മനുഷ്യരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു തിരിക്കുക
1 ആത്മീയ ഇരുട്ട് ഭൂമിയെ മൂടുകയാണ്. (യെശ. 60:2) പാപത്തിലേക്കുളള മനുഷ്യവർഗ്ഗത്തിന്റെ വീഴ്ച മുതൽ “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ സാത്താൻ ആളുകളെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്. അതിന്റെ ഫലം ധാർമ്മിക അധഃപതനമാണ്.—2 കൊരി. 4:4
2 നാം സത്യത്താൽ പ്രബുദ്ധരായിരിക്കുന്നതുകൊണ്ട് നാം യേശു ചെയ്തതുപോലെ ആളുകളോടു സഹതപിക്കുന്നുണ്ടോ? (മത്താ. 9:36) എങ്കിൽ, അവൻ അപ്പോസ്തലനായ പൗലോസിന് ‘ആളുകളുടെ കണ്ണുകളെ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും’ കൊടുത്ത നിയോഗത്തിന്റെ പ്രാധാന്യം നാം വിലമതിക്കും.—പ്രവൃ. 26:16-18.
മനസ്സുകളെയും ഹൃദയങ്ങളെയും പ്രബുദ്ധമാക്കുക
3 സാത്താൻ തന്റെ ഇരകളുടെ മനസ്സുകളെ കുരുടാക്കുകയും ഹൃദയങ്ങൾക്ക് ഗ്രഹണശക്തിയില്ലാതാക്കുകയും ചെയ്യുന്നതുകൊണ്ട് അവരെ സഹായിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? നാം ദൈവവചനവുമായി അവരുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. എഫേസ്യരുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കപ്പെടാൻ പൗലോസ് പ്രാർത്ഥിച്ചു. (എഫേ. 1:17, 18) ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് ദൈവവചനത്തെക്കാൾ ശക്തമായ യാതൊന്നുമില്ല. (എബ്രാ. 4:12) ഈ അറിവ് മററുളളവരുമായി സംസാരിക്കുമ്പോൾ ബൈബിളുപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം വളർത്തിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
4 പിൻവരുന്ന ചോദ്യങ്ങൾക്കുളള നിങ്ങളുടെ ഉത്തരങ്ങൾ ശുശ്രൂഷയിൽ കൂടുതൽ കാര്യക്ഷമതയുളളവരായിരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങൾ വയൽസേവനത്തിനുവേണ്ടി നന്നായി തയ്യാറാകുന്നുണ്ടോ? വീട്ടുകാരുടെ താത്പര്യം പിടിച്ചെടുക്കുന്ന സംഭാഷണമാരംഭിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ പരിചിതമാക്കുന്നതിന് നിങ്ങൾക്ക് അഭ്യസനയോഗങ്ങളുണ്ടോ? നിലവിലുളള സംഭാഷണവിഷയം പഠിക്കുന്നതും അതുപയോഗിക്കാൻ ശ്രമിക്കുന്നതും നിങ്ങൾ ലക്ഷ്യമാക്കുന്നുവോ? നിങ്ങൾ വീട്ടുവാതിൽക്കൽ തിരുവെഴുത്തുകൾ സംബന്ധിച്ച് പ്രേരണാത്മകമായി ന്യായവാദം നടത്താൻ ശ്രമിക്കുന്നുണ്ടോ?—പ്രവൃ. 17:2.
വീക്ഷാഗോപുരം ഒരു സഹായം
5 ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു തിരിയാൻ വീക്ഷാഗോപുര ദശലക്ഷങ്ങളെ സഹായിച്ചിട്ടുണ്ട്. അത് ബൈബിളിലെ ധാർമ്മികതത്വങ്ങൾ ബാധകമാക്കുന്നതും നമ്മുടെ നാളിലേക്കുളള അതിലെ പ്രവചനങ്ങൾ മനസ്സിലാക്കുന്നതും യഹോവ അംഗീകരിക്കുന്ന വഴിയിൽ നടക്കത്തക്കവണ്ണം സത്യമതവും വ്യാജമതവും തമ്മിലുളള വ്യത്യാസം കാണുന്നതും എങ്ങനെയെന്ന് നമുക്കു കാണിച്ചുതരുന്നു.
