രക്ഷ അതിന്റെ യഥാർഥ അർഥം
‘നിങ്ങൾ രക്ഷിക്കപ്പെട്ടതാണോ?’ മിക്കപ്പോഴും, യേശുവിനെ ‘തങ്ങളുടെ വ്യക്തിപരമായ രക്ഷകനായി സ്വീകരിച്ചിരിക്കുന്ന’തിനാൽ തങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നതായി ഈ ചോദ്യമുന്നയിക്കുന്നവർക്കു തോന്നുന്നു. എന്നാൽ രക്ഷ പ്രാപിക്കുന്നതിനു വിവിധ മാർഗങ്ങളുണ്ടെന്നാണു മറ്റു ചിലരുടെ മതം. അവരുടെ അഭിപ്രായത്തിൽ, ‘യേശു ഹൃദയത്തിലുള്ളിടത്തോളം കാലം’ നിങ്ങൾ എന്തു വിശ്വസിക്കുന്നു, ഏതു സഭയിലുള്ളവരാണ് എന്നതൊന്നും ഒരു വിഷയമല്ല.
“എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണമെന്ന”താണു ദൈവേഷ്ടമെന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 2:3, 4, NW) അങ്ങനെ, രക്ഷ അതു സ്വീകരിക്കുന്നവർക്കെല്ലാം ലഭ്യമാണ്. എന്നാൽ രക്ഷിക്കപ്പെടുക എന്നതിന്റെ അർഥമെന്താണ്? നിങ്ങളുടെ പക്ഷത്തുനിന്നുള്ള നാമമാത്ര ശ്രമത്താൽ അല്ലെങ്കിൽ യാതൊരു ശ്രമവും കൂടാതെതന്നെ സാധ്യമാകുന്ന ഒന്നാണോ അത്?
“രക്ഷ” എന്ന പദത്തിന്റെ അർഥം, “അപകടത്തിൽനിന്നോ നാശത്തിൽനിന്നോ ഉള്ള വിടുതൽ” എന്നാണ്. അതുകൊണ്ട്, യഥാർഥ രക്ഷയിൽ കേവലം മനശ്ശാന്തിയിലുമധികം ഉൾപ്പെട്ടിരിക്കുന്നു. ഈ ഏതൽക്കാല ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തിൽനിന്നും ഒടുവിൽ മരണത്തിൽനിന്നും രക്ഷിക്കപ്പെടുന്നതിനെ അത് അർഥമാക്കുന്നു! എന്നാൽ ദൈവം ആരെയാണു രക്ഷിക്കുന്നത്? ഉത്തരം കണ്ടെത്തുന്നതിന് ഈ വിഷയത്തെക്കുറിച്ച് യേശുക്രിസ്തു പഠിപ്പിച്ച സംഗതി നമുക്കു പരിശോധിക്കാം. നമ്മുടെ പരിശോധനയുടെ ഫലം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
രക്ഷ—സകല മതങ്ങളിലും കണ്ടെത്താമെന്നോ?
ഒരു സന്ദർഭത്തിൽ, ഒരു ശമര്യസ്ത്രീയുമായി യേശു സംഭാഷണത്തിലേർപ്പെട്ടു. യഹൂദസ്ത്രീ അല്ലായിരുന്നെങ്കിലും അവൾ മിശിഹാ, “എന്നുവെച്ചാൽ ക്രിസ്തു,” വരുമെന്ന് കൃത്യമായും വിശ്വസിച്ചിരുന്നു. (യോഹന്നാൻ 4:25) രക്ഷിക്കപ്പെടാൻ അവൾക്ക് അത്തരം വിശ്വാസം മതിയായിരുന്നോ? മതിയായിരുന്നില്ല. കാരണം യേശു ആ സ്ത്രീയോടു സധൈര്യം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു.” രക്ഷിക്കപ്പെടുന്നതിന് ആ സ്ത്രീ തന്റെ ആരാധനാരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് യേശുവിനറിയാമായിരുന്നു. അതുകൊണ്ട് യേശു ഇങ്ങനെ വിശദീകരിച്ചു: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.”—യോഹന്നാൻ 4:22, 23.
