രാജ്യവാർത്ത നമ്പർ 35 വ്യാപകമായി വിതരണംചെയ്യുക
1 ഒക്ടോബർ, നവംബർ മാസങ്ങളിൽ നാമെല്ലാം തിരക്കുള്ളവരായിരിക്കും. ഒക്ടോബർ മാസത്തിലെ ആദ്യത്തെ 11 ദിവസങ്ങളിൽ നാം വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യകൾ സമർപ്പിക്കും. തുടർന്ന് ഒക്ടോബർ 12 ഞായറാഴ്ചമുതൽ നവംബർ 16 ഞായറാഴ്ചവരെ നാം രാജ്യവാർത്ത നമ്പർ 35-ന്റെ ലോകവ്യാപക വിതരണത്തിൽ പങ്കെടുക്കും. നമ്മുടെ പ്രദേശത്തുള്ള എല്ലാ ആളുകളെയും ഒരു സുപ്രധാന സന്ദേശം അറിയിക്കുന്നതിനുള്ള പദവി നമുക്കുണ്ടായിരിക്കും. അത് “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ഈ പ്രത്യേക പ്രസ്ഥാന കാലത്ത്, നാം ഇടദിവസങ്ങളിൽ രാജ്യവാർത്ത നമ്പർ 35 വിതരണം ചെയ്യും. വാരാന്ത്യങ്ങളിൽ നാം ഇതു മാത്രമല്ല ഏറ്റവും പുതിയ ലക്കം മാസികകൾ വിശേഷവത്കരിക്കുകയും വരിസംഖ്യകൾ സമർപ്പിക്കുകയും ചെയ്യും.
2 ആർക്കൊക്കെ പങ്കെടുക്കാം? പതിവുപോലെ മൂപ്പന്മാരായിരിക്കും വേലയ്ക്കു നേതൃത്വം കൊടുക്കുന്നത്. രാജ്യവാർത്ത വിതരണം ചെയ്യുന്നത് എല്ലാവരും ആസ്വദിക്കും. കൂടാതെ, ഒട്ടേറെ പ്രസാധകർ ഈ ഇരുപ്രസ്ഥാന മാസങ്ങളിലുമോ അല്ലെങ്കിൽ ഒരു മാസമെങ്കിലുമോ സഹായ പയനിയർമാരായി പേർ ചാർത്തുമെന്നതിനും സംശയമില്ല. മറ്റുള്ള പ്രസാധകർ ശുശ്രൂഷയിൽ സാധാരണ ചെലവഴിക്കുന്നതിലുമധികം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും.
3 നിങ്ങൾക്ക്, പരിജ്ഞാനം പുസ്തകം പഠിച്ചു കഴിയാറായ, വളരെ പെട്ടെന്നുതന്നെ വയൽസേവനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയേക്കാവുന്ന ഒരു ബൈബിൾ വിദ്യാർഥിയുണ്ടോ? രാജ്യവാർത്ത പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ സാധിക്കത്തക്കവിധം വേണ്ടത്ര നേരത്തേ ഒരു സ്നാപനമേൽക്കാത്ത പ്രസാധകനായിത്തീരാൻ ഒരുപക്ഷേ അയാൾക്കു സാധിച്ചേക്കും. ലഘുലേഖ പരിചയപ്പെടുത്താൻ ലളിതമായ ഒരു അവതരണം മാത്രം മതിയാകും. ഉദാഹരണത്തിന്, ഒരുവന് ഇങ്ങനെ പറയാവുന്നതാണ്: “ഈ സന്ദേശം ലോകവ്യാപകമായി ഈ മാസം 169 ഭാഷകളിൽ വിതരണംചെയ്യപ്പെടുന്നു. അത്രയ്ക്കും പ്രാധാന്യമേറിയതാണിത്. നിങ്ങൾക്കും വ്യക്തിപരമായ ഒരു പ്രതിയുണ്ടായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു.” കൊച്ചുകുട്ടികൾക്കുപോലും ഈ ആവേശകരമായ വേലയിൽ ഒരു നല്ല പങ്കുണ്ടായിരിക്കാൻ സാധിക്കും.
