യഥാർഥ ആത്മീയ മൂല്യങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം?
“കേവലം കുടുംബപാരമ്പര്യം നിമിത്തമാണ് നിങ്ങൾ ഒരു മതം ആചരിക്കാൻ പോകുന്നതെങ്കിൽ, നമ്മുടെ പൂർവപിതാക്കന്മാർ 2,000 വർഷംമുമ്പ് പിൻപറ്റിയിരുന്ന കെൽറ്റിക് മതം എന്തുകൊണ്ട് തിരഞ്ഞെടുത്തുകൂടാ?” എന്ന് അൽപ്പമൊരു പരിഹാസത്തോടെ റൊഡോൾഫ് ചോദിക്കുന്നു. അദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിടർന്നു.
“ദൈവവുമായുള്ള എന്റെ ബന്ധം എനിക്കു വളരെ പ്രധാനമാണ്. പാരമ്പര്യ മതവിശ്വാസങ്ങൾ എന്റെമേൽ അടിച്ചേൽപ്പിക്കുന്നതിനോട്, അതായത്, പത്തോ നൂറോ വർഷം മുമ്പ് ജീവിച്ചിരുന്ന എന്റെ കുടുംബാംഗങ്ങൾ ഒരു മതത്തിന്റെ അംഗങ്ങളായിരുന്നു എന്ന കാരണത്താൽ ഞാനും അതേ മതം പിൻപറ്റണം എന്നു നിർബന്ധം പിടിക്കുന്നതിനോട് എനിക്ക് ഒരുതരത്തിലും യോജിക്കാനാവില്ല” എന്ന് റൊഡോൾഫ് പറയുന്നു. റൊഡോൾഫ് കാര്യങ്ങളെ ശ്രദ്ധാപൂർവം വിശകലനം ചെയ്തു; ഈ സുപ്രധാന സംഗതിയെ പാരമ്പര്യമായി കൈമാറിക്കിട്ടുന്ന ഒന്നായി അദ്ദേഹം വീക്ഷിച്ചില്ല.
ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്ക് മതം കൈമാറപ്പെടുന്ന രീതി ഇക്കാലത്ത് കുറഞ്ഞുവരികയാണെങ്കിലും, ഭൂരിപക്ഷം ആളുകളും തങ്ങളുടെ പരമ്പരാഗത മതത്തോട് ഇപ്പോഴും പറ്റിനിൽക്കുന്നു. എന്നാൽ, ഒരുവന്റെ മാതാപിതാക്കളുടെ മത മൂല്യങ്ങളോടു പറ്റിനിൽക്കുന്നത് എല്ലായ്പോഴും ശരിയായിരിക്കുമോ? ഇതു സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നത്?
നാൽപ്പതു വർഷം മരുഭൂമിയിൽ കഴിഞ്ഞ ഇസ്രായേൽ ജനത്തിന്റെ മുമ്പാകെ മോശെയുടെ പിൻഗാമിയായ യോശുവ ഒരു തിരഞ്ഞെടുപ്പ് വെച്ചു: “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശുവ 24:15.
യോശുവ പരാമർശിച്ച പിതാക്കന്മാരിൽ ഒരാൾ അബ്രാഹാമിന്റെ പിതാവായ തേരഹ് ആയിരുന്നു. യൂഫ്രട്ടീസ് നദിക്ക് കിഴക്ക് സ്ഥിതിചെയ്തിരുന്ന ഊർ എന്ന പട്ടണത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹം അന്യദൈവങ്ങളെ ആരാധിച്ചിരുന്നു എന്നല്ലാതെ കൂടുതൽ വിവരങ്ങളൊന്നും തേരഹിനെ കുറിച്ച് ബൈബിൾരേഖ വെളിപ്പെടുത്തുന്നില്ല. (യോശുവ 24:2) അദ്ദേഹത്തിന്റെ പുത്രനായ അബ്രാഹാം ദൈവോദ്ദേശ്യത്തെ കുറിച്ച് പൂർണമായി അറിയാതെതന്നെ യഹോവയുടെ കൽപ്പനപ്രകാരം സ്വന്തപട്ടണം വിട്ടുപോകാൻ സന്നദ്ധനായി. അതേ, തന്റെ പിതാവിന്റേതിൽനിന്നു വ്യത്യസ്തമായ ഒരു മതമാണ് അബ്രാഹാം തിരഞ്ഞെടുത്തത്. അതു നിമിത്തം, ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ അബ്രാഹാമിന് ലഭിക്കുകയും അവൻ ‘വിശ്വസിക്കുന്നവരുടെയെല്ലാം പിതാവ്’ എന്ന് അനേക മതങ്ങളും അംഗീകരിക്കുന്ന വ്യക്തിയായിത്തീരുകയും ചെയ്തു.—റോമർ 4:11.