യഹൂദമതത്തിലെ ഒരു പ്രമുഖ വിഭാഗത്തിൽപ്പെട്ട പരീശന്മാരോടൊപ്പമായിരുന്ന മറ്റൊരു സന്ദർഭത്തിൽ, രക്ഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ വീക്ഷണം യേശു വെളിപ്പെടുത്തി. പരീശന്മാർ ഒരു ആരാധനാസമ്പ്രദായം വളർത്തിയെടുത്തിരുന്നു, അതിനു ദൈവാംഗീകാരമുള്ളതായി അവർ വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ പരീശന്മാരോടുള്ള യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ‘കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.’—മത്തായി 15:7-9.
ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്നത്തെ നിരവധി മതവിഭാഗങ്ങളുടെ കാര്യമോ? രക്ഷ പ്രാപിക്കുന്നതിനുള്ള നിയമാനുസൃത മാർഗങ്ങളായി എല്ലാ മതവിഭാഗങ്ങളെയും യേശു അംഗീകരിക്കുമോ? ഇതേക്കുറിച്ചു നാം ഊഹാപോഹം നടത്തേണ്ടതില്ല. കാരണം, യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.”—മത്തായി 7:21-23.
യേശുവിനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം രക്ഷയ്ക്കു മർമപ്രധാനം
യേശുവിന്റെ ആ വാക്കുകൾക്കു ഗൗരവമായ ആന്തരാർഥമുണ്ട്. മതഭക്തരായ അനേകർ “പിതാവിന്റെ ഇഷ്ടം” ചെയ്യുന്നതിൽ പരാജയപ്പെടുന്നതായി അതു സൂചിപ്പിക്കുന്നു. ആ സ്ഥിതിക്ക്, ഒരുവന് യഥാർഥ രക്ഷ എങ്ങനെ പ്രാപിക്കാൻ കഴിയും? 1 തിമൊഥെയൊസ് 2:3, 4 (NW) ഉത്തരം നൽകുന്നു: “എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്തണമെന്നുമാണ് [ദൈവത്തിന്റെ] ഇഷ്ടം.”—കൊലൊസ്സ്യർ 1:9, 10 താരതമ്യം ചെയ്യുക.
അത്തരം പരിജ്ഞാനം രക്ഷ പ്രാപിക്കുന്നതിനു മർമപ്രധാനമാണ്. ഒരിക്കൽ ഒരു റോമൻ കാരാഗൃഹപ്രമാണി, പൗലൊസ് അപ്പോസ്തലനോടും അവന്റെ സഹകാരിയായിരുന്ന ശീലാസിനോടും, “രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?” എന്നു ചോദിച്ചു. “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും,” അവർ മറുപടി പറഞ്ഞു. (പ്രവൃത്തികൾ 16:30, 31) അതിന്റെ അർഥം, കാരാഗൃഹപ്രമാണിയും കുടുംബവും അവരുടെ ഹൃദയങ്ങളിൽ ഒരു പ്രത്യേക വികാരം ഉൾക്കൊണ്ടാൽ മാത്രം മതിയാകുമായിരുന്നുവെന്നാണോ? അല്ല. കാരണം, യേശു ആരായിരുന്നു, അവൻ എന്തു ചെയ്തു, എന്തു പഠിപ്പിച്ചു എന്നതെല്ലാം സംബന്ധിച്ച് കുറെയൊക്കെ അറിവില്ലാതെ “കർത്താവായ യേശുവിൽ” അവർക്കു യഥാർഥത്തിൽ വിശ്വസിക്കാനാകുമായിരുന്നില്ല.
