നിങ്ങൾ തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്യുന്നുണ്ടോ?
1 യുദ്ധത്തിനുപോകുന്ന അനുഭവസമ്പന്നനായ ഒരു പടയാളി സർവായുധധാരിയും സംരക്ഷിതനും ആയിരിക്കും. ഒരു വലിയ നിർമാണ പദ്ധതിയിൽ പ്രവർത്തിക്കുന്നതിനു തയ്യാറാകുന്ന വിദഗ്ധനായ ഒരു ശില്പി ജോലി പൂർത്തിയാക്കുന്നതിനു തനിക്കാവശ്യമായ ഉപകരണങ്ങൾ കൈവശം കരുതും. വയൽശുശ്രൂഷയിൽ ഏർപ്പെടുന്ന യഹോവയുടെ ഒരു ദാസന്റെ കൈവശം തന്റെ ‘വാൾ’ ഉണ്ടായിരിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം അയാൾ അതു വൈദഗ്ധ്യത്തോടെ പ്രയോഗിക്കുകയും ചെയ്യും. (എഫെ. 6:17) നിങ്ങളുടെ കാര്യത്തിൽ വ്യക്തിപരമായി ഇതു വാസ്തവമാണോ? നിങ്ങൾ സേവനത്തിൽ പങ്കുപററുമ്പോൾ പരിശുദ്ധാത്മാവിനു നിങ്ങളുടെ കേൾവിക്കാരുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിയേണ്ടതിനു നിങ്ങൾ ദൈവവചനത്തെ സംസാരിക്കാൻ അനുവദിക്കുന്നുവോ?—സദൃ. 8:1, 6.
2 പ്രസംഗം എല്ലായ്പോഴും എളുപ്പമുളള ഒരു ജോലിയല്ല. ചിലപ്രദേശങ്ങളിൽ ആളുകൾ ഭവനങ്ങളിൽ വിരളമായേ കാണാറുളളു, കണ്ടുമുട്ടുന്നവരോ വിശദമായ ബൈബിൾ ചർച്ചകൾക്ക് അവസരം തരാൻ തീരെ കഴിയാത്തവിധം മിക്കപ്പോഴും അത്ര തിരക്കുളളവരാണ്. എന്നാൽ ബൈബിൾ നമ്മുടെ അടിസ്ഥാന പാഠ്യപുസ്തകമായ സ്ഥിതിക്ക് അതു കൂടുതലായി സേവനത്തിൽ ഉപയോഗിക്കുകയും അതിലെ നിശ്വസ്ത സന്ദേശം നമ്മുടെ കേൾവിക്കാരെ സ്വാധീനിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനു നമുക്കെങ്ങനെ കഴിയും?
3 എല്ലാ സന്ദർഭങ്ങളിലും: ഓരോ വീട്ടുവാതിൽക്കലും വീട്ടുകാരനെ പ്രേരിപ്പിക്കുന്നതിനു ബൈബിൾ ഉപയോഗിക്കാൻ നാം ആഗ്രഹിക്കുന്നു. സമർപ്പിക്കുന്ന പ്രസിദ്ധീകരണം ഏതുതന്നെയായിരുന്നാലും ഇപ്രകാരം ചെയ്യാൻ നാം തയ്യാറായിരിക്കേണ്ടതാണ്. വ്യക്തി തിരക്കിലായിരിക്കയും ബൈബിൾ തുറന്ന് ഒന്നോ രണ്ടോ വാക്യങ്ങൾ വായിക്കുന്നതിനു സമയമില്ലാതിരിക്കയും ചെയ്യുന്നെങ്കിൽ സാഹിത്യം സമർപ്പിക്കുന്നതിനുമുമ്പ് ഒരു തിരുവെഴുത്ത് ഉദ്ധരിക്കുന്നതിനോ പരാവർത്തനം ചെയ്യുന്നതിനോ നിങ്ങൾക്കു കഴിയുമോ? ആ വ്യക്തി നിന്നു ശ്രദ്ധിക്കുന്നതിന് അതു മാത്രം മതിയാകും.—എബ്രാ. 4:12.