യേശുക്രിസ്തുവിന്റെ ഒരു പൂർവികയായിരുന്ന രൂത്തിനെ കുറിച്ചും ബൈബിൾ നല്ല രീതിയിൽ സംസാരിക്കുന്നു. ഒരു ഇസ്രായേല്യനെ വിവാഹം കഴിച്ച മോവാബ്യ സ്ത്രീയായ രൂത്ത് വിധവയായപ്പോൾ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു: സ്വന്തംരാജ്യത്തുതന്നെ പാർക്കുക അല്ലെങ്കിൽ അമ്മാവിയമ്മയോടൊപ്പം ഇസ്രായേലിലേക്കു പോകുക. അവളുടെ മാതാപിതാക്കൾ അനുഷ്ഠിച്ചുവന്ന വിഗ്രഹാരാധനയോടുള്ള താരതമ്യത്തിൽ യഹോവാരാധനയുടെ അതിശ്രേഷ്ഠ മൂല്യം വിലമതിച്ചുകൊണ്ട്, രൂത്ത് തന്റെ അമ്മാവിയമ്മയോട് ഇങ്ങനെ പറഞ്ഞു: “നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.”—രൂത്ത് 1:16, 17.
“പരദേശത്ത്, ഇസ്രായേലിന്റെ ശത്രുക്കളും അവർ വെറുത്തിരുന്നവരുമായ ഒരു വിജാതീയ ജനതയ്ക്കിടയിൽ ജനിച്ച ഒരു സ്ത്രീ, . . . യഹോവയുടെ ജനതയോടും ആരാധനയോടുമുള്ള അവളുടെ സ്നേഹം നിമിത്തം, ദൈവഹിതത്താൽ പരിശുദ്ധ ദാവീദ് രാജാവിന്റെ ഒരു പൂർവിക ആയിത്തീർന്നത് എങ്ങനെ” എന്നു വിശദീകരിച്ചുകൊണ്ട് ഡിക്സ്യോനർ ഡെ ലാ ബിബൾ, ഈ രേഖയ്ക്ക് ബൈബിൾ കാനോനിലുള്ള പ്രസക്തിയെ കുറിച്ച് പ്രസ്താവിക്കുന്നു. തന്റെ മാതാപിതാക്കളുടേതിൽനിന്ന് വ്യത്യസ്തമായ ഒരു മതം തിരഞ്ഞെടുക്കാൻ രൂത്ത് മടിച്ചില്ല. ആ തീരുമാനത്തെ പ്രതി ദൈവം അവളെ അനുഗ്രഹിച്ചു.
യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ പൂർവികരുടെ മതം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ സംബന്ധിച്ച് ക്രിസ്ത്യാനിത്വത്തിന്റെ തുടക്കത്തെ കുറിച്ചുള്ള രേഖ കൂടുതൽ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. അപ്പൊസ്തലനായ പത്രൊസ് നടത്തിയ പ്രചോദനാത്മകമായ ഒരു പ്രസംഗത്തിൽ, പാപങ്ങൾ സംബന്ധിച്ച് അനുതപിച്ച് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനമേറ്റ് ‘ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷപ്പെടാൻ’ അവൻ തന്റെ ശ്രോതാക്കളെ ക്ഷണിച്ചു. (പ്രവൃത്തികൾ 2:37-41) അങ്ങനെ ചെയ്തവരിൽ ഏറെ ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ശൗൽ എന്ന യഹൂദൻ. ദമസ്കൊസിലേക്കുള്ള മാർഗമധ്യേ അവന് ക്രിസ്തുവിന്റെ ഒരു ദർശനം ലഭിച്ചു. അതോടെ ഒരു ക്രിസ്ത്യാനി ആയിത്തീർന്ന അവൻ അപ്പൊസ്തലനായ പൗലൊസ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.—പ്രവൃത്തികൾ 9:1-9.
ആദിമ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷത്തിനും അത്തരം ശ്രദ്ധേയമായ അനുഭവങ്ങളൊന്നും ഉണ്ടായില്ല. എന്നിരുന്നാലും, അവർക്കെല്ലാം തങ്ങളുടെ യഹൂദമതമോ വിവിധ പുറജാതി ദൈവങ്ങളുടെ ആരാധനയോ ഉപേക്ഷിക്കേണ്ടി വന്നു. വസ്തുതകൾ പൂർണമായി അറിഞ്ഞശേഷം, പലപ്പോഴും മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ പങ്കിനെ സംബന്ധിച്ച സുദീർഘമായ ചർച്ചകളെ തുടർന്നാണ് അവർ ക്രിസ്ത്യാനിത്വം സ്വീകരിച്ചത്. (പ്രവൃത്തികൾ 8:26-40; 13:16-43; 17:22-34) ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ആ ആദിമക്രിസ്ത്യാനികൾക്കു വ്യക്തമായ അറിവു ലഭിച്ചിരുന്നു. ക്ഷണം യഹൂദരും യഹൂദേതരരും ഉൾപ്പെടെ എല്ലാവർക്കും നൽകപ്പെട്ടു, എന്നാൽ സന്ദേശത്തിന് മാറ്റമില്ലായിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് ഒരു പുതിയ ആരാധനാക്രമം, ക്രിസ്ത്യാനിത്വം പിൻപറ്റേണ്ടത് ആവശ്യമായിരുന്നു.
