ഏപ്രിലിൽ “സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള”വരായിരിക്കുവിൻ!
1 കഴിഞ്ഞ വർഷം രാജ്യവാർത്ത നമ്പർ 34-ന്റെ ദശലക്ഷക്കണക്കിനു പ്രതികൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ടപ്പോൾ അഭൂതപൂർവകമായ ഒരു സാക്ഷ്യം നൽകപ്പെട്ടു. ഈ ഉത്തേജകമായ വേലയിൽ സഭാപ്രസാധകരും പയനിയർമാരും ഒരുപോലെ പങ്കെടുത്തു. അവരിൽ നിങ്ങളുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കിൽ, ആ ശ്രദ്ധേയമായ പ്രചാരണപരിപാടിയിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞത് നിങ്ങൾ പൂർണമായി ആസ്വദിച്ചുകാണുമെന്നതിനു സംശയമില്ല. ഇപ്പോൾ നിങ്ങൾ അതിശയിക്കുന്നുണ്ടാവും, നമുക്ക് ഈ വർഷത്തേക്ക് എന്തു ‘സത്പ്രവൃത്തി’യാണുള്ളത്? എന്ന്.—തീത്തൊ. 2:14.
2 ഏപ്രിലിലും മേയ് ആദ്യ ഭാഗത്തും, “മേലാൽ യുദ്ധങ്ങൾ ഇല്ലാതാകുമ്പോൾ” എന്ന വിഷയം എടുത്തുകാണിക്കുന്ന ഉണരുക!യുടെ ഒരു പ്രത്യേക ലക്കം, അതായത് ഏപ്രിൽ 22, 1996, വിതരണം ചെയ്യുകയെന്ന സന്തോഷം നമുക്കുണ്ടായിരിക്കും. ഈ വിഷയം വളരെയധികം വീട്ടുകാർക്ക് ഇഷ്ടപ്പെടുമെന്നതിനാൽ, സാധ്യമായ ഏറ്റവും വ്യാപകമായ വിതരണം ഈ മാസികയ്ക്കു നൽകാൻ നാം ശ്രമിക്കുന്നതായിരിക്കും. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ പ്രാധാന്യത്തിന്റെ വീക്ഷണത്തിൽ, ആ ലക്കം ഉണരുക! സ്റ്റോക്ക് തീരുന്നതുവരെ ഏപ്രിലിലും മേയിലും വിശേഷവത്കരിക്കേണ്ടതാണ്.
3 നമ്മുടെ ലക്ഷ്യം—എല്ലാ പ്രസാധകരുടെയും പങ്കുപറ്റൽ: ഏപ്രിൽ മാസത്തിൽ ഈ രാജ്യത്തുള്ള ഓരോ പ്രസാധകനും പ്രസംഗവേലയിൽ ഒരു പങ്കുണ്ടായിരിക്കുന്നെങ്കിൽ അതു തീർച്ചയായും പ്രോത്സാഹജനകമായിരിക്കും. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം മനസ്സിൽ അപ്പോഴും പുതുമയോടെ ഉണ്ടായിരിക്കുമെന്നതിനാൽ, വയൽശുശ്രൂഷയിൽ നേരിട്ടുള്ള “സ്തോത്രയാഗം” അർപ്പിക്കുന്നതുവഴി, യഹോവയുടെ നന്മയോടുള്ള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാൻ നാം ആഗ്രഹിക്കും.—എബ്രാ. 13:15.
4 ഏപ്രിലിൽ എല്ലാവർക്കും ശുശ്രൂഷയിൽ തീക്ഷ്ണമായ ഒരു പങ്കുണ്ടായിരിക്കാൻ തക്കവണ്ണം സഭയിലെ ഓരോ അംഗത്തിന്റെയും ആവശ്യങ്ങൾ വിവേചിച്ചറിയാൻ ഉത്സാഹപൂർവകമായ ഒരു ശ്രമം നടത്തേണ്ടതുണ്ട്. (റോമ. 15:1) പുസ്തകാധ്യയന നിർവാഹകർ തങ്ങളുടെ കൂട്ടങ്ങളിലുള്ളവരുടെ സാഹചര്യങ്ങൾ പൂർണമായി അറിയുന്നവരായിരിക്കണം, ആവശ്യമായിരിക്കുമ്പോൾ പ്രായോഗിക സഹായവും നൽകുക. ആർക്കെങ്കിലും യാത്രാസൗകര്യം ആവശ്യമാണോ? ആർക്ക് അതു പ്രദാനം ചെയ്യാൻ കഴിയും? ചിലർ ധൈര്യക്കുറവുള്ളവരോ അമിതമായ ആത്മബോധമുള്ളവരോ ആണോ? കൂടുതൽ അനുഭവപരിചയമുള്ള പ്രസാധകർക്ക് അവരോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുമോ? വൈകല്യമുള്ളവരോ രോഗികളോ ആയവരുടെ കാര്യമോ? അവർക്ക് ടെലഫോൺ സാക്ഷീകരണത്തിലോ കത്തുകൾ എഴുതുന്നതിലോ ഉത്പാദനക്ഷമമായ മറ്റേതെങ്കിലും പ്രവർത്തനത്തിലോ ഏർപ്പെടാൻ കഴിയുമോ?
