ചിലർ മതം മാറുന്നതിന്റെ കാരണം
അനേകർക്കും മതം ഒരു തിരിച്ചറിയിക്കൽ നാമം മാത്രമാണ്. ഒരു വ്യക്തി വല്ലപ്പോഴും ഞായറാഴ്ചകളിൽ എവിടെ പോകുന്നു, എവിടെ വെച്ച് വിവാഹിതനാകുന്നു, എവിടെ അടക്കപ്പെടും എന്നിങ്ങനെയുള്ള കാര്യങ്ങൾ അതു സൂചിപ്പിച്ചേക്കാം. എന്നാൽ അയാൾ ഏതു തരം വ്യക്തിയാണെന്നോ അയാൾക്ക് എന്ത് അറിയാമെന്നോ അയാൾ എന്തു വിശ്വസിക്കുന്നുവെന്നോ അതു സൂചിപ്പിക്കുന്നില്ല. ദൃഷ്ടാന്തത്തിന്, ഒരു സർവേ വെളിപ്പെടുത്തുന്ന പ്രകാരം ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരിൽ 50 ശതമാനത്തിനും ഗിരിപ്രഭാഷണം നടത്തിയത് ആരാണെന്ന് അറിയില്ല. എന്തിന്, പ്രശസ്ത ഇന്ത്യൻ നേതാവായിരുന്ന ഗാന്ധിജി ഒരു ഹിന്ദുവായിരുന്നെങ്കിലും, അദ്ദേഹത്തിനു പോലും അതറിയാമായിരുന്നു!
മിക്കവർക്കും തങ്ങളുടെ മതത്തെ കുറിച്ച് ഒന്നുംതന്നെ അറിയില്ലാത്ത സ്ഥിതിക്ക് അവർ മതത്തിൽനിന്ന് അകന്നു പോകുന്നത് ആശ്ചര്യജനകമാണോ? അല്ല, തീർച്ചയായും അല്ല. എന്നാൽ, അത് ഒഴിവാക്കാനാകാത്തതും അല്ല. ബൈബിൾ പഠിക്കാൻ സഹായം സ്വീകരിച്ചിട്ടുള്ളവർ അത് തങ്ങൾക്ക് എത്രമാത്രം പ്രയോജനം ചെയ്യുന്നുവെന്നു കണ്ടതിൽ അതിശയം കൂറിയിട്ടുണ്ട്. ബൈബിൾതന്നെ ഇപ്രകാരം പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—യെശയ്യാവു 48:17.
ആത്മീയ വിശപ്പു തൃപ്തിപ്പെടാത്തവർ എന്തു ചെയ്യണം? അവർ ദൈവത്തെ സേവിക്കുന്നത് ഉപേക്ഷിക്കരുത്! മറിച്ച്, ബൈബിൾ പരിശോധിച്ച് തങ്ങൾക്കായി ദൈവം എന്താണു ലഭ്യമാക്കുന്നതെന്നു അവർ മനസ്സിലാക്കണം.
ദുഷ്കരമായ ചോദ്യങ്ങൾക്കുള്ള ഉത്തരം
ഏഴു വയസ്സുള്ളപ്പോൾ തന്റെ അമ്മ മരിക്കുന്നത് ബെന്റ് കണ്ടു.a ‘എന്റെ അമ്മ എവിടെയാണ്? ഞാൻ അമ്മ ഇല്ലാതെ വളരേണ്ടത് എന്തുകൊണ്ട്?’ എന്നിങ്ങനെയുള്ള ചിന്തകൾ ശേഷിച്ച കുട്ടിക്കാലം മുഴുവൻ അവനെ വേട്ടയാടി. കൗമാര കാലത്ത് ബെന്റ് ഒരു സജീവ പള്ളി അംഗമായിരുന്നു. മനുഷ്യരാശിയുടെ കഷ്ടപ്പാടുകളിൽ ആകുലചിത്തനായ അവൻ ഒരു വികസ്വര രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനം നടത്താൻ ആഗ്രഹിച്ചു. എങ്കിലും, തന്റെ സഭയ്ക്കു തൃപ്തികരമായ യാതൊരു ഉത്തരവും ഇല്ലാതിരുന്ന ചോദ്യങ്ങൾ അവനെ അലട്ടിക്കൊണ്ടിരുന്നു.
