ദുരന്തകാലത്തു രക്ഷിക്കപ്പെടുന്നു
കൊറിയയിലെ സോൾ. അവിടത്തെ അഞ്ചുനിലയുള്ള ഒരു ബിസിനസ് കെട്ടിടം പെട്ടെന്നു നിലംപതിച്ചു. നൂറുകണക്കിനാളുകൾ അതിനുള്ളിൽ കുടുങ്ങി! കഴിയുന്നിടത്തോളം പേരുടെ ജീവൻ രക്ഷിക്കാനായി രക്ഷാപ്രവർത്തകർ അഹോരാത്രം അധ്വാനിച്ചു. ദിവസങ്ങൾ പിന്നിട്ടതോടെ, കോൺക്രീറ്റിന്റെയും ഉരുക്കിന്റെയും കൂമ്പാരത്തിനടിയിലായ ഏതെങ്കിലും അതിജീവകരെ കണ്ടെത്താനുള്ള സാധ്യതയും മങ്ങിത്തുടങ്ങി.
സകല പ്രതീക്ഷയും കൈവെടിയവേ, അത്ഭുതകരമായ ഒരു സംഗതി നടന്നു. കൽക്കൂമ്പാരങ്ങൾക്കടിയിൽനിന്ന് ഒരു ദീനരോദനം. നീണ്ട 16 ദിവസമായി അതിനുള്ളിൽ കുടുങ്ങിപ്പോയ 19 വയസ്സുകാരിയെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ വെറുംകൈകൊണ്ടു ഭ്രാന്തമായി കുഴിക്കാൻ തുടങ്ങി. തകർന്നുവീണ ഒരു ലിഫ്റ്റിന്റെ ഷാഫ്റ്റിനടിയിൽ അവൾ സുരക്ഷിതയായിരുന്നു. ടൺ കണക്കിനു കോൺക്രീറ്റ് അവളുടെമേൽ പതിക്കാതെ ആ ഷാഫ്റ്റ് അവളെ സംരക്ഷിച്ചിരുന്നു. ശരീരത്തിലെ ജലാംശം വല്ലാതെ നഷ്ടപ്പെടുകയും മുറിവേൽക്കുകയും ചെയ്തിരുന്നെങ്കിലും അവൾ മരണത്തെ അതിജീവിച്ചു!
ഈ നാളുകളിൽ, ഏതെങ്കിലും ദുരന്തത്തെക്കുറിച്ചുള്ള—ഭൂകമ്പമോ കൊടുങ്കാറ്റോ അഗ്നിപർവതസ്ഫോടനമോ അപകടമോ ഭക്ഷ്യക്ഷാമമോ എന്തുതന്നെയായിരുന്നാലും—റിപ്പോർട്ടുകൾ കേൾക്കാത്ത മാസമില്ലെന്നുതന്നെ പറയാം. രക്ഷപ്പെടുത്തലിന്റെയും അതിജീവനത്തിന്റെയും കൗതുകകരമായ കഥകൾ കോടിക്കണക്കിനാളുകളെ ഉദ്വേഗഭരിതരാക്കുന്നു. എന്നുവരികിലും, വരാനിരിക്കുന്ന ഒരു ദുരന്തത്തെക്കുറിച്ചുള്ള, മനുഷ്യചരിത്രത്തിലേക്കും ഏറ്റവും ദാരുണമായ ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് പൊതുവേ അവഗണിക്കപ്പെടുകയാണ്. (മത്തായി 24:21) വരാനിരിക്കുന്ന ആ സംഭവത്തെ ബൈബിൾ പിൻവരുന്ന വാക്കുകളിൽ വർണിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അററങ്ങളിൽനിന്നു വലിയ കൊടുങ്കാററു ഇളകിവരും. അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരററം മുതൽ മറെറ അററം വരെ വീണുകിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.”—യിരെമ്യാവു 25:32, 33.
ഭീതിദമായ വാക്കുകൾ! എന്നാൽ പ്രകൃതിവിപത്തുകളിൽനിന്നും അപകടങ്ങളിൽനിന്നും വ്യത്യസ്തമായ ആ ദുരന്തം വിവേചനാരഹിതമായി സംഹാരതാണ്ഡവമാടുകയില്ല. വാസ്തവത്തിൽ അതിജീവനം—നിങ്ങളുടെ അതിജീവനം—സാധ്യമാണ്!
