നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിൽ സന്തോഷിക്കൽ
“യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ [ശ്രേഷ്ഠനായ നിർമ്മാതാവിൽ, NW] സന്തോഷിക്കട്ടെ, സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.”—സങ്കീർത്തനം 149:2.
1. “ഒടുവിൽ സ്വാതന്ത്ര്യം” എന്ന ഉദ്ഘോഷങ്ങളുണ്ടെങ്കിലും മനുഷ്യവർഗ്ഗത്തിന്റെ യഥാർത്ഥ സാഹചര്യമെന്താണ്?
ഇന്നത്തെ ലോകം “കൊടുംവിപത്തിന്റെ കഠോരവേദന”യാൽ കഷ്ടപ്പെടുകയാണ്. അത് 1914-ലെ ഒന്നാം ലോകമഹായുദ്ധത്തോടെ തുടങ്ങിയ ദുരന്തയുഗമായ, “വ്യവസ്ഥിതിയുടെ സമാപന”ത്തെ സംബന്ധിച്ച തന്റെ പ്രവചനത്തിൽ യേശു ഉപയോഗിച്ച പദപ്രയോഗമാണ്. (മത്തായി 24:3-8, NW) അനേകം രാജ്യതന്ത്രജ്ഞൻമാർ ഭാവിയിൽ ഇരുട്ടല്ലാതെ യാതൊന്നും കാണുന്നില്ല. കിഴക്കൻ യൂറോപ്പിൽ “ഒടുവിൽ സ്വാതന്ത്ര്യം” എന്ന ഉദ്ഘോഷങ്ങൾ ഉണ്ടെങ്കിലും ആ പ്രദേശത്ത് ഒരുകാലത്തു പ്രസിഡണ്ടായിരുന്ന ഒരാൾ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ സാഹചര്യത്തെ ചുരുക്കിപ്പറഞ്ഞു: “ജനസംഖ്യാസ്ഫോടനവും ഗ്രീൻഹൗസ് പ്രഭാവവും ഓസോണിലെ ദ്വാരങ്ങളും എയ്ഡ്സും ആണവ ഭീകരപ്രവർത്തനത്തിന്റെ ഭീഷണിയും സമ്പന്നമായ വടക്കൻരാജ്യങ്ങളും ദരിദ്രമായ തെക്കൻരാജ്യങ്ങളും തമ്മിൽ നാടകീയമായി വർദ്ധിച്ചുവരുന്ന വിടവും ക്ഷാമത്തിന്റെ അപകടവും ജീവമണ്ഡലത്തിന്റെയും ഭൂഗ്രഹത്തിലെ ധാതുസമ്പത്തിന്റെയും ശോഷണവും വാണിജ്യ ടെലിവിഷൻ സംസ്കാരത്തിന്റെ വികസനവും പ്രാദേശികയുദ്ധങ്ങളുടെ വളർന്നുവരുന്ന ഭീഷണിയും—ഇവയോടെല്ലാമൊപ്പം ആയിരക്കണക്കിനു മററു ഘടകങ്ങളും മനുഷ്യവർഗ്ഗത്തിന് ഒരു പൊതു ഭീഷണിയായിത്തീരുന്നു.” അന്തിമമായ ഈ വിപത്തിനെ നീക്കംചെയ്യാൻ കഴിവുള്ള മനുഷ്യശക്തിയില്ല.—യിരെമ്യാവ് 10:23.
2. മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കു സ്ഥിരമായ പരിഹാരം ആർക്കാണുള്ളത്, അവൻ ഇപ്പോൾത്തന്നെ എന്തു നടപടി സ്വീകരിച്ചിരിക്കുന്നു?
2 എന്നിരുന്നാലും, നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനു സ്ഥിരമായ പരിഹാരമുള്ളതിൽ നമുക്കു സന്തോഷിക്കാൻ കഴിയും. യേശുവിന്റെ പ്രവചനത്തിൽ “വ്യവസ്ഥിതിയുടെ സമാപനം” അവന്റെ അദൃശ്യ“സാന്നിദ്ധ്യ”ത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു. (മത്തായി 24:3, 37-39, NW) യഹോവ “പുതിയ ആകാശങ്ങൾ” സൃഷ്ടിക്കുന്നതിനു യേശുവിനെ മിശിഹൈകരാജാവെന്ന നിലയിൽ തന്റെ സിംഹാസനത്തിൽ ഇരുത്തി. ഈ ചരിത്രപ്രധാനമായ സംഭവം 1914 എന്ന വർഷത്തിൽ സ്വർഗ്ഗത്തിൽ നടന്നുവെന്നു പ്രാവചനികമായ തെളിവു പ്രകടമാക്കുന്നു.a (2 പത്രൊസ് 3:13) പരമാധികാര കർത്താവായ യഹോവയുടെ കൂട്ടുഭരണാധികാരിയെന്ന നിലയിൽ യേശു ഇപ്പോൾ ജനതകളെ ന്യായംവിധിക്കാനും ഭൂമിയിലെ ചെമ്മരിയാടുതുല്യരായ സൗമ്യരെ ശാഠ്യക്കാരായ കോലാടുതുല്യരിൽനിന്നു വേർതിരിക്കാനും നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഭക്തികെട്ട “കോലാടുകൾ” “നിത്യച്ഛേദന”ത്തിനും “ചെമ്മരിയാടുകൾ” രാജ്യത്തിന്റെ ഭൗമികമണ്ഡലത്തിലെ നിത്യജീവനും വേണ്ടി വേർതിരിക്കപ്പെടുകയാണ്.—മത്തായി 25:31-34, 46.
