ വയറിന്റെ വലതുവശത്തായി പതുക്കെയൊന്ന് കൊട്ടി. എനിക്ക് നല്ല വേദന തോന്നി. രക്തപരിശോധനയിൽ അദ്ദേഹത്തിന്റെ സംശയം സ്ഥിരീകരിക്കപ്പെട്ടു—എന്റെ ശരീരത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കടന്നുകൂടിയിരിക്കുന്നു. ഞാൻ ഞെട്ടിപ്പോയി! ഞാൻ ഒരിക്കലും രക്തം സ്വീകരിച്ചിട്ടില്ല; കുത്തഴിഞ്ഞ ജീവിതം നയിച്ചിട്ടുമില്ല.”
ഡുക്ക് ഗ്യുനിന്റെ രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാര്യയും മാതാപിതാക്കളും കൂടെപ്പിറപ്പുകളും പരിശോധനയ്ക്കു വിധേയരായി. അവരുടെ എല്ലാവരുടെയും രക്തത്തിൽ എച്ച്ബിവി-യ്ക്കെതിരെയുള്ള ആന്റിബോഡികൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെ പ്രതിരോധ വ്യവസ്ഥ രോഗകാരികളായ വൈറസുകളെ ശരീരത്തിൽനിന്നു നീക്കം ചെയ്തിരുന്നു. ഡുക്ക് ഗ്യുനിന് രോഗബാധയുണ്ടായത് അവരിൽ ആരിൽനിന്നെങ്കിലുമാണോ? അതോ എല്ലാവർക്കും പൊതുവായ ഒരു ഉറവിൽനിന്ന് അണുബാധയുണ്ടായതാണോ? ഒന്നും തറപ്പിച്ചുപറയാനാവില്ല. 35 ശതമാനം കേസുകളിലും കാരണം അജ്ഞാതമാണ്. എന്നാൽ ഒന്ന് ഉറപ്പാണ്: ഹെപ്പറ്റൈറ്റിസ് ബി പാരമ്പര്യജന്യമല്ല; അതുപോലെ രോഗിയുമായി ഇടപഴകിയതുകൊണ്ടോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതുകൊണ്ടോ രോഗം പകരില്ല. മറിച്ച് രോഗബാധിതരുടെ രക്തമോ ശരീരദ്രവങ്ങളോ—ശുക്ളം, യോനീസ്രവങ്ങൾ, ഉമിനീർ തുടങ്ങിയവ—തൊലിപ്പുറത്തെ മുറിവിലൂടെയോ ശ്ളേഷ്മസ്തരങ്ങളിലൂടെയോ മറ്റൊരാളുടെ രക്തത്തിലേക്കു പ്രവേശിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
എച്ച്ബിവി ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ വേണ്ടത്ര ഇല്ലാത്ത രാജ്യങ്ങളിൽ രക്തപ്പകർച്ചയിലൂടെ നിരവധി ആളുകൾ രോഗബാധിതരാകുന്നുണ്ട്. എയ്ഡ്സ് വൈറസിനെക്കാൾ നൂറുമടങ്ങ് സംക്രമണശേഷിയുണ്ട് ഹെപ്പറ്റൈറ്റിസ് ബി വൈറസിന്. അണുബാധയുള്ള രക്തത്തിന്റെ നേരിയൊരു അംശം മതി (ഉദാഹരണത്തിന് ഷേവിങ് ബ്ളേഡിൽ പറ്റിയിരിക്കുന്നത്ര രക്തം) മറ്റൊരാളിലേക്ക് വൈറസിനെ കടത്തിവിടാൻ. ഉണങ്ങിപ്പിടിച്ച രക്തക്കറയിൽപ്പോലും എച്ച്ബിവി ഒന്നോ അതിലധികമോ ആഴ്ച ജീവിച്ചിരിക്കും.c
രോഗിയോട് പരിഗണന കാണിക്കുക
“എനിക്ക് ഹെപ്പറ്റൈറ്റിസ് ബി ഉള്ളതായി മനസ്സിലായപ്പോൾ, കമ്പനിക്കാർ എന്നെ തനിച്ചൊരു ഓഫീസിലേക്കു മാറ്റി,” ഡുക്ക് ഗ്യുൻ പറയുന്നു. എച്ച്ബിവി രോഗികളോടുള്ള ഈ ഇടപെടൽ അസാധാരണമല്ല. രോഗസംക്രമണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിനു കാരണം. അറിവും വിദ്യാഭ്യാസവുമുള്ള ആളുകൾപോലും ഹെപ്പറ്റൈറ്റിസ് ബി-യെ ഹെപ്പറ്റൈറ്റിസ് എ (അതിവേഗം പകരുന്നതെങ്കിലും അത്ര മാരകമല്ല) ആയി തെറ്റിദ്ധരിച്ച് ഈ വിധത്തിൽ പെരുമാറാറുണ്ട്. ലൈംഗികബന്ധത്തിലൂടെയും എച്ച്ബിവി പകരാം എന്നതിനാൽ സദാചാരനിഷ്ഠയോടെ ജീവിക്കുന്ന രോഗികളെപ്പോലും ആളുകൾ സംശയദൃഷ്ടിയോടെ വീക്ഷിക്കാറുണ്ട്.
