രാജ്യത്തിന്റെ വചനം—അതിന്റെ അർഥം ഗ്രഹിക്കൽ
1 വിതക്കാരന്റെ ഉപമയിൽ “നല്ല നിലത്തു” വീഴുന്ന വിത്ത് “ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്ന”തിനെ ചിത്രീകരിക്കുന്നുവെന്ന് യേശു പറഞ്ഞു. (മത്താ. 13:23) രാജ്യത്തെക്കുറിച്ചു കേട്ടശേഷം നാം അതിന്റെ ‘അർഥം ഗ്രഹിച്ചുവോ’? അതു നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നു? രാജ്യ താത്പര്യങ്ങൾ ഒന്നാം സ്ഥാനത്തു വെച്ചുകൊണ്ട് ആ ദൂതിന്റെ അർഥം നാം ഗ്രഹിച്ചിട്ടുണ്ടെന്നു തെളിയിക്കുന്നുവോ?
2 രാജ്യസന്ദേശത്തിന്റെ ശരിയായ ഗ്രാഹ്യം ലഭിക്കുന്നതിനു വ്യക്തിപരമായ പഠനം ആവശ്യമാണ്. ലഭ്യമായിരിക്കുന്ന ആത്മീയാഹാരത്തെപ്പററി ധ്യാനിക്കുന്നതിന് സമയം ചെലവഴിക്കേണ്ടതുണ്ട്. വീക്ഷാഗോപുരത്തിന്റെ ധൃതിപിടിച്ചുളള വായന, രുചികരവും പോഷകമൂല്യമുളളതുമായ ആഹാരം വെട്ടിവിഴുങ്ങുന്നതുപോലെയിരിക്കും. ആത്മീയഭക്ഷണത്തിനു പൂർണമായ പരിചിന്തനം നൽകുവാൻ തക്കവണ്ണം നിങ്ങൾ സമയം വിനിയോഗിക്കുന്നുണ്ടോ? പരമാവധി പ്രയോജനം ലഭിക്കുന്നതിന് ഒരു പ്രേരകഘടകവും ആരോഗ്യാവഹമായ ആത്മീയ വിശപ്പും ആവശ്യമാണ്. ഇവ ഇല്ലെങ്കിൽ, മററു പ്രവർത്തനങ്ങൾ വ്യക്തിപരമായ പഠനത്തിന്റെ പ്രയോജനങ്ങളെ കുറച്ചുകളയുകയോ അതിനാവശ്യമായ സമയത്തെ കവർന്നെടുക്കുകയോ ചെയ്തേക്കാം. ഒരു നല്ല പഠനപട്ടികയോടു പററിനിൽക്കുക അത്ര എളുപ്പമല്ല. ഇത് കൂടുതൽ പ്രാധാന്യമുളള കാര്യങ്ങളുടെ ശ്രദ്ധാപൂർവമായ തൂക്കിനോക്കൽ ആവശ്യമാക്കിത്തീർക്കുന്നുവെങ്കിലും സമ്പാദിക്കുന്ന ആത്മീയ ധനം അമൂല്യമാണ്.—സദൃ. 3:13-18; കൊലൊ. 1:27.