5 നിഷ്ക്രിയരായ ചിലർക്കു പതിവായ ആത്മീയ പ്രോത്സാഹനം ലഭിച്ചുകൊണ്ടാണിരിക്കുന്നത്, പ്രസംഗപ്രവർത്തനത്തിൽ ഒരിക്കൽ കൂടി ഏർപ്പെടാൻ അവരെ പ്രചോദിപ്പിക്കാൻ ഒരുപക്ഷേ സാധിച്ചേക്കും. പ്രത്യേക ഉണരുക! ഉപയോഗിച്ചുള്ള പ്രചാരണപരിപാടി, വീണ്ടും സജീവരായിത്തീരാൻ വിശിഷ്ട അവസരങ്ങൾ അവർക്കു പ്രദാനം ചെയ്യും.
6 പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക: യഹോവയുടെ സാക്ഷികളുടെ പല കുട്ടികളും, അവർ സ്നാപനമേൽക്കാത്ത പ്രസാധകരായി സേവിക്കുന്നില്ലെങ്കിൽ പോലും, വർഷങ്ങളായി മാതാപിതാക്കളോടൊപ്പം വീടുതോറും പോയിട്ടുണ്ട്. അവർക്കു വേല തുടങ്ങാനുള്ള സമയമാണോ ഇത്? വീടുതോറുമുള്ള വേലയിൽ അർഥവത്തായ ഒരു പങ്കുണ്ടായിരിക്കാൻ അവർ ഹൃദയാ പ്രചോദിതരും സജ്ജരുമാണോ? കുടുംബ ബൈബിളധ്യയനം നടത്തുമ്പോൾ ഓരോ കുട്ടിയുടെയും പ്രായവും കഴിവുമനുസരിച്ചു പാകപ്പെടുത്തിയ ഒരു അവതരണം തയ്യാറാകാൻ തങ്ങളുടെ യോഗ്യതയുള്ള കുട്ടികളെ സഹായിക്കുന്നതിനു കുടുംബനാഥന്മാർ സമയമെടുക്കണം. വീട്ടുകാരന്റെ താത്പര്യമുണർത്തുന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം തിരഞ്ഞെടുക്കാനും അതിനുള്ള ഉത്തരം മാസികയിൽ ചൂണ്ടിക്കാട്ടാനും മുതിർന്ന കുട്ടികൾക്കു കഴിയും. ചുരുങ്ങിയ ഏതാനും വാക്കുകളിൽ ഫലപ്രദമായ ഒരു സാക്ഷ്യം നൽകാൻ ഇളയ കുട്ടികൾക്കു സാധിക്കും. ഉദാഹരണത്തിന്, “ഈ മാസം ലോകവ്യാപകമായി സമർപ്പിക്കുന്ന ഒരു പ്രത്യേക മാസിക വായിക്കാൻ” അവർക്കു വീട്ടുകാരനെ പ്രോത്സാഹിപ്പിക്കാൻ കഴിയും. നിങ്ങളുടെ കുടുംബം തയ്യാറാകുന്നതിന്റെ ഭാഗമായി, പൊതുവായ തടസ്സവാദങ്ങളെ തരണം ചെയ്യുന്നതിനുള്ള നിർദേശങ്ങളും തീർച്ചയായും ഉൾപ്പെടുത്തുക. ന്യായവാദം പുസ്തകത്തിൽ ധാരാളം നല്ല ആശയങ്ങൾ നിങ്ങൾ കണ്ടെത്തും. ഭക്ഷണവേളകളിലും ഉചിതമായ മറ്റു സമയങ്ങളിലും, വയൽസേവനത്തിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിവരിക്കാൻ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുക.