തെറ്റിദ്ധാരണകളും സംശയങ്ങളും ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. പലയിടങ്ങളിലും പ്രായഭേദമെന്യേ എച്ച്ബിവി വാഹകരെ സമൂഹം ഭ്രഷ്ടുകൽപ്പിച്ച് മാറ്റിനിറുത്താറുണ്ട്. ചിലർ മക്കളെ അവരുടെകൂടെ കളിക്കാൻ അനുവദിക്കില്ല. ചില സ്കൂളുകളും തൊഴിൽസ്ഥാപനങ്ങളും അവർക്ക് പ്രവേശനം നിഷേധിക്കുന്നു. ഇങ്ങനെയുള്ള പെരുമാറ്റങ്ങൾമൂലം പരിശോധനയ്ക്കു വിധേയരാകാനും രോഗമുള്ള വിവരം പുറത്തു പറയാനും പലരും മടിക്കുന്നു. സ്വന്തം ആരോഗ്യവും വീട്ടുകാരുടെ ആരോഗ്യവും അപകടത്തിലായാലും വേണ്ടില്ല, കാര്യം പുറത്തുപറയേണ്ടെന്ന് ചിലർ തീരുമാനിക്കുന്നു. ഫലമോ? ഈ മാരകരോഗം വരുംതലമുറക്കാരിലേക്കും വ്യാപിക്കുന്നു.
വിശ്രമം ആവശ്യം
“പരിപൂർണ വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോൾത്തന്നെ ഞാൻ ജോലിക്കു പോയിത്തുടങ്ങി,” ഡുക്ക് ഗ്യുൻ പറയുന്നു. “രക്തപരിശോധനയിലും സിറ്റി സ്കാനിലുമൊന്നും സിറോസിസ് ഉള്ളതിന്റെ യാതൊരു സൂചനകളുമില്ലായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ വിചാരിച്ചു.” മൂന്നു വർഷം കഴിഞ്ഞപ്പോൾ ഡുക്ക് ഗ്യുനിന്റെ കമ്പനി അദ്ദേഹത്തിന് ഒരു വൻനഗരത്തിലേക്ക് ട്രാൻസ്ഫർ നൽകി. അവിടെ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സമ്മർദമുള്ളതായിത്തീർന്നു. കുടുംബം പോറ്റാൻ അദ്ദേഹത്തിന് നന്നായി കഷ്ടപ്പെടേണ്ടിവന്നു.
മാസങ്ങൾക്കകം അദ്ദേഹത്തിന്റെ രക്തത്തിൽ വൈറസിന്റെ എണ്ണം ക്രമാതീതമായി പെരുകി. അദ്ദേഹം അവശനായി. അദ്ദേഹം പറയുന്നു: “എനിക്ക് ആ ജോലി ഉപേക്ഷിക്കേണ്ടിവന്നു. അന്ന് വിശ്രമമില്ലാതെ ജോലി ചെയ്തത് ഓർത്ത് ഞാനിപ്പോൾ ഖേദിക്കുന്നു. അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഞാൻ ഈ അവസ്ഥയിലാകില്ലായിരുന്നു. എന്റെ കരളിന് ഇത്ര വലിയ കേടുപാടുകൾ സംഭവിക്കില്ലായിരുന്നു.” ഡുക്ക് ഗ്യുൻ വലിയൊരു പാഠം പഠിച്ചു. അതോടെ അദ്ദേഹം തന്റെ ജോലിസമയം കുറച്ചു; ചെലവുകളും വെട്ടിച്ചുരുക്കി. കുടുംബത്തിന്റെ പൂർണസഹകരണവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ചെറിയൊരു ജോലിക്ക് പോകാൻ തുടങ്ങി.