3 തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ രാജ്യത്തെക്കുറിച്ചുളള ശോഭനമായ, പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾ അനുദിനം താലോലിക്കുന്നതിനു നമ്മെ സഹായിക്കുന്നു. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുളളവർ” ഓരോ ദിവസവും വാക്യവും അഭിപ്രായങ്ങളും വായിക്കുന്നതിന് ഏതാനും നിമിഷം ചെലവഴിക്കാൻ ക്രമീകരിക്കുന്നു. (മത്താ. 5:3, NW) പല വാക്യങ്ങളും രാജ്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിവരിക്കുന്നു. ഉദാഹരണത്തിന്, 1994 നവംബർ 22-ന് പ്രദീപ്തമാക്കപ്പെട്ട വാക്യം മത്തായി 13:4 ആയിരുന്നു. അതിന്റെ അഭിപ്രായം രാജ്യ പ്രത്യാശയെക്കുറിച്ചു പരിചിന്തിക്കുകയും ബന്ധുക്കളും അയൽക്കാരുമായുളള അനാരോഗ്യകരമായ സഹവാസത്തിന്റെ അപകടത്തെക്കുറിച്ചു നമ്മെ ഓർമപ്പെടുത്തുകയും ചെയ്തു. ലോകത്തിനു ചുററുമുളള ബെഥേൽ കുടുംബങ്ങളിൽ ഓരോ ജോലിദിവസവും രാവിലെ ദിനവാക്യത്തിന്റെ 15 മിനിററു നേരത്തെ ഒരു ചർച്ചയുണ്ട്. ഈ വസ്തുത ഒത്തൊരുമിച്ചു ദിനവാക്യം പരിചിന്തിക്കുന്നതിന്റെ പ്രയോജനവും ഗൗരവവും ഊന്നിപ്പറയുന്നു. നിങ്ങളുടെ കുടുംബത്തിന്റെ ദിനചര്യയിൽ സമാനമായ പരിചിന്തനം ഉൾപ്പെടുന്നുണ്ടോ?
4 രാജ്യത്തെക്കുറിച്ചുളള വിലമതിപ്പിൽ നിങ്ങൾ വളരുമ്പോൾ രാജ്യസന്ദേശം മററുളളവരുമായി പങ്കുവെക്കുന്നതിനുളള കൂടുതലായ ഒരു പ്രേരണ ഉണ്ടായിരിക്കും. നമ്മുടെ മനസ്സിനെ പുതിയതും കാലാനുസൃതവുമായ വിവരങ്ങളാൽ പരിപോഷിപ്പിക്കുന്ന മാനസിക ഇന്ധനത്തോടു സാദൃശ്യപ്പെടുത്താവുന്ന ഒന്ന് വീക്ഷാഗോപുരവും ഉണരുക!യും പ്രദാനം ചെയ്യുന്നു. ലോകത്തിന് ദൈവരാജ്യം എത്രമാത്രം ആവശ്യമാണ് എന്നതു സംബന്ധിച്ച് സൂക്ഷ്മമായ ഒരു ബോധം നിലനിർത്താൻ അവ നമ്മെ സഹായിക്കുന്നു. “ക്രിസ്തുവിന്റെ മനസ്സ്” ഉളള ആത്മീയ വ്യക്തികളായിരിക്കാൻ അവ നമ്മെ സഹായിക്കുന്നു. (1 കൊരി. 2:15, 16) ഇവയ്ക്കെല്ലാം നമ്മുടെ പ്രത്യാശയെ ബലപ്പെടുത്തുന്നതിനും മററുളളവരുമായി രാജ്യപ്രത്യാശ പങ്കുവെക്കുന്നതിനുളള നമ്മുടെ തീക്ഷ്ണതയെ വർധിപ്പിക്കുന്നതിനും കഴിയും.—1 പത്രൊ. 3:15.
5 രാജ്യസന്ദേശത്തിന്റെ അർഥം നാം വ്യക്തിപരമായി ഗ്രഹിക്കുന്നതു ജീവത്പ്രധാനമാണ്. രാജ്യമാണ് തന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും ദുഷ്ടത അവസാനിപ്പിക്കുന്നതിനും ഒരു പുതിയ ലോകം—ഒരു പറുദീസ—കൊണ്ടുവരുന്നതിനും ദൈവം ഉപയോഗിക്കുന്ന ഉപാധി. ഇതു നമ്മുടെ ജീവിതത്തിൽ ഒന്നാമതു വയ്ക്കാൻ യേശു കല്പിച്ചു. അതിന്റെ ഭരണത്തിൻകീഴിൽ ജീവിക്കുന്നതിനു നാം ചെമ്മരിയാടുതുല്യ പ്രജകളായിരിക്കണം. (മത്താ. 6:10, 33) അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനുളള നിങ്ങളുടെ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.