3. സത്യക്രിസ്ത്യാനികൾക്ക് ആഹ്ലാദിക്കാൻ എന്തു കാരണമുണ്ട്?
3 ഇപ്പോൾ ഈ അനുസരണമുള്ള ചെമ്മരിയാടുകളുടെ മഹാപുരുഷാരംകൂടെ ചേർന്നിരിക്കെ, നിത്യതയുടെ രാജാവായ യഹോവ തന്റെ പുത്രന്റെ രാജ്യം മുഖേന തന്റെ മഹത്തായ ഉദ്ദേശ്യങ്ങളെ പരകോടിയിലെത്തിക്കുമ്പോൾ ഭൂമിയിലെ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പിനു അവനിൽ സന്തോഷിക്കുന്നതിനു സകല കാരണവുമുണ്ട്. അവർക്ക് ഇങ്ങനെ പറയാൻ കഴിയും: “ഞാൻ യഹോവയിൽ ഏററവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. . . . അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു . . . ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതെച്ച വിത്തിനെ കിളുർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവു സകല ജാതികളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.” (യെശയ്യാവു 61:10, 11) യഹോവയുടെ സ്തുതിപാടുന്നതിന് ഇപ്പോൾ ജനതകളിൽനിന്നു കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷങ്ങൾ ഈ “മുളപ്പിക്ക”ലിന്റെ തെളിവാണ്.
‘ത്വരിതപ്പെടുത്തൽ’
4, 5. (എ) ദൈവജനത്തിന്റെ കൂട്ടിച്ചേർപ്പ് എങ്ങനെ മുൻകൂട്ടിപ്പറയപ്പെട്ടു? (ബി) ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിലെ സേവനവർഷത്തിൽ എന്തു മുന്തിയ വർദ്ധനവു കാണപ്പെട്ടു?
4 സാത്താന്റെ വ്യവസ്ഥിതിയുടെ അവസാനം അടുത്തുവരുമ്പോൾ ഈ കൂട്ടിച്ചേർപ്പിന് ആക്കം കൂടുകയാണ്. നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിന്റെ ജനമൊക്കെയും നീതിമാൻമാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു . . . കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും [ത്വരിതപ്പെടുത്തും, NW].” (യെശയ്യാവു 60:21, 22) ഈ ത്വരിതപ്പെടുത്തൽ ഈ മാസികയുടെ 12 മുതൽ 15 വരെ പേജുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ 1992-ലെ സേവനവർഷറിപ്പോർട്ടിൽ അത്യത്ഭുതകരമായി പ്രതിഫലിച്ചിരിക്കുന്നു.
5 ഈ റിപ്പോർട്ടിൽ 44,72,787 രാജ്യപ്രഘോഷകരുടെ പുതിയ അത്യുച്ചമാണു മുന്തിനിൽക്കുന്നത്, 1,93,967 പേരുടെ വർദ്ധനവ്—കഴിഞ്ഞ വർഷത്തെക്കാൾ 4.5 ശതമാനത്തിന്റെ വർദ്ധനവ്. 1992-ൽ സ്നാപനമേററ 3,01,002 പേരുടെ അത്യുച്ചവും പുരുഷാരങ്ങൾ സത്യം സ്വീകരിക്കുന്നുണ്ടെന്നുള്ള വസ്തുതയെ പ്രതിഫലിപ്പിക്കുന്നു. ഈ “ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം . . . നിരവധിയും ബലിഷ്ഠവുമായ ഒരു ജനമുള്ള”തിൽ നാം എത്ര സന്തോഷിക്കുന്നു, അവർ ഒരു വെട്ടുക്കിളിക്കൂട്ടം പോലെ “ഭൂമിയുടെ അതിവിദൂരഭാഗത്തോളം” രാജ്യസാക്ഷ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്! (യോവേൽ 2:2, 25, NW; പ്രവൃത്തികൾ 1:8, NW) മഞ്ഞുറഞ്ഞ അലാസ്കാമുതൽ—അവിടെ വാച്ച് ടവർ സൊസൈററിയുടെ വിമാനം ഹിമാവൃതമായ പ്രദേശങ്ങളിൽ 50-തിലധികം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്—മാലിയിലെയും ബർക്കിനാ ഫാസോയിലെയും മണലാരണ്യങ്ങളും ചിതറിക്കിടക്കുന്ന മൈക്രോനേഷ്യ ദ്വീപുകളും വരെ, “[അവന്റെ] രക്ഷ ഭൂമിയുടെ അററത്തോളം എത്തേണ്ടതിനു . . . ജാതികൾക്കു പ്രകാശ”മെന്ന നിലയിൽ യഹോവയുടെ ദാസൻമാർ പ്രശോഭിക്കുകയാണ്.—യെശയ്യാവു 49:6.
6, 7. സമീപവർഷങ്ങളിൽ ഏത് അപ്രതീക്ഷിത സംഭവവികാസം നടന്നു, യഹോവയുടെ ദാസൻമാർ അതിനോടു പ്രതികരിച്ചിരിക്കുന്നതെങ്ങനെ?
