ജൂലൈ
ജൂലൈ 1 ചൊവ്വ
‘യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും സുഖപ്പെടുത്തുകയും ചെയ്തു.’—പ്രവൃ. 10:38.
സത്യത്തിൽ, പിതാവിന്റെ ചിന്തകളും വികാരങ്ങളും യേശു അതേ വിധത്തിൽ പകർത്തി. അത്ഭുതങ്ങൾ ഉൾപ്പെടെ യേശു ചെയ്തതും പറഞ്ഞതും ആയ എല്ലാ കാര്യങ്ങളിലും അതാണു കാണുന്നത്. (യോഹ. 14:9) യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? യേശുവും പിതാവും നമ്മളെ ആഴമായി സ്നേഹിക്കുന്നു. ദുരിതങ്ങൾ അനുഭവിച്ചിരുന്നവരെ സഹായിക്കുന്നതിന് അത്ഭുതകരമായ ശക്തി ഉപയോഗിച്ചതിലൂടെ ആളുകളെ താൻ എത്ര ആഴമായി സ്നേഹിക്കുന്നുണ്ടെന്നു യേശു തെളിയിച്ചു. ഒരിക്കൽ അന്ധരായ രണ്ടു പേർ സഹായത്തിനായി യേശുവിനോട് അപേക്ഷിച്ചു. (മത്താ. 20:30-34) അപ്പോൾ ‘മനസ്സ് അലിഞ്ഞിട്ട്’ യേശു അവരെ സുഖപ്പെടുത്തി. ‘മനസ്സ് അലിഞ്ഞു’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു ക്രിയാപദത്തിനു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽനിന്ന് വരുന്ന തീവ്രമായ അനുകമ്പയെ സൂചിപ്പിക്കാനാകും. ഈ അനുകമ്പയാണ് അനേകർക്കു ഭക്ഷണം കൊടുക്കാനും കുഷ്ഠരോഗിയെ സുഖപ്പെടുത്താനും എല്ലാം യേശുവിനെ പ്രേരിപ്പിച്ചത്. അതിലൂടെ യേശു അവരോടുള്ള സ്നേഹം തെളിയിച്ചു. (മത്താ. 15:32; മർക്കോ. 1:41) ‘ആർദ്രാനുകമ്പയുടെ’ ദൈവമായ യഹോവയും പുത്രനായ യേശുവും നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും നമ്മൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ അത് അവരെ വേദനിപ്പിക്കുന്നുണ്ടെന്നും ഉറപ്പോടെ പറയാൻ കഴിയും. (ലൂക്കോ. 1:78; 1 പത്രോ. 5:7) മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ മാറ്റുന്നതിന് അവർ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും! w23.04 3 ¶4-5
ജൂലൈ 2 ബുധൻ
“യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ! തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു; ദുഷ്ടന്റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുന്നു.”—സങ്കീ. 97:10.
സാത്താന്റെ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന തെറ്റായ ചിന്തകൾ അടങ്ങിയ കാര്യങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. പകരം ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ മനസ്സിൽ ശരിയായ ചിന്തകൾ നിറയ്ക്കാം. മീറ്റിങ്ങുകൾക്കു പോകുന്നതും പ്രസംഗപ്രവർത്തനം ചെയ്യുന്നതും നമ്മുടെ ചിന്തകൾ തെറ്റായ വഴിക്കു പോകാതെ സംരക്ഷിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്. നമുക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ഉണ്ടാകാൻ ദൈവം അനുവദിക്കില്ല. (1 കൊരി. 10:12, 13) ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ അവസാനകാലത്ത് യഹോവയോടു വിശ്വസ്തരായി തുടരാൻ കഴിയണമെങ്കിൽ, നമ്മൾ ഓരോരുത്തരും മുമ്പെന്നത്തെക്കാൾ അധികം പ്രാർഥിക്കേണ്ടതുണ്ട്. പ്രാർഥനയിൽ നമ്മൾ ‘ദൈവമുമ്പാകെ ഹൃദയം പകരാൻ’ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 62:8) യഹോവയെ സ്തുതിക്കുകയും യഹോവ നൽകുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറയുകയും ചെയ്യുക. പ്രസംഗപ്രവർത്തനം ചെയ്യാനുള്ള ധൈര്യത്തിനായി അപേക്ഷിക്കുക. പ്രശ്നങ്ങളെ നേരിടാനും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും ഉള്ള ശക്തിക്കായി യാചിക്കുക. പതിവായി യഹോവയോടു പ്രാർഥിക്കുന്നതിന് ഒരു തടസ്സമാകാൻ ആരെയും, ഒന്നിനെയും അനുവദിക്കരുത്. w23.05 7 ¶17-18
ജൂലൈ 3 വ്യാഴം
“പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക.”—എബ്രാ. 10:24.
നമ്മൾ മീറ്റിങ്ങുകൾക്കു പോകുന്നത് എന്തിനാണ്? പ്രധാനമായും യഹോവയെ സ്തുതിക്കുക എന്നതാണു നമ്മുടെ ഉദ്ദേശ്യം. (സങ്കീ. 26:12; 111:1) കൂടാതെ, ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങളിൽ പരസ്പരം പ്രോത്സാഹിപ്പിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. (1 തെസ്സ. 5:11) ഓരോ തവണ കൈ ഉയർത്തി അഭിപ്രായം പറയുമ്പോഴും നമ്മൾ ഈ രണ്ടു കാര്യവും ചെയ്യുകയാണ്. എന്നാൽ അഭിപ്രായം പറയുന്നതിനു രണ്ടു കാര്യങ്ങൾ തടസ്സമായേക്കാം. ഒന്നുകിൽ ഉത്തരം പറയാൻ നമുക്കു പേടിയായിരിക്കും. അല്ലെങ്കിൽ ആഗ്രഹിക്കുന്ന അത്രയും തവണ അഭിപ്രായങ്ങൾ പറയാനുള്ള അവസരം നമുക്കു കിട്ടുന്നില്ലായിരിക്കാം. ഈ തടസ്സങ്ങൾ നമുക്ക് എങ്ങനെ മറികടക്കാം? ‘പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ’ ശ്രദ്ധിക്കാൻ പൗലോസ് പറഞ്ഞു. നമ്മുടെ വിശ്വാസത്തെക്കുറിച്ചുള്ള ചെറിയചെറിയ അഭിപ്രായങ്ങൾപോലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്ന് ഓർക്കുന്നത് ഒരു പരിധിവരെ പേടിയെ മറികടക്കാൻ നമ്മളെ സഹായിക്കും. ഇനി കൂടെക്കൂടെ നമ്മളോടു ചോദിക്കുന്നില്ലെങ്കിൽ, അതിലൂടെ സഭയിലെ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ അവസരം കിട്ടുകയാണല്ലോ എന്ന് ഓർത്ത് നമുക്കു സന്തോഷിക്കാം.—1 പത്രോ. 3:8. w23.04 20 ¶1-3
ജൂലൈ 4 വെള്ളി
‘യരുശലേമിലേക്കു ചെന്ന് (യഹോവയുടെ) ഭവനം പുതുക്കിപ്പണിയുക.’—എസ്ര 1:3.
രാജാവ് ഒരു വിളംബരം നടത്തി! ഏതാണ്ട് 70 വർഷമായി ബാബിലോണിൽ അടിമകളായിരുന്ന ജൂതന്മാർക്ക് ഇനി അവരുടെ സ്വദേശമായ ഇസ്രായേലിലേക്കു തിരിച്ചുപോകാം. (എസ്ര 1:2-4) അങ്ങനെയൊരു കാര്യം സാധ്യമാക്കാൻ യഹോവയ്ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. കാരണം ബാബിലോൺകാർ പൊതുവേ അടിമകളെ വിട്ടയയ്ക്കാറില്ലായിരുന്നു. (യശ. 14:4, 17) എന്നാൽ സംഭവിച്ചതോ? ബാബിലോൺ സാമ്രാജ്യം തകർക്കപ്പെട്ടു! പുതിയ ഭരണാധികാരി ജൂതന്മാർക്കു പോകാനുള്ള അനുവാദം നൽകി. എല്ലാ ജൂതന്മാർക്കും, പ്രത്യേകിച്ച് കുടുംബനാഥന്മാർക്ക്, ഒരു തീരുമാനം എടുക്കേണ്ടതായിവന്നു. ബാബിലോൺ വിട്ടുപോകണോ, അതോ അവിടെ തുടരണോ? അത് അത്ര പെട്ടെന്ന് എടുക്കാൻ പറ്റുന്ന ഒരു തീരുമാനമായിരുന്നില്ല. പ്രായമായതുകൊണ്ട് അവരിൽ പലർക്കും ഒരു നീണ്ട യാത്ര ബുദ്ധിമുട്ടായിരുന്നിരിക്കാം. ഇനി, മിക്ക ജൂതന്മാരും ബാബിലോണിൽത്തന്നെ ജനിച്ചതുകൊണ്ട് അവർക്ക് അവിടം മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഇസ്രായേൽ എന്നത് അവർക്കു പൂർവികരുടെ ദേശം മാത്രമായിരുന്നു. വേറേ ചിലർക്കാണെങ്കിൽ ബാബിലോണിൽ നല്ല വീടും വലിയ ബിസിനെസ്സും ഒക്കെയുണ്ടായിരുന്നു. അതെല്ലാം വിട്ട് പരിചയമില്ലാത്ത ഒരു സ്ഥലത്ത് പോയി താമസിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. w23.05 14 ¶1-2
ജൂലൈ 5 ശനി
‘നിങ്ങൾ ഒരുങ്ങിയിരിക്കുക.’—മത്താ. 24:44.