നാം എടുക്കേണ്ട സുപ്രധാന തീരുമാനം
കുടുംബത്തിന്റെ മതപാരമ്പര്യങ്ങൾ—യഹൂദമതം, ചക്രവർത്തി ആരാധന, പുറജാതി ദേവീദേവന്മാരുടെ ആരാധന—തള്ളിക്കളയാനും യഹൂദന്മാരും റോമാക്കാരും ഒരുപോലെ അവഹേളിച്ചിരുന്ന ഒരു പ്രസ്ഥാനത്തിൽ ചേരാനും ഒന്നാം നൂറ്റാണ്ടിൽ നല്ല ധൈര്യംതന്നെ വേണമായിരുന്നു. ഈ തിരഞ്ഞെടുപ്പ് പെട്ടെന്നുതന്നെ കൊടിയ പീഡനത്തിൽ കലാശിച്ചു. വെർ യൂൻ ഫ്രാൻസ് പായീൻ? (ഫ്രാൻസിന്റെ പുറജാതീയവൽക്കരണമോ?) എന്ന തന്റെ പുസ്തകത്തിൽ ക്ലെർമോൺ ഫെരാനിലെ കത്തോലിക്കാ ബിഷപ്പായ ഇപ്പോലിറ്റ് സിമോൺ വിശദീകരിക്കുന്നതനുസരിച്ച്, “പടർന്നുപന്തലിക്കുന്ന അനുരൂപതാവാദത്തിന്റെ ചുഴിയിൽ അകപ്പെട്ട് അതിനാൽ സ്വാധീനിക്കപ്പെടുന്നത്” ഒഴിവാക്കാൻ ഇന്നു നമുക്കും സമാനമായ ധൈര്യം ആവശ്യമാണ്. മിക്കപ്പോഴും വിമർശനങ്ങൾക്ക് വിധേയരാകുന്ന ഒരു ന്യൂനപക്ഷ മത സംഘടനയായ യഹോവയുടെ സാക്ഷികളുടെ ഭാഗമായിത്തീരാൻ ധൈര്യം ആവശ്യമാണ്.
കൊർസിക്കയിലെ ബാസ്റ്റിയയിൽ നിന്നുള്ള പോൾ എന്ന ചെറുപ്പക്കാരൻ കത്തോലിക്കനായാണു വളർത്തപ്പെട്ടത്. ഒരു കത്തോലിക്ക ധർമസ്ഥാപനത്തിന്റെ ധനശേഖരണാർഥം കേക്ക് വിൽപ്പന പോലുള്ള സഭാപ്രവർത്തനങ്ങളിൽ അവൻ ചിലപ്പോഴൊക്കെ ഏർപ്പെടുമായിരുന്നു. ബൈബിൾ കൂടുതലായി മനസ്സിലാക്കാൻ ആഗ്രഹിച്ച അവൻ യഹോവയുടെ സാക്ഷികളുമായി ക്രമമായ ചർച്ചകൾ നടത്താനുള്ള ക്രമീകരണം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ, താൻ പഠിക്കുന്നത് തനിക്ക് നിത്യ പ്രയോജനം കൈവരുത്താനാകുന്ന കാര്യങ്ങളാണെന്ന് അവൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, പോൾ ബൈബിളിന്റെ മൂല്യങ്ങൾ പൂർണമായി സ്വീകരിക്കുകയും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്തു. മാതാപിതാക്കൾ അവന്റെ ഈ തീരുമാനത്തെ മാനിച്ചു. അവരുടെ ഉറ്റ കുടുംബ ബന്ധത്തെ അത് ബാധിച്ചിട്ടില്ല.
