ജൂണിൽ വീക്ഷാഗോപുരം സമർപ്പിക്കൽ
1 വീക്ഷാഗോപുരത്തിന്റെ ഉദ്ദേശ്യം ഓരോ ലക്കത്തിന്റെയും 2-ാം പേജിനു മുകളിൽ ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നു. ആ പ്രസ്താവിത ഉദ്ദേശ്യത്തോടു ചേർച്ചയിൽ സാദ്ധ്യമാകുന്നിടത്തോളം ആളുകളെ സഹായിക്കുന്നതിന് നമുക്ക് എന്തുചെയ്യാൻ കഴിയും? ജൂണിൽ നാം രാജ്യദൂതിൽ താൽപര്യം കാണിക്കുന്ന എല്ലാവരെയും വീക്ഷാഗോപുരം നിരന്തരം വായിക്കാൻ പ്രോൽസാഹിപ്പിക്കുന്നതിന് ഒരു പ്രത്യേക ശ്രമം നടത്തും.
2 താൻ ഒരു ക്രിസ്ത്യാനിയാണ് എന്ന് പറയുന്ന ആരോടെങ്കിലും നമുക്ക് ഇങ്ങനെ പറയാം:
▪ “ഞങ്ങൾ ഞങ്ങളുടെ അയൽക്കാരോട് ഒരു ചോദ്യം ചോദിക്കുകയാണ്, അതുസംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം ഞങ്ങൾ വിലമതിക്കുന്നതാണ്. ദൈവരാജ്യം വരാനും ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും നടക്കാനും യേശു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചിരിക്കെ, ദൈവത്തിന്റെ ഇഷ്ടം യഥാർത്ഥത്തിൽ ഇവിടെ ഭൂമിയിൽ ചെയ്യപ്പെടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മറുപടിക്ക് സമയം അനുവദിച്ചശേഷം യെശയ്യാ 55:10,11-ലേക്ക് തിരിയുകയും ദൈവത്തിന്റെ വാഗ്ദത്തങ്ങളെല്ലാം എങ്ങനെ നിവൃത്തിയേറുമെന്ന് കുറിക്കൊളളാൻ വീട്ടുകാരനെ ക്ഷണിക്കുകയും ചെയ്യുക.—ന്യായവാദം, പേ. 12, “രാജ്യം” എന്നതിനു കീഴിലെ രണ്ടാമത്തെ മുഖവുര.
3 വീട്ടുകാരൻ താൽപര്യം പ്രകടമാക്കുന്നെങ്കിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങൾക്ക് തുടരാവുന്നതാണ്:
▪ “വീക്ഷാഗോപുരം മാസികയുടെ ഉദ്ദേശ്യങ്ങളിലൊന്ന് ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഈ ലേഖനം നോക്കൂ.” തുടർന്ന് വാച്ച്ററവറിന്റെ മെയ് 1 ലക്കത്തിലെ, “1914—ലോകത്തെ ഞെട്ടിച്ച വർഷം” എന്ന ആദ്യലേഖനത്തിലേക്ക് ശ്രദ്ധ തിരിക്കുക. തുടർന്ന് ഇപ്രകാരം പറയുക: “‘1914-ൽ താൽപര്യമെടുക്കുന്നത് എന്തിന്?’ എന്ന് നിങ്ങൾ അതിശയിച്ചേക്കാം. രണ്ടാം ഖണ്ഡിക 1914നേക്കുറിച്ചും വീക്ഷാഗോപുരത്തേക്കുറിച്ചും എന്തു പറയുന്നുവെന്ന് ശ്രദ്ധിക്കുക.” തുടർന്ന് ആ ഖണ്ഡിക വായിക്കുക.
4 കുറച്ചുകൂടെ ദീർഘിച്ച ഒരു ചർച്ച നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ന്യായവാദം പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതുപോലെ വെളിപ്പാട് 21:3-5ലെ പാഠം ഉൾപ്പെടുത്തി അതേ അവതരണം വികസിപ്പിക്കാൻ കഴിയും.