7 യോഗ്യതയുള്ള ബൈബിൾ വിദ്യാർഥികൾ യേശു ചെയ്ത വേല ഏറ്റെടുക്കുന്നു: താത്ത്വികമായ കാര്യങ്ങളിൽ പ്രബോധനം നൽകുന്നതിൽ മാത്രം യേശു തന്റെ പഠിപ്പിക്കൽ പരിമിതപ്പെടുത്തിയില്ല. അവൻ തന്റെ വിദ്യാർഥികളോടൊപ്പം ശുശ്രൂഷയിൽ പോകുകയും എങ്ങനെ പ്രസംഗിക്കണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു. (ലൂക്കൊ. 8:1; 10:1-11) ഇന്നത്തെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ പതിമൂവായിരത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്. ഉചിതമായ പ്രോത്സാഹനമുണ്ടെങ്കിൽ, ഈ വിദ്യാർഥികളിൽ പലർക്കും തങ്ങളുടെ പരിശീലനത്തിൽ അടുത്ത പടി സ്വീകരിക്കാനും ഏപ്രിലിൽ സ്നാപനമേൽക്കാത്ത പ്രസാധകരായി സേവിക്കാൻ യോഗ്യത പ്രാപിക്കാനും കഴിയുമെന്നതിനു യാതൊരു സംശയവുമില്ല.
8 നിങ്ങളൊരു ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ ഈ ചോദ്യങ്ങൾ പരിചിന്തിക്കുക: വിദ്യാർഥിയുടെ പ്രായത്തിനും പ്രാപ്തിക്കും ചേർച്ചയിൽ അയാൾ പുരോഗതി നേടുന്നുണ്ടോ? തന്റെ വിശ്വാസം മറ്റുള്ളവരുമായി അനൗപചാരികമായി പങ്കുവെക്കാൻ അയാൾ തുടങ്ങിയോ? അയാൾ “പുതിയ വ്യക്തിത്വം” ധരിക്കുന്നുണ്ടോ? (കൊലോ. 3:10, NW) നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 101-104 പേജുകളിൽ വിവരിച്ചിരിക്കുന്ന, സ്നാപനമേൽക്കാത്ത പ്രസാധകർക്കു വേണ്ടിയുള്ള, യോഗ്യതകളിൽ അയാൾ എത്തിച്ചേരുന്നുണ്ടോ? അയാൾക്കു യോഗ്യത ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ഇക്കാര്യം അയാളോട് എന്തുകൊണ്ടു സംസാരിച്ചുകൂടാ? വേലയിൽ പങ്കെടുക്കുന്നതിനു ചില വിദ്യാർഥികൾക്കു നേരിട്ടുള്ള ക്ഷണത്തെക്കാളധികമൊന്നും ആവശ്യമില്ല. തീർച്ചയായും, വിദ്യാർഥി ഒരുക്കമുള്ളവനാണെങ്കിൽ, സാധാരണപോലെ രണ്ടു മൂപ്പന്മാരുമായുള്ള ഒരു ചർച്ചയ്ക്ക് അധ്യക്ഷമേൽവിചാരകൻ ക്രമീകരണം ചെയ്യുന്നത് ആവശ്യമായിരിക്കും. നേരേമറിച്ച്, വിദ്യാർഥിയെ എന്തെങ്കിലും തടഞ്ഞുനിർത്തുന്നുണ്ടാവും. ഒരുപക്ഷേ, മൂപ്പന്മാരിൽ ഒരാൾക്ക് നിങ്ങളോടൊപ്പം ബൈബിളധ്യയനത്തിനു വരാനും സത്യത്തോടുള്ള വികാരങ്ങൾ സംബന്ധിച്ച് വിദ്യാർഥിയുടെ ആന്തരം മനസ്സിലാക്കിയെടുക്കുന്നതിനും സാധിക്കും. വിദ്യാർഥിക്കു പറയാനുള്ളത് എന്തെന്ന് ശ്രദ്ധിച്ചശേഷം, തിരുവെഴുത്തുപരമായ സഹായത്തോടൊപ്പം പ്രായോഗികമായ നിർദേശങ്ങൾ പ്രദാനം ചെയ്യാനും ആ മൂപ്പനു കഴിഞ്ഞേക്കാം.
