സമാധാനത്തിനും സുരക്ഷിതത്വത്തിനുമുളള ദൈവത്തിന്റെ മാർഗ്ഗം പ്രസംഗിക്കുക
1 മനുഷ്യർ സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അനേകം നിർദ്ദേശങ്ങൾ വെച്ചിട്ടുണ്ട്, എന്നാൽ ഇവയിലൊന്നും ലോകമെമ്പാടുമുളള ആളുകളുടെ യഥാർത്ഥ ആവശ്യങ്ങൾ നിറവേററുന്നില്ല. മതപരവും വർഗ്ഗീയവും ദേശീയവും ആയ വിദ്വേഷങ്ങളും അതോടൊപ്പം രാഷ്ട്രീയ സ്ഥാനകാംക്ഷയും അത്യാഗ്രഹവും, സുരക്ഷിതവും സമാധാനപൂർണ്ണവുമായ ലോകത്തിലേക്കുളള പ്രധാന മാർഗ്ഗതടസ്സങ്ങൾ ആണെന്നു തോന്നുമെങ്കിലും യഥാർത്ഥ തടസ്സങ്ങൾ പിശാചായ സാത്താനും യഹോവയാം ദൈവത്തിനു കീഴ്പ്പെടാനുളള മമനുഷ്യന്റെ വൈമനസ്യവും ആണെന്ന് സത്യക്രിസ്ത്യാനികൾക്കറിയാം.—സങ്കീ. 127:1; യിരെ. 8:9; 1 യോഹ. 5:19.
2 ജനുവരിയിൽ, സമാധാനത്തിനും സുരക്ഷിതത്വത്തിനുമുളള ഏക മാർഗ്ഗം ദൈവത്തിന്റെ മാർഗ്ഗമാണെന്നും മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുളള അന്തിമപരിഹാരം യഹോവക്കുണ്ടെന്നും തിരിച്ചറിയാൻ നമ്മുടെ അയൽക്കാരെ സഹായിക്കുന്നതിന് നാം ശ്രമംചെയ്യും.
3 ലഘുലേഖകൾ ഉപയോഗിക്കുക: സൊസൈററി നമുക്കു തയ്യാർചെയ്തുതന്നിരിക്കുന്ന മികച്ച ലഘുലേഖകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് കെട്ടുപണിചെയ്യുന്ന ഈ സന്ദേശം പങ്കുവെക്കാൻ കഴിയും. സംഭാഷണങ്ങൾ തുടങ്ങാനും ഒരു ബൈബിളദ്ധ്യയനത്തിലേക്കു നയിക്കാനും വിവിധ ലഘുലേഖകൾ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നുളള പ്രകടനങ്ങൾ നാം കഴിഞ്ഞകാലത്തു കണ്ടിട്ടുണ്ട്. ലോകാവസാനം സംബന്ധിച്ച വിവിധ ബൈബിൾപ്രവചനങ്ങളുടെ ശ്രദ്ധേയമായ നിവൃത്തി അനേകരുടെ ശ്രദ്ധ പിടിച്ചുനിർത്തേണ്ടതാണ്, അവയിൽ ചിലത് ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖയുടെ 5-ഉം 6-ഉം പേജുകളിൽ ഉദ്ധരിച്ചിരിക്കുന്നു (ലഘുലേഖ ന. 13).