ഒരിക്കൽ ബെന്റ് യഹോവയുടെ സാക്ഷിയായിരുന്ന ഒരു സഹപാഠിയോട് അത്തരം കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. ബെന്റിന്റെ അമ്മ അബോധാവസ്ഥയിൽ ആണെന്ന്, മരണത്തിൽ ഉറങ്ങുകയാണെന്ന്, ആ ചെറുപ്പക്കാരൻ അവനു ബൈബിളിൽനിന്നു കാണിച്ചുകൊടുത്തു. ഈ ആശയം വിശദീകരിക്കുന്ന നിരവധി ബൈബിൾ വാക്യങ്ങൾ ബെന്റ് മനസ്സിലാക്കി, ദൃഷ്ടാന്തത്തിന്, “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നു പറയുന്ന സഭാപ്രസംഗി 9:5. അതുകൊണ്ട്, ഏതെങ്കിലും ശുദ്ധീകരണസ്ഥലത്തോ അതിലും ദാരുണമായ ഒരു സ്ഥലത്തോ തന്റെ അമ്മ യാതന അനുഭവിക്കുന്നുണ്ടോ എന്നു വ്യാകുലപ്പെടാൻ ബെന്റിന് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. മിക്ക മതങ്ങളും അമർത്യ ആത്മാവ് എന്ന ഉപദേശം പഠിപ്പിക്കുന്നുണ്ടെങ്കിലും, മരണത്തെ അതിജീവിക്കുന്ന യാതൊരു അമർത്യ ഭാഗവും മനുഷ്യന്റെ ഉള്ളിൽ ഇല്ലെന്നു ബെന്റ് ബൈബിളിൽനിന്നു മനസ്സിലാക്കി.
മരിച്ചവർക്കുള്ള അത്ഭുതകരമായ ഭാവിപ്രതീക്ഷയെ കുറിച്ചും ബെന്റ് മനസ്സിലാക്കി. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു ബൈബിളിലെ പ്രവൃത്തികളുടെ പുസ്തകത്തിൽ നിന്ന് അവൻ വായിച്ചു. (പ്രവൃത്തികൾ 24:15) ദൈവം ഒരു പറുദീസയായി പുനഃസ്ഥിതീകരിക്കാൻ പോകുന്ന ഈ ഭൂമിയിൽത്തന്നെ ആ പുനരുത്ഥാനം നടക്കുമെന്ന അറിവ് അവനെ എത്ര പുളകം കൊള്ളിച്ചെന്നോ!—സങ്കീർത്തനം 37:29; വെളിപ്പാടു 21:3, 4.
യഥാർഥ ബൈബിൾ പരിജ്ഞാനം പെട്ടെന്നുതന്നെ ബെന്റിന്റെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തി. ബെന്റ് മതം ഉപേക്ഷിച്ചില്ല. മറിച്ച്, തന്റെ വിശപ്പ് തൃപ്തിപ്പെടുത്താൻ കഴിയാഞ്ഞ സഭ വിട്ട്, ബൈബിളിൽ ഉറച്ച അടിസ്ഥാനമുള്ള ഒരു ആരാധനാ രീതി അവൻ സ്വീകരിച്ചു. അവൻ പറയുന്നു: “അത് 14 വർഷം മുമ്പായിരുന്നു. ആ നടപടിയെപ്രതി ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. സ്രഷ്ടാവ് കഷ്ടപ്പാടുകൾ വരുത്തുന്നില്ലെന്ന് എനിക്ക് ഇപ്പോൾ അറിയാം. ഈ വ്യവസ്ഥിതിയുടെ ദൈവം സാത്താനാണ്. നമുക്കു ചുറ്റുമുള്ള അവസ്ഥകൾക്ക് അവനാണ് ഉത്തരവാദി. എന്നാൽ, സാത്താന്റെ ലോകം വരുത്തിവെച്ചിരിക്കുന്ന എല്ലാ ദ്രോഹവും ദൈവം താമസിയാതെ നേരെയാക്കും. പുനരുത്ഥാനത്തിൽ എന്റെ അമ്മയും മടങ്ങിയെത്തും. അത് എന്തൊരു സന്തോഷമായിരിക്കും!”
