ആഗസ്റ്റ്
ആഗസ്റ്റ് 1 വെള്ളി
“നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.”—സങ്കീ. 34:19.
ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക: (1) നീതിമാന്മാർക്കു പ്രശ്നങ്ങൾ ഉണ്ടാകുന്നു. (2) പ്രശ്നങ്ങളിൽനിന്ന് യഹോവ നമ്മളെ വിടുവിക്കുന്നു. യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ സഹായിക്കുന്നതാണ് ഒരു വിധം. ദൈവത്തെ സേവിക്കുന്നതിലൂടെ നമുക്ക് സന്തോഷം കിട്ടുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. എങ്കിലും ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ദൈവം പറഞ്ഞിട്ടില്ല. (യശ. 66:14) പകരം നമുക്ക് എന്നും സന്തോഷത്തോടെ ജീവിക്കാനാകുന്ന ഭാവിയിലേക്കു നോക്കാനാണ് യഹോവ ആവശ്യപ്പെടുന്നത്. (2 കൊരി. 4:16-18) അതുവരെ ഓരോ ദിവസവും തന്നെ സേവിക്കാനുള്ള സഹായം ദൈവം നമുക്കു തരുന്നു. (വിലാ. 3:22-24) ബൈബിൾക്കാലങ്ങളിലെയും ഇപ്പോഴത്തെയും വിശ്വസ്തദാസന്മാരുടെ മാതൃകകളിൽനിന്ന് എന്തു പഠിക്കാം? പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും നമുക്കും നേരിട്ടേക്കാം. പക്ഷേ തന്നിൽ ആശ്രയിക്കുന്നവരെ യഹോവ ഒരിക്കലും കൈവിടില്ല.—സങ്കീ. 55:22. w23.04 14–15 ¶3-4.
ആഗസ്റ്റ് 2 ശനി
“ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കട്ടെ.”—റോമ. 13:1.
ഉന്നതാധികാരികളെ അനുസരിക്കുന്ന കാര്യത്തിൽ യോസേഫും മറിയയും നമുക്കു നല്ലൊരു മാതൃകയാണ്. അനുസരിക്കാൻ ബുദ്ധിമുട്ടായിരുന്നിട്ടുകൂടി അവർ അങ്ങനെ ചെയ്യാൻ തയ്യാറായി. (ലൂക്കോ. 2:1-6) മറിയ ഒൻപതു മാസം ഗർഭിണിയായിരുന്ന സമയത്താണ് ഗവൺമെന്റ് അവരോടു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടത്. റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ അഗസ്റ്റസ് ജനങ്ങളോടു സ്വന്തം നാട്ടിൽ ചെന്ന് പേര് രേഖപ്പെടുത്തണമെന്നു കല്പിച്ചു. അതിനുവേണ്ടി യോസേഫിനും മറിയയ്ക്കും ബേത്ത്ലെഹെമിൽ എത്താൻ കുന്നും മലയും കടന്ന് 150-ഓളം കിലോമീറ്റർ സഞ്ചരിക്കണമായിരുന്നു. എന്തായിരുന്നാലും ആ യാത്ര മറിയയ്ക്ക് അത്ര സുഖകരമായിരിക്കില്ലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെക്കുറിച്ച് അവർ ചിന്തിച്ചുകാണും. യാത്രയ്ക്കിടയിലാണു മറിയയ്ക്കു പ്രസവവേദന വരുന്നതെങ്കിൽ എന്തു ചെയ്യും? ഭാവി മിശിഹയാണല്ലോ മറിയയുടെ വയറ്റിലുള്ളത്. ഉന്നതാധികാരികൾ നൽകിയ നിയമം അനുസരിക്കാതിരിക്കാനുള്ള കാരണങ്ങളായി ഇതിനെയെല്ലാം അവർ കാണുമായിരുന്നോ? ഗവൺമെന്റിന്റെ നിയമം അനുസരിക്കുന്നത് എളുപ്പമല്ലായിരുന്നെങ്കിലും യോസേഫും മറിയയും അതിനു തയ്യാറായി. യഹോവ അവരെ അനുഗ്രഹിക്കുകയും ചെയ്തു. മറിയ സുരക്ഷിതമായി ബേത്ത്ലെഹെമിൽ എത്തി, ആരോഗ്യമുള്ള ഒരു കുഞ്ഞിനു ജന്മം നൽകി, അങ്ങനെ ബൈബിൾപ്രവചനം നിറവേറാനും ഇടയായി.—മീഖ 5:2. w23.10 8 ¶9; 9 ¶11-12
ആഗസ്റ്റ് 3 ഞായർ
“നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.”—എബ്രാ. 10:25.
മീറ്റിങ്ങുകളിൽ അഭിപ്രായങ്ങൾ പറയുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്കു പേടി തോന്നുന്നുണ്ടോ? നന്നായി തയ്യാറാകുക. (സുഭാ. 21:5) ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം പറയാൻ നിങ്ങൾക്ക് അധികം പേടി തോന്നില്ല. ഇനി, ചെറിയചെറിയ അഭിപ്രായങ്ങൾ പറയുക. (സുഭാ. 15:23; 17:27) ചെറിയ ഉത്തരമാകുമ്പോൾ പറയാൻ കുറെക്കൂടി ധൈര്യം തോന്നും. സ്വന്തവാചകത്തിൽ ചെറിയ ഉത്തരങ്ങൾ പറയുമ്പോൾ, നിങ്ങൾ ആ ഭാഗം നന്നായി തയ്യാറായിട്ടുണ്ടെന്നും ആശയങ്ങൾ നിങ്ങൾക്കുതന്നെ വളരെ വ്യക്തമാണെന്നും മറ്റുള്ളവർക്കു മനസ്സിലാകും. ഈ നിർദേശങ്ങളൊക്കെ പരീക്ഷിച്ചുനോക്കിയിട്ടും ഒന്നോ രണ്ടോ ഉത്തരങ്ങളിൽ കൂടുതൽ പറയാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിലോ? വിഷമിക്കേണ്ടാ. കഴിവിന്റെ പരമാവധി ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നതു യഹോവയെ സന്തോഷിപ്പിക്കും. (ലൂക്കോ. 21:1-4) നമ്മുടെ കഴിവിന് അപ്പുറം ചെയ്യാൻ യഹോവ ഒരിക്കലും ആവശ്യപ്പെടുന്നില്ല. (ഫിലി. 4:5) അതുകൊണ്ട് നിങ്ങൾക്ക് എത്രത്തോളം ചെയ്യാൻ പറ്റുമെന്നു നോക്കുക. അതു ചെയ്യാൻ ലക്ഷ്യം വെക്കുക. മനസ്സു ശാന്തമാകാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുകയും ചെയ്യുക. ആദ്യമൊക്കെ ചെറിയ ഒരു അഭിപ്രായം പറയാൻ ലക്ഷ്യം വെക്കാവുന്നതാണ്. w23.04 21 ¶6-8
ആഗസ്റ്റ് 4 തിങ്കൾ
‘മാർച്ചട്ട ധരിക്കുക, പടത്തൊപ്പി അണിയുക.’—1 തെസ്സ. 5:8.
പടക്കോപ്പുകളൊക്കെ അണിഞ്ഞ് ജാഗ്രതയോടെ നിൽക്കുന്ന പടയാളികളോടാണ് അപ്പോസ്തലനായ പൗലോസ് നമ്മളെ താരതമ്യം ചെയ്തത്. യുദ്ധമേഖലയിലുള്ള ഒരു പടയാളി ആക്രമണത്തെ നേരിടാൻ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതുണ്ട്. നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാർച്ചട്ട ധരിച്ചും പ്രത്യാശ എന്ന പടത്തൊപ്പി അണിഞ്ഞും യഹോവയുടെ ദിവസത്തിനായി നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കുകയാണ്. ഒരു മാർച്ചട്ട പടയാളിയുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. അതുപോലെ വിശ്വാസവും സ്നേഹവും നമ്മുടെ ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കുന്നു. ദൈവത്തെ സേവിക്കുന്നതിൽ തുടരാനും യേശുവിനെ അനുഗമിക്കാനും ആ ഗുണങ്ങൾ നമ്മളെ സഹായിക്കും. വിശ്വാസമുണ്ടെങ്കിൽ ആത്മാർഥമായി തന്നെ അന്വേഷിക്കുന്നവർക്ക് യഹോവ പ്രതിഫലം തരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കും. (എബ്രാ. 11:6) പ്രശ്നങ്ങളൊക്കെ സഹിക്കേണ്ടി വന്നാലും നേതാവായ യേശുക്രിസ്തുവിനോടു ചേർന്നുനിൽക്കാനും ആകും. ഇനി, ഉപദ്രവമോ സാമ്പത്തികബുദ്ധിമുട്ടോ പോലുള്ള പ്രശ്നങ്ങൾ നേരിടുമ്പോഴും പിടിച്ചുനിൽക്കാൻ വിശ്വാസം നമ്മളെ സഹായിക്കും. ഇതുപോലുള്ള പ്രശ്നങ്ങളുണ്ടായപ്പോഴും വിശ്വസ്തതയോടെ സഹിച്ചുനിന്ന ഇക്കാലത്തെ സഹോദരങ്ങളുടെ മാതൃക അനുകരിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും. വിശ്വാസമുണ്ടെങ്കിൽ പണത്തോടും വസ്തുവകകളോടുമുള്ള സ്നേഹം എന്ന കെണി ഒഴിവാക്കാനും നമുക്കാകും. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ, ജീവിതം ലളിതമാക്കിക്കൊണ്ട് ആ കെണി ഒഴിവാക്കിയ ധാരാളം സഹോദരങ്ങളുടെ മാതൃകകൾ നമുക്ക് ഇന്നുണ്ട്. w23.06 10 ¶8-9
ആഗസ്റ്റ് 5 ചൊവ്വ
‘മേഘത്തെ നോക്കുന്നവൻ കൊയ്യുകയില്ല.’—സഭാ. 11:4.