സഹനശക്തിയും സ്നേഹവും അനുകമ്പയും നമ്മൾ തുടർന്നും വളർത്തിയെടുക്കാനാണു ദൈവവചനം പറയുന്നത്. ലൂക്കോസ് 21:19-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവൻ രക്ഷിക്കും.” കൊലോസ്യർ 3:12 പറയുന്നത് ‘അനുകമ്പ ധരിക്കുക’ എന്നാണ്. ഇനി, 1 തെസ്സലോനിക്യർ 4:9, 10 പറയുന്നു: “അന്യോന്യം സ്നേഹിക്കാൻ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. . . . എങ്കിലും സഹോദരങ്ങളേ, ഇനിയും കൂടുതൽ പുരോഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.” ആ ക്രിസ്ത്യാനികൾക്ക് അപ്പോൾത്തന്നെ സഹനശക്തിയും അനുകമ്പയും സ്നേഹവും ഉണ്ടായിരുന്നു. എങ്കിലും അവർ ഈ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ തുടരണമായിരുന്നു എന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു. നമ്മളും അതുതന്നെ ചെയ്യണം. അതിനുവേണ്ടി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ ഓരോ ഗുണവും എങ്ങനെയാണു കാണിച്ചതെന്നു പഠിക്കുക. എങ്ങനെ അവരുടെ മാതൃക അനുകരിക്കാമെന്നും കാണുക. അവരെ അനുകരിക്കുമ്പോൾ മഹാകഷ്ടതയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നെന്നു നിങ്ങൾ തെളിയിക്കുകയായിരിക്കും. അങ്ങനെയാകുമ്പോൾ മഹാകഷ്ടതയുടെ സമയമാകുമ്പോഴേക്കും എങ്ങനെ പിടിച്ചുനിൽക്കണമെന്നു നിങ്ങൾ പഠിച്ചിട്ടുണ്ടായിരിക്കും. മാത്രമല്ല, വിശ്വസ്തരായി സഹിച്ചുനിൽക്കാനുള്ള നിങ്ങളുടെ തീരുമാനം ശക്തവുമായിരിക്കും. w23.07 2 ¶4; 3 ¶8
ജൂലൈ 6 ഞായർ
“അവിടെ ഒരു പ്രധാനവീഥിയുണ്ടായിരിക്കും, വിശുദ്ധവഴി.”—യശ. 35:8.
നമ്മൾ അഭിഷിക്തരിൽപ്പെട്ടവരോ ‘വേറെ ആടുകളിൽപ്പെട്ടവരോ’ ആണെങ്കിലും ‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരണം. (യോഹ. 10:16) കാരണം യഹോവയെ ആരാധിക്കുന്നതിൽ തുടരാനും ദൈവരാജ്യത്തിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ നേടാനും അതു നമ്മളെ സഹായിക്കും. എ.ഡി. 1919 മുതൽ വ്യാജമത ലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയെ വിട്ട് ലക്ഷക്കണക്കിനു പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആ ആലങ്കാരിക വഴിയേ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ജൂതന്മാർ ബാബിലോൺ വിട്ട് പോന്നപ്പോൾ വഴിയിലുള്ള തടസ്സങ്ങളെല്ലാം മാറ്റിയിട്ടുണ്ടെന്ന് യഹോവ ഉറപ്പുവരുത്തി. (യശ. 57:14) ആധുനികനാളിലെ ‘വിശുദ്ധവഴിയുടെ’ കാര്യത്തിലോ? ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാൻ ആളുകളെ സഹായിക്കുന്നതിനുവേണ്ടി വഴി ഒരുക്കാൻ 1919-നു പല നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ദൈവഭയമുള്ള മനുഷ്യരെ യഹോവ ഉപയോഗിച്ചുതുടങ്ങി. (യശയ്യ 40:3 താരതമ്യം ചെയ്യുക.) അവർ നടത്തിയ ആ മുന്നൊരുക്കങ്ങൾ വ്യാജമതം ഉപേക്ഷിക്കാനും ദൈവജനത്തോടൊപ്പം യഹോവയെ ആരാധിക്കാനും പിൽക്കാലത്ത് ആത്മാർഥഹൃദയരായ ആളുകളെ സഹായിച്ചു. w23.05 15–16 ¶8-9
ജൂലൈ 7 തിങ്കൾ
“സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ. സന്തോഷാരവങ്ങളോടെ ദൈവസന്നിധിയിൽ വരുവിൻ.”—സങ്കീ. 100:2.
തന്റെ ദാസർ മുഴുമനസ്സോടെയും സന്തോഷത്തോടെയും തന്നെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (2 കൊരി. 9:7) അങ്ങനെയെങ്കിൽ ഒരു ആത്മീയലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി പ്രവർത്തിക്കാൻ ശക്തമായ ആഗ്രഹം തോന്നാത്തപ്പോഴും നമ്മൾ അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ടോ? പൗലോസ് അപ്പോസ്തലന്റെ കാര്യം നോക്കാം. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ ശരീരത്തെ, കർശനമായ ശിക്ഷണത്തിലൂടെ ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു.” (1 കൊരി. 9:25-27, അടിക്കുറിപ്പ്) ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ ആഗ്രഹം തോന്നാതിരുന്നപ്പോഴും അങ്ങനെ ചെയ്യാൻ പൗലോസ് തന്നെത്തന്നെ നിർബന്ധിച്ചു. അതു കണ്ടപ്പോൾ യഹോവയ്ക്കു സന്തോഷമായോ? തീർച്ചയായും. യഹോവ പൗലോസിനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു. (2 തിമൊ. 4:7, 8) പൗലോസിന്റെ കാര്യത്തിലെന്നപോലെ ആഗ്രഹം തോന്നാത്തപ്പോഴും ലക്ഷ്യത്തിൽ എത്താൻ നമ്മൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷം തോന്നും. കാരണം നമ്മൾ അതു ചെയ്യുന്നത് ആ കാര്യത്തോടുള്ള ഇഷ്ടംകൊണ്ടല്ല, മറിച്ച് തന്നോടുള്ള ഇഷ്ടംകൊണ്ടാണെന്ന് യഹോവയ്ക്ക് അറിയാം. പൗലോസിനെ അനുഗ്രഹിച്ചതുപോലെ യഹോവ നമ്മുടെ ശ്രമങ്ങളെയും അനുഗ്രഹിക്കും. (സങ്കീ. 126:5) ആ അനുഗ്രഹങ്ങൾ ആസ്വദിക്കുമ്പോൾ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ശക്തമായ ആഗ്രഹം നമുക്കു വീണ്ടും തോന്നിത്തുടങ്ങിയേക്കാം. w23.05 29 ¶9-10
ജൂലൈ 8 ചൊവ്വ
‘യഹോവയുടെ ദിവസം വരുന്നു.’—1 തെസ്സ. 5:2.
യഹോവയുടെ ദിവസത്തെ അതിജീവിക്കാത്തവരെ ഉറക്കത്തിലായിരിക്കുന്നവരോടാണു അപ്പോസ്തലനായ പൗലോസ് താരതമ്യം ചെയ്തത്. അങ്ങനെയുള്ളവർ ചുറ്റും നടക്കുന്ന കാര്യങ്ങളോ സമയം കടന്നുപോകുന്നതോ അറിയുന്നില്ല. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട എന്തെങ്കിലും നടന്നാൽ അതു തിരിച്ചറിയാനോ പ്രതികരിക്കാനോ അവർക്കു കഴിയില്ല. ഇന്നു മിക്ക ആളുകളും ആത്മീയമായി ഉറക്കത്തിലാണ്. (റോമ. 11:8) നമ്മൾ ജീവിക്കുന്നത് അവസാന കാലത്താണെന്നും മഹാകഷ്ടത ഉടനെ വരുമെന്നും ഉള്ളതിന്റെ തെളിവുകൾ അവർ വിശ്വസിക്കുന്നില്ല. (2 പത്രോ. 3:3, 4) എന്നാൽ ഓരോ ദിവസം കഴിയുന്തോറും ഉണർന്നിരിക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കൂടി വരികയാണെന്നു നമുക്കറിയാം. (1 തെസ്സ. 5:6) അതുകൊണ്ട് നമുക്ക് ശാന്തതയും സ്ഥിരതയും ഉണ്ടായിരിക്കണം. എന്തുകൊണ്ട്? അങ്ങനെയാകുമ്പോൾ ഇന്നത്തെ രാഷ്ട്രീയവും സാമൂഹികവും ആയ പ്രശ്നങ്ങളിൽ ഉൾപ്പെടാതെ നമ്മൾ മാറിനിൽക്കും. യഹോവയുടെ ദിവസം അടുക്കുന്തോറും ഈ കാര്യങ്ങളിൽ ഉൾപ്പെടാനുള്ള സമ്മർദം കൂടിക്കൂടി വരും. എങ്കിലും അങ്ങനെയുണ്ടായാൽ നമ്മൾ എന്തു ചെയ്യും എന്നോർത്ത് ഉത്കണ്ഠപ്പെടേണ്ട. കാരണം ശാന്തവും സ്ഥിരതയുള്ളതും ആയ ഒരു മനസ്സുണ്ടായിരിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ദൈവാത്മാവിനു നമ്മളെ സഹായിക്കാനാകും.—ലൂക്കോ. 12:11, 12. w23.06 10 ¶6-7
ജൂലൈ 9 ബുധൻ
“പരമാധികാരിയായ യഹോവേ, ദയവായി . . . എന്നെ ഓർക്കേണമേ. . . . എനിക്കു ശക്തി നൽകേണമേ.”—ന്യായാ. 16:28.