6 യഹോവ തന്റെ ജനത്തെ സംരക്ഷിക്കുകയും പുലർത്തുകയും ചെയ്യുന്നതിൽ ഒരു ദുർഗ്ഗവും ഒരു ബലമേറിയ കോട്ടയും പോലെ ആയിരുന്നിട്ടുണ്ട്. ഭൂമിയുടെ അനേകം ഭാഗങ്ങളിൽ യഹോവയുടെ സാക്ഷികൾക്കു ദശാബ്ദങ്ങളോളം ക്രൂരമർദ്ദനവും പീഡനവും സഹിക്കേണ്ടിവന്നിട്ടുണ്ട്. (സങ്കീർത്തനം 37:39, 40; 61:3, 4) എന്നാൽ അടുത്തകാലത്ത് ഒരു അത്ഭുതത്താലെന്നപോലെ, ഏതാണ്ട് 21 രാജ്യങ്ങളിൽ നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും നീക്കപ്പെട്ടിട്ടുണ്ട്, തന്നിമിത്തം ഇപ്പോൾ ദൈവജനത്തിനു നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവ് ക്രിസ്തുവിനെ ഭൂമിയുടെമേൽ രാജാവായി അവരോധിച്ചിരിക്കുന്നുവെന്നു സ്വതന്ത്രമായി ഘോഷിക്കാൻ കഴിയും.—സങ്കീർത്തനം 2:6-12.
7 യഹോവയുടെ ജനം തങ്ങളുടെ പുതുതായി കണ്ടെത്തിയ സ്വാതന്ത്ര്യം നന്നായി വിനിയോഗിക്കുന്നുണ്ടോ? ചാർട്ടിൽ കിഴക്കൻ യൂറോപ്പിലെ ബൾഗേറിയായിലെയും റുമേനിയായിലെയും മുൻ സോവ്യററ്യൂണിയനിലെയും, ആഫ്രിക്കയിലെ അംഗോളയിലെയും ബനിനിലെയും മൊസാംബിക്കിലെയും വർദ്ധനവുകൾ ശ്രദ്ധിക്കുക. സയറിലും വികസനം ശ്രദ്ധേയമാണ്. വിമോചിതരായ നമ്മുടെ സഹോദരങ്ങൾ സന്തോഷം നിറഞ്ഞ ഹൃദയങ്ങളോടെ ഈ ആഹ്വാനത്തിന് ഉത്തരം കൊടുക്കുന്നു: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ . . . , ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീർത്തനം 136:1, 4) ഈ നന്ദികൾ രാജ്യത്തിന്റെ പക്ഷത്തേക്കു മററു ചെമ്മരിയാടുതുല്യരെ കൂട്ടിച്ചേർക്കുന്നതിലെ തീക്ഷ്ണമായ സേവനത്താലാണു പ്രകടിപ്പിക്കപ്പെടുന്നത്.
8. യഹോവയുടെ പുതിയ സ്തുതിപാഠകർ കിഴക്കൻ യൂറോപ്പിലും ആഫ്രിക്കയിലും ‘മേഘത്തെപ്പോലെ പറന്നുവന്നി’രിക്കുന്നതെങ്ങനെ?
8 യൂറോപ്പിലെ കഴിഞ്ഞ വേനൽക്കാലത്ത്, മുൻ കമ്മ്യൂണിസ്ററ് രാജ്യങ്ങളിൽ നടത്തപ്പെട്ട യഹോവയുടെ ജനത്തിന്റെ കൺവെൻഷനുകളിൽ അതിശയിപ്പിക്കുന്ന ഹാജരാണു ലഭിച്ചത്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചാർട്ടു പ്രകടമാക്കുന്നതുപോലെ, സ്നാപനമേൽക്കുന്നവരുടെ എണ്ണമാണ് അതിലും വിസ്മയാവഹമായിരിക്കുന്നത്. സമാനമായി, ആഫ്രിക്കയിലെ റേറാഗോയിൽ 1991 ഡിസംബർ 10-ൽ നിരോധനം നീക്കപ്പെട്ടു. വെറും രണ്ടുമാസം കഴിഞ്ഞ്, കൺവെൻഷനുകൾ നടത്തപ്പെട്ടു. വയലിലെ 6,443 എന്ന പ്രതിമാസ പ്രസാധകശരാശരിയോടു താരതമ്യപ്പെടുത്തുമ്പോൾ, ഈ കൺവെൻഷനിലെ ഹാജർ 25,467-ലേക്കു കുതിച്ചുയർന്നു. 556 പേർ സ്നാപനമേററു—പ്രസാധകരുടെ എണ്ണത്തിന്റെ 8.6 ശതമാനം. യെശയ്യാവു 60:8 വരച്ചുകാട്ടുന്നതുപോലെ, യഹോവയുടെ പുതിയ സ്തുതിപാഠകർ “മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നു”വരുന്നു, യഹോവയുടെ ജനത്തിന്റെ സഭകളിൽ.
9. അടുത്തകാലത്തു വിമോചിതമായ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾക്കു ‘തിന്നു തൃപ്തരാകാൻ’ കഴിയേണ്ടതിന് എന്തു കരുതലുകൾ ചെയ്യപ്പെട്ടിരിക്കുന്നു?
