മററുളളവരോടു പരിഗണന കാണിക്കുക—ഭാഗം 1
1 യഹോവയുടെ ജനത്തിന്റെ അഭിവൃദ്ധി നമ്മെയെല്ലാം സന്തുഷ്ടരാക്കുന്നു, അത് സഭകൾ എണ്ണത്തിൽ വർധിക്കാൻ ഇടയാക്കിയിരിക്കുന്നു. ചില നഗരങ്ങളിൽ പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. ഇത് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ഭാഗത്തു കൂടുതലായ പരിഗണന ആവശ്യമാക്കിത്തീർക്കുന്നു.
2 രാജ്യഹാൾ ഉപയോഗിക്കുന്ന ഓരോ സഭയും അടുത്തതായി വരുന്ന സഹോദരങ്ങൾക്കുവേണ്ടി അത് വൃത്തിയായും ചിട്ടയായും ഇടേണ്ടതാണ്. കസേരകൾ നിരയായി ക്രമീകരിച്ചിടുക, കൗണ്ടറിലുളള സാഹിത്യങ്ങൾ അതിന്റെ ഉചിതമായ സ്ഥാനത്ത് വയ്ക്കുക, രാജ്യഹാളിൽ അടുക്കും ചിട്ടയുമില്ലാതെ ഇട്ടിരിക്കുന്ന വ്യക്തിപരമായ സാധനങ്ങൾ എടുത്തുവയ്ക്കുക. കക്കൂസുകൾ വൃത്തിയും ശുചിയുമുളളതായിരിക്കണം, സോപ്പും ടവലും മററു സാധനങ്ങളും പുതിയത് വച്ചിട്ടുണ്ടെന്നും ചവററുകുട്ട കാലിയാക്കിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഒരു സഭ മാത്രമേ രാജ്യഹാൾ ഉപയോഗിക്കുന്നുളളൂവെങ്കിൽപ്പോലും ഇപ്രകാരം ചെയ്യുന്നതു നന്നായിരിക്കും. വൃത്തിയാക്കലും ശുചിയാക്കലും യോഗങ്ങൾക്കു ശേഷം നടത്താൻ മിക്കസഭകളും കൂടുതൽ ഇഷ്ടപ്പെടുന്നു. അപ്പോൾ അടുത്ത യോഗത്തിനു മുമ്പായി ചെറിയതോതിൽ അടിച്ചുവാരുകയോ പൊടിതുടക്കുകയോ മാത്രം ചെയ്താൽ മതിയല്ലോ. വൻതോതിലുളള ശുചീകരണം നടത്തി യോഗം തുടങ്ങുന്നതിന് ഇരുപതു മിനിറെറങ്കിലും മുമ്പേ രാജ്യഹാൾ റെഡിയാക്കാൻ തക്കവണ്ണം നേരത്തെ വരാൻ എല്ലാവർക്കും സാധിക്കാത്തതിനാലാണ് വൻതോതിലുളള ശുചീകരണം യോഗത്തിനു മുമ്പായി പട്ടികപ്പെടുത്താൻ അവർ ഇഷ്ടപ്പെടാത്തത്. കൂടാതെ, സേവകർ വൃത്തിയും ശുചിയുമുളളവരായിരിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ—പ്രത്യേകിച്ചും അവർക്ക് യോഗങ്ങളിൽ പരിപാടിയുംകൂടി ഉളളപ്പോൾ—യോഗത്തിനു മുമ്പുളള വലിയ ശുചീകരണ പരിപാടിയിൽ ഉൾപ്പെടാൻ അവർ ആഗ്രഹിക്കുകയില്ല.