ശിംശോൻ എന്ന പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്താണ്? സാധ്യതയനുസരിച്ച് അദ്ദേഹത്തിന്റെ അസാധാരണമായ ശക്തിയായിരിക്കും. അതു ശരിയുമാണ്. പക്ഷേ അദ്ദേഹം തെറ്റായ ചില തീരുമാനങ്ങളെടുത്തു. അതിന്റെ മോശമായ ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. എങ്കിലും, യഹോവ കൂടുതലായി ശ്രദ്ധിച്ചതു ശിംശോന്റെ വിശ്വസ്തതയോടെയുള്ള സേവനമാണ്. അവ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ ഉൾപ്പെടുത്തുകയും ചെയ്തു. തന്റെ ജനമായ ഇസ്രായേലിനെ സഹായിക്കാൻ അതിശയകരമായ പലതും ചെയ്യുന്നതിന് യഹോവ ശിംശോനെ ഉപയോഗിച്ചു. ശിംശോൻ മരിച്ച് നൂറ്റാണ്ടുകൾക്കു ശേഷം വിശ്വാസത്തിന്റെ നല്ല മാതൃകകളായിരുന്ന ആളുകളോടൊപ്പം ശിംശോന്റെ പേരും ഉൾപ്പെടുത്താൻ യഹോവ അപ്പോസ്തലനായ പൗലോസിനെ പ്രേരിപ്പിക്കുകയും ചെയ്തു. (എബ്രാ. 11:32-34) അദ്ദേഹത്തിന്റെ മാതൃക നമുക്കു വലിയൊരു പ്രോത്സാഹനമാണ്. കാരണം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. ശിംശോനിൽനിന്ന് നമുക്ക് പലതും പഠിക്കാം. അദ്ദേഹത്തിന്റെ മാതൃക നമ്മളെ പ്രോത്സാഹിപ്പിക്കും. w23.09 2 ¶1-2
ജൂലൈ 10 വ്യാഴം
‘നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക.’—ഫിലി. 4:6.
നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചെല്ലാം തുറന്നുപറഞ്ഞുകൊണ്ട് കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കുന്നതിലൂടെ നമുക്കു സഹനശക്തി വർധിപ്പിക്കാനാകും. (1 തെസ്സ. 5:17) ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്കു കടുത്ത പരീക്ഷണങ്ങൾ ഒന്നും ഇല്ലായിരിക്കാം. എങ്കിലും മനസ്സു വിഷമിക്കുമ്പോഴോ എന്തു ചെയ്യണമെന്ന് അറിയാത്തപ്പോഴോ സഹായത്തിനായി യഹോവയിലേക്കു നോക്കാറുണ്ടോ? ഇപ്പോൾ ചെറിയചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾത്തന്നെ നിങ്ങൾ അങ്ങനെ ചെയ്യുന്നത് ഒരു ശീലമാക്കുന്നെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്നുതന്നെ യഹോവയിലേക്കു തിരിയാൻ നിങ്ങൾ തയ്യാറാകും. മാത്രമല്ല, എപ്പോൾ, എങ്ങനെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കണമെന്ന് യഹോവയ്ക്ക് കൃത്യമായി അറിയാമെന്ന നിങ്ങളുടെ ബോധ്യം അതിലൂടെ ശക്തമാകുകയും ചെയ്യും. അത് പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും. (സങ്കീ. 27:1, 3) ഇന്നു പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ സഹിച്ചുനിന്നാൽ നാളെ മഹാകഷ്ടതയുടെ സമയത്ത് പിടിച്ചുനിൽക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും. (റോമ. 5:3) ജീവിതത്തിൽ വിശ്വാസത്തിന്റെ പരിശോധന ഉണ്ടായ ഓരോ സമയത്തും സഹിച്ചുനിന്നത് അടുത്ത പരീക്ഷണത്തെ നേരിടാൻ പല സഹോദരങ്ങളെയും സഹായിച്ചിട്ടുണ്ട്. അത് എങ്ങനെയാണ്? ഓരോ തവണയും യഹോവയുടെ സഹായത്താൽ വിശ്വസ്തരായി തുടരാൻ കഴിഞ്ഞതുകൊണ്ട് തങ്ങളെ സഹായിക്കാൻ യഹോവ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്ന അവരുടെ വിശ്വാസം ശക്തമായി. ആ വിശ്വാസം അടുത്ത പരീക്ഷണത്തെ വിജയകരമായി നേരിടാൻ അവരെ സഹായിച്ചു.—യാക്കോ. 1:2-4. w23.07 3 ¶7-8
ജൂലൈ 11 വെള്ളി
“ഞാൻ പരിഗണന കാണിക്കും.”—ഉൽപ. 19:21.
വഴക്കം കാണിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്ന രണ്ടു ഗുണങ്ങളാണു താഴ്മയും അനുകമ്പയും. ഉദാഹരണത്തിന് സോദോമിലെ ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻപോകുന്ന സമയത്ത് യഹോവ താഴ്മ കാണിച്ചത് എങ്ങനെയാണെന്നു നോക്കുക. തന്റെ ദൂതന്മാരെ അയച്ച് യഹോവ നീതിമാനായ ലോത്തിനോടു മലനാട്ടിലേക്ക് ഓടിപ്പോകാൻ പറഞ്ഞു. പക്ഷേ അങ്ങോട്ടുപോകാൻ ഭയം തോന്നിയതുകൊണ്ട് അടുത്തുള്ള ചെറിയ പട്ടണമായ സോവറിലേക്കു പോകാൻ തന്നെയും കുടുംബത്തെയും അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. യഹോവയ്ക്കു വേണമെങ്കിൽ ലോത്തിനോട്, ‘ഞാൻ പറയുന്നതങ്ങ് അനുസരിച്ചാൽ മതി’ എന്നു പറയാമായിരുന്നു. കാരണം ആ പട്ടണവും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും അവിടേക്കു പോകാൻ യഹോവ ലോത്തിനെ അനുവദിച്ചു. ആ പട്ടണം നശിപ്പിച്ചുമില്ല. (ഉൽപ. 19:18-22) ഇനി, വർഷങ്ങൾക്കുശേഷം നിനെവെയിലെ ആളുകളോട് യഹോവ അനുകമ്പ കാണിച്ചു. ആ നഗരത്തെയും അതിലെ ദുഷ്ടമനുഷ്യരെയും പെട്ടെന്നുതന്നെ നശിപ്പിക്കുമെന്ന് അറിയിക്കാൻ യഹോവ യോന പ്രവാചകനെ അങ്ങോട്ട് അയച്ചു. പക്ഷേ നിനെവെക്കാർ മാനസാന്തരപ്പെട്ടതുകൊണ്ട് യഹോവയ്ക്ക് അവരോട് അനുകമ്പ തോന്നുകയും ആ നഗരം നശിപ്പിക്കേണ്ടാ എന്നു തീരുമാനിക്കുകയും ചെയ്തു.—യോന 3:1, 10; 4:10, 11. w23.07 21 ¶5
ജൂലൈ 12 ശനി
‘യഹോവാശിനെ അവർ കൊന്നുകളഞ്ഞു. പക്ഷേ അദ്ദേഹത്തെ രാജാക്കന്മാരുടെ കല്ലറയിലായിരുന്നില്ല അടക്കിയത്.’—2 ദിന. 24:25.
യഹോവാശിന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ആഴത്തിൽ വേരില്ലാത്ത, താങ്ങുകൊടുത്ത് നിറുത്തിയിരുന്ന ഒരു മരംപോലെയായിരുന്നു അദ്ദേഹം. താങ്ങായിരുന്ന യഹോയാദ മരിക്കുകയും വിശ്വാസത്യാഗം എന്ന കാറ്റ് അടിക്കുകയും ചെയ്തപ്പോൾ യഹോവാശ് മറിഞ്ഞുവീണു. ഇതു നമ്മളെ ശക്തമായൊരു പാഠം പഠിപ്പിക്കുന്നു. നമുക്കുള്ള ദൈവഭയം മറ്റു സഹോദരങ്ങളെയോ കുടുംബാംഗങ്ങളെയോ മാത്രം ആശ്രയിച്ചായിരിക്കരുത്. പകരം നമുക്കുതന്നെ ദൈവവുമായി വളരെ അടുത്ത ഒരു ബന്ധമുണ്ടായിരിക്കണം. അതിനുവേണ്ടി പതിവായി ബൈബിൾ പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പ്രാർഥിക്കുകയും ഒക്കെ ചെയ്തുകൊണ്ടു ദൈവത്തോടുള്ള സ്നേഹവും ഭയാദരവും നമ്മൾ കൂടുതൽ ശക്തമാക്കണം. (യിരെ. 17:7, 8; കൊലോ. 2:6) യഹോവ നമ്മളിൽനിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നില്ല. സഭാപ്രസംഗകൻ 12:13-ൽ യഹോവ നമ്മളോട് എന്താണ് ആവശ്യപ്പെടുന്നതെന്നു ചുരുക്കി പറഞ്ഞിട്ടുണ്ട്. അവിടെ പറയുന്നു: “സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകൾ അനുസരിക്കുക. മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.” ദൈവഭയമുണ്ടെങ്കിൽ ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും വിശ്വസ്തരായി തുടരാൻ നമുക്കാകും. യഹോവയുമായുള്ള നമ്മുടെ സ്നേഹബന്ധം തകർക്കാൻ യാതൊന്നിനുമാകില്ല. w23.06 19 ¶17-19
ജൂലൈ 13 ഞായർ
“ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.”—വെളി. 21:5.