സ്വന്തം വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെയാണ് ആത്മനിയന്ത്രണം എന്നു പറയുന്നത്. ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനും നമുക്ക് ആത്മനിയന്ത്രണം വേണം, പ്രത്യേകിച്ച് നമ്മുടെ ലക്ഷ്യം വളരെ ബുദ്ധിമുട്ടുള്ളതോ അത്ര ഇഷ്ടമില്ലാത്തതോ ആണെങ്കിൽ. ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണല്ലോ ആത്മനിയന്ത്രണം. അതുകൊണ്ട് പരിശുദ്ധാത്മാവിനെ തന്നുകൊണ്ട് പ്രധാനപ്പെട്ട ഈ ഗുണം വളർത്തിയെടുക്കാൻ സഹായിക്കണേ എന്നു നമുക്ക് യഹോവയോട് അപേക്ഷിക്കാം. (ലൂക്കോ. 11:13; ഗലാ. 5:22, 23) എല്ലാ കാര്യങ്ങളും അനുകൂലമാകാൻ കാത്തിരിക്കരുത്. ഈ ലോകത്തിൽ എല്ലാം തികഞ്ഞ ഒരു സാഹചര്യം ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്. അതിനായി നോക്കിയിരുന്നാൽ ഒരുപക്ഷേ നമ്മൾ ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല. എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ളതാണു നമ്മുടെ ലക്ഷ്യം എന്നു തോന്നിയാൽ അതിനുവേണ്ടി ശ്രമിക്കാനുള്ള ആഗ്രഹം ചിലപ്പോൾ നഷ്ടമായേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ ആ ലക്ഷ്യത്തെ ചെറിയചെറിയ ലക്ഷ്യങ്ങളാക്കി മാറ്റാൻ പറ്റുമോ എന്നു ചിന്തിക്കുക. ഉദാഹരണത്തിന് ഒരു ഗുണം വളർത്തിയെടുക്കാനാണു നിങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നതെങ്കിൽ ആദ്യം ചെറിയചെറിയ വിധങ്ങളിൽ ആ ഗുണം കാണിക്കാൻ ശ്രമിക്കുക. ഇനി, മുഴുബൈബിളും വായിച്ചുതീർക്കുക എന്നതാണു ലക്ഷ്യമെങ്കിൽ ആദ്യമൊക്കെ കുറച്ച് സമയം വീതം വായിക്കാൻ തീരുമാനിക്കുക. w23.05 29 ¶11-13
ആഗസ്റ്റ് 6 ബുധൻ
“എന്നാൽ നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്; നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.”—സുഭാ. 4:18.
ഈ അവസാനകാലത്ത് ഉടനീളം യഹോവ തന്റെ സംഘടനയിലൂടെ ആത്മീയാഹാരം മുടക്കം കൂടാതെ നമുക്കു ലഭ്യമാക്കിയിരിക്കുന്നു. ‘വിശുദ്ധവഴിയിലൂടെ’ യാത്ര തുടരാൻ നമ്മളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അത്. (യശ. 35:8; 48:17; 60:17) ഒരാൾ ബൈബിൾ പഠിക്കാൻ തയ്യാറാകുന്നതോടെ ‘വിശുദ്ധവഴിയിലൂടെ’ യാത്ര ചെയ്യാനുള്ള അവസരം കിട്ടുകയാണ്. ചിലർ കുറച്ച് നാൾ കഴിയുമ്പോൾ ആ യാത്ര ഉപേക്ഷിച്ച് പോയേക്കാം. എന്നാൽ മറ്റുള്ളവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ യാത്ര തുടരാൻ തീരുമാനിച്ചിരിക്കുന്നു. ഏതാണ് ആ ലക്ഷ്യസ്ഥാനം? ഈ “വിശുദ്ധവഴി” സ്വർഗീയപ്രത്യാശയുള്ളവരെ സ്വർഗത്തിൽ ‘ദൈവത്തിന്റെ പറുദീസയിലേക്കാണു’ നയിക്കുന്നത്. (വെളി. 2:7) ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ ഈ വിശുദ്ധവഴിയിലൂടെ യാത്ര ചെയ്ത് 1,000 വർഷഭരണത്തിന്റെ അവസാനം പൂർണതയിൽ എത്തിച്ചേരും. നിങ്ങൾ ഇന്ന് ആ വഴിയിലൂടെ യാത്ര ചെയ്യുകയാണോ? എങ്കിൽ പിന്നിൽ വിട്ടുകളഞ്ഞ കാര്യങ്ങളിലേക്കു തിരിഞ്ഞുനോക്കരുത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നിങ്ങൾ ആ യാത്ര ഉപേക്ഷിക്കുകയുമരുത്. w23.05 17 ¶15-16; 19 ¶17-18
ആഗസ്റ്റ് 7 വ്യാഴം
“ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.”—1 യോഹ 4:19.
യഹോവ നിങ്ങൾക്കുവേണ്ടി ചെയ്തതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾക്കു സ്വാഭാവികമായും തോന്നും. (സങ്കീ. 116:12-14) “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” യഹോവ തരുന്നുവെന്ന് ബൈബിൾ പറയുന്നു. (യാക്കോ. 1:17) അതിൽ ഏറ്റവും വലിയ സമ്മാനം ദൈവത്തിന്റെ മകനായ യേശുവിന്റെ ജീവനാണ്. അതിലൂടെ നമുക്ക് എത്ര വലിയ അനുഗ്രഹങ്ങളാണു കിട്ടിയതെന്നു ചിന്തിച്ചുനോക്കുക! മോചനവിലയിലൂടെ നമുക്ക് യഹോവയുമായി ഒരു അടുത്തബന്ധത്തിലേക്കു വരാൻ കഴിഞ്ഞു. എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും കിട്ടി. (1 യോഹ. 4:9, 10) യഹോവ കാണിച്ചിരിക്കുന്ന ഈ വലിയ സ്നേഹത്തിനും നമുക്കു നൽകിയിരിക്കുന്ന മറ്റ് അനുഗ്രഹങ്ങൾക്കും തിരിച്ച് നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല വിധമാണ് നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നത്.—ആവ. 16:17; 2 കൊരി. 5:15. w24.03 5 ¶8
ആഗസ്റ്റ് 8 വെള്ളി
“നേരോടെ നടക്കുന്നവർ യഹോവയെ ഭയപ്പെടുന്നു.”—സുഭാ. 14:2.
യഹോവയുടെ ധാർമികനിലവാരങ്ങളെ ഒട്ടുംതന്നെ ആദരിക്കാത്തവരാണ് ഇന്നു നമുക്കു ചുറ്റുമുള്ളത്. അതു കാണുമ്പോൾ നീതിമാനായ ലോത്തിനു തോന്നിയതുപോലെയാണു നമുക്കും തോന്നുന്നത്. അദ്ദേഹം ‘ധിക്കാരികളുടെ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിൽ ഏറെ മനോവിഷമം അനുഭവിച്ചിരുന്നു.’ കാരണം നമ്മുടെ സ്വർഗീയപിതാവിന് അത്തരം പെരുമാറ്റങ്ങൾ അങ്ങേയറ്റം വെറുപ്പാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (2 പത്രോ. 2:7, 8) ദൈവഭയവും ദൈവത്തോടുള്ള സ്നേഹവുമാണു ചുറ്റുമുള്ള ആളുകളുടെ അധാർമികപ്രവർത്തനങ്ങളെ വെറുക്കാൻ ലോത്തിനെ പ്രേരിപ്പിച്ചത്. അതുപോലെ ദൈവത്തോടുള്ള സ്നേഹം നിലനിറുത്തുകയും ശരിയായ ദൈവഭയം വളർത്തിയെടുക്കുകയും ചെയ്യുന്നെങ്കിൽ നമുക്കും ധാർമികശുദ്ധിയുള്ളവരായി തുടരാനാകും. ഇക്കാര്യത്തിൽ നമ്മളെ സഹായിക്കുന്നതിനുവേണ്ടി യഹോവ സ്നേഹത്തോടെ ചില ഉപദേശങ്ങൾ തരുന്നുണ്ട്. സുഭാഷിതങ്ങൾ എന്ന ബൈബിൾപുസ്തകത്തിൽ അതു കാണാം. പുരുഷന്മാരോ സ്ത്രീകളോ ചെറുപ്പക്കാരോ പ്രായമായവരോ ആയ എല്ലാ ക്രിസ്ത്യാനികൾക്കും പ്രയോജനം ചെയ്യുന്ന ഉപദേശങ്ങളാണ് അവ. യഹോവാഭയം ഉണ്ടെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടു നമ്മൾ ഒഴിവാക്കും. w23.06 20 ¶1-2; 21 ¶5
ആഗസ്റ്റ് 9 ശനി
“എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നും എന്നെ അനുഗമിക്കട്ടെ.”—ലൂക്കോ. 9:23.