4 പുസ്തകാധ്യയന നിർവാഹകർ തങ്ങളുടെ അധ്യയനക്കൂട്ടത്തിലെ ഓരോ അംഗത്തെയും രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണത്തിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കണം. ആവശ്യമായ പ്രോത്സാഹനം ലഭിക്കുന്നപക്ഷം വീണ്ടും സേവനത്തിൽ സജീവരായിത്തീർന്നേക്കാവുന്ന നിഷ്ക്രിയരായ പ്രസാധകരും ഉണ്ടായിരുന്നേക്കാം. അനുഭവപരിചയമുള്ള പ്രസാധകരോടൊത്ത് ശുശ്രൂഷയുടെ ഈ പ്രത്യേക വശത്തിൽ ഒരു പങ്കുണ്ടായിരിക്കുന്നതിന് അവരെ എങ്ങനെ സഹായിക്കാൻ സാധിക്കുമെന്നറിയാൻ, പ്രസ്ഥാനകാലത്തിനു മുമ്പേ മൂപ്പന്മാർ ഇത്തരത്തിലുള്ള ഓരോരുത്തരെയും സന്ദർശിക്കേണ്ടതുണ്ട്.
5 ശുശ്രൂഷയ്ക്കുവേണ്ടി നമുക്കെപ്പോൾ കൂടിവരാൻ സാധിക്കും? ഈ പ്രവർത്തനം, സൗകര്യപ്രദവും പ്രായോഗികവുമായ കൂട്ടസാക്ഷീകരണ ക്രമീകരണങ്ങൾ ആവശ്യമാക്കിത്തീർക്കും. സാധ്യമാകുന്നിടങ്ങളിലെല്ലാം, ഓരോ ഇടദിവസത്തിലും വാരാന്ത്യങ്ങളിലും സായാഹ്നങ്ങളിലും വയൽസേവന യോഗങ്ങൾ ക്രമീകരിക്കണം. പ്രസാധകർക്കും പയനിയർമാർക്കും സാക്ഷീകരണവേളയിൽ മുഴു പ്രയോജനവും ലഭിക്കത്തക്കവിധം അനുയോജ്യമായ സമയങ്ങളിലായിരിക്കണം അവ നടത്തുന്നത്. സ്കൂൾ വിദ്യാർഥികൾക്കും ഷിഫ്റ്റ് ജോലിക്കാർക്കും മറ്റുള്ളവർക്കും പ്രയോജനം ലഭിക്കുന്നതരത്തിൽ വൈകുന്നേരങ്ങളിലും കൂടിവരാൻ ക്രമീകരിക്കാവുന്നതാണ്. സേവനമേൽവിചാരകൻ, എല്ലാവർക്കും വേലയിൽ പൂർണമായി പങ്കുപറ്റാൻ സാധിക്കുന്നവിധത്തിൽ വീടുതോറുമുള്ള വേലയ്ക്കും കടകൾതോറും പ്രവർത്തിക്കാനും വേണ്ടത്ര പ്രദേശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഒരു പ്രദേശത്ത് ഒട്ടേറെ പ്രസാധകരുള്ളപ്പോൾ, നിയമിത പ്രദേശത്തിന്റെ ഓരോ ഭാഗത്തും എത്ര പേർവീതം പ്രവർത്തിക്കണം എന്നു തീരുമാനിക്കുന്നതിൽ വിവേകമുള്ളവരായിരിക്കുക.
6 ആളില്ലാ ഭവനങ്ങൾ സംബന്ധിച്ചെന്ത്? രാജ്യവാർത്ത നമ്പർ 35 വായിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചുകൊടുക്കുന്നതിന് കഴിയുന്നത്രയും വീട്ടുകാരോട് വ്യക്തിപരമായി സംസാരിക്കാൻ നാമാഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സന്ദർശനവേളയിൽ ഒരു വീട്ടിൽ ആരുമില്ലെങ്കിൽ മേൽവിലാസം കുറിച്ചെടുത്ത് ദിവസത്തിന്റെ മറ്റൊരു സമയത്തു സന്ദർശിക്കുക. പ്രസ്ഥാനകാലത്തിന്റെ അവസാന ആഴ്ചവരെ ഈ വീട്ടുകാരുമായി ബന്ധപ്പെടാനുള്ള നിങ്ങളുടെ ശ്രമം വിജയിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് രാജ്യവാർത്തയുടെ ഒരു പ്രതി വാതിൽക്കൽ, അതിലേ കടന്നുപോകുന്നവർ പെട്ടെന്നു കണ്ടെത്തുകയില്ലാത്ത വിധം ഇടാവുന്നതാണ്. ആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ തെരുവിലൂടെ നടന്നുവരുന്നവർക്കു രാജ്യവാർത്ത സമർപ്പിക്കുന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കുക. ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോഴും പ്രസ്ഥാനകാലത്തു പ്രവർത്തിച്ചു തീർക്കാൻ സാധിക്കുന്നതിലേറെ പ്രദേശം ഉള്ളപ്പോഴും ആദ്യ സന്ദർശനത്തിൽത്തന്നെ ആളില്ലാ ഭവനങ്ങളിൽ രാജ്യവാർത്തയുടെ പ്രതി ഇടാവുന്നതാണ്.
7 നമ്മുടെ ലക്ഷ്യമെന്താണ്? പ്രസ്ഥാനകാലം അവസാനിക്കുന്ന നവംബർ 16-നു മുമ്പുതന്നെ പ്രദേശം മുഴുവൻ പ്രവർത്തിച്ചു തീർക്കുന്നതിന് സഭകൾ തങ്ങളുടെ പക്കലുള്ള രാജ്യവാർത്തയുടെ മുഴുശേഖരവും ഉപയുക്തമാക്കാൻ കഠിനശ്രമം ചെയ്യണം. നിങ്ങളുടെ സഭയുടെ നിയമിത പ്രദേശം ഒരുപാടു വലുതാണെങ്കിൽ, ഒരു പങ്കാളിയോടൊപ്പമല്ലാതെ ഒറ്റയ്ക്കു പ്രവർത്തിക്കുന്നതു സുരക്ഷിതമാണെന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നത് കൂടുതൽ പ്രായോഗികമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഇത് സുവാർത്തയുമായി യോഗ്യതയുള്ള പരമാവധി ആളുകളുടെ അടുത്തെത്താൻ നിങ്ങളെ സഹായിക്കും. (മത്താ. 10:11) ഏതാനും ലഘുലേഖകളും പോക്കറ്റിലോ പേഴ്സിലോ ഒരു ബൈബിളും കരുതുന്നതായിരിക്കും ഒരു ബ്രീഫ്കേസ് ഉപയോഗിക്കുന്നതിനെക്കാൾ ഫലപ്രദം. താത്പര്യം കാണിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യുക.
8 നിങ്ങളതു തുടങ്ങാൻ തയ്യാറായോ? സഭയ്ക്ക് എത്ര മാസിക അധികം വേണ്ടിവരുമെന്നു കണക്കാക്കി മൂപ്പന്മാർ അതിനനുസരിച്ച് ഓർഡർ ചെയ്യണം. ഓരോ സഭയ്ക്കും വേണ്ട നിശ്ചിത എണ്ണം രാജ്യവാർത്ത നമ്പർ 35 അയയ്ക്കുന്നതിനാൽ അതിനുവേണ്ടി പ്രത്യേകം ഓർഡർ ചെയ്യേണ്ടതില്ല. പ്രത്യേക, നിരന്തര, സഹായ പയനിയർമാർക്ക് 200 പ്രതികൾ വീതം വിതരണംചെയ്യാൻ ലഭിക്കുമ്പോൾ, സഭയിലുള്ള മറ്റു പ്രസാധകർക്ക് 40 പ്രതികൾ വീതം ലഭിക്കും. നമുക്കു നമ്മുടെ നിശ്ചിത വേല ലഭിച്ചിരിക്കുന്നു. ഈ ആനന്ദകരമായ പ്രവർത്തനത്തിൽ പങ്കുപറ്റാൻ നിങ്ങൾ ആകാംക്ഷയുള്ളവരാണോ? തീർച്ചയായും അതേ. രാജ്യവാർത്ത നമ്പർ 35-ലുള്ള സുപ്രധാന ബൈബിളധിഷ്ഠിത സന്ദേശം നമുക്ക് സാധ്യമാകുന്നത്ര വ്യാപകമായി എത്തിക്കാം!