ചോദ്യപ്പെട്ടി
◼ മററുളളവർക്കു വിതരണം ചെയ്യാനായി സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ പുനരുത്പാദിപ്പിക്കുന്നത് ഉചിതമാണോ?
വർഷങ്ങളിലുടനീളം സൊസൈററി ബൈബിൾ പരിജ്ഞാനത്തിന്റെ എല്ലാ വശങ്ങളും അടങ്ങുന്ന വളരെയധികം പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. സമീപവർഷങ്ങളിൽ സത്യം പഠിച്ചിട്ടുളള വ്യക്തികൾക്കു കഴിഞ്ഞകാലത്ത് പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളുടെ പ്രയോജനങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇനിയൊരിക്കലും സൊസൈററിയിലൂടെ അതു ലഭ്യമല്ലെന്നും തോന്നിയേക്കാം. പഴയ പ്രസിദ്ധീകരണങ്ങൾക്കായി ചിലർ വളരെയധികം ദൂരം പോയിട്ടുണ്ട്. മററു ചിലർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ പുനരുത്പാദിപ്പിക്കുന്നതിനും വ്യത്യസ്ത വിധങ്ങളിൽ അവ ലഭ്യമാക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. ഇവയിൽ പ്രസിദ്ധീകരണങ്ങളുടെ പുനഃമുദ്രണങ്ങളോ അതുപോലെതന്നെ കമ്പ്യൂട്ടർ പുനരുത്പാദനമോ ഉൾപ്പെട്ടിരുന്നിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ സാമ്പത്തിക ലാഭത്തിനായി ഇതു ചെയ്തിട്ടുണ്ട്.
വിശ്വസ്ത “അടിമ”യ്ക്ക് ആത്മീയാവശ്യം സംബന്ധിച്ചു ബോദ്ധ്യമുണ്ട്. “തക്കസമയത്ത്” കരുതൽ നൽകുകയും ചെയ്യുന്നു. (മത്താ. 24:45) കഴിഞ്ഞകാലത്തു പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നപ്പോൾ സൊസൈററി അതിനുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 1960മുതൽ 1985വരെയുളള ദ വാച്ച്ടവറന്റെ ബയൻഡു ചെയ്ത വാല്യങ്ങൾ പുനഃമുദ്രണം ചെയ്ത് എല്ലാവർക്കും ലഭ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വ്യക്തികൾ അത്തരം വിവരങ്ങൾ പുനരുത്പാദിപ്പിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുക്കുമ്പോൾ അനാവശ്യമായ പ്രശ്നങ്ങൾ ഉളവായേക്കാം.
സാമ്പത്തിക നേട്ടത്തിനായി വിവരങ്ങൾ പുനരുത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോൾ ഗൗരവതരമായ പ്രശ്നങ്ങൾ സംജാതമാകുന്നു. ആയിരത്തിത്തൊളളായിരത്തി എഴുപത്തിയേഴ് ജൂലൈ രാജ്യസേവനത്തിലെ ചോദ്യപ്പെട്ടി ഇങ്ങനെ പ്രസ്താവിച്ചു: “രാജ്യഹാളിലും പുസ്തകാദ്ധ്യയന സമയത്തും ദൈവജനത്തിന്റെ സമ്മേളനങ്ങളിലും വാണിജ്യനേട്ടത്തിനായി ഏതെങ്കിലും സാധനങ്ങളുടെ വില്പന അല്ലെങ്കിൽ സേവനം തുടങ്ങിക്കൊണ്ട് അഥവാ പരസ്യപ്പെടുത്തിക്കൊണ്ടു ദിവ്യാധിപത്യ സഹവാസങ്ങളെ ചൂഷണം ചെയ്യാതിരിക്കുന്നതാണ് ഏററവും ഉചിതം. ഇത് ആത്മീയ താത്പര്യങ്ങൾക്ക് അവ അർഹിക്കുന്ന പൂർണ്ണ ശ്രദ്ധ നൽകാനും വാണിജ്യപ്രവർത്തനത്തെ അതിന്റെ സ്ഥാനത്തു നിർത്താനും നമ്മെ സഹായിക്കും.” അതുകൊണ്ട്, ദൈവവചനത്തെയോ അതിനോടു ബന്ധപ്പെട്ട കാര്യങ്ങളെയോ വാണിജ്യവത്ക്കരിക്കേണ്ടതായി വരുമ്പോൾ ലാഭമനസ്ക്കരായിത്തീരുന്നത് ഒഴിവാക്കുന്നതു പ്രാധാന്യമുളളതാണ്.