9 സഹായ പയനിയറിങ് നടത്താൻ ‘സമയം വിലയ്ക്കു വാങ്ങുക’: ഓരോ വർഷവും സ്മാരകകാലത്ത്, സഹായ പയനിയർമാരായിരിക്കാൻ സമയം ‘വിലയ്ക്കു വാങ്ങു’ന്നതിന് മറുവിലയോടുള്ള കൃതജ്ഞത ആയിരക്കണക്കിനാളുകളെ പ്രേരിപ്പിക്കുന്നു. (എഫേ. 5:15-17, NW) ചില കാര്യങ്ങൾ ത്യജിക്കേണ്ടത് ആവശ്യമായിരിക്കാം, എന്നാൽ പ്രതിഫലങ്ങൾ വലുതാണ്. സഹായ പയനിയറിങ് നടത്തുന്നതിനു വേണ്ടി യുവജനങ്ങളുടെ പ്രശംസനീയമായ ഒരു സംഖ്യ, സ്കൂൾ അവധിക്കാലം പ്രയോജനപ്പെടുത്തുന്നു. മുഴുസമയ ജോലിക്കാരായ മുതിർന്നവർ അതേ പ്രവർത്തനത്തിനു വേണ്ടി സായാഹ്നങ്ങളും വാരാന്തങ്ങളും പൂർണമായി പ്രയോജനപ്പെടുത്തുന്നു. അങ്ങനെ, മുഴു കുടുംബങ്ങൾ ഒത്തൊരുമിച്ച് സഹായ പയനിയറിങ് നടത്തുന്നതായി അറിവായിട്ടുണ്ട്! ചില സഭകളിൽ മിക്ക മൂപ്പൻമാരും ശുശ്രൂഷാദാസന്മാരും അവരുടെ ഭാര്യമാരും സഹായ പയനിയർമാരായി പേർ ചാർത്തിയിട്ടുണ്ട്. അവരുടെ തീക്ഷ്ണമായ മാതൃകയാൽ പ്രോത്സാഹിതരായി മറ്റുള്ളവരും അതേ മാതൃകതന്നെ പിന്തുടർന്നിട്ടുണ്ട്. അങ്ങനെ ഏപ്രിലിൽ, സഭയിലെ നല്ലൊരു ശതമാനം സഹായപയനിയർമാരായി സേവിക്കുന്നു.
10 നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞാലും ഇല്ലെങ്കിലും, ഏപ്രിലിൽ വയലിലെ നിങ്ങളുടെ സേവനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ആരായുക. സ്വന്തമായി ഒരു വ്യക്തിഗത ലക്ഷ്യം വെക്കുക. എത്തിച്ചേരുന്നതിനു കുറെ പരിശ്രമം ആവശ്യമായ, എന്നാൽ പ്രാപ്യവുമായ ഒന്നുതന്നെ. നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളനുസരിച്ച്, യഹോവയുടെ സേവനത്തിൽ “ചെലവിടുകയും ചെലവായ്പോകയും” ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്മേൽ അവന്റെ അനുഗ്രഹമുണ്ടായിരിക്കും.—2 കൊരി. 12:15.
11 വയൽസേവന യോഗങ്ങൾ: ഉണരുക! പ്രചാരണപരിപാടി നടത്തുന്ന ഓരോ ദിവസവും വയൽസേവന യോഗങ്ങൾ ക്രമീകരിക്കണം. ശുശ്രൂഷ നേരത്തെ ആരംഭിക്കാൻ അനുവദിക്കുന്ന ഒരു സമയത്തായിരിക്കണം അത്. സായാഹ്ന സാക്ഷീകരണത്തിനുള്ള ക്രമീകരണവും ചെയ്യേണ്ടതുണ്ട്. വാരാന്തങ്ങളിൽ മിക്ക പ്രസാധകരും വയൽസേവനത്തിൽ ഏർപ്പെടുന്നുണ്ടാവും, അതുകൊണ്ട് പ്രത്യേക ഉണരുക! വിതരണ കാലയളവിൽ, ശനിയാഴ്ചകളിൽ രാവിലെയും ഉച്ചതിരിഞ്ഞും, വയൽസേവന യോഗങ്ങൾ പട്ടികപ്പെടുത്തണം.