9 കിഴക്കൻ യൂറോപ്പിലെയും ആഫ്രിക്കയിലെയും ആത്മീയാഹാരത്തിനായുള്ള വിശപ്പും ശമിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജർമ്മനിയിലെയും ഇററലിയിലെയും ദക്ഷിണാഫ്രിക്കയിലെയും വാച്ച്ടവർ സൊസൈററിയുടെ ഫാക്ടറികൾ ആത്മീയ പട്ടിണിയുള്ള രാജ്യങ്ങളിലേക്കു പല ഭാഷകളിൽ ലോറിക്കണക്കിനു സാഹിത്യം അയച്ചുകൊടുത്തിരിക്കുന്നു. മുമ്പു സാക്ഷികളിലനേകർക്കും തീരെ ജീർണ്ണിച്ച മാസികകൾ അന്യോന്യം കൈമാറേണ്ടിയിരുന്നു, എന്നാൽ ഇപ്പോൾ അവർക്കു ധാരാളം ആത്മീയാഹാരം കിട്ടുന്നുണ്ട്. അവർ ഈ പ്രവചനനിവൃത്തിയിൽ പങ്കെടുക്കുന്നതിൽ സന്തോഷിക്കുന്നു: “നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും.”—യോവേൽ 2:26.
കൂടുതലായ വികസനത്തിൽ ശ്രദ്ധിക്കൽ
10. സ്മാരകത്തിന്റെ ഉയർന്ന ഹാജരിന്റെ വീക്ഷണത്തിൽ സകല താത്പര്യക്കാർക്കും എന്തു ക്ഷണം നൽകപ്പെട്ടിരിക്കുന്നു?
10 യേശുവിന്റെ മരണസ്മാരകത്തിന്റെ ലോകവ്യാപകമായ ഹാജർ തീർച്ചയായും അതിശയിപ്പിക്കുന്നതാണ്, 1,14,31,171; ഇതു കഴിഞ്ഞ വർഷത്തേതിലും 7,81,013 അല്ലെങ്കിൽ 7.3 ശതമാനം കൂടുതലാണ്. സകല നവാഗതരുമേ, നിങ്ങൾക്കു സ്വാഗതം! അങ്ങനെയുള്ള പുതിയ താത്പര്യക്കാരെല്ലാം യഹോവയുടെ സാക്ഷികളിലൊരാളുമായുള്ള ഒരു ഭവനബൈബിളദ്ധ്യയനത്തിന്റെ പ്രയോജനം ആസ്വദിച്ചിരുന്നെങ്കിൽ എത്ര നന്നായിരിക്കുമായിരുന്നു! (യെശയ്യാവു 48:17 കാണുക.) ഈ അദ്ധ്യയനങ്ങളിൽ 42,78,127 എണ്ണം ഓരോ മാസവും നടത്തപ്പെടുന്നുണ്ടെന്നു സേവനവർഷറിപ്പോർട്ടു പ്രകടമാക്കുന്നു, 8.4 ശതമാനത്തിന്റെ ഒരു നല്ല വർദ്ധനവുതന്നെ. എന്നിരുന്നാലും, അനേകർക്കുകൂടെ ഈ നല്ല സേവനം പ്രയോജനപ്പെടുത്താൻ കഴിയും. യഹോവയുടെ സാക്ഷികൾക്കു ഭവനത്തിൽ ഒരു സൗജന്യബൈബിളദ്ധ്യയനം നടത്തുന്നതിനു താത്പര്യക്കാരെ ക്രമമായി സന്ദർശിക്കുന്നതിനും അങ്ങനെ അവരെ നിത്യജീവന്റെ പാതയിൽ അവരുടെ ചുവടുറപ്പിക്കാൻ സഹായിക്കുന്നതിനും സന്തോഷമുണ്ട്. (യോഹന്നാൻ 3:16, 36) അങ്ങനെയുള്ള ഒരു അദ്ധ്യയനത്തിന് എന്തുകൊണ്ട് അപേക്ഷിച്ചുകൂടാ? നിങ്ങളെ എപ്പോഴും രാജ്യഹാളിൽ ഊഷ്മളമായി സ്വാഗതംചെയ്യുമെന്ന് ഓർക്കുക!—സങ്കീർത്തനം 122:1; റോമർ 15:7.
11, 12. (എ) ചില രാജ്യങ്ങളിൽ ഏതു പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു? (ബി) കൂടുതൽ സമ്പന്നവും കൂടുതൽ ദരിദ്രവുമായ രാജ്യങ്ങൾക്കിടയിൽ ഏതു വിധത്തിൽ “ഒരു സമീകരണം” നടന്നിരിക്കുന്നു?
11 നല്ല രാജ്യഹാളുകളുള്ള സഭകൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു. വിശ്വസ്തരായ സാക്ഷികൾ നിരോധനത്തിൻ കീഴിൽ അനേക വർഷങ്ങൾ സഹിച്ചുനിൽക്കുകയും ചെറിയ കൂട്ടങ്ങളായി രഹസ്യമായി കൂടിവരുകയും ചെയ്തിട്ടുള്ള രാജ്യങ്ങളിൽ സാഹചര്യം വ്യത്യസ്തമാണ്. അങ്ങനെയുള്ള പല സ്ഥലങ്ങളിലും അവർക്ക് ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്, എന്നാൽ രാജ്യഹാളുകൾ ഇല്ല. ദൃഷ്ടാന്തത്തിന്, ഒരു ആഫ്രിക്കൻരാജ്യത്ത്, 93 സഭകളെ സേവിക്കാൻ മൂന്നു രാജ്യഹാളുകളേയുള്ളു. അതുകൊണ്ടു സാധാരണയായി യോഗങ്ങൾ നടത്തുന്നത് ഒഴിഞ്ഞുകിടക്കുന്ന വലിയ തറകളിലാണ്. നൂററമ്പതുപേരടങ്ങുന്ന ഒരു സഭക്ക് 450 പേർ ക്രമമായി ഈ യോഗങ്ങൾക്കു ഹാജരാകുന്നുണ്ടായിരിക്കാം.