ചിലപ്പോൾ കുടുംബത്തിന്റെ എതിർപ്പു സഹിച്ചായിരിക്കാം നിങ്ങൾ പഠിച്ചുവന്നത്. അല്ലെങ്കിൽ ദൈവരാജ്യം ഒന്നാമതു വെക്കാനായി നിങ്ങൾ കൂടുതൽ പണവും വസ്തുവകകളും ഉണ്ടാക്കാനുള്ള അവസരങ്ങൾ വേണ്ടെന്നു വെച്ചിട്ടുണ്ടാകാം. (മത്താ. 6:33) ആ ത്യാഗങ്ങളെല്ലാം യഹോവ അറിയുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) യേശുവിന്റെ ഈ വാക്കുകൾ സത്യമാണെന്ന് നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും: “എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും; വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും!” (മർക്കോ. 10:29, 30) ഈ അനുഗ്രഹങ്ങൾ നിങ്ങൾ ചെയ്ത ത്യാഗങ്ങളെക്കാളെല്ലാം എത്രയോ വലുതാണ്!—സങ്കീ. 37:4. w24.03 9 ¶5
ആഗസ്റ്റ് 10 ഞായർ
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാ. 17:17.
യഹൂദ്യയിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്കു കടുത്ത ക്ഷാമം നേരിട്ടപ്പോൾ അന്ത്യോക്യയിലുള്ള സഭയിലെ “ഓരോരുത്തരും അവരുടെ കഴിവനുസരിച്ച് യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു” എന്നാണു നമ്മൾ വായിക്കുന്നത്. (പ്രവൃ. 11:27-30) ക്ഷാമം നേരിട്ട സഹോദരങ്ങൾ താമസിച്ചിരുന്നതു വളരെ അകലെയായിരുന്നെങ്കിലും എങ്ങനെയും അവരെ സഹായിക്കാൻ അന്ത്യോക്യയിലെ സഹോദരങ്ങൾ ആഗ്രഹിച്ചു. (1 യോഹ. 3:17, 18) നമ്മുടെ സഹോദരങ്ങൾ ഏതെങ്കിലും ദുരന്തത്തിന് ഇരയാകുമ്പോൾ നമുക്കും അനുകമ്പ കാണിക്കാനാകും. പല വിധങ്ങളിൽ അതു ചെയ്യാം: ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സഹായിക്കാൻ അവസരമുണ്ടോ എന്നു മൂപ്പന്മാരോടു ചോദിക്കാം. അല്ലെങ്കിൽ ലോകവ്യാപകവേലയ്ക്കുവേണ്ടി സംഭാവനകൾ നൽകാം. അതുമല്ലെങ്കിൽ ആ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാം. അന്നന്നത്തെ ആവശ്യങ്ങൾ നടത്താൻപോലും സഹോദരങ്ങൾക്ക് സഹായം വേണ്ടിവരും. അപ്പോൾ നമുക്ക് അവരോട് അനുകമ്പ കാണിക്കാം. അങ്ങനെ ചെയ്യുകയാണെങ്കിൽ ന്യായവിധി നടത്താനായി നമ്മുടെ രാജാവായ യേശു വരുമ്പോൾ ‘രാജ്യം അവകാശമാക്കാൻ’ നമ്മളെയും ക്ഷണിക്കും.—മത്താ. 25:34-40. w23.07 4 ¶9-10; 6 ¶12
ആഗസ്റ്റ് 11 തിങ്കൾ
“വിട്ടുവീഴ്ച കാണിക്കാനുള്ള നിങ്ങളുടെ സന്നദ്ധത എല്ലാവരും അറിയട്ടെ.”—ഫിലി. 4:5.
യേശുവിനെ ഭൂമിയിലേക്ക് അയച്ചത് ‘ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളോടു’ സന്തോഷവാർത്ത അറിയിക്കാനാണ്. പക്ഷേ ആ നിയമനം ചെയ്തപ്പോൾ യേശു വഴക്കം കാണിച്ചു. ഉദാഹരണത്തിന് ഒരിക്കൽ ഇസ്രായേല്യയല്ലാത്ത ഒരു സ്ത്രീ തന്റെ മകൾക്കു “കടുത്ത ഭൂതോപദ്രവം” ഉണ്ടെന്നും അവളെ സുഖപ്പെടുത്തണമെന്നും യേശുവിനോട് അപേക്ഷിച്ചു. അപ്പോൾ ആ സ്ത്രീ ആവശ്യപ്പെട്ടതുപോലെ അനുകമ്പയോടെ അവരുടെ മകളെ സുഖപ്പെടുത്താൻ യേശു തയ്യാറായി. (മത്താ. 15:21-28) ഇനി മറ്റൊരു ഉദാഹരണം നോക്കാം: ‘എന്നെ തള്ളിപ്പറയുന്നവരെ ഞാനും തള്ളിപ്പറയും’ എന്ന് യേശു മുമ്പൊരിക്കൽ പറഞ്ഞിരുന്നതാണ്. (മത്താ. 10:33) പക്ഷേ തന്നെ മൂന്നു തവണ തള്ളിപ്പറഞ്ഞ പത്രോസിനെ യേശു തള്ളിപ്പറഞ്ഞോ? ഇല്ല. തനിക്കു പറ്റിയ തെറ്റിനെക്കുറിച്ച് പത്രോസിന് പശ്ചാത്താപം ഉണ്ടെന്നും അദ്ദേഹം വളരെ വിശ്വസ്തനായ ഒരു മനുഷ്യനാണെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്റെ പുനരുത്ഥാനത്തിനു ശേഷം യേശു പത്രോസിനെ നേരിൽ കണ്ടു. (ലൂക്കോ. 24:33, 34) മാത്രമല്ല, അദ്ദേഹത്തോടു ക്ഷമിച്ചെന്നും ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും സർവസാധ്യതയുമനുസരിച്ച് പത്രോസിന് ഉറപ്പുകൊടുത്തിട്ടുമുണ്ടാകണം. യഹോവയും യേശുവും വഴക്കം കാണിക്കുന്നവരാണ്. എന്നാൽ നമ്മൾ അങ്ങനെയാണോ? നമ്മൾ വഴക്കമുള്ളവരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്. w23.07 21 ¶6-7
ആഗസ്റ്റ് 12 ചൊവ്വ
“മേലാൽ മരണം ഉണ്ടായിരിക്കില്ല.”—വെളി. 21:4.
ഭൂമി ഒരു പറുദീസയായിത്തീരുമെന്ന് ഉറച്ച് വിശ്വസിക്കാനുള്ള കാരണങ്ങൾ, അങ്ങനെ സംഭവിക്കുമോ എന്നു സംശയിക്കുന്നവരോട് നമുക്കു പറയാനാകും. എന്തെല്ലാമാണ് അവ? ഒന്ന്, യഹോവ തന്നെയാണു വാക്കു തന്നിരിക്കുന്നത്. വെളിപാടു പുസ്തകം ഇങ്ങനെ പറയുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവൻ, ‘ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു’ എന്നു പറഞ്ഞു.” ആ വാക്കു പാലിക്കാനുള്ള ജ്ഞാനവും ശക്തിയും ആഗ്രഹവും ഉള്ള വ്യക്തിയാണ് അതു പറഞ്ഞിരിക്കുന്നത്. രണ്ട്, ആ വാഗ്ദാനം നിറവേറുമെന്ന് യഹോവയ്ക്കു പൂർണമായി ഉറപ്പുള്ളതുകൊണ്ട് യഹോവയുടെ വീക്ഷണത്തിൽ അത് ഇപ്പോൾത്തന്നെ നടന്നുകഴിഞ്ഞതുപോലെയാണ്. അതുകൊണ്ടാണ് യഹോവ ഇങ്ങനെ പറഞ്ഞത്: “ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം. . . . എല്ലാം സംഭവിച്ചുകഴിഞ്ഞു!” മൂന്ന്, യഹോവ ഒരു കാര്യം തുടങ്ങിവെച്ചാൽ അതു വിജയകരമായി പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നു. “ഞാൻ ആൽഫയും ഒമേഗയും ആണ്” എന്നു പറഞ്ഞതിലൂടെ യഹോവ ആ ഉറപ്പു തരുകയായിരുന്നു. (വെളി. 21:6) അങ്ങനെ സാത്താൻ ഒരു നുണയനാണെന്നും അവന് ഒരിക്കലും തന്നെ തടയാനാകില്ലെന്നും യഹോവ തെളിയിക്കും. അതുകൊണ്ട് “അതൊക്കെ കേൾക്കാൻ രസമുണ്ട്, പക്ഷേ നടക്കാൻ പോകുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ വെളിപാട് 21:5, 6 വാക്യങ്ങൾ അവർക്കു പറഞ്ഞുകൊടുക്കാം. യഹോവ സ്വന്തം കയ്യൊപ്പിട്ടു തന്നാലെന്നപോലെ അതിന് ഉറപ്പു തന്നിരിക്കുന്നത് എങ്ങനെയാണെന്ന് അവർക്കു കാണിച്ചുകൊടുക്കുക.—യശ. 65:16. w23.11 7 ¶18-19
ആഗസ്റ്റ് 13 ബുധൻ
‘ഞാൻ നിന്നെ ഒരു മഹാജനതയാക്കും.’—ഉൽപ. 12:2.