3 അതേസമയംതന്നെ, മറെറാരു സഭയുടെ യോഗം ഉടനെതന്നെ തുടങ്ങുന്നതിനു പട്ടികപ്പെടുത്തിയിരിക്കുമ്പോൾ, ആദ്യ യോഗത്തിൽ സംബന്ധിച്ചവർ അടുത്ത യോഗത്തിനുളള തയ്യാറെടുപ്പുകളെ തടസ്സപ്പെടുത്തിക്കൊണ്ട് അനാവശ്യമായി താമസിക്കരുത്. വിപുലമായ സാമൂഹിക സംഭാഷണങ്ങൾ സ്വീകരണമുറിയിൽ വളരെപ്പേർ കൂട്ടം കൂടുന്നതിനും അടുത്ത യോഗത്തിനായി കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ താമസം നേരിടുന്നതിനും ഇടയാക്കിയേക്കാം. ചിലപ്പോൾ രാജ്യഹാളിനു ചുററുമുളള പാർക്കിങ് സ്ഥലം പരിമിതമായിരിക്കും. അതുകൊണ്ട് വരുന്നവർക്ക് പാർക്കുചെയ്യാൻ സ്ഥലം ലഭ്യമാകത്തക്കവണ്ണം ഏറെ താമസിയാതെ പോകുന്നതു ദയയായിരിക്കും. നേരേമറിച്ച്, അടുത്ത യോഗത്തിനു ഹാജരാകുന്നവർ വളരെ നേരത്തെ വരികയും ചെയ്യരുത്. അത് സ്വീകരണമുറിയിലും ശൗചഗൃഹത്തിലും പാർക്കുചെയ്യുന്ന സ്ഥലത്തും അനാവശ്യമായ തിക്കുംതിരക്കും ഉളവാക്കും.
4 പല സഭകൾ ഉൾപ്പെട്ടിരിക്കുന്നിടത്ത്, രാജ്യഹാളിന്റെ വാരംതോറുമുളള ശുചീകരണത്തിന് ക്രമീകരണംചെയ്യുന്നതിൽ അടുത്തു സഹകരിക്കേണ്ടതു വിശേഷാൽ ആവശ്യമാണ്. സാധാരണമായി, സഭകൾ മാറിമാറി ഒരു നിശ്ചിത കാലത്തേക്കു ശുചീകരണത്തിനുളള ഏർപ്പാടു ചെയ്യുന്നു. നിങ്ങളുടെ സഭയ്ക്ക് ശുചീകരണത്തിനുളള ഉത്തരവാദിത്വമുളളപ്പോൾ നിങ്ങൾ അതു പൂർണമായും കൃത്യമായും ചെയ്തുവെന്ന് ഉറപ്പുവരുത്തുക. അങ്ങനെയാകുമ്പോൾ ഹാൾ ഉപയോഗിക്കുന്ന മററു സഭകൾക്ക് പരാതിക്കു യാതൊരു കാരണവുമുണ്ടായിരിക്കുകയില്ല.
5 സർക്കിട്ട് മേൽവിചാരകന്റെ സഭാ സന്ദർശനസമയത്തേതുപോലെ ചിലയവസരങ്ങളിൽ സഭകൾക്ക് യോഗ സമയത്തിൽ മാററം വരുത്തേണ്ടതുണ്ട്. മറെറാരു സഭയെ ഇതു ബാധിക്കുന്നുവെങ്കിൽ, അവർക്കു തങ്ങളുടെ പ്രസാധകരെ എത്രയും നേരത്തെ വിവരം അറിയിക്കുവാൻ തക്കവണ്ണം മൂപ്പൻമാർ വളരെ നേരത്തെതന്നെ മറേറ സഭയെ അറിയിക്കേണ്ടതാണ്. കൂടാതെ പയനിയർസേവനസ്കൂളോ സർക്കിട്ടിലെ മൂപ്പൻമാരുടെ ഒരു യോഗമോ പോലെ ആധികാരികമായി അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും പരിപാടിയോ അല്ലെങ്കിൽ ഒരു വിവാഹമോ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിൽ, മററു സഭകളെയും ബന്ധപ്പെട്ട സർക്കിട്ട് മേൽവിചാരകനെയും നേരത്തെതന്നെ കണ്ട് വിവരം ധരിപ്പിക്കേണ്ടതാണ്. അപ്പോൾ ആ സമയത്ത് രാജ്യഹാളിന്റെ യാതൊരു ഉപയോഗവും അവർ പട്ടികപ്പെടുത്തുകയില്ല.
6 മററുളളവരോടുളള സ്നേഹപൂർവകമായ പരിഗണനയും നല്ല ആശയവിനിമയവും മുൻകൂട്ടിയുളള ആസൂത്രണവും സഹകരണവും സഭകൾ തമ്മിൽ ഒരു ഊഷ്മളബന്ധം നിലനിർത്തുന്നതിനു സഹായിക്കും. അത് “സകലവും ഉചിതമായും ക്രമമായും നട”ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.—1 കൊരി. 14:40.