അതിജീവനത്തിനുവേണ്ടി നിർമ്മലമതം ആചരിക്കൽ
“പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ ശുദ്ധവും യഥാർത്ഥവുമായ മതം . . . ലോകത്താൽ മലിനീകരിക്കപ്പെടാതെ തന്നേത്തന്നെ സൂക്ഷിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളാൽ പ്രകടമാകും.”—യാക്കോബ് 1:27, ഫിലിപ്സ്.
1. മതം എങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു, യുക്ത്യാനുസരണം വ്യാജമതവും സത്യമതവും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കുന്നതിനുള്ള അവകാശമുള്ളതാർക്കാണ്?
മതം, “പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഭരണാധികാരിയുമെന്ന നിലയിൽ അംഗീകരിക്കപ്പെടുന്ന ഒരു മനുഷ്യാതീതശക്തിയിലുള്ള മമനുഷ്യന്റെ വിശ്വാസത്തിന്റെയും ആദരവിന്റെയും പ്രകടനം” എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ യുക്തിയാനുസൃതം സത്യമതവും വ്യാജമതവും തമ്മിലുള്ള വ്യത്യാസം നിർണ്ണയിക്കാൻ അവകാശമുള്ളതാർക്കാണ്? തീർച്ചയായും അത് വിശ്വസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിനായിരിക്കണം. സത്യമതവും വ്യാജമതവും സംബന്ധിച്ച തന്റെ നിലപാട് യഹോവ തന്റെ വചനത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്.
ബൈബിളിൽ “മതം” എന്ന പദം
2. “ആരാധാനാരൂപ”മെന്നോ “മത”മെന്നോ ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്ക് പദത്തെ നിഘണ്ടുക്കൾ വിശദീകരിക്കുന്നതെങ്ങനെ, ഏതു തരം ആരാധനകൾക്ക് അത് ബാധകമാക്കാൻ കഴിയും?
2 “ആരാധാനാരൂപം” എന്നോ “മത”മെന്നോ വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക്പദം ത്രെസ്കെയ്യാ ആണ്. പുതിയ നിയമത്തിന്റെ ഒരു ഗ്രീക്ക്-ഇംഗ്ലീഷ് ശബ്ദകോശം ഈ പദത്തെ “വിശേഷാൽ മതപരമായ ശുശ്രൂഷയിലോ പൂജയിലോ പ്രകാശിതമാകുന്ന ദൈവാരാധന, മതം” എന്ന് നിർവചിക്കുന്നു. പുതിയനിയമത്തിന്റെ ദൈവശാസ്ത്രനിഘണ്ടു കൂടുതലായ വിശദാംശങ്ങൾ നൽകുന്നു, ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട്: “പദോൽപ്പത്തി തർക്കവിധേയമാണ്; . . . ആധുനിക പണ്ഡിതൻമാർ തെറാപ്പുമായുള്ള (‘സേവിക്കുക’) ബന്ധത്തെ അനുകൂലിക്കുന്നു. . . . അർത്ഥത്തിന്റെ വ്യത്യാസവും ഗൗനിക്കാവുന്നതാണ്. നല്ല അർത്ഥം ‘മതപരമായ തീക്ഷ്ണത’ . . . ,‘ദൈവാരാധന’, ‘മതം’ എന്നിവയാണ്. . . . എന്നാൽ ഒരു ദുഷിച്ച അർത്ഥവുമുണ്ട്, അതായത്, ‘മതപരമായ അമിതത്വം,’ ‘തെററായ ആരാധന.’” അങ്ങനെ ത്രെസ്കെയ്യാ ഒന്നുകിൽ “മതം” എന്നോ അല്ലെങ്കിൽ നല്ലതോ ചീത്തയോ ആയ “ആരാധനാരൂപം” എന്നോ ഭാഷാന്തരംചെയ്യാവുന്നതാണ്.
3. “ആരാധനാരൂപം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന പദം അപ്പൊസ്തലനായ പൗലോസ് ഉപയോഗിച്ചതെങ്ങനെ, കൊലൊസ്സ്യർ 2:18ന്റെ ഭാഷാന്തരം സംബന്ധിച്ച് ഏത് കൗതുകകരമായ അഭിപ്രായം പറയപ്പെട്ടിരിക്കുന്നു?