സന്ദർഭവശാൽ, മറ്റുള്ളവരെ സഹായിക്കാനായി വിദേശത്തു പ്രവർത്തിക്കാനുള്ള ലക്ഷ്യത്തിൽ ബെന്റ് എത്തിച്ചേർന്നു. തങ്ങളുടെ ദുരിതങ്ങൾക്കുള്ള യഥാർഥ പരിഹാരമായ ദൈവരാജ്യത്തെ കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അദ്ദേഹം ഒരു വിദേശ രാജ്യത്തു പ്രവർത്തിക്കുന്നു. ദൈവം ഉടൻതന്നെ മാനുഷ ദുരിതത്തിന് അറുതി വരുത്തുമെന്നു ബെന്റിനെ പോലെ ലക്ഷക്കണക്കിന് ആളുകൾ മനസ്സിലാക്കിയിരിക്കുന്നു. തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്ന ഒരു മതം ഉണ്ടെന്നു കണ്ടെത്തിയതിൽ അവർ പുളകിതരാണ്.—മത്തായി 5:3.
എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം?
പാശ്ചാത്യ ലോകം അധികമധികം ലൗകികവൽക്കരിക്കപ്പെടുന്നതോടെ, ‘എന്താണ് ജീവിതത്തിന്റെ ഉദ്ദേശ്യം?’ എന്ന് അനേകരും ചോദിക്കുന്നു. ഉത്തരം ബൈബിളിൽ കണ്ടെത്താവുന്നതാണ്. മൈക്കിളിന് അതു സാധിച്ചു. 1970-കളുടെ മധ്യത്തിൽ ഒരു ഭീകരപ്രവർത്തക സംഘത്തിൽ ചേരാൻ മൈക്കിൾ ആഗ്രഹിച്ചു. അവനു ജീവിതത്തിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ—മുതലാളിത്ത വ്യവസ്ഥിതിയിലെ അനീതികൾക്കു കാരണക്കാരായി താൻ വീക്ഷിച്ചവർക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുക. “തോക്ക് എടുക്കാതെ ഞാൻ ഒരിക്കലും പുറത്തു പോകുമായിരുന്നില്ല,” അദ്ദേഹം പറയുന്നു. “ആവുന്നത്ര പ്രമുഖ രാഷ്ട്രീയക്കാരെയും മുതലാളിത്ത വാദികളെയും വകവരുത്തുക എന്നതായിരുന്നു എന്റെ പദ്ധതി. ആ ലക്ഷ്യത്തിനായി എന്റെ ജീവൻ പണയപ്പെടുത്താൻ ഞാൻ ഒരുക്കമായിരുന്നു.”
മൈക്കിൾ പള്ളിയിൽ പോയിരുന്നു. എന്നാൽ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം എന്താണെന്നു പള്ളിയിലുള്ള ആർക്കും വിശദീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം കാണിച്ചുകൊടുത്തപ്പോൾ മൈക്കിൾ ശ്രദ്ധാപൂർവം കേട്ടു. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലെ ആരാധനാ യോഗങ്ങളിൽ അദ്ദേഹം ഹാജരാകാൻ തുടങ്ങി.
മൈക്കിളിനു ബൈബിളിൽ പുതുതായി ഉണ്ടായ താത്പര്യം സംബന്ധിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ജിജ്ഞാസുക്കളായി. “ഈ ഞായറാഴ്ചത്തെ യോഗത്തിനു വരിക. കുറച്ചു നേരം അവിടെ ഇരിക്കുക. കേൾക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ വീട്ടിൽ പോകുക” എന്നിങ്ങനെ മൈക്കിൾ അവരെ ഉദ്ബോധിപ്പിച്ചു. അങ്ങനെതന്നെ സംഭവിച്ചു, 45 മിനിറ്റു നേരത്തെ ബൈബിൾ അധിഷ്ഠിത പ്രസംഗത്തിനു ശേഷം അദ്ദേഹത്തിന്റെ മിക്ക സുഹൃത്തുക്കളും ഹാൾ വിട്ടുപോയി. എന്നാൽ ഒരാൾ, സൂസൻ, പോയില്ല. കേട്ട കാര്യങ്ങൾ ആ ചെറുപ്പക്കാരിയെ ഏറെ ആകർഷിച്ചു. പിന്നീടു വിവാഹിതരായ മൈക്കിളും സൂസനും യഹോവയുടെ സാക്ഷികളായി സ്നാപനം ഏറ്റു. “നാം ഭൂമിയിൽ ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ അറിയാം,” മൈക്കിൾ പറയുന്നു. “നമ്മെ സൃഷ്ടിച്ചതു യഹോവയാണ്. അവനെ അറിയുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതുമാണ് നമ്മുടെ യഥാർഥ ജീവിതലക്ഷ്യം. അതാണ് യഥാർഥ സംതൃപ്തി കൈവരുത്തുന്നതും!”
