അതിപ്രധാനമായ ഉപകരണങ്ങൾ ജ്ഞാനപൂർവ്വം ഉപയോഗിക്കൽ
1 നിങ്ങൾ വാതിൽതോറും സാക്ഷീകരിക്കുമ്പോൾ ബൈബിളും മററ് അതിപ്രധാന ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് ഓരോ വീട്ടുകാരനെയും നിർമ്മാണാത്മകമായ തിരുവെഴുത്തു ചർച്ചയിൽ ഉൾപ്പെടുത്തുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. (2 കൊരിന്ത്യർ 6:1; 2 തിമൊഥെയോസ് 2:15, താരതമ്യപ്പെടുത്തുക.) ഈ നാളുകളിൽ നിങ്ങളുടെ പ്രദേശത്തുളള ആളുകൾ ചിന്തയുളളവരായിരിക്കുന്നത് എന്തിനെക്കുറിച്ചാണ്? സാമ്പത്തിക അവസ്ഥ സംബന്ധിച്ചും കുടുംബജീവിതത്തിന്റെ ഗുണനിലവാരത്തിൽ വന്ന അധഃപതനം സംബന്ധിച്ചും അവർ ഉത്ക്കണ്ഠാകുലരാണോ? ഈ വിഷയങ്ങളിൽ ഏതെങ്കിലും സംബന്ധിച്ചുളള ഏതാനും ആമുഖ അഭിപ്രായങ്ങൾ ഒരു നല്ല ബൈബിൾ ചർച്ചയിലേക്കു നയിച്ചേക്കാം.
2 നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
◼ “വെല്ലുവിളിപരമായ ഈ കാലങ്ങളിൽ കഴിഞ്ഞുകൂടുന്നത് വളരെ പ്രയാസകരമായി അനേകമാളുകൾ കണ്ടെത്തുന്നു. എല്ലാവർക്കും നൻമയായിരിക്കുന്ന ഒരു വിധത്തിൽ മനുഷ്യഗവൺമെൻറുകൾ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [മറുപടി ശ്രദ്ധിക്കുക.] ഈ ആശയം അത്യന്തം പ്രോത്സാഹജനകമായിരിക്കുന്നതായി ഞാൻ വ്യക്തിപരമായി കണ്ടെത്തിയിരിക്കുന്നു . . . ”
3 അതിനുശേഷം നിങ്ങൾക്ക് സങ്കീർത്തനം 72:12-14 വായിക്കാനും ന്യായവാദം പുസ്തകത്തിന്റെ 154-5 പേജുകളിൽ കണ്ടെത്തുന്നവയിൽനിന്ന് കൂടുതലായ ഒരു വാക്യം തെരഞ്ഞെടുത്തുകൊണ്ട് സംഭാഷണം ഉപസംഹരിക്കാനും കഴിയും. അല്ലെങ്കിൽ ഒരു തിരുവെഴുത്തു വായിച്ചശേഷം നിങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയിലെ ഒരു ഖണ്ഡികയിലേക്കു തിരിയാൻ കഴിയും. ചെറുപ്പക്കാർ ഉൾപ്പെടെ അനേകം പ്രസാധകർ ലഘുലേഖകളിൽ ഒന്നിൽനിന്ന് ഒരു ഖണ്ഡിക വായിക്കുകയും വായിച്ചതിനെക്കുറിച്ച് വീട്ടുകാരന്റെ അഭിപ്രായങ്ങൾ ചോദിക്കുകയും ചെയ്തുകൊണ്ട് വിജയകരമായി ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നു.
