സകല സത്പ്രവൃത്തികൾക്കുംവേണ്ടി മനസ്സൊരുക്കത്തോടെ സ്വയം അർപ്പിക്കൽ
1 ഒരു ലൗകിക പ്രസിദ്ധീകരണം യഹോവയുടെ സാക്ഷികളെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സാക്ഷികളെപ്പോലെ തങ്ങളുടെ മതത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന അംഗങ്ങളുള്ള ഏതെങ്കിലും ഒരു മതവിഭാഗത്തെ കണ്ടെത്തുക പ്രയാസമാണ്.” യഹോവയുടെ സാക്ഷികൾ ഇത്രമാത്രം കഠിനാധ്വാനം, അതും മനസ്സൊരുക്കത്തോടെ, ചെയ്യുന്നതിനു കാരണമെന്താണ്?
2 ഒരു അടിയന്തിര ബോധം അവരെ വലയംചെയ്തിരിക്കുന്നു എന്നതാണ് ഒരു കാരണം. ഭൂമിയിൽ തന്റെ വേല ചെയ്തു തീർക്കുന്നതിനു തനിക്കു പരിമിതമായ സമയമേയുള്ളൂ എന്ന് യേശു തിരിച്ചറിഞ്ഞിരുന്നു. (യോഹ. 9:4) മഹത്ത്വീകരിക്കപ്പെട്ട ദൈവപുത്രൻ ഇന്നു തന്റെ ശത്രുക്കളെ കീഴടക്കിക്കൊണ്ടിരിക്കവേ തങ്ങളുടെ വേല ചെയ്യുന്നതിനു തങ്ങൾക്കു പരിമിത സമയമേയുള്ളൂ എന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. തന്മൂലം അവർ സ്വമനസ്സാലെ തങ്ങളെത്തന്നെ വിശുദ്ധ സേവനത്തിന് അർപ്പിക്കുന്നു. (സങ്കീ. 110:1-3) വിളവെടുപ്പിനു കൂടുതൽ വേലക്കാരെ ആവശ്യമുള്ളതിനാൽ തങ്ങളുടെ ഉദ്യമങ്ങൾക്കു ഭംഗം വരാവതല്ല. (മത്താ. 9:37, 38) തന്മൂലം, തന്റെ വേലയിൽ മനസ്സൊരുക്കവും ആത്മാർഥതയും കാണിച്ച യേശുവിനെ അനുകരിക്കാൻ അവർ ശ്രമിക്കുന്നു.—യോഹ. 5:17.
3 യഹോവയുടെ സാക്ഷികൾ യഹോവയ്ക്കെന്നപോലെ മുഴുഹൃദയത്തോടെ വേല ചെയ്യുന്നതിന്റെ മറ്റൊരു കാരണം അവരുടെ ലോകവ്യാപക സ്ഥാപനം മറ്റെല്ലാ വിഭാഗങ്ങളിൽനിന്നും വ്യത്യസ്തമാണ് എന്നതാണ്. ലൗകിക മതസ്ഥാപനങ്ങൾ വാസ്തവത്തിൽ തങ്ങളുടെ ഭക്തരിൽനിന്ന് ഏറ്റവും കുറഞ്ഞ സമയവും ശ്രമവുമേ ആവശ്യപ്പെടുന്നുള്ളൂ. അവർ വിശ്വസിക്കുന്ന കാര്യങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിലോ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ ജീവിത അനുധാവനങ്ങളിലോ അൽപ്പമേ പ്രഭാവം ചെലുത്തുന്നുള്ളൂ അല്ലെങ്കിൽ ഒട്ടുംതന്നെയില്ല. സത്യ വിശ്വാസത്തിന്റെ പ്രേരണാശക്തിയുടെ അഭാവത്തിൽ നാമമാത്രസേവനം ധാരാളമാണെന്നു ധരിച്ചുകൊണ്ട് അവരുടെ ഇടയന്മാർ ‘തങ്ങളോടു മധുരവാക്കു സംസാരി’ക്കാൻ അവർ നിർബന്ധിക്കുന്നു. (യെശ. 30:10) അവരുടെ പാതിരിമാർ അവർക്കു ‘കർണരസം’ പകർന്നും ഉദാസീനതയുടെയും ആത്മീയ ആലസ്യത്തിന്റെയും ആത്മാവ് അവരിൽ നട്ടുവളർത്തിയും അതിനു വഴങ്ങിയിരിക്കുന്നു.—2 തിമൊ. 4:3.