ഈ സംഗതിയിൽ യെശയ്യാ 55:10,11 വായിച്ചശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “ഭൂമിയെക്കുറിച്ചുളള ദൈവേഷ്ടം സംബന്ധിച്ച ഒരു അത്ഭുതകരമായ പ്രവചനം പെട്ടെന്നുതന്നെ നിറവേറും. അത് നിങ്ങളുടെയും എന്റെയും ജീവനെ ബാധിക്കും. വെളിപ്പാട് 21:3-5ൽ എഴുതിയിരിക്കുന്നത് എന്തെന്ന് ശ്രദ്ധിച്ചുനോക്കൂ.” തുടർന്ന് നിങ്ങൾക്ക് വാക്യങ്ങൾ വായിക്കാനും ദൈവരാജ്യഭരണത്തിൻ കീഴിൽ വരാൻപോകുന്ന അനുഗ്രഹങ്ങൾ ചർച്ചചെയ്യാനും കഴിയും. വീക്ഷാഗോപുരം ദൈവത്തിന്റെ രാജ്യ ഗവൺമെൻറിനെ പ്രസിദ്ധമാക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുക.
നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
▪ “മെയ് 1 ലക്കം ‘“കൊടിയ വിപത്തിൽ”നിന്ന് ആർ രക്ഷപെടും?’ എന്ന ലേഖനം വിശേഷവൽക്കരിക്കുന്നു. നാം വെളിപ്പാട് 21-ാം അദ്ധ്യായത്തിൽ വായിച്ച ദൈവരാജ്യത്തിൻ കീഴിലെ നീതിയുളള പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുമെന്നു കാണാൻ അതു നിങ്ങളെ സഹായിക്കും.”
5 പ്രാദേശിക ഭാഷയിൽ ജൂൺ 1-ലെ വീക്ഷാഗോപുരം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “നമ്മിൽ മിക്കവരും വല്ലപ്പോഴുമൊക്കെ രോഗികളാകുന്നു. ജീവിതം എല്ലായ്പ്പോഴും ഇങ്ങനെതന്നെ തുടരുമോ?” (അഭിപ്രായം പറയാൻ വീട്ടുകാരനെ അനുവദിക്കുക) അതിനുശേഷം ഇപ്രകാരം പറയുക: “പെട്ടെന്നുതന്നെ മേലാൽ രോഗമോ മരണമോ ഇല്ലാതാകും!” മാസികയുടെ മുൻ പേജിലുളള ചിത്രം പ്രദർശിപ്പിക്കുക. “ഇത് എന്നെങ്കിലും സത്യമായി ഭവിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?” (അയാളുടെ ഉത്തരത്തിനായി കാത്തിരിക്കുക) അൽപസമയം ആ ചിത്രം കാണിച്ചശേഷം ആ ലേഖനത്തിന്റെ അവസാന ഖണ്ഡികയിലേക്ക് അയാളുടെ ശ്രദ്ധ തിരിക്കുക. വരിസംഖ്യ സമർപ്പിക്കുക.
6 ഒരു ബൈബിളദ്ധ്യയനത്തിലേക്കുളള ചവിട്ടു കല്ലായി വീക്ഷാഗോപുരം ഉപയോഗിക്കുക: മററുളളവർക്കും യഹോവയുടെ സഹവേലക്കാരായിത്തീരാനും യഹോവയുടെ രാജ്യം പ്രസിദ്ധമാക്കുന്നതിൽ പങ്കെടുക്കാനും കഴിയത്തക്കവണ്ണം അവരെ സത്യം പഠിക്കാൻ സഹായിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് താൽപര്യമുളള ആളുകളെ നാം കണ്ടെത്തുമ്പോൾ അതു കുറിക്കൊളളാനും വീണ്ടും സന്ദർശിക്കാനും നാം ആഗ്രഹിക്കുന്നു.
വീക്ഷാഗോപുരത്തിന്റെ സഹായത്തോടെ നാം സത്യം മററുളളവരുമായി പങ്കുവെക്കുമ്പോൾ ചെമ്മരിയാടുതുല്യരെ കണ്ടെത്താനും പോഷിപ്പിക്കാനും കഴിയേണ്ടതിന് നാം എല്ലായ്പ്പോഴും യഹോവയുടെ മാർഗ്ഗനിർദ്ദേശം തേടാൻ ഇടയാകട്ടെ.—യോഹന്നാൻ 21:15-17.