4 ലഘുലേഖ ന. 14 യഹോവയുടെ സാക്ഷികൾ എന്തു വിശ്വസിക്കുന്നു? എന്ന ചോദ്യത്തിനു ചുരുങ്ങിയ ഉത്തരങ്ങൾ നൽകുന്നു. നമ്മുടെ വിശ്വാസങ്ങൾ ക്രൈസ്തവലോകത്തിലെ സഭകളുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെന്തുകൊണ്ടെന്നു അതു വിശദീകരിക്കുകയും ദൈവരാജ്യത്തിൽ വിശ്വാസമർപ്പിക്കാൻ വ്യക്തികളെ സഹായിക്കുന്നതിനുളള നമ്മുടെ തുടർച്ചയായ ശ്രമങ്ങളുടെ ന്യായങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ, അത് ഈ രാജ്യം പെട്ടെന്നുതന്നെ സാധിക്കാൻപോകുന്നതെന്താണെന്നു കാണിച്ചുതരുകയും വരാൻപോകുന്ന നാശത്തെ അതിജീവിക്കാനുളള നമ്മുടെ അത്ഭുതകരമായ പ്രത്യാശ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
5 ഇന്ന് ദശലക്ഷക്കണക്കിനാളുകൾ അസ്വസ്ഥരാണ്, അവർ രോഗശമനത്തിന്റെയും യഥാർത്ഥ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ശാന്തിയുടെയും ഒരു കാലം ആഗ്രഹിക്കുകയും ചെയ്യുന്നു. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ ന. 15) അനേകർക്ക് യഥാർത്ഥ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയുന്നതാണ്.
6 ലഘുലേഖ ന. 16, മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? മരണത്തിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോയ വ്യക്തികൾക്ക് ആശ്വാസം നൽകുകയും ദൈവത്തിന്റെ പുതിയ ലോകത്തിൽ അവരുടെ പ്രിയപ്പെട്ടവർ ഉയിർത്തുവരുന്നതിന്റെ പ്രതീക്ഷ അവർക്കു നൽകുകയും ചെയ്യുന്നു.
7 ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുക: ഒരു ലഘുലേഖയോ ലഘുപത്രികയോ മാസികയോ പുസ്തകമോ ഉപയോഗിച്ച് ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ കഴിയും. ഒരു വീട്ടുകാരന് ഇപ്പോൾതന്നെ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഒന്നുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുന്നെങ്കിൽ അത് ഒരു ബൈബിളദ്ധ്യയനത്തിന് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് പ്രകടിപ്പിക്കാമെന്നു നയപൂർവ്വം നിർദ്ദേശിക്കുക. നമ്മുടെ ലഘുലേഖകളും നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രികയും വീട്ടുകാരന്റെ താത്പര്യം ഉണർത്താനും ഒരു ബൈബിളദ്ധ്യയനം തുടങ്ങാനും ഉപയോഗിക്കാവുന്ന മികച്ച ഉപകരണങ്ങളാണ്. അതിനുപുറമെ, നാം ഈ മാസത്തിൽ 192 പേജുളള പഴയ പുസ്തകങ്ങൾ വിശേഷവൽക്കരിക്കുന്നതായിരിക്കും. ദയവായി ‘അറിയിപ്പുകളുടെ’ കോളത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങൾ നിങ്ങളുടെ ഭാഷയിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സമർപ്പണമായി കുറിക്കൊളളുകയും ശുശ്രൂഷയിലെ ഉപയോഗത്തിന് ഇവയുടെ ഒരു ശേഖരം വാങ്ങുകയും ചെയ്യുക.
8 യഥാർത്ഥ സുരക്ഷിതത്വം സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നു മാത്രമേ വരുകയുളളു. ദൈവവചനത്തിലെ സത്യത്തിലേക്ക് തങ്ങളുടെ ഹൃദയങ്ങളും മനസ്സുകളും തുറക്കാനും അതു നമുക്കു നീട്ടിത്തരുന്ന പ്രത്യാശ സ്വായത്തമാക്കാനും സാദ്ധ്യമാകുന്നിടത്തോളം ആളുകളെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. സമാധാനത്തിനും സുരക്ഷിതത്വത്തിനുമുളള ദൈവത്തിന്റെ മാർഗ്ഗം പ്രസംഗിക്കാൻ നമുക്കുളള ബോധന സഹായികൾ നമുക്ക് നന്നായി ഉപയോഗിക്കാം.—യെശ. 2:3, 4.