ലോകവ്യാപകമായി വിതരണം ചെയ്യപ്പെടേണ്ട കാലോചിത രാജ്യവാർത്ത
1 “വ്യാജമതത്തിന്റെ അന്ത്യം സമീപിച്ചിരിക്കുന്നു” എന്ന ശ്രദ്ധയാകർഷിക്കുന്ന വിഷയത്തെ ആസ്പദമാക്കി ഏപ്രിൽ 23, ഞായറാഴ്ച ഒരു പ്രത്യേക പരസ്യപ്രസംഗം നടത്തപ്പെടുന്നതാണ്. അന്ന് യോഗത്തിന്റെ സമാപനത്തിൽ, ചിന്തോദ്ദീപകമായ നാലുപേജുളള രാജ്യവാർത്ത പ്രകാശനം ചെയ്യപ്പെടുന്നതാണ്. അതിൽ അടങ്ങിയിരിക്കുന്ന കാലോചിത സന്ദേശം ഏപ്രിൽ 24 മുതൽ മേയ് 14 വരെയുളള മൂന്ന് ആഴ്ചകളിൽ ലോകവ്യാപകമായി വിതരണം ചെയ്യപ്പെടും.
2 ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങൾ ചഞ്ചലചിത്തരാണ്. ജീവിക്കുന്നത് എവിടെയായിരുന്നാലും അവർ പ്രശ്നങ്ങളാൽ ബാധിതരാണ്. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെപ്പററി യഥാർഥത്തിൽ ഉത്ക്കണ്ഠയുളളവർക്ക് രാജ്യവാർത്ത താത്പര്യജനകമായിരിക്കും. കാരണം അത് മനുഷ്യർക്കുവേണ്ടിയുളള മാർഗദർശനത്തിന്റെ അപ്രമാദിത്വമുളള ഉറവായി ദൈവവചനത്തിലേക്ക് അവരെ നയിക്കും. (സങ്കീ. 119:105) രാജ്യവാർത്ത ഏപ്രിൽ 23-നു പ്രകാശനം ചെയ്യപ്പെടുമ്പോൾ അതിന്റെ ഒരു പ്രതി കൈപ്പററാനായി നാമോരോരുത്തരും നോക്കിപ്പാർത്തിരിക്കുന്നു. അതിനോടകം മൂന്നാഴ്ചക്കാലത്തെ തീവ്രമായ ഈ പ്രചരണത്തിന്റെ ഒരുക്കത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.
3 തീക്ഷ്ണമായ പങ്കുണ്ടായിരിക്കാൻ സകലരെയും പ്രോത്സാഹിപ്പിക്കുക: ഈ വേലയിൽ ആർക്കു പങ്കുപററാനാവും? പ്രസാധകരായിരിക്കുന്ന ഓരോരുത്തരും ഇതു ചെയ്യാൻ ഉത്സുകരായിരിക്കുമെന്നതു തീർച്ചയാണ്! സഭായോഗങ്ങൾക്കു നിരന്തരം ഹാജരാകുന്ന ബൈബിൾ വിദ്യാർഥികളെ സംബന്ധിച്ചെന്ത്? ഏതാനും നാളുകളായി നമ്മോടൊപ്പം സഹവസിക്കുന്ന ചിലർ തുടർന്നു പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അവർ തങ്ങളുടെ ജീവിതം തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ രാജ്യ പ്രഘോഷകരായി എണ്ണപ്പെടാൻ തക്കവണ്ണം അവർ യോഗ്യതയുളളവരാണോ? ഭവന ബൈബിളധ്യയനം നടത്തുന്ന പ്രസാധകന് വിദ്യാർഥിയുമായി ഈ സംഗതി ചർച്ചചെയ്യാവുന്നതാണ്. വിദ്യാർഥി വയൽസേവനത്തിൽ പങ്കുപററാൻ ആഗ്രഹിക്കുന്നുവെങ്കിൽ രണ്ടു മൂപ്പൻമാർ അദ്ദേഹവുമായി നമ്മുടെ ശുശ്രൂഷ നിർവ്വഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 101-103 പേജുകളിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുന്നതാണ്. സ്നാപനമേൽക്കാത്ത പ്രസാധകർ എന്ന നിലയിൽ യോഗ്യത പ്രാപിക്കുന്നവർക്ക് ഈ പ്രചരണത്തിൽ മുഴുപങ്കുമുണ്ടായിരിക്കാൻ തക്കവണ്ണം ഇത് എത്രയും നേരത്തെ ചെയ്യേണ്ടതാണ്. തങ്ങളുടെ പരിചയക്കാർക്കോ കുടുംബാംഗങ്ങൾക്കോ കാലോചിതമായ ഈ രാജ്യവാർത്ത കൊടുക്കാൻ സ്നാപനമേൽക്കാത്ത പ്രസാധകരെന്നു കണക്കാക്കാൻ ഇതുവരെയും യോഗ്യത പ്രാപിച്ചിട്ടില്ലാത്ത ബൈബിൾ വിദ്യാർഥികളെ അപ്പോഴും പ്രോത്സാഹിപ്പിക്കാവുന്നതാണ്.—കാണുക: 1989 ഓഗസ്ററ് 1-ലെ വീക്ഷാഗോപുരത്തിന്റെ 20-ാം പേജ്, 8-ാം ഖണ്ഡിക.
4 ഈ വേല പ്രയാസമുളള ഒന്നല്ല. സകലർക്കും അതിൽ പങ്കുപററാനാവും. വാരംതോറും നടത്തുന്ന കുടുംബ ബൈബിളധ്യയനത്തിന്റെ ഭാഗമായി മാതാപിതാക്കൾക്ക് ലഘുലേഖ ഉപയോഗിച്ചുകൊണ്ട് അഭ്യസന യോഗങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. തൻമൂലം വീടുതോറും അതു നൽകുന്നതിനു കുടുംബാംഗങ്ങളെല്ലാം നല്ലവണ്ണം തയ്യാറായിരിക്കും. മിക്കപ്പോഴും ലളിതമായ ഒരവതരണമാണ് ഏററവും മെച്ചമായിരിക്കുന്നത്. ഒരു ഹ്രസ്വ മുഖവുരയ്ക്കുശേഷം വീട്ടുകാരന് രാജ്യവാർത്ത സമർപ്പിച്ചിട്ട് അതു വായിക്കാൻ പ്രോത്സാഹിപ്പിക്കുക. വീട്ടുകാരൻ താത്പര്യം പ്രകടിപ്പിക്കുമ്പോൾ, തിരികെച്ചെന്ന് താത്പര്യം വളർത്തിയെടുക്കാൻ തക്കവണ്ണം അതിന്റെ രേഖ സൂക്ഷിക്കുക. (1 കൊരി. 3:6, 7) ലളിതമായ, നന്നായി തയ്യാർചെയ്ത ഒരവതരണമാണു വിജയത്തിന്റെ താക്കോൽ.
5 ഏപ്രിലിലും മേയിലും ‘ധാരാളം ചെയ്യാ’നുണ്ടായിരിക്കും. നമ്മുടെ രാജ്യ ശുശ്രൂഷയുടെ അടുത്ത മാസത്തെ ലക്കത്തിൽ ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്’ എന്ന ശീർഷകത്തിലുളള അനുബന്ധത്തിൽ കൂടുതലായ വിവരങ്ങൾ പ്രദാനംചെയ്യുന്നതാണ്.—1 കൊരി. 15:58, NW.