3 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഈ പദം നാലുപ്രാവശ്യം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു. വ്യാജമതത്തെ അർത്ഥമാക്കാൻ അപ്പോസ്തലനായ പൗലോസ് അത് രണ്ടു പ്രാവശ്യം ഉപയോഗിച്ചു. ഒരു ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് “ഞങ്ങളുടെ ആരാധനാരൂപത്തിന്റെ [“മതം,” ഫിലിപ്സ്] അതികർശനമായ മതവിഭാഗപ്രകാരം ഞാൻ ഒരു പരീശനായി ജീവിച്ചു” എന്ന് അവൻ പ്രസ്താവിച്ചതായി പ്രവൃത്തികൾ 26:5ൽ (NW) രേഖപ്പെടുത്തിയിരിക്കുന്നു. കൊലൊസ്സ്യർക്കുള്ള അവന്റെ ലേഖനത്തിൽ അവൻ ഇങ്ങനെ മുന്നറിയിപ്പുകൊടുത്തു: “താഴ്മയിലും ദൂതൻമാരെ ആരാധിക്കുന്നതിലും രസിച്ചു . . . ആരും നിങ്ങളെ വിരുതുതെററിക്കരുത്.” (കൊലൊസ്സ്യർ 2:18) പ്രത്യക്ഷത്തിൽ ആ നാളുകളിൽ അങ്ങനെയുള്ള ദൂതാരാധന ഫൃഗ്യയിൽ പ്രബലപ്പെട്ടിരുന്നു, എന്നാൽ അത് വ്യാജമതത്തിന്റെ ഒരു രൂപമായിരുന്നു.a കൊലൊസ്സ്യർ 2:18-ൽ ചില ബൈബിൾഭാഷാന്തരങ്ങൾ ത്രെസ്കെയ്യായെ “മതം” എന്നു വിവർത്തനംചെയ്യുമ്പോൾ മിക്കതും “ആരാധന” എന്ന പദമാണ് ഉപയോഗിക്കുന്നത്. പുതിയ ലോക ഭാഷാന്തരം ത്രെസ്കെയ്യായെ സ്ഥിരമായി “ആരാധനാരൂപം” എന്നു വിവർത്തനംചെയ്യുന്നു, റെഫറൻസ് ബൈബിളിലെ ഒരു അടിക്കുറിപ്പ് ലാററിൻ ഭാഷാന്തരങ്ങളിൽ “മതം” എന്ന പകര ഭാഷാന്തരം ഉപയോഗിക്കുന്ന ഓരോ പ്രാവശ്യവും സൂചിപ്പിക്കുന്നുമുണ്ട്.
ദൈവത്തിന്റെ നിലപാടിൽ “ശുദ്ധവും നിർമ്മലവും”
4, 5. (എ) യാക്കോബ് പറയുന്നതനുസരിച്ച്, മതംസംബന്ധിച്ച ആരുടെ നിലപാടാണ് ഏററം പ്രധാനം? (ബി) ഒരു വ്യക്തിയുടെ ആരാധനാരൂപത്തെ എന്തിന് വ്യർത്ഥമാക്കാൻ കഴിയും, “വ്യർത്ഥം” എന്നു ഭാഷാന്തരപ്പെടുത്തിയിരിക്കുന്ന പദത്താൽ അർത്ഥമാക്കപ്പെടുന്നതെന്ത്?
4 ത്രെസ്കെയ്യാ എന്ന പദം വരുന്ന മററു രണ്ടു സന്ദർഭങ്ങൾ ഒന്നാം നൂററാണ്ടിലെ ക്രിസ്തീയസഭയുടെ ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന ശിഷ്യനായ യാക്കോബ് എഴുതിയ ലേഖനത്തിലാണുള്ളത്. അവൻ ഇങ്ങനെ എഴുതി: “ഏതെങ്കിലും മനുഷ്യൻ ഒരു ഔപചാരിക ആരാധകനായി [“‘മതഭക്ത’നായിരിക്കുന്നതായി”, ഫിലിപ്സ്] തനിക്കുതന്നെ തോന്നുന്നുവെങ്കിലും തന്റെ നാവിന് കടിഞ്ഞാണിടാതെ തന്റെ സ്വന്തം ഹൃദയത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, ആ മമനുഷ്യന്റെ ആരാധനാരൂപം [“മതം,” ഫിലിപ്സ്] വ്യർത്ഥമാണ്. നമ്മുടെ ദൈവവും പിതാവുമായവന്റെ നിലപാടിൽ ശുദ്ധവും നിർമ്മലവുമായ ആരാധനാരൂപം [“മതം,” ഫിലിപ്സ്] ഇതാണ്: അനാഥരെയും വിധവമാരെയും അവരുടെ ക്ലേശത്തിൽ പരിപാലിക്കുന്നതും ലോകത്തിൽനിന്നുള്ള കളങ്കം കൂടാതെ തന്നേത്തന്നെ സൂക്ഷിക്കുന്നതുംതന്നെ.”—യാക്കോബ് 1:26, 27.
5 അതെ, നാം യഹോവയുടെ അംഗീകാരം ലഭിക്കാനും അവൻ വാഗ്ദാനംചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്ക് അതിജീവിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, മതം സംബന്ധിച്ച അവന്റെ നിലപാട് പാലിക്കുന്നത് മർമ്മപ്രധാനമാണ്. (2 പത്രോസ് 3:13) ഒരു വ്യക്തിക്ക് താൻ യഥാർത്ഥത്തിൽ മതഭക്തനാണെന്നു തോന്നാമെന്നും എന്നാലും അയാളുടെ ആരാധനാരൂപം വ്യർത്ഥമായിരിക്കാൻ കഴിയുമെന്നും യാക്കോബ് പ്രകടമാക്കുന്നു. “വ്യർത്ഥം” എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന് “നിരർത്ഥകം, ശൂന്യം, നിഷ്ഫലം, ഉപയോഗരഹിതം, ശക്തിഹീനം, സത്യമില്ലാത്തത്” എന്നും അർത്ഥമുണ്ട്. ഒരു ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുന്ന ഒരുവൻ തന്റെ നാവിന് കടിഞ്ഞാണിടാതിരിക്കുകയും ദൈവത്തെ സ്തുതിക്കാനും തന്റെ സഹക്രിസ്ത്യാനികളെ കെട്ടുപണിചെയ്യാനും അതിനെ ഉപയോഗിക്കാതിരിക്കുകയുമാണെങ്കിൽ അതായിരിക്കാം വാസ്തവം. അയാൾ “തന്റെ സ്വന്തം ഹൃദയത്തെ വഞ്ചിക്കുക”യായിരിക്കാം, “ദൈവത്തിന്റെ ദൃഷ്ടിയിൽ ശുദ്ധവും യഥാർത്ഥവുമായ മതം” (ഫിലിപ്സ്) ആചരിക്കുകയല്ലായിരിക്കാം. യഹോവയുടെ വീക്ഷണഗതിയാണ് ഗണ്യമായിട്ടുള്ളത്.