ലക്ഷക്കണക്കിന് ആളുകൾക്കു മൈക്കിളിനുള്ള അതേ ബോധ്യമുണ്ട്. അവർ ബൈബിളിലെ പിൻവരുന്ന വാക്കുകൾ ഗൗരവമായി എടുക്കുന്നു: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകലമനുഷ്യർക്കും വേണ്ടുന്നതു.”—സഭാപ്രസംഗി 12:13.
ജീവിതപ്രശ്നങ്ങൾ തരണം ചെയ്യൽ
2 തിമൊഥെയൊസ് 3:1-ൽ കാണുന്ന പ്രവചനത്തിന്റെ നിവൃത്തി നമുക്കെല്ലാം അനുഭവവേദ്യമാണ്: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും.” “ദുർഘടസമയങ്ങ”ളുടെ പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാൻ ആർക്കും കഴിയില്ല. എന്നാൽ അവയെ നേരിടാൻ ബൈബിൾ നമ്മെ സഹായിക്കുന്നു.
ദമ്പതികളായ സ്റ്റീവന്റെയും ഒലിവിന്റെയും കാര്യം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ മറ്റ് അനേകരെയും പോലെ അവർക്കും ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. “ഞങ്ങൾ പരസ്പരം അകലുകയായിരുന്നു” എന്ന് സ്റ്റീവൻ പറയുന്നു. “ഞങ്ങൾക്കു വ്യത്യസ്ത ലക്ഷ്യങ്ങളും താത്പര്യങ്ങളുമാണ് ഉണ്ടായിരുന്നത്.” ഒന്നിച്ചുനിൽക്കാൻ അവരെ സഹായിച്ചത് എന്തായിരുന്നു? “ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാൻ കഴിയുമെന്ന് യഹോവയുടെ സാക്ഷികൾ ഞങ്ങൾക്കു കാണിച്ചുതന്നു” എന്ന് സ്റ്റീവൻ തുടർന്നു പറയുന്നു. “നിസ്വാർഥരും പരിപാലിക്കുന്നവരും ആയിരിക്കുക എന്നതിന്റെ അർഥം എന്തെന്നു ഞങ്ങൾ ആദ്യമായി മനസ്സിലാക്കി. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതു ഞങ്ങളുടെ ബന്ധം അരക്കിട്ടുറപ്പിച്ചു. ഞങ്ങൾ ഇപ്പോൾ സന്തുഷ്ടവും സുസ്ഥിരവുമായ ഒരു വിവാഹ ജീവിതം ആസ്വദിക്കുന്നു.”
ദൈവവുമായി ഒരു അടുത്ത ബന്ധം
അടുത്ത കാലത്തെ ഒരു അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച്, 96 ശതമാനം അമേരിക്കക്കാരും ദൈവത്തിൽ വിശ്വസിക്കുന്നു. അവരിൽ മിക്കവരും അവനോടു പ്രാർഥിക്കുകയും ചെയ്യുന്നു. എന്നാൽ, പള്ളിയിലെയും സിനഗോഗിലെയും ഹാജർ ഇപ്പോൾ കഴിഞ്ഞ അര നൂറ്റാണ്ടിൽ വെച്ച് ഏറ്റവും താഴെയാണെന്നു മറ്റൊരു അഭിപ്രായ വോട്ടെടുപ്പു പ്രകടമാക്കി. മാസത്തിൽ ഒരിക്കലോ അതിലും കുറച്ചോ മാത്രമേ തങ്ങൾ പള്ളിയിൽ പോകുന്നുള്ളുവെന്ന് ഏതാണ്ട് 58 ശതമാനം അമേരിക്കക്കാർ പറയുന്നു. വ്യക്തമായും, മതം അവരെ ദൈവത്തിലേക്ക് അടുപ്പിച്ചിട്ടില്ല. ഇത് ഐക്യനാടുകളിൽ മാത്രമുള്ള ഒരു പ്രശ്നമല്ല.