5-ാം വാക്യം തുടങ്ങുന്നതു “സിംഹാസനത്തിൽ ഇരിക്കുന്നവൻ” പറഞ്ഞു എന്ന വാക്കുകളോടെയാണ്. ഇതിനൊരു പ്രത്യേകതയുണ്ട്. കാരണം മൂന്നു സന്ദർഭങ്ങളിൽ മാത്രമേ യഹോവ നേരിട്ട് സംസാരിക്കുന്നതായി വെളിപാടു പുസ്തകത്തിൽ പറഞ്ഞിട്ടുള്ളൂ. അതിലൊന്നാണ് ഇത്. ഈ ഉറപ്പു തന്നിരിക്കുന്നത് ഒരു ദൈവദൂതനോ യേശുപോലുമോ അല്ല, യഹോവതന്നെയാണ്. തുടർന്നുപറയുന്ന വാക്കുകൾ വിശ്വസിക്കാമെന്നാണ് അതു കാണിക്കുന്നത്. കാരണം യഹോവയ്ക്കു ‘നുണ പറയാൻ കഴിയില്ല.’ (തീത്തോ. 1:2) അതുകൊണ്ട്, വെളിപാട് 21:5, 6-ൽ പറയുന്ന കാര്യങ്ങൾ നമുക്കു വിശ്വസിക്കാം. യഹോവ പറയുന്നു: “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു.” “ഇതാ” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം വെളിപാട് പുസ്തകത്തിൽ പല വാക്യങ്ങളിലും കാണാം. ദൈവം തുടർന്ന് എന്താണു പറയുന്നത്? “ഞാൻ എല്ലാം പുതിയതാക്കുന്നു.” ഇവിടെ, ഞാൻ എല്ലാം പുതിയതാക്കും എന്നല്ല പുതിയതാക്കുന്നു എന്നാണ് യഹോവ പറഞ്ഞത്. ഭാവിയിൽ കൊണ്ടുവരാൻപോകുന്ന മാറ്റങ്ങളെക്കുറിച്ചാണ് യഹോവ പറയുന്നതെങ്കിലും അത് ഇപ്പോൾത്തന്നെ ചെയ്യുന്നതുപോലെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാരണം താൻ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നിറവേറുമെന്ന് യഹോവയ്ക്ക് അത്ര ഉറപ്പാണ്.—യശ. 46:10. w23.11 3–4 ¶7-8
ജൂലൈ 14 തിങ്കൾ
“പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.”—മത്താ. 26:75.
പത്രോസ് തന്റെ ബലഹീനതകൾ മറികടക്കാൻ പാടുപെട്ടു. ചില ഉദാഹരണങ്ങൾ നോക്കാം. തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ താൻ കഷ്ടതകൾ സഹിച്ച് മരിക്കുമെന്നു യേശു ഒരിക്കൽ പറഞ്ഞപ്പോൾ, പത്രോസ് യേശുവിനെ ശകാരിച്ചു. (മർക്കോ. 8:31-33) ഇനി, പത്രോസും മറ്റ് അപ്പോസ്തലന്മാരും പല തവണ തങ്ങളിൽ ആരാണു വലിയവൻ എന്നതിനെക്കുറിച്ച് തർക്കിച്ചിട്ടുണ്ട്. (മർക്കോ. 9:33, 34) യേശുവിന്റെ മരണത്തിന്റെ തലേ രാത്രി പത്രോസ് എടുത്തുചാടി പ്രവർത്തിച്ചു. ഒരാളുടെ ചെവി വെട്ടിക്കളഞ്ഞു. (യോഹ. 18:10) അതേ രാത്രിതന്നെ പേടി കാരണം പത്രോസ് മൂന്നു തവണ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ യേശുവിനെ തള്ളിപ്പറഞ്ഞു. (മർക്കോ. 14:66-72) അത് ഓർത്ത് പത്രോസ് പിന്നീട് ഒരുപാടു കരഞ്ഞു. നിരാശയിൽ ആണ്ടുപോയ തന്റെ അപ്പോസ്തലനെ യേശു കൈവിട്ടില്ല. പുനരുത്ഥാനശേഷം യേശു പത്രോസിനെ ചെന്ന് കാണുകയും തന്നോടുള്ള സ്നേഹം തുറന്നുപറയാൻ അവസരം കൊടുക്കുകയും ചെയ്തു. കൂടാതെ, താഴ്മയോടെ തന്റെ ആടുകളെ മേയ്ക്കാനുള്ള ഉത്തരവാദിത്വവും യേശു അദ്ദേഹത്തെ ഏൽപ്പിച്ചു. (യോഹ. 21:15-17) യേശു തന്നോട് ആവശ്യപ്പെട്ടതു ചെയ്യാൻ പത്രോസ് തയ്യാറായി. പെന്തിക്കോസ്ത് ദിവസം അദ്ദേഹം യരുശലേമിലുണ്ടായിരുന്നു. അങ്ങനെ ആദ്യമായി പരിശുദ്ധാത്മാവിനാൽ അഭിഷേകം ലഭിച്ചവരുടെ കൂട്ടത്തിലായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. w23.09 22 ¶6-7
ജൂലൈ 15 ചൊവ്വ
“എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.”—യോഹ. 21:16.
“ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക” എന്ന് അപ്പോസ്തലനായ പത്രോസ് സഹമൂപ്പന്മാരോടു പറഞ്ഞു. (1 പത്രോ. 5:1-4.) നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഹോദരങ്ങളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെന്നും അവർക്കു വേണ്ട സഹായവും പ്രോത്സാഹനവും നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പാണ്. പക്ഷേ തിരക്കും ക്ഷീണവും കാരണം ആ ഉത്തരവാദിത്വം ചെയ്യാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അപ്പോൾ നിങ്ങളെ എന്തു സഹായിക്കും? നിങ്ങളുടെ ഉത്കണ്ഠകളെക്കുറിച്ച് യഹോവയോടു തുറന്നുപറയുക. പത്രോസ് എഴുതി: “ആരെങ്കിലും . . . ശുശ്രൂഷിക്കുന്നെങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ച് ശുശ്രൂഷിക്കട്ടെ.” (1 പത്രോ. 4:11) ഈ വ്യവസ്ഥിതിയിൽ പൂർണമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളായിരിക്കാം ചിലപ്പോൾ സഹോദരങ്ങൾ അനുഭവിക്കുന്നത്. എന്നാൽ മറ്റാരെക്കാളും നന്നായി അവരെ സഹായിക്കാൻ ‘മുഖ്യയിടയനായ’ യേശുക്രിസ്തുവിനു കഴിയുമെന്ന കാര്യം ഓർക്കുക. ഇപ്പോഴും പുതിയ ഭൂമിയിലും യേശു അങ്ങനെ ചെയ്യും. യഹോവ മൂപ്പന്മാരിൽനിന്ന് പ്രതീക്ഷിക്കുന്നതു സഹോദരങ്ങളെ സ്നേഹിക്കാനും അവർക്ക് ഇടയവേല ചെയ്യാനും ‘ആട്ടിൻപറ്റത്തിനു മാതൃകകളായിരിക്കാനും’ മാത്രമാണ്. w23.09 29–30 ¶13-14
ജൂലൈ 16 ബുധൻ
“ജ്ഞാനികളുടെ ചിന്തകൾ കഴമ്പില്ലാത്തതാണെന്ന് യഹോവയ്ക്ക് അറിയാം.”—1 കൊരി. 3:20.
നമ്മൾ മാനുഷികമായ ചിന്താരീതിക്കു വഴിപ്പെടരുത്. മാനുഷികമായ രീതിയിലാണു കാര്യങ്ങളെ കാണുന്നതെങ്കിൽ നമ്മൾ യഹോവയെയും യഹോവയുടെ നിലവാരങ്ങളെയും അവഗണിക്കാൻ തുടങ്ങിയേക്കാം. (1 കൊരി. 3:19) ‘ഈ ലോകത്തിന്റെ ജ്ഞാനത്തിനു’ ചേർച്ചയിൽ പ്രവർത്തിക്കാനായിരിക്കാം മിക്കപ്പോഴും നമ്മുടെ സ്വാഭാവികചായ്വ്. പെർഗമൊസിലെയും തുയഥൈരയിലെയും ചില ക്രിസ്ത്യാനികൾ ആ കെണിയിൽ വീണുപോയി. അവർ അവിടത്തെ ആളുകളുടെ അധാർമികപ്രവൃത്തികളും വിഗ്രഹാരാധനയും തങ്ങളെ സ്വാധീനിക്കാൻ അനുവദിച്ചു. ലൈംഗിക അധാർമികത വെച്ചുപൊറുപ്പിച്ചതിന്റെ പേരിൽ ആ രണ്ടു സഭകൾക്കും യേശു ശക്തമായ തിരുത്തൽ നൽകി. (വെളി. 2:14, 20) ഇന്നും തെറ്റായ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സമ്മർദം നമുക്കും നേരിടാറുണ്ട്. നമ്മുടെ നിയമങ്ങൾ അങ്ങേയറ്റം കർക്കശമാണെന്നും ചിലതൊക്കെ അനുസരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും നമ്മളെ വിശ്വസിപ്പിക്കാൻ കുടുംബാംഗങ്ങളോ കൂട്ടുകാരോ ശ്രമിച്ചേക്കാം. ബൈബിളിന്റെ ധാർമികനിലവാരങ്ങൾ പഴഞ്ചനാണെന്നും നമ്മുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു ഒരു തെറ്റല്ലെന്നും ഒക്കെയായിരിക്കാം അവർ പറയുന്നത്. ഇനി, മറ്റു ചിലപ്പോൾ യഹോവ വേണ്ടത്ര നിർദേശങ്ങൾ തന്നിട്ടില്ലെന്നു നമുക്കു തോന്നിയേക്കാം. അതുകൊണ്ടുതന്നെ ‘എഴുതിയിരിക്കുന്നതിന് അപ്പുറം പോകാൻ’ നമുക്കൊരു പ്രവണത തോന്നാനിടയുണ്ട്.—1 കൊരി. 4:6. w23.07 16 ¶10-11
ജൂലൈ 17 വ്യാഴം
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാ. 17:17.