അമേലീ താമസിക്കുന്നത് ദക്ഷിണ ഫ്രാൻസിലാണ്. നാലു തലമുറകളായി അവളുടെ കുടുംബത്തിലെ അംഗങ്ങൾ യഹോവയുടെ സാക്ഷികളാണ്. അവൾ തന്റെ മാതാപിതാക്കളുടെ മത മൂല്യങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്? അവൾ പറയുന്നു: “മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ യഹോവയുടെ സാക്ഷികൾ ആയിരുന്നു, അല്ലെങ്കിൽ ഇപ്പോൾ ആണ് എന്നതിന്റെ പേരിൽ നിങ്ങൾ യഹോവയുടെ സാക്ഷി ആയിത്തീരുന്നില്ല. മറിച്ച് ഒരിക്കൽ നിങ്ങൾ നിങ്ങളോടുതന്നെ പറയുന്നു: ‘എന്റെ ഉറച്ച വിശ്വാസങ്ങൾ ഇവയായതിനാൽ ഇതാണ് എന്റെ മതം.’” തന്റെ ഉറച്ച മതവിശ്വാസങ്ങൾ ജീവിതത്തിന് ഉദ്ദേശ്യം കൈവരുത്തുന്നുവെന്നും നിത്യ സന്തുഷ്ടി പ്രദാനം ചെയ്യുന്നുവെന്നും യഹോവയുടെ മറ്റ് അനേകം യുവസാക്ഷികളെ പോലെ അമേലീക്കും അറിയാം.
ദൈവിക മൂല്യങ്ങൾ സ്വീകരിക്കേണ്ടതിന്റെ കാരണം
ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരെ സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിന്റെ 6-ാം അധ്യായം 20-ാം വാക്യം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” അത്തരം ബുദ്ധിയുപദേശങ്ങൾ അന്ധമായ അനുസരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, തങ്ങളുടെ വിശ്വാസത്തിന്റെ ആഴം വർധിപ്പിക്കുകയും ദൈവത്തിനുവേണ്ടി സ്വയം ഒരു നിലപാട് എടുക്കുകയും ചെയ്തുകൊണ്ട് ദൈവിക നിലവാരങ്ങൾ സ്വീകരിക്കാനാണ് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങൾ പഠിപ്പിക്കപ്പെടുന്നത് ദൈവവചനത്തിനും ദൈവേഷ്ടത്തിനും ചേർച്ചയിലാണോ എന്ന് പരിശോധിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമായി ‘സകലവും ശോധന ചെയ്യാനുള്ള’ ക്ഷണം അപ്പൊസ്തലനായ പൗലൊസ് തന്റെ സഹകാരികൾക്കു നൽകി.—1 തെസ്സലൊനീക്യർ 5:21.
വളർത്തപ്പെട്ടത് ഒരു ക്രിസ്തീയ ഭവനത്തിൽ ആയിരുന്നാലും അല്ലെങ്കിലും 60 ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികൾ പ്രായഭേദമന്യേ അത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ബൈബിളിന്റെ ശ്രദ്ധാപൂർവകമായ പഠനത്തിലൂടെ, അവർ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള ആശ്രയയോഗ്യമായ ഉത്തരങ്ങൾ കണ്ടെത്തുകയും മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവേഷ്ടത്തെ കുറിച്ച് വ്യക്തമായ ഗ്രാഹ്യം നേടുകയും ചെയ്തിരിക്കുന്നു. ഈ പരിജ്ഞാനം സമ്പാദിച്ചതിനെ തുടർന്ന് അവർ ദൈവിക മൂല്യങ്ങൾ സ്വീകരിച്ചിരിക്കുന്നു, ദൈവേഷ്ടം ചെയ്യാനായി അവർ തങ്ങളുടെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങൾ ഈ മാസികയുടെ ഒരു സ്ഥിര വായനക്കാരൻ ആണെങ്കിലും അല്ലെങ്കിലും, ബൈബിളിലെ ആത്മീയ മൂല്യങ്ങൾ പരിശോധിക്കാനായി യഹോവയുടെ സാക്ഷികൾ നൽകുന്ന സഹായം എന്തുകൊണ്ട് സ്വീകരിച്ചുകൂടാ? ഈ വിധത്തിൽ നിങ്ങൾ ‘യഹോവ നല്ലവനാണെന്ന് രുചിച്ചറിയുകയും’ പ്രാവർത്തികമാക്കുമ്പോൾ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കുകയും ചെയ്യും.—സങ്കീർത്തനം 34:8; യോഹന്നാൻ 17:3.
[5 -ാം പേജിലെ ചിത്രം]
ഫ്രാൻസിൽ യഹോവയുടെ സാക്ഷികളായ ഒരു കുടുംബത്തിന്റെ നാലു തലമുറകൾ
[7 -ാം പേജിലെ ചിത്രം]
പൂർവപിതാക്കന്മാരുടെ ദേവന്മാർക്കു പകരം യഹോവയെ സേവിക്കാൻ രൂത്ത് തീരുമാനിച്ചു