പ്രസംഗിക്കൽ—ഒരു ബഹുമാന്യ പദവി
1 സുവാർത്തയുടെ ശുശ്രൂഷ യഹോവ നമുക്കു നീട്ടിത്തന്നിരിക്കുന്ന ഒരു ബഹുമാന്യ പദവിയാണ്. (റോമ. 15:16; 1 തിമൊ. 1:12) അപ്രകാരംതന്നെയാണോ നിങ്ങൾ അതിനെ വീക്ഷിക്കുന്നത്? കാലം കടന്നുപോകുന്നതോ മററുളളവരുടെ പരിഹാസമോ നാം അതിന്റെ പ്രാധാന്യം കുറച്ചു കാണാൻ ഇടയാക്കരുത്. ദൈവനാമം വഹിക്കുക എന്നത് ചുരുക്കംപേർക്കു മാത്രം നൽകപ്പെട്ടിരിക്കുന്ന പദവിയാണ്. ഈ പദവിയോടുളള വിലമതിപ്പ് നമുക്കെങ്ങനെ വളർത്താൻ കഴിയും?
2 രാജ്യസന്ദേശത്തിന്റെ പ്രസംഗം നമുക്ക് ലോകത്തിന്റെ പ്രീതി നേടിത്തരുന്നില്ല. അനേകരും നമ്മുടെ വേലയെ നിർവികാരതയോടെ അല്ലെങ്കിൽ വിപ്രതിപത്തിയോടെയാണു വീക്ഷിക്കുന്നത്. മററുളളവരാകട്ടെ അതിനെ പരിഹസിക്കുകയും എതിർക്കുകയും ചെയ്യുന്നു. അത്തരം എതിർപ്പ് സഹജോലിക്കാരിൽനിന്നോ അയൽക്കാരിൽനിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നുപോലുമോ ആയിരിക്കാം. അവരുടെ ദൃഷ്ടിയിൽ നാം വഴിതെററിക്കപ്പെട്ടവരോ വിഡ്ഢികളോ ആയി കാണപ്പെട്ടേക്കാം. (യോഹ. 15:19; 1 കൊരി. 1:18, 21; 2 തിമൊ. 3:12) അവരുടെ നിരുത്സാഹപ്പെടുത്തുന്ന അഭിപ്രായങ്ങൾ നമ്മുടെ തീക്ഷ്ണതയെ കുറച്ചുകളയുന്നതിനുവേണ്ടി ഉളളതാണ്. അത് നാം മാന്ദ്യം ഉളളവരാകുന്നതിനും നമ്മുടെ ബഹുമാന്യ പദവിയെ പരിത്യജിക്കുന്നതിനും ഇടയാക്കും. നിഷേധാത്മക വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു സാത്താനാണ്. അവൻ ‘തേജസ്സുളള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ അവിശ്വാസികളുടെ മനസ്സു കുരുടാക്കി’യിരിക്കുന്നു. (2 കൊരി. 4:4) നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?
3 നമുക്ക് ഇന്നു ചെയ്യാവുന്നതിലേക്കും ഏററവും പ്രധാനപ്പെട്ട വേലയാണ് രാജ്യത്തെ സംബന്ധിച്ച നമ്മുടെ പ്രസംഗം എന്നു മനസ്സിൽപ്പിടിക്കുന്നതു പ്രധാനമാണ്. മറെറാരു മാർഗത്തിലൂടെയും ലഭ്യമല്ലാത്ത ജീവരക്ഷാകര സന്ദേശമാണു നമുക്കുളളത്. (റോമ. 10:13-15) മനുഷ്യന്റെയല്ല ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കുന്നതാണു ഗണനീയമായ സംഗതി. നമ്മുടെ പ്രസംഗ പ്രവർത്തനം സംബന്ധിച്ച ലോകത്തിന്റെ നിഷേധാത്മക വീക്ഷണം സുവാർത്ത സധൈര്യം ഘോഷിക്കുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്നില്ല.—പ്രവൃ. 4:29.