ഹെപ്പറ്റൈറ്റിസ് ബി-യുമായി പൊരുത്തപ്പെട്ട്. . .
ഡുക്ക് ഗ്യുനിന്റെ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെട്ടു. എന്നാൽ കരളിലൂടെയുള്ള രക്തചംക്രമണത്തിന് തടസ്സങ്ങളുണ്ടായിക്കൊണ്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ രക്തസമ്മർദം ഉയർത്തി. 11 വർഷത്തിനുശേഷം ഒരിക്കൽ അദ്ദേഹത്തിന്റെ അന്നനാളത്തിലുള്ള ഒരു സിര പൊട്ടി തൊണ്ടയിലൂടെ രക്തം ചീറ്റി. ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. നാലുവർഷത്തിനുശേഷം അദ്ദേഹത്തിന് മാനസികവിഭ്രമം ഉണ്ടായി. കരളിന് അമോണിയ അരിച്ചുനീക്കാൻ കഴിയാതെ അത് തലച്ചോറിൽ അടിഞ്ഞുകൂടിയതായിരുന്നു കാരണം. എന്തായാലും ഏതാനും ദിവസത്തെ ചികിത്സകൊണ്ട് അത് ഭേദമായി.
ഡുക്ക് ഗ്യുനിന് ഇപ്പോൾ 54 വയസ്സുണ്ട്. ഇനിയും അദ്ദേഹത്തിന്റെ സ്ഥിതി വഷളായാൽ കാര്യമായൊന്നും ചെയ്യാനില്ല. ചികിത്സകൊണ്ട് വൈറസിനെ പൂർണമായി ശരീരത്തിൽനിന്ന് നീക്കം ചെയ്യാനാവില്ലെന്നു മാത്രമല്ല, ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായെന്നുംവരാം. ആകെയുള്ള പോംവഴി കരൾ മാറ്റിവെക്കലാണ്. പക്ഷേ കരൾ ദാനം ചെയ്യാനായി മുന്നോട്ടുവരുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ആവശ്യക്കാരുടെ എണ്ണം. “എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈംബോംബുപോലെയാണ് ഞാൻ,” ഡുക്ക് ഗ്യുൻ പറയുന്നു. “പക്ഷേ അതൊക്കെ ചിന്തിച്ചുകൊണ്ടിരുന്നാൽ എവിടെയുമെത്തില്ല. എന്തായാലും ഞാൻ ഇപ്പോഴും ജീവനോടുണ്ടല്ലോ. മാത്രമല്ല തല ചായ്ക്കാനൊരിടവും സ്നേഹമുള്ള ഒരു കുടുംബവും എനിക്കുണ്ട്. ഒരർഥത്തിൽ എന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു അനുഗ്രഹമാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ എനിക്കു കഴിയുന്നു; ബൈബിൾ പഠിക്കാനും എനിക്കിപ്പോൾ ധാരാളം സമയമുണ്ട്. മരണത്തെ ഭയക്കാതെ രോഗങ്ങളില്ലാത്ത ഒരു ജീവിതത്തിനായി നോക്കിപ്പാർത്തിരിക്കാൻ ഇത് എന്നെ സഹായിക്കുന്നു.”d
ഡുക്ക് ഗ്യുനിന്റെ ഈ ശുഭാപ്തി വിശ്വാസം ഒരു സന്തുഷ്ട ജീവിതം നയിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തെ വലിയൊരളവോളം സഹായിക്കുന്നുണ്ട്. അദ്ദേഹവും ഭാര്യയും മൂന്നു മക്കളും മുഴുസമയ ക്രിസ്തീയ ശുശ്രൂഷകരാണ്. (g10-E 08)
[അടിക്കുറിപ്പുകൾ]
a ആറുമാസത്തിനുള്ളിൽ പ്രതിരോധ വ്യവസ്ഥ വൈറസിനെ ശരീരത്തിൽനിന്നു പുറന്തള്ളുന്നില്ലെങ്കിൽ അതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് ആയി കണക്കാക്കുന്നു.
b ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാവിധി ശുപാർശ ചെയ്യുന്നില്ല.
c രോഗബാധയുള്ള വ്യക്തിയുടെ രക്തം എവിടെയെങ്കിലും പറ്റിയാൽ ഉടനെ അത് കഴുകിക്കളയണം. ബ്ലീച്ചും വെള്ളവും 1:10 എന്ന അനുപാതത്തിൽ സംയോജിപ്പിച്ചുണ്ടാക്കിയ ലായനി ഉപയോഗിച്ചുവേണം ഇതു ചെയ്യാൻ. കൈയുറകൾ ധരിക്കാൻ മറക്കരുത്.
d രോഗങ്ങളില്ലാത്ത കാലത്തെക്കുറിച്ച് ബൈബിൾ നൽകുന്ന പ്രത്യാശ, വെളിപാട് 21:3, 4 വാക്യങ്ങളിൽനിന്ന് വായിച്ചുമനസ്സിലാക്കുക; ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിൽ കൂടുതൽ വിവരങ്ങളുണ്ട്.
[15-ാം പേജിലെ ആകർഷക വാക്യം]
ആരംഭത്തിൽത്തന്നെ ചികിത്സിച്ചാൽ കൂടുതലായ തകരാറുകൾ ഒഴിവാക്കാം
[16-ാം പേജിലെ ആകർഷക വാക്യം]
ഒറ്റപ്പെടുമോയെന്ന ഭയംനിമിത്തം പരിശോധനയ്ക്കു വിധേയരാകാനും രോഗമുള്ള വിവരം പുറത്തു പറയാനും പലരും മടിക്കുന്നു
[14, 15 പേജുകളിലെ ചതുരം]
ഏതുതരം ഹെപ്പറ്റൈറ്റിസ്?
ഹെപ്പറ്റൈറ്റിസിനു കാരണക്കാരായ അഞ്ചുതരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ എ, ബി, സി വൈറസുകളാണ് ഹൈപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. എല്ലാത്തരം ഹെപ്പറ്റൈറ്റിസിന്റെയും പൊതുലക്ഷണമാണ് പനി; ചിലരിൽ മഞ്ഞപ്പിത്തവും ഒരു ലക്ഷണമായി കാണാറുണ്ട്. പലർക്കും, വിശേഷിച്ചും കുട്ടികൾക്ക്, രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ഹെപ്പറ്റൈറ്റിസ് ബി-യുടെയും സി-യുടെയും കാര്യത്തിൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും കരളിന് സാരമായ തകരാറു സംഭവിച്ചിട്ടുണ്ടാകും.