12 കിഴക്കൻ യൂറോപ്പിൽ മിക്കപ്പോഴും വസ്തു വാങ്ങുന്നത് അല്ലെങ്കിൽ കെട്ടിടം പണിയുന്നതു പ്രയാസമാണ്, എന്നാൽ കുറെ പുരോഗതി വന്നുകൊണ്ടിരിക്കയാണ്. പോളണ്ടിൽ നല്ല ഒരു പുതിയ ബ്രാഞ്ച്കെട്ടിടത്തിന്റെ സമർപ്പണം 1992 നവംബർ 28-ലേക്കു പട്ടികപ്പെടുത്തി. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ വേലക്കുവേണ്ടിയുള്ള ഉദാരമായ സംഭാവനകൾ ഹാളുകളും മററു സൗകര്യങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതിന് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ, തങ്ങളുടെ ഭൗതിക “സമൃദ്ധി”യിൽനിന്നു സംഭാവന ചെയ്യുന്ന സഹോദരൻമാരുടെ ഔദാര്യം പ്രാതികൂല്യമനുഭവിക്കുന്ന രാജ്യങ്ങളിലെ സഭകളുടെ ആത്മീയാവശ്യങ്ങൾക്കു കരുതൽ ചെയ്യുന്നതിൽ സഹായിക്കുന്നതുകൊണ്ട് “ഒരു സമീകരണം” നടക്കുന്നു.—2 കൊരിന്ത്യർ 8:13, 14, NW.
നൂറുകോടി മണിക്കൂർ!
13. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടിൽ പ്രസംഗത്തിനും പഠിപ്പിക്കലിനും എത്ര മണിക്കൂർ ചെലവഴിക്കപ്പെട്ടു, ഈ സംഖ്യയിൽ ആരുടെ ശ്രമങ്ങളാണ് പ്രതിഫലിക്കുന്നത്?
13 നിങ്ങൾ നൂറുകോടി മണിക്കൂർകൊണ്ട് എന്തു ചെയ്യും? നിത്യജീവൻ പ്രാപിക്കാൻ ലക്ഷ്യമിടുന്ന സകലർക്കും അത്രയും മണിക്കൂറും, അതിലധികവും, യഹോവക്കായുള്ള ഉത്പാദനക്ഷമവും സംതൃപ്തികരവുമായ സേവനത്തിൽ ചെലവഴിക്കാൻ കഴിയും. എന്നാൽ അത്രയും മണിക്കൂർ ഒരൊററ വർഷത്തിൽ തിക്കിക്കൊള്ളിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക! അതാണ് 1992-ൽ യഹോവയുടെ ജനം സാധിച്ചത്. സകല രാജ്യപ്രസാധകരുടെയും വ്യക്തിഗതമായ റിപ്പോർട്ടുകൾ കൂട്ടുമ്പോൾ നാം മണിക്കൂറുകൾ ചെലവഴിക്കാൻ കഴിയുന്ന ഏററവും നല്ല വിധത്തിൽ—നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനെ സ്തുതിച്ചുകൊണ്ട്, “പരസ്യമായും വീടുതോറും. . . പഠിപ്പിച്ചുകൊണ്ട്”—ചെലവഴിച്ച 1,02,49,10,434 മണിക്കൂറിന്റെ ഒരു പുതിയ അത്യുച്ചം കണ്ടെത്തുന്നു. (പ്രവൃത്തികൾ 20:20) ശരാശരി 42,89,737 സാക്ഷികൾ ഓരോ മാസവും റിപ്പോർട്ടുചെയ്യുന്നുണ്ടായിരുന്നു. അവർ എല്ലാ ജീവിതതുറകളിൽനിന്നും വരുന്നവരാണ്. ചിലർക്കു രാജ്യവേലക്കു സംഭാവനചെയ്യാൻ കഴിയുന്ന സമയം പരിമിതമാണ്. അവരിൽ കുടുംബത്തിനുവേണ്ടി കരുതേണ്ട കുടുംബത്തലവൻമാരും വൃദ്ധരും ആരോഗ്യപ്രശ്നമുള്ള അനേകരും ഇപ്പോഴും സ്കൂളിൽ പൊയ്ക്കൊണ്ടിരിക്കുന്ന കുട്ടികളും ഉൾപ്പെടുന്നു. എന്നിരുന്നാലും, ഓരോരുത്തരും നൽകുന്ന റിപ്പോർട്ട് യഹോവയോടുള്ള സ്നേഹത്തിന്റെ വിലമതിക്കപ്പെടുന്ന ഒരു പ്രതിഫലനമാണ്.—ലൂക്കൊസ് 21:2-4 താരതമ്യംചെയ്യുക.
14. ചെറുപ്പക്കാർ ‘തങ്ങളുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനെ ഓർക്കുന്ന’തെങ്ങനെ?