75-ാം വയസ്സിലും മക്കളില്ലാതിരുന്ന അബ്രാഹാമിനാണ് യഹോവ ഇങ്ങനെയൊരു വാക്കു കൊടുത്തത്. ആ വാക്കുകൾ പൂർണമായി നിറവേറുന്നത് അബ്രാഹാമിനു കാണാനായില്ല. യൂഫ്രട്ടീസ് നദി കടന്ന്, നീണ്ട 25 വർഷത്തെ കാത്തിരിപ്പിനു ശേഷം യഹോവ ഒരു അത്ഭുതം പ്രവർത്തിച്ചതിലൂടെ യിസ്ഹാക്ക് എന്ന മകനെ അബ്രാഹാമിനു കിട്ടി. വീണ്ടും 60 വർഷത്തിനു ശേഷം കൊച്ചുമക്കളായ ഏശാവും യാക്കോബും ജനിക്കുന്നതും അബ്രാഹാമിനു കാണാനായി. (എബ്രാ. 6:15) എന്നാൽ തന്റെ പിൻതലമുറക്കാർ ഒരു മഹാജനതയാകുന്നതും വാഗ്ദത്തദേശം അവകാശമാക്കുന്നതും അബ്രാഹാം ഒരിക്കലും കണ്ടില്ല. എന്നിട്ടും സ്രഷ്ടാവുമായി ഒരു അടുത്ത സുഹൃദ്ബന്ധം വിശ്വസ്തനായ അബ്രാഹാം എന്നും നിലനിറുത്തി. (യാക്കോ. 2:23) തന്റെ വിശ്വാസവും ക്ഷമയും സകല ജനതകൾക്കും ഒരു അനുഗ്രഹമായിത്തീർന്നെന്നു പുനരുത്ഥാനത്തിൽ വരുന്ന അബ്രാഹാം അറിയുമ്പോൾ അദ്ദേഹത്തിന് എത്ര സന്തോഷമാകും! (ഉൽപ. 22:18) എന്താണു നമുക്കുള്ള പാഠം? യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും ഇപ്പോൾത്തന്നെ നിറവേറുന്നത് ഒരുപക്ഷേ നമ്മൾ കാണില്ലായിരിക്കാം. എന്നാൽ അബ്രാഹാമിനെപ്പോലെ നമ്മൾ ക്ഷമ കാണിക്കുന്നെങ്കിൽ ഇപ്പോൾത്തന്നെ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്നും പുതിയ ഭൂമിയിൽ കൂടുതലായ അനുഗ്രഹങ്ങൾ നേടാനാകുമെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാനാകും.—മർക്കോ. 10:29, 30. w23.08 24 ¶14
ആഗസ്റ്റ് 14 വ്യാഴം
“ദൈവത്തെ അന്വേഷിച്ച കാലമത്രയും സത്യദൈവം ഉസ്സീയയ്ക്ക് അഭിവൃദ്ധി നൽകി.”—2 ദിന. 26:5.
ചെറുപ്പത്തിൽ ഉസ്സീയ രാജാവ് വളരെ താഴ്മയുള്ള വ്യക്തിയായിരുന്നു. അദ്ദേഹം ‘സത്യദൈവത്തെ ഭയപ്പെടാൻ പഠിച്ചു.’ 68 വർഷം ജീവിച്ച അദ്ദേഹത്തിനു ജീവിതത്തിലെ ഭൂരിഭാഗം സമയവും യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു. (2 ദിന. 26:1-4) ഉസ്സീയ പല ശത്രുരാജ്യങ്ങളെ തോൽപ്പിക്കുകയും യരുശലേമിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. (2 ദിന. 26:6-15) യഹോവയുടെ സഹായത്താൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഉസ്സീയയ്ക്ക് ഉറപ്പായും സന്തോഷം തോന്നിയിട്ടുണ്ട്. (സഭാ. 3:12, 13) ഒരു രാജാവെന്ന നിലയിൽ മറ്റുള്ളവർക്കു നിർദേശങ്ങൾ കൊടുത്ത് അവരെക്കൊണ്ട് അത് അനുസരിപ്പിക്കുന്ന രീതിയാണല്ലോ ഉസ്സീയ ശീലിച്ചുവന്നത്. അതുകൊണ്ട് ആഗ്രഹിക്കുന്ന എന്തും തനിക്കു ചെയ്യാം എന്ന് അദ്ദേഹം ചിന്തിച്ചിരിക്കുമോ? എന്തായിരുന്നാലും ഒരിക്കൽ ഉസ്സീയ യഹോവയുടെ ആലയത്തിൽ പ്രവേശിച്ച് ധിക്കാരത്തോടെ യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചെയ്യാൻ രാജാക്കന്മാർക്ക് അനുവാദമുണ്ടായിരുന്നില്ല. (2 ദിന. 26:16-18) മഹാപുരോഹിതനായ അസര്യ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കോപംകൊണ്ട് വിറച്ചു. അങ്ങനെ അതുവരെ യഹോവയെ വിശ്വസ്തമായി സേവിച്ചതിന്റെ നല്ല പേര് അദ്ദേഹത്തിനു നഷ്ടമായി. കുഷ്ഠം വരുത്തിക്കൊണ്ട് യഹോവ ഉസ്സീയയെ ശിക്ഷിക്കുകയും ചെയ്തു. (2 ദിന. 26:19-21) അദ്ദേഹം താഴ്മയുള്ളവനായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എത്ര നല്ലതാകുമായിരുന്നു! w23.09 10 ¶9-10
ആഗസ്റ്റ് 15 വെള്ളി
“പരിച്ഛേദനയേറ്റവരെ ഭയന്ന് കേഫ ജനതകളിൽപ്പെട്ടവരോട് അകലം പാലിച്ചു.”—ഗലാ. 2:12.
പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടശേഷവും അപ്പോസ്തലനായ പത്രോസിനു തന്റെ ബലഹീനതകളോടു പോരാടേണ്ടിവന്നു. എ.ഡി. 36-ൽ ദൈവം പത്രോസിനെ ജൂതനല്ലാതിരുന്ന കൊർന്നേല്യൊസിന്റെ അടുത്തേക്ക് അയച്ചു. അന്നു ദൈവം കൊർന്നേല്യൊസിന്റെ മേൽ പരിശുദ്ധാത്മാവിനെ പകർന്നു. ഈ സംഭവം ‘ദൈവം പക്ഷപാതമുള്ളവനല്ല’ എന്നതിനും ജനതകളിൽപ്പെട്ടവർക്കും ക്രിസ്തീയസഭയുടെ ഭാഗമാകാൻ കഴിയുമെന്നതിനും ഉള്ള വ്യക്തമായ തെളിവായിരുന്നു. (പ്രവൃ. 10:34, 44, 45) അതോടെ പത്രോസ് ജനതകളിൽപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കാൻതുടങ്ങി. മുമ്പായിരുന്നെങ്കിൽ അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുകപോലുമില്ലായിരുന്നു. എന്നാൽ ജൂതന്മാരും ജനതകളിൽപ്പെട്ടവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നു ചില ജൂതക്രിസ്ത്യാനികൾക്കു തോന്നി. അങ്ങനെയൊരു കാഴ്ചപ്പാടുണ്ടായിരുന്ന ചിലർ അന്ത്യോക്യയിൽ എത്തിയപ്പോൾ, അവർക്ക് എന്തു തോന്നുമെന്നു കരുതി പത്രോസ് ജനതകളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിക്കുന്നതു നിറുത്തി. പത്രോസ് അങ്ങനെ ചെയ്യുന്നതു കണ്ടിട്ട് പൗലോസ് അപ്പോസ്തലൻ എല്ലാവരുടെയും മുന്നിൽവെച്ച് അദ്ദേഹത്തിനു തിരുത്തൽ നൽകി. (ഗലാ. 2:13, 14) ഇങ്ങനെയൊരു തെറ്റു പറ്റിയെങ്കിലും പത്രോസ് മടുത്ത് പിന്മാറിയില്ല. w23.09 22 ¶8
ആഗസ്റ്റ് 16 ശനി
‘ദൈവം നിങ്ങളെ ഉറപ്പിക്കും.’—1 പത്രോ. 5:10.
ആത്മാർഥമായി പരിശോധിക്കുമ്പോൾ ഏതെങ്കിലും ഒക്കെ കാര്യത്തിൽ നിങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നു ചിലപ്പോൾ കണ്ടെത്തിയേക്കാം. പക്ഷേ നിരാശപ്പെടരുത്. ‘കർത്താവ് ദയയുള്ളവനാണ്.’ മെച്ചപ്പെടാൻ യേശു നിങ്ങളെ സഹായിക്കും. (1 പത്രോ. 2:3) അപ്പോസ്തലനായ പത്രോസ് നമുക്ക് ഇങ്ങനെ ഉറപ്പുതന്നിട്ടുണ്ട്: ‘ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തും.’ ദൈവപുത്രന്റെ കൂടെയായിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് ഒരിക്കൽ പത്രോസ് ചിന്തിച്ചതാണ്. (ലൂക്കോ. 5:8) പക്ഷേ യഹോവയുടെയും യേശുവിന്റെയും സ്നേഹത്തോടെയുള്ള സഹായം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മടുത്തുപിന്മാറാതെ യേശുവിന്റെ വിശ്വസ്താനുഗാമിയായി തുടർന്നു. അങ്ങനെ പത്രോസിനു ‘കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു പ്രവേശിക്കാനുള്ള’ അംഗീകാരം ലഭിച്ചു. (2 പത്രോ. 1:11) അത് എത്ര വലിയൊരു അനുഗ്രഹമാണ്, അല്ലേ! നിങ്ങളും പത്രോസിനെപ്പോലെ മടുത്തുപോകാതെ ശ്രമം തുടരുകയും നിങ്ങളെ പരിശീലിപ്പിക്കാൻ യഹോവയെ അനുവദിക്കുകയും ആണെങ്കിൽ നിങ്ങൾക്കും നിത്യജീവനാകുന്ന സമ്മാനം കിട്ടും. നിങ്ങളുടെ ‘വിശ്വാസം രക്ഷയിലേക്കു നയിക്കും.’—1 പത്രോ. 1:9. w23.09 31 ¶16-17
ആഗസ്റ്റ് 17 ഞായർ
“ആകാശവും ഭൂമിയും സമുദ്രവും ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക.”—വെളി. 14:7.
