ലോകം ഭയത്തിന്റെ പിടിയിലമരുന്നു
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിമൂന്ന് ഫെബ്രുവരി 26. ന്യൂയോർക്ക് നഗരത്തിലെ 110 നിലയുള്ള വേൾഡ് ട്രേഡ് സെൻററിനെ ഉലച്ചുകളഞ്ഞ വൻ കാർബോംബ് സ്ഫോടനം അന്നായിരുന്നു. ആയിരക്കണക്കിനു ജോലിക്കാർ ലിഫ്ററുകളിൽ കൂട്ടിലടയ്ക്കപ്പെട്ടതുപോലെയായി. മററു പലർക്കും പുകനിറഞ്ഞ ഗോവണിപ്പടികളിലൂടെ ജീവനുംകൊണ്ട് ഓടേണ്ടിവന്നു. ഈ അക്രമാസക്തമായ ലോകത്തിൽ ഇപ്പോൾ സർവവ്യാപകമായിരിക്കുന്ന ഭയത്തിന്റെ പിടിയിലമരുകയായിരുന്നു അവർ.
അനേകം രാജ്യങ്ങളിലെയും ജനങ്ങൾ ബോംബിന്റെ ഭീതിയിലാണു കഴിയുന്നത്. അയർലൻഡ്, ലെബനൻ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ ഇതു നിത്യസംഭവമായിത്തീർന്നിരിക്കുന്നു. എന്തിന്, ഒരൊററ ദിവസം—1993 മാർച്ച് 12-ന്—ഇന്ത്യയിൽ, ബോംബെയിൽ 13 സ്ഫോടനങ്ങളാണ് നടന്നത്. ഏതാണ്ട് 200 പേർ കൊല്ലപ്പെട്ടു! “ബോംബെ ഒന്നടങ്കം പരിഭ്രാന്തിയിലാണ്” എന്നാണ് ഒരു നിരീക്ഷകൻ പറഞ്ഞത്. ന്യൂസ്വീക്ക് പറയുന്നതനുസരിച്ച്, ഒരു കാർബോംബ് സ്ഫോടനം “എപ്പോൾവേണമെങ്കിലും സംഭവിക്കാമെന്ന അവസ്ഥ അതിനെ കൂടുതൽ ഭയാനകമാക്കുന്നതേയുള്ളൂ.”
ആണവ ഭീതി തുടരുന്നു
ആണവ റിയാക്ടറുകൾക്കു നേരേ ബോംബാക്രമണമുണ്ടായാലോ എന്ന ഭയം ഇന്നു പലർക്കുമുണ്ട്. അണുശക്തിനിലയങ്ങൾക്കു നേരേ വിജയകരമായ ഒരു ആക്രമണമുണ്ടായാൽ അതിനു വരുത്തിക്കൂട്ടാവുന്ന നാശനഷ്ടത്തിനും ദുരിതത്തിനും കയ്യുംകണക്കുമുണ്ടായിരിക്കില്ല. ഈ ഭയത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഐക്യനാടുകളിലെ ത്രീ മൈൽ ഐലൻറ് അണുശക്തിനിലയത്തിൽ നടന്ന സംഭവം. അതിന്റെ സുരക്ഷാഗേററിലൂടെ കാർ ഇടിച്ചുകയററാനായി ഒരു മനുഷ്യൻ ശ്രമിക്കുകയുണ്ടായി.
ഭീകരരും അധികാരദാഹികളായ ഭരണാധിപൻമാരും അണ്വായുധങ്ങൾ കൈക്കലാക്കുമെന്നാണ് പലരുടെയും പേടി. ആയിരക്കണക്കിനുവരുന്ന തൊഴിൽരഹിതരായ സോവിയററ് ആണവ ശാസ്ത്രജ്ഞൻമാർ തങ്ങളുടെ വൈദഗ്ധ്യം വിററുകളയുമോ എന്നാണ് മററുചിലർ ഭയപ്പെടുന്നത്. മാത്രവുമല്ല, തന്ത്രപ്രധാനമായ ആയുധങ്ങൾ വെട്ടിച്ചുരുക്കാനുള്ള ഉടമ്പടിയും (START) മററ് ഉടമ്പടികളും അത്തരം ആണവായുധങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ അത്തരം ഉടമ്പടികൾ പൂർണമായി പ്രാബല്യത്തിൽ വരാൻ അനേകം വർഷങ്ങളെടുക്കും. അതിനിടയിൽ, ഏതെങ്കിലും ഭ്രാന്തമായ എടുത്തുചാട്ടത്തിന്റെ ഫലമായി ഈ ആയുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത നമ്മുടെ തലയ്ക്കുമീതെ തൂങ്ങണം, മലമുകളിൽ ഉരുണ്ടുകൂടിയിരിക്കുന്ന ഭയാനകമായ കൊടുങ്കാററിൻ മേഘം പോലെ.