6. (എ) യാക്കോബിന്റെ ലേഖനത്തിന്റെ വിഷയമെന്താണ്? (ബി) ശുദ്ധമായ മതത്തിന്റെ ഏതു വ്യവസ്ഥയെ യാക്കോബ് ഊന്നിപ്പറഞ്ഞു, ഈ കാര്യംസംബന്ധിച്ച് ആധുനികനാളിലെ ഭരണസംഘം എന്ത് പ്രസ്താവിച്ചിരിക്കുന്നു?
6 ശുദ്ധാരാധനയോടുള്ള ബന്ധത്തിൽ യഹോവ ആവശ്യപ്പെടുന്ന സകല കാര്യങ്ങളും യാക്കോബ് വിവരിക്കുന്നില്ല. അവന്റെ ലേഖനത്തിന്റെ പൊതുവിഷയം പ്രവൃത്തികളാൽ തെളിയിക്കപ്പെടുന്ന വിശ്വാസവും സാത്താന്റെ ലോകവുമായുള്ള സഖിത്വത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതിന്റെ ആവശ്യകതയുമാണ്. അതിനോടുള്ള ചേർച്ചയിൽ, അവൻ രണ്ട് വ്യവസ്ഥകൾ മാത്രമാണ് ഊന്നിപ്പറയുന്നത്. ഒന്ന് “അനാഥരെയും വിധവമാരെയും അവരുടെ ക്ലേശത്തിൽ പരിപാലിക്കു”ന്നതാണ്. ഇതിൽ യഥാർത്ഥ ക്രിസ്തീയസ്നേഹം ഉൾപ്പെട്ടിരിക്കുന്നു. യഹോവ എല്ലായ്പ്പോഴും അനാഥരോടും വിധവമാരോടും സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കിയിട്ടുണ്ട്. (ആവർത്തനം 10:17, 18; മലാഖി 3:5) ക്രിസ്തീയസഭയുടെ ഒന്നാംനൂററാണ്ടിലെ ഭരണസംഘത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിലൊന്ന് ക്രിസ്തീയവിധവമാർക്കുവേണ്ടിയായിരുന്നു. (പ്രവൃത്തികൾ 6:1-6) വർഷങ്ങളിൽ വിശ്വസ്തരെന്ന് തെളിയിച്ചിരുന്നവരും സഹായിക്കാൻ കുടുംബമില്ലാതിരുന്നവരുമായ ദരിദ്രരും വൃദ്ധരുമായിരുന്ന വിധവമാരുടെ സ്നേഹപൂർവകമായ പരിപാലനത്തിനുവേണ്ടി അപ്പോസ്തലനായ പൗലോസ് വിശദമായ നിർദ്ദേശങ്ങൾ നൽകി. (1 തിമൊഥെയോസ് 5:3-16) യഹോവയുടെ സാക്ഷികളുടെ ആധുനികനാളിലെ ഭരണസംഘവും അതുപോലെതന്നെ “സത്യാരാധനയിൽ, ഭൗതികസഹായം ആവശ്യമായിരിക്കാവുന്നവരായി വിശ്വസ്തരും ഭക്തരുമായവരെ പരിപാലിക്കുന്നത് ഉൾപ്പെടുന്നു”വെന്ന് പ്രസ്താവിച്ചുകൊണ്ട് “ദരിദ്രരുടെ പരിപാലനം” സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. (നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ പേജുകൾ 122-3 കാണുക.) ഈ കാര്യത്തിൽ ഉദാസീനരെന്ന് തങ്ങളേത്തന്നെ പ്രകടമാക്കുന്ന മൂപ്പൻമാരുടെ സംഘങ്ങൾ അല്ലെങ്കിൽ വ്യക്തികളായ ക്രിസ്ത്യാനികൾ നമ്മുടെ ദൈവവും പിതാവുമായവന്റെ നിലപാടിൽ ശുദ്ധവും നിർമ്മലവുമായ ആരാധനാരൂപത്തിന്റെ ഒരു പ്രധാനവശത്തെ വിട്ടുകളയുകയാണ്.
“ലോകത്തിൽനിന്നുള്ള കളങ്കം കൂടാതെ”
7, 8. (എ) സത്യമതത്തിന്റെ രണ്ടാമത്തെ ഏതു വ്യവസ്ഥയെക്കുറിച്ച് യാക്കോബ് പറഞ്ഞു? (ബി) വൈദികരും പുരോഹിതൻമാരും ഈ വ്യവസ്ഥ പാലിക്കുന്നുണ്ടോ? (സി) യഹോവയുടെ സാക്ഷികളെക്കുറിച്ച് എന്തു പറയാൻ കഴിയും?