4 യഹോവയുടെ ജനത്തിനിടയിൽ എന്തൊരു വ്യത്യാസം! നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ശ്രമവും അധ്വാനവും വേലയും ഉൾപ്പെട്ടിരിക്കുന്നു. ദിനംതോറും, ചെയ്യുന്ന എല്ലാ കാര്യത്തിലും നമ്മൾ വിശ്വസിക്കുന്നതു നമ്മൾ ആചരിക്കുന്നു. സത്യം നമുക്ക് അത്യന്തം സന്തോഷം കൈവരുത്തവേ അത് അനുശാസിക്കുന്നതു ചെയ്തു തീർക്കുന്നതിൽ ഒരു “വലിയ പോരാട്ട”വും ഉൾപ്പെട്ടിരിക്കുന്നു. (1 തെസ്സലൊനീക്യർ 2:2 താരതമ്യം ചെയ്യുക.) ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതു മതി അനേകരെയും തിരക്കുള്ളവരാക്കിത്തീർക്കാൻ. എന്നിരുന്നാലും ഈ ചിന്തകൾ രാജ്യ താത്പര്യങ്ങൾ മുന്നിൽ വയ്ക്കുന്നതിൽനിന്നു നമ്മെ തടയാൻ നമ്മൾ അനുവദിക്കുന്നില്ല.—മത്താ. 6:33.
5 യഹോവയുടെ സേവനത്തിൽ ചെയ്യാൻ നമ്മെ ഏൽപ്പിച്ചിരിക്കുന്നതു പ്രയോജനപ്രദവും അടിയന്തിരവും ആയിരിക്കുന്നതിനാൽ മറ്റ് അനുധാവനങ്ങളിൽനിന്നു സമയം ‘വിലയ്ക്കു വാങ്ങു’ന്നതിനും അതു കൂടുതൽ ലാഭകരമായി ആത്മീയ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നതിനും നാം പ്രേരിതരാകുന്നു. (എഫെ. 5:16) നമ്മുടെ ദൈവഭക്തിയും മനസ്സൊരുക്കത്തിന്റെ ആത്മാവും യഹോവയെ പ്രീതിപ്പെടുത്തുന്നുവെന്ന അറിവും വേലയിൽ തുടരുന്നതിനുള്ള ഏറ്റവും വലിയ പ്രേരകഘടകമാണ്. ഇപ്പോൾ നമുക്കു ലഭിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങളും ഭാവി ജീവിതത്തിന്റെ പ്രത്യാശയും നിമിത്തം രാജ്യ താത്പര്യങ്ങൾക്കുവേണ്ടി “അദ്ധ്വാനിച്ചും പോരാടിയും” പ്രവർത്തിക്കുന്നതിൽ തുടരാനാണു നമ്മുടെ ദൃഢനിശ്ചയം.—1 തിമൊ. 4:10.
6 ഭക്തിയും ആത്മത്യാഗത്തിന്റെ ആത്മാവും: ഇന്ന് അനേകരും ഭൗതിക ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും എല്ലാറ്റിലുമധികം സ്ഥാനം കൽപ്പിക്കുന്നു. തങ്ങൾ തിന്നുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തികച്ചും ന്യായമാണെന്ന് അവർക്കു തോന്നുന്നു. (മത്താ. 6:31) അടിസ്ഥാന ആവശ്യങ്ങളിൽ സംതൃപ്തിയടയാതെ ഇപ്പോൾ അങ്ങേയറ്റം സുഖജീവിതം ആസ്വദിക്കുക, ‘ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ച് ആശ്വസിക്കുക, തിന്നുക, കുടിക്ക, ആനന്ദിക്കുക’ എന്നീ ലക്ഷ്യത്താൽ അവർ പ്രേരിതരാണ്. (ലൂക്കൊ. 12:19) ഒരു സാധാരണ പള്ളിക്കാരന്റെ കാര്യമെടുക്കാം. അയാൾ വ്യക്തിപരമായി എന്തെങ്കിലും ചെയ്യണമെന്ന് അയാളുടെ മതം അയാളോട് ആവശ്യപ്പെട്ടാൽ അത് തന്റെ അവകാശത്തിന്മേലുള്ള കടന്നാക്രമണമാണെന്നേ അയാൾ കരുതൂ. എന്തെങ്കിലും ഭൗതിക അനുധാവനങ്ങൾ ഉപേക്ഷിക്കുകയോ വെട്ടിക്കുറയ്ക്കുകപോലുമോ ചെയ്യുക അല്ലെങ്കിൽ ഉല്ലാസ താത്പര്യങ്ങൾ ഉപേക്ഷിക്കുക എന്ന ആശയംതന്നെ അപ്രീതി ഉണർത്തുന്നതാണ്. തന്നിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കുന്ന അയാളെ സംബന്ധിച്ചിടത്തോളം ആത്മത്യാഗത്തിന്റെ ആത്മാവ് അയഥാർഥമാണ്, അപ്രായോഗികമാണ്.