അക്രമം ഭയത്തെ ഊട്ടിവളർത്തുന്നു
അക്രമത്തിന്റെ വ്യാപകമായ വർധനവുനിമിത്തം വീട്ടിലിരിക്കാനും തെരുവിലിറങ്ങാനും ആളുകൾക്കു പേടിയാണ്. 1990-ൽ ഐക്യനാടുകളിൽ 23,200 പേർ കൊലചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, മേൽത്തരം കൊക്കെയിന്റെ ഉപയോഗത്തിലുണ്ടായ വർധനവു മുഖാന്തരം ഏതാണ്ട് 700 കൊലപാതകങ്ങളായിരുന്നു ചിക്കാഗോ നഗരത്തിൽ ഒരൊററ വർഷം നടന്നത്. ചില നഗരങ്ങളുടെ ചില ഭാഗങ്ങൾ കുട്ടികളുൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് ഒരു യുദ്ധക്കളമായിത്തീർന്നിരിക്കുന്നു. അവിടെ രണ്ടുഭാഗത്തുനിന്നുമുള്ളവരുടെ വെടിവെയ്പിനിടയിൽ എത്രയോ വഴിയാത്രക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു മാഗസിൻ പറയുന്നു: “ഇടത്തരം നഗരങ്ങളിൽ അക്രമം വളരെ വേഗം വ്യാപിക്കുകയാണ്. . . . ഇതിൽനിന്ന് ആരും മുക്തരല്ല. കാരണം, [ഐക്യനാടുകളിലെ] ഏതു സമുദായങ്ങളിലും മയക്കുമരുന്നുകൾ സുലഭമാണ്, ഒപ്പം ചെറുപ്പക്കാരായ റൗഡികളും. ഓരോ വർഷവും നാല് അമേരിക്കൻ ഭവനങ്ങളിൽ ഒന്നു വീതം ഒരു അക്രമത്തിനോ മോഷണത്തിനോ ഇരയാകുന്നു.”—യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട്, 1991 ഒക്ടോബർ 7.
സ്ത്രീകൾക്കാണെങ്കിൽ ബലാൽസംഗത്തിന് ഇരയാകുമെന്ന ഭീതിയിൽ കഴിയേണ്ടിവരുന്നു. 1985-ലും 1990-ലും ഫ്രാൻസിൽ റിപ്പോർട്ടുചെയ്യപ്പെട്ട ബലാൽസംഗങ്ങളുടെ എണ്ണമെടുത്താൽ 62 ശതമാനത്തിന്റെ ഒരു വർധനവു കാണാവുന്നതാണ്. കാനഡയിൽ ലൈംഗിക കുററകൃത്യങ്ങൾ ആറു വർഷംകൊണ്ട് ഇരട്ടിച്ച് 27,000 ആയി. ഓരോ ഏഴു മിനിററിലും ഒരു സ്ത്രീക്കു ലൈംഗിക പീഡനം ഏൽക്കേണ്ടിവരുന്നതായാണ് ജർമനിയിൽനിന്നുള്ള റിപ്പോർട്ട്.
