1991ലെ സ്മാരകാഘോഷം
1 ക്രിസ്തുവിന്റെ മരണത്തിന്റെ 1958-ാമത്തെ സ്മാരകവാർഷികം 1991 മാർച്ച് 30 ശനിയാഴ്ചയായിരിക്കും നടക്കുന്നത്. ഹാജരാകാൻ നമ്മുടെ സ്വന്തം ആസൂത്രണങ്ങൾ നടത്തുമ്പോൾ ഒരു ക്ഷണമോ ഏതെങ്കിലും വിധത്തിൽ നമ്മുടെ വ്യക്തിപരമായ സഹായമോ ആവശ്യമുണ്ടായിരിക്കാവുന്ന മററുളളവരെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. സസ്മാരകത്തിന് ഒരുക്കങ്ങൾ ചെയ്യാനും മററുളളവരെക്കുറിച്ചു ചിന്തിക്കാനുമുളള സമയമിപ്പോഴാണ്.—ദയവായി 3-ാം പേജിലെ “സസ്മാരകത്തിന് ഒരുക്കംചെയ്യേണ്ട കാര്യങ്ങൾ” കാണുക.
2 സ്മാരകഹാജരിനെക്കുറിച്ചു നാം എങ്ങനെ വിചാരിക്കുന്നു? നാം അതിനെ ഒരു പദവിയായും ക്രിസ്തുവിന്റെ ബലിയോടുളള വിലമതിപ്പു പ്രകടിപ്പിക്കാനുളള ഒരു അവസരമായും വീക്ഷിക്കണം. നിങ്ങൾ നിങ്ങളുടെ സ്വന്തം സഭയിൽനിന്ന് ദൂരെയായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾക്ക് ഹാജരാകാൻകഴിയത്തക്കവണ്ണം നിങ്ങൾ സന്ദർശിക്കുന്ന പ്രദേശത്തെ രാജ്യഹാളിന്റെ മേൽവിലാസം തീർച്ചയായും സമ്പാദിക്കുക.
പ്രത്യേകക്ഷണക്കത്തുകൾ ഉപയോഗിക്കുക
3 മാർച്ചിൽ ആരംഭത്തിൽത്തന്നെ നിങ്ങൾക്ക് പ്രത്യേക സ്മാരകക്ഷണക്കത്തുകൾ ഉപയോഗിച്ചുതുടങ്ങാവുന്നതാണ്. അവ നോട്ടിസുകളായി ഉപയോഗിക്കേണ്ടതല്ലെന്നും താത്പര്യക്കാർക്ക് വ്യക്തിപരമായി കൊടുക്കേണ്ടതാണെന്നും ഓർക്കുക. ആളുകൾ തീയതിയും സമയവും മിക്കപ്പോഴും മറക്കുന്നതുകൊണ്ട് ക്ഷണക്കത്തിന്റെ അടിയിലോ മറുപുറത്തോ രാജ്യഹാളിന്റെ അഡ്രസും സ്മാരകാഘോഷത്തിന്റെ സമയവും ഭംഗിയായി എഴുതുകയോ റൈറപ്പുചെയ്യുകയോ ചെയ്യാൻ നിർദ്ദേശിക്കുന്നു. സാദ്ധ്യമെങ്കിൽ നിങ്ങൾ ക്ഷണിക്കുന്ന ആളിന് സ്മാരകത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ സഹായംകൊടുക്കുന്നതിന് അയാളുമായി കുറെ സമയം ചെലവഴിക്കുക. പുതിയ താത്പര്യക്കാർ തനിയെ രാജ്യഹാളിലേക്കു വരാൻ മടിച്ചേക്കാം. നിങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്താനോ ഹാളിനു പുറത്ത് അവരെ കണ്ടുമുട്ടാനോ ക്രമീകരണംചെയ്യാമോ? ഇതിന് കൂടുതലായ സമയവും ശ്രമവും ആവശ്യമാണ്, എന്നാൽ നിങ്ങളുടെ സഹായം വിലമതിക്കപ്പെടും. കൂടാതെ കുറെ വർഷങ്ങളായി സത്യം മനസ്സിലാക്കിയിട്ടുളളവരും എന്നാൽ ക്രമമായി യോഗങ്ങൾക്ക് ഹാജരാകുന്നതിൽനിന്ന് പിൻമാറിനിന്നിട്ടുളളവരുമായവരെ സഹായിക്കാൻ പ്രത്യേകശ്രമം ചെയ്യേണ്ടതാണ്.—ലൂക്കോ. 11:23; യോഹ. 18:37ബി.