പുരാതനകാലത്തെ വിശുദ്ധകൂടാരത്തിന് ഒരു മുറ്റമുണ്ടായിരുന്നു. ചുറ്റും വേലികെട്ടി തിരിച്ച, വിശാലമായ ഒരു സ്ഥലമായിരുന്നു അത്. അവിടെയാണു പുരോഹിതന്മാർ തങ്ങളുടെ ജോലികൾ ചെയ്തിരുന്നത്. ദഹനയാഗം അർപ്പിച്ചിരുന്ന ചെമ്പുകൊണ്ടുള്ള ഒരു യാഗപീഠം അവിടെയുണ്ടായിരുന്നു. കൂടാതെ, ശുശ്രൂഷ ചെയ്യുന്നതിനു മുമ്പ് പുരോഹിതന്മാർക്കു കൈകാലുകൾ കഴുകാനുള്ള വെള്ളം വെച്ചിരുന്ന ചെമ്പുപാത്രവും അതിന് അടുത്തുണ്ടായിരുന്നു. (പുറ. 30:17-20; 40:6-8) ഇന്ന് അഭിഷിക്തരിൽ ബാക്കിയുള്ളവർ ഭൂമിയിൽ ആത്മീയാലയത്തിന്റെ അകത്തെ മുറ്റത്ത് യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. വിശുദ്ധകൂടാരത്തിലും ദേവാലയങ്ങളിലും ഉണ്ടായിരുന്ന ആ വലിയ പാത്രത്തിലെ വെള്ളം അവരെയും എല്ലാ ക്രിസ്ത്യാനികളെയും ഒരു കാര്യം ഓർമിപ്പിക്കുന്നു: ധാർമികമായും ആത്മീയമായും ശുദ്ധരായിരിക്കുന്നതു പ്രധാനമാണെന്ന കാര്യം. അങ്ങനെയെങ്കിൽ “മഹാപുരുഷാരം” എവിടെയാണ് ആരാധന നടത്തുന്നത്? അവർ ‘സിംഹാസനത്തിനു മുന്നിൽ’ നിൽക്കുന്നതും “രാപ്പകൽ ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്ഠിക്കുന്നതും” അപ്പോസ്തലനായ യോഹന്നാൻ കണ്ടു. ഇന്നു മഹാപുരുഷാരം അതു ചെയ്യുന്നത് ഇവിടെ ഭൂമിയിൽ ആത്മീയാലയത്തിന്റെ പുറത്തെ മുറ്റത്താണ്. (വെളി. 7:9, 13-15) തന്റെ മഹത്തായ ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാൻ വിലപ്പെട്ട ഒരു അവസരം തന്നതിൽ യഹോവയോടു നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! w23.10 28 ¶15-16
ആഗസ്റ്റ് 18 തിങ്കൾ
‘ദൈവത്തിന്റെ വാഗ്ദാനമുണ്ടായിരുന്നതുകൊണ്ട് അബ്രാഹാം വിശ്വാസത്താൽ ശക്തിപ്പെട്ടു.’ —റോമ. 4:20.
ഇന്നു നമ്മളെ ബലപ്പെടുത്താൻ യഹോവ ഉപയോഗിക്കുന്ന ഒരു മാർഗമാണു മൂപ്പന്മാരിലൂടെയുള്ള സഹായം. (യശ. 32:1, 2) അതുകൊണ്ട് എന്തെങ്കിലും ഉത്കണ്ഠകൾ തോന്നുമ്പോൾ അതു മൂപ്പന്മാരോടു തുറന്നുപറയുക. അവർ സഹായിക്കാൻ തയ്യാറാകുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുക. അവരിലൂടെ യഹോവയ്ക്കു നിങ്ങളെ ശക്തരാക്കാൻ കഴിയും. ബൈബിൾ നൽകുന്ന പ്രത്യാശയ്ക്കു നമ്മളെ ബലപ്പെടുത്താനാകും. (റോമ. 4:3, 18, 19) നമുക്കെല്ലാം എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയുണ്ട്. ചിലർ സ്വർഗത്തിലും മറ്റു ചിലർ ഭൂമിയിലെ പറുദീസയിലും ആയിരിക്കും ജീവിക്കുന്നത്. ഈ പ്രത്യാശ ഉള്ളതുകൊണ്ട് പരീക്ഷണങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാനും നിയമനങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ നന്നായി ചെയ്യാനും വേണ്ട ശക്തി നമുക്കു കിട്ടുന്നു. (1 തെസ്സ. 1:3) ഇതേ പ്രത്യാശയാണ് അപ്പോസ്തലനായ പൗലോസിനെ ശക്തനാക്കിയത്. അദ്ദേഹം ‘സമ്മർദം നേരിട്ട,’ ‘ആശയക്കുഴപ്പത്തിലായ,’ ‘ഉപദ്രവമേറ്റ,’ ‘മർദനമേറ്റ് വീണ’ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവൻപോലും അപകടത്തിലായിരുന്നു. (2 കൊരി. 4:8-10) പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പൗലോസിനു സഹിച്ചുനിൽക്കാനുള്ള ശക്തി കിട്ടി. (2 കൊരി. 4:16-18) പൗലോസിന്റെ ശ്രദ്ധ മുഴുവൻ ഭാവി പ്രത്യാശയിലായിരുന്നു. സ്വർഗത്തിൽ അദ്ദേഹത്തിനുള്ള നിത്യജീവന്റെ പ്രത്യാശ, ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ ഒക്കെ ‘അത്യന്തം ഗംഭീരമായിരുന്നു.’ ആ പ്രത്യാശയെക്കുറിച്ച് ചിന്തിച്ചതുകൊണ്ട് താൻ ‘ഓരോ ദിവസവും പുതുക്കപ്പെടുന്നതായി’ പൗലോസിനു തോന്നി. w23.10 15–16 ¶14-17
ആഗസ്റ്റ് 19 ചൊവ്വ
“യഹോവ തന്റെ ജനത്തിനു ശക്തി പകരും. സമാധാനം നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കും.”—സങ്കീ. 29:11.
പ്രാർഥിക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ട കാര്യം ‘ഇതു നമ്മുടെ അപേക്ഷ സാധിച്ചുതരാനുള്ള യഹോവയുടെ സമയമാണോ’ എന്നതാണ്. നമ്മൾ പ്രാർഥിക്കുന്ന കാര്യത്തിന് അപ്പോൾത്തന്നെ ഒരു ഉത്തരം കിട്ടണമെന്നായിരിക്കാം നമ്മുടെ ആഗ്രഹം. എന്നാൽ നമ്മളെ സഹായിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഏതാണെന്ന് യഹോവയ്ക്കാണ് അറിയാവുന്നത്. (എബ്രാ. 4:16) നമ്മൾ അപേക്ഷിച്ച കാര്യത്തിന് ഉടനടി ഉത്തരം കിട്ടാതെ വരുമ്പോൾ ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം, അതിനുള്ള യഹോവയുടെ ഉത്തരം ‘ഇല്ല’ എന്നാണെന്ന്. എന്നാൽ ശരിക്കും യഹോവയുടെ ഉത്തരം ‘ഇതുവരെ സമയമായിട്ടില്ല’ എന്നായിരിക്കാം. ഉദാഹരണത്തിന്, തന്റെ അസുഖം ഭേദമാകാൻ സഹായിക്കണമെന്ന് ഒരു യുവസഹോദരൻ യഹോവയോടു പ്രാർഥിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നില്ല. യഹോവ അത്ഭുതകരമായി അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കിയാൽ അതുകൊണ്ടു മാത്രമാണ് അദ്ദേഹം ഇപ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതെന്നു സാത്താൻ ഒരുപക്ഷേ വാദിക്കുമായിരുന്നു. (ഇയ്യോ. 1:9-11; 2:4) ഇനി, എല്ലാ അസുഖങ്ങളും സുഖപ്പെടുത്താൻ യഹോവ ഒരു സമയം തീരുമാനിച്ചിട്ടുണ്ട്. (യശ. 33:24; വെളി. 21:3, 4) അതിനു മുമ്പ് യഹോവ അത്ഭുതകരമായി അസുഖം ഭേദമാക്കുമെന്നു പ്രതീക്ഷിക്കുന്നതു ശരിയല്ല. അതുകൊണ്ട് അസുഖമൊക്കെ ഉണ്ടെങ്കിൽപ്പോലും യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാനും മനസ്സമാധാനത്തോടെ സഹിച്ചുനിൽക്കാനും ആവശ്യമായ ശക്തിക്കുവേണ്ടി സഹോദരന് യഹോവയോടു പ്രാർഥിക്കാനാകും. w23.11 23 ¶13
ആഗസ്റ്റ് 20 ബുധൻ
“ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല; തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്തിട്ടുമില്ല.”—സങ്കീ. 103:10.