കുട്ടികൾക്കും തങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചു ഭയപ്പാടുണ്ട്. ഐക്യനാടുകളിൽ “നാലും അഞ്ചും ഗ്രേഡിലുള്ള കുട്ടികൾപോലും ആയുധവുമായാണ് നടക്കുന്നത്. ഇതിൽ അധ്യാപകരും സ്കൂൾ അധികാരികളും പരിഭ്രാന്തരാണ്” എന്നു ന്യൂസ്വീക്ക് റിപ്പോർട്ടുചെയ്യുന്നു. സ്ഥിതിഗതികൾ അങ്ങേയററം ഗുരുതരമാണ്. അതുകാരണം ആയുധധാരികളാണോ അല്ലയോ എന്നറിയാനുള്ള സംവിധാനം (metal detectors) നഗരസ്കൂളുകളുടെ വലിയ ഡിസ്ട്രിക്ററുകളിൽ കാൽഭാഗവും ഉപയോഗിക്കേണ്ടിവരുന്നു. പക്ഷേ രണ്ടുംകൽപ്പിച്ചിറങ്ങിയിരിക്കുന്ന ചെറുപ്പക്കാർക്ക് അറിയാം എന്തു ചെയ്യണമെന്ന്, അവർ മററുള്ളവരുമായി ഒത്ത് ജനലിലൂടെ തോക്കുകൾ അകത്തു കടത്തുന്നു.
എയ്ഡ്സ് ഭീതി
എയ്ഡ്സ് പിടിപെടുമെന്നു പേടിയുള്ളവരുടെ എണ്ണം കൂടിക്കൂടിവരികയാണ്. ഐക്യനാടുകളിൽമാത്രം 2,30,000 പേരെയാണ് ഇതു ബാധിച്ചിരിക്കുന്നത്. 15 മുതൽ 24 വരെ പ്രായമുള്ളവരുടെ ഇടയിലെ മരണത്തിന്റെ മുഖ്യ കാരണങ്ങളിൽ എയ്ഡ്സ് ആറാം സ്ഥാനത്തു നിൽക്കുന്നു. “ഭാവിയിൽ ഇതിലും കൂടുതൽ വ്യാപകമാകാനുള്ള ഭയാനകമായ സാധ്യതയാണ് ഇതിനുള്ളത്” എന്നു ന്യൂസ്വീക്ക് പറയുന്നു.
നൃത്തം, നാടകം, സിനിമ, സംഗീതം, ഫാഷൻ, ടെലിവിഷൻ, കല എന്നിങ്ങനെയുള്ള മേഖലകളിലെ ആളുകളിൽ എയ്ഡ്സ് മൂലമുള്ള മരണം വളരെ കൂടുതലാണ്. പത്രപ്രവർത്തനം, കല, വിനോദം എന്നീ മേഖലകളിലുള്ള 25 മുതൽ 44 വരെ പ്രായമുള്ള പാരീസിലെ പുരുഷൻമാരുടെ മരണങ്ങളിൽ 60 ശതമാനവും എയ്ഡ്സ് നിമിത്തമാണെന്ന് ഒരു റിപ്പോർട്ട് പറഞ്ഞു. ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ടുചെയ്യുന്ന പ്രകാരം ലോകവിസ്തൃതമായി എച്ച്ഐവി വാഹകരായി എൺപതു ലക്ഷം മുതൽ ഒരു കോടി വരെ അളുകൾ ഉണ്ട്. “ഗോളമാസകലം, വിശേഷിച്ച് വികസ്വര രാജ്യങ്ങളിൽ എച്ച്ഐവി ബാധയാലുള്ള മരണനിരക്ക് കുതിച്ചുയരുകയാണെന്ന് ഇപ്പോൾ വ്യക്തമാണ്,” ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറായ ഡോ. മൈക്കിൾ മേഴ്സൻ പറയുന്നു.
പരിസ്ഥിതി സംബന്ധമായതും സമാനമായ മററു ഭയങ്ങളും ഇതിനു പുറമേ തീർച്ചയായുമുണ്ട്. എന്നിരുന്നാലും, ലോകം ഭയത്തിന്റെ പിടിയിലമരുകയാണ് എന്നു വ്യക്തമാക്കാൻ മേൽപ്പറഞ്ഞ റിപ്പോർട്ടുകൾ മാത്രം മതിയാകും. ഇതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ? എന്നെങ്കിലും ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ നമുക്കു പ്രതീക്ഷിക്കാനാവുമോ?
[മുഖചിത്രത്തിനു കടപ്പാട്]
Cover photos: Left: Tom Haley/Sipa Press; Bottom: Malanca/Sipa Press
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Bob Strong/Sipa Press