ഉദാഹരണത്തിന്, യേശു ഒരു സ്വർഗീയ ഗവൺമെൻറ്—“ദൈവരാജ്യം”—സ്ഥാപിതമാകുന്നതിനെക്കുറിച്ചു പഠിപ്പിച്ചു. (ലൂക്കൊസ് 4:43) ക്രിസ്തീയ ധാർമികത, പെരുമാറ്റം എന്നിവ സംബന്ധിച്ചും അവൻ തത്ത്വങ്ങൾ നൽകി. (മത്തായി 5-7 അധ്യായങ്ങൾ) രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ ശിഷ്യന്മാർ ഏതു നിലപാടു സ്വീകരിക്കണമെന്ന് അവൻ വിവരിച്ചു. (യോഹന്നാൻ 15:19) ഒരു ആഗോള പഠിപ്പിക്കൽ പരിപാടി സ്ഥാപിച്ച്, അതിൽ പങ്കെടുക്കാൻ അവൻ തന്റെ അനുഗാമികളെ നിയോഗിച്ചു. (മത്തായി 24:14; പ്രവൃത്തികൾ 1:8) അതേ, ‘യേശുവിൽ വിശ്വസിക്കുക’ എന്നത് അനേകം കാര്യങ്ങൾ മനസ്സിലാക്കുന്നതിനെ അർഥമാക്കി! പൗലൊസും ശീലാസും “കർത്താവിന്റെ വചനം [കാരാഗൃഹപ്രമാണിയോടും] അവന്റെ വീട്ടിലുള്ള എല്ലാവരോടും,” ആ പുതിയ വിശ്വാസികൾ സ്നാപനമേൽക്കുന്നതിനു മുമ്പ്, “പ്രസംഗിച്ച”തിൽ തെല്ലും അതിശയിക്കാനില്ല.—പ്രവൃത്തികൾ 16:32, 33.
ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനവും മർമപ്രധാനം
യേശുവിൽ യഥാർഥമായി വിശ്വസിക്കുന്നതിലെ ഒരു സുപ്രധാന സംഗതിയാണ് യേശു ആരാധിക്കുന്ന ദൈവത്തെത്തന്നെ ആരാധിക്കുന്നത്. അവൻ ഇങ്ങനെ പ്രാർഥിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
തന്റെ ഭൗമിക ശുശ്രൂഷക്കാലത്തു ദൈവപുത്രൻ എല്ലായ്പോഴും തന്റെ പിതാവിലേക്കാണു ശ്രദ്ധയാകർഷിച്ചത്, അല്ലാതെ തന്നിലേക്കല്ല. താൻ സർവശക്തനായ ദൈവമാണെന്ന് അവൻ ഒരിക്കലും അവകാശപ്പെട്ടില്ല. (യോഹന്നാൻ 12:49, 50) താൻ പിതാവിനു കീഴ്പെട്ടിരിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ട് പല സന്ദർഭങ്ങളിലും ദൈവത്തിന്റെ ക്രമീകരണത്തിൽ തനിക്കുള്ള സ്ഥാനം യേശു വ്യക്തമാക്കി. (ലൂക്കൊസ് 22:41, 42; യോഹന്നാൻ 5:19) എന്തിന്, അവൻ ഇങ്ങനെയും പ്രഖ്യാപിച്ചു: “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) ദൈവവും ക്രിസ്തുവും തമ്മിലുള്ള യഥാർഥ ബന്ധത്തെക്കുറിച്ചു നിങ്ങളുടെ സഭ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ? അതോ, യേശു സർവശക്തനായ ദൈവമാണെന്നു വിശ്വസിക്കാനാണോ അതു പഠിപ്പിച്ചിരിക്കുന്നത്? നിങ്ങളുടെ രക്ഷ ശരിയായ ഗ്രാഹ്യത്തെ ആശ്രയിച്ചിരിക്കുന്നു.
കർത്താവിന്റെ പ്രാർഥനയിൽ, യേശു ശിഷ്യന്മാരെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) മിക്ക ബൈബിൾ പരിഭാഷകളും ദൈവനാമത്തെ “കർത്താവ്” എന്നു വിവർത്തനം ചെയ്തുകൊണ്ട് അതിനെ അസ്പഷ്ടമാക്കിയിരിക്കുകയാണ്. എന്നാൽ, “പഴയനിയമ”ത്തിന്റെ പുരാതന പ്രതികളിൽ ദൈവനാമം ആറായിരത്തിലധികം തവണ കാണാം! സങ്കീർത്തനം 83:18-ൽ ഇപ്രകാരം വായിക്കുന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യഹോവ എന്ന ദൈവനാമം ഉപയോഗിക്കാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ? ഇല്ലാത്തപക്ഷം, നിങ്ങളുടെ രക്ഷ അപകടത്തിലാണ്. കാരണം, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും”!—പ്രവൃത്തികൾ 2:21; യോവേൽ 2:32 താരതമ്യം ചെയ്യുക.