യേശുവിന്റെ അമ്മയായ മറിയയ്ക്ക് നല്ല ധൈര്യം ആവശ്യമായിരുന്നു. കല്യാണം കഴിക്കാത്ത മറിയയോട് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്നു ഗബ്രിയേൽ ദൂതൻ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്തുമാത്രം ഉത്കണ്ഠ തോന്നിക്കാണും! ഇനി, കുട്ടികളെ വളർത്തി പരിചയമൊന്നും ഇല്ലാതിരുന്ന മറിയയ്ക്ക് ഭാവിയിൽ മിശിഹയാകുമായിരുന്ന കുഞ്ഞിനെ വളർത്തുന്നതിനുള്ള വലിയൊരു നിയമനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലൈംഗികബന്ധങ്ങളിലൊന്നും ഏർപ്പെടാതെയാണു താൻ ഇപ്പോൾ ഗർഭിണിയായിരിക്കുന്നതെന്ന കാര്യം, കല്യാണം കഴിക്കാൻ പോകുന്ന യോസേഫിനോടു പറയുന്നതും മറിയയ്ക്ക് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. (ലൂക്കോ. 1:26-33) മറിയയ്ക്ക് എങ്ങനെയാണു ധൈര്യം കിട്ടിയത്? മറിയ മറ്റുള്ളവരുടെ സഹായം തേടി. ഉദാഹരണത്തിന്, ആ നിയമനത്തെക്കുറിച്ചുള്ള കൂടുതലായ കാര്യങ്ങൾ മറിയ ഗബ്രിയേൽ ദൂതനോടു ചോദിച്ചറിഞ്ഞു. (ലൂക്കോ. 1:34) അതു കഴിഞ്ഞ് അധികം വൈകാതെ മറിയ ബന്ധുവായ എലിസബത്തിനെ കാണാൻ വളരെ ദൂരം യാത്ര ചെയ്ത് യഹൂദയിലെ “മലനാട്ടിലുള്ള” ഒരു നഗരത്തിലേക്കു പോയി. എലിസബത്ത് മറിയയെ അഭിനന്ദിക്കുകയും ദൈവാത്മാവ് പ്രചോദിപ്പിച്ചിട്ട്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് സന്തോഷം നൽകുന്ന ഒരു കാര്യം മറിയയോടു മുൻകൂട്ടി പറയുകയും ചെയ്തു. (ലൂക്കോ. 1:39-45) അപ്പോൾ യഹോവ “തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു മറിയ പറഞ്ഞു. (ലൂക്കോ. 1:46-51) ഗബ്രിയേൽ ദൂതനിലൂടെയും എലിസബത്തിലൂടെയും യഹോവ മറിയയ്ക്കു വേണ്ട ധൈര്യം കൊടുത്തു. w23.10 14–15 ¶10-12
ജൂലൈ 18 വെള്ളി
‘യേശുക്രിസ്തു തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും ഒരു രാജ്യവും ആക്കിത്തീർത്തു.’ —വെളി. 1:6.
ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ കുറച്ച് പേർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുകയും അവർ യഹോവയുമായുള്ള ഒരു പ്രത്യേകബന്ധത്തിലേക്കു വരുകയും ചെയ്തിരിക്കുന്നു. ആ 1,44,000 പേർ യേശുവിനോടൊപ്പം സ്വർഗത്തിൽ പുരോഹിതന്മാരായി സേവിക്കാനുള്ളവരാണ്. (വെളി. 14:1) അവർ ഭൂമിയിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം അവരെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്ത് തന്റെ സ്വന്തം പുത്രന്മാരായി ദത്തെടുക്കുന്നു. യഹോവയുമായി അവർക്കുള്ള ഈ പ്രത്യേകബന്ധത്തെയാണു വിശുദ്ധകൂടാരത്തിലെ വിശുദ്ധസ്ഥലം സൂചിപ്പിക്കുന്നത്. (റോമ. 8:15-17) ഇനി, വിശുദ്ധകൂടാരത്തിലെ അതിവിശുദ്ധം സൂചിപ്പിക്കുന്നത് യഹോവയുടെ വാസസ്ഥലമായ സ്വർഗത്തെയാണ്. വിശുദ്ധകൂടാരത്തിലെ ഈ രണ്ടു ഭാഗങ്ങളെ വേർതിരിക്കുന്ന “തിരശ്ശീല” അർഥമാക്കുന്നത് യേശുവിന്റെ മനുഷ്യശരീരത്തെയാണ്. മനുഷ്യശരീരത്തിൽ ആയിരിക്കുന്നിടത്തോളം കാലം യേശുവിന് ആത്മീയാലയത്തിന്റെ ശ്രേഷ്ഠനായ മഹാപുരോഹിതൻ എന്ന നിലയിൽ സ്വർഗത്തിലേക്കു പ്രവേശിക്കാനാകുമായിരുന്നില്ല. മുഴു മനുഷ്യകുടുംബത്തിനുംവേണ്ടി യേശു തന്റെ ശരീരം ഒരു ബലിയായി അർപ്പിച്ചതിലൂടെ എല്ലാ അഭിഷിക്തക്രിസ്ത്യാനികൾക്കും സ്വർഗീയജീവൻ നേടാനുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു. സ്വർഗീയജീവൻ കിട്ടാൻ അവരും തങ്ങളുടെ മനുഷ്യശരീരം ഉപേക്ഷിക്കേണ്ടതുണ്ട്—എബ്രാ. 10:19, 20; 1 കൊരി. 15:50. w23.10 28 ¶13
ജൂലൈ 19 ശനി
‘ഗിദെയോനെക്കുറിച്ച് വിവരിക്കാൻ സമയം പോരാ.’—എബ്രാ. 11:32.
എഫ്രയീമ്യർ കുറ്റപ്പെടുത്തിയപ്പോൾ ഗിദെയോൻ ദേഷ്യപ്പെട്ടില്ല. പകരം ശാന്തമായിട്ടാണു പ്രതികരിച്ചത്. (ന്യായാ. 8:1-3) അവർക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കുകയും ദയയോടെ മറുപടി പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം താഴ്മ കാണിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനായി. ഇന്നു മൂപ്പന്മാരും ആരെങ്കിലും തങ്ങളെ കുറ്റപ്പെടുത്തുമ്പോൾ ദേഷ്യപ്പെടാതെ അവർക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേൾക്കുകയും ശാന്തമായി പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഗിദെയോന്റെ മാതൃക അനുകരിക്കുന്നു. (യാക്കോ. 3:13) അങ്ങനെ സഭയിൽ സമാധാനം നിലനിറുത്താൻ അവർക്കാകുന്നു. മിദ്യാന്യരുടെമേൽ ജയം നേടിയപ്പോൾ ആളുകൾ വന്ന് ഗിദെയോനെ പ്രശംസിച്ചു. പക്ഷേ അദ്ദേഹം അവരുടെ ശ്രദ്ധ തന്നിൽനിന്ന് യഹോവയിലേക്കു തിരിച്ചുവിടുകയാണ് ചെയ്തത്. (ന്യായാ. 8:22, 23) ഇന്നു മൂപ്പന്മാർക്ക് എങ്ങനെ ഗിദെയോന്റെ മാതൃക അനുകരിക്കാം? തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കുള്ള മഹത്ത്വം യഹോവയ്ക്കു നൽകിക്കൊണ്ട്. (1 കൊരി. 4:6, 7) ഉദാഹരണത്തിന് ഒരു മൂപ്പന്റെ പഠിപ്പിക്കൽരീതി വളരെ നല്ലതാണെന്ന് ആരെങ്കിലും പറയുന്നു എന്നിരിക്കട്ടെ. അപ്പോൾ, താൻ പഠിപ്പിക്കുന്നത് ദൈവവചനത്തിൽനിന്നാണെന്നും യഹോവയുടെ സംഘടനയിലൂടെ നമുക്കു കിട്ടുന്ന പരിശീലനമാണു തന്നെ അതിനു സഹായിക്കുന്നതെന്നും അദ്ദേഹത്തിനു പറയാനാകും. ഇനി, തങ്ങൾ പഠിപ്പിക്കുന്നത് യഹോവയ്ക്കു മഹത്ത്വം നൽകുന്ന രീതിയിലാണോ അതോ തങ്ങളിലേക്ക് അനാവശ്യശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണോ എന്നും മൂപ്പന്മാർക്ക് ഇടയ്ക്കിടെ ചിന്തിക്കാവുന്നതാണ്. w23.06 4 ¶7-8
ജൂലൈ 20 ഞായർ
“എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകൾപോലെയല്ല.”—യശ. 55:8.
