ഒരു ഭവന ബൈബിളധ്യയനം നടത്തൽ
1 ഫലപ്രദമായ ഒരു ഭവന ബൈബിളധ്യയനം നടത്തുന്നത് എപ്രകാരമാണ്? നമുക്ക് അടിസ്ഥാനപരമായ ഏതു ദൃഷ്ടാന്തമാണുളളത്? അധ്യയന ഭാഗത്തുളള തിരുവെഴുത്തുകൾ എങ്ങനെ പരിചിന്തിക്കാൻ കഴിയും? ആരാണു ഖണ്ഡികകൾ വായിക്കേണ്ടത്? ഒരു അധ്യയനം നടത്തുന്നതിനുളള അടിസ്ഥാനപരമായ നടപടിക്കു പുറമേ സത്യം തന്റെ സ്വന്തമാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് എന്തും കൂടെ ആവശ്യമായിരിക്കുന്നു? എന്തെല്ലാം കെണികൾ ഒഴിവാക്കേണ്ടതുണ്ട്?
2 ഒരു അധ്യയനം നടത്തേണ്ട വിധം: പൊതുവേ പറഞ്ഞാൽ, ഒരു ഭവന ബൈബിളധ്യയനം വീക്ഷാഗോപുര അധ്യയനത്തിന്റെ രീതിയിലാണു നടത്തേണ്ടത്. ആദ്യം, പരിചിന്തിക്കേണ്ട ഖണ്ഡിക വായിക്കുന്നു. എന്നിട്ട് അധ്യയനം നടത്തുന്നയാൾ ആ ഖണ്ഡികയിലെ ചോദ്യം ചോദിക്കുകയും ഉത്തരം നൽകാൻ വിദ്യാർഥിയെ അനുവദിക്കുകയും ചെയ്യുന്നു. വിദ്യാർഥി ശങ്കിക്കുന്നുവെങ്കിൽ വിഷയത്തിൻമേൽ ന്യായവാദം ചെയ്യുന്നതിനും വിദ്യാർഥിയെ ഒരു ഉചിതമായ അനുമാനത്തിൽ എത്തിച്ചേരുന്നതിന് ഇടയാക്കുന്ന മാർഗദർശക ചോദ്യങ്ങൾ ചോദിക്കുന്നതിനും നിർവാഹകൻ തയ്യാറായിരിക്കേണ്ടതുണ്ട്.
3 ഖണ്ഡികയിലുളള ആശയത്തോടു തിരുവെഴുത്ത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു പരിചിന്തിക്കുക. ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ തിരിച്ചറിയുന്നത് എങ്ങനെയെന്നു വിദ്യാർഥിയെ കാണിച്ചുകൊടുക്കുകയും അവ ബാധകമായിരിക്കുന്നത് എങ്ങനെയെന്ന് അയാളുമായി ന്യായവാദം ചെയ്യുകയും ചെയ്യുക. തിരുവെഴുത്തുകൾ ഉദ്ധരിക്കാതെ പരാമർശിക്കുക മാത്രമാണു ചെയ്തിട്ടുളളതെങ്കിൽ വളരെ ദീർഘമുളളതല്ലാത്തപക്ഷം ബൈബിൾ തുറന്ന് അവ നോക്കുന്നതു നന്നായിരിക്കും. എന്നിട്ട് അവ വായിക്കുന്നതിനും ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുതയെ പിന്തുണയ്ക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നത് എപ്രകാരമെന്നു പറയുന്നതിനും വിദ്യാർഥിയെ അനുവദിക്കുക.
4 സത്യം തന്റെ സ്വന്തമാക്കുന്നതിനു വിദ്യാർഥിയെ സഹായിക്കുക: അധ്യയനത്തിനു നല്ലവണ്ണം തയ്യാറാകാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. അറിവുനേടുന്നതിനു വായന മർമപ്രധാനമാണെന്ന് ഊന്നിപ്പറയുക. വിദ്യാർഥി അധ്യയന ഭാഗം എത്രയധികം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുവോ അത്രയധികം മെച്ചമാണ്. ചില നിർവാഹകർ ബൈബിളധ്യയന വേളയിൽ എല്ലാ ഖണ്ഡികകളും വിദ്യാർഥിയെക്കൊണ്ടു വായിപ്പിക്കുന്നു. മററുചിലർ ഒന്നിടവിട്ടുളള ഖണ്ഡികകൾ വായിക്കുന്നതിൽ വിദ്യാർഥിയുമായി പങ്കുചേരുന്നു. വിദ്യാർഥിയുടെ ആത്മീയ പുരോഗതി മനസ്സിൽ വച്ചുകൊണ്ടു നല്ല വിവേചന ഉപയോഗിക്കണം.