7 നമ്മൾ ഈ സംഗതി വ്യത്യസ്തമായിട്ടാണു വീക്ഷിക്കുന്നത്. നമ്മുടെ ചിന്തയെ ദൈവവചനം ഉയർത്തിയിരിക്കുന്നതിനാൽ നമ്മൾ മനുഷ്യന്റേതിനു പകരം ദൈവത്തിന്റേതു ചിന്തിക്കുന്നു. (യെശ. 55:8, 9) നമ്മുടെ ജീവിതത്തിൽ ജഡിക അനുധാവനങ്ങളെ മറികടക്കുന്ന ലക്ഷ്യങ്ങളുണ്ട്. യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനവും അവന്റെ നാമ വിശുദ്ധീകരണവുമാണു സർവ അഖിലാണ്ഡത്തിലെയും പരമപ്രധാന വാദവിഷയങ്ങൾ. “സകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു” എന്നതിനോടുള്ള താരതമ്യത്തിൽ ഈ വാദവിഷയങ്ങൾ അത്യന്തം വലുതാണ്. (യെശ. 40:17) ദൈവഹിതം അവഗണിച്ചുകൊണ്ടു ജീവിക്കാനുള്ള ഏതൊരു ശ്രമത്തെയും മൗഢ്യമായിവേണം വീക്ഷിക്കാൻ.—1 കൊരി. 3:19.
8 ചില ഭൗതിക വസ്തുക്കൾ ആവശ്യവും മറ്റു ചിലതു നമ്മുടെ രാജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്രദവുമായിരിക്കെ ഇവ യഥാർഥത്തിൽ ‘പ്രാധാന്യമേറിയ കാര്യങ്ങൾ’ അല്ലെന്നു നാം മനസ്സിലാക്കുന്നു. (ഫിലി. 1:10, NW) ഭൗതിക താത്പര്യങ്ങളിലെ അനുധാവനം പരിമിതപ്പെടുത്തുന്നതിനും ‘കാണാനാവാത്ത നിത്യമായ കാര്യങ്ങളിൽ’ ബുദ്ധിപൂർവം നമ്മുടെ ഹൃദയത്തെ ഏകാഗ്രമാക്കുന്നതിനും ശ്രമിക്കുമ്പോൾ നമ്മൾ 1 തിമൊഥെയൊസ് 6:8-ലെ സാരാംശത്തോടു പറ്റിനിൽക്കുന്നു.—2 കൊരി. 4:18.