4 ദൃഷ്ടാന്തത്തിന്, “രോഗമില്ലാത്ത ഒരു ലോകം” എന്ന ലേഖനത്തോടുകൂടിയ 1993 ഡിസംബർ 8 എവേക്ക്! ആണു നിങ്ങൾ വിശേഷവൽക്കരിക്കുന്നതെങ്കിൽ, പുറംതാളിലെ ചിത്രത്തിലേക്കു ശ്രദ്ധതിരിച്ചുകൊണ്ടു പിൻവരുന്നവിധം ചോദിക്കുക: “രോഗത്തിന് എന്നെങ്കിലും ഒരവസാനമുണ്ടാകുകയും സകലരും നല്ല ആരോഗ്യമുളളവരായിരിക്കുകയും ചെയ്യുന്ന ഒരു സമയം ഉണ്ടാകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” പ്രതികരണം എന്തുതന്നെയായാലും നിങ്ങൾക്കു യെശയ്യാവ് 33:24-ഓ വെളിപ്പാട് 21:4-ഓ പോലുളള ഒരു തിരുവെഴുത്തു ബൈബിളിൽനിന്നു നേരിട്ടു വായിക്കുന്നതിനോ പരാവർത്തനം ചെയ്യുന്നതിനോ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ദൈവവചനത്തെ സംസാരിക്കാൻ അനുവദിക്കുകയാണ്.
5 മടക്കസന്ദർശനങ്ങളിൽ: മടക്കസന്ദർശനം നടത്തുന്നതിനുമുമ്പു നാം തയ്യാറാകേണ്ടതുണ്ട്. എന്നിരുന്നാലും, നാം ചർച്ചചെയ്യാൻ തയ്യാറാകാത്ത വിഷയങ്ങൾ കൂടെക്കൂടെ ഉയർന്നുവരും. തിരുവെഴുത്തുകളിൽ നിന്നു ന്യായവാദം ചെയ്യൽ ഒരു വിലയേറിയ ഉപകരണമാണെന്നു തെളിയുന്നത് അപ്പോഴാണ്. പിന്തുണയ്ക്കുന്ന തിരുവെഴുത്തുകൾ ന്യായവാദം പുസ്തകത്തിൽനിന്നു നാം ഉദ്ധരിക്കുകയോ വായിക്കുകയോ ചെയ്യുമ്പോൾ നാം ദൈവത്തിന്റെ ശുശ്രൂഷകരാണെന്നും വചനത്തിൽ മായം ചേർക്കുന്നവരല്ലെന്നും കാണാൻ ആളുകളെ സഹായിക്കുകയായിരിക്കും ചെയ്യുന്നത്.—2 കൊരി. 2:17.
6 ഏതെങ്കിലും ഒരു പ്രത്യേക വിഷയം ചർച്ചചെയ്തിട്ടില്ലാത്തിടത്തു വീണ്ടും സന്ദർശിക്കുമ്പോൾ നിങ്ങൾ ന്യായവാദം പുസ്തകം തുറന്ന് “യേശുക്രിസ്തു,” “അന്ത്യനാളുകൾ” അല്ലെങ്കിൽ “പുനരുത്ഥാനം” എന്നിങ്ങനെ ഉചിതമായ ഏതെങ്കിലും ഒരു വിഷയത്തിന്റെ ഉപതലക്കെട്ടുപയോഗിച്ചു ചർച്ചയ്ക്കു തുടക്കം കുറിച്ചേക്കാം. വീട്ടുകാരെ തങ്ങളുടെ തന്നെ ബൈബിളിൽനിന്നു ചില തിരുവെഴുത്തുകൾ വായിക്കാൻ ക്ഷണിക്കാവുന്നതാണ്. അപ്രകാരം, ബൈബിളിൽ അവർക്കു താത്പര്യം ജനിക്കും, അവർ നീതിയോടു ചായ്വുളളവരാണെങ്കിൽ അവരിൽ പരിശുദ്ധാത്മാവ് പ്രവഹിക്കുകയും ചെയ്യും.
7 സുവാർത്ത പ്രസംഗിക്കുന്നതിനും ദുഷ്ടൻമാർക്കു മുന്നറിയിപ്പു നൽകുന്നതിനുമുളള നമ്മുടെ ഉത്തരവാദിത്വം ഗൗരവമായ ഒന്നാണ്. അത് യഹോവയുടെ സന്ദേശമാണ്, നമ്മുടേതല്ല. അവിടുത്തെ വചനം, ആത്മാവിന്റെ വാൾ, നിങ്ങളെ സഹായിക്കട്ടെ.