ഉറപ്പുളള ഒരു അടിസ്ഥാനത്തിൻമേൽ പണിയാൻ ചെമ്മരിയാടുതുല്യരായ ആളുകളെ സഹായിക്കുക
1 ഒരു വീടു പണിയുന്നതിനു ശ്രദ്ധാപൂർവകമായ ആസൂത്രണവും ഏകാഗ്രമായ ശ്രമവും ആവശ്യമാണ്. വീടു രൂപകല്പന ചെയ്തശേഷം കെട്ടിടം പണിയേണ്ട സ്ഥലം ഒരുക്കുകയും ഉറപ്പുളള ഒരു അടിസ്ഥാനം ഇടുകയും വേണം. ഈ പദ്ധതി ക്രമാനുഗതമായി വികസിച്ച് ഒടുവിൽ അതു പൂർത്തിയാകുന്നു. അതുപോലെ ക്രമാനുഗതമായി സത്യം പഠിക്കാൻ നാം ചെമ്മരിയാടുതുല്യരായ ആളുകളെ സഹായിക്കണം. ആദ്യ സന്ദർശനത്തിൽ താത്പര്യം ഉണർത്താൻ നാം ശ്രമിക്കുന്നു. അതിനുശേഷം ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവിടുത്തെ ഉദ്ദേശ്യത്തെയും കുറിച്ചുളള അടിസ്ഥാന സത്യങ്ങൾ പഠിപ്പിക്കുകവഴി ഒരു അടിത്തറ ഇട്ടുകൊണ്ടു നാം മടക്കസന്ദർശനങ്ങൾ നടത്തുന്നു.—ലൂക്കൊ. 6:48.
2 എന്നിരുന്നാലും അടിത്തറ ഇടുന്നതിനുമുമ്പു വീട്ടുകാരന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി അയാളുടെ പണിസ്ഥലം നാം ഒരുക്കേണ്ടതുണ്ട്. മുമ്പ് ഏതു വിഷയമായിരുന്നു പരിചിന്തിച്ചത്? ഉപയോഗിച്ച തിരുവെഴുത്തുകൾ ഏതെല്ലാമായിരുന്നു? പ്രതികരണം എന്തായിരുന്നു? കൊടുത്തിട്ടു പോന്ന പ്രസിദ്ധീകരണം ഏതാണ്? മടങ്ങിച്ചെല്ലുമ്പോൾ പ്രത്യേക പോയിൻറുകൾ മനസ്സിൽ പിടിക്കുകയും ക്രമാനുഗതമായി അടിത്തറ പണിയുകയും ചെയ്യുക. ഓരോ സന്ദർശനം നടത്തുമ്പോഴും വീട്ടുകാരന്റെ അറിവേറുകയും ദൈവത്തിലുളള അയാളുടെ വിശ്വാസം വർധിക്കുകയും ചെയ്യുന്നു.
3 “എന്നേക്കും ജീവിക്കാൻ” പുസ്തകമാണു സമർപ്പിച്ചിരുന്നതെങ്കിൽ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം:
◼“നിങ്ങളെ വീട്ടിൽ കണ്ടതിൽ വളരെ സന്തോഷം. കഴിഞ്ഞ പ്രാവശ്യം നാം ചർച്ച നടത്തിയപ്പോൾ നമ്മുടെ ഈ പ്രദേശത്തു ദൈവത്തിലുളള താത്പര്യം കുറഞ്ഞുവരുന്നതായി നാം പരിചിന്തിച്ചുവെന്നു നിങ്ങൾ ഓർക്കുന്നുണ്ടാകും. ദൈവം മനുഷ്യവർഗത്തിൽ താത്പര്യമുളളവനാണെന്നും നീതിമാൻമാർ അവിടുത്തെ രാജ്യം മുഖാന്തരം അനുഗ്രഹിക്കപ്പെടുമെന്നും ബൈബിൾ വ്യക്തമായി പറയുന്നു. [മത്തായി 6:9, 10 വായിക്കുക.] ഈ രാജ്യം മുഖാന്തരം നീതിയും ന്യായവും നിലനിൽക്കും.” യെശയ്യാവ് 11:3-5 വായിച്ചിട്ട് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 1-ാം അധ്യായത്തിലെ ആദ്യത്തെ രണ്ടു ഖണ്ഡികകളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക. ഈ ഭാഗം എങ്ങനെ പഠിക്കാൻ കഴിയുമെന്നു പ്രകടിപ്പിച്ചുകാണിക്കുക.