ആത്മാവിലും സത്യത്തിലും
ദൈവവചനമായ ബൈബിളിലേക്കും യേശുക്രിസ്തു ശ്രദ്ധ തിരിച്ചുവിട്ടു. ചില സംഗതികളെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണമെന്താണെന്നു വിവരിക്കവേ അവൻ മിക്കപ്പോഴും “എഴുതിയിരിക്കുന്നു” എന്നു പറയുമായിരുന്നു. (മത്തായി 4:4, 7, 10; 11:10; 21:13) മരിക്കുന്നതിന്റെ തലേ രാത്രിയിൽ യേശു ശിഷ്യന്മാർക്കുവേണ്ടി ഇങ്ങനെ പ്രാർഥിച്ചു: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യം ആകുന്നു.”—യോഹന്നാൻ 17:17.
അങ്ങനെ, ദൈവവചനത്തിന്റെ പഠിപ്പിക്കലുകളെക്കുറിച്ച് അറിവു നേടുന്നത് രക്ഷ പ്രാപിക്കുന്നതിനുള്ള മറ്റൊരു അവശ്യഘടകമാണ്. (2 തിമൊഥെയൊസ് 3:16) പിൻവരുന്ന ചോദ്യങ്ങൾക്കു ബൈബിൾ മാത്രമേ ഉത്തരം നൽകുന്നുള്ളൂ: ജീവിതത്തിന്റെ അർഥമെന്ത്? ഇത്രയുംകാലം ദുഷ്ടത തുടരാൻ ദൈവം അനുവദിച്ചതെന്തുകൊണ്ട്? മരിക്കുമ്പോൾ ഒരു വ്യക്തിക്ക് എന്തു സംഭവിക്കുന്നു? ദൈവം വാസ്തവമായും ആളുകളെ അഗ്നിനരകത്തിൽ ദണ്ഡിപ്പിക്കുന്നുണ്ടോ? ഭൂമിയെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യമെന്താണ്?a ഇത്തരം സംഗതികൾ സംബന്ധിച്ച കൃത്യമായ അറിവില്ലാതെ ഒരുവനു ദൈവത്തെ ശരിയായി ആരാധിക്കാൻ സാധിക്കുകയില്ല. “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കു”മെന്ന് യേശു പറഞ്ഞു.—യോഹന്നാൻ 4:23.
വിശ്വാസം പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു
രക്ഷ പ്രാപിക്കുന്നതിൽ കേവലം വിവരങ്ങൾ സമ്പാദിക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. ഒരു പ്രതികരണാത്മക ഹൃദയത്തിൽ ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം വിശ്വാസം ജനിപ്പിക്കുന്നു. (റോമർ 10:10, 17; എബ്രായർ 11:6) അത്തരം വിശ്വാസം ഒരുവനെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ബൈബിൾ ഇങ്ങനെ അനുശാസിക്കുന്നു: ‘ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരും.’—പ്രവൃത്തികൾ 3:19.
അതേ, നടത്തയും ധാർമികതയും സംബന്ധിച്ച ദൈവത്തിന്റെ പ്രമാണങ്ങളോട് അനുരൂപപ്പെടുന്നതും രക്ഷ പ്രാപിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവവചനത്തിന്റെ പരിവർത്തന സ്വാധീനശക്തി നിമിത്തം, നുണയും വഞ്ചനയുംപോലുള്ള ആജീവനാന്ത ശീലങ്ങൾ സത്യസന്ധതയ്ക്കും വിശ്വസ്തതയ്ക്കും വഴിമാറുന്നു. (തീത്തൊസ് 2:10) സ്വവർഗരതി, വ്യഭിചാരം, പരസംഗം എന്നിങ്ങനെയുള്ള അധാർമിക നടപടികൾ ശുദ്ധമായ ധാർമിക നടത്തയ്ക്കു വഴിയൊഴിഞ്ഞുകൊടുക്കുന്നു. (1 കൊരിന്ത്യർ 6:9-11) അത് വികാരാവേശത്താലുള്ള താത്കാലിക വർജനമല്ല. മറിച്ച്, ദൈവവചനത്തിന്റെ സൂക്ഷ്മമായ പഠനത്തിന്റെയും ബാധകമാക്കലിന്റെയും ഫലമായുണ്ടാകുന്ന ശാശ്വതമായ മാറ്റമായിരിക്കും.—എഫെസ്യർ 4:22-24.