14 യഹോവയുടെ സേവനത്തിൽ ഒരു യുവതലമുറ വളർന്നുവരുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും സഭാപ്രസംഗി 12:1-ലെ (NW) ശലോമോന്റെ വാക്കുകൾ ബാധകമാക്കുന്നുണ്ട്: “ഇപ്പോൾ, നിന്റെ യൗവനനാളുകളിൽ നിന്റെ ശ്രേഷ്ഠനായ സ്രഷ്ടാവിനെ ഓർത്തുകൊൾക.” അവർ തങ്ങളുടെ സ്കൂൾപഠനത്തിൽ ശ്രദ്ധിക്കുകയും അർപ്പിതരായ മാതാപിതാക്കളാൽ ആത്മീയകാര്യങ്ങളിൽ പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നു. അടുത്ത കാലത്തെ കൺവെൻഷനുകളിൽ കൗമാരപ്രായക്കാരുടെ ഒരു നല്ല സംഖ്യ സ്നാപനത്തിനു തങ്ങളേത്തന്നെ അർപ്പിച്ചുകൊണ്ട് എഴുന്നേററുനിൽക്കുന്നതു കാണുന്നത് ഒരു സന്തോഷമായിരുന്നിട്ടുണ്ട്. അനേകർ എന്തെങ്കിലും തൊഴിലോ വൈദഗ്ദ്ധ്യമോ പഠിച്ചുകൊണ്ടു സ്കൂൾപഠനം കഴിയുമ്പോൾ പയനിയറിംഗ് നടത്താൻ പ്രായോഗികമായി ഒരുക്കംചെയ്യുന്നതായി അറിയുന്നതും ഒരു സന്തോഷമാണ്. അങ്ങനെ അപ്പൊസ്തലനായ പൗലോസ് കൂടാരപ്പണിയിലേർപ്പെട്ടുകൊണ്ടു തന്നേത്തന്നെ പോററിയതുപോലെ അവർക്കു തങ്ങളേത്തന്നെ പോററാൻ കഴിയുന്നു.—പ്രവൃത്തികൾ 18:1-4.
15, 16. പയനിയർമാരും മററു മുഴുസമയസേവകരും രാജ്യവേലയുടെ പുരോഗതിക്കു സംഭാവന ചെയ്തിരിക്കുന്നതെങ്ങനെ, അവരിൽ ചിലർ എന്തനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?
15 പയനിയർമാരും മററു മുഴുസമയസേവകരും രാജ്യവേലയുടെ പുരോഗതിക്ക് എന്തു വമ്പിച്ച സംഭാവനയാണ് ചെയ്യുന്നത്! പയനിയർമാരുടെ അണികൾ ഈ കഴിഞ്ഞവർഷം 9,31,521എന്ന അത്യുച്ചത്തിലേക്കു ഉയർന്നു. ഇവർ ദിവസേന വീടുതോറും പ്രസംഗിക്കുകയും ആളുകളുടെ ഭവനങ്ങളിൽ ബൈബിളദ്ധ്യയനങ്ങൾ നടത്തുകയും ചെയ്യുമ്പോൾ അവർ തിരുവെഴുത്തുകൾസംബന്ധിച്ച് ആശയപ്രകടനം നടത്തുന്നതിൽ വളരെ ഫലപ്രദരായിത്തീരുന്നു. തന്നെയുമല്ല, അനേകർ രണ്ടുവാരത്തെ പയനിയർസേവനസ്കൂളിൽ സംബന്ധിക്കുന്നതിനു യോഗ്യത പ്രാപിച്ചിരിക്കുന്നു, അതു ദൈവത്തിന്റെ വേല ചെയ്യുന്നതിൽ വർദ്ധിച്ച പ്രാപ്തിയും സന്തോഷവും നട്ടുവളർത്താൻ അവരെ സഹായിക്കുന്നു.
16 ഈ വിശ്വസ്ത പയനിയർമാരിൽ ഓരോരുത്തർക്കും യെശയ്യാവു 50:4-ലെ വാക്കുകളുടെ സത്യതയെ തെളിയിക്കാൻ കഴിയും: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യൻമാരുടെ നാവു തന്നിരിക്കുന്നു.” ഇന്നു തങ്ങളുടെ ചുററുമുള്ള ദുഷിച്ച ലോകത്തെക്കൊണ്ടു മടുത്തുപോയിരിക്കുന്നവരും എന്നാൽ നമ്മുടെ വിശ്വസ്തപയനിയർമാർ സംസാരിക്കുന്ന വാക്കുകളാൽ നവോൻമേഷം കണ്ടെത്തുന്നവരുമായ നിരവധി വ്യക്തികളുണ്ട്.—സദൃശവാക്യങ്ങൾ 15:23; യെഹെസ്ക്കേൽ 9:4 താരതമ്യപ്പെടുത്തുക.
ഒരു ശക്തമായ നിർമ്മാണപരിപാടി
17. ആത്മീയനിർമ്മാണത്തിനു പുറമേ, ഏതു ഭൗതികനിർമ്മാണം സമീപവർഷങ്ങളിൽ കാണപ്പെട്ടിരിക്കുന്നു?