അടിയന്തിരകാലം
ആ വസ്തുത പൂർണമായി മനസ്സിലാക്കുന്നതിന് ഒരുവൻ ആദ്യംതന്നെ, പ്രസ്തുത ആഗോള ദുരന്തം സംഭവിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കണം. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം അതാണെന്നതാണു വാസ്തവം. ഇന്ന്, സുരക്ഷിതത്വം തോന്നുന്നവർ ചുരുക്കമാണ്. ശാസ്ത്രം അത്യുത്തമ ശ്രമങ്ങൾ നടത്തിയിട്ടും പകർച്ചവ്യാധികൾ തുടർന്നും ഭൂവാസികളുടെ ജീവനപഹരിക്കുന്നു. മത-ഗോത്ര-രാഷ്ട്രീയ ഭിന്നതകളുടെ ഫലമായുള്ള യുദ്ധങ്ങൾ ആയിരക്കണക്കിനാളുകളുടെ ജീവനൊടുക്കുന്നു. ഭക്ഷ്യക്ഷാമം നിരപരാധികളായ സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും ദുരിതവും കഷ്ടപ്പാടും വർധിപ്പിക്കുന്നു. ധാർമികച്യുതി സമൂഹത്തിന്റെ അടിത്തറ തോണ്ടുന്നു; കുട്ടികൾപോലും ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു.
1,900-ത്തിലധികം വർഷം മുമ്പെഴുതിയ ഒരു ബൈബിൾ പ്രവചനം ശ്രദ്ധേയമായ കൃത്യതയോടെ നമ്മുടെ സാഹചര്യത്തെ ഇങ്ങനെ വർണിക്കുന്നു: “ഒരുകാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളിൽ ക്ളേശപൂർണ്ണമായ സമയങ്ങൾ വരും.”—2 തിമൊഥെയൊസ് 3:1, പി.ഒ.സി. ബൈബിൾ; മത്തായി 24:3-22 താരതമ്യം ചെയ്യുക.
സ്നേഹനിധിയായ ദൈവം നമ്മുടെ ദുരവസ്ഥയ്ക്കുനേരേ കണ്ണടയ്ക്കുമെന്നതു ന്യായയുക്തമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? “അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; . . . വ്യർത്ഥമായിട്ടല്ല അവൻ അതിനെ നിർമ്മിച്ചതു; പാർപ്പിനത്രേ അതിനെ നിർമ്മിച്ചതു” എന്നു ബൈബിൾ പറയുന്നു. (യെശയ്യാവു 45:18) അതേ, മനോഹരമായ ഈ ഗ്രഹം നശിപ്പിക്കപ്പെട്ട് അതിലെ മുഴു നിവാസികളും നാമാവശേഷമാകാൻ അനുവദിക്കുന്നതിനു പകരം ദൈവം ഇടപെടും. എന്നാൽ, ചോദ്യമിതാണ്: അവൻ അതെങ്ങനെ ചെയ്യും?
ജീവൻ തിരഞ്ഞെടുക്കുവിൻ!
സങ്കീർത്തനം 92:7-ൽ ബൈബിൾ ഉത്തരം നൽകുന്നു: “ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.” ദുഷ്ടതയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണു ഭൂമിയിലെ പ്രശ്നങ്ങൾക്കുള്ള ദൈവത്തിന്റെ പരിഹാരം. സകല മനുഷ്യരെയും ഇല്ലായ്മ ചെയ്യണമെന്ന് അതിനർഥമില്ലെന്നതു സന്തോഷജനകമായ സംഗതിയാണ്. സങ്കീർത്തനം 37:34 നമുക്ക് ഈ ഉറപ്പേകുന്നു: “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.”
മനുഷ്യവർഗത്തിനു സംഭവിക്കാവുന്നതിലേക്കും ഏറ്റവും വലിയ ദുരന്തത്തെ അതിജീവിക്കാൻ അവസരമുണ്ടെന്ന് ആ വാക്കുകൾ സൂചിപ്പിക്കുന്നു. ദൈവം നമ്മുടെ മുന്നിൽ ഒരു തിരഞ്ഞെടുപ്പു വെച്ചിരിക്കുന്നു. വാഗ്ദത്തദേശത്തു പ്രവേശിക്കാൻ തയ്യാറായിരുന്ന ഇസ്രായേല്യർക്കു മോശ നൽകിയ ഉദ്ബോധന വാക്കുകൾ ഇന്നു നമുക്കും തുല്യമായി ബാധകമാണ്: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നു . . . ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനപുസ്തകം 30:19, 20) എന്നാൽ ഒരുവന് “ജീവനെ തിരഞ്ഞെടുത്തു” രക്ഷപ്പെടാൻ കഴിയുന്നതെങ്ങനെ? യഥാർഥ രക്ഷ വാസ്തവത്തിൽ എന്താണ് അർഥമാക്കുന്നത്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
COVER: Explosion: Copyright © Gene Blevins/Los Angeles Daily News
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Yunhap News Agency/Sipa Press