കാലക്രമത്തിൽ, ദൈവത്തിനു സമ്പൂർണ സമർപ്പണം നടത്തുന്നതിനും അതു ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നതിനും ദൈവത്തോടുള്ള സ്നേഹവും വിലമതിപ്പും പരമാർഥഹൃദയനായ ഒരു വ്യക്തിയെ പ്രേരിപ്പിക്കും. (മത്തായി 28:19, 20; റോമർ 12:1) സ്നാപനമേറ്റ ക്രിസ്ത്യാനികൾ ദൈവദൃഷ്ടിയിൽ രക്ഷിക്കപ്പെടുന്നു. (1 പത്രൊസ് 3:21) ഈ ദുഷ്ടലോകത്തിന്റെ വരാനിരിക്കുന്ന നാശസമയത്തു സംരക്ഷണം നൽകിക്കൊണ്ടു ദൈവം അവരെ സമ്പൂർണമായി രക്ഷിക്കും.—വെളിപ്പാടു 7:9,14.
രക്ഷ നിങ്ങൾക്ക് അർഥമാക്കുന്നത്
രക്ഷ പ്രാപിക്കുന്നതിൽ ‘കർത്താവായ യേശു ഹൃദയത്തിൽ ഉണ്ടായിരിക്കു’ന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഈ ഹ്രസ്വമായ ചർച്ചയിൽനിന്നു വ്യക്തമാണ്. അതിന്റെ അർഥം, യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചു സൂക്ഷ്മമായ അറിവു നേടി, ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയെന്നാണ്. അങ്ങനെ ചെയ്യുന്നത് ഒരു ദുഷ്കര കൃത്യമായി തോന്നിച്ചേക്കാം. എന്നാൽ, ആ ഉദ്യമത്തിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ഒരുക്കമുള്ളവരാണ്. ഒരു സൗജന്യ ഭവന ബൈബിളധ്യയനത്തിലൂടെ യഥാർഥ രക്ഷയുടെ പാതയിൽ നടക്കുന്നതിനു തുടക്കമിടാൻ അവർക്കു നിങ്ങളെ സഹായിക്കാനാകും.b
അപ്രകാരം ചെയ്യുന്നത്, ദൈവത്തിന്റെ വരാനിരിക്കുന്ന ന്യായവിധിദിവസം സമീപിച്ചിരിക്കുന്നുവെന്നതിനാൽ എന്നത്തേക്കാളും അടിയന്തിരമാണ്! “യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” എന്ന പ്രവാചക വാക്കുകൾ ചെവിക്കൊള്ളുന്നതിനുള്ള സമയമാണിത്.”—സെഫന്യാവു 2:2, 3.
[അടിക്കുറിപ്പുകൾ]
a ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി ദയവുചെയ്ത്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം കാണുക.
b നിങ്ങൾക്ക് ഒരു ഭവന ബൈബിളധ്യയനത്തിന് ആഗ്രഹമുണ്ടെങ്കിൽ ദയവായി യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുമായി ബന്ധപ്പെടുക. അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക.
[6-ാം പേജിലെ ചതുരം]
രക്ഷിക്കപ്പെടുന്നതിനുള്ള അടിസ്ഥാന സംഗതികൾ:
□ ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവു നേടൽ.—യോഹന്നാൻ 17:3.
□ വിശ്വാസം പ്രകടമാക്കൽ.—റോമർ 10:17; എബ്രായർ 11:6.
□ അനുതപിച്ച് തിരിഞ്ഞുവരൽ.—പ്രവൃത്തികൾ 3:19; എഫെസ്യർ 4:22-24.
□ സമർപ്പിച്ച് സ്നാപനമേൽക്കൽ.—മത്തായി 16:24; 28:19, 20.
□ പരസ്യപ്രഖ്യാപനം നടത്തുന്നതിൽ തുടരൽ.—മത്തായി 24:14; റോമർ 10:10.
[7-ാം പേജിലെ ചിത്രം]
ബൈബിൾ പഠിക്കുന്നതും പഠിച്ചതു ബാധകമാക്കുന്നതും സമർപ്പിച്ച് സ്നാപനമേൽക്കുന്നതും രക്ഷയ്ക്കുള്ള പടികളാണ്