ശിംശോൻ ഗുരുതരമായ തെറ്റു ചെയ്തെങ്കിലും നിരാശപ്പെട്ട് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ല. പകരം, ഫെലിസ്ത്യർക്കെതിരെ പോരാടാൻ ദൈവം കൊടുത്ത നിയമനം നിറവേറ്റാനുള്ള അവസരത്തിനായി അദ്ദേഹം കാത്തിരുന്നു. (ന്യായാ. 16:28-30) ശിംശോൻ യഹോവയോടു ഇങ്ങനെ അപേക്ഷിച്ചു: “ഫെലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എനിക്കു ശക്തി നൽകേണമേ.” യഹോവ ആ അപേക്ഷ കേൾക്കുകയും ശിംശോനു വീണ്ടും അത്ഭുതകരമായി ശക്തി നൽകുകയും ചെയ്തു. അങ്ങനെ ഇത്തവണ ഫെലിസ്ത്യർക്കെതിരെ മുമ്പത്തെക്കാളെല്ലാം വലിയ വിജയം നേടാൻ ശിംശോനു കഴിഞ്ഞു. ശിംശോനു തന്റെ തെറ്റിന്റെ മോശം ഫലങ്ങൾ അനുഭവിക്കേണ്ടിവന്നെങ്കിലും അദ്ദേഹം യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ല. അതുപോലെ നമുക്കും ഒരു തെറ്റു പറ്റിയിട്ടു തിരുത്തൽ കിട്ടുകയോ സേവനപദവി നഷ്ടപ്പെടുകയോ ഒക്കെ ചെയ്താൽ നമ്മളും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുത്. കാരണം യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിച്ചുകളയില്ല. (സങ്കീ. 103:8, 9) ശിംശോന്റെ കാര്യത്തിൽ ചെയ്തതുപോലെ തെറ്റുകളൊക്കെ പറ്റിയാലും തന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യഹോവയ്ക്കു തുടർന്നും നമ്മളെ ഉപയോഗിക്കാനാകും. w23.09 6 ¶15-16
ആഗസ്റ്റ് 21 വ്യാഴം
‘സഹനശക്തി അംഗീകാരവും അംഗീകാരം പ്രത്യാശയും ഉളവാക്കുന്നു.’—റോമ. 5:4.
നമ്മൾ സഹിച്ചുനിന്നാൽ നമുക്ക് യഹോവയുടെ അംഗീകാരം കിട്ടും. അതിനർഥം നിങ്ങൾ കഷ്ടപ്പെടുന്നതിൽ യഹോവ സന്തോഷിക്കുന്നു എന്നല്ല. പകരം നിങ്ങളിൽ, നിങ്ങൾ വിശ്വസ്തമായി സഹിച്ചുനിന്നതിൽ ആണ് യഹോവ സന്തോഷിക്കുന്നത്. സഹിച്ചുനിന്നുകൊണ്ട് യഹോവയുടെ അംഗീകാരം നേടാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! (സങ്കീ. 5:12) അബ്രാഹാമിനെക്കുറിച്ച് വീണ്ടും ചിന്തിക്കുക. അദ്ദേഹം സഹിച്ചുനിന്നതുകൊണ്ട് ദൈവത്തിന്റെ അംഗീകാരം നേടി. യഹോവ അദ്ദേഹത്തെ സുഹൃത്തായി കാണുകയും നീതിമാനായി കണക്കാക്കുകയും ചെയ്തു. (ഉൽപ. 15:6; റോമ. 4:13, 22) നമ്മുടെ കാര്യത്തിലും അതു സത്യമാണ്. ദൈവസേവനത്തിൽ നമ്മൾ എത്രത്തോളം ചെയ്യുന്നുണ്ട്, നമുക്ക് എന്തൊക്കെ നിയമനങ്ങളുണ്ട് എന്നതൊന്നും നോക്കിയല്ല ദൈവം നമ്മളെ അംഗീകരിക്കുന്നത്. പകരം, നമ്മൾ വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതുകൊണ്ടാണ്. നമ്മുടെ പ്രായമോ സാഹചര്യമോ കഴിവുകളോ എന്തുതന്നെയാണെങ്കിലും നമുക്ക് എല്ലാവർക്കും സഹിച്ചുനിൽക്കാൻ കഴിയും. നിങ്ങൾ ഇപ്പോൾ ഏതെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ? അതിനെ വിശ്വസ്തമായി സഹിച്ചുനിൽക്കുകയാണോ? എങ്കിൽ, നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണ് എന്ന് ഓർക്കുക. ദൈവാംഗീകാരമുണ്ടെന്ന ആ അറിവിനു വലിയ ശക്തിയുണ്ട്. കാരണം അതു നമ്മുടെ പ്രത്യാശ ശക്തമാക്കും. w23.12 11 ¶13-14
ആഗസ്റ്റ് 22 വെള്ളി
‘പൂർണവളർച്ചയെത്തിയ ഒരു പുരുഷനായി വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുക.’—എഫെ. 4:13.
ഒരു ക്രിസ്തീയപുരുഷൻ നന്നായി ആശയവിനിമയം ചെയ്യാൻ പഠിക്കേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തി മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. (സുഭാ. 20:5) മറ്റുള്ളവരുടെ ശബ്ദത്തിൽനിന്നും അവരുടെ മുഖഭാവങ്ങളിൽനിന്നും ശരീരഭാഷയിൽനിന്നും അദ്ദേഹത്തിനു കാര്യങ്ങൾ വായിച്ചെടുക്കാനാകും. ആളുകളോടൊപ്പം സമയം ചെലവഴിക്കാതെ നിങ്ങൾക്ക് ഒരിക്കലും ഈ വൈദഗ്ധ്യം നേടാൻ കഴിയില്ല. മെസ്സേജോ ഇ-മെയിലോ വഴി മാത്രമാണ് നിങ്ങൾ എപ്പോഴും ആശയവിനിമയം ചെയ്യുന്നതെങ്കിൽ ആളുകളോടു നേരിട്ട് സംസാരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. അതുകൊണ്ട് നേരിട്ട് സംസാരിക്കാൻ പരമാവധി അവസരങ്ങൾ കണ്ടെത്തുക. (2 യോഹ. 12) തന്റെതന്നെയും കുടുംബത്തിന്റെയും ചെലവുകൾക്കായി കരുതാനും പക്വതയെത്തിയ ഒരു ക്രിസ്തീയപുരുഷനു സാധിക്കണം. (1 തിമൊ. 5:8) ഒരു ജോലി നേടാൻ സഹായിക്കുന്ന വൈദഗ്ധ്യം പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. (പ്രവൃ. 18:2, 3; 20:34; എഫെ. 4:28) ഏൽപ്പിക്കുന്ന ജോലികൾ വിശ്വസ്തമായി ചെയ്യുന്ന, കഠിനാധ്വാനിയായ ഒരാളാണെന്ന പേര് നേടുക. അത് ഒരു ജോലി കിട്ടാനും അതു നഷ്ടപ്പെടുത്താതിരിക്കാനും സഹായിച്ചേക്കും. w23.12 27 ¶12-13
ആഗസ്റ്റ് 23 ശനി
‘രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ് യഹോവയുടെ ദിവസം വരുന്നത്.’—1 തെസ്സ. 5:2.
“യഹോവയുടെ ദിവസം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതു ദൈവം ശത്രുക്കളെ നശിപ്പിക്കുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്യുന്ന സമയത്തെ കുറിക്കാനാണ്. യഹോവ മുമ്പും പല ജനതകളുടെമേൽ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്. (യശ. 13:1, 6; യഹ. 13:5; സെഫ. 1:8) നമ്മുടെ കാലത്ത് “യഹോവയുടെ ദിവസം” തുടങ്ങുന്നതു രാഷ്ട്രങ്ങൾ ബാബിലോൺ എന്ന മഹതിയെ നശിപ്പിക്കുന്നതോടെയായിരിക്കും. അത് അർമഗെദോൻ യുദ്ധത്തിൽ അവസാനിക്കുകയും ചെയ്യും. ആ ‘ദിവസത്തെ’ അതിജീവിക്കണമെങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാകേണ്ടതുണ്ട്. ‘മഹാകഷ്ടതയെ’ നേരിടാൻ നമ്മൾ “ഒരുങ്ങിയിരിക്കണം” എന്നാണു യേശു പറഞ്ഞത്. അതിലൂടെ നമ്മൾ അങ്ങനെ ചെയ്യുന്നതിൽ തുടരണമെന്നു യേശു സൂചിപ്പിക്കുകയായിരുന്നു. (മത്താ. 24:21; ലൂക്കോ. 12:40) പൗലോസ് അപ്പോസ്തലൻ ദൈവപ്രചോദിതനായി തെസ്സലോനിക്യർക്ക് എഴുതിയ ആദ്യത്തെ കത്തിൽ യഹോവയുടെ ദിവസത്തെക്കുറിച്ച് പറയാൻ പല ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചു. ആ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നവയായിരുന്നു അവ. ആ ദിവസം അപ്പോൾത്തന്നെ വരില്ലെന്നു പൗലോസിന് അറിയാമായിരുന്നു. (2 തെസ്സ. 2:1-3) എന്നിട്ടും അതു തൊട്ടടുത്ത ദിവസം വരും എന്നതുപോലെ ഒരുങ്ങിയിരിക്കാൻ പൗലോസ് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. നമുക്കും ആ ഉപദേശം അനുസരിക്കാം. w23.06 8 ¶1-2
ആഗസ്റ്റ് 24 ഞായർ
“എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.”—1 കൊരി. 15:58.
