യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—കൊളംബിയ
ദക്ഷിണ അമേരിക്കയിലെ ഒരു അനുപമ രാജ്യമാണ് കൊളംബിയ. അററ്ലാൻറിക് സമുദ്രവും പസഫിക് സമുദ്രവും തീരംതല്ലുന്നതാണ് അഗ്നിപർവതഭൂഷിതമായ ഇതിന്റെ തീരപ്രദേശം. ഉഷ്ണമേഖലയിൽപ്പെട്ട ഇവിടത്തെ താഴ്ന്ന തീരപ്രദേശങ്ങൾ, സമതലപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചൂടും മഞ്ഞുമൂടിയ ആൻഡീസ് പർവതശൃംഗങ്ങളിൽ തണുപ്പുമായി കാലാവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു.a
കൊളംബിയ സ്വർണത്തിനും മരതകത്തിനും പേരുകേട്ടതാണ്. എങ്കിലും അവിടത്തെ ഏററവും വിലയേറിയ സമ്പത്ത് ജനങ്ങൾതന്നെ. ഇന്ന്, യഹോവ തന്റെ ആത്മീയ ആലയം മഹത്ത്വംകൊണ്ടു നിറയ്ക്കുകയാണ്. ഭൂമിയുടെ എല്ലാ ഭാഗത്തും ആകർഷണീയരായ, അഭികാമ്യരായ ആരാധകർ അതിലേക്ക് ഒഴുകിയെത്തുകയാണ്. കൊളംബിയയുടെ കാര്യവും മറെറാന്നല്ല.—ഹഗ്ഗായി 2:7.
ബിസിനസ്സ് നിർവാഹകർക്കു മതിപ്പ്
1992 നവംബർ 1 ഞായറാഴ്ച. അന്നായിരുന്നു ബോഗറേറായുടെ 42 കിലോമീററർ വടക്കുപടിഞ്ഞാറുള്ള ഫാകാററാററീവായിൽ വാച്ച് ടവർ സൊസൈററിയുടെ പുതിയ ബ്രാഞ്ച് ഓഫീസിന്റെയും അച്ചടി സൗകര്യങ്ങളുടെയും സമർപ്പണം നടന്നത്. ബ്രാഞ്ച് ചുററിക്കറങ്ങിക്കണ്ട സന്ദർശകരിൽ അതു വലിയ മതിപ്പുളവാക്കി. താൻ ജോലിചെയ്യുന്ന ഫാക്ടറിയിൽ തിരിച്ചെത്തിയ ഒരു സന്ദർശകൻ ‘കാര്യക്ഷമത, ക്രമം, ജോലിയോടുള്ള സേവകരുടെ മനോഭാവം എന്നിവയുടെ അത്ഭുത’മായിരിക്കുന്ന ഈ സ്ഥാപനം ഒന്നു പോയിക്കാണാൻ തന്റെ മാനേജർമാരോട് അഭ്യർഥിച്ചു. തുടർന്നുള്ള സന്ദർശനങ്ങളിൽ കാര്യനിർവാഹകർ അത്യധികം താത്പര്യം കാണിക്കുകയും പലപല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
അതോടെ, തങ്ങളുടെ സൂപ്രണ്ടുമാരെയും മേൽനോട്ടക്കാരെയും ഫോർമാൻമാരെയും—വാസ്തവത്തിൽ എല്ലാ ജോലിക്കാരെയും—ഇവിടം സന്ദർശിക്കാൻ അയയ്ക്കണമെന്നായി ഈ ബിസിനസ്സ് നിർവാഹകരുടെ ആഗ്രഹം. ഓരോ ആഴ്ചയും 15 മുതൽ 25 വരെ തൊഴിലാളികളെ വീതം അവർ സന്ദർശനത്തിനായി നിശ്ചയിച്ചു. അങ്ങനെ അവിടത്തെ 1,300 വരുന്ന മുഴു തൊഴിലാളികൾക്കും ഇവിടത്തെ സംഘാടനാവൈഭവം നേരിട്ടു കണ്ടു മനസ്സിലാക്കാൻ കഴിഞ്ഞു.
ബ്രാഞ്ച് സൗകര്യങ്ങൾ സന്ദർശിക്കവേ, അവരിൽ നൂറുകണക്കിനു ജോലിക്കാർ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോ വീക്ഷിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ വലിപ്പം, രാജ്യപ്രസംഗവേലയുടെ ലോകവിസ്തൃതമായ വ്യാപനസാധ്യത എന്നിവയിൽ മതിപ്പുതോന്നിയ അവർ സൊസൈററിയുടെ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഉന്നത സാങ്കേതിക നിലവാരങ്ങളിൽ അത്ഭുതംകൂറി. അവിടംവിട്ടു പോകാൻനേരം തങ്ങൾക്കു തോന്നിയതെന്തെന്ന് അനേകരും പറയുകയുണ്ടായി. ‘പറുദീസയിൽനിന്നു തിരിച്ച് ഒരു അലങ്കോലപ്പെട്ട ലോകത്തിലേക്ക്’ പോകുന്നതുപോലെയാണത്രേ അവർക്കു തോന്നിയത്.
