സുവാർത്ത ഘോഷിക്കാൻ ലഘുലേഖകൾ ഉപയോഗിക്കുക
1. ദൈവജനം ലഘുലേഖകൾ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
1 യഹോവയുടെ ജനം സുവാർത്ത അറിയിക്കാൻ കാലങ്ങളായി ലഘുലേഖകൾ ഉപയോഗിച്ചുവരുന്നു. 1880-ൽ, സി.റ്റി. റസ്സലും അദ്ദേഹത്തിന്റെ കൂട്ടാളികളും ബൈബിൾ വിദ്യാർഥികളുടെ ലഘുലേഖകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പൊതുജനത്തിനു വിതരണം ചെയ്യാനായി ഈ ലഘുലേഖകൾ വീക്ഷാഗോപുരത്തിന്റെ വായനക്കാർക്കു നൽകിയിരുന്നു. 1884-ൽ രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി സംഘടന നിയമപരമായി രജിസ്റ്റർ ചെയ്തപ്പോൾ സി.റ്റി. റസ്സൽ, ലഘുലേഖ എന്നതിന്റെ ആംഗലേയ പദം (ട്രാക്റ്റ്) ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പേരാണ് നിർദേശിച്ചത്. സയൺസ് വാച്ച്ടവർ ട്രാക്റ്റ് സൊസൈറ്റി എന്നായിരുന്നു അത്. ഇന്ന് അത് വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയ എന്നാണ് അറിയപ്പെടുന്നത്. 1918 ആയപ്പോഴേക്കും ബൈബിൾ വിദ്യാർഥികൾ 30 കോടിയിലേറെ ലഘുലേഖകൾ വിതരണം ചെയ്തുകഴിഞ്ഞിരുന്നു. ഇന്നും സാക്ഷീകരണത്തിനുള്ള ഫലപ്രദമായ ഒരു ഉപാധിയാണ് ലഘുലേഖകൾ.
2. ലഘുലേഖകൾ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
2 ഫലപ്രദമായിരിക്കുന്നതിന്റെ കാരണം: ആകർഷകമായ ചിത്രങ്ങളോടുകൂടിയ ലഘുലേഖകൾ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. അതിൽ അടങ്ങിയിരിക്കുന്ന ഹ്രസ്വസന്ദേശം ഹൃദയത്തെ സ്പർശിക്കുന്നതും വിജ്ഞാനപ്രദവുമാണ്. മാസികയോ പുസ്തകമോ വായിക്കാൻ സമയമില്ലാത്തവരും ലഘുലേഖകൾ വായിക്കാൻ താത്പര്യപ്പെട്ടേക്കാം. പുതിയ പ്രസാധകർക്കും കുട്ടികൾക്കും ഒക്കെ ബുദ്ധിമുട്ടില്ലാതെ അവ സമർപ്പിക്കാനായേക്കും. മാത്രമല്ല, അവ കൊണ്ടുനടക്കാനും എളുപ്പമാണ്.
3. ലഘുലേഖകളുടെ മൂല്യം എടുത്തുകാണിക്കുന്ന വ്യക്തിപരമായ അല്ലെങ്കിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു അനുഭവം പറയുക.
3 ഒരു ലഘുലേഖ മുഖാന്തരം സത്യത്തിലേക്കു വന്നിട്ടുള്ള അനേകരുണ്ട്. ഒരു അനുഭവം കാണുക. ഒരിക്കൽ ഒരു സ്ത്രീക്ക് വഴിയിൽ കിടന്ന ഒരു ലഘുലേഖ കിട്ടി. അവർ അത് എടുത്തു വായിച്ചു; ‘ഞാൻ സത്യം കണ്ടെത്തിയിരിക്കുന്നു’ എന്ന് അവർ സ്വയം പറഞ്ഞു. തുടർന്ന് അവർ അവിടെയുള്ള രാജ്യഹാളിൽ ചെന്നു; ബൈബിൾ പഠിക്കാൻ തുടങ്ങിയ അവർ ഒടുവിൽ സ്നാനമേറ്റ് ഒരു സാക്ഷിയായിത്തീർന്നു. ലഘുലേഖയിലടങ്ങിയിരുന്ന ദൈവവചനത്തിന്റെ ശക്തിയാലാണ് അതു സാധ്യമായത്.
4. ലഘുലേഖകൾ സമർപ്പിക്കുമ്പോൾ നമ്മുടെ ലക്ഷ്യം എന്താണ്?