9 ദൈവത്തെക്കുറിച്ചു നാം എത്രയധികം ചിന്തിക്കുന്നുവോ ഭൗതിക വസ്തുക്കളെപ്പറ്റിയുള്ള നമ്മുടെ ഉത്കണ്ഠ അത്രകണ്ടു കുറഞ്ഞിരിക്കും. ഇപ്പോൾതന്നെ യഹോവ നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങളെയും ഭാവിയിലേക്കു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ അവൻ നമ്മോട് ആവശ്യപ്പെടുന്ന എന്തു ത്യാഗവും ചെയ്യാൻ നാം മനസ്സൊരുക്കമുള്ളവരാണ്. (മർക്കൊ. 10:29, 30) നമ്മുടെ അസ്തിത്വത്തിനുതന്നെ നാം അവനോടു കടപ്പെട്ടിരിക്കുന്നു. അവന്റെ കരുണയും സ്നേഹവുമില്ലായിരുന്നെങ്കിൽ നമുക്കിപ്പോൾ ജീവിതത്തിൽ എന്തെങ്കിലുമൊരു ആസ്വാദനമോ എന്തെങ്കിലുമൊരു ഭാവിയോ ഉണ്ടായിരിക്കുകയില്ലായിരുന്നു. നമ്മെത്തന്നെ സമർപ്പിക്കാൻ നമുക്കു കടപ്പാടു തോന്നുന്നു, കാരണം അവന്റെ സേവനത്തിൽ നാം ചെയ്യുന്നതെല്ലാം “നാം ചെയ്യേണ്ട” സംഗതികളാണ്. (ലൂക്കൊ. 17:10) യഹോവയ്ക്കു തിരികെ നൽകാൻ നമ്മോട് ആവശ്യപ്പെടുന്നതെന്തും നാം “ധാരാളമായി കൊയ്യും” എന്നറിഞ്ഞുകൊണ്ടു സന്തോഷത്തോടെ നൽകുന്നു.—2 കൊരി. 9:6, 7.
10 മനസ്സൊരുക്കമുള്ള വേലക്കാരെ ഇപ്പോൾ ആവശ്യമുണ്ട്: തുടക്കം മുതലേ ക്രിസ്തീയ സഭ തീവ്രമായ പ്രവർത്തന ഘട്ടത്തിലേർപ്പെട്ടു. പൊ.യു. (പൊതുയുഗം) 70-ലെ ഇസായേലിന്റെ നാശത്തിനു മുമ്പ് നല്ല സാക്ഷ്യം നൽകേണ്ടിയിരുന്നു. ആ സമയത്ത് യേശുവിന്റെ ശിഷ്യന്മാർ “വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ട”വരായിരുന്നു. (പ്രവൃ. 18:5) ത്വരിതഗതിയിലുള്ള വികസനം കൂടുതൽ സുവിശേഷകരെയും നിപുണരായ ഇടയന്മാരെയും പരിശീലിപ്പിക്കുന്നതും അവരുടെ സഹായം തേടുന്നതും ആവശ്യമാക്കിത്തീർത്തു. ലൗകിക അധികാരികളുമായി ഇടപെട്ടു പരിചയമുള്ള പുരുഷന്മാരുടെയും ഭൗതിക വസ്തുക്കൾ ശേഖരിച്ചു വെച്ചു വിതരണം ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കാൻപറ്റിയ പുരുഷൻമാരുടെയും ആവശ്യമുണ്ടായിരുന്നു. (പ്രവൃ. 6:1-6; എഫെ. 4:11) ഏതാനുംപേർ മുൻനിരയിൽനിന്നുകൊണ്ടു പ്രവർത്തിച്ചെന്നുവരികിലും മിക്കവരും പിന്നണിയിൽത്തന്നെയായിരുന്നു. എങ്കിലും, അവരെല്ലാം ജോലിചെയ്തുതീർക്കുന്നതിനു മുഴു ഹൃദയത്തോടെ ‘കഠിന ശ്രമം ചെലുത്തി’.—ലൂക്കൊ. 13:24.
11 അതേത്തുടർന്നുള്ള അനേക നൂറ്റാണ്ടുകളിൽ ലോകവ്യാപകമായ തോതിൽ ചുറുചുറുക്കോടെയുള്ള പ്രവർത്തനത്തിന്റെ ആവശ്യം താരതമ്യേന ഇല്ലായിരുന്നെങ്കിലും 1914-ൽ യേശു രാജ്യാധികാരത്തിൽ വന്നപ്പോൾ രാജ്യ പ്രവർത്തനത്തിന്റെ ഒരു വലിയ പുനഃപ്രവർത്തനം തുടങ്ങുകയുണ്ടായി. ആഗോളവ്യാപകമായി സകല ദേശങ്ങളിലുംനിന്നു മനസ്സൊരുക്കമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സഹായം വേണ്ടിവരുമാറ് രാജ്യതാത്പര്യങ്ങൾക്കായുള്ള വേലക്കാരുടെ ആവശ്യം ഇത്രയധികമുണ്ടാകുമെന്ന് ആദ്യം ആരുംതന്നെ തിരിച്ചറിഞ്ഞില്ല.
