നിങ്ങളുടെ കുട്ടികൾ പ്രസാധകരാണോ?
1 നമ്മുടെ സഭകളോടൊത്തു സഹവസിക്കുന്ന അനേകം കുട്ടികൾ യഹോവയുടെ സ്തുതിപാഠകരായിത്തീരുന്നതിൽ നമുക്കു താത്പര്യമുണ്ട്. നിങ്ങളുടെ കുട്ടികൾക്കും അതേ ആഗ്രഹമുണ്ടോ? അങ്ങനെയെങ്കിൽ പെട്ടെന്നുതന്നെ പുരോഗമനപരവും പ്രായോഗികവും ആയ പരിശീലനം തുടങ്ങേണ്ടതിന്റെ ആവശ്യമുണ്ട്. നല്ല ശീലങ്ങൾ പഠിക്കുകയും ആർജിക്കുകയും ചെയ്യുന്നതിനുളള ഏററവും മെച്ചമായ സമയം ഒരുവൻ ബാല്യ പ്രായത്തിലായിരിക്കുമ്പോഴാണ്.
2 വീട്ടിൽ നിങ്ങളുടെ കുട്ടികളുടെ പെരുമാററരീതിയും ശീലങ്ങളും എങ്ങനെയുളളവയാണ്? കുട്ടികൾ മാതാപിതാക്കളോട് അനുസരണമുളളവരാണെങ്കിൽ അവർ സഭയിലുളള മററ് അംഗങ്ങളോടും തങ്ങളുടെ സ്കൂളിലെ അധ്യാപകരോടും ആദരവു പ്രകടിപ്പിക്കും. നിങ്ങളുടെ കുട്ടികൾ തങ്ങളുടെ വസ്തുക്കളും മുറികളും വൃത്തിയുളളതാക്കി വയ്ക്കുകയും സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ? ഇക്കാര്യങ്ങളിൽ നിങ്ങളുടെ കുട്ടികൾക്കു നല്ല ശീലങ്ങളുണ്ടെങ്കിൽ വയൽ സേവനത്തിലായിരിക്കുമ്പോൾ അവർ മററുളള ആളുകളുടെ സാമഗ്രികളോടും വസ്തുവകകളോടും മര്യാദ പ്രകടിപ്പിക്കുകയും യഹോവയെ പ്രതിനിധാനം ചെയ്യുന്ന ഒരു ശുശ്രൂഷകനെന്ന നിലയിൽ അനുകരണാർഹമായ വിധത്തിൽ പെരുമാറുകയും ചെയ്യും.
3 നിങ്ങളുടെ കുട്ടികൾക്കു സുവിശേഷഘോഷണത്തിൽ താത്പര്യം തോന്നിത്തുടങ്ങുമ്പോൾ ദിവ്യാധിപത്യ ശൂശ്രൂഷാ സ്കൂളിൽ പേരു ചാർത്താൻ അവരെ നിസ്സന്ദേഹം പ്രോത്സാഹിപ്പിക്കുക. ദിവ്യാധിപത്യ ശൂശ്രൂഷാ സ്കൂളിൽ പേരു ചാർത്തുന്നതിന് ഒരു നിശ്ചിത പ്രായത്തിലെത്തേണ്ട ആവശ്യമില്ല. എന്നാൽ, നല്ല ദൈനംദിന ശീലങ്ങളാൽ പിന്താങ്ങപ്പെട്ട മാതൃകായോഗ്യമായ നടത്തയും ഒരു പ്രസാധകനാകാനുളള ആഗ്രഹവും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്കൂൾ മേൽവിചാരകൻ കുട്ടിയുടെ ബൈബിൾ വായനയിലും പ്രസംഗത്തിലും മാത്രം തത്പരനായിരിക്കാതെ ഒരു പ്രസാധകനാകുക എന്ന ലക്ഷ്യത്തെപ്പററി മാതാപിതാക്കളോടും കുട്ടിയോടും ആരംഭത്തിൽത്തന്നെ സംസാരിക്കുന്നതു നന്നായിരിക്കും.