4 വീടുതോറുമുള്ള ശുശ്രൂഷയിൽ: ലഘുലേഖകൾ സാക്ഷീകരണത്തിനുള്ള ഫലപ്രദമായ ഉപാധികളായതിനാൽ നവംബർ മുതൽ ഇടയ്ക്കിടെ അവ സാഹിത്യസമർപ്പണത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ലഘുലേഖകൾ സമർപ്പിക്കുക എന്നതിലുപരി അത് ഉപയോഗിച്ച് ഒരു സംഭാഷണം തുടങ്ങുക എന്നതാണ് നമ്മുടെ ലക്ഷ്യം. ആദ്യസന്ദർശനത്തിന്റെ സമയത്തായാലും മടക്കസന്ദർശനത്തിന്റെ സമയത്തായാലും താത്പര്യം കാണിക്കുന്നവർക്ക്, നമ്മൾ ബൈബിളധ്യയനം നടത്തുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കാവുന്നതാണ്. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകമോ അധ്യയനത്തിനുള്ള മറ്റേതെങ്കിലും പ്രസിദ്ധീകരണമോ ഇതിനായി ഉപയോഗിക്കാം. ഓരോ ലഘുലേഖയുടെയും ഉള്ളടക്കം വ്യത്യസ്തമായതിനാൽ അതിലെ വിവരങ്ങളുമായി നാംതന്നെ പരിചിതരായിരിക്കണം. എങ്കിൽമാത്രമേ വീടുതോറുമുള്ള ശുശ്രൂഷയിൽ ലഘുലേഖകൾ ഫലകരമായി സമർപ്പിക്കാനാകൂ.
5. വീടുതോറുമുള്ള ശുശ്രൂഷയിൽ ലഘുലേഖകൾ എങ്ങനെ സമർപ്പിക്കാം?
5 നമ്മുടെ പ്രദേശത്തിനും നാം സമർപ്പിക്കുന്ന ലഘുലേഖയ്ക്കും അനുയോജ്യമായ വിധത്തിലായിരിക്കണം നമ്മുടെ അവതരണം. ലഘുലേഖ വീട്ടുകാരനു കൊടുത്തുകൊണ്ട് സംഭാഷണം ആരംഭിക്കാവുന്നതാണ്. ലഘുലേഖയുടെ പുറന്താൾ അദ്ദേഹത്തിൽ താത്പര്യമുണർത്താൻ നല്ല സാധ്യതയുണ്ട്. ഒരുപക്ഷേ നിരവധി ലഘുലേഖകൾ കാണിച്ചുകൊണ്ട് താത്പര്യമുള്ള വിഷയം തിരഞ്ഞെടുക്കാൻ വീട്ടുകാരനെ ക്ഷണിക്കാവുന്നതാണ്. ചില പ്രദേശങ്ങളിൽ ആളുകൾ വാതിൽ തുറക്കാൻ മടികാണിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ ലഘുലേഖയുടെ പുറന്താൾ വീട്ടുകാരനു കാണാവുന്നവിധത്തിൽ പിടിച്ചുകൊണ്ടോ വാതിലിനടിയിലൂടെ ലഘുലേഖ അകത്തേക്കിട്ടുകൊണ്ടോ അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ താത്പര്യമുണ്ടെന്നു പറയുക. ശീർഷകം ചോദ്യരൂപത്തിലുള്ളതാണെങ്കിൽ അതിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ആരായാവുന്നതാണ്. അല്ലെങ്കിൽ അദ്ദേഹത്തിൽ ജിജ്ഞാസയുണർത്തുന്ന, ഒരു സംഭാഷണത്തിനു തുടക്കമിടാൻ പറ്റിയ, മറ്റേതെങ്കിലും ഒരു ചോദ്യം ചോദിക്കാം. അതിനുശേഷം ലഘുലേഖയിലെ ഒരു ഭാഗം വായിക്കുക. ചോദ്യരൂപത്തിലുള്ള പ്രസ്താവനകൾക്കുശേഷം അൽപ്പമൊന്നു നിറുത്തിയിട്ട് വീട്ടുകാരന്റെ അഭിപ്രായം ചോദിക്കുക. പ്രധാനപ്പെട്ട തിരുവെഴുത്തുകൾ ബൈബിളിൽനിന്നു വായിക്കുക. ഏതാനും ഖണ്ഡികകൾ പരിചിന്തിച്ചശേഷം മടങ്ങിവരാനുള്ള ക്രമീകരണത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് സംഭാഷണം അവസാനിപ്പിക്കുക. ആളില്ലാ ഭവനങ്ങളിൽ പ്രസിദ്ധീകരണങ്ങൾ വെച്ചിട്ടുപോരുന്ന പതിവ് നിങ്ങളുടെ സഭയ്ക്കുണ്ടെങ്കിൽ വഴിപോക്കരുടെ ശ്രദ്ധയിൽപ്പെടാത്തവിധം ലഘുലേഖകൾ വെച്ചിട്ടുപോരാവുന്നതാണ്.