ജപ്പാനിലെ ടോക്കിയോയിൽ 60 നില പൊക്കമുള്ള ഒരു കെട്ടിടം 1978-ൽ പണിതുയർത്തി. ആ നഗരത്തിൽ കൂടെക്കൂടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു കെട്ടിടം എങ്ങനെ തകർന്നുവീഴാതെ നിൽക്കുമെന്ന് ആളുകൾ ചിന്തിച്ചു. എന്നാൽ ഭൂകമ്പം ഉണ്ടാകുമ്പോൾ ചെറുതായി ആടിയാൽപ്പോലും തകർന്ന് വീഴാത്ത വിധം ഉറപ്പുള്ള രീതിയിലാണ് എഞ്ചിനീയർമാർ ആ കെട്ടിടം പണിതത്. ഒരു തരത്തിൽ പറഞ്ഞാൽ, ക്രിസ്ത്യാനികളും ആ വലിയ കെട്ടിടംപോലെയാണ്. അത് എങ്ങനെയാണ്? ക്രിസ്ത്യാനികൾ ഇളകിപ്പോകാതെ ഉറച്ചുനിൽക്കുന്നവരും അതേസമയം വഴക്കമുള്ളവരും ആയിരിക്കേണ്ടതുണ്ട്. യഹോവയുടെ നിയമങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കണം. അങ്ങനെയുള്ള ഒരാൾ “അനുസരിക്കാൻ ഒരുക്കമുള്ള” ആളായിരിക്കും. എന്തുവന്നാലും ആ തീരുമാനത്തിനു മാറ്റം ഉണ്ടാകുകയുമില്ല. അതേസമയം ആ വ്യക്തി “വിട്ടുവീഴ്ച ചെയ്യാൻ” അഥവാ വഴക്കം കാണിക്കാൻ, സാഹചര്യം അനുവദിക്കുമ്പോഴോ അങ്ങനെ ചെയ്യുന്നത് ആവശ്യമായി വരുമ്പോഴോ അതിനു മനസ്സുള്ള ആളുമായിരിക്കണം. (യാക്കോ. 3:17) ഇങ്ങനെ സമനിലയോടെ കാര്യങ്ങളെ കാണാൻ പഠിച്ച ഒരു ക്രിസ്ത്യാനി കടുംപിടുത്തക്കാരനോ എന്തുമാകാം എന്ന മനോഭാവം കാണിക്കുന്നയാളോ ആയിരിക്കില്ല. w23.07 14 ¶1-2
ആഗസ്റ്റ് 25 തിങ്കൾ
“ക്രിസ്തുവിനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു.”—1 പത്രോ. 1:8.
സാത്താനിൽനിന്നുള്ള പ്രലോഭനങ്ങൾ യേശുവിനു നേരിടേണ്ടിവന്നു. യഹോവയോടുള്ള വിശ്വസ്തത തകർക്കാൻ സാത്താന്റെ നേരിട്ടുള്ള ആക്രമണങ്ങൾപോലും ഉണ്ടായി. (മത്താ. 4:1-11) യേശുവിനെക്കൊണ്ട് പാപം ചെയ്യിക്കാനും അങ്ങനെ മോചനവിലയെന്ന ക്രമീകരണം തകർത്തുകളയാനും സാത്താൻ കിണഞ്ഞുശ്രമിച്ചു. ഭൂമിയിലെ ശുശ്രൂഷയുടെ സമയത്ത് യേശുവിനു വേറെയും പരീക്ഷണങ്ങൾ നേരിട്ടു. ശത്രുക്കൾ യേശുവിനെ ഉപദ്രവിക്കാനും കൊല്ലാനും നോക്കി. (ലൂക്കോ. 4:28, 29; 13:31) തന്റെ അനുഗാമികളുടെ അപൂർണതകളുമായി യേശുവിന് ഒത്തുപോകേണ്ടിവന്നു. (മർക്കോ. 9:33, 34) വിചാരണയുടെ സമയത്ത് യേശുവിനെ അവർ ക്രൂരമായി ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇനി അങ്ങേയറ്റം വേദന സഹിച്ചാണ് യേശു മരിച്ചത്; അതും ഒരു കുറ്റവാളിയെപ്പോലെ. (എബ്രാ. 12:1-3) ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ, യഹോവയുടെ പ്രത്യേക സംരക്ഷണമില്ലാതിരുന്നതുകൊണ്ട് യേശുവിന് ഒറ്റയ്ക്ക് ഒരുപാട് സഹിക്കേണ്ടിവന്നു. (മത്താ. 27:46) മോചനവില നൽകുന്നതിനുവേണ്ടി യേശു എന്തെല്ലാമാണു സഹിച്ചത്! യേശു മനസ്സോടെ ചെയ്ത ആ ത്യാഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ഉള്ളിൽ സ്നേഹവും വിലമതിപ്പും നിറയുന്നില്ലേ? w24.01 10–11 ¶7-9
ആഗസ്റ്റ് 26 ചൊവ്വ
“എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.”—സുഭാ. 21:5.
നമുക്കു ക്ഷമയുണ്ടെങ്കിൽ മറ്റുള്ളവരോടു നല്ല വിധത്തിൽ ഇടപെടാനാകും. മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ അതു നമ്മളെ സഹായിക്കും. (യാക്കോ. 1:19) മാത്രമല്ല, എല്ലാവരുമായി സമാധാനത്തിലായിരിക്കാനും നമുക്കു കഴിയും. ക്ഷമയുണ്ടെങ്കിൽ ചിന്തിക്കാതെ നമ്മൾ പ്രതികരിക്കുകയോ ടെൻഷനിലാണെങ്കിൽപ്പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയോ ചെയ്യില്ല. ആരെങ്കിലും നമ്മളെ വിഷമിപ്പിച്ചാലും പെട്ടെന്നു ദേഷ്യപ്പെടുകയോ പകരംവീട്ടുകയോ ഇല്ല. മറിച്ച് എല്ലാം ‘സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യും.’ (കൊലോ. 3:12, 13) ക്ഷമയുണ്ടെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാനും നമുക്കു കഴിയും. കാരണം അങ്ങനെയാകുമ്പോൾ ചിന്തിക്കാതെ എടുത്തുചാടി നമ്മൾ ഒന്നും തീരുമാനിക്കില്ല. പകരം നമുക്കു മുന്നിലുള്ള സാധ്യതകളൊക്കെ നന്നായി വിലയിരുത്തി ഏറ്റവും ഉചിതമായതു നമ്മൾ തിരഞ്ഞെടുക്കും. ഉദാഹരണത്തിന്, നമ്മൾ ഒരു ജോലി തേടുകയാണെന്നിരിക്കട്ടെ. നമുക്കു ലഭിക്കുന്ന ആദ്യത്തെ ജോലി സ്വീകരിക്കാനായിരിക്കും സ്വാഭാവികമായി നമ്മുടെ പ്രവണത. എന്നാൽ നമുക്കു ക്ഷമയുണ്ടെങ്കിൽ അതു നമ്മുടെ കുടുംബത്തെയും യഹോവയുമായുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കും എന്നു ചിന്തിക്കാൻ സമയമെടുക്കും. അങ്ങനെ ക്ഷമ കാണിക്കുന്നതിലൂടെ തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാൻ നമുക്കാകും. w23.08 22 ¶8-9
ആഗസ്റ്റ് 27 ബുധൻ
“എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന മറ്റൊരു നിയമം എന്റെ ശരീരത്തിൽ ഞാൻ കാണുന്നു. അത് എന്നെ എന്റെ ശരീരത്തിലുള്ള പാപത്തിന്റെ നിയമത്തിന് അടിമയാക്കുന്നു.”—റോമ. 7:23.
തെറ്റായ മോഹങ്ങൾക്ക് എതിരെ പോരാടേണ്ടിവരുമ്പോൾ നിങ്ങൾക്കു നിരുത്സാഹം തോന്നിയേക്കാം. എന്നാൽ യഹോവയ്ക്കു സമർപ്പിച്ചപ്പോൾ കൊടുത്ത വാക്കിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രലോഭനത്തിന് എതിരെ പോരാടാനുള്ള ശക്തി നിങ്ങൾക്കു തരും. എന്തുകൊണ്ട്? യഹോവയ്ക്കു സമർപ്പിക്കുമ്പോൾ നിങ്ങൾ സ്വയം ത്യജിക്കുകയാണ്. എന്നു പറഞ്ഞാൽ, നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ആണെങ്കിൽ അവയെല്ലാം നമ്മൾ വേണ്ടെന്നുവെക്കും. (മത്താ. 16:24) അതുകൊണ്ട് ജീവിതത്തിൽ ഒരു പരിശോധന വരുമ്പോൾ എന്തു ചെയ്യണമെന്ന് ആലോചിച്ച് നമ്മൾ സമയം കളയില്ല. കാരണം അത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുമ്പിൽ ഒരു വഴിയേ ഉള്ളൂ: യഹോവയോടു വിശ്വസ്തരായിരിക്കുക. ബാക്കിയുള്ള വഴികളെല്ലാം നമ്മൾ സമർപ്പിച്ചപ്പോൾത്തന്നെ അടച്ചുകളഞ്ഞു. നിങ്ങളുടെ ആ തീരുമാനത്തിൽ നിങ്ങൾ ഉറച്ചുനിൽക്കും. അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും, “ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല” എന്നു പറഞ്ഞ ഇയ്യോബിനെപ്പോലെയായിരിക്കും നിങ്ങൾ.—ഇയ്യോ. 27:5. w24.03 9 ¶6-7
ആഗസ്റ്റ് 28 വ്യാഴം
“തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, അതെ, ആത്മാർഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന സകലർക്കും, യഹോവ സമീപസ്ഥൻ.”—സങ്കീ. 145:18.