ആവശ്യമായ ഒരുക്കങ്ങൾ
4 സ്മാരകത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ശ്രദ്ധാപൂർവം ചെയ്തിരിക്കുന്നുവെന്ന് സഭാമൂപ്പൻമാർ ഉറപ്പുവരുത്താൻ ആഗ്രഹിക്കും. ചിഹ്നങ്ങൾ വിതരണം ചെയ്യുന്നതിന് തീർച്ചയായും നല്ല യോഗ്യതയുളള സഹോദരൻമാരെ തെരഞ്ഞെടുക്കുക. ഈ സഹോദരൻമാർ മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആയിരിക്കണം, ലഭ്യമെങ്കിൽ. ചിഹ്നങ്ങളുടെ വിതരണം ആവശ്യമില്ലാതെ നീണ്ടുപോകാതിരിക്കാൻ വിതരണം നടത്താൻ വേണ്ടത്ര സഹോദരൻമാർ ഒരുങ്ങിയിരിക്കണം. വിതരണക്കാർ സദസ്സിലുളളവർക്ക് വിതരണംചെയ്തശേഷം അവർ മുൻനിരയിലിരിക്കുകയും പ്രസംഗകൻ അവർക്കു വിതരണംചെയ്യുകയും ചെയ്യും. ഒടുവിൽ അവരിലൊരാൾ പ്രസംഗകനു വിതരണംചെയ്യും.
5 ഓരോ വർഷവും കടന്നുപോകുമ്പോൾ കർത്താവിന്റെ സന്ധ്യാഭക്ഷണം മേലാൽ ആഘോഷിക്കുകയില്ലാത്ത നാളിനോടു നാം അടുത്തുവരുകയാണ്. ക്രിസ്തുവിന്റെ അഭിഷിക്തസഹോദരൻമാരുടെ താരതമ്യേന ചുരുങ്ങിയ എണ്ണം മാത്രമേ ശേഷിച്ചിട്ടുളളു. അവന്റെ സഹോദരൻമാരെല്ലാം അവനോടുകൂടെ എത്തുന്നതുവരെ തന്റെ മരണത്തിന്റെ സ്മാരകമാഘോഷിക്കണമെന്ന് യേശു കല്പിച്ചു. (ലൂക്കോ. 22:19; 1 കൊരി. 11:25) അന്നുവരെ, നാം അനുസരണപൂർവവും വിശ്വസ്തമായും ഏററവും വലിയ സന്തോഷത്തോടും വിലമതിപ്പോടുംകൂടെ ഓരോ വർഷവും സ്മാരകാഘോഷത്തിനു കൂടിവരും.
[3-ാം പേജിലെ ചതുരം]
സ്മാരകത്തിന് ഒരുക്കംചെയ്യേണ്ട കാര്യങ്ങൾ
(ഫെബ്രുവരി 15, 1985ലെ വാച്ച്ററവറിന്റെ 19-ാംപേജ് കാണുക.)
1. പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും ആഘോഷത്തിന്റെ കൃത്യസമയവും സ്ഥലവും അറിയിച്ചിരിക്കുന്നുവോ? പ്രസംഗകന് വാഹനസൗകര്യമുണ്ടോ?
2. ചിഹ്നങ്ങൾ കൊണ്ടുവരാൻ സുനിശ്ചിത ഏർപ്പാടുകൾ ചെയ്തിരിക്കുന്നുവോ?
3. ആരെങ്കിലും വൃത്തിയുളള ഒരു മേശവിരിയും ആവശ്യമുളളത്ര ഗ്ലാസ്സുകളും പ്ലേററുകളും കൊണ്ടുവരാൻ ക്രമീകരണംചെയ്തിരിക്കുന്നുവോ?
4. ഹാൾ വൃത്തിയാക്കുന്നതിന് എന്ത് ക്രമീകരണങ്ങൾചെയ്തിരിക്കുന്നു?
5. സേവകരെയും വിതരണക്കാരെയും നിയോഗിച്ചോ? ചുമതലകൾ പരിചിന്തിക്കുന്നതിന് സ്മാരകത്തിനു മുമ്പ് അവരുമായി ഒരു മീററിംഗ് നടത്തുന്നതിന് ക്രമീകരണംചെയ്തിരിക്കുന്നുവോ? എപ്പോൾ? എല്ലാവർക്കും കാര്യക്ഷമമായി വിതരണംചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ ഏതു നടപടി അനുസരിക്കും?
6. പ്രായാധിക്യമുളളവരും ദുർബ്ബലരുമായ സഹോദരീസഹോദരൻമാരെ സഹായിക്കാനുളള ക്രമീകരണങ്ങൾ പൂർത്തിയായോ? കിടക്കയിലായിരിക്കുന്നവരും രാജ്യഹാളിൽ വരാൻകഴിയാത്തവരുമായ ഏതെങ്കിലും അഭിഷിക്തർക്ക് വിതരണംചെയ്യാനുളള ക്രമീകരണങ്ങൾചെയ്തിരിക്കുന്നുവോ?