ഒരു മെച്ചപ്പെട്ട ലോകം—വെറുമൊരു സ്വപ്നമോ?
ഇറാനിയൻ പ്രവാചകനായ സുരതുഷ്ട്രൻ പ്രസംഗിച്ച പാഴ്സി മതത്തിന്റെ ഒരു അനുഗാമിയായിരുന്നു നിങ്ങളെങ്കിൽ ഭൂമി അതിന്റെ ആദിമ മനോഹാരിതയിലേക്കു മടങ്ങിവരുന്ന ഒരു ദിവസത്തിനായി നിങ്ങൾ കാത്തിരിക്കുമായിരുന്നു. പുരാതന ഗ്രീസിലാണു നിങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] എട്ടാം നൂററാണ്ടിൽ ഹെസിയോദ് എന്ന കവി കാവ്യങ്ങളിൽ വർണിച്ച ഐശ്വര്യസമ്പൂർണമായ ദ്വീപുകളിൽ എത്തിച്ചേരുന്നതിനെക്കുറിച്ചോ സുവർണയുഗത്തിന്റെ മടങ്ങിവരവു കാണുന്നതിനെക്കുറിച്ചോ നിങ്ങൾ സ്വപ്നം കാണുമായിരുന്നു. തെക്കേ അമേരിക്കയിലെ ഗ്വാരനി ഇൻഡ്യാക്കാർ തിൻമയില്ലാ ദേശത്തിനായി ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ടായിരിക്കാം. ഈ കാലത്തു ജീവിച്ചിരിക്കവേ, ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രം നിമിത്തമോ പരിസ്ഥിതി സംബന്ധിച്ച ആധുനികനാളിലെ അവബോധത്തിന്റെ ഫലമായോ ലോകം മെച്ചപ്പെട്ടേക്കുമെന്നു നിങ്ങൾ പ്രത്യാശിക്കുന്നുണ്ടാകാം.
സുവർണയുഗം, ഐശ്വര്യസമ്പൂർണമായ ദ്വീപുകൾ, തിൻമയില്ലാ ദേശം—ഇവയെല്ലാം മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള ഒരേ ആഗ്രഹത്തെ, പ്രത്യാശയെ വർണിക്കാൻ ഉപയോഗിക്കുന്ന പല പേരുകളിൽ ചിലതാണ്.
നമ്മുടെ ഈ ലോകം ഒരു വിധത്തിലും ആദർശശ്രേഷ്ഠമായ ഒരു സ്ഥലമല്ല. മൃഗീയത ഏറുന്ന കുററകൃത്യം, മുമ്പുണ്ടായിട്ടില്ലാത്ത അക്രമംനിറഞ്ഞതായ, സഹോദരസമൂഹങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടുള്ള യുദ്ധങ്ങൾ, വർഗീയ കുരുതി, മററുള്ളവരുടെ കഷ്ടപ്പാടുകളോടുള്ള നിസ്സംഗത, ദാരിദ്ര്യം, വിശപ്പ്, തൊഴിലില്ലായ്മ, ഐക്യദാർഢ്യമില്ലായ്മ, പരിസ്ഥിതി സംബന്ധമായ കുഴപ്പങ്ങൾ, ദശലക്ഷങ്ങളെ മഥിക്കുന്ന മാറാവ്യാധികൾ എന്നിങ്ങനെയുള്ള ഇപ്പോഴത്തെ കഷ്ടങ്ങൾക്ക് അന്തമില്ലെന്നു തോന്നുന്നു. അടുത്ത കാലത്തു നടന്നിട്ടുള്ള യുദ്ധങ്ങളെക്കുറിച്ചു ചിന്തിക്കവേ ഒരു ഇററാലിയൻ പത്രപ്രവർത്തകൻ ഇപ്രകാരം പറഞ്ഞു: “ഇപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യം നമ്മുടെ കാലത്തെ ഏററവും ശക്തമായ വികാരം വിദ്വേഷമല്ലേ എന്നതാണ്.” ഈ സ്ഥിതിവിശേഷം പരിഗണിക്കുമ്പോൾ, വ്യത്യസ്തമായ എന്തിനെങ്കിലും വേണ്ടി, മെച്ചപ്പെട്ട എന്തിനെങ്കിലും വേണ്ടി അഭിലഷിക്കുന്നത് വാസ്തവികമാണെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അതോ അത്തരമൊരു അഭിലാഷം ഒരിക്കലും പൂവണിയാത്ത ഒരു സ്വപ്നമായ സങ്കൽപ്പലോകത്തിനു വേണ്ടിയുള്ള ഒരു അഭിവാഞ്ഛയാണോ? സാധ്യമായതിൽവെച്ച് അത്യുത്തമമായ ലോകത്താണോ നാം ജീവിക്കുന്നത്?
ഈ അഭിലാഷങ്ങളൊന്നും പുതിയവയല്ല. ഐക്യവും നീതിയും സമ്പൽസമൃദ്ധിയും സ്നേഹവും കളിയാടുന്ന ഒരു ലോകത്തെക്കുറിച്ചു നൂററാണ്ടുകളായി മനുഷ്യർ സ്വപ്നം കണ്ടിട്ടുണ്ട്. കാലം കടന്നുപോയപ്പോൾ ഒട്ടനവധി തത്ത്വചിന്തകൻമാർ ആദർശപൂർണമായ രാജ്യങ്ങളെക്കുറിച്ചുള്ള, മെച്ചപ്പെട്ട ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ ആശയഗതികൾ സവിസ്തരം വിവരിച്ചിട്ടുണ്ട്. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അവ എങ്ങനെ പ്രയോഗത്തിൽ വരുത്താം എന്നു വിശദീകരിക്കാൻ അവർക്കൊരിക്കലും കഴിഞ്ഞിട്ടില്ല.
സ്വപ്നങ്ങളുടെ, സങ്കൽപ്പലോകങ്ങളുടെ നൂററാണ്ടുകൾ പഴക്കമുള്ള ഈ പട്ടികയ്ക്കും മെച്ചപ്പെട്ട ഒരു സമൂഹത്തിനായുള്ള മമനുഷ്യന്റെ അഭിലാഷങ്ങൾക്കും നമ്മെ എന്തെങ്കിലും പഠിപ്പിക്കാനാകുമോ?
[3-ാം പേജിലെ ചിത്രം]
സാധ്യമായതിൽവെച്ച് അത്യുത്തമമായ ലോകമാണോ ഇത്?