7 യാക്കോബ് പറഞ്ഞ സത്യമതത്തിന്റെ രണ്ടാമത്തെ വ്യവസ്ഥ “ലോകത്തിൽനിന്നുള്ള കളങ്കം കൂടാതെ തന്നെത്തന്നെ സൂക്ഷിക്കു”ന്നതായിരുന്നു. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു പ്രസ്താവിച്ചു; പൊരുത്തത്തോടെ, അവന്റെ യഥാർത്ഥ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ലാ”യിരിക്കും. (യോഹന്നാൻ 15:19; 18:36) ഈ ലോകത്തിലെ മതങ്ങളിൽ ഏതിന്റെയെങ്കിലും വൈദികരെയും പുരോഹിതൻമാരെയുംകുറിച്ച് ഇതു പറയാൻ കഴിയുമോ? അവർ ഐക്യരാഷ്ട്രങ്ങളെ പിന്താങ്ങുകയാണ്. അവയുടെ നേതാക്കൻമാരിലനേകർ യു. എൻ. ആഭിമുഖ്യത്തിലുള്ള “അന്താരാഷ്ട്ര സമാധാനവർഷ”ത്തിന്റെ വിജയത്തിനുവേണ്ടി തങ്ങളുടെ പ്രാർത്ഥനകൾ ഏകോപിപ്പിക്കുന്നതിന് 1986 ഒക്ടോബറിൽ ഇററലിയിലെ അസ്സീസിയിൽ കൂടിവരാനുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചു. എന്നിരുന്നാലും, ആ വർഷത്തെയും അതിനുശേഷമുള്ള വർഷങ്ങളിലെയും യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ദശലക്ഷങ്ങളുടെ അടിസ്ഥാനത്തിൽ വിധിച്ചാൽ അവരുടെ ശ്രമങ്ങൾ വ്യർത്ഥമായിരുന്നു. വൈദികർ മിക്കപ്പോഴും ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുമായി കൂടിക്കഴിയുകയും അതേസമയം ഭരിക്കുന്നതാരായാലും വഞ്ചനാപരമായി തങ്ങളെ “സുഹൃത്തുക്ക”ളായി വീക്ഷിക്കുന്നതിന് പ്രതിപക്ഷവുമായി രഹസ്യമായി ഇടപെടുകയും ചെയ്യുന്നു.—യാക്കോബ് 4:4.
8 യഹോവയുടെ സാക്ഷികൾ രാഷ്ട്രീയകാര്യങ്ങളിലും ഈ ലോകത്തിലെ പോരാട്ടങ്ങളിലും നിഷ്പക്ഷരായി നിലകൊള്ളുന്ന ക്രിസ്ത്യാനികളെന്ന നിലയിൽ തങ്ങൾക്കുതന്നെ കീർത്തി സമ്പാദിച്ചിരിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലെയും പ്രസ് റിപ്പോർട്ടുകളും ആധുനിക ചരിത്രരേഖകളും സാക്ഷിപ്പെടുത്തുന്നതുപോലെ അവർ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാഷ്ട്രങ്ങളിലും ഈ നിലപാട് സ്വീകരിക്കുന്നു. അവർ സത്യമായി “ലോകത്തിൽനിന്നുള്ള കളങ്കം കൂടാതെ” നിലകൊള്ളുന്നവരാണ്. അവരുടേതാണ് “ദൈവത്തിന്റെ ദൃഷ്ടിയിൽ ശുദ്ധവും യഥാർത്ഥവുമായ മതം.”—യാക്കോബ് 1:27, ഫിലിപ്സ്.
സത്യമതത്തിന്റെ മററു ലക്ഷണങ്ങൾ
9. സത്യമതത്തിന്റെ മൂന്നാമത്തെ വ്യവസ്ഥ എന്താണ്, എന്തുകൊണ്ട്?
9 മതം “പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഭരണാധികാരിയുമായി അംഗീകരിക്കപ്പെടുന്ന ഒരു മനുഷ്യാതീതശക്തിയോടുള്ള ആദരവാ”ണെങ്കിൽ തീർച്ചയായും സത്യമതം ആരാധനയെ ഏകസത്യദൈവത്തിലേക്ക് തിരിച്ചുവിടേണ്ടതാണ്. അത് പിതാവ് തന്റെ സർവശക്തിയും മഹത്വവും നിത്യതയും ഒരു ദുർജ്ഞേയത്രിത്വത്തിലെ വേറെ രണ്ടുപേരുമായി പങ്കിടുന്ന ഒരു ത്രിയേകദൈവംപോലെയുള്ള പുറജാതീയ സങ്കല്പനങ്ങൾ പഠിപ്പിച്ചുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള ആളുകളുടെ ഗ്രാഹ്യത്തെ മറയ്ക്കരുത്. (ആവർത്തനം 6:4; 1 കൊരിന്ത്യർ 8:6) അത് ദൈവത്തിന്റെ യഹോവയെന്ന നിസ്തുലനാമത്തെ പ്രസിദ്ധമാക്കുകയും ആ നാമത്തെ ബഹുമാനിക്കുകയും ഒരു സംഘടിതജനമെന്ന നിലയിൽ ദൈവനാമം വഹിക്കുകയും ചെയ്യണം. (സങ്കീർത്തനം 83:18; പ്രവൃത്തികൾ 15:14) സത്യമതമാചരിക്കുന്നവർ ഇതിൽ ക്രിസ്തുയേശുവിന്റെ മാതൃക പിന്തുടരണം. (യോഹന്നാൻ 17:6) യഹോവയുടെ ക്രിസ്തീയ സാക്ഷികളല്ലാതെ ഏതു ജനമാണ് ഈ വ്യവസ്ഥ പാലിക്കുന്നത്?
10. ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള അതിജീവനം വാഗ്ദാനംചെയ്യുന്നതിന് ഒരു മതം എന്തു ചെയ്യേണ്ടതാണ്, എന്തുകൊണ്ട്?
10 അപ്പോസ്തലനായ പത്രോസ് ഇങ്ങനെ പ്രസ്താവിച്ചു: “മറെറാരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും [യേശുക്രിസ്തു] ഇല്ല.” (പ്രവൃത്തികൾ 4:8-12) അതുകൊണ്ട് ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള അതിജീവനം വാഗ്ദാനംചെയ്യുന്ന നിർമ്മല മതം ക്രിസ്തുവിലും മറുവിലയാഗത്തിന്റെ മൂല്യത്തിലുമുള്ള വിശ്വാസത്തെ പ്രചോദിപ്പിക്കേണ്ടതാണ്. (യോഹന്നാൻ 3:16, 36; 17:3; എഫേസ്യർ 1:7) മാത്രവുമല്ല, യഹോവയുടെ വാഴുന്ന രാജാവും അഭിഷിക്തമഹാപുരോഹിതനുമെന്ന നിലയിൽ ക്രിസ്തുവിനു കീഴ്പ്പെടാൻ അത് സത്യാരാധകരെ സഹായിക്കണം.—സങ്കീർത്തനം 2:6-8; ഫിലിപ്പിയർ 2:9-11; എബ്രായർ 4:14, 15.
11. സത്യമതം എന്തിൽ അധിഷ്ഠിതമായിരിക്കണം, ഈ കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ നിലപാട് എന്താണ്?
11 ശുദ്ധമായ മതം മനുഷ്യനിർമ്മിത പാരമ്പര്യങ്ങളിലോ തത്വശാസ്ത്രങ്ങളിലോ അല്ല, പിന്നെയോ ഏകസത്യദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തിലാണ് അധിഷ്ഠിതമായിരിക്കേണ്ടത്. ബൈബിളില്ലായിരുന്നെങ്കിൽ നാം യഹോവയേയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയുംകുറിച്ചോ യേശുവിനെയും മറുവിലയാഗത്തെയുംകുറിച്ചോ യാതൊന്നും അറിയുകയില്ലായിരുന്നു. യഹോവയുടെ സാക്ഷികൾ ആളുകളിൽ ബൈബിളിലുള്ള അചഞ്ചലമായ വിശ്വാസം ജനിപ്പിക്കുന്നു. അവർ തങ്ങളുടെ ദൈനംദിനജീവിതത്താൽ അപ്പോസ്തലനായ പൗലോസിന്റെ ഈ പ്രസ്താവനയോടു യോജിക്കുന്നുവെന്നും തെളിയിക്കുന്നു: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും . . . പ്രയോജനമുള്ളതാകുന്നു.”—2 തിമൊഥെയോസ് 3:16, 17.
സത്യമതം—ഒരു ജീവിതരീതി
12. വിശ്വാസത്തിനു പുറമേ, ആരാധന സത്യമായിരിക്കുന്നതിന് എന്താവശ്യമാണ്, ഏതു കാര്യങ്ങളിൽ സത്യമതം ഒരു ജീവിതരീതിയാണ്?
12 “ദൈവം ഒരു ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ അവനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കേണ്ടതാകുന്നു”വെന്ന് യേശു പ്രഖ്യാപിച്ചു. (യോഹന്നാൻ 4:24) അതുകൊണ്ട് സത്യമതം അഥവാ ആരാധനാരൂപം ദൈവികഭക്തിയുടെ ആചാരപരമോ കർമ്മാനുഷ്ഠാനപരമോ ബാഹ്യമോ ആയ ഒരു പ്രകടനമല്ല. ശുദ്ധാരാധന വിശ്വാസത്തിലധിഷ്ഠിതമാണ്, ആത്മീയമാണ്. (എബ്രായർ 11:6) എന്നിരുന്നാലും, ആ വിശ്വാസം പ്രവൃത്തികളാൽ പിന്താങ്ങപ്പെടണം. (യാക്കോബ് 2:17) സത്യമതം ജനപ്രീതികരമായ പ്രവണതകളെ തള്ളിക്കളയുന്നു. അത് ധാർമ്മികതയും നിർമ്മലഭാഷണവും സംബന്ധിച്ച ബൈബിളിന്റെ നിലവാരങ്ങളോടു പററിനിൽക്കുന്നു. (1 കൊരിന്ത്യർ 6:9, 10; എഫേസ്യർ 5:3-5) അതാചരിക്കുന്നവർ തങ്ങളുടെ കുടുംബജീവിതത്തിലും ലൗകികജോലിയിലും സ്കൂളിലും തങ്ങളുടെ വിനോദത്തിൽപോലും ദൈവാത്മാവിന്റെ ഫലം ഉളവാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. (ഗലാത്യർ 5:22, 23) “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്വിൻ” എന്ന അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശം യഹോവയുടെ സാക്ഷികൾ ഒരിക്കലും മറക്കാതിരിക്കാൻ ശ്രമിക്കുന്നു. (1 കൊരിന്ത്യർ 10:31) അവരുടെ മതം കേവലം ആചാരനിഷ്ഠയല്ല, അത് ഒരു ജീവിതരീതിയാണ്.