4 സേവനത്തിൽ കുട്ടിയെ നിങ്ങളോടൊപ്പം കൊണ്ടുപോകുമ്പോൾ ഒരുമിച്ച് ഒരു സേവന ലക്ഷ്യം വയ്ക്കുകയും ഒരുമിച്ചു തയ്യാറാകുകയും പരിശീലിക്കുകയും ചെയ്തുകൊണ്ട് ശുശ്രൂഷയിലുളള അവരുടെ പ്രാപ്തി അഭിവൃദ്ധിപ്പെടുത്തുന്നതിന് ലാക്കു വയ്ക്കുക. നിങ്ങളുടെ കുട്ടികളുടെ പ്രാപ്തിയും വയലിലെ സാഹചര്യവും കണക്കിലെടുത്ത് വീട്ടുകാരൻ പറയുന്നതു ശ്രദ്ധിക്കുക, തിരുവെഴുത്തുകൾ മനസ്സുചെലുത്തി വായിക്കുക, ലഘുലേഖകൾ ഉപയോഗിച്ച് ഒരു ലളിതമായ സാക്ഷ്യം നൽകുക എന്നിങ്ങനെയുളള നിശ്ചിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ പ്രയത്നിക്കുക. വീട്ടുവാതിൽക്കൽ കാണുന്ന എല്ലാ ആളുകളിലും വ്യക്തിപരമായ താത്പര്യമെടുക്കാനും നിങ്ങളുടെ കുട്ടികളെ നിങ്ങൾക്കു പഠിപ്പിക്കാൻ കഴിയും. മററുളളവർ അവരെ നിർദയം നിരസിക്കുമ്പോൾപോലും അവർ ഊഷ്മളതയും സ്നേഹവും താഴ്മയും കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുന്നെങ്കിൽ അത് അവരുടെ നിരുത്സാഹത്തെ ലഘൂകരിക്കാൻ സഹായിക്കും. നിങ്ങളുടെ കുട്ടികൾ വാരാന്ത സേവനത്തിൽ പങ്കുപററുന്നുവെങ്കിൽ നിങ്ങളോടൊപ്പം മാത്രം പ്രവർത്തിക്കാതെ മുതിർന്ന പ്രസാധകരോടും മൂപ്പൻമാരോടും ഒപ്പം പ്രവർത്തിക്കുന്നതുമൂലം അവർക്ക് ഏറെ മെച്ചമായ പരിശീലനം നേടാൻ കഴിയും.—1 കൊരി. 4:17.
5 നിങ്ങളുടെ കുട്ടികൾക്കു തങ്ങളുടെ ആശയങ്ങൾ സ്വന്ത വാക്കിൽ അവതരിപ്പിക്കാൻ കഴിയുമെങ്കിൽ അതു വളരെ ഫലകരവും വീട്ടുകാരന്റെ ഹൃദയത്തെ പ്രചോദിപ്പിക്കുന്നതും ആയിരിക്കും. അവർ അനുഭവം നേടുന്നതനുസരിച്ച് പക്വതയുളള ക്രിസ്ത്യാനികളും സജീവരും സന്തുഷ്ടരുമായ പ്രസാധകരും ആയിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. (1 കൊരി. 14:20) വെറുമൊരു ക്രമമുളള പ്രസാധകനായിരിക്കാതെ അവർക്കു മടക്ക സന്ദർശനങ്ങൾ നടത്താനും ഒരു ഭവന ബൈബിളധ്യയനം നടത്തുക എന്ന ലക്ഷ്യമുണ്ടായിരിക്കാനും കഴിയും. അതിനുപുറമേ, യഹോവയുടെ സ്ഥാപനത്തോടൊത്തു പ്രവർത്തിക്കുന്നതിന്റെ സന്തോഷം രുചിച്ചറിയാൻ അവരെ സഹായിക്കുകയും ചെയ്യുക. നോട്ടീസ് ബോർഡിലെ വിവരങ്ങൾക്കും സേവനയോഗത്തിലെ അറിയിപ്പുകൾക്കും ശ്രദ്ധകൊടുത്തുകൊണ്ട് സഭയോടൊത്തു സഹകരിക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിക്കുക. സഹോദരൻമാരിൽനിന്നും ലഭിച്ചേക്കാവുന്ന ഏതു നിയമനങ്ങളും മനസ്സൊരുക്കത്തോടെ നിർവഹിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും നന്നായിരിക്കും.
6 നിങ്ങളുടെ കുട്ടികൾ യഹോവയുടെ സ്തുതിപാഠകരായിത്തീർന്നശേഷം, ഉയർന്നു വന്നേക്കാവുന്ന ഏതു ധാർമിക പ്രശ്നത്തിനും നല്ല ശ്രദ്ധ നൽകുക, തൻമൂലം അവർ ഇതുവരെ പടുത്തുയർത്തിയ സൽപ്പേരിനു കളങ്കം പററാതിരിക്കും. കൂടാതെ ദൈവത്തോടുളള നിർമലത തുടർന്നു പാലിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.—2 തിമൊ. 2:22.