പ്രാർഥനയിൽ നമ്മൾ ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ നമുക്കു സ്വയം ചോദിക്കാം, ‘ഞാൻ പ്രാർഥിക്കുന്നതു ശരിയായ കാര്യത്തിനുവേണ്ടിയാണോ?’ നമ്മുടെ കാര്യത്തിൽ എന്താണ് ഏറ്റവും നല്ലതെന്നു നമുക്ക് അറിയാമെന്നാണു മിക്കപ്പോഴും നമ്മൾ ചിന്തിക്കുന്നത്. എന്നാൽ നമ്മുടെ മുന്നോട്ടുള്ള ജീവിതം കണക്കിലെടുക്കുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന കാര്യം നമുക്കു ശരിക്കും പ്രയോജനം ചെയ്യണമെന്നില്ല. നമ്മുടെ പ്രശ്നത്തിനു നമ്മൾ ആവശ്യപ്പെടുന്നതിനെക്കാൾ മികച്ച ഒരു പരിഹാരം വേറെ ഉണ്ടായിരിക്കാം. ഇനി, ചിലപ്പോൾ നമ്മൾ അപേക്ഷിച്ച കാര്യം യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലുള്ളതായിരിക്കില്ല. (1 യോഹ. 5:14) ഉദാഹരണത്തിന്, മാതാപിതാക്കളുടെ കാര്യമെടുക്കുക. തങ്ങളുടെ കുട്ടി സത്യത്തിൽ തുടരാനിടയാക്കണമെന്ന് അവർ യഹോവയോടു പ്രാർഥിക്കുന്നു. അങ്ങനെ അപേക്ഷിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ ഓർക്കേണ്ട കാര്യം, തന്നെ സേവിക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല എന്നതാണ്. മക്കൾ ഉൾപ്പെടെ നമ്മൾ എല്ലാവരും അതു സ്വയം തിരഞ്ഞെടുക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (ആവ. 10:12, 13; 30:19, 20) അതുകൊണ്ട് യഹോവയെ സ്നേഹിക്കാനും സുഹൃത്താക്കാനും പ്രേരിപ്പിക്കുന്ന വിധത്തിൽ കുട്ടിയെ പഠിപ്പിക്കാൻ സഹായിക്കണമെന്നു മാതാപിതാക്കൾക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയും.—സുഭാ. 22:6; എഫെ. 6:4. w23.11 21 ¶5; 23 ¶12
ജൂലൈ 21 തിങ്കൾ
“പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടിരിക്കുക.”—1 തെസ്സ. 4:18.
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നത് അവരോടുള്ള സ്നേഹം തെളിയിക്കാനുള്ള ഒരു പ്രധാനവിധമായിരിക്കുന്നത് എന്തുകൊണ്ടാണ്? ബൈബിൾവാക്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം പറയുന്നതനുസരിച്ച് ‘ആശ്വസിപ്പിക്കുക’ എന്നതിനു പൗലോസ് ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ അർഥം “പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെ പ്രോത്സാഹിപ്പിക്കാൻവേണ്ടി അയാളുടെ അടുത്ത് നിൽക്കുക” എന്നാണ്. അതുകൊണ്ട് കഷ്ടതയിലായിരിക്കുന്ന ഒരു സഹോദരനെ നമ്മൾ ആശ്വസിപ്പിക്കുന്നതിലൂടെ തളർന്നുപോകാതെ ജീവന്റെ പാതയിൽ തുടർന്നും നടക്കാൻ നമ്മൾ ആ വ്യക്തിയെ സഹായിക്കുകയായിരിക്കും. അങ്ങനെ ഓരോ തവണ സഹോദരങ്ങളെ ആശ്വസിപ്പിക്കുമ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നു നമ്മൾ തെളിയിക്കുകയാണ്. (2 കൊരി. 7:6, 7, 13) അനുകമ്പ തോന്നുന്നതും ആശ്വാസം നൽകുന്നതും തമ്മിൽ അടുത്ത ബന്ധമുണ്ട്. കാരണം, കഷ്ടതയിലായിരിക്കുന്ന ആരോടെങ്കിലും അനുകമ്പ തോന്നുന്നയാൾ ആ വ്യക്തിയെ ആശ്വസിപ്പിക്കാനും എങ്ങനെയും അദ്ദേഹത്തെ സഹായിക്കാനും ആഗ്രഹിക്കും. അതുകൊണ്ട് മറ്റുള്ളവരോട് അനുകമ്പ തോന്നുമ്പോഴാണ് അവരെ ആശ്വസിപ്പിക്കാൻ നമ്മൾ തയ്യാറാകുന്നത്. യഹോവയുടെ അനുകമ്പ ദൈവം നൽകുന്ന ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു പൗലോസ് വ്യക്തമാക്കി. യഹോവയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദൈവം മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ.”—2 കൊരി. 1:3. w23.11 9–10 ¶8-10
ജൂലൈ 22 ചൊവ്വ
“കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.”—റോമ. 5:3.
ക്രിസ്തുവിന്റെ അനുഗാമികൾക്കെല്ലാം കഷ്ടതയുണ്ടാകും എന്നതാണു വസ്തുത. പൗലോസിനെക്കുറിച്ച് ചിന്തിക്കുക. പൗലോസ് തെസ്സലോനിക്യയിലുള്ള ക്രിസ്ത്യാനികളോടു പറഞ്ഞു: “നമ്മൾ കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നു നിങ്ങളുടെകൂടെ ആയിരുന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂട്ടിപ്പറയാറുണ്ടായിരുന്നല്ലോ. . . . ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു.” (1 തെസ്സ. 3:4) കൊരിന്തിലുള്ളവർക്കു പൗലോസ് എഴുതി: ‘സഹോദരങ്ങളേ, ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെ പോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നുപോലും ഞങ്ങൾക്ക് ആശങ്ക തോന്നി.’ (2 കൊരി. 1:8; 11:23-27) ഏതെങ്കിലും തരത്തിലുള്ള കഷ്ടത തങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്നത്തെ ക്രിസ്ത്യാനികൾക്കും അറിയാം. (2 തിമൊ. 3:12) യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതുകൊണ്ട് സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ ഉപദ്രവിച്ചിട്ടുണ്ടാകും. ഇനി എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കാൻ നിങ്ങൾ ശ്രമിച്ചതിന്റെ പേരിൽ ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടായോ? (എബ്രാ. 13:18) മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിച്ചതുകൊണ്ട് ഗവൺമെന്റിന്റെ എതിർപ്പു നേരിടേണ്ടിവന്നോ? നേരിടുന്ന കഷ്ടതകൾ എന്തുതന്നെയാണെങ്കിലും, പൗലോസ് പറഞ്ഞത് നമ്മൾ സന്തോഷിക്കണം എന്നാണ്. w23.12 10–11 ¶9-10
ജൂലൈ 23 ബുധൻ
‘നിങ്ങൾ എന്നെ വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നു.’—ഉൽപ. 34:30.
യാക്കോബിനു പല പ്രശ്നങ്ങളുണ്ടായി. യാക്കോബിന്റെ രണ്ടു മക്കളായ ശിമെയോനും ലേവിയും കുടുംബത്തിനും യഹോവയുടെ പേരിനും വലിയ നിന്ദ വരുത്തി. കൂടാതെ, യാക്കോബിന്റെ പ്രിയ ഭാര്യയായ റാഹേൽ ഇളയ മകനെ പ്രസവിക്കുന്ന സമയത്ത് മരിച്ചുപോയി. ഇനി, യാക്കോബിനു വളരെ പ്രായമായശേഷം കടുത്ത ക്ഷാമം കാരണം ഈജിപ്തിലേക്കു പോകേണ്ടതായും വന്നു. (ഉൽപ. 35:16-19; 37:28; 45:9-11, 28) ഇത്രയധികം പ്രശ്നങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും യാക്കോബിന് ഒരിക്കലും യഹോവയിലും യഹോവയുടെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ യാക്കോബിനു തന്റെ സ്നേഹവും അംഗീകാരവും ഉണ്ടെന്ന് യഹോവയും തെളിയിച്ചു. ഉദാഹരണത്തിന്, ധാരാളം സ്വത്തുക്കൾ നൽകി യഹോവ യാക്കോബിനെ അനുഗ്രഹിച്ചു. ഇനി, വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയെന്നു കരുതിയ തന്റെ പ്രിയപ്പെട്ട മകനായ യോസേഫിനോടൊപ്പം വീണ്ടുമായിരിക്കാൻ കഴിഞ്ഞപ്പോൾ യാക്കോബിന് യഹോവയോട് എത്ര നന്ദി തോന്നിക്കാണുമെന്നു ചിന്തിക്കുക. യഹോവയുമായുള്ള വളരെ അടുത്ത സൗഹൃദമാണ് ഈ പ്രശ്നങ്ങളൊക്കെ വിജയകരമായി സഹിക്കാൻ യാക്കോബിനെ സഹായിച്ചത്. (ഉൽപ. 30:43; 32:9, 10; 46:28-30) ഇതുപോലെ യഹോവയുമായി അടുത്ത ബന്ധമുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്യാൻ നമുക്കും കഴിയും. w23.04 15 ¶6-7
ജൂലൈ 24 വ്യാഴം
“യഹോവ എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.”—സങ്കീ. 23:1.