4 പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനുളള തന്റെ പദവിയെ യേശു അത്യധികം വിലമതിച്ചു. (യോഹ. 4:34) ശുശ്രൂഷക്കുവേണ്ടി മാത്രമായി അവൻ തന്നെത്തന്നെ അർപ്പിച്ചു. താൻ മന്ദഗതിയിലാകുന്നതിന് അവൻ ശ്രദ്ധാ ശൈഥില്യങ്ങളെയോ എതിരാളികളെയോ അനുവദിച്ചില്ല. രാജ്യസന്ദേശം പ്രസംഗിക്കുന്നത് അവന്റെ ജീവിതത്തിൽ എപ്പോഴും പ്രഥമസ്ഥാനത്തായിരുന്നു. (ലൂക്കൊ. 4:43) അവന്റെ ദൃഷ്ടാന്തത്തെ അനുകരിക്കാൻ നാം കല്പിക്കപ്പെട്ടിരിക്കുന്നു. (1 പത്രൊ. 2:21) അങ്ങനെ ചെയ്യുകവഴി നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയി വർത്തിക്കുകയാണ്. (1 കൊരി. 3:9) നാം ഈ പദവിയെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ? ഔപചാരികമായും അനൗപചാരികമായും മററുളളവരുമായി സുവാർത്ത പങ്കുവെക്കുന്നതിനുളള അവസരങ്ങൾക്കായി നാം അന്വേഷിക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികളെന്നനിലയിൽ “അവന്റെ നാമത്തിനു പരസ്യപ്രഖ്യാപനം നടത്താൻ” നാം എല്ലായ്പോഴും ഒരുക്കമായിരിക്കണം.—എബ്രാ. 13:15, NW.
5 ശുശ്രൂഷയിലെ നമ്മുടെ പങ്ക് നമ്മുടെ മനോഭാവത്താലാണു മുഖ്യമായും നിർണയിക്കപ്പെടുന്നത്. യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്നത് എല്ലാം നാം ആഴമായി വിലമതിക്കുന്നുണ്ടോ? യഹോവയുടെ സേവനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന, അവനോടുളള സ്നേഹം നാം നമ്മുടെ ഹൃദയത്തിൽ നട്ടുവളർത്തിയിട്ടുണ്ടോ? നാം ഇപ്പോൾ ആസ്വദിക്കുന്നതും ഭാവിയിലേക്കു യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നതുമായ അനുഗ്രഹങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് സ്രഷ്ടാവിനോടുളള സ്നേഹത്തിൽ വളർന്നുവരാൻ നമ്മെ സഹായിക്കുന്നു. അത്തരം സ്നേഹം പ്രവർത്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്നു—നമ്മുടെ സാഹചര്യം അനുവദിക്കുന്ന അളവോളം രാജ്യപ്രസംഗവേലയിൽ സ്ഥിരോത്സാഹവും ക്രമവും ഉളളവരായിരിക്കുന്നതിനു തന്നെ. യഹോവയോടും അയൽക്കാരനോടും നമുക്കുളള സ്നേഹത്തിന്റെ തെളിവായിരിക്കും നമ്മുടെ തീക്ഷ്ണത.—മർക്കൊ. 12:30, 31.
6 ഒരു സംഗതി സംബന്ധിച്ചു നാം എന്തു ചെയ്യുന്നു, അതിനെക്കുറിച്ച് എന്തു പറയുന്നു എന്നതിനാൽ നാം അതിനെ എത്രമാത്രം വിലമതിക്കുന്നു എന്നു പ്രകടമാക്കുന്നു. രാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിനുളള നമ്മുടെ പദവിയെ നാം വാസ്തവത്തിൽ വിലമതിക്കുന്നുവോ? നാം നമ്മുടെ ശുശ്രൂഷയെ മഹത്ത്വീകരിക്കുന്നുണ്ടോ? എതിർപ്പിൻ മധ്യേ ഈ ജീവത്പ്രധാനമായ വേലയിൽ തുടരുന്നതിന് നാം ദൃഢചിത്തരാണോ? ഈ മഹത്തായ പദവിയെ നാം അത്യധികം വിലമതിക്കുന്നുവെങ്കിൽ, നാം തീർച്ചയായും തീക്ഷ്ണതയോടും മുഴുഹൃദയത്തോടും കൂടെ അതിൽ പങ്കെടുക്കും.—2 കൊരി. 4:1, 7.