എല്ലാത്തരക്കാരിലേക്കും സത്യം എത്തുന്നു
സുവാർത്ത എല്ലാത്തരം ആളുകൾക്കും കിട്ടിക്കൊണ്ടിരിക്കുകയാണ്. (1 തിമൊഥെയൊസ് 2:3, 4) ഉദാഹരണത്തിന്, ഹെവിമെററൽ റോക്ക് ഗായകസംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഒരു മുൻ സംഗീതസംവിധായകൻ ബൈബിൾസത്യം സ്വീകരിച്ചു. ജീവിതത്തിനെല്ലാം മാററം വരുത്തിയ അദ്ദേഹം താമസിയാതെ നിരന്തരപയനിയറും പിന്നീട് ശുശ്രൂഷാദാസനുമായിത്തീർന്നു. വിധ്വംസക സംഘടനകളിൽ അംഗങ്ങളായിരുന്ന പല വ്യക്തികളും തങ്ങളുടെ വിശ്വാസവും പ്രത്യാശയും യഹോവയുടെ രാജ്യത്തിൽ അർപ്പിക്കാൻ പഠിച്ചിരിക്കുന്നു. അവരെല്ലാം ഇപ്പോൾ സമാധാനപൂർണമായ ഒരു പുതിയ ലോകത്തിന്റെ സന്ദേശം പ്രസംഗിക്കുന്നതിൽ സജീവമായി ഉൾപ്പെട്ടിരിക്കുകയാണ്.
മയക്കുമരുന്നാസക്തർ, അതിന്റെ ഇടപാടുകാർ എന്നിവരും സത്യത്തിലേക്കു തിരിഞ്ഞിരിക്കുന്നു. ഇപ്പോൾ സാക്ഷിയായിരിക്കുന്ന ഒരു യുവാവ് മുമ്പ് കാട്ടിൽ ഒരു ലഹരിമരുന്നു തോട്ടവും ഒരു കൊക്കെയിൻ ലബോറട്ടറിയും നടത്തിയിരുന്നു. എന്നാൽ അത്തരം ജീവിതമെല്ലാം വിട്ടുകളഞ്ഞിട്ട് ഇപ്പോൾ അഞ്ച് വർഷമായി. ബൈബിൾതത്ത്വങ്ങൾ പഠിച്ച് ബാധകമാക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തിയിരിക്കുന്നു. ഒരു ജയിലിൽ ശിക്ഷയനുഭവിക്കുന്ന കൊലപ്പുള്ളികൾക്കു ബൈബിളിന്റെ ഒരു ആത്മാർഥമായ പഠനത്തിലൂടെ ഇപ്പോൾ മനഃപരിവർത്തനം വന്നിരിക്കുന്നു. യഹോവ തങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് അവന്റെ ദാസൻമാരായി സ്വീകരിക്കണേ എന്നാണ് അവരുടെ ഇപ്പോഴത്തെ ആത്മാർഥമായ പ്രാർഥന.
അങ്ങനെ, എല്ലാത്തരം ആളുകളും രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നു. മറെറവിടെയും സംഭവിക്കുന്നതുപോലെ, കൊളംബിയയിലും യഹോവ തന്റെ ഭവനത്തെ മഹത്ത്വംകൊണ്ടു നിറയ്ക്കുകയാണ്.
[അടിക്കുറിപ്പ്]
a കൂടുതലായ വിവരങ്ങൾക്കു യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[8-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1993 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 60,854
അനുപാതം: 1 സാക്ഷിക്ക് 558 പേർ
സ്മാരക ഹാജർ: 2,49,271
ശരാശരി പയനിയർ പ്രസാധകർ: 8,487
ശരാശരി ബൈബിളധ്യയനങ്ങൾ: 1,00,927
സ്നാപനമേററവരുടെ എണ്ണം: 5,183
സഭകളുടെ എണ്ണം: 751
ബ്രാഞ്ച് ഓഫീസ്: ഫാകാററാററീവാ
[9-ാം പേജിലെ ചിത്രം]
1956-ലെ ബ്രാഞ്ച് ഓഫീസ് സേവകരും മിഷനറിമാരും
[9-ാം പേജിലെ ചിത്രം]
ബ്രാഞ്ച് ഓഫീസ്, ആകാശത്തുനിന്നെടുത്ത ചിത്രം