4 ആദ്യ സന്ദർശനത്തിൽ സമാധാനപൂർണ്ണമായ പുതിയ ലോകം ലഘുലേഖയാണു സമർപ്പിച്ചിരുന്നതെങ്കിൽ മെച്ചപ്പെട്ട അവസ്ഥകളുടെയും ബൈബിളിന്റെ വാഗ്ദത്തങ്ങളുടെയും ആവശ്യകത സംബന്ധിച്ചു നേരത്തെ ചർച്ച ചെയ്തിരുന്ന മുഖ്യ പോയിൻറുകൾ പുനരവലോകനം ചെയ്യാൻ കഴിയും. പുതിയ ലോകത്തിൽ ജീവിക്കുന്നതിനു നാം സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കണമെന്ന് ഊന്നിപ്പറയുക. യോഹന്നാൻ 17:3 വായിക്കുക. അത്തരം പരിജ്ഞാനം നേടിയശേഷം നാം ദൈവേഷ്ടം ചെയ്യേണ്ടതുണ്ടെന്നു വിശദീകരിക്കുക. ഒന്നു യോഹന്നാൻ 2:17 വായിക്കുക. ഈ ലഘുലേഖയുടെ 5-ാം പേജിലെ പ്രത്യേക ആശയങ്ങളിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കുക.
5 പ്രഥമ സന്ദർശനത്തിൽ “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിച്ചപ്പോൾ കുടുംബജീവിതത്തെക്കുറിച്ചുളള വിഷയം പ്രദീപ്തമാക്കിയെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“കഴിഞ്ഞ തവണ ഞാൻ സന്ദർശിച്ചപ്പോൾ കുടുംബജീവിതത്തെക്കുറിച്ചുളള വിഷയം നാം ചർച്ച ചെയ്തു. സന്തുഷ്ട കുടുംബജീവിതം ഉണ്ടായിരിക്കുന്നതിനു ബൈബിളിൽ കാണുന്ന മാർഗനിർദേശങ്ങൾ പിൻപറേറണ്ടതുണ്ടെന്നു നാം സമ്മതിച്ചു. വിവാഹത്തെ വിജയപ്രദമാക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത് എന്നാണു നിങ്ങൾ കരുതുന്നത്?” പ്രതികരണത്തിന് അനുവദിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 243-6 പേജുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളിൽനിന്നുളള പ്രത്യേക പോയിൻറുകൾ പ്രദീപ്തമാക്കുക. ഉചിതം പോലെ ചിത്രങ്ങളും നിങ്ങൾ തിരഞ്ഞെടുത്ത പോയിൻറുകളും സംബന്ധിച്ചു വീട്ടുകാരന്റെ അഭിപ്രായങ്ങൾ ആരായുക. ബൈബിൾ തത്ത്വങ്ങളുടെ പ്രായോഗിക മൂല്യം ഊന്നിപ്പറയുക.
6 കുടുംബജീവിതം ആസ്വദിക്കുക ലഘുലേഖയാണു കൊടുത്തിട്ടു പോന്നതെങ്കിൽ 4-ഉം 5-ഉം പേജുകളിൽ കൊടുത്തിരിക്കുന്ന മുഖ്യ ബൈബിൾ തത്ത്വങ്ങൾ അവലോകനം ചെയ്യുക. താത്പര്യത്തെ ഉത്തേജിപ്പിച്ചെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക. “കുടുംബജീവിതം വിജയിപ്പിക്കൽ” എന്ന 29-ാം അധ്യായം ചൂണ്ടിക്കാട്ടുകയും വീട്ടുകാരനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമൊത്ത് എങ്ങനെ പരിചിന്തിക്കാമെന്നു കാണിക്കുകയും ചെയ്യുക.
7 മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ നമുക്കെല്ലാവർക്കും ക്രമമായ ഒരു പങ്ക് ഉണ്ടായിരിക്കണം. സെപ്ററംബറിൽ ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ടു കണ്ടെത്തിയ താത്പര്യത്തെ പിന്തുടരുക.