6 വീക്ഷാഗോപുരത്തിൽ പ്രമുഖമാക്കപ്പെട്ടിരിക്കുന്ന ബൈബിൾസത്യം എന്തുളവാക്കിയിരിക്കുന്നു? ദൈവത്തെയും പുത്രനെയും കുറിച്ചുളള സൂക്ഷ്മപരിജ്ഞാനത്താൽ സകല തരം മനുഷ്യരും രക്ഷപ്രാപിക്കാൻ സഹായിക്കപ്പെടുകയാണ്. (യോഹ. 17:3; 1 തിമൊ. 2:4) ഒരു വായനക്കാരൻ ഇങ്ങനെ എഴുതി: ‘ഞാൻ വീക്ഷാഗോപുരത്തെ എത്ര വിലമതിക്കുന്നു! ലേഖനങ്ങൾ നാം ജീവിക്കുന്ന കാലങ്ങളെയും സമയങ്ങളെയും വ്യക്തമായി കാണാൻ എല്ലാവരെയും സഹായിക്കേണ്ടതാണ്. തീർച്ചയായും ആത്മീയാഹാരമായിരിക്കുന്ന വീക്ഷാഗോപുരത്തിന്റെ തയ്യാറാക്കലിന് നടത്തിയിരിക്കുന്ന വിപുലമായ ഗവേഷണത്തിനും പഠനത്തിനും വേലക്കും നന്ദി.’
വിവേചന ഉപയോഗിക്കുക
7 വീക്ഷാഗോപുര വരിസംഖ്യാപ്രസ്ഥാനത്തിന്റെ ഈ രണ്ടാമത്തെ മാസത്തിൽ നാം മനുഷ്യരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു തിരിക്കുന്നതിനുളള അവസരങ്ങൾ അന്വേഷിച്ചുകണ്ടെത്തേണ്ടതുണ്ട്. നാം വീടുതോറും സന്ദർശിക്കുന്ന ആളുകളുമായുളള ബൈബിൾചർച്ചകൾ ഇതു ചെയ്യാൻ നമ്മെ സഹായിക്കേണ്ടതാണ്. രാജ്യസന്ദേശത്തിൽ യഥാർത്ഥതാത്പര്യമുണ്ടായിരിക്കാൻ ആളുകളെ സഹായിക്കുന്നതിന് നാമാഗ്രഹിക്കുന്നു. ഇതു ചെയ്യുന്നതിനുളള ഏററം നല്ല മാർഗ്ഗങ്ങളിലൊന്ന് ഒരു വർഷത്തേക്കുളള വീക്ഷഗോപുരത്തിന്റെ വരിസംഖ്യ സമർപ്പിക്കുകയാണ്. ഒരു വ്യക്തി വരിസംഖ്യ നൽകാതെ നമ്മുടെ മാസികകളുടെ പ്രതികൾ സ്വീകരിക്കുന്നുവെങ്കിൽ അയാളെ നിങ്ങളുടെ മാസികാറൂട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കാലക്രമത്തിൽ വരിസംഖ്യയിലൂടെ തങ്ങളുടെ വീട്ടിലേക്ക് ക്രമമായി മാസികകൾ ലഭിക്കുന്നതിന്റെ മൂല്യം അവർ വിലമതിക്കാനിടയായേക്കാം. വരിസംഖ്യകൾ സ്വീകരിക്കുന്നടത്ത് പിന്തുടരലിനും കാലാവധി തീരുമ്പോൾ പുതുക്കലിനുംവേണ്ടി ഒരു നല്ല രേഖ സൂക്ഷിക്കുക.
8 നാം വീടുതോറും പോകുമ്പോഴും തെരുവുസാക്ഷീകരണത്തിലേർപ്പെടുമ്പോഴും അല്ലെങ്കിൽ കൂട്ടുജോലിക്കാരോടും സഹപാഠികളോടും ബന്ധുക്കളോടും അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴും നാം ആളുകളെ സ്വതന്ത്രരാക്കാൻ കഴിയുന്ന സത്യം പരത്തുന്നതിൽ പങ്കെടുക്കുകയാണ്. (യോഹ. 8:32) വീക്ഷാഗോപുരം സ്വാതന്ത്ര്യംനേടാനും നിത്യജീവന്റെ പ്രത്യാശ സാക്ഷാത്കരിക്കാനും അവരെ സഹായിക്കാൻകഴിയുന്ന ഒരു പ്രത്യേക ഉപകരണമാണ്, അവരെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു തിരിച്ചുകൊണ്ടുതന്നെ.