ലിൻഡ വളർന്നത് ജർമനിയിലെ ബവെറിയയിലാണ്. അവൾ ഒരു കത്തോലിക്കാ മതഭക്ത ആയിരുന്നു. അവൾ പതിവായി പ്രാർഥിക്കുകയും ചെയ്തിരുന്നു. അതേസമയം, ഭാവിയെ കുറിച്ച് അവൾക്കു ഭയമായിരുന്നു. മനുഷ്യരെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവൾക്ക് ഒന്നും അറിയില്ലായിരുന്നു. വെറും 14 വയസ്സുള്ളപ്പോൾ അവൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. അവൾ പറയുന്നു: “അവർ പറഞ്ഞ കാര്യങ്ങൾ രസകരമായിരുന്നു. അതുകൊണ്ട് ഞാൻ രണ്ട് ബൈബിൾ പഠന സഹായികൾ സ്വീകരിച്ച് ഉടനടി വായിച്ചു.” രണ്ടു വർഷം കഴിഞ്ഞ് ലിൻഡ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. “ദൈവത്തെക്കുറിച്ചു ഞാൻ ബൈബിളിൽ നിന്നു പഠിച്ച കാര്യങ്ങളെല്ലാം അർഥവത്തായിരുന്നു” എന്ന് അവൾ പറയുന്നു. ലിൻഡ പള്ളിയിൽ നിന്നു രാജി വെച്ച് 18-ാം വയസ്സിൽ ഒരു യഹോവയുടെ സാക്ഷിയായി സ്നാപനമേറ്റു.
മതം മാറാൻ ലിൻഡയെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അവൾ വിശദീകരിക്കുന്നു: “ഒരു ദൈവം ഉണ്ടെന്നു മനസ്സിലാക്കാൻ പള്ളി എന്നെ സഹായിച്ചു. അവനിൽ വിശ്വസിക്കാൻ ഞാൻ പഠിച്ചു. എന്നാൽ അവൻ അമൂർത്തനും വളരെ അകന്നവനും ആയിരുന്നു. എന്റെ ബൈബിൾ പഠനം ദൈവത്തിലുള്ള എന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കുക മാത്രമല്ല, അവനെ അറിയാനും സ്നേഹിക്കാനും എന്നെ സഹായിക്കുകയും ചെയ്തു. എനിക്ക് ഇപ്പോൾ അവനുമായി അമൂല്യമായ ഒരു വ്യക്തിഗത ബന്ധമുണ്ട്. അതു മറ്റ് എന്തിനെക്കാളും വിലയേറിയതാണ്.”
സത്യമതം മൂല്യവത്താണ്!
നിങ്ങളുടെ മതം നിങ്ങൾക്ക് ആത്മീയ മാർഗദർശനം തരികയും ജീവിതപ്രശ്നങ്ങളെ നേരിടാൻ ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്നു കാണിച്ചു തരികയും ചെയ്യുന്നുണ്ടോ? ഭാവി സംബന്ധിച്ച ബൈബിൾ പ്രത്യാശ അതു പഠിപ്പിക്കുന്നുണ്ടോ? അതു നിങ്ങളെ സ്രഷ്ടാവുമായി സൂക്ഷ്മ ബൈബിൾ പരിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു അടുത്ത വ്യക്തിഗത ബന്ധത്തിലേക്കു കൊണ്ടുവരുന്നുണ്ടോ? ഇല്ലെങ്കിൽ പിൻവാങ്ങരുത്. മതം ഉപേക്ഷിക്കുന്നതിനു പകരം, ബൈബിളിൽ ദൃഢമായ അടിസ്ഥാനമുള്ള ഒരു ആരാധനാ രീതി തേടുക. അപ്പോൾ നിങ്ങൾ ബൈബിളിലെ യെശയ്യാ പുസ്തകത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നവരെ പോലെ ആയിരിക്കും: “അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; . . . എന്റെ ദാസന്മാർ പാനംചെയ്യും; . . . എന്റെ ദാസന്മാർ സന്തോഷിക്കും; . . . എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും.”—യെശയ്യാവു 65:13, 14.
[അടിക്കുറിപ്പുകൾ]
a ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തെ അറിയാനും സ്നേഹിക്കാനും ബൈബിൾ നമ്മെ സഹായിക്കുന്നു