13. സത്യാരാധനയിൽ ഉൾപ്പെട്ടിരിക്കുന്നതെന്താണ്, യഹോവയുടെ സാക്ഷികൾ യഥാർത്ഥത്തിൽ മതഭക്തിയുള്ള ആളുകളാണെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
13 തീർച്ചയായും, സത്യമതത്തിൽ ആത്മീയപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഇവയിൽ വ്യക്തിപരവും കുടുംബപരവുമായ പ്രാർത്ഥനയും ദൈവവചനത്തിന്റെയും ബൈബിൾപഠനസഹായികളുടെയും ക്രമമായ പഠനവും യഥാർത്ഥ ക്രിസ്തീയയോഗങ്ങളിലെ ഹാജരാകലും ഉൾപ്പെടുന്നു. ഈ ഒടുവിൽ പറഞ്ഞവ യഹോവക്കായുള്ള സ്തുതിഗീതങ്ങളോടും പ്രാർത്ഥനകളോടുംകൂടെയാണ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്. (മത്തായി 26:30; എഫേസ്യർ 5:19) പ്രസംഗങ്ങളും എല്ലാവർക്കും ലഭ്യമായ അച്ചടിച്ച വിവരങ്ങളുടെ ചോദ്യോത്തരപരിചിന്തനങ്ങളും മുഖേന പരിപുഷ്ടിപ്പെടുത്തുന്ന ആത്മീയവിഷയങ്ങൾ പരിശോധിക്കപ്പെടുന്നു. അങ്ങനെയുള്ള യോഗങ്ങൾ സാധാരണയായി വൃത്തിയുള്ളതെങ്കിലും അത്യലംകൃതമല്ലാത്ത രാജ്യഹാളുകളിലാണ് നടത്തപ്പെടുന്നത്, അവ പൂർണ്ണമായും മതപരമായ ഉദ്ദേശ്യങ്ങൾക്കാണ് ഉപയോഗിക്കപ്പെടുന്നത്: ക്രമമായ യോഗങ്ങൾക്കും വിവാഹങ്ങൾക്കും സ്മാരകശുശ്രൂഷകൾക്കും. യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളുകളെയും വലിപ്പമേറിയ സമ്മേളനഹാളുകളെയും യഹോവയുടെ ആരാധനക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളെന്ന നിലയിൽ ആദരിക്കുന്നു. ക്രൈസ്തവലോകത്തിലെ അനേകം പള്ളികളിൽനിന്നു വ്യത്യസ്തമായി രാജ്യഹാളുകൾ സാമൂഹ്യക്ലബ്ബുകളായിരിക്കുന്നില്ല.
14. എബ്രായ സംസാരിക്കുന്ന ആളുകൾക്ക് ആരാധന എന്തിനെ അർഥമാക്കി, യഹോവയുടെ സാക്ഷികളെ ഇന്ന് ഏതു പ്രവർത്തനം വ്യത്യസ്തരാക്കുന്നു?
14 “ആരാധനാരൂപ”മെന്നോ “മത”മെന്നോ ഭാഷാന്തരംചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്കുപദത്തെ പണ്ഡിതൻമാർ “സേവിക്കുക” എന്ന ക്രിയയോടു ബന്ധപ്പെടുത്തുന്നതായി നാം നേരത്തെ മനസ്സിലാക്കി. കൗതുകകരമായി, തത്തുല്യ എബ്രായപദമായ ‘അവോദാ’ “സേവന”മെന്നോ “ആരാധന”യെന്നോ ഭാഷാന്തരംചെയ്യാൻ കഴിയും. (പുറപ്പാട് 3:12ന്റെയും 10:26ന്റെയും അടിക്കുറിപ്പുകൾ താരതമ്യപ്പെടുത്തുക.) എബ്രായർക്ക് ആരാധന സേവനത്തെ അർത്ഥമാക്കിയിരുന്നു. അതാണ് ഇന്നത്തെ സത്യാരാധകർക്ക് അതിന്റെ അർത്ഥം. യഥാർത്ഥ മതത്തിന്റെ ഒരു വളരെ പ്രധാനപ്പെട്ട വ്യതിരിക്തമായ അടയാളം അതാചരിക്കുന്നവരെല്ലാം “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം” പ്രസംഗിക്കുന്ന ദൈവികസേവനത്തിൽ പങ്കെടുക്കുന്നുവെന്നതാണ്. (മത്തായി 24:14; പ്രവൃത്തികൾ 1:8; 5:42) മനുഷ്യവർഗ്ഗത്തിന്റെ ഏകപ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തിനുവേണ്ടി നടത്തുന്ന പരസ്യസാക്ഷീകരണംനിമിത്തം ലോകവ്യാപകമായി അറിയപ്പെടുന്നത് ഏതു മതമാണ്?
ക്രിയാത്മകവും ഏകീഭവിപ്പിക്കുന്നതുമായ ഒരു ശക്തി
15. സത്യമതത്തിന്റെ ഒരു പ്രമുഖ ലക്ഷണമെന്താണ്?
15 വ്യാജമതം ഭിന്നിപ്പിക്കുന്നു. അത് വിദ്വേഷത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കിയിട്ടുണ്ട്, ഇപ്പോഴും ഇടയാക്കിക്കൊണ്ടുമിരിക്കുന്നു. മറിച്ച്, സത്യമതം ഏകീഭവിപ്പിക്കുന്നു. യേശു പ്രസ്താവിച്ചു: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ, അതിനാൽ നിങ്ങൾ എന്റെ ശിഷ്യരാകുന്നുവെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:35) യഹോവയുടെ സാക്ഷികളെ ഏകീഭവിപ്പിക്കുന്ന സ്നേഹം മനുഷ്യവർഗ്ഗത്തിൽ ശേഷിച്ചവരെ ഭിന്നിപ്പിക്കുന്ന ദേശീയവും സാമൂഹികവും വർഗ്ഗീയവുമായ അതിർത്തികൾക്കതീതമായി പോകുന്നു. സാക്ഷികൾ “സുവാർത്തയുടെ വിശ്വാസത്തിനുവേണ്ടി ഏകദേഹിയോടെ ഒത്തുചേർന്ന് പോരാടിക്കൊണ്ട് ഏകാത്മാവിൽ ഉറെച്ചുനിൽക്കുന്നു.”—ഫിലിപ്പിയർ 1:27.