ഹെപ്പറ്റൈറ്റിസ് എ വൈറസ് (എച്ച്എവി)
രോഗബാധിതനായ വ്യക്തിയുടെ മലത്തിൽ എച്ച്എവി ഉണ്ടായിരിക്കും. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഐസിലും ഈ വൈറസ് ജീവിച്ചിരിക്കും. പിൻവരുന്ന വിധങ്ങളിൽ എച്ച്എവി പകരാം:
● രോഗബാധിതനായ വ്യക്തിയുടെ മലം കലർന്നിട്ടുള്ള വെള്ളം ഏതെങ്കിലും വിധത്തിൽ അകത്തു ചെന്നാൽ; അല്ലെങ്കിൽ ഇങ്ങനെ മലിനപ്പെട്ട വെള്ളത്തിലെ മത്സ്യവും മറ്റും വേവിക്കാതെ കഴിച്ചാൽ
● രോഗബാധിതനായ വ്യക്തിയുമായി അടുത്തിടപഴകിയാൽ; അയാൾ ഉപയോഗിച്ച പാത്രത്തിൽനിന്ന് ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ
● രോഗബാധയുള്ള വ്യക്തി ടോയ്ലെറ്റിൽ പോയശേഷമോ ഭക്ഷണം പാകം ചെയ്യുന്നതിനുമുമ്പോ കൈ നന്നായി കഴുകാതിരുന്നാൽ; രോഗബാധയുള്ള കുഞ്ഞിന്റെ ഡയപ്പർ മാറ്റിയശേഷം കൈ കഴുകാതിരുന്നാൽ
എച്ച്എവി കൊണ്ടുണ്ടാകുന്ന രോഗം കാഠിന്യമുള്ളതാണെങ്കിലും സ്ഥായിയായതല്ല. സാധാരണഗതിയിൽ ആഴ്ചകൾക്കുള്ളിൽ അല്ലെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ അസുഖം പൂർണമായി മാറാറുണ്ട്. ഇതിന് പ്രത്യേക മരുന്നൊന്നും ആവശ്യമില്ല; പരിപൂർണ വിശ്രമവും പോഷകങ്ങളടങ്ങിയ ആഹാരവും മതിയാകും. രോഗം പാടേ മാറിയെന്ന് ഡോക്ടർ പറയുന്നതുവരെ മദ്യമോ കരളിന്റെ ജോലിഭാരം വർധിപ്പിക്കുന്ന അസറ്റമിനോഫെൻ പോലുള്ള മരുന്നുകളോ കഴിക്കരുത്. സാധാരണഗതിയിൽ, ഈ രോഗം ഒരിക്കൽ വന്നാൽ പിന്നീട് വരാറില്ല. എച്ച്എവി-യ്ക്കെതിരെ പ്രതിരോധ കുത്തിവെപ്പുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി വൈറസ് (എച്ച്ബിവി)
രോഗബാധയുള്ളവരുടെ രക്തത്തിലും ശുക്ളത്തിലും യോനീസ്രവങ്ങളിലും എച്ച്ബിവി ഉണ്ടായിരിക്കും. ഈ ശരീരദ്രവങ്ങൾ പ്രതിരോധശേഷി കുറഞ്ഞ ഒരു വ്യക്തിയുടെ രക്തത്തിൽ കലർന്നാൽ വൈറസ് പെരുകും. പിൻവരുന്ന വിധങ്ങളിൽ എച്ച്ബിവി പകരാം:
● അമ്മയിൽനിന്ന് നവജാതശിശുക്കളിലേക്ക്
● ചികിത്സയ്ക്കും അതുപോലെ കാതുകുത്താനും പച്ചകുത്താനും ഒക്കെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമല്ലെങ്കിൽ
● സിറിഞ്ചുകൾ, റേസർ, നെയിൽ ഫയൽ, നഖംവെട്ടി, ടൂത്ത്ബ്രഷ് എന്നിങ്ങനെ രോഗിയുടെ രക്തത്തിന്റെ നേരിയ അംശമെങ്കിലും പറ്റിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ
● ലൈംഗികബന്ധത്തിലൂടെ
പ്രാണികൾ എച്ച്ബിവി പരത്തുകയില്ലെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു; അതുപോലെതന്നെ ചുമ, ഹസ്തദാനം, ആലിംഗനം, മുലയൂട്ടൽ, കവിളിൽ ചുംബിക്കൽ എന്നിവയിലൂടെയും രോഗം പകരില്ലത്രേ. രോഗിയുമായി ഭക്ഷണപാനീയങ്ങൾ പങ്കിട്ടുകഴിക്കുന്നതുകൊണ്ടോ രോഗി ഉപയോഗിച്ച പാത്രങ്ങൾ ഉപയോഗിച്ചതുകൊണ്ടോ കുഴപ്പമില്ലെന്നും പറയപ്പെടുന്നു. മുതിർന്നവരിൽ ഒട്ടുമിക്കവർക്കും എച്ച്ബിവി-യുടെ പിടിയിൽനിന്നു രക്ഷപ്പെടാൻ കഴിയാറുണ്ട്. രോഗവിമുക്തരാകുന്നവർ ഇതിനെതിരെ പ്രതിരോധശേഷി ആർജിക്കാറുണ്ട്. കുട്ടികളിൽ പക്ഷേ ഇത് ക്രോണിക് ഹെപ്പറ്റൈറ്റിസ് ആയി മാറാനുള്ള സാധ്യത ഏറെയാണ്. ഹെപ്പറ്റൈറ്റിസ് ബി ഉള്ള ഒരു വ്യക്തിക്ക് ചികിത്സ കിട്ടാതെ വന്നാൽ കരളിന്റെ പ്രവർത്തനം നിലച്ചുപോകാം; അങ്ങനെ മരണംതന്നെ സംഭവിക്കാം. എച്ച്ബിവി-യ്ക്കെതിരെയും വാക്സിനേഷൻ ഉണ്ട്.