23-ാം സങ്കീർത്തനത്തിൽ ദാവീദ് ദൈവത്തിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് പറയുന്നുണ്ട്. ദാവീദും ഇടയനായ യഹോവയും തമ്മിലുള്ള ശക്തമായ ബന്ധം അതിൽ നന്നായി വിവരിക്കുന്നു. യഹോവ വഴിനയിക്കുന്നതുകൊണ്ട് താൻ സുരക്ഷിതനാണെന്നു ദാവീദിനു തോന്നി. അദ്ദേഹം യഹോവയിൽ പൂർണമായി ആശ്രയിച്ചു. യഹോവ തന്നോട് ഓരോ ദിവസവും സ്നേഹം കാണിക്കുമെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. എങ്ങനെയാണ് ആ ബോധ്യം ദാവീദിനു കിട്ടിയത്? യഹോവയുടെ കരുതൽ ദാവീദ് തിരിച്ചറിഞ്ഞു. കാരണം ദാവീദിന് എന്താണോ വേണ്ടത് അത് യഹോവ എപ്പോഴും കൊടുത്തിരുന്നു. യഹോവയുടെ സൗഹൃദവും അംഗീകാരവും തനിക്കുണ്ടെന്നും ദാവീദിന് ഉറപ്പായിരുന്നു. അതുകൊണ്ട് ഭാവിയിൽ എന്തൊക്കെ നേരിട്ടാലും യഹോവ തനിക്കുവേണ്ടി കരുതുമെന്ന കാര്യത്തിൽ ദാവീദിന് ഒരു സംശയവുമില്ലായിരുന്നു. യഹോവയുടെ സ്നേഹത്തിലും വാത്സല്യത്തിലും ഉറപ്പുണ്ടായിരുന്നതുകൊണ്ട് ഏതു ഭയത്തെയും മറികടക്കാനും സന്തോഷവും സംതൃപ്തിയും ആസ്വദിക്കാനും ദാവീദിനു കഴിഞ്ഞു.—സങ്കീ. 16:11. w24.01 28–29 ¶12-13
ജൂലൈ 25 വെള്ളി
“വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.”—മത്താ. 28:20.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല ദേശങ്ങളിലും യഹോവയുടെ ജനത്തിനു സ്വാതന്ത്ര്യത്തോടെ പ്രസംഗപ്രവർത്തനം നടത്താൻ കഴിഞ്ഞിരിക്കുന്നു. അങ്ങനെ നമ്മുടെ പ്രവർത്തനം ഭൂമി മുഴുവൻ വ്യാപിക്കാനും അനേകർ യഹോവയെക്കുറിച്ച് അറിയാനും ഇടയായി. ഇന്ന്, ഭരണസംഘത്തിലെ അംഗങ്ങൾ വഴിനടത്തിപ്പിനായി ക്രിസ്തുവിലേക്കു നോക്കുന്നു. ഒരു നിർദേശം നൽകുമ്പോൾ അത് യഹോവയുടെയും യേശുവിന്റെയും വീക്ഷണത്തോടു ചേർച്ചയിലായിരിക്കാൻ അവർ ആഗ്രഹിക്കുന്നു. ആ നിർദേശങ്ങളാണു സർക്കിട്ട് മേൽവിചാരകന്മാരിലൂടെയും മൂപ്പന്മാരിലൂടെയും സഭകൾക്കു ലഭിക്കുന്നത്. അഭിഷിക്തരായ മൂപ്പന്മാർ, വിശാലമായ അർഥത്തിൽ എല്ലാ മൂപ്പന്മാരും, ക്രിസ്തുവിന്റെ “വലതുകൈയിൽ” ഉള്ളവരാണ്. (വെളി. 2:1) എന്നാൽ, ഈ മൂപ്പന്മാർ അപൂർണരായതുകൊണ്ടുതന്നെ അവർക്കു തെറ്റുകൾ പറ്റും. മോശയ്ക്കും യോശുവയ്ക്കും അപ്പോസ്തലന്മാർക്കും ഒക്കെ ചിലപ്പോൾ തെറ്റുകൾ പറ്റിയിട്ടുണ്ട്. (സംഖ്യ 20:12; യോശു. 9:14, 15; റോമ. 3:23) പക്ഷേ ഒരു കാര്യം ഉറപ്പാണ്; വിശ്വസ്തനായ അടിമയെയും എല്ലാ നിയമിത മൂപ്പന്മാരെയും ക്രിസ്തു ശ്രദ്ധയോടെ വഴിനയിക്കുന്നുണ്ട്. തുടർന്നും ക്രിസ്തു അതുതന്നെ ചെയ്യും. അതുകൊണ്ട്, നേതൃത്വമെടുക്കാൻ നിയമിതരായിരിക്കുന്ന മൂപ്പന്മാരിലൂടെ യേശു നൽകുന്ന വഴിനടത്തിപ്പിൽ വിശ്വസിക്കാൻ നമുക്ക് എല്ലാ കാരണങ്ങളുമുണ്ട്. w24.02 23–24 ¶13-14
ജൂലൈ 26 ശനി
“പ്രിയമക്കളായി ദൈവത്തെ അനുകരിക്കുക.”—എഫെ. 5:1.
യഹോവയെക്കുറിച്ച് സ്നേഹത്തോടെയും നന്ദിയോടെയും മറ്റുള്ളവരോടു സംസാരിച്ചുകൊണ്ട് നമുക്ക് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം. ശുശ്രൂഷയിലായിരിക്കുമ്പോൾ നമ്മുടെ പ്രധാന ഉദ്ദേശ്യം യഹോവയെ അറിയാൻ ആളുകളെ സഹായിക്കുക എന്നതാണ്. നമ്മളെപ്പോലെതന്നെ അവരും യഹോവയെ സ്നേഹമുള്ള പിതാവായി കാണാൻ നമ്മൾ ആഗ്രഹിക്കുന്നു. (യാക്കോ. 4:8) യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച്, യഹോവയുടെ സ്നേഹം നീതി, ജ്ഞാനം, ശക്തി എന്നിവപോലുള്ള മനോഹരമായ ഗുണങ്ങളെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു സന്തോഷത്തോടെ വിശദീകരിച്ചുകൊടുക്കുന്നു. ഇനി, യഹോവയെ അനുകരിച്ചുകൊണ്ടും നമ്മൾ യഹോവയെ സ്തുതിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുമ്പോൾ ഈ ദുഷ്ടലോകത്തിലെ ആളുകളിൽനിന്ന് നമ്മൾ വ്യത്യസ്തരായി നിൽക്കും. അതു മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യും. (മത്താ. 5:14-16) ഓരോ ദിവസവും മറ്റുള്ളവരോട് ഇടപെടുമ്പോൾ നമ്മൾ വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ചിലപ്പോൾ അവസരവും കിട്ടിയേക്കാം. അതിലൂടെ ആത്മാർഥഹൃദയരായ ആളുകൾക്ക് യഹോവയിലേക്കുള്ള വഴി തുറക്കുകയാണു നമ്മൾ. ഈ വിധങ്ങളിലെല്ലാം യഹോവയെ സ്തുതിക്കുന്നതു നമ്മുടെ പിതാവിനെ സന്തോഷിപ്പിക്കും.—1 തിമൊ. 2:3, 4. w24.02 10 ¶7
ജൂലൈ 27 ഞായർ
‘പ്രോത്സാഹിപ്പിക്കാനും ശാസിക്കാനും കഴിവുള്ളവൻ ആയിരിക്കണം.’—തീത്തോ. 1:9.
പക്വതയുള്ള ഒരു ക്രിസ്തീയപുരുഷനായിത്തീരാൻ നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ നിങ്ങൾ വളർത്തിയെടുക്കണം. അതു സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാനും നിങ്ങളുടെയോ കുടുംബത്തിന്റെയോ ആവശ്യങ്ങൾക്കായി ഒരു ജോലി ഉണ്ടായിരിക്കാനും മറ്റുള്ളവരുമായി നല്ല ബന്ധം നിലനിറുത്താനും നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നന്നായി എഴുതാനും വായിക്കാനും പഠിക്കുക. ദിവസവും ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ സന്തോഷമുള്ള, വിജയിക്കുന്ന ഒരാളായിരിക്കുമെന്നു ബൈബിൾ പറയുന്നു. (സങ്കീ. 1:1-3) ദിവസവും അങ്ങനെ ബൈബിൾ വായിക്കുന്നതിലൂടെ യഹോവ ചിന്തിക്കുന്ന രീതി അദ്ദേഹത്തിനു മനസ്സിലാകും. ശരിയായ വിധത്തിൽ ചിന്തിക്കാനും തിരുവെഴുത്തുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും അത് അദ്ദേഹത്തെ സഹായിക്കും. (സുഭാ. 1:3, 4) ബൈബിളിനെ അടിസ്ഥാനമാക്കി പഠിപ്പിക്കാനും ഉപദേശങ്ങൾ നൽകാനും, പ്രാപ്തരായ പുരുഷന്മാരെ സഭയ്ക്ക് ആവശ്യമാണ്. നിങ്ങൾക്കു നന്നായി എഴുതാനും വായിക്കാനും അറിയാമെങ്കിൽ മറ്റുള്ളവർക്ക് അറിവ് പകരുന്ന, അവരുടെ വിശ്വാസം ബലപ്പെടുത്തുന്ന പ്രസംഗങ്ങളും അഭിപ്രായങ്ങളും തയ്യാറാകാൻ പറ്റും. അതുപോലെ നന്നായി കുറിപ്പുകൾ എടുക്കാനും കഴിയും. നിങ്ങളുടെതന്നെ വിശ്വാസം ബലപ്പെടുത്തുന്നതിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ഉപകാരപ്പെടും. w23.12 26–27 ¶9-11
ജൂലൈ 28 തിങ്കൾ
“നിങ്ങളുമായി യോജിപ്പിലായിരിക്കുന്നവൻ ലോകവുമായി യോജിപ്പിലായിരിക്കുന്നവനെക്കാൾ വലിയവനാണ്.”—1 യോഹ. 4:4.