‘സ്നേഹത്തിന്റെ ദൈവമായ’ യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്. (2 കൊരി. 13:11) നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിനു താത്പര്യമുണ്ട്. യഹോവ തന്റെ ‘അചഞ്ചലമായ സ്നേഹംകൊണ്ട് നമ്മളെ പൊതിയുമെന്നു’ നമുക്ക് അറിയാം. (സങ്കീ. 32:10) ദൈവം നമ്മളോടു സ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് എത്രയധികം ചിന്തിക്കുന്നോ അത്രയധികം നമ്മൾ യഹോവയെ മനസ്സിലാക്കും, അത്രയധികം നമുക്ക് യഹോവയോട് അടുപ്പം തോന്നും. അങ്ങനെയാകുമ്പോൾ നമ്മൾ യഹോവയോട് ഉള്ളുതുറന്ന് സംസാരിക്കും. നമുക്ക് യഹോവയുടെ സ്നേഹം എത്രത്തോളം ആവശ്യമാണെന്നും നമുക്ക് എന്തെല്ലാം വിഷമങ്ങളുണ്ടെന്നും നമ്മൾ നമ്മുടെ പിതാവിനോടു തുറന്നുപറയും. കാരണം, യഹോവ നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നും നമ്മളെ സഹായിക്കാനായി നോക്കിയിരിക്കുകയാണെന്നും നമുക്ക് ഉറപ്പുണ്ട്. (സങ്കീ. 145:18, 19) തണുപ്പുള്ള സമയത്ത് നമ്മൾ തീയുടെ അടുത്തേക്ക് ആകർഷിക്കപ്പെടുന്നതുപോലെ ആകെ തണുത്തുറഞ്ഞ ഈ ലോകത്തിൽ യഹോവയുടെ സ്നേഹം നമ്മളെ ആകർഷിക്കുന്നു. യഹോവയുടെ സ്നേഹം ശക്തമാണെന്നു മാത്രമല്ല അതു വാത്സല്യം നിറഞ്ഞതുമാണ്. അതുകൊണ്ട് യഹോവയുടെ സ്നേഹവും വാത്സല്യവും രുചിച്ചറിയാനാകുന്നതിൽ സന്തോഷിക്കുക. അപ്പോൾ നമുക്ക് ഇങ്ങനെ പറയാൻ തോന്നും: “ഞാൻ യഹോവയെ സ്നേഹിക്കുന്നു.”—സങ്കീ. 116:1. w24.01 31 ¶19-20
ആഗസ്റ്റ് 29 വെള്ളി
“ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു.”—യോഹ. 17:26.
അന്നത്തെ ജൂതന്മാർക്ക് ദൈവനാമം അറിയാമായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ പേര് യഹോവയാണെന്ന് അവർക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. പിന്നെ എങ്ങനെയാണ് യേശു അവരെ ദൈവത്തിന്റെ പേര് അറിയിച്ചത്? ‘ദൈവത്തെക്കുറിച്ച് വിവരിച്ചുകൊടുത്തുകൊണ്ട്.’ (യോഹ. 1:17, 18) ഉദാഹരണത്തിന്, എബ്രായതിരുവെഴുത്തുകളിൽ യഹോവ കരുണയും അനുകമ്പയും ഉള്ള ദൈവമാണെന്നു പറയുന്നുണ്ട്. (പുറ. 34:5-7) ധൂർത്തപുത്രനെയും അവന്റെ പിതാവിനെയും കുറിച്ചുള്ള ദൃഷ്ടാന്തകഥ പറഞ്ഞപ്പോൾ യേശു ആ സത്യം കുറെക്കൂടെ വ്യക്തമാക്കിക്കൊടുത്തു. പശ്ചാത്തപിച്ച മകനെ ‘ദൂരെവെച്ചുതന്നെ തിരിച്ചറിയുകയും’ അവനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും അവനോടു മനസ്സോടെ ക്ഷമിക്കുകയും ഒക്കെ ചെയ്ത അപ്പനെക്കുറിച്ച് വായിക്കുമ്പോൾ യഹോവയുടെ കരുണയുടെയും അനുകമ്പയുടെയും മനോഹരമായൊരു ചിത്രമാണ് നമ്മുടെ മനസ്സിലേക്കു വരുന്നത്. (ലൂക്കോ. 15:11-32) തന്റെ പിതാവ് എങ്ങനെയാണോ അങ്ങനെതന്നെ യേശു യഹോവയെ വരച്ചുകാട്ടി. w24.02 10 ¶8-9
ആഗസ്റ്റ് 30 ശനി
‘ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട് ആശ്വസിപ്പിക്കുക.’—2 കൊരി. 1:4.
കഷ്ടതയിലായിരിക്കുന്ന ഒരാൾക്ക് യഹോവ ഉന്മേഷവും ആശ്വാസവും പകരുന്നു. മറ്റുള്ളവരോട് അനുകമ്പ തോന്നുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? ആളുകളോട് അനുകമ്പ തോന്നാനും അവരെ ആശ്വസിപ്പിക്കാനും നമ്മളെ സഹായിക്കുന്ന ഗുണങ്ങൾ വളർത്തിയെടുക്കുന്നതാണ് അതിനുള്ള ഒരു മാർഗം. അത്തരം ചില ഗുണങ്ങൾ ഏതൊക്കെയാണ്? എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കാനും ‘പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കാനും’ നമ്മളെ എന്തു സഹായിക്കും? (1 തെസ്സ. 4:18) അതിനുവേണ്ടി സഹാനുഭൂതി, സഹോദരപ്രിയം, ദയ എന്നിവപോലുള്ള ഗുണങ്ങൾ നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. (കൊലോ. 3:12; 1 പത്രോ. 3:8) ഈ ഗുണങ്ങൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? അനുകമ്പയും അതുമായി ബന്ധപ്പെട്ട മറ്റു ഗുണങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാകുമ്പോൾ കഷ്ടതയിലായിരിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടാകും. യേശു പറഞ്ഞതുപോലെ “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്! നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു.” (മത്താ. 12:34, 35) കഷ്ടതയിലായിരിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതു ശരിക്കും അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാന വഴിയാണ്. w23.11 10 ¶10-11
ആഗസ്റ്റ് 31 ഞായർ
“ഉൾക്കാഴ്ചയുള്ളവർക്കു കാര്യം മനസ്സിലാകും.”—ദാനി. 12:10.
ബൈബിൾപ്രവചനങ്ങൾ മനസ്സിലാക്കണമെങ്കിൽ നമ്മൾ സഹായം ചോദിക്കണം. ഉദാഹരണത്തിന്, നിങ്ങൾ ഒട്ടും പരിചയമില്ലാത്ത ഒരു സ്ഥലത്തേക്കു പോകുകയാണെന്നിരിക്കട്ടെ. പക്ഷേ നിങ്ങളുടെ കൂടെയുള്ള കൂട്ടുകാരന് ആ സ്ഥലമൊക്കെ നന്നായി അറിയാം. നിങ്ങൾ ഇപ്പോൾ എവിടെയാണു നിൽക്കുന്നതെന്നും ഓരോ വഴിയും എങ്ങോട്ടുള്ളതാണെന്നും അദ്ദേഹത്തിനു കൃത്യമായി പറയാനാകും. അദ്ദേഹം കൂടെയുള്ളതിൽ നിങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നും, ശരിയല്ലേ? ആ കൂട്ടുകാരനെപ്പോലെതന്നെയാണ് യഹോവയും. നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്നത് എവിടെയാണെന്നും ഇനിയങ്ങോട്ട് എന്താണു സംഭവിക്കാൻ പോകുന്നതെന്നും യഹോവയ്ക്കു കൃത്യമായി അറിയാം. അതുകൊണ്ട് ബൈബിൾപ്രവചനങ്ങളുടെ അർഥം മനസ്സിലാക്കാൻ നമ്മൾ താഴ്മയോടെ യഹോവയുടെ സഹായം ചോദിക്കണം. (ദാനി. 2:28; 2 പത്രോ. 1:19, 20) സ്നേഹമുള്ള ഒരു അപ്പനെപ്പോലെ യഹോവയും ആഗ്രഹിക്കുന്നതു തന്റെ മക്കൾക്കു നല്ലൊരു ഭാവിയുണ്ടായിരിക്കാനാണ്. (യിരെ. 29:11) പക്ഷേ, ഭാവിയിൽ എന്തു നടക്കുമെന്നു പറയാൻ മനുഷ്യർക്കാകില്ല. എന്നാൽ അതു കൃത്യമായി പറയാൻ യഹോവയ്ക്കു കഴിയും. ആ പ്രവചനങ്ങളെല്ലാം യഹോവ തന്റെ വചനത്തിൽ എഴുതിച്ചിട്ടുമുണ്ട്. (യശ. 46:10) പ്രധാനപ്പെട്ട പല സംഭവങ്ങളും അവ നടക്കുന്നതിനു മുമ്പുതന്നെ നമ്മൾ അറിയാൻവേണ്ടിയാണ് യഹോവ അങ്ങനെ ചെയ്തത്. w23.08 8 ¶3-4