ഹെപ്പറ്റൈറ്റിസ് സി വൈറസ് (എച്ച്സിവി)
ഏറെക്കുറെ എച്ച്ബിവി പകരുന്നതുപോലെതന്നെയാണ് എച്ച്സിവി-യും പകരുന്നത്. അണുബാധയുള്ള സൂചി ഉപയോഗിച്ച് കൂട്ടമായി മയക്കുമരുന്ന് കുത്തിവെക്കുന്നവർക്കാണ് പ്രധാനമായും ഈ വൈറസ് ബാധ ഉണ്ടാകുന്നത്. എച്ച്സിവി-യ്ക്കെതിരെ വാക്സിനേഷൻ ഇല്ല.e
[അടിക്കുറിപ്പ്]
e www.who.int എന്ന വെബ്സൈറ്റിൽ ലോകാരോഗ്യ സംഘടന, ഹെപ്പറ്റൈറ്റിസിനെക്കുറിച്ച് ധാരാളം വിവരങ്ങൾ പല ഭാഷകളിലായി നൽകിയിട്ടുണ്ട്.
[16-ാം പേജിലെ ചതുരം]
വ്യാപനം തടയാൻ വാക്സിനേഷൻ
എച്ച്ബിവി ബാധിതർ ലോകമെമ്പാടും ഉണ്ടെങ്കിലും ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉള്ളവരിൽ 78 ശതമാനവും ജീവിക്കുന്നത് ഏഷ്യയിലും പസിഫിക് ദ്വീപുകളിലുമാണ്. ഈ പ്രദേശങ്ങളിൽ പത്തിൽ ഒരാൾവീതം രോഗവാഹകരാണ്. അമ്മയിൽനിന്ന് ഗർഭാവസ്ഥയിൽത്തന്നെയോ കുട്ടിക്കാലത്ത്, രോഗമുള്ള ഏതെങ്കിലും കുട്ടിയുടെ രക്തവുമായി സമ്പർക്കത്തിൽ വന്നതിലൂടെയോ ആണ് ഇവരിൽ പലർക്കും രോഗം പകർന്നുകിട്ടിയത്. ഫലപ്രദമായ വാക്സിനേഷൻകൊണ്ട്, നവജാത ശിശുക്കളെയും രോഗം പിടിപെടാൻ സാധ്യതയുള്ള മറ്റാളുകളെയും രോഗബാധയിൽനിന്ന് രക്ഷിക്കാനാകുന്നുണ്ട്.* വാക്സിനേഷൻ ലഭ്യമായ ഇടങ്ങളിൽ രോഗവ്യാപനം ഗണ്യമായ വിധത്തിൽ കുറഞ്ഞിരിക്കുന്നു.
[അടിക്കുറിപ്പ്]
ഹെപ്പറ്റൈറ്റിസിനുള്ള വാക്സിൻ ചിലപ്പോൾ രക്തത്തിന്റെ ഘടകാംശങ്ങളിൽനിന്ന് തയ്യാറാക്കാറുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ 2000 ജൂൺ 15, 1994 ഒക്ടോബർ 1 ലക്കങ്ങളിലുള്ള വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന പംക്തിയിൽ കാണാം. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, “ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്തകത്തിന്റെ 246-ാം പേജിലും ഈ വിവരങ്ങളുണ്ട്.
[17-ാം പേജിലെ ചിത്രം]
ഡുക്ക് ഗ്യുൻ ഭാര്യയോടും മക്കളോടുമൊപ്പം
[14-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Sebastian Kaulitzki/Alamy