17 യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ ആത്മീയാഭിവൃദ്ധി ഭൗതികമായ വളർച്ചയും ആവശ്യമാക്കിത്തീർക്കുന്നു. അച്ചടിസൗകര്യങ്ങളുടെയും ആഫീസുകളുടെയും ബെഥേൽ ഭവനങ്ങളുടെയും വികസിപ്പിക്കലും രാജ്യഹാളുകളുടെയും അസംബ്ലിഹാളുകളുടെയും നിർമ്മാണവും ആവശ്യമായിത്തീരുന്നു. അതുകൊണ്ടു യഹോവയുടെ സാക്ഷികൾ ഒരു ഭൗതികവിധത്തിൽ പണിയുന്നവരായിരിക്കാൻ ആഹ്വാനംചെയ്യപ്പെടുന്നു. സമാനമായ നിർമ്മാണം ശലോമോന്റെ നാളിൽ നടന്നു. ശലോമോൻ “നിശ്വസ്തതയാൽ തനിക്കു ലഭിച്ചിരുന്ന ശില്പമാതൃക”പ്രകാരം യഹോവയുടെ ആരാധനക്കുവേണ്ടി ആലയം പണികഴിപ്പിച്ചു, അതു യഹോവ അവന്റെ പിതാവായ ദാവീദുരാജാവിനു കൊടുത്തതായിരുന്നു. (1 ദിനവൃത്താന്തം 28:11, 12, NW) അങ്ങനെ, ശലോമോൻ തന്റെ ശ്രോതാക്കളെ വിലതീരാത്ത ജ്ഞാനമൊഴികൾകൊണ്ടു പരിപുഷ്ടിപ്പെടുത്തുകമാത്രമല്ല, മതേതരലോകം ഒരിക്കലും നേടിയിട്ടില്ലാത്ത വിധം വിശിഷ്ടമായ ഒരു ഭൗതികനിർമ്മാണത്തിനു മാർഗ്ഗനിർദ്ദേശം കൊടുക്കുകയും ചെയ്തു.—1 രാജാക്കൻമാർ 6:1; 9:15, 17-19.
18, 19. (എ) യഹോവയുടെ സ്ഥാപനം സത്വരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏതു നിർമ്മാണപദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു? (ബി) ഭൗതികവും ആത്മീയവുമായ നിർമ്മാണത്തിൽ യഹോവയുടെ ആത്മാവ് എങ്ങനെ പ്രകടമായിരിക്കുന്നു?
18 ഇന്നു യഹോവയുടെ സാക്ഷികൾ ദിവ്യനിശ്വസ്തമായ ശില്പമാതൃകകളനുസരിച്ചു പണിനടുത്തുന്നില്ല, എന്നാൽ അവർക്കു ദൈവാത്മാവുണ്ട്. ഇസ്രയേലിന്റെ നാളുകളിലെന്നപോലെ, ഇതു ലോകത്തിലെ ആളുകളെ അമ്പരിപ്പിക്കുന്ന ഒരു വിധത്തിൽ പണിനടത്താൻ അവരെ പ്രേരിപ്പിക്കുന്നു. (സെഖര്യാവു 4:6) കാലം ചുരുങ്ങിയിരിക്കുന്നു. രാജ്യഹാളുകളും മററു കെട്ടിടങ്ങളും താമസംവിനാ ആവശ്യമായിരിക്കുന്നു. ചില രാജ്യങ്ങളിൽ പെട്ടെന്നു നിർമ്മിക്കുന്ന രാജ്യഹാളുകളാണു വളരെ സാധാരണമായിരിക്കുന്നത്. ദൃഷ്ടാന്തത്തിന്, കഴിഞ്ഞ 10 വർഷങ്ങളിൽ രണ്ടുദിവസത്തിൽ കുറഞ്ഞ സമയംകൊണ്ട് 306 ഹാളുകൾ പണിതതിനെക്കുറിച്ചു കാനഡാ റിപ്പോർട്ടുചെയ്യുന്നു. യഹോവയുടെ ലോകവ്യാപകമായ വേലയുടെ സത്വര വികസനംനിമിത്തം മൊത്തം 43 പുതിയ ബ്രാഞ്ചുകെട്ടിടങ്ങളുടെ പണി അല്ലെങ്കിൽ ബ്രാഞ്ച് വിപുലീകരണം ഇപ്പോൾ നടക്കുന്നുണ്ട്. മാത്രവുമല്ല, എകദേശം ആയിരം ബെഥേൽ സന്നദ്ധസേവകരുടെ താമസസൗകര്യങ്ങളോടെ 30 നിലയുള്ള ഒരു വസതി ബ്രുക്ലിനിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ന്യൂയോർക്ക് സംസ്ഥാനത്തെ പാറേറഴ്സണിൽ ഒരു ബൈബിൾ വിദ്യാഭ്യാസകേന്ദ്രം നിശ്ചിതസമയത്തിനുമുമ്പേ പൂർത്തീകരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
19 ഈ പദ്ധതികൾ ലോകത്തിലെ അഭിജ്ഞരായ നിർമ്മാണക്കമ്പനികളെ അമ്പരിപ്പിക്കുന്ന കാര്യക്ഷമതയോടും നിർമ്മാണമേൻമയോടുംകൂടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്? യഹോവയുടെ സമർപ്പിതസാക്ഷികൾ നൽകിയ വമ്പിച്ച സംഭാവനകൾ നിമിത്തം. അവന്റെ ആത്മാവു ഭൗതികസഹായം കൊടുക്കാൻ മാത്രമല്ല, തങ്ങളുടെ സമയവും ഊർജ്ജവും മുഴുഹൃദയത്തോടെ കൊടുക്കാനും അവരെ പ്രേരിപ്പിക്കുന്നു. നിർമ്മാണസ്ഥാനങ്ങളിൽ നല്ല പരിശീലനം സിദ്ധിച്ച അർപ്പിതരായ വേലക്കാർ ധാരാളമുണ്ട്. പണിമുടക്കുകളില്ല, ജോലിയിൽ അലസതയുമില്ല. യഹോവയുടെ ആത്മാവു മോശയുടെ കാലത്തു സമാഗമനകൂടാരം പണിതവരെയും ശലോമോന്റെ നാളുകളിൽ ആലയം പണിതവരെയും പ്രേരിപ്പിച്ചതുപോലെ അത് ആവശ്യമായ പ്രേരണ നൽകുന്നു. ഈ വേലക്കാരിൽനിന്ന് ആവശ്യപ്പെട്ടിരുന്ന മുന്തിയ ഗുണം ആത്മീയതയാണ്.—പുറപ്പാടു 35:30-35; 36:1-3; 39:42, 43; 1 രാജാക്കൻമാർ 6:11-14.