16. (എ) യഹോവയുടെ സാക്ഷികൾ ഏതു “സുവാർത്ത” പ്രസംഗിക്കുന്നു? (ബി) യഹോവയുടെ ജനത്തിൻമേൽ ഏതു പ്രവചനങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു, തുടർന്ന് എന്തനുഗ്രഹങ്ങൾ ഉണ്ടായിരിക്കുന്നു?
16 അവർ പ്രസംഗിക്കുന്ന “സുവാർത്ത,” താമസിയാതെ ദൈവത്തിന്റെ മാററാൻകഴിയാത്ത ഉദ്ദേശ്യം സാക്ഷാത്ക്കരിക്കപ്പെടുമെന്നുള്ളതാണ്. അവന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” നിറവേററപ്പെടാൻ പോകുകയാണ്. (മത്തായി 6:10) ദൈവത്തിന്റെ മഹത്തായ നാമം വിശുദ്ധീകരിക്കപ്പെടും, ഭൂമി ഒരു പറുദീസ ആയിത്തീരും, അവിടെ സത്യാരാധകർക്ക് എന്നേക്കും ജീവിക്കാൻ കഴിയും. (സങ്കീർത്തനം 37:29) സകല ദേശങ്ങളിലും അക്ഷരീയമായി ദശലക്ഷക്കണക്കിനാളുകൾ യഹോവയുടെ സാക്ഷികളോട് സഹവസിക്കുന്നു, പ്രവചനനിവൃത്തിയായി “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നതുകൊണ്ട് ഞങ്ങൾ നിങ്ങളോടുകൂടെ പോരും” എന്ന് പറഞ്ഞുകൊണ്ടുതന്നെ. (സെഖര്യാവ് 8:23) യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുകയാണ്. “ചെറിയവൻ” വാസ്തവത്തിൽ ഒരു ശക്തമായ ജനത, എല്ലാ വശങ്ങളിലും—ചിന്തയിലും പ്രവൃത്തിയിലും ആരാധനയിലും—പൂർണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന ഒരു ലോകവ്യാപകസഭ, ആയിത്തീർന്നിരിക്കുന്നു. (യെശയ്യാവ് 60:22) ഇത് വ്യാജമതത്തിന് ഒരിക്കലും നിർവഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കാര്യമാണ്.
ശുദ്ധമായ മതത്തിന്റെ വിജയം
17. മഹാബാബിലോന് എന്ത് ഭവിപ്പാനിരിക്കുന്നു, ഇത് എങ്ങനെ കൈവരുത്തപ്പെടും?
17 ദൈവത്തിന്റെ വചനം പ്രതീകാത്മകമായി “മഹാബാബിലോൻ” എന്നു പേരിടപ്പെട്ടിരിക്കുന്ന വ്യാജമതലോകസാമ്രാജ്യത്തിന്റെ നാശത്തെയും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. ബൈബിൾ “രാജാക്കൻമാരെ” അഥവാ ഭൂമിയിലെ രാഷ്ട്രീയ ഭരണാധികാരികളെ ഒരു കാട്ടുമൃഗത്തിന്റെ പ്രതീകത്തിൽ പ്രതിനിധാനംചെയ്യുകയും ചെയ്യുന്നു. പിശാചായ സാത്താന്റെ ഈ വേശ്യാസമാന സ്ഥാപനത്തെ മറിച്ചിട്ട് പൂർണ്ണമായി നശിപ്പിക്കാനുള്ള ഉദ്ദേശ്യം ഈ ഭരണാധികാരികളുടെ ഹൃദയങ്ങളിൽ ദൈവം തോന്നിക്കുമെന്ന് അത് നമ്മോടു പറയുന്നു.—വെളിപ്പാട് 17:1, 2, 5, 6, 12, 13, 15-18 കാണുക.b
18. മഹാബാബിലോനെ നശിപ്പിക്കുന്നതിന് ബൈബിൾ ഏത് പ്രധാന കാരണം നൽകുന്നു, ഈ ഭയാനകമായ ഗതിയിൽ വ്യാജമതം തുടക്കമിട്ടതെപ്പോൾ?