5 കേവല ശാസ്ത്രീയമായ വിധത്തിൽ അധ്യയനഭാഗം പഠിക്കുന്നത് അറിവുനേടുന്നതിനു വിദ്യാർഥിയെ സഹായിച്ചേക്കാം, എന്നാൽ പഠിക്കുന്നത് അയാൾ വിശ്വസിക്കുന്നുണ്ടോ? സത്യം തന്റെ സ്വന്തമാക്കുന്നതിന് അയാൾ വിവരങ്ങൾ വ്യക്തിപരമായി തന്നെ ബാധിക്കുന്നതെങ്ങനെയെന്നു കാണേണ്ടതുണ്ട്. അയാൾക്കു താൻ പഠിക്കുന്നതിനെപ്പററി എന്തുതോന്നുന്നു? പഠിച്ചകാര്യങ്ങൾ അയാൾക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും? വിദ്യാർഥിയുടെ ഹൃദയത്തിൽ പതിക്കുന്നതിനുവേണ്ടി നിരീക്ഷണ ചോദ്യങ്ങൾ ചോദിക്കുക.
6 കെണികൾ ഒഴിവാക്കുക: ഒരു ബൈബിളധ്യയനം നടത്തുമ്പോൾ ഒഴിവാക്കേണ്ട കെണികളുണ്ട്. പരിചിന്തിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളുമായി ബന്ധമില്ലാത്ത വിഷയങ്ങൾ ചർച്ചക്കു വരുമ്പോൾ, അധ്യയനത്തിന്റെ ഒടുവിലോ അല്ലെങ്കിൽ മറെറാരു സാഹചര്യത്തിലോ അവ ചർച്ച ചെയ്യുന്നതായിരിക്കും മിക്കവാറും ഉചിതം. കൂടാതെ, ഉത്തരങ്ങൾ പുസ്തകത്തിൽനിന്നു വായിക്കുന്നതിനു പകരം സ്വന്ത വാക്കുകളിൽ വിദ്യാർഥിയെകൊണ്ടു പറയിപ്പിക്കുന്നതു പ്രധാനമാണ്. വിദ്യാർഥി വിവരങ്ങൾ മനസ്സിലാക്കുന്നുണ്ടോ എന്നു നിശ്ചയിക്കുന്നതിന് ഇതു നിർവാഹകനെന്ന നിലയിൽ നിങ്ങളെ സഹായിക്കും.
7 ചുരുങ്ങിയത് ഒരു ബൈബിളധ്യയനമെങ്കിലും നടത്തുക എന്നത് എന്തുകൊണ്ട് നിങ്ങളുടെ ഒരു ലക്ഷ്യമാക്കിക്കൂടാ? നിങ്ങൾ യഹോവയിൽ ആശ്രയിക്കുകയും വീക്ഷാഗോപുര അധ്യയനത്തിന്റെ അടിസ്ഥാന നടപടിക്രമം പിൻപററുകയുമാണെങ്കിൽ അത് ഒരു പ്രയാസകരമായ കൃത്യമല്ല. മററുളളവരെ സത്യം പഠിപ്പിക്കുന്നതിനും ശിഷ്യരാക്കുന്നതിനും ഉളള ഏററവും ഫലകരമായ മാർഗം ഒരു ഭവന ബൈബിളധ്യയനമാണ്. ഇതു ചെയ്യുന്നതുമൂലം, മത്തായി 28:18, 19-ൽ നൽകിയിരിക്കുന്ന യേശുവിന്റെ കല്പന നിറവേററുന്നതിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുന്നതിലുളള സന്തോഷം നിങ്ങൾക്കും അനുഭവിക്കാൻ കഴിയും.