4 ചില സമുദായങ്ങളിൽ നിങ്ങൾ ഈ സമീപനം ഉപയോഗിക്കാൻ കൂടുതൽ ഇഷ്ടപ്പെട്ടേക്കാം:
◼ “ഒരു സഭയുടെ അംഗങ്ങളായിരിക്കുന്ന അനേകമാളുകൾക്കും തങ്ങൾ ബൈബിളിനെ എങ്ങനെ വീക്ഷിക്കണമെന്ന സംഗതി ഉറപ്പില്ല. ബൈബിൾ ദൈവത്തിന്റെ വചനമാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ, അതോ ചിലർ കരുതുന്നതുപോലെ അത് നല്ലൊരു സാഹിത്യശകലം മാത്രമാണെന്ന് നിങ്ങൾ കരുതുന്നുവോ? [പ്രതികരണത്തിന് അനുവദിക്കുക.] ബൈബിളിൽ ജ്ഞാനപൂർവ്വമായ വളരെയധികം ഉപദേശം അടങ്ങുന്നതായും എല്ലാവരും അതനുസരിക്കുന്നെങ്കിൽ വളരെ സന്തോഷകരമായ ജീവിതം നയിക്കാൻ അതു നമ്മെ പ്രാപ്തരാക്കുമെന്നും അനേകർ സമ്മതിക്കുന്നു.”
5 ഈ ഘട്ടത്തിൽ നിങ്ങൾക്ക് ഒന്നുകിൽ 2 തിമൊഥെയോസ് 3:16, 17 പരിചയപ്പെടുത്താനും ചർച്ചചെയ്യാനും കഴിയും അല്ലെങ്കിൽ ബൈബിൾ വിശ്വാസയോഗ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖയിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് ആദ്യ സന്ദർശനത്തിൽ ഒരു ഭവന ബൈബിളദ്ധ്യയനം തുടങ്ങാൻ ശ്രമിക്കാവുന്നതാണ്.
6 വീട്ടുകാരൻ താത്പര്യം പ്രകടമാക്കുന്നെങ്കിൽ നിങ്ങളുടെ ഭാഷയിൽ ഈ മാസത്തേക്ക് നിർദ്ദേശിച്ചിരിക്കുന്ന സമർപ്പണമായ സൊസൈററിയുടെ 192 പേജുളള പഴയ ബൗണ്ട് പുസ്തകങ്ങളിൽ ഒന്നിന്റെ, അല്ലെങ്കിൽ നിങ്ങൾ വിശേഷവൽക്കരിക്കുന്നത് നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയാണെങ്കിൽ അതിന്റെ, മൂല്യം നിങ്ങൾക്കു കാണിച്ചുകൊടുക്കാൻ കഴിയും. അല്ലെങ്കിൽ, നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ ഒരു ലഘുലേഖയിലെയോ മാസികയിലെയോ മറെറാരു ലഘുപത്രികയിലെയോ അനുയോജ്യമായ ഒരാശയം പങ്കുവെച്ചുകൊണ്ട് മററ് അതിപ്രധാന ഉപകരണങ്ങൾ നിങ്ങൾക്കു ജ്ഞാനപൂർവ്വം ഉപയോഗിക്കാവുന്നതാണ്.
7 ആദ്യസന്ദർശനത്തിൽ ഒരു അദ്ധ്യയനം തുടങ്ങാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ പിന്നീടൊരു തീയതിയിൽ ചർച്ച തുടരാൻ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുക. നിങ്ങൾ തിരിച്ചുചെല്ലുമ്പോൾ “ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്?” എന്ന സാധാരണ ചോദിക്കപ്പെടുന്ന പ്രശ്നത്തിന്റെ ഉത്തരം പങ്കുവെക്കാൻ താത്പര്യപ്പെടുന്നുവെന്ന് വീട്ടുകാരനോട് പറഞ്ഞുകൊണ്ട് നിങ്ങൾക്ക് അടുത്ത സന്ദർശനത്തിനായി അടിത്തറ പാകാൻ കഴിയും. മടക്കസന്ദർശനത്തിൽ ആ വിഷയം എങ്ങനെ വികസിപ്പിക്കാമെന്ന് പിൻവരുന്ന ലേഖനം നിർദ്ദേശിക്കും.