12 ഇന്നു സ്ഥാപനം നമ്മുടെ വിഭവങ്ങളുടെ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള വിവിധതരം പദ്ധതികളിൽ ആഴമായി ഏർപ്പെട്ടിരിക്കുകയാണ്. രാജ്യ പ്രവർത്തനം വലിയ തോതിൽ മുന്നേറുകയാണ്. നമ്മൾ ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത കഠിനാധ്വാനം ചെയ്യുന്നതിനും ഈ വേല നിർവഹിക്കുന്നതിനു നമ്മുടെ പക്കലുള്ള സകല വിഭവങ്ങളും ഉപയോഗിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു. മുഴു ദുഷ്ടവ്യവസ്ഥിതിയുടെയും അന്ത്യം സമീപിച്ചിരിക്കവേ വരാൻ പോകുന്ന നാളുകളിൽ ഇതിലും കൂടുതലായ പ്രവർത്തനങ്ങൾ നാം പ്രതീക്ഷിക്കുന്നു. അടിയന്തിരമായ കൂട്ടിച്ചേർക്കൽ വേലക്കായി സ്വമനസ്സാലെ സമർപ്പിക്കുന്നതിന് യഹോവയുടെ ഓരോ സമർപ്പിത ദാസനോടും ആഹ്വാനം ചെയ്തിരിക്കുന്നു.
13 എന്തു ചെയ്യേണ്ടതുണ്ട്? ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്’ എന്നു വാസ്തവമായും പറയാൻ കഴിയും. (1 കൊരി. 15:58) അനേക പ്രദേശങ്ങളിലും വിളവു പാകമായിരിക്കുന്നു, എന്നാൽ വേലക്കാർ ചുരുക്കമാണ്. നമ്മുടെ പ്രദേശത്തു സമഗ്രമായി സാക്ഷീകരിക്കുന്നതിനു പുറമേ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കുന്നതിലുള്ള വെല്ലുവിളിയെ നേരിടുന്നതിനും നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു.
14 ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള സാക്ഷികൾ മറ്റു പ്രവർത്തനങ്ങൾക്കായി സ്വമനസ്സാലെ തങ്ങളെ അർപ്പിക്കുന്നതു കാണുന്നതു പ്രശംസനീയമാണ്. ആരാധനാ സ്ഥലങ്ങളുടെ നിർമാണത്തിൽ സ്വമേധയാ പങ്കെടുക്കുക, കൺവെൻഷൻ സ്ഥലങ്ങളിൽ സേവനമനുഷ്ഠിക്കുക, വിപത്തുകളുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായം നൽകുക എന്നു തുടങ്ങി ക്രമമായ അടിസ്ഥാനത്തിൽ പ്രാദേശിക രാജ്യഹാൾ വൃത്തിയാക്കുക എന്നതുവരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അവസാനം പറഞ്ഞ സംഗതിയോടുള്ള ബന്ധത്തിൽ ഓരോ യോഗത്തിനു ശേഷവും രാജ്യഹാൾ വൃത്തിയും ക്രമവുമുള്ള നിലയിലാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തരംതാണതെന്നു കരുതുന്ന വേലകൾ ചെയ്തു പൂർത്തിയാക്കുന്നത് ലൂക്കൊസ് 16:10-ൽ കൊടുത്തിരിക്കുന്ന യേശുവിന്റെ വാക്കുകൾ കൃത്യമായി ഗ്രഹിച്ചിരിക്കുന്നുവെന്നു പ്രകടമാക്കുന്നു: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തനാ”ണ്. “അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.”