പേടി തോന്നുമ്പോൾ, ഭാവിയിൽ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. അന്നു സാത്താനില്ല. 2014-ലെ മേഖലാ കൺവെൻഷനിൽ ഒരു അവതരണം ഉണ്ടായിരുന്നു. 2 തിമൊഥെയൊസ് 3:1-5 പറയുന്നതു പറുദീസയെക്കുറിച്ചായിരുന്നെങ്കിൽ, അതിലെ വാക്കുകൾ എങ്ങനെ ആയിരിക്കുമെന്ന് ഒരു പിതാവ് തന്റെ കുടുംബത്തോടൊപ്പം ചർച്ച ചെയ്തു: “പുതിയ ലോകത്തിൽ സന്തോഷം നിറഞ്ഞ സമയങ്ങൾ ആയിരിക്കുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ പരസ്പരം സ്നേഹിക്കുന്നവരും ആത്മീയസമ്പത്ത് ആഗ്രഹിക്കുന്നവരും എളിമയുള്ളവരും താഴ്മയുള്ളവരും ദൈവത്തെ സ്തുതിക്കുന്നവരും മാതാപിതാക്കളെ അനുസരിക്കുന്നവരും നന്ദിയുള്ളവരും വിശ്വസിക്കാൻ കൊള്ളാവുന്നവരും കുടുംബത്തോട് അതിയായ സ്നേഹവും വാത്സല്യവും ഉള്ളവരും യോജിക്കാൻ മനസ്സുള്ളവരും മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം സംസാരിക്കുന്നവരും ആത്മനിയന്ത്രണം ഉള്ളവരും സൗമ്യത ഉള്ളവരും നന്മ ഇഷ്ടപ്പെടുന്നവരും ആശ്രയയോഗ്യരും വഴക്കമുള്ളവരും വിനയമുള്ളവരും ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നതിനു പകരം ദൈവത്തെ സ്നേഹിക്കുന്നവരും യഥാർഥദൈവഭക്തിയുള്ളവരും ആയിരിക്കും. ഇവരോട് അടുത്തുപറ്റിനിൽക്കുക.” പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് കുടുംബാംഗങ്ങളോടോ സഹോദരങ്ങളോടോ ഒപ്പമിരുന്ന് നിങ്ങൾ ചർച്ച ചെയ്യാറുണ്ടോ? w24.01 6 ¶13-14
ജൂലൈ 29 ചൊവ്വ
“നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—ലൂക്കോ. 3:22.
ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ അംഗീകരിക്കുന്നു എന്ന് അറിയുന്നത് നമുക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ബൈബിൾ പറയുന്നു: “യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.” (സങ്കീ. 149:4) പക്ഷേ, അങ്ങേയറ്റം നിരാശ തോന്നുന്ന ചില സമയങ്ങളിൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഒരു വ്യക്തിയെന്ന നിലയിൽ യഹോവ എന്നെ അംഗീകരിക്കുന്നുണ്ടോ?’ ബൈബിൾക്കാലങ്ങളിൽ വിശ്വസ്തരായ പല ദാസന്മാർക്കും ഇതുപോലെ തോന്നിയിട്ടുണ്ട്. (1 ശമു. 1:6-10; ഇയ്യോ. 29:2, 4; സങ്കീ. 51:11) അപൂർണമനുഷ്യർക്ക് യഹോവയുടെ അംഗീകാരം നേടിയെടുക്കാനാകുമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. എങ്ങനെ? അതിനു നമ്മൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും വേണം. (യോഹ. 3:16) അതിലൂടെ പാപങ്ങളെക്കുറിച്ച് പശ്ചാത്താപമുണ്ടെന്നും ദൈവത്തിന്റെ ഇഷ്ടം ചെയ്യുമെന്നു ദൈവത്തിനു വാക്കു കൊടുത്തിട്ടുണ്ടെന്നും നമ്മൾ പരസ്യമായി കാണിക്കുകയാണ്. (പ്രവൃ. 2:38; 3:19) താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുന്നതിനുവേണ്ടി നമ്മൾ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതു കാണുമ്പോൾ യഹോവ നമ്മളിൽ പ്രസാദിക്കും. ആ സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽത്തന്നെ ജീവിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ നമുക്കു തുടർന്നും യഹോവയുടെ അംഗീകാരമുണ്ടായിരിക്കും, നമ്മളെ അടുത്ത സുഹൃത്തുക്കളായി യഹോവ കാണുകയും ചെയ്യും.—സങ്കീ. 25:14. w24.03 26 ¶1-2
ജൂലൈ 30 ബുധൻ
“ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:20.
പ്രസംഗപ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടാലും അതു തുടർന്നും ചെയ്തുകൊണ്ട് നമുക്ക് അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കാം. പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട് ധൈര്യത്തിനും ജ്ഞാനത്തിനും പ്രശ്നങ്ങളെ നേരിടാനുള്ള സഹായത്തിനും വേണ്ടി യഹോവയോടു അപേക്ഷിക്കുക. നമ്മളിൽ പലരും ശാരീരികവും മാനസികവും ആയ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. മറ്റു ചിലർക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇനി, വേറേ ചിലർ കുടുംബപ്രശ്നങ്ങളോ ഉപദ്രവമോ മറ്റു ബുദ്ധിമുട്ടുകളോ നേരിടുന്നവരാകാം. മഹാമാരിയും യുദ്ധങ്ങളും ഇത്തരം പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സങ്കടങ്ങളും വിഷമങ്ങളും എല്ലാം യഹോവയോടു തുറന്നുപറയുക, ഒരു അടുത്ത സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ. യഹോവ “നിനക്കുവേണ്ടി പ്രവർത്തിക്കും” എന്ന വാക്കുകളിൽ വിശ്വാസമുണ്ടായിരിക്കുക. (സങ്കീ. 37:3, 5) മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുന്നതു ‘കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ’ നമ്മളെ സഹായിക്കും. (റോമ. 12:12) തന്റെ ദാസന്മാർ ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുന്നതെന്ന് യഹോവയ്ക്ക് അറിയാം. “സഹായത്തിനായുള്ള അവരുടെ നിലവിളി” ദൈവം കേൾക്കുന്നുണ്ട്.—സങ്കീ. 145:18, 19. w23.05 5–6 ¶12-15
ജൂലൈ 31 വ്യാഴം
“കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.”—എഫെ. 5:10.
ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ നമ്മൾ “യഹോവയുടെ ഇഷ്ടം എന്താണെന്ന്” മനസ്സിലാക്കി അതിനു ചേർച്ചയിൽ പ്രവർത്തിക്കണം. (എഫെസ്യർ 5:17) നമ്മുടെ സാഹചര്യത്തോടു ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ കണ്ടുപിടിക്കുമ്പോൾ, ശരിക്കും ആ കാര്യത്തെക്കുറിച്ച് യഹോവ എന്താണ് ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുകയാണ്. എന്നിട്ട് ആ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും. ‘ദുഷ്ടനായ’ സാത്താൻ ആഗ്രഹിക്കുന്നത്, നമ്മൾ ഈ ലോകത്തിലെ കാര്യങ്ങൾക്കു പിന്നാലെ പോയി പരമാവധി സമയം കളയാനാണ്. അങ്ങനെയാകുമ്പോൾ ദൈവസേവനത്തിനു നമുക്ക് ഒട്ടും സമയം കിട്ടില്ലല്ലോ. (1 യോഹ. 5:19) യഹോവയെ സേവിക്കാനുള്ള കൂടുതൽ അവസരങ്ങളിലേക്കു നോക്കുന്നതിനു പകരം ഒരു ക്രിസ്ത്യാനിയുടെ ശ്രദ്ധ വസ്തുവകകൾ, വിദ്യാഭ്യാസം, ജോലി പോലുള്ള കാര്യങ്ങളിലേക്കു വളരെ എളുപ്പം മാറിപ്പോയേക്കാം. അങ്ങനെ സംഭവിച്ചാൽ, ലോകത്തിന്റെ ചിന്ത അദ്ദേഹത്തെ സ്വാധീനിച്ചുതുടങ്ങി എന്നതിന്റെ സൂചനയായിരിക്കും അത്. ശരിയാണ്, ഈ കാര്യങ്ങളൊന്നും ഒരു തെറ്റല്ല. പക്ഷേ, അവയൊന്നും നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരാൻ അനുവദിക്കരുത്. w24.03 24 ¶16-17