ലോകത്തിലെ ഏററവും നല്ല മാസികകൾ സമർപ്പിക്കുക
1 വീക്ഷാഗോപുരത്തിന്റെ പ്രസ്താവിത ഉദ്ദേശ്യം “അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവ് എന്ന നിലയിൽ യഹോവയാം ദൈവത്തെ പ്രകീർത്തിക്കുകയാണ്.” ഉണരുക! “മുഴുകുടുംബത്തിന്റെയും ഉദ്ബുദ്ധതക്കുവേണ്ടിയുളളതാണ്. . . . ഈ മാസിക . . . സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം ഉണ്ടാകുമെന്നുളള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നു.” ഈ ഉദ്ധരണികൾ ആ മാസികകളിൽനിന്നു തന്നെയുളളവയാണ്. ഈ ലക്ഷ്യങ്ങൾ പിൻപററുന്നതുവഴി ലക്ഷോപലക്ഷം വായനക്കാർക്ക് അവ ആശ്വാസത്തിന്റെ ഒരു ഉറവായിത്തീർന്നിരിക്കുന്നു.
2 ഏപ്രിൽ, മേയ് മാസങ്ങളിൽ, വീടുതോറുമുളള നമ്മുടെ ശുശ്രൂഷയിൽ സാധ്യമാകുന്നിടത്തോളം ഈ പത്രികകൾക്കുളള വരിസംഖ്യകൾ നാം സമർപ്പിക്കുന്നതായിരിക്കും. ഇതിൽ ഫലപ്രദരായിരിക്കുന്നതിന്, അവയിലെ ഉളളടക്കവുമായി നാം നല്ലവണ്ണം പരിചിതരായിരിക്കേണ്ടതുണ്ട്. ഓരോ ലക്കവും വായിച്ചുനോക്കുക. അവ സമർപ്പിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ആശയങ്ങൾക്കു ശ്രദ്ധ കൊടുത്തുകൊണ്ടു വേണം വായിക്കാൻ. ആളുകളെ ബാധിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്നു ചിന്തിക്കുക. സാമൂഹികമോ കുടുംബപരമോ വൈകാരികമോ ആയ ഏതു വിഷയങ്ങളാണു നിങ്ങളുടെ അയൽക്കാരിൽ മിക്കവരുടെയും ചിന്തയെ ഭരിക്കുന്നത്? അവരുടെ ഹൃദയത്തെ സ്പർശിക്കുകയും കൂടുതൽ മനസ്സിലാക്കാനുളള വാഞ്ഛ ഉണർത്തുകയും ചെയ്യുന്ന എന്തെങ്കിലും പറയാൻ കഴിയുന്നതിനെക്കുറിച്ചു ചിന്തിക്കുക. തീർച്ചയായും, വേണ്ടുവോളം വരിസംഖ്യാ സ്ലിപ്പുകൾ നിങ്ങളോടൊപ്പം കൊണ്ടുപോകുക.
3 ഏപ്രിൽ 1-ലെ വീക്ഷാഗോപുരം വിശേഷവത്കരിക്കൽ: (അർധമാസപതിപ്പുകൾ.) കൂടെക്കൂടെ തങ്ങളുടെ സന്തോഷത്തെ കവർന്നുകളയുന്ന ഒട്ടനവധി പ്രശ്നങ്ങൾ ഇപ്പോഴുണ്ട്. അവയൊന്നുമില്ലാത്ത ഒരു മെച്ചപ്പെട്ട ലോകത്തിനു വേണ്ടി മിക്കയാളുകളും അതിയായി കാംക്ഷിക്കുന്നു.
സ്വയം പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“‘ഒരു മെച്ചപ്പെട്ട ലോകം—വെറുമൊരു സ്വപ്നമോ?’ എന്ന ഈ ലേഖനത്തിൽ രസാവഹമായ ഒരാശയം കൊടുത്തിരിക്കുന്നതു നിങ്ങളെ കാണിക്കാൻ ഞാനാഗ്രഹിക്കുന്നു. അത് ഇപ്രകാരം പറയുന്നു: ‘നമ്മുടെ ഈ ലോകം ഒരു വിധത്തിലും ആദർശശ്രേഷ്ഠമായ ഒരു സ്ഥലമല്ല. . . . ഇപ്പോഴത്തെ കഷ്ടങ്ങൾക്ക് അന്തമില്ലെന്നു തോന്നുന്നു.’ (ലേഖനത്തിന്റെ 3-ാം ഖണ്ഡിക കാണുക.) ഈ സ്ഥിതിവിശേഷം ഉളളതുകൊണ്ടു ഭാവി സംബന്ധിച്ചു ശുഭാപ്തിവിശ്വാസമുളളവരായിരിക്കാൻ പ്രയാസമാണ്, അല്ലേ? പക്ഷേ, സങ്കീർത്തനം 37:11 ഭാവിയെക്കുറിച്ചു പറയുന്നതു ഞാൻ നിങ്ങളെ കാണിക്കട്ടെ.” ആ വാക്യം വായിച്ചശേഷം, ഈ വാഗ്ദത്തം സംബന്ധിച്ച് എന്തു തോന്നുന്നുവെന്നു വീട്ടുകാരനോടു ചോദിക്കുക. അയാൾ അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ, 4-ാം പേജിലെ “ഒരു മെച്ചപ്പെട്ട ലോകം—സമീപം!” എന്ന ലേഖനത്തിലേക്കു മറിക്കുക. എന്നിട്ട്, “നമ്മൾ ഇപ്പോൾ വായിച്ച സങ്കീർത്തനം 37:11 ഉൾപ്പെടെ ധാരാളം തിരുവെഴുത്തുകൾ പരാമർശിച്ചിട്ടുണ്ട്. ഈ മാസികകൾ പതിവായി വായിക്കുന്നതു നിങ്ങൾക്കിഷ്ടമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറയുക. അതിനുശേഷം വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപ സംഭാവനയ്ക്കു കൊടുക്കുക.