◼ സഭയുടെ പ്രവർത്തനങ്ങൾക്കു പിന്തുണനൽകൽ: ഓരോ സഭയും ലോകവ്യാപകമായ സ്ഥാപനത്തിന്റെ ഭാഗമായിട്ടു പ്രവർത്തിക്കുകയും “വിശ്വസ്തനും വിവേകിയുമായ ദാസ”നിൽനിന്നു മാർഗനിർദേശം കൈപ്പറ്റുകയും ചെയ്യുമ്പോൾതന്നെ അത് ഓരോ രാജ്യപ്രസാധകനെക്കൊണ്ട് ഉളവായിട്ടുള്ളതാണ്. (മത്താ. 24:45) അതിന്റെ നേട്ടങ്ങൾ കൂടുതലായും, ഓരോ സാക്ഷിയും എത്രത്തോളം ചെയ്യാൻ മനസ്സൊരുക്കമുള്ളവനാണെന്നും പ്രാപ്തനാണെന്നുമുള്ളതിനെ ആശ്രയിച്ചാണിരിക്കുന്നത്. സഭയുടെ പ്രദേശത്തു സുവാർത്ത പ്രസംഗിക്കുന്നതിലും പുതിയ ശിഷ്യരെ ഉളവാക്കുന്നതിലും അവരെ ആത്മീയമായി ബലപ്പെടുത്തുന്നതിലും സഭ ശ്രദ്ധകേന്ദ്രീകരിക്കുന്നു. നമുക്കോരോരുത്തർക്കും ഈ വേലയ്ക്കു സംഭാവന ചെയ്യാവുന്നതാണ്. വ്യക്തിപരമായ പഠനം, യോഗങ്ങളിൽ അർഥവത്തായ പങ്കുപറ്റൽ, സഭയ്ക്കുള്ളിൽത്തന്നെ മറ്റുള്ളവർക്കു സഹായകമായിരിക്കൽ എന്നീ കാര്യങ്ങളിൽ നമുക്കു ലാക്കുകൾ വയ്ക്കാൻ കഴിയും. ഈ പ്രവർത്തനങ്ങൾ നമ്മുടെ മനസ്സൊരുക്കം പ്രകടിപ്പിക്കുന്നതിനു നമുക്ക് അനേകം അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
◼ മേൽവിചാരക സ്ഥാനങ്ങളിൽ നേതൃത്വം വഹിക്കുന്നു: യഹോവ ഓരോ സഭയുടെയും മേൽനോട്ടം അതിന്റെ നിയമിത മൂപ്പൻമാരെ ഏൽപ്പിച്ചിരിക്കുന്നു. (പ്രവൃ. 20:28) ഈ പദവിക്കുതക്ക യോഗ്യത നേടാൻ എത്തിപ്പിടിച്ചവരാണ് ഈ പുരുഷൻമാർ. (1 തിമൊ. 3:1) സഭയിൽ കൂടുതലായ ഉത്തരവാദിത്വങ്ങൾക്കുവേണ്ട യോഗ്യതനേടുന്നതിനു വാസ്തവത്തിൽ ഓരോ സഹോദരനും എന്തെങ്കിലും കഴിവുണ്ടാകും. സഹോദരന്മാരിലനേകരും ആത്മീയമായി വളരുകയാണ്, സഭാ മൂപ്പന്മാരുടെ മാർഗദർശനത്തിലും സ്നേഹപുരസ്സരമായ സഹായത്തിലും അവർ വളരേണ്ടതുണ്ട്. ഈ പുരുഷന്മാർ ബൈബിളിന്റെയും നമ്മുടെ പ്രസിദ്ധീകരണങ്ങളുടെയും ഉത്സാഹമുള്ള പഠിതാക്കളായിരിക്കണം. ആത്മാവിനാൽ നിയമിതരായ മൂപ്പന്മാർക്കു കീഴ്പെടുകയും അവരുടെ വിശ്വാസം അനുകരിക്കുകയും മേൽവിചാരകന്മാർക്കുവേണ്ട ഗുണങ്ങൾ നട്ടുവളർത്തുകയും ചെയ്തുകൊണ്ട് അവർക്കു മനസ്സൊരുക്കം പ്രകടിപ്പിക്കാവുന്നതാണ്.—എബ്രാ. 13:7, 17.