20. (എ) സുവാർത്ത ഇനി എത്രത്തോളം പ്രസംഗിക്കപ്പെടും? (ബി) ഏത് അനുഗൃഹീത പ്രതീക്ഷ യഹോവയുടെ ജനത്തിനായി കാത്തിരിക്കുന്നു?
20 ശലോമോൻ ആലയംപണി പൂർത്തിയാക്കിയശേഷം തന്റെ നിർമ്മാണപരിപാടി തുടർന്നു. (2 ദിനവൃത്താന്തം 8:1-6) ഹാളുകളുടെയും മററു സൗകര്യങ്ങളുടെയും നിർമ്മാണത്തിന്റെ സമാന്തരമായ ആവശ്യത്തോടെ ആധുനികനാളിലെ സാക്ഷ്യം ഇനിയും എത്രത്തോളം വികസിക്കുമെന്നു നമുക്കറിയാൻപാടില്ല. എന്നിരുന്നാലും, യഹോവ കല്പിക്കുന്ന അളവോളം രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കപ്പെട്ടുകഴിയുമ്പോൾ അവസാനം, “മഹോപദ്രവം,” വരും. (മത്തായി 24:14, 21, NW) യഹോവയുടെ ‘പുതിയ ആകാശങ്ങളുടെയും പുതിയ ഭൂമിയുടെയും’ ക്രമീകരണം മേലാൽ അത്യാഗ്രഹികളായ ആളുകളാൽ മലിനീകരിക്കപ്പെടാത്ത ഒരു ഭൂമിയിൽ അന്നു മനുഷ്യവർഗ്ഗത്തിനു പറഞ്ഞുതീരാത്ത അനുഗ്രഹങ്ങൾ കൈവരുത്തും. തന്നിമിത്തം നമുക്ക് ‘ദൈവം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യാം,’ നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനു സകല സ്തുതിയും കൊടുത്തുകൊണ്ടുതന്നെ!—യെശയ്യാവു 65:17-19, 21, 25.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധപ്പെടുത്തിയ “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 105-16, 186-9 പേജുകൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവിൽ സന്തോഷിക്കുന്നതിനു നമുക്ക് എന്തു കാരണങ്ങളുണ്ട്?
◻ ഏതു വർദ്ധനവുകൾ 1992-ലെ സേവനവർഷത്തിൽ റിപ്പോർട്ടുചെയ്യപ്പെട്ടു?
◻ മുമ്പു സാക്ഷീകരണം നിരോധിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽ ഏതു സമൃദ്ധമായ അനുഗ്രഹങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു?
◻ ചെറുപ്പക്കാരും പയനിയർമാരും യഹോവയുടെ സ്ഥാപനത്തിലെ വളർച്ചക്കു സംഭാവനചെയ്തിരിക്കുന്നതെങ്ങനെ?
◻ യഹോവയുടെ ജനം ഭൗതികവും അതുപോലെതന്നെ ആത്മീയവുമായ നിർമ്മാണത്തിൽ തിരക്കുള്ളവരായിരുന്നിട്ടുള്ളതെങ്ങനെ?
[17-ാം പേജിലെ ചതുരം]
കഴിഞ്ഞ വർഷത്തെ ലക്ഷക്കണക്കിനുള്ള സ്നാപനാർത്ഥികൾ പ്രസംഗ, പഠിപ്പിക്കൽ വേലയിലെ യഹോവയുടെ അനുഗ്രഹത്തെ പ്രകടമാക്കുന്നു
[12-15 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1992 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
(ബയന്റിട്ട വാല്യം കാണുക)
[10-ാം പേജിലെ ചിത്രം]
കഴിഞ്ഞവർഷം നൂറുകോടിയിലധികം മണിക്കൂർ പ്രസംഗ, പഠിപ്പിക്കൽ വേലക്കു ചെലവഴിക്കപ്പെട്ടു
[16-ാം പേജിലെ ചിത്രം]
ഒട്ടേറെ ചെറുപ്പക്കാർ ‘തങ്ങളുടെ ശ്രേഷ്ഠനായ സ്രഷ്ടാവിനെ ഓർക്കുകയാണ്’