ചോദ്യപ്പെട്ടി
◼ സ്നാപനത്തിനുവേണ്ടി വരുമ്പോൾ ഉചിതമായ വസ്ത്രമായി എന്തിനെ കണക്കാക്കാവുന്നതാണ്?
വസ്ത്രധാരണത്തിന്റെ നിലവാരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കെ, “വിനയത്തോടും വിവേകത്തോടും കൂടെ” വസ്ത്രം ധരിക്കാനുളള ബൈബിളിന്റെ ബുദ്ധിയുപദേശം സകല ക്രസ്ത്യാനികൾക്കും അവർ എവിടെ ജീവിക്കുന്നവരായിരുന്നാലും ഒരുപോലെ ബാധകമാകുന്നു. (1 തിമൊ. 2:9, ഓശാന ബൈബിൾ) സ്നാപനത്തിനുവേണ്ടിയുളള ഉചിതമായ വസ്ത്രം എന്താണെന്നു തീരുമാനിക്കുമ്പോൾ ഈ തത്ത്വം ബാധകമാക്കേണ്ടതാണ്.
ആയിരത്തിത്തൊളളായിരത്തിഎൺപത്തഞ്ച് ജൂൺ 1-ലെ വാച്ച്ടവർ 30-ാം പേജ് സ്നാപനമേൽക്കുന്ന ഒരു വ്യക്തിക്കായി ഈ ബുദ്ധ്യുപദേശം നൽകുന്നു: “ഉപയോഗിക്കുന്ന സ്നാപനവസ്ത്രത്തിന്റെ ഇനത്തിൽ വിനയം ഉണ്ടായിരിക്കണം. ഫാഷൻ രൂപസംവിധായകർ ലൈംഗികത പ്രദർശിപ്പിക്കാനും മിക്കവാറും സമ്പൂർണ നഗ്നത നേടാനും ശ്രമിക്കുന്ന ഇന്ന് ഇതു പ്രധാനമാണ്. പരിഗണനയിലെടുക്കേണ്ട മറെറാരു ഘടകം, ഉണങ്ങിയിരിക്കുമ്പോൾ വിനയമെന്നു തോന്നിക്കുന്ന ചില വസ്ത്രങ്ങൾ നനയുമ്പോൾ അങ്ങനെ അല്ലാതാവുന്നു എന്നതാണ്. സ്നാപനം പോലെ ഗൗരവമുളള ഒരു സംഭവം നടക്കുന്ന വേളയിൽ ശ്രദ്ധാശൈഥില്യത്തിനോ ഇടർച്ചയ്ക്കോ ഉളള ഒരു കാരണമായിരിക്കാൻ സ്നാപനമേൽക്കുന്ന ആരും ആഗ്രഹിക്കുകയില്ല.—ഫിലിപ്പിയർ 1:10.”
ഈ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, അവസരത്തിന്റെ പ്രാധാന്യം മനസ്സിൽ പിടിച്ചുകൊണ്ടു സ്നാപനമേൽക്കുന്നവർ വിനയമുളള വസ്ത്രം ധരിക്കാൻ ആഗ്രഹിക്കും. അതുകൊണ്ട്, അല്പമാത്രമായതോ നനയുമ്പോൾ അനുചിതമായി ശരീരത്തോടു പററിച്ചേരുന്നതോ ആയ ഒരു നീന്തൽവസ്ത്രം ഒരു ക്രിസ്ത്യാനിക്ക് അനുചിതമായിരിക്കും, അത് ഒഴിവാക്കേണ്ടതുമാണ്. അതുപോലെതന്നെ, അശ്രദ്ധമായതോ തലമുടി ചീകാത്തതോ ആയ ആകാരം ഒരുവന് അനുചിതമായിരിക്കും. കൂടാതെ, ലോകശൈലികളോ വാണിജ്യ മുദ്രാവാക്യങ്ങളോ ഉളള ടി-ഷർട്ടുകൾ ധരിക്കുന്നതും ഉചിതമായിരിക്കുകയില്ല.
നിയമിത മൂപ്പൻമാർ സ്നാപനാർഥികളുമായി സ്നാപനത്തിനുവേണ്ടിയുളള ചോദ്യങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ, ഉചിതായ വസ്ത്രം ധരിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യാനുളള നല്ല സമയമായിരിക്കും അത്. ഈ വിധത്തിൽ ആ അവസരത്തിന്റെ മഹത്വം നിലനിർത്തപ്പെടുകയും നാം ലോകത്തിൽനിന്നു വ്യത്യസ്തമായി നിലകൊളളുന്നതിൽ തുടരുകയും ചെയ്യും.—യോഹന്നാൻ 15:19 താരതമ്യം ചെയ്യുക.