6. തെരുവുസാക്ഷീകരണത്തിൽ ലഘുലേഖകൾ എങ്ങനെ ഉപയോഗിക്കാം?
6 തെരുവുസാക്ഷീകരണത്തിൽ: തെരുവു സാക്ഷീകരണത്തിൽ നിങ്ങൾ ലഘുലേഖകൾ ഉപയോഗിച്ചിട്ടുണ്ടോ? ചില വഴിയാത്രക്കാർ തിരക്കിട്ടുപോകുകയായിരിക്കും; ഒരു സംഭാഷണത്തിൽ ഏർപ്പെടാനുള്ള സാഹചര്യത്തിലായിരിക്കില്ല അവർ. അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ സന്ദേശത്തിൽ എത്രത്തോളം താത്പര്യമുണ്ടെന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളവർക്ക് മാസികകൾക്കുപകരം ലഘുലേഖകൾ നൽകാം. പുറന്താൾ ആകർഷകമായതുകൊണ്ടും സന്ദേശം ഹ്രസ്വമായതുകൊണ്ടും അൽപ്പസമയം ഒഴിവുകിട്ടുമ്പോൾ അതു വായിക്കാൻ ആളുകൾ മനസ്സുകാണിച്ചേക്കാം. തിരക്കിലല്ലാത്തവരുമായി ലഘുലേഖയിലെ ഏതാനും ആശയങ്ങൾ ചർച്ചചെയ്യാവുന്നതാണ്. എന്നാൽ, പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതുകൊണ്ട് ജാഗരൂകരായിരിക്കേണ്ടത് പ്രധാനമാണ്.
7. അനൗപചാരിക സാക്ഷീകരണത്തിൽ ലഘുലേഖകൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന അനുഭവങ്ങൾ പറയുക.
7 അനൗപചാരിക സാക്ഷീകരണത്തിൽ: ലഘുലേഖകൾ ഉപയോഗിച്ച് അനൗപചാരിക സാക്ഷീകരണം നടത്താൻ എളുപ്പമാണ്. ഒരു സഹോദരൻ വീട്ടിൽനിന്നു പുറത്തുപോകുമ്പോഴെല്ലാം ഏതാനും ലഘുലേഖകൾ പോക്കറ്റിൽ കരുതും. കണ്ടുമുട്ടുന്നവരോട്, വായിക്കാൻ എന്തെങ്കിലും തരട്ടേയെന്നു ചോദിച്ചിട്ട് ലഘുലേഖ നൽകും. ഒരു ദമ്പതികൾ വലിയൊരു നഗരം സന്ദർശിക്കാൻ പരിപാടിയിട്ടു; യാത്രയ്ക്കിടയിൽ പല രാജ്യങ്ങളിലെ ആളുകളെ കണ്ടുമുട്ടുമെന്ന് അറിയാമായിരുന്നതിനാൽ സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകവും വ്യത്യസ്ത ഭാഷകളിലുള്ള ലഘുലേഖകളും അവർ കൂടെക്കരുതി. വഴിയോരത്ത് സാധനങ്ങൾ വിൽക്കുന്നവർ അല്ലെങ്കിൽ പാർക്കിലോ റസ്റ്ററന്റിലോ കണ്ടുമുട്ടുന്നവർ മറ്റൊരു ഭാഷ സംസാരിക്കുന്നതു കേട്ടാൽ ആ ഭാഷയിലുള്ള ലഘുലേഖ സമർപ്പിക്കാൻ അവർ ശ്രമിക്കുമായിരുന്നു.
8. ലഘുലേഖകളെ വിത്തുകളോട് ഉപമിക്കാവുന്നത് എന്തുകൊണ്ട്?
8 ‘വിത്തു വിതയ്ക്കുക’: ലഘുലേഖകളെ വിത്തുകളോട് ഉപമിക്കാം. ഒരു കർഷകൻ വിത്ത് വാരിവിതറുകയാണ് പതിവ്; അതിൽ ഏതെല്ലാം വിത്തുകളാണ് മുളയ്ക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. സഭാപ്രസംഗി 11:6 ഇപ്രകാരം പറയുന്നു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” അതുകൊണ്ട് ഫലപ്രദമായ ഈ സാക്ഷീകരണ ഉപാധി ഉപയോഗിച്ചുകൊണ്ട് “പരിജ്ഞാനം വിതറു”ന്നതിൽ നമുക്കു തുടരാം!—സദൃ. 15:7.
[3-ാം പേജിലെ ആകർഷക വാക്യം]
ലഘുലേഖകൾ സാക്ഷീകരണത്തിനുള്ള ഫലപ്രദമായ ഉപാധികളായതിനാൽ നവംബർ മുതൽ ഇടയ്ക്കിടെ അവ സാഹിത്യസമർപ്പണത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.