12 വയൽസേവന യോഗങ്ങൾ നടത്തുന്നവർ ധാരാളം പ്രദേശം ലഭ്യമായിരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. അടുത്തകാലത്തു പ്രവർത്തിക്കാത്ത പ്രദേശങ്ങൾ ആദ്യം പൂർത്തിയാക്കണം. എന്നിരുന്നാലും, സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ളതും നിയമിച്ചുകൊടുക്കാത്തതുമായ പ്രദേശം സൊസൈറ്റിയുടെ അനുവാദം കൂടാതെ പ്രവർത്തിക്കാൻ പാടില്ല. അടുത്തകാലത്തു പൂർത്തിയാക്കാത്ത ഒന്നോ അതിലധികമോ വ്യക്തിഗത പ്രദേശങ്ങൾ നിങ്ങൾക്കുണ്ടോ? പ്രചാരണകാലയളവിൽ നിങ്ങൾക്ക് അവിടെ പ്രവർത്തിക്കാൻ സഹായം വേണ്ടിവരുമെങ്കിൽ, സേവനമേൽവിചാരകനോടോ പ്രദേശത്തിന്റെ മേൽനോട്ടമുള്ള സഹോദരനോടോ സംസാരിക്കുക, നിങ്ങൾക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാൻ അവർ സന്തോഷമുള്ളവരായിരിക്കും.
13 നിങ്ങൾ എത്ര മാസികകൾ സമർപ്പിക്കും? അതിന് ഉത്തരം പറയേണ്ടത് ഓരോ വ്യക്തിയുമാണ്. പ്രചാരണസമയത്ത് എത്ര മാസികകൾ സമർപ്പിക്കാൻ കഴിയും എന്നു നിർണയിക്കുന്നതിൽ, നിങ്ങൾ പ്രവർത്തിക്കാൻ പോകുന്ന പ്രദേശം, നിങ്ങളുടെ പ്രായം, ആരോഗ്യം, പ്രവർത്തനത്തിനു നിങ്ങൾക്ക് അർപ്പിക്കാൻ കഴിയുന്ന സമയം, മറ്റു ഘടകങ്ങൾ തുടങ്ങിയവ പരിചിന്തിക്കുക. എന്നുവരുകിലും, വീക്ഷാഗോപുരത്തിന്റെ 1994 ജനുവരി 1 ലക്കത്തിൽ നൽകിയിരിക്കുന്ന ഓർമിപ്പിക്കൽ ശ്രദ്ധിക്കുക: “ഒരു നിർദേശമെന്ന നിലയിൽ, തങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി പ്രസാധകർക്കു മാസത്തിൽ 10 മാസികയെന്നും പയനിയർമാർക്ക് 90 എണ്ണമെന്നുമുള്ള ഒരു ലാക്കു വെക്കാവുന്നതാണ്.” നിങ്ങളുടെ കാര്യത്തിൽ സമാനമായ ഒരു ലാക്ക് വാസ്തവികമായിരിക്കുമോ?
14 മൂപ്പന്മാരേ—അവധാനപൂർവമായ ആസൂത്രണം ആവശ്യം: ഏപ്രിൽ പ്രചാരണ പരിപാടിക്കുള്ള പ്രാദേശിക ക്രമീകരണങ്ങളുടെ മേൽനോട്ടം മൂപ്പന്മാരുടെ സംഘം നിർവഹിക്കുന്നതായിരിക്കും. ഉണരുക!യുടെ പ്രത്യേക ലക്കം ഉപയോഗിച്ച്, സഭയുടെ സാധ്യമായിരിക്കുന്നിടത്തോളം പ്രദേശം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ അവർ കൈക്കൊള്ളണം. സഭയുടെ പ്രദേശത്തിനുള്ളിലെ ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നതിന് അവധാനപൂർവമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അവിടെ പ്രവർത്തിക്കുന്നവർ നന്നായി തയ്യാറായവരും വൃത്തിയായി വസ്ത്രധാരണം ചെയ്തവരുമായിരിക്കണം. സങ്കീർണമായ ഒരു അവതരണം ആവശ്യമില്ല. ഒരു ബിസിനസുകാരനെയോ കടക്കാരനെയോ സമീപിക്കുമ്പോൾ, മിക്കപ്പോഴും ബിസിനസുകാരായ ആളുകളെ വീടുകളിൽവെച്ചു കണ്ടുമുട്ടാറില്ലാത്തതിനാൽ അദ്ദേഹത്തിന് തീർച്ചയായും താത്പര്യമായിരുന്നേക്കാവുന്ന ഒരു ലേഖനം അവതരിപ്പിക്കാൻ അദ്ദേഹത്തിന്റെ കടയിലോ ബിസിനസ് സ്ഥലത്തോ താൻ സന്ദർശിക്കുകയാണെന്നും നിങ്ങൾക്കു പറയാവുന്നതാണ്. എന്നിട്ട് മാസികയിലുള്ള ഒരു പ്രത്യേക ആശയം ഹ്രസ്വമായി നിങ്ങൾക്ക് പങ്കുവെക്കാം. കൂടാതെ, മാസികകൾകൊണ്ടുള്ള തെരുവു സാക്ഷീകരണം സഭയുടെ പ്രദേശത്തിനുള്ളിൽ ഉചിതമായി സംഘടിതമായിരിക്കണം. തെരുവുവേലയിൽ ഏർപ്പെടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വിധം, കടന്നുപോകുന്നവർ നിങ്ങളെ സമീപിക്കുന്നതിനു കാത്തുനിൽക്കാതെ മുൻകൈയെടുത്ത് അവരെ സമീപിക്കുന്നതാണ്. മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കുമെന്നുള്ളതുകൊണ്ട്, മാന്യമായ ബാഹ്യാകാരം ഉണ്ടായിരിക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഉചിതമായിരിക്കുന്നിടത്ത്, വിമാനത്താവളങ്ങൾക്കു വെളിയിൽ, ബസ്സ്റ്റാൻഡുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, കമ്പോളങ്ങൾ, വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലങ്ങൾ, അല്ലെങ്കിൽ പാർക്കുകൾ എന്നിങ്ങനെ പ്രചാരണകാലത്തു പ്രവർത്തിക്കാവുന്ന മറ്റു സ്ഥലങ്ങളും നിങ്ങളുടെ പ്രദേശത്തുണ്ടായിരിക്കും. നിങ്ങളുടെ സഭാപ്രദേശത്തുള്ള ഇത്തരം സ്ഥലങ്ങളിൽ സാക്ഷീകരണം നടത്തുന്നതിന് അനുയോജ്യമായ എന്തു ക്രമീകരണങ്ങൾ ചെയ്യാൻ കഴിയുമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
15 യഹോവ അക്ഷീണം പ്രവർത്തിക്കുന്ന ഒരുവനാണ്. (യോഹന്നാൻ 5:17) അവൻ ആകാശങ്ങളെയും ഭൂമിയെയും അതുപോലെതന്നെ സസ്യങ്ങളെയും മൃഗങ്ങളെയും സൃഷ്ടിച്ചു; ഭൂമിയിലെ മകുട സൃഷ്ടിയെ—മനുഷ്യനെ—സൃഷ്ടിക്കുന്നതുവരെ അവൻ പ്രവൃത്തിക്കുന്നതിൽ തുടർന്നു. നമുക്കു ജീവൻ ഉണ്ടെന്നുള്ള വസ്തുതതന്നെ പ്രവർത്തിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തിന്റെ നേരിട്ടുള്ള ഫലമാണ്. “ദൈവത്തിന്റെ അനുകാരികൾ” എന്നനിലയിൽ “സത്പ്രവൃത്തികളിൽ ശുഷ്കാന്തിയു”ള്ളവരായിരിക്കാൻ അവനോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കണം. (എഫേ. 5:1, NW; തീത്തൊ. 2:14) നമ്മുടെ അത്യുത്തമ ശ്രമം ലഭിക്കാൻ യഹോവ അർഹനായിരിക്കുന്നതുകൊണ്ടും ഫലങ്ങൾ ലഭിക്കാനുള്ള അഭിലാഷം തീക്ഷ്ണതയുള്ള ഒരുവന്റെ പ്രത്യേകതയായിരിക്കുന്നതുകൊണ്ടും ശുശ്രൂഷയിൽ ഗുണമേന്മയുള്ള ജോലി നിർവഹിക്കാൻ നാം താത്പര്യമുള്ളവരായിരിക്കണം. തീർച്ചയായും, നാം യഹോവയ്ക്കായി നടത്തുന്ന ഏതൊരു ത്യാഗവും അവൻ വിലമതിക്കും, നമ്മുടെ വേല ഒരിക്കലും വൃഥാവിലാവില്ല. (1 കൊരി. 15:58) അതുകൊണ്ട്, യഹോവയുടെ അംഗീകാരവും ആശീർവാദവും ഉണ്ടായിരിക്കുമെന്നും മഹത്തായ വിജയം ലഭിക്കുമെന്നും ഉറപ്പുള്ളവരായി, നന്ദിനിറഞ്ഞ ഹൃദയത്തോടെ, ഏപ്രിലിൽ ശുഷ്കാന്തിയുള്ള പ്രവർത്തനത്തിനു നമ്മെത്തന്നെ അർപ്പിക്കാം!