4 ഏപ്രിൽ 15-ലെ വീക്ഷാഗോപുരം വിശേഷവത്കരിക്കൽ: അർധമാസപതിപ്പുകളുടെ 4-ാം പേജിലെ ലേഖനത്തിൽ ഈ ചോദ്യം ഉന്നയിക്കുന്നു: “ആശ്രയയോഗ്യമായ മാർഗനിർദേശം നിങ്ങൾക്ക് എവിടെ കണ്ടെത്താം?”
സ്വയം പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഇന്നു ലോകത്തിൽ അനവധി പ്രശ്നങ്ങളുണ്ട് [അടുത്തകാലത്തു ജനസമുദായത്തിൽ ഉത്കണ്ഠ പരത്തുകയോ വാർത്താതലക്കെട്ട് കയ്യടക്കുകയോ ചെയ്ത ഒരു കാര്യം പരാമർശിക്കുക]. ഈ പ്രശ്നസങ്കീർണമായ അവസ്ഥയ്ക്ക് ഒരു പോംവഴി കണ്ടെത്താൻ ആർക്കെങ്കിലും എന്നെങ്കിലും കഴിയുമോ എന്ന് നാം സംശയിക്കാൻ ഇത് ഇടയാക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, സന്തുഷ്ടവും സുരക്ഷിതവുമായ ജീവിതമാർഗത്തിലേക്കുളള ഒരു വഴികാട്ടിയാണ് ബൈബിൾ എന്ന് 2 തിമൊഥെയൊസ് 3:16, 17 നമുക്ക് ഉറപ്പു തരുന്നു.” ഈ വാക്യങ്ങൾ വായിച്ചശേഷം, ബൈബിൾ ആശ്രയയോഗ്യമായ ഒരു വഴികാട്ടിയായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ വീക്ഷാഗോപുരം നമ്മെ എപ്രകാരം സഹായിക്കുന്നുവെന്ന് കാണിക്കുക. വീക്ഷാഗോപുരത്തിന്റെ പ്രതിമാസപതിപ്പുകൾക്കു വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ സമാനമായ അവതരണങ്ങൾ ഉപയോഗിക്കാവുന്നതാണ്.
5 ഉണരുക! വിശേഷവത്കരിക്കാനാണു നിങ്ങൾക്കിഷ്ടമെങ്കിൽ മേയ് 8 ലക്കത്തിലെ “കുട്ടികൾക്ക് യഥാർഥ പ്രത്യാശ” എന്ന ലേഖനം ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ ആവശ്യങ്ങൾ മാതാപിതാക്കളെ സ്പർശിക്കുന്നുവെന്നും കുട്ടികളെ സഹായിക്കാൻ എന്തു ചെയ്യാനാകും എന്നറിയാൻ അവർ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കിയേക്കാം. ഓരോ മാസികയുടെയും ധാരാളം ലക്കങ്ങൾ കൊണ്ടുപോകുന്നതിനാൽ, പ്രസിദ്ധീകരിച്ചിരിക്കുന്ന നാനാവിധ ലേഖനങ്ങളിലേക്കു ശ്രദ്ധയാകർഷിക്കാൻ നിങ്ങൾക്കു കഴിയും. ഒരു വരിസംഖ്യ സ്വീകരിക്കാൻ ഇതു ആളുകളെ പ്രോത്സാഹിപ്പിച്ചേക്കാം. വരിസംഖ്യ നിരസിക്കുന്നെങ്കിൽ, ഏതാനും ഒററപ്രതികൾ എടുക്കാനോ ചുരുങ്ങിയപക്ഷം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഓരോ കോപ്പി വീതമെങ്കിലും എടുക്കാനോ തീർച്ചയായും നിർദേശിക്കാവുന്നതാണ്.
6 ലോകത്തിലെ ഏററവും നല്ലതായ നമ്മുടെ മാസികകളുടെ കാര്യത്തിൽ അതീവ തത്പരരാണെങ്കിൽ മററുളളവർക്ക് അവ സമർപ്പിക്കാൻ നാം ആകാംക്ഷാഭരിതരായിരിക്കും. അങ്ങനെ, അവർക്കും രാജ്യപ്രത്യാശയെ സ്വാഗതം ചെയ്യാനും അഖിലാണ്ഡത്തിന്റെ പരമാധീശ കർത്താവായ യഹോവയെ പ്രകീർത്തിക്കുന്നതിൽ പങ്കുണ്ടായിരിക്കാനും കഴിയും.—സങ്കീ. 83:18.