18 മഹാബാബിലോൻ നാശമർഹിക്കുന്നതെന്തുകൊണ്ട്? ബൈബിൾ ഉത്തരം നൽകുന്നു: “പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടത്.” (വെളിപ്പാട് 18:24) വ്യാജമതം വരുത്തിക്കൂട്ടിയ ഈ രക്തപാതകം ബാബിലോന്റെ സ്ഥാപിക്കലിനുമപ്പുറം പോകുന്നുവെന്ന് പ്രകടമാക്കിക്കൊണ്ട് യേശു മഹാബാബിലോനോട് പററിച്ചേർന്നിരുന്ന യഹൂദമതത്തിലെ നേതാക്കൻമാരെ കുററംവിധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന് എങ്ങനെ ഓടിപ്പോകാനാണ്? . . . അവിടെ നീതിമാനായ ഹാബേലിന്റെ രക്തംമുതൽ ഭൂമിയിൽ ചൊരിയപ്പെട്ട സകല നീതിയുള്ള രക്തവും നിങ്ങളുടെമേൽ വരും.” (മത്തായി 23:33-35, NW) അതെ, ഏദെനിലെ മത്സരത്തിന്റെ സമയത്ത് ഭൂമിയിൽ തുടങ്ങിയ വ്യാജമതം അതിന്റെ ഭയങ്കരമായ രക്തപാതകത്തിന് സമാധാനം പറയേണ്ടതാണ്.
19, 20. (എ) മഹാബാബിലോന്റെമേൽ ന്യായവിധി നടത്തപ്പെട്ട ശേഷം സത്യാരാധകർ എന്തു ചെയ്യും? (ബി) അപ്പോൾ എന്തു സംഭവിക്കും, സകല സത്യാരാധകരുടെയും മുമ്പാകെ ഏതു പ്രത്യാശ തുറന്നുകിട്ടും?
19 മഹാബാബിലോന്റെ നാശത്തിനുശേഷം, ഭൂമിയിലെ സത്യാരാധകർ “ജനങ്ങളേ നിങ്ങൾ യാഹിനെ സ്തുതിക്കുക! . . . എന്തെന്നാൽ അവൻ മഹാവേശ്യയുടെമേൽ ന്യായവിധി നടത്തിയിരിക്കുന്നു . . . , അവളുടെ കൈക്കൽ അവൻ തന്റെ അടിമകളുടെ രക്തത്തിന് പ്രതികാരംചെയ്തിരിക്കുന്നു. . . . അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു” എന്നു പാടുന്ന സ്വർഗ്ഗീയ ഗായകസംഘത്തോട് തങ്ങളുടെ ശബ്ദങ്ങളും കൂട്ടും.—വെളിപ്പാട് 19:1-3, NW.
20 പിന്നീട് സാത്താന്റെ ദൃശ്യസ്ഥാപനത്തിന്റെ മററു ഘടകങ്ങൾ നശിപ്പിക്കപ്പെടും. (വെളിപ്പാട് 19:17-21) ഇതിനുശേഷം, സകല വ്യാജമതത്തിന്റെയും സ്ഥാപകനായ സാത്താനും അവന്റെ ഭൂതങ്ങളും അഗാധത്തിലടക്കപ്പെടും. മേലാൽ അവർ യഹോവയുടെ സത്യാരാധകരെ പീഡിപ്പിക്കാൻ സ്വതന്ത്രരായിരിക്കയില്ല. (വെളിപ്പാട് 20:1-3) ശുദ്ധമായ മതം വ്യാജമതത്തിൻമേൽ ജയംകൊണ്ടിരിക്കും. മഹാബാബിലോനിൽനിന്ന് ഇപ്പോൾ ഓടിപ്പോകാനുള്ള ദിവ്യമുന്നറിയിപ്പ് അനുസരിക്കുന്ന വിശ്വസ്ത സ്ത്രീപുരുഷൻമാർക്ക് ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിച്ച് കടക്കാനുള്ള അവസരം ഉണ്ടായിരിക്കും. അവിടെ അവർ സത്യമതം ആചരിക്കുന്നതിനും യഹോവയെ ആരാധനാപൂർവം എന്നേക്കും സേവിക്കുന്നതിനും പ്രാപ്തരായിരിക്കും. (w91 12⁄1)
[അടിക്കുറിപ്പ്]
a കൊലൊസ്സ്യർ 2:18-ൽ പറഞ്ഞിരിക്കുന്ന ദൂതാരാധനയുടെ ഒരു വിശദീകരണത്തിനുവേണ്ടി 1985 ജൂലൈ 15ലെ വാച്ച്ററവറിന്റെ 12-13 പേജുകൾ കാണുക.
b ഈ പ്രവചനത്തിന്റെ ഒരു പൂർണ്ണവിശദീകരണത്തിന്, വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 33-6വരെയുള്ള അദ്ധ്യായങ്ങൾ കാണുക.
നിങ്ങളുടെ ഓർമ്മ പരിശോധിക്കുക
◻ മതം സംബന്ധിച്ചുള്ള ആരുടെ നിലപാടാണ് ഏററം പ്രധാനമായിരിക്കുന്നത്, എന്തുകൊണ്ട്?
◻ സത്യമതത്തിന്റെ ഏതു രണ്ടു വ്യവസ്ഥകൾ യാക്കോബ് ഊന്നിപ്പറഞ്ഞു?
◻ ശുദ്ധമായ ആരാധനയുടെ മററു വ്യവസ്ഥകൾ ഏതെല്ലാം?
◻ ഏതു “സുവാർത്ത”യാണ് യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നത്?
◻ സത്യമതം എങ്ങനെ വ്യാജമതത്തിൻമേൽ ജയംകൊള്ളും?
[17-ാം പേജിലെ ചിത്രം]
മതനേതാക്കൻമാർ 1986 ഒക്ടോബറിൽ ഇററലിയിലെ അസ്സീസിയിൽ സമ്മേളിച്ചു
[19-ാം പേജിലെ ചിത്രം]
സത്യമതത്തിൽ ആരാധനക്കായി ഒരുമിച്ചുകൂടുന്നത് ഉൾപ്പെടുന്നു