◼ മുഴുസമയവേല ഏറ്റെടുക്കൽ: സഭയുടെ പ്രഥമ ചുമതല സുവാർത്ത പ്രസംഗിക്കുകയാണ്. (മത്താ. 24:14) തീക്ഷ്ണരായവർ പയനിയർമാരായി പേർ ചാർത്തിക്കൊണ്ടു തങ്ങളുടെ ശ്രമം തീവ്രമാക്കുമ്പോൾ അത് എന്തൊരനുഗ്രഹമാണ്! തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതു മിക്കപ്പോഴും ഇതിൽ ഉൾപ്പെടുന്നു. സേവനത്തിന്റെ ഈ പ്രത്യേക രംഗത്തു തുടരുന്നതിന് അവർക്കു കൂടുതലായ പൊരുത്തപ്പെടലുകൾ ആവശ്യമായി വന്നേക്കാം. എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുശേഷം താത്കാലികമായ നിരുത്സാഹം മൂലം ഈ വേല ഉപേക്ഷിക്കാതെ ഇതിൽ പിടിച്ചുനിൽക്കുന്നവർ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം അനുഭവിച്ചറിയുമെന്നതു തീർച്ചയാണ്. വാക്കുകളാലോ പ്രവൃത്തികളാലോ പ്രോത്സാഹനം നൽകിക്കൊണ്ടു സ്നേഹമുള്ള മൂപ്പന്മാർക്കും പക്വമതികളായ മറ്റുള്ളവർക്കും പയനിയർമാരുടെ വിജയത്തിനായി സംഭാവന ചെയ്യാം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ നേരിട്ടു പയനിയറിങ്ങിന് ഇറങ്ങിത്തിരിക്കുന്ന യുവജനങ്ങൾ എത്ര നല്ല ഒരു ആത്മാവാണു പ്രകടമാക്കുന്നത്! തങ്ങളുടെ ലൗകിക ബാധ്യതകൾ കുറയുന്ന ഉടനെ നിരന്തര പയനിയർമാരായി പേർചാർത്തുന്ന പ്രായപൂർത്തിയായവരുടെ കാര്യത്തിലും വാസ്തവം ഇതു തന്നെ. യഹോവ കൂട്ടിച്ചേർക്കൽ വേല ത്വരിതപ്പെടുത്തവേ ഒരു സമർപ്പിത ക്രിസ്ത്യാനി ഇവ്വണ്ണം സഹകരിക്കുമ്പോൾ അത് അയാൾക്ക് എത്ര സംതൃപ്തി കൈവരുത്തുന്നു!—യെശ. 60:22.
◼ യോഗസ്ഥലങ്ങളുടെ നിർമാണത്തിലും കേടുപാടു തീർക്കുന്നതിലുമുള്ള പങ്കുപറ്റൽ: അക്ഷരീയമായിപറഞ്ഞാൽ നൂറു കണക്കിന് ആധുനിക രാജ്യഹാളുകളും അനേകം സമ്മേളന ഹാളുകളുമാണു നിർമിക്കപ്പെട്ടിരിക്കുന്നത്. അതിശയകരമെന്നുപറയട്ടെ, ആ വേലയുടെ ഏറിയ പങ്കും ചെയ്തതു തങ്ങളുടെ സമയവും പ്രാപ്തികളും സ്വമേധയാ നൽകാൻ മനസ്സൊരുക്കം കാട്ടിയ നമ്മുടെ സഹോദരീസഹോദരന്മാരാണ്. (1 ദിന. 28:21) മനസ്സൊരുക്കമുള്ള ആയിരക്കണക്കിനു ജോലിക്കാർ ആവശ്യമായ എന്തു വേലയും നിർവഹിച്ചുകൊണ്ട് ഈ സൗകര്യങ്ങൾ നല്ലനിലയിൽ കാത്തുസൂക്ഷിക്കുന്നു. (2 ദിന. 34:8) ഈ വേല വിശുദ്ധ സേവനത്തിന്റെ ഒരു വശമായതിനാൽ സഹായം വാഗ്ദാനം ചെയ്യുന്നവർ സ്വമനസ്സാലെയാണ് അതു ചെയ്യുന്നത്. തങ്ങളുടെ സേവനത്തിന് അവർ കൂലി ആവശ്യപ്പെടുന്നില്ല, വീടുതോറും പ്രസംഗിക്കുന്നതിനോ സഭയിൽ പരസ്യ പ്രസംഗങ്ങൾ നടത്തുന്നതിനോ സമ്മേളന-കൺവെൻഷൻ വേലകളിൽ സഹായിക്കുന്നതിനോ ആവശ്യപ്പെടുന്നില്ലാത്തതുപോലെതന്നെ. യഹോവയുടെ സ്തുതിക്കായുള്ള ആരാധനാ സ്ഥലങ്ങൾക്കായി പദ്ധതി ഇടുന്നതിനും നിർമാണം നടത്തുന്നതിനും ഈ സ്വമേധയാ സേവകർ തങ്ങളുടെ സേവനം സൗജന്യമായി നൽകുന്നു. നിയമപരമായ കടലാസുകൾ പൂർത്തിയാക്കൽ, കണക്കു രേഖകൾ സൂക്ഷിക്കൽ, സാധനങ്ങൾ വാങ്ങുന്നതിനു വാണിജ്യബന്ധം സ്ഥാപിക്കൽ, ആവശ്യമായ സാധങ്ങൾക്കുള്ള വില കണക്കുകൂട്ടൽ എന്നിങ്ങനെ പലകാര്യത്തിലും അവർ ഉത്സാഹപൂർവം സഹായമേകുന്നു. യഹോവയുടെ ഈ വിശ്വസ്ത ദാസർ തങ്ങളുടെ സേവനത്തിന് ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് തുക ഈടാക്കുകയോ നേരിട്ടോ പരോക്ഷമായോ ഏതെങ്കിലും വിധത്തിൽ ഭൗതിക ലാഭം നേടിയെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല, കാരണം അവരുടെ സകല കഴിവുകളും സ്വത്തുക്കളും യഹോവയ്ക്കു സമർപ്പിച്ചിരിക്കയാണ്. (1992 മേയ് മാസത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ 10-ാം ഖണ്ഡിക കാണുക.) ഈ വേലയ്ക്ക് “കർത്താവിന്നു എന്നപോലെ മനസ്സോടെ” വേലചെയ്യുന്ന ആത്മാർഥരായ സേവകർ ആവശ്യമാണ്.—കൊലൊ. 3:23.
15 അപ്പോൾപിന്നെ യഹോവയുടെ ജനത്തിന്റെ മനസ്സൊരുക്കത്തെ അനുപമമാക്കിത്തീർക്കുന്നത് എന്താണ്? അത് നൽകുന്നതിനുള്ള മനോനിലയാണ്. അവരുടെ ഉദാരമായ നൽകലിൽ പണം അല്ലെങ്കിൽ ഭൗതിക വസ്തുക്കൾ എന്നിവയെക്കാൾ അധികം ഉൾപ്പെടുന്നു—അവർ “മനസ്സൊരുക്കത്തോടെ തങ്ങളെത്തന്നെ വാഗ്ദാനം ചെയ്യുന്നു.” (സങ്കീ. 110:3, NW) നമ്മുടെ സമർപ്പണത്തിന്റെ സത്ത ഇതാണ്. നമുക്ക് ഒരു പ്രത്യേക വിധത്തിൽ പ്രതിഫലം നൽകപ്പെടുന്നു. മറ്റുള്ളവർ നമ്മൾ ചെയ്യുന്നതു വിലമതിക്കുന്നതിനാൽ നമ്മൾ “കൂടുതൽ സന്തോഷം” അനുഭവിക്കുകയും “സമൃദ്ധമായി കൊയ്യുക”യും ചെയ്യും. കാരണം അവർ നമുക്കു മടക്കിത്തരും. (പ്രവൃ. 20:35; 2 കൊരി. 9:6; ലൂക്കൊ. 6:38) നമ്മുടെ ഏറ്റവും വലിയ ദാതാവ് ‘സന്തോഷത്തോടെ കൊടുക്കുന്നവനെ സ്നേഹിക്കുന്ന’ സ്വർഗീയ പിതാവായ യഹോവയാണ്. (2 കൊരി. 9:7) അവൻ നമുക്കു നിത്യാനുഗ്രഹങ്ങളോടെ നൂറുമേനി പ്രതിഫലങ്ങൾ നൽകും. (മലാ. 3:10; റോമ. 6:23) തന്മൂലം, യഹോവയുടെ സേവനത്തിൽ നിങ്ങൾക്കു പദവികൾ ലഭ്യമാക്കുമ്പോൾ നിങ്ങൾ മനസ്സൊരുക്കത്തോടെ സ്വമേധയാ സമർപ്പിക്കുകയും “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു യെശയ്യാവിനെപ്പോലെ ഉത്തരം നൽകുകയും